ഗ്രാമം = നന്മ, നഗരം = തിന്മ : മലയാളിയുടെത്‌ മിഥ്യാധാരണ മാത്രം

നാട്ടിന്‍ പുറങ്ങള്‍ നന്മയുടേയും നഗരങ്ങള്‍ തിന്മയുടേയും പ്രതീകമാണെന്ന ധാരണയാണ്‌ പൊതുവില്‍ മലയാളികള്‍ക്കിടയില്‍ നിലനില്‍ക്കുന്നത്‌. നമ്മുടെ പല എഴുത്തുകാരും അത്തരമൊരു ധാരണയുണ്ടാക്കുന്നതില്‍ പങ്കുവഹിച്ചിട്ടുണ്ട്‌. കേരളത്തെ സംബന്ധിച്ചിടത്തോളം നഗരവും ഗ്രാമവും തമ്മില്‍ കാര്യമായ വ്യത്യാസമില്ല എന്നതാണ്‌ സത്യം. നഗരങ്ങളില്‍ നിലനില്‍ക്കുന്നു എന്നു പറയപ്പെടുന്ന തിന്മകളെല്ലാം ഗ്രാമങ്ങള്‍ എന്നു പറയുന്നിടങ്ങളിലും നിലനില്‍ക്കുന്നു. തിരിച്ച്‌ ഗ്രാമങ്ങളിലുണ്ടെന്നു പറയുന്ന നന്മകള്‍ നഗരങ്ങളിലുമുണ്ട്‌. ആദിവാസി മേഖലകളും അപൂര്‍വ്വം കുഗ്രാമങ്ങളുമാണ്‌ നഗരവല്‍ക്കരിക്കപ്പെടാത്തവ എന്നതാണ്‌ സത്യം. കേരളത്തില്‍ വന്‍നഗരങ്ങളില്ല എന്ന വസ്‌തുതയുമുണ്ട്‌. വന്‍നഗരങ്ങളെ കുറ്റപ്പെടുത്തുന്നതിലും നാം മുന്നിലാണ്‌. സത്യമെന്താണ്‌? […]

adatനാട്ടിന്‍ പുറങ്ങള്‍ നന്മയുടേയും നഗരങ്ങള്‍ തിന്മയുടേയും പ്രതീകമാണെന്ന ധാരണയാണ്‌ പൊതുവില്‍ മലയാളികള്‍ക്കിടയില്‍ നിലനില്‍ക്കുന്നത്‌. നമ്മുടെ പല എഴുത്തുകാരും അത്തരമൊരു ധാരണയുണ്ടാക്കുന്നതില്‍ പങ്കുവഹിച്ചിട്ടുണ്ട്‌. കേരളത്തെ സംബന്ധിച്ചിടത്തോളം നഗരവും ഗ്രാമവും തമ്മില്‍ കാര്യമായ വ്യത്യാസമില്ല എന്നതാണ്‌ സത്യം. നഗരങ്ങളില്‍ നിലനില്‍ക്കുന്നു എന്നു പറയപ്പെടുന്ന തിന്മകളെല്ലാം ഗ്രാമങ്ങള്‍ എന്നു പറയുന്നിടങ്ങളിലും നിലനില്‍ക്കുന്നു. തിരിച്ച്‌ ഗ്രാമങ്ങളിലുണ്ടെന്നു പറയുന്ന നന്മകള്‍ നഗരങ്ങളിലുമുണ്ട്‌. ആദിവാസി മേഖലകളും അപൂര്‍വ്വം കുഗ്രാമങ്ങളുമാണ്‌ നഗരവല്‍ക്കരിക്കപ്പെടാത്തവ എന്നതാണ്‌ സത്യം.
കേരളത്തില്‍ വന്‍നഗരങ്ങളില്ല എന്ന വസ്‌തുതയുമുണ്ട്‌. വന്‍നഗരങ്ങളെ കുറ്റപ്പെടുത്തുന്നതിലും നാം മുന്നിലാണ്‌. സത്യമെന്താണ്‌? ഡെല്‍ഹി, മുംബൈ, കല്‍ക്കത്ത, ബാഗ്ലൂര്‍, ചെന്നൈ പോലുള്ള വന്‍ നഗരങ്ങളില്‍ ജീവിക്കുമ്പോഴാണ്‌ മനസ്സിനു വലുപ്പമുണ്ടാകുന്നത്‌. കിണറ്റിലെ തവള, അതാണ്‌ ലോകം എന്നു കരുതുന്ന അവസ്ഥയില്‍ നിന്ന്‌ നാം പുറത്തുകടക്കുന്നത്‌. ഒരു പരിധിവരെയെങ്കിലും മനുഷ്യരുടെ വ്യക്തിത്വം അംഗീകരിക്കപ്പെടുന്നത്‌. സത്രീകള്‍ക്ക്‌ താരതമ്യേന സ്വാതന്ത്ര്യം ലഭിക്കുന്നത്‌. അതംഗീകരിക്കാന്‍ പക്ഷെ നമുക്ക്‌ മടിയാണ്‌. ഗ്രാമങ്ങളുടെ ഇല്ലാത്ത നന്മകള്‍ വാഴ്‌ത്താനാണ്‌ നമുക്കിഷ്ടം.
തൃശൂര്‍ നഗരത്തിനു സമീപത്തെ അടാട്ട്‌ എന്ന ഗ്രാമത്തെ കോര്‍പ്പറേഷനില്‍ ലയിപ്പിക്കാന്‍ കോണ്‍ഗ്രസ്സിന്റെ നേതൃത്വത്തില്‍ തന്നെ ശ്രമം നടക്കുന്നതായി ആരോപിച്ച്‌ കോണ്‍ഗ്രസ്സ്‌ നേതാവും മുന്‍ പഞ്ചായത്ത്‌ പ്രസിഡന്റും ഇപ്പോള്‍ ജില്ലാ പഞ്ചായത്തംഗവുമായ അനില്‍ അക്കര മുഖ്യമന്ത്രിക്കയച്ച കത്തിലെ ചില വരികള്‍ വായിച്ചപ്പോഴാണ്‌ ഇതെഴുതാന്‍ തോന്നിയത്‌. അഖിലേന്ത്യാതലത്തില്‍തന്നെ ശ്രദ്ധിക്കപ്പെട്ട പഞ്ചായത്തിന്റെ നേട്ടങ്ങള്‍ നഷ്ടപ്പെടാന്‍ അതു കാരണമാകുമെന്ന അദ്ദേഹത്തിന്റെ സംശയം ന്യായമാണ്‌.
”രാജീവ്‌ ഗാന്ധിയുടെ സ്വപ്‌നമായ പഞ്ചായത്തീരാജ്‌, നമ്മുടെ പാര്‍ട്ടി നമ്മുടെ രാജ്യത്ത്‌ നടപ്പിലാക്കിയതിനു ശേഷം ഈ മേഖലയില്‍ പൂര്‍ണ്ണ നേട്ടവും, രാജ്യരാജ്യാന്തര ശ്രദ്ധയാകര്‍ഷിച്ചതുമായ ഗ്രാമ പഞ്ചായത്താണ്‌ അടാട്ട്‌ ഗ്രാമപഞ്ചായത്ത്‌ എന്നുള്ളത്‌ താങ്കള്‍ക്ക്‌ താങ്കള്‍ക്ക്‌ അറിവുള്ളതാണല്ലോ. ഇവിടെ നടപ്പിലാക്കിയ പദ്ധതികള്‍ താങ്കള്‍ മുതല്‍ കോണ്‍ഗ്രസ്സ്‌ വൈസ്‌ പ്രസിഡന്റ്‌ രാഹുല്‍ ഗാന്ധി വരെ വന്ന്‌ നേരിട്ട്‌ കണ്ട്‌ വിലയിരുത്തി രാജ്യത്തിനോട്‌ പറഞ്ഞിട്ടുള്ളതാണ്‌. ബഹുമാന്യനായ രാജീവ്‌ ഗാന്ധി ബോംബെ എ.ഐ.സി.സി. സമ്മേളനത്തില്‍ പഞ്ചായത്തീ രാജ്‌ നഗരപാലിക സംവിധാനത്തെക്കുറിച്ച്‌ മണിക്കൂറുകളോളം പ്രസംഗിച്ചതും പിന്നീട്‌ നിയമമാക്കിയതും രാജ്യത്തെ ഗ്രാമങ്ങളെ വികസിപ്പിച്ച്‌ സ്വാശ്രയത്വം കൈവരിക്കുന്നതിനാണ്‌. അല്ലാതെ ഇന്ത്യയിലെ ഗ്രാമങ്ങളെ നഗരവല്‍ക്കരിക്കുന്നതിനല്ല. ഇന്ത്യയും, ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സും ജീവിക്കുന്നത്‌ ഗ്രാമങ്ങളിലാണെന്ന നമ്മുടെ പൂര്‍വ്വീകരുടെ മുദ്രാവാക്യങ്ങള്‍ കാറ്റില്‍ പറത്തി നിക്ഷിപ്‌ത താല്‍പര്യക്കാരുടെ ആഗ്രഹങ്ങളുടെ പൂര്‍ത്തീകരണത്തിനായി ഗ്രാമങ്ങളെ കശാപ്പു നടത്തി തങ്ങളുടെ അധികാരം വര്‍ദ്ധിപ്പിക്കാന്‍ ഈ നാട്ടിലെ പാവങ്ങളെ ബലിയാടാക്കരുത്‌. ഇന്ത്യ കണ്ട ഏറ്റവും വലിയ മനുഷ്യ സ്‌നേഹിയായ ഭരണാധികാരി ശ്രീ. ഉമ്മന്‍ ചാണ്ടിയ്‌ക്ക്‌ എന്‍റെ മനസ്സും വികാരവും മനസ്സിലാകുമെന്ന്‌ ഞാന്‍ ധരിക്കുന്നു.
അടാട്ട്‌ നടപ്പിലാക്കിയ ജനകീയ പദ്ധതികള്‍, താങ്കളുടെ സ്വപ്‌ന പദ്ധതിയായ പാവപ്പെട്ടവര്‍ക്കുള്ള ആരോഗ്യ സുരക്ഷ, സേവാഗ്രാം മോഡല്‍ മാലിന്യ സംസ്‌കരണം, ലോകത്തിനു മാതൃകയായ ജൈവ കൃഷി, അന്താരാഷ്ട്ര ശ്രദ്ധയാകര്‍ഷിച്ച അടാട്ട്‌ റൈസ്‌, ഇന്ത്യയില്‍ നടപ്പിലാക്കിയ ജനകീയ പങ്കാളിത്തത്തോടെയുള്ള ഏറ്റവും വലിയ സ്വാശ്രയ കുടിവെള്ള പദ്ധതി തുടങ്ങി ഇവയെല്ലാം തൃശ്ശൂര്‍ കോര്‍പ്പറേഷന്‍റെ ഭാഗമാവുന്നതോടെ താറുമാറാകും, തൃശ്ശൂര്‍ ജില്ലാ പഞ്ചായത്ത്‌ രാജ്യത്തിനു മാതൃകയായി നടപ്പിലാക്കുന്ന രാജ്യത്തെ ഏറ്റവും വലിയ മഴവെള്ള സംഭരണിയായ പുഴയ്‌ക്കലില്‍ ആരംഭിക്കുന്ന `ജലസമൃദ്ധി` പദ്ധതിയും പാതിവഴിയില്‍ ഉപേക്ഷിക്കേണ്ടി വരും.
താങ്കള്‍ പ്രതിപക്ഷ നേതാവായിരുന്ന സമയത്ത്‌ മാതൃഭൂമിയില്‍ എഴുതിയ ലേഖനം `അടാട്ട്‌ ജയിച്ചപ്പോള്‍ കേരളം തോറ്റു` എന്ന മനസ്സില്‍ തട്ടിയ ശീര്‍ഷകം മാറ്റി `ഉമ്മന്‍ ചാണ്ടി ജയിച്ചപ്പോള്‍ അടാട്ട്‌ തോറ്റു` എന്ന്‌ മനസ്സില്‍ കുറിക്കേണ്ടി വരും. കോണ്‍ഗ്രസ്സ്‌ വൈസ്‌ പ്രസിഡന്‍റ്‌ ശ്രീ. രാഹുല്‍ ഗാന്ധി രാജ്യത്തിനു മാതൃകയായി ഉയര്‍ത്തിക്കാട്ടിയ `അടാട്ട്‌ മോഡല്‍` ചരിത്രത്തിലേക്ക്‌ തള്ളി വിടാതിരിക്കാന്‍ ഈ ഗ്രാമത്തിലെ മുഴുവന്‍ ജനങ്ങളും എതിര്‍ക്കുന്ന ഈ നീക്കത്തില്‍ നിന്നും ബഹു. ഉമ്മന്‍ ചാണ്ടിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാരും പാര്‍ട്ടിയും പിന്‍മാറണമെന്ന്‌ വിനീതമായി അപേക്ഷിക്കുന്നു.”
ഇത്രയുമൊക്കെ മനസ്സിലാക്കാം. എന്നാല്‍ അദ്ദേഹത്തിന്റെ മറ്റു ചിലവരികള്‍ നോക്കൂ. ”നമ്മുടെ പാര്‍ട്ടിയും നമ്മുടെ സര്‍ക്കാരും ചേര്‍ന്ന്‌ ഈ നന്മ നിറഞ്ഞ ഗ്രാമത്തെ ക്രൂരമായി കൊലപ്പെടുത്തി തൃശ്ശൂര്‍ കോര്‍പ്പറേഷന്‍ പരിധിയില്‍ ചേര്‍ക്കുന്നതിനെക്കുറിച്ച്‌ ഈ നാട്ടിലെ നാട്ടാരുമായോ, ജനപ്രതിനിധികളുമായോ ആലോചിക്കാതെ കൂട്ടിച്ചേര്‍ക്കല്‍ നടപടികളുമായി മുന്നോട്ടു പോവുന്നതായി അറിഞ്ഞു. ഈ നടപടിയെ ഈ ഗ്രാമപഞ്ചായത്തിന്റെ മുന്‍ പ്രസിഡന്റും ഇപ്പോള്‍ ഈ പഞ്ചായത്ത്‌ ഉള്‍പ്പെടുന്ന പ്രദേശത്തെ തൃശ്ശൂര്‍ ജില്ലാ പഞ്ചായത്തിനെ പ്രതിനിധീകരിക്കുന്ന അനില്‍ അക്കര എന്ന ഞാന്‍ ശക്തമായി എതിര്‍ക്കുന്ന വിവരവും, ഈ നടപടികളുമായി മുന്നോട്ടുപോയാല്‍ ജീവന്റെ അവസാന ശ്വാസം വരെ ഈ ഗ്രാമത്തെയും ഇവിടുത്തെ നന്മയെയും നിലനിര്‍ത്താന്‍ പോരാടുമെന്ന്‌ താങ്കളെ അറിയിക്കാന്‍ വേണ്ടിയാണ്‌ ഈ കത്തെഴുതുന്നത്‌.”
തീര്‍ച്ചയായും പ്രധാനപ്പെട്ട ഒരു രാഷ്ട്രീയപ്രശ്‌നമാണ്‌ അനില്‍ ഉന്നയിക്കുന്നത്‌. നല്ലത്‌. എന്നാല്‍ അതിന്‌ ശക്തിപകരാന്‍ ഗ്രാമം = നന്മ, നഗരം = തിന്മ തുടങ്ങിയ സമവാക്യങ്ങള്‍ ഉന്നയിക്കുന്നതിന്റെ സാംഗത്യം മനസ്സിലാകുന്നില്ല. സത്യത്തില്‍ നഗരങ്ങള്‍ക്ക്‌ സ്വാഭാവികമായും ഉണ്ടാകേണ്ടിയിരുന്ന ഗുണങ്ങളൊന്നും നേടാത്തതാണ്‌ കേരളത്തിലെ നഗരങ്ങളുടെ പ്രശ്‌നം.
അടാട്ടാകട്ടെ നഗരത്തോട്‌ ചേര്‍ന്നാണ്‌ നിലനില്‍ക്കുന്നത്‌. പാടം നികത്തി വന്‍ കെട്ടിടങ്ങള്‍, പഞ്ചനക്ഷത്ര ആശുപത്രികള്‍, വന്‍കിട ഹോട്ടലുകള്‍, ഫ്‌ളാറ്റു സമുച്ചയങ്ങള്‍ എല്ലാം ഇവിടേയുമുണ്ട്‌. എന്താണ്‌ നന്മ, തിന്മകള്‍ എന്നതുകൊണ്ട്‌ അനില്‍ ഉദ്ദേശിക്കുന്നതെന്ന്‌ മനസ്സിലാകുന്നതേയില്ല.  

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: open | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply