ഒരു സാന്ത്വന ചികിത്സാ ദിനം കൂടി കടന്നു പോകുമ്പോള്‍

ഓരോ വര്‍ഷവും ഒക്ടോബര്‍ മാസത്തിലെ രണ്ടാം ശനിയാഴ്ചയാണ് ലോക പാലിയേറ്റീവ് കെയര്‍ ദിനമായി ആചരിക്കുന്നത്. പക്ഷെ കേരളത്തില്‍ ജനുവരി 15 ആണ് ഈ ദിനം ആചരിക്കുന്നത്. പാലിയേറ്റീവ് കെയറിനെക്കുറിച്ചും സാന്ത്വനപരിചരണം ആവശ്യമുള്ളവരെക്കുറിച്ചും അവബോധമുണ്ടാക്കാനും രോഗികളുടെയും കുടുംബത്തിന്റെയും ആവശ്യങ്ങള്‍ സമൂഹത്തിനു മനസ്സിലാക്കി കൊടുക്കാനുമാണ് ഈ ദിനം ആചരിക്കുന്നത്. കിടപ്പിലായ രോഗിയെ സുഹൃത്തിനെപ്പോലെ ആശ്വസിപ്പിച്ച് പരിചരിക്കുകയാണ് പാലിയേറ്റീവ് കെയര്‍ എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. ലോകത്ത് 12 ലക്ഷം പാലിയേറ്റീവ് വോളന്റിയര്‍മാരും നാലു ലക്ഷം ജോലിക്കാരും 90 ലക്ഷം ജനങ്ങളും ഈ രംഗത്തു […]

ppp

ഓരോ വര്‍ഷവും ഒക്ടോബര്‍ മാസത്തിലെ രണ്ടാം ശനിയാഴ്ചയാണ് ലോക പാലിയേറ്റീവ് കെയര്‍ ദിനമായി ആചരിക്കുന്നത്. പക്ഷെ കേരളത്തില്‍ ജനുവരി 15 ആണ് ഈ ദിനം ആചരിക്കുന്നത്. പാലിയേറ്റീവ് കെയറിനെക്കുറിച്ചും സാന്ത്വനപരിചരണം ആവശ്യമുള്ളവരെക്കുറിച്ചും അവബോധമുണ്ടാക്കാനും രോഗികളുടെയും കുടുംബത്തിന്റെയും ആവശ്യങ്ങള്‍ സമൂഹത്തിനു മനസ്സിലാക്കി കൊടുക്കാനുമാണ് ഈ ദിനം ആചരിക്കുന്നത്. കിടപ്പിലായ രോഗിയെ സുഹൃത്തിനെപ്പോലെ ആശ്വസിപ്പിച്ച് പരിചരിക്കുകയാണ് പാലിയേറ്റീവ് കെയര്‍ എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്.
ലോകത്ത് 12 ലക്ഷം പാലിയേറ്റീവ് വോളന്റിയര്‍മാരും നാലു ലക്ഷം ജോലിക്കാരും 90 ലക്ഷം ജനങ്ങളും ഈ രംഗത്തു കര്‍മനിരതരാണ്. ഡോക്ടര്‍മാര്‍, നഴ്സുമാര്‍, സാമൂഹിക പ്രവര്‍ത്തകര്‍, വീട്ടമ്മമാര്‍, ഗൃഹനാഥന്മാര്‍, യുവജനങ്ങള്‍, വിദ്യാര്‍ഥികള്‍ തുടങ്ങി വലിയൊരു ശൃംഖല തന്നെ പ്രതിഫലം പറ്റാതെ സഹജീവി ശുശ്രൂഷയില്‍ മുഴുകുന്നു. എന്നാല്‍, ഈ രംഗത്തെ ആവശ്യങ്ങളുടെ 10 ശതമാനം പരിഹരിക്കാനേ ഇതുവരെ സാധിച്ചിട്ടുള്ളൂ. കേരളത്തില്‍ അത്രപോലും ഇല്ല എന്നതാണ് യാഥാര്‍ത്ഥ്യം. സാന്ത്വന ചികിത്സയുടെ പ്രാധാന്യം ഇനിയും മലയാളി തിരിച്ചറിഞ്ഞു എന്നു പറയാനാകില്ല. മരണമുറപ്പായ രോഗിയെ പോലും വീട്ടിലെത്തിച്ച്, ഉറ്റവരുടെ സാന്നിധ്യത്തില്‍ പരമാവധി വേദനാരഹിതമായ മരണം ഉറപ്പുവരുത്തുന്നതിനു പകരം ഐസിയുവിലെ ഭയാനകമായ ഏകാന്തയില്‍ മരണത്തിനു വിട്ടുകൊടുക്കാനാണ് നമുക്ക് താല്‍പ്പര്യം. കച്ചവടം മാത്രം ലക്ഷ്യമാക്കിയ നമ്മുടെ ആശുപത്രികളും മിക്കവാറും ഡോക്ടര്‍മാരും അതിനാണ് ഒത്താശ ചെയ്യുന്നത്. ഡോക്ടര്‍മാരെ ദൈവങ്ങളെപോലെ കാണുന്ന അന്ധവിശ്വാസികളാണല്ലോ പൊതുവില്‍ മലയാളികള്‍.
അന്തസ്സോടെ ജീവിക്കാനുള്ള അവകാശം നമ്മുടെ ഭരണഘടന 21-ാം അനുച്ഛേദത്തില്‍ ഉറപ്പാക്കുന്നുണ്ട്. എന്നാല്‍ ഒരാള്‍ രോഗിയാകുന്നതോടെ സംഭവിക്കുന്നതെന്താണ്? അതോടെ അയാളുടെ മാനുഷികമായ അന്തസ്സ് ഹനിക്കപ്പെടുന്നതാണ് പൊതുവായ അനുഭവം. രോഗം, ചികിത്സ, മരണം എന്നിവയെ കുറിച്ചുള്ള വികലമായ പൊതുധാരണകളാണ് അതിനുള്ള പ്രധാന കാരണം. അതോടൊപ്പം പ്രധാനമാണ് അന്ത്യകാല പരിചരണവുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ ഇന്ത്യന്‍ നിയമ സഹിത വ്യക്തമായ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ നല്‍കുന്നില്ല എന്നത്. ഫലത്തില്‍ സ്വകാര്യ ആശുപത്രികളുടേയും ഡോക്ടര്‍മാരുടേയും കച്ചവട ഉരുപ്പിടികളായി നാം മാറുന്നു. അന്തിമമായി കുടുംബത്തെ ഒന്നടങ്കം കടക്കെണിയിലേക്ക് തള്ളിയിട്ട്, ഉറ്റവരുടെ ആരുടേയും സാന്ത്വനം ലഭിക്കാതെ, ഐസിയുവിലെ ഏകാന്തതയില്‍, അനാഥരായി മരണത്തെ സ്വീകരിക്കേണ്ട അവസ്ഥയിലേക്ക് മാറുന്നു. ജീവിതവും മരണവും അങ്ങനെ അന്തസ്സിലാത്തതാകുന്നു. വൃദ്ധരെ ഐ സി യു ല്‍ കിടത്തി കുടുംബത്തെ കൊള്ളയടിക്കാന്‍ വൈദ്യ സമൂഹത്തെ അനുവദിക്കുകരുത്. മരിക്കാന്‍ ലക്ഷക്കണക്കിന് രൂപയുടെ ചെലവാണിപ്പോള്‍.
വാര്‍ദ്ധക്യം കൊണ്ട് ജീര്‍ണ്ണിച്ച ശരീരം ‘ജിവിതം മതി’ എന്ന അടയാളം കാട്ടുമ്പോഴും വിടുകയില്ല. ആഹാരം അടിച്ചു കലക്കി മൂക്കില്‍ കുഴലുകളിറക്കി ഉള്ളിലേക്കു ചെലുത്തും. ശ്വാസം വിടാന്‍ വയ്യാതായാല്‍ തൊണ്ടയിലൂടെ ദ്വാരമിട്ട് അതിലൂടെ കുഴലിറക്കി ശ്വാസം നിലനിര്‍ത്തും. സര്‍വ്വാംഗം സൂചികള്‍, കുഴലുകള്‍, മരുന്നുകള്‍ കയറ്റിക്കൊണ്ടേയിരിക്കും. മൂക്കില്‍ കുഴലിട്ടു പോഷകാഹാരങ്ങള്‍ കുത്തിച്ചെലുത്തിയാലും കുറച്ചു നാള്‍ കൂടി മാത്രം ജീവന്റെ തുടിപ്പു നില നില്‍ക്കും. കഠിന രോഗബാധിതരായി മരണത്തെ നേരില്‍ കാണുന്നവരെ അവസാന നിമിഷം നീട്ടി വപ്പിക്കാന്‍ ഐ സി യു വിലും വെന്റിലേറ്ററുകളിലും പ്രവേശിപ്പിച്ച് ഇങ്ങനെ കഷ്ടപ്പെടുത്തേണ്ടതുണ്ടോ?
രക്ഷയില്ലെന്നു കണ്ടാല്‍ സമാധാനമായി പോകുവാന്‍ അനുവദിക്കയല്ലേ വേണ്ടത്? വെള്ളമിറങ്ങാത്ത സ്ഥിതിയാണെങ്കില്‍ ഡ്രിപ് നല്‍കുക. വ്യത്തിയായും സ്വച്ഛമായും കിടത്തുക, വേണ്ടപ്പെട്ട വരെ കാണാന്‍ അനുവദിക്കുക.
അന്ത്യ നിമിഷം എത്തുമ്പൊള്‍ ഏറ്റവും ഉറ്റവര്‍ ചുറ്റും നിന്ന് കൈകളില്‍ മുറുകെ പിടിച്ച് പ്രാര്‍ത്ഥിച്ചാല്‍, ചുണ്ടുകളില്‍ തീര്‍ത്ഥമിറ്റിച്ച് അടുത്തിരുന്നാല്‍, അതൊക്കെയല്ലേ മരണാസന്നന് ആവശ്യമായ സാന്ത്വനം? മരിക്കാന്‍ ആസ്പത്രിയുടെ ആവശ്യം ഇല്ല. രോഗി രക്ഷപെടുക ഇല്ല എന്നു തോന്നിയാല്‍ രോഗിയെ വീട്ടില്‍ കൊണ്ടു പോകാന്‍ ബന്ധുക്കളെ പ്രേരിപ്പിക്കുകയാണ് ആസ്പത്രികള്‍ ചെയ്യേണ്ടത്. ഇത്തരമൊരു അവസ്ഥക്ക് പരിഹാരമുണ്ടാക്കുക എന്ന ലക്ഷ്യത്തോടെയാണ് ലോ കമ്മീഷന്‍ അന്ത്യകാല പരിചരണവുമായി ബന്ധപ്പെട്ട നിയമനിര്‍മ്മാണത്തിനായി ഒരു കരടുബില്‍ തയ്യാറാക്കിയിരിക്കുന്നത്. പക്ഷെ ഉദ്ദേശം നല്ലതാണെങ്കിലും അതിനനുസൃതമായല്ല ബില്‍ തയ്യാറാക്കിയിട്ടുള്ളതെന്ന വിമര്‍ശനം വ്യാപകമായിരിക്കുകയാണ്. മരണം സുനിശ്ചിതമായിട്ടും നിഷ്ഫലമാണെന്നുറപ്പുള്ള ചികിത്സകള്‍ നല്‍കാതിരിക്കലും നല്‍കുന്നുണ്ടെങ്കില്‍ അവ നിര്‍ത്തലും കുറ്റകരമായിതന്നെയാണ് കാണുന്നത്. അതുവഴി പലപ്പോഴും മുകളില്‍ പറഞ്ഞപോലെ സുതാര്യമല്ലാത്ത ഐസിയുവില്‍ അപമാനകരമായ മരണമാണ് ലഭിക്കുന്നത്. അതുപോലെതന്നെയാണ് സ്വയം തീരുമാനമെടുക്കാന്‍ കഴിയാത്ത അവസ്ഥയിലെത്തിയതും മരണം ആസന്നവുമായ രോഗിയുടെ കാര്യത്തില്‍ അയാളുടെ/അവളുടെ പൂര്‍വ്വനിശ്ചയപ്രകാരമോ ബന്ധുക്കളുടെ തീരുമാനപ്രകാരമോ ചികിത്സകള്‍ നിര്‍ത്താന്‍ അവകാശമില്ല എന്നത്. അത്തരം അവസ്ഥയില്‍ ഹൈക്കോടതിയുടെ അനുമതിക്കായി കാത്തുനില്‍ക്കണമെന്നാണ് കരട് ബില്ലില്‍ പറയുന്നത്. തീരുമാനമെടുക്കുന്നതിന് ഹൈക്കോടതിക്ക് ഒരു മാസം കാലാവധിയും നല്‍കുന്നു. സംഭവിക്കുന്നത് എന്തായിരിക്കുമെന്നുറപ്പ്… അന്തസ്സില്ലാത്ത മരണം തന്നെ. വളരെ പ്രധാനപ്പെട്ട മറ്റൊന്നു കൂടി. ഒരാള്‍ക്ക് ആരോഗ്യമുള്ളപ്പോള്‍, സ്വബോധത്തോടെ തന്റെ അവസാനകാലത്തെ കുറിച്ച് എഴുതിവെക്കാനും അത് നടപ്പാക്കപ്പെടാനുമുള്ള അവകാശം ബില്ലില്‍ അംഗീകരിച്ചിട്ടില്ല. മാത്രമല്ല അത്തരത്തിലുള്ള ‘വില്‍’ അസാധുവാണെന്നും പറയുന്നു. തീര്‍ച്ചയായും ഇത് ഒരാളുടെ സ്വയംനിര്‍ണ്ണയാവകാശത്തിനുനേരെയുള്ള കയ്യേറ്റം തന്നെയാണ്.. എന്തായാലും ശീതികരിച്ച തീവ്രപരിചരണസെല്ലിലെ വെന്റിലേറ്റര്‍ കുഴലുകള്‍ ഘടിപ്പിച്ച പീഡിതമായ മരണത്തേക്കള്‍ ആരും തെരഞ്ഞെടുക്കുക കുടംബാംഗങ്ങളുടെ സ്നേഹപരിചരണങ്ങള്‍ക്കിടയില്‍ അന്ത്യശ്വാസം വലിക്കാനാണ്. അതു നിഷേധിക്കുന്നത് മനുഷ്യാവകാശ ലംഘനം മാത്രമല്ല, സാധാരണക്കാരെ ഏറ്റവുമധികം കൊള്ളയടിക്കുന്ന ആരോഗ്യകച്ചവടക്കാരെ സഹായിക്കുന്നതുമാണ്.
പാലിയേറ്റീവ് കെയര്‍ വാസ്തവത്തില്‍ രോഗത്തിന്റെ ചികില്‍സയല്ല; അസുഖത്തിന്റെ ചികില്‍സയാണ്. ജീവനു കടുത്ത ഭീഷണിയുയര്‍ത്തുകയും ദീര്‍ഘകാലം നീണ്ടുനില്‍ക്കുകയും ചെയ്യുന്ന എല്ലാ രോഗങ്ങള്‍ക്കും രോഗചികില്‍സയ്ക്കൊപ്പം പാലിയേറ്റീവ് കെയറും ആവശ്യമാണ്. രോഗിയുടെ വൈകാരിക, സാമൂഹിക പ്രശ്നങ്ങള്‍ക്കു കൂടി പരിഹാരമാവുന്ന സമഗ്ര ശുശ്രൂഷയാണു പാലിയേറ്റീവ് കെയര്‍. മാരകരോഗങ്ങള്‍ പിടിപെടുന്ന മിക്ക രോഗികള്‍ക്കുമുണ്ടാവും ദൈവം എന്തിനിങ്ങനെ ശിക്ഷിച്ചു എന്ന വിചാരം. അവര്‍ ചികില്‍സ സ്വീകരിക്കാനുള്ള വൈമുഖ്യം പ്രകടിപ്പിക്കാം. ഒറ്റപ്പെടാനുള്ള പ്രവണത കാട്ടാം. അകാരണമായ ദേഷ്യം, വിഷാദം എന്നിവയുമുണ്ടാവാം. രോഗത്തിന്റെ വൈഷമ്യങ്ങള്‍ കൂട്ടുന്ന തരത്തിലുള്ള വിപരീത ചിന്തകളാവും രോഗിക്ക് ഏറെയും. ചികില്‍സയുടെ ഉയര്‍ന്ന പണച്ചെലവ്, സാമ്പത്തിക പ്രയാസം, തൊഴില്‍ നഷ്ടമാവല്‍ എന്നിവയും രോഗിയെ മാനസികമായി അലട്ടും. ഈ പ്രശ്നങ്ങള്‍ക്കെല്ലാം ആശ്വാസവും ഉത്തരവുമാകാന്‍ പാലിയേറ്റീവ് കെയറിനു കഴിയും. ജീവിതത്തില്‍ നഷ്ടമാവുമെന്നു രോഗി ഭയക്കുന്ന അന്തസ്സ് ഊട്ടിയുറപ്പിക്കുകയാണ് ഇവിടെ. അര്‍ഹമായ മാന്യതയും മൂല്യവും തന്റെ ജീവിതത്തിനുണ്ടെന്ന വിശ്വാസത്തിലേക്കു രോഗിയെ കൊണ്ടുവരുകയാണ് പാലിയേറ്റീവ് ശുശ്രൂഷയില്‍. പാലിയേറ്റീവ് കെയര്‍ എന്നാല്‍ ടോട്ടല്‍ കെയര്‍ തന്നെയാണ്. അതിനെ പ്രോത്സാഹിപ്പിക്കുകയും വൈദ്യശാസ്ത്രപഠനത്തില്‍ അര്‍ഹിക്കുന്ന പ്രാധാന്യത്തോടെ ഉള്‍പ്പെടുത്തുകയും സമൂഹത്തില്‍ ബോധവല്‍ക്കരണം നടത്തുകയുമാണ് അടിയന്തിരമായി ബന്ധപ്പെട്ടവര്‍ ചെയ്യേണ്ടത്.

 

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Latest news | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply