എസ്.എം. ബാനര്‍ജി മുതല്‍ ഋതബ്രത ബാനര്‍ജി വരെ

മുസാഫിര്‍ ഇളംകുളത്ത് 1957 മുതല്‍ നാലു ടേമുകളില്‍ തുടര്‍ച്ചയായി കാണ്‍പൂരില്‍ നിന്ന് ലോക്സഭാംഗമായിരുന്ന സി.പി.ഐ നേതാവ് എസ്.എം. ബാനര്‍ജി ഒരിക്കല്‍ പാര്‍ലമെന്റില്‍ പ്രസംഗിക്കുകയായിരുന്നു- വിദേശ നിര്‍മിത വസ്തുക്കള്‍ സംബന്ധിച്ച എന്തോ സബ്മിഷനുമായി ബന്ധപ്പെട്ട ചര്‍ച്ച. കമ്പി തപാല്‍ ജീവനക്കാരുടേയും റെയില്‍വെ തൊഴിലാളികളുടേയും പ്രിയംകരനായ നേതാവായിരുന്നു ബാനര്‍ജി. വിദേശ ഇറക്കുമതി വസ്തുക്കളോടുള്ള അഭിനിവേശത്തിനെതിരെ ബാനര്‍ജി ആഞ്ഞടിക്കവെ, അന്നത്തെ കോണ്‍ഗ്രസിലെ യുവതുര്‍ക്കി, പിന്നീട് പ്രധാനമന്ത്രിയായ ചന്ദ്രശേഖര്‍, ബാനര്‍ജിയോട് ചോദിച്ചു: ബഹുമാനപ്പെട്ട അംഗത്തിന്റെ പോക്കറ്റില്‍ കിടക്കുന്ന ത്രീഫൈവ് സിഗരറ്റും കൈയില്‍ കെട്ടിയ […]

cpm

മുസാഫിര്‍ ഇളംകുളത്ത്

1957 മുതല്‍ നാലു ടേമുകളില്‍ തുടര്‍ച്ചയായി കാണ്‍പൂരില്‍ നിന്ന് ലോക്സഭാംഗമായിരുന്ന സി.പി.ഐ നേതാവ് എസ്.എം. ബാനര്‍ജി ഒരിക്കല്‍ പാര്‍ലമെന്റില്‍ പ്രസംഗിക്കുകയായിരുന്നു- വിദേശ നിര്‍മിത വസ്തുക്കള്‍ സംബന്ധിച്ച എന്തോ സബ്മിഷനുമായി ബന്ധപ്പെട്ട ചര്‍ച്ച. കമ്പി തപാല്‍ ജീവനക്കാരുടേയും റെയില്‍വെ തൊഴിലാളികളുടേയും പ്രിയംകരനായ നേതാവായിരുന്നു ബാനര്‍ജി. വിദേശ ഇറക്കുമതി വസ്തുക്കളോടുള്ള അഭിനിവേശത്തിനെതിരെ ബാനര്‍ജി ആഞ്ഞടിക്കവെ, അന്നത്തെ കോണ്‍ഗ്രസിലെ യുവതുര്‍ക്കി, പിന്നീട് പ്രധാനമന്ത്രിയായ ചന്ദ്രശേഖര്‍, ബാനര്‍ജിയോട് ചോദിച്ചു: ബഹുമാനപ്പെട്ട അംഗത്തിന്റെ പോക്കറ്റില്‍ കിടക്കുന്ന ത്രീഫൈവ് സിഗരറ്റും കൈയില്‍ കെട്ടിയ സ്വിസ് വാച്ചും ഉപേക്ഷിച്ചിട്ടു പോരേ വിദേശ വസ്തുക്കള്‍ക്കെതിരായ ഈ പ്രസംഗം?
(എസ്.എം. ബാനര്‍ജി, സ്ഥിരമായി ട്രിപ്പിള്‍ ഫൈവ് സിഗരറ്റ് വലിക്കുന്നയാളായിരുന്നു. എന്തായാലും ബാനര്‍ജിക്കെതിരെ പാര്‍ട്ടിയില്‍ നടപടിയൊന്നുമുണ്ടായില്ല. ഇന്ത്യയിലെ വിപ്ലവ പുരോഗമന പ്രസ്ഥാനത്തിന് സി.പി.ഐ സംഭാവന ചെയ്ത ഈ മികച്ച പാര്‍ലമെന്റേറിയന്‍ 1987 ല്‍ അന്തരിച്ചു. ഭൂപേഷ്ഗുപ്ത, ഇന്ദ്രജിത് ഗുപ്ത, ഹിരണ്‍ മുഖര്‍ജി തുടങ്ങിയ അക്കാലത്തെ കരുത്തരായ കമ്യൂണിസ്റ്റ് എം.പിമാരോടൊപ്പം എസ്.എം. ബാനര്‍ജിയുടെ പേരും ഇന്ത്യന്‍ പാര്‍ലമെന്ററി ചരിത്രത്തില്‍ തിളങ്ങി നില്‍ക്കുന്നു)
ഇതാ ഇപ്പോള്‍ മറ്റൊരു ബാനര്‍ജി വാര്‍ത്തകളില്‍ നിറയുന്നു – എസ്.എഫ്.ഐ അഖിലേന്ത്യാ സെക്രട്ടറിയായിരുന്ന, രാജ്യസഭാംഗം ഋതബ്രതാ ബാനര്‍ജി- യാത്രാബത്ത ഇനത്തില്‍ 69.25 ലക്ഷം രൂപ കൈപറ്റിയ, വില കൂടിയ വാച്ച് ധരിക്കുകയും മുന്തിയ പേന ഉപയോഗിക്കുകയും ചെയ്യുന്ന ‘ലക്ഷൂറിയസ് കമ്യൂണിസ്റ്റ്’. എന്നാല്‍ ഇത് മാത്രമാണോ അദ്ദേഹത്തിനെതിരെയുള്ള കുറ്റം? പ്രകാശ് കാരാട്ടിനെതിരായ പരസ്യ പ്രസ്താവനയാകണം, ഈ മുപ്പത്തൊമ്പതുകാരന് പാര്‍ട്ടിയുടെ പുറത്തേക്കുള്ള വഴി തുറന്ന് കൊടുത്തത്. അത് ആ പാര്‍ട്ടിയുടെ കാര്യം. സി.പി.എം ബംഗാള്‍ സെക്രട്ടറി സൂര്യകാന്ത് മിശ്ര പറഞ്ഞത് പോലെ, ഇത് ഞങ്ങളുടെ ആഭ്യന്തരകാര്യം, ഋതുബ്രതയെ പുറത്താക്കണോ അകത്താക്കണോ എന്ന് ഞങ്ങള്‍ തീരുമാനിക്കും.

അത്യാഡംബര ജീവിതം നയിച്ച ലോക കമ്യൂണിസ്റ്റ് നേതാക്കളുടെ ചരിത്രത്തില്‍ മാവോയുണ്ട്, ഹംഗറിയിലെ ബുഡയുണ്ട്, പോളണ്ടിലെ ബോള്‍സ്ലോ ബെറൂട്ടുണ്ട്, ക്യൂബയിലെ ഫിദല്‍ കാസ്ട്രോ പോലുമുണ്ട്.. വാഴ്സയില്‍ പത്ത് കൊട്ടാരങ്ങളാണ് ബോള്‍സ്ലോക്കുണ്ടായിരുന്നതെങ്കില്‍ മാന്‍വേട്ടക്കായി കാടും കാട്ടിനുള്ളില്‍ മണിമന്ദിരവും പണിത കമ്യൂണിസ്റ്റ് നേതാവായിരുന്നു റുമേനിയയിലെ സോസിയ. പൂര്‍വ യൂറോപ്യന്‍ രാജ്യങ്ങളിലെ പാര്‍ട്ടി നേതൃത്വവും ഭരണ നേതൃത്വവുമൊക്കെ അത്യാഡംബര ജീവിതത്തില്‍ അര്‍മാദിച്ചതോടെയാണ് ഒന്നൊന്നായി അവിടത്തെ ഭരണകൂടങ്ങള്‍ നിലംപതിച്ചത് എന്നത് ചരിത്രം.
1989 ല്‍ റുമേനിയന്‍ കമ്യൂണിസ്റ്റ് ഭരണാധികാരി നിക്കോളായ് ചെഷസ്‌ക്യുവിനെ ജനങ്ങള്‍ തെരുവ്പട്ടിയെപ്പോലെ കൈകാര്യം ചെയ്തു. വജ്രം പതിച്ച ഭിത്തികളുള്ള, പതിനാലു കൊട്ടാരങ്ങളാണ് അദ്ദേഹത്തിനുണ്ടായിരുന്നത്. സ്വര്‍ണം പൊതിഞ്ഞ ടോയ്ലെറ്റില്‍ പോയി മടങ്ങിവരുമ്പോള്‍ അക്രമാസക്തരായ ജനം കൊട്ടാരത്തിലേക്ക് ഇരച്ചുകയറി ചെഷസ്‌ക്യുവിനെ വളഞ്ഞ് എലിക്കുഞ്ഞിനെപ്പോലെ തൂക്കിയെടുത്തു. 1989 ലെ ക്രിസ്മസ് ദിനമായിരുന്നു അത്. ഭാര്യ എലീനയോടൊപ്പം രാജ്യം വിടാന്‍ ഹെലികോപ്റ്ററില്‍ കയറാനൊരുങ്ങിയ, ഏറെക്കാലം റുമേനിയന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സെക്രട്ടറിയായ ചെഷസ്‌ക്യുവിനെ, ജനങ്ങള്‍ അതിനനുവദിച്ചില്ല. പുറത്തേക്ക് വലിച്ചിട്ട് അവര്‍ അദ്ദേഹത്തിന്റെ മൂക്ക് മുറിച്ച് ബുക്കാറസ്റ്റിലെ തെരുവിലേക്കെറിഞ്ഞു. പിന്നെ നിരത്തി നിര്‍ത്തി രണ്ട് പേരെയും വെടിവെച്ചുകൊന്നു..

ഒറ്റമുണ്ടും കൈയുള്ള ബനിയനുമായി മാത്രം ദീര്‍ഘകാലം ജീവിച്ച, തമ്പാനൂരിലെ പാര്‍ട്ടി ഓഫീസ് സ്വന്തം വീടാക്കിയ, തീര്‍ത്തും നിസ്വനായ, കേരളത്തിലെ മാതൃകാ കമ്യൂണിസ്റ്റ് നേതാക്കളിലൊരാളായ ആര്‍. സുഗതനെപ്പോലെ ലളിതജീവിതം നയിച്ച എത്രയോ നേതാക്കള്‍…..
ആര്‍. സുഗതന്‍ പിടിച്ചതും ചെങ്കൊടി, ചെഷസ്‌ക്യൂ പിടിച്ചതും ചെങ്കൊടി.

ഫേസ് ബുക്ക് പോസ്റ്റ്

 

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: open | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply