ഇവര്‍ക്ക് മക്കള്‍ പുഴകള്‍ തന്നെ

ഗോപി ലതയെയും ഉണ്ണികൃഷ്ണനേയും കുറിച്ച് വര്‍ഷങ്ങള്‍ക്കുമുമ്പെഴുതിയ ഒരു കുറിപ്പ്… ലതയും ഉണ്ണികൃഷ്ണനും.. കേരളത്തിലെ പരിസ്ഥിതി പ്രവര്‍ത്തകര്‍ക്ക് സുപരിചിതര്‍ ഈ ദമ്പതികള്‍. പരിസ്ഥിതിയുമായി ബന്ധപ്പെട്ട ഏതു വിഷയം എവിടെയുണ്ടായാലും ഇവരോടിയെത്തും. പ്രത്യേകിച്ച് പുഴകളുമായി ബന്ധപ്പെട്ടവ. പിന്നെ പഠനങ്ങളായി, റിപ്പോര്‍ട്ടുകളായി, സമരങ്ങളായി. ലത ഒരു കാലത്ത് കൃഷി ഓഫീസറായിരുന്നു. കാര്‍ഷികസര്‍വ്വകലാശാലയില്‍നിന്ന് ഉന്നതവിജയം. രണ്ട് കൃഷി ഓഫീസുകളിലാണ് ആകെ ജോലി ചെയ്തത്. ഒന്ന് ഭാരതപുഴയുടെ തീരത്തും. രണ്ടാമത്തേത് കരുവന്നൂര്‍ പുഴയുടെ തീരത്തും. ഓഫീസിലിരിക്കുമ്പോള്‍ ലതയുടെ ചെവികളില്‍ എപ്പോഴും മുഴങ്ങിയത് പുഴയുടെ രോദനം. […]

llllഗോപി

ലതയെയും ഉണ്ണികൃഷ്ണനേയും കുറിച്ച് വര്‍ഷങ്ങള്‍ക്കുമുമ്പെഴുതിയ ഒരു കുറിപ്പ്…

ലതയും ഉണ്ണികൃഷ്ണനും.. കേരളത്തിലെ പരിസ്ഥിതി പ്രവര്‍ത്തകര്‍ക്ക് സുപരിചിതര്‍ ഈ ദമ്പതികള്‍. പരിസ്ഥിതിയുമായി ബന്ധപ്പെട്ട ഏതു വിഷയം എവിടെയുണ്ടായാലും ഇവരോടിയെത്തും. പ്രത്യേകിച്ച് പുഴകളുമായി ബന്ധപ്പെട്ടവ. പിന്നെ പഠനങ്ങളായി, റിപ്പോര്‍ട്ടുകളായി, സമരങ്ങളായി.
ലത ഒരു കാലത്ത് കൃഷി ഓഫീസറായിരുന്നു. കാര്‍ഷികസര്‍വ്വകലാശാലയില്‍നിന്ന് ഉന്നതവിജയം. രണ്ട് കൃഷി ഓഫീസുകളിലാണ് ആകെ ജോലി ചെയ്തത്. ഒന്ന് ഭാരതപുഴയുടെ തീരത്തും. രണ്ടാമത്തേത് കരുവന്നൂര്‍ പുഴയുടെ തീരത്തും. ഓഫീസിലിരിക്കുമ്പോള്‍ ലതയുടെ ചെവികളില്‍ എപ്പോഴും മുഴങ്ങിയത് പുഴയുടെ രോദനം. ആ രോദനം എപ്പോഴും പിന്തുടര്‍ന്നു. അഞ്ചുവര്‍ഷത്തോളം അത് സഹിച്ചു. പിന്നെ ദൃഢമായ ഒരു തീരുമാനം. ഏതെങ്കിലും സര്‍ക്കാര്‍ ഓഫീസിലിരുന്ന് മുരടിക്കാനുള്ളതല്ല തന്റെ ജീവിതം. 2000ത്തില്‍ ജോലി രാജിവെച്ച് ലത പുഴയിലേക്കിറങ്ങി. പലരും വട്ടാണന്നു പറഞ്ഞു കളിയാക്കി. എന്നാല്‍ അതുപോലെതന്നെ വട്ടുകാണിച്ച മറ്റൊരാള്‍ ഉണ്ടായി ലതക്കു കൂട്ടായി. ഉണ്ണികൃഷ്ണന്‍. ഇദ്ദേഹമാകട്ടെ മെക്കാനിക്കല്‍ എഞ്ചിനിയറായിരുന്നു. 1991ല്‍ തന്നെ പുഴയുടെ വിളി കേട്ട് ജോലി കളഞ്ഞ് ഉണ്ണികൃഷ്ണന്‍ പുഴയിലേക്കിറങ്ങിയിരുന്നു. അങ്ങനെ പുഴയെ സാക്ഷി നിര്‍ത്തി ഇരുവരും ഒന്നിച്ചു ജീവിക്കാന്‍ തീരുമാനിക്കുന്നു. ഒപ്പം മറ്റൊരു തീരുമാനവും. മക്കള്‍ വേണ്ട. ഒരു കുടുംബത്തില്‍ മക്കള്‍ നല്‍കുന്ന വൈകാരികാന്തരീക്ഷത്തെ കുറിച്ചും മക്കളില്ലെങ്കില്‍ സ്വാഭാവികമായും ഉണ്ടാകിനിടയുള്ള മടുപ്പിനെ കുറിച്ചും ചോദിച്ചാല്‍ ഇരുവരുടേയും മറുപടി ഇങ്ങനെ. ഞങ്ങള്‍ക്ക് ആ വൈകാരികാന്തരീക്ഷം നല്‍കുന്നത് പുഴയാണ്…. പുഴയോരം ഞങ്ങള്‍ക്കൊരിക്കലും മടുക്കില്ല. പിന്നെന്തിനു മക്കള്‍?
നിര്‍ദ്ദിഷ്ഠ അതിരപ്പിള്ളി പദ്ധതിക്കെതിരെ വര്‍ഷങ്ങളായി നടക്കുന്ന ജനകീയ സമരത്തിന്റെ ജീവനാഡികളാണിവര്‍. പദ്ധതിയുണ്ടാക്കുന്ന പാരിസ്ഥിതികവും സാമൂഹ്യവുമായ പ്രശ്നങ്ങള്‍ പഠിച്ച് ജനങ്ങളിലെത്തിക്കാനും കോടതിയുദ്ധം നയിക്കാനും മുന്നില്‍ നിന്നത് ഇവരുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന ചാലക്കുടി പുഴ സംരക്ഷണ സമിതി. പദ്ധതിയെ കുറിച്ചുള്ള കെ.എസ്.ഇ.ബിയുടെയും വികസനവാദികളുടേയും അവകാശവാദങ്ങളുടെയെല്ലാം മുനയൊടിയുന്നത് സമിതിയുടെ പഠനങ്ങളില്‍ തട്ടി.
കാടിനെ കടലുമായി ബന്ധിപ്പിക്കുന്നത് പുഴയാണ്. ലത പറയുന്നു. അതായത് ദേശത്തെ മുഴുവന്‍. ഒഴുകുമ്പോഴേ പുഴ, പുഴയാകൂ. കെട്ടിനിന്നാല്‍ അതു വെള്ളം മാത്രമാണ്. വെള്ളത്തെ പുഴയായി കാണണം. എന്നാല്‍ നാമെന്താണ് ചെയ്യുന്നത്? പുഴയുടെ പ്രഭവ സ്ഥാനമായ കാടുമുതല്‍ നാം അക്രമണം തുടങ്ങുന്നു. കാടു വെട്ടിതെളിക്കുന്നു. പിന്നെ അവസരം കിട്ടിയിടത്തെല്ലാം ഡാമുകള്‍. പിന്നീടോ? പുഴയുടെ ഞെരമ്പായ മണല്‍ വാരിയെടുക്കല്‍. അശാസ്ത്രീയമായ രീതിയില്‍ വെള്ളം പമ്പു ചെയ്യല്‍. ഫാക്ടറികളുടെ മാലിന്യങ്ങള്‍ പുഴയിലേക്കൊഴുക്കല്‍. പുഴക്ക് മരിക്കാന്‍ ഇതെല്ലാം ധാരാളം. ലോകത്തെ ഗംഭീരമായ സംസ്‌കാരങ്ങളെല്ലാം ഉണ്ടായത് പുഴകള്‍ക്കരികില്‍ എന്നു കുട്ടികളെ പഠിപ്പിക്കുമ്പോള്‍ തന്നെയാണ് നാമിതെല്ലാം ചെയ്യുന്നത്. പുഴയെ എങ്ങനെ കാണണമെന്ന് കെ.എസ്.ഇ.ബിക്കോ വനം വകുപ്പിനോ ഇറിഗേഷന്‍ വകുപ്പിനോ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ക്കോ എന്തിനേറെ, സര്‍ക്കാരിനോ അറിയില്ല. പുഴയേയും കാടിനേയും കടലിനേയും മണലിനേയുമെല്ലാം വേറെ വേറെ കമ്പാര്‍ട്ട്മെന്റുകളായാണ് നാം കാണുന്നത്. എല്ലാം നമുക്ക് വരുമാന മാര്‍ഗ്ഗങ്ങള്‍ മാത്രം. പിന്നെ പുഴക്ക് ജീവിതമെവിടെ നിന്ന്? അതെങ്ങിനെ ഒഴുകും? ഇപ്പോള്‍ പലപ്പോഴും കാണുന്നത് മലവെള്ളപ്പാച്ചില്‍. പിന്നെ കണ്ണീരും. സമീപത്തുകൂടി പുഴയൊഴുകിട്ടും തങ്ങളുടെ കിണറുകളില്‍ വെള്ളമില്ല എന്ന വീട്ടമ്മമാരുടെ പരാതിക്കുള്ള മറുപടിക്കായി എങ്ങും പോകണ്ട.
അങ്ങനെയിരിക്കുമ്പോഴാണ് അതിരപ്പിള്ളി വരുന്നത്. ലത – ഉണ്ണികൃഷ്ണന്‍ ദമ്പതികള്‍ക്ക് ഒരു നിമിഷം പോലും ചിന്തിക്കേണ്ടി വന്നില്ല. ഇപ്പോള്‍തന്നെ ആറു ഡാമുകളെ ചുമലിലേറ്റിയാണ് പാവം ചാലക്കുടി പുഴ ഒഴുകുന്നത്. ഒന്നുകൂടി താങ്ങാന്‍ അതിനാകില്ല. പറമ്പികളം – ആലിയാര്‍ കരാറിന്റെ ഭാഗമായി കുറെ വെള്ളം തമിഴ് നാട്ടിലേക്ക്. പിന്നെ ഇടമലയാറിലേക്ക്. ബാക്കി വരുന്നതാണ് താഴേക്ക് ചെല്ലുന്നത്. എത്രയോ പഞ്ചായത്തുകളിലെ ജനങ്ങള്‍ ഈ വെള്ളത്തില്‍ ജീവിക്കുന്നു. പുഴയുടെ പ്രധാന വൃഷ്ടിപ്രദേശമായ നെല്ലിയാമ്പതിയിലെ കാടുകളല്ലാം തോട്ടങ്ങളായി. പദ്ധതി വന്നാല്‍ വാഴച്ചാല്‍ – അതിരപ്പിള്ളി വനങ്ങളും ഇല്ലാതാക്കും. ഒപ്പം അവിടത്തെ ജൈവവ്യവസ്ഥയും. ആ ജൈവവ്യവസ്ഥയില്‍ കാടര്‍ എന്ന ആദിവാസി വിഭാഗവും ഉള്‍പ്പെടുന്നു. ക്ഷീണിച്ചതെങ്കിലും ഇപ്പോഴുള്ള വെള്ളച്ചാട്ടം കാണാന്‍ കുറെ പേര്‍ എത്തുന്നതിനാല്‍ ജീവിച്ചുപോകുന്ന നാട്ടുകാരും വന സംരക്ഷണ സമിതി പ്രവര്‍ത്തകരും. വെള്ളച്ചാട്ടത്തിനു താഴെ തുമ്പൂര്‍ മുഴി ജലസേചന പദ്ധതി. 20ഓളം പഞ്ചായത്തുകളിലെ കുടിവെള്ള പദ്ധതികള്‍.. പുഴയിലെ വൈവിധ്യമാര്‍ന്ന മത്സ്യസമ്പത്ത്.. ഇതിനൊന്നും പകരം വെക്കാന്‍ പദ്ധതിയെ കൊണ്ടു കഴിയില്ല. വിശ്രമമില്ലാത്ത ദിനങ്ങളായിരുന്നു പിന്നീട്. കൂടെ അവസരം കിട്ടിയാല്‍ മാവ് വെച്ചുപിടിപ്പിക്കുന്നതിനാല്‍ മാവ് മോഹന്‍ദാസ് എന്നു പേരുവീണ മോഹന്‍ദാസ്, രവി തുടങ്ങി പലരും.. ദിവസം ചെല്ലുംതോറും അവരുടെ എണ്ണം കൂടിവന്നു. അങ്ങനെയാണ് 2005ല്‍ പുഴ കടലില്‍ ചേരുന്ന അഴിക്കോട് മുതല്‍ പ്രഭവസ്ഥാനം വരെ നദീയാത്ര നടന്നത്. പിന്നീട് സമരങ്ങള്‍.. പഠന റിപ്പോര്‍ട്ടുകള്‍.. കോടതിമുറികള്‍… ജനകീയ തെളിവെടുപ്പുകളില്‍ പദ്ധതിക്കെതിരായ രോഷത്തിന്റെ വെള്ളച്ചാട്ടം.. മേധാപഠ്ക്കറും അരുന്ധതിറോയിയും വരെയുള്ളവരുടെ സന്ദര്‍ശനം.. മന്ത്രിയായിരുന്ന എ.കെ ബാലനുമായി എന്നും വാക് യുദ്ധം. കേന്ദ്രമന്ത്രിയായിരുന്ന ജയറാം രമേഷ് സമരത്തോടൊപ്പം നിന്നപ്പോള്‍ ആശ്വാസം. എന്നാല്‍ വീണ്ടും സംഗതികള്‍ കുഴങ്ങി മറിയുന്നു. വനത്തേയും പരിസ്ഥിതിയേയും സ്നേഹിച്ച കുറ്റത്തിനു ജയറാം രമേഷിന് വകുപ്പ് നഷ്ടപ്പെട്ടു ആര്യാടന്‍ മുഹമ്മദിന്റെ വാക്കുകള്‍ക്ക് ബാലന്റെ വാക്കുകളുമായി സാമ്യമുണ്ടോ എന്ന് സംശയം. എന്തായാലും വിരോധമില്ല ഈ ദമ്പതികള്‍ക്ക്. കാരണം പുഴ ഇവര്‍ക്കു കുഞ്ഞാണല്ലോ. കുഞ്ഞിനെ രക്ഷിക്കാന്‍ എന്തു ത്യാഗവും ചെയ്യുന്നവരാണല്ലോ മനുഷ്യരടക്കമുള്ള ജീവജാലങ്ങള്‍. പിന്നെന്ത്…..?

 

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: person | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply