അല്ലെങ്കിലും രാഷ്ട്രീയം കോമഡിയല്ലേ?
ചാലക്കുടി ലോകസഭാ മണ്ഡലത്തില്‍ നിന്നും നടന്‍ ഇന്നസെന്റ് മത്സരിക്കുന്നത് തികച്ചും പ്രതീകാത്മകം തന്നെ. രാഷ്ട്രീയം നല്ല ഒരു കോമഡിയാകുമ്പോള്‍ സ്ഥാനാര്‍ത്ഥിയാകാന്‍ ഇന്നസെന്റിനേക്കാള്‍ യോഗ്യനായി ആരുണ്ട്? കേരളത്തിലെ രാഷ്ട്രീയത്തിലെ അടുത്ത കാല സംഭവങ്ങള്‍ മാത്രം പരിശോധിക്കുക. അതില്‍ എത്രയോ കോമഡികള്‍ കാണാം. ജനപിന്തുണയുള്ള വിഎം സുധീരനെ കെപിസിസി പ്രസിഡന്റാക്കുന്നതിനെ ഗ്രൂപ്പുവ്യത്യാസമില്ലാതെ കോണ്‍ഗ്രസ്സ് നേതാക്കള്‍ എതിര്‍ത്ത സംഭവംതന്നെ ഏറ്റവും വലിയ കോമഡിയല്ലേ? മറുവശത്ത് ടിപി ചന്ദ്രശേഖരന്‍ വധത്തിനു കാരണം ഒരാളുടെ വ്യക്തിവൈരാഗ്യം മാത്രമാണെന്ന സിപിഎം അന്വേഷണ കമ്മീഷന്റെ കണ്ടെത്തലോ? തിരഞ്ഞെടുപ്പു […]
ചാലക്കുടി ലോകസഭാ മണ്ഡലത്തില്‍ നിന്നും നടന്‍ ഇന്നസെന്റ് മത്സരിക്കുന്നത് തികച്ചും പ്രതീകാത്മകം തന്നെ. രാഷ്ട്രീയം നല്ല ഒരു കോമഡിയാകുമ്പോള്‍ സ്ഥാനാര്‍ത്ഥിയാകാന്‍ ഇന്നസെന്റിനേക്കാള്‍ യോഗ്യനായി ആരുണ്ട്?
കേരളത്തിലെ രാഷ്ട്രീയത്തിലെ അടുത്ത കാല സംഭവങ്ങള്‍ മാത്രം പരിശോധിക്കുക. അതില്‍ എത്രയോ കോമഡികള്‍ കാണാം. ജനപിന്തുണയുള്ള വിഎം സുധീരനെ കെപിസിസി പ്രസിഡന്റാക്കുന്നതിനെ ഗ്രൂപ്പുവ്യത്യാസമില്ലാതെ കോണ്‍ഗ്രസ്സ് നേതാക്കള്‍ എതിര്‍ത്ത സംഭവംതന്നെ ഏറ്റവും വലിയ കോമഡിയല്ലേ? മറുവശത്ത് ടിപി ചന്ദ്രശേഖരന്‍ വധത്തിനു കാരണം ഒരാളുടെ വ്യക്തിവൈരാഗ്യം മാത്രമാണെന്ന സിപിഎം അന്വേഷണ കമ്മീഷന്റെ കണ്ടെത്തലോ? തിരഞ്ഞെടുപ്പു പ്രചാരണത്തിനുമാത്രം വിഎസ് വന്നാല്‍ മതി എന്ന സിപിഎം നേതൃത്വത്തിന്റെ നിലപാടും ഇടക്കിടെ വിഎസ് പൊട്ടിക്കുന്ന വെടികളും കോമഡികളല്ലാതെ മറ്റെന്ത്? പാര്‍ട്ടി നിലപാട് ശരിയെന്ന് രാവിലെ, തെറ്റെന്ന് ഉച്ചക്ക്. എന്നിട്ടും വിഎസിനെ കയറൂരിവിടുന്ന പാര്‍ട്ടി.
കോണ്‍ഗ്രസ്സുകാരെ സ്ഥാനാര്‍ത്ഥികളാക്കുന്ന സിപിഎമ്മിന്റെ കോമഡി അതിന്റെ ക്ലൈമാക്‌സിലെത്തിയിരിക്കുന്നു. സിപിഎം പാനലില്‍ മത്സരിക്കാന്‍ കോണ്‍ഗ്രസ്സില്‍ നിന്ന് രാജിവെച്ചു വരുന്ന ഫിലിപ്പോസ്… ഒപ്പം കൊതിയോടെ ഇടുക്കി സീറ്റ് ഒഴിച്ചിട്ടിരിക്കുന്നതും.
കൊല്ലം സീറ്റില്‍ എം എ ബേബിയുടെ പേര്‍ പ്രഖ്യാപിച്ചശേഷം ആര്‍ എസ് പിയുമായി ചര്‍ച്ച ചെയ്യാമെന്ന സിപിഎം നിലപാടും വീരേന്ദ്രകുമാറിന് കോഴിക്കോടിനുപകരം തോല്‍ക്കുമെന്നുറപ്പുള്ള പാലക്കാട് നല്‍കാമെന്ന കോണ്‍ഗ്രസ്സ് നിലപാടും കേട്ടാല്‍ ചിരിക്കാതിരിക്കുന്നതെങ്ങിനെ?
കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ടാണ് വലിയ കോമഡികള്‍ നടക്കുന്നത്. ഒരു വശത്ത് സമാധാനത്തിന്റെ അപ്പലോസ്തന്മാരായ പുരോഹിതര്‍ വാളെടുത്തു ഉറഞ്ഞുതുള്ളുന്നതും അതിനനുസരിച്ച് ജോസഫും ജോര്‍ജ്ജും മാണിയും ഉലയുന്നതും ആ ഉലച്ചലില്‍ ഉമ്മന്‍ ചാണ്ടിയും ചെന്നിത്തലയും വിരണ്ട്് ഡെല്‍ഹിക്കും മറ്റും പറക്കുന്നതും കോമഡിതന്നെ. ഭരണം പോയാല്‍ തന്റെ ഗതിയോര്‍ത്ത് ചെന്നിത്തല ഞെട്ടിയുണരാറുണഅടത്രെ. പിസി ജോര്‍ജ്ജ് ആകട്ടെ പീഫ് വിപ്പ് സ്ഥാനം 100 വട്ടമെങ്കിലും രാജിവെച്ചു കഴിഞ്ഞു. കരട് എന്ന പദംപോലും എല്ലാവരും കൂടി തമാശയായി മാറ്റിയിരിക്കുന്നു.
സിഎംപിയിലും ജെഎസ്എസിലും അടുത്തകാലത്തായി നടക്കുന്ന കോമഡികളെ കുറിച്ച് പറയാതിരിക്കുന്നതാണ് ഭേദം. അതിനേക്കാള്‍ രസകരം സുകുമാരന്‍ നായരുടേയും വെള്ളാപ്പിള്ളിയുടേയും തമാശകള്‍. താന്‍ നായന്മാരുടെ പോപ്പാണെന്ന് സുകുമാരന്‍ നായര്‍. തന്റെ കസേരയുടെ കാര്യം മറന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറിയുടെ കസേരയില്‍ മന്ദബുദ്ധിയെന്ന് വെള്ളാപ്പള്ളി. കൂടെ സുധീരന്‍ പ്രസിഡന്റായത് ഈഴവനായതുകൊണ്ടാണെന്നും. ചങ്ങനാശ്ശേരി വഴി പോയപ്പോള്‍ വയ്യാവേലി തലയിലേറ്റി സുധീരന്‍. സുധീരനും വിഎസും പരസ്പരം സുഖിപ്പിക്കുകയാണെന്ന് സുധാകരന്‍….
കാര്യങ്ങള്‍ ഇങ്ങനെയായിരിക്കെ ഇന്നസെന്റ് തന്നെ മത്സരിക്കട്ടെ. മറ്റാരേയും പോലെ തിരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള അവകാശം ഇന്നസെന്റിനുമുണ്ട്. സംശയമില്ല. പണ്ട് അദ്ദേഹം നഗരസഭയിലേക്ക് മത്സരിച്ചിട്ടുണ്ട്. എന്നാല്‍ സംവിധായകന്‍ വിനയന്‍ പറഞ്ഞപോലെ ഇന്നസെന്റിനെ സ്ഥാനാര്‍ത്ഥിയാക്കിയ സിപിഎം നടപടി കോമഡി തന്നെ. കോമഡി പറയാനാണോ ഇന്നസെന്റ് ലോകസഭയിലേക്ക് പോകുന്നത് എന്ന ചോദ്യം ചോദിക്കുന്നവരെ കുറ്റപ്പെടുത്താനാവില്ല. ഇപ്പോള്‍തന്നെ കാന്‍സറിനും മറ്റും ശേഷം ലോകസഭാംഗമാകാനുള്ള ആരോഗ്യമുണ്ടോ എന്ന ചോദ്യത്തിനു തികച്ചും ഇന്നസെന്റായി അദ്ദേഹം പറഞ്ഞത് അതു മനസ്സിലാക്കാന്‍ താന്‍ കണ്ട സിനിമകള്‍ പോയി കാണാനാണെന്നത് മറ്റൊരു കോമഡി. ഇനിയുള്ള കാലം ജനത്തെ സേവിക്കണമെന്നും. നിര്‍ബന്ധമാണെങ്കില്‍ താന്‍ അഭിനയം നിര്‍ത്തി ഇന്നസെന്റിനെതിരെ മത്സരിക്കാമെന്ന് നടന്‍ ജഗദീഷ്. ഒരു പാര്‍ട്ടിയും സീറ്റു നല്‍കാത്തതിനെ തുടര്‍ന്ന് ഗുജറാത്തില്‍ പോയി ദക്ഷിണേന്ത്യന്‍ സിനിമയെപറ്റി ചര്‍ച്ച ചെയ്ത് സുരേഷ്‌ഗോപിയും.
പാര്‍ലിമെന്റില്‍ പല സെലിബ്രേറ്റികളുമുണ്ട്. എന്നാല്‍ ഇവരില്‍ മിക്കവരും എംപി എന്ന നിലയില്‍ തങ്ങളുടെ കടമകള്‍ നിര്‍വ്വഹിക്കുന്നില്ല എന്നാണ് റിപ്പോര്‍ട്ടുകള്‍. അവസാനംവന്ന റിപ്പോര്‍ട്ട് എംപി ഫണ്ടിലെ ഒരു പൈസ പോലും ചിലവഴിക്കാതിരുന്ന സച്ചിനെകുറിച്ചാണ്. ജയിച്ചാല്‍തന്നെ അതില്‍ നിന്ന് വ്യത്യസ്ഥനാകുമോ ഇന്നസെന്റ്? സാധ്യതയില്ല എന്നു കരുതുന്നത് കോമഡിയാകില്ല. എന്നാലും ഇന്നസെന്റ് മത്സരിക്കട്ടെ. ഇത് ജനാധിപത്യമല്ലേ?
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in