ഇത് അംബേദ്കറിസത്തിന്റെ വിജയം

ഹിന്ദുത്വ സംഘടനകള്‍ പ്രത്യക്ഷത്തിലാണ് ദളിത് വിദ്യാര്‍ത്ഥി രാഷ്ട്രീയത്തിന് എതിരെ നില്‍ക്കുന്നതെങ്കില്‍ ഇടത് വിദ്യാര്‍ത്ഥി രാഷ്ട്രീയം ഇരട്ടത്താപ്പിലൂടെയാണ് ദളിത് വിദ്യാര്‍ത്ഥി പ്രസ്ഥാനങ്ങളെ തകര്‍ക്കുവാന്‍ ശ്രമിച്ചിട്ടുള്ളത് .ഹൈദരാബാദ് സര്‍വകലാശാലയില്‍ ലാല്‍സലാമിനൊപ്പം നീല്‍സലാം വിളിക്കാന്‍ തയ്യാറായ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ കാലടി സര്‍വ്വകലാശാലയില്‍ എത്തുമ്പോള്‍ അംബേദ്കര്‍റൈറ്റുകളെ ‘ സ്വത്വവാദം വേശ്യയുടെ കുമ്പസാരം പോലെ നാഴികയ്ക്ക് നാല്പതു വട്ടം പ്രസംഗിക്കുന്നവര്‍” എന്നാണ് വിശേഷിപ്പിക്കുന്നത് .

കാലടി സംസ്‌കൃത സര്‍വ്വകലാശായില്‍ വിദ്യാര്‍ത്ഥി യൂണിയന്‍ തിരഞ്ഞെടുപ്പില്‍ യു.യു.സി ആയി അംബേദ്കറൈറ്റ് രാഷ്ട്രീയം ഉയര്‍ത്തിപിടിക്കുന്ന ദിനു വെയില്‍ വിജയിച്ചു വന്നിരിക്കുകയാണ്. സംഘടനയുടെ പ്രവര്‍ത്തനം തുടങ്ങി മാസങ്ങള്‍ക്കുള്ളില്‍ ഇത്രവലിയൊരു മുന്നേറ്റം അസാധ്യമായിരുന്നില്ലെന്നും കേരളത്തിലും രാജ്യത്താകമാനവും സംഭവിച്ചു കൊണ്ടിരിക്കുന്ന സെബാള്‍ട്ടണ്‍ രാഷ്ട്രീയ ധാരയുടെ ദൃശ്യതയുടെ മറ്റൊരു വശമാണ് ക്യാമ്പസുകളില്‍ ഉയര്‍ന്നുവരുന്ന ശക്തമായ അംബേദ്കറൈറ്റ് ധാരകള്‍ എന്നും നിരീക്ഷിക്കാവുന്നതാണ്. അതിന്റെ ഒരു സാന്നിധ്യം കൂടിയാണ് ദിനുവിന്റെ വിദ്യാര്‍ത്ഥി യൂണിയനിലേക്കുള്ള കടന്നുവരവ്. കേരളത്തിലെ കാമ്പസുകളില്‍ എന്തുകൊണ്ട് സബാള്‍ട്ടണ്‍ ധാരകള്‍ക്ക് ദൃശ്യത നഷ്ടപ്പെട്ടു എന്നും ഉയര്‍ന്നുവരുന്ന സെബാള്‍ട്ടണ്‍ മുന്നേറ്റങ്ങളുടെ സ്വഭാവം എന്താണെന്നുമുള്ള വിഷയത്തില്‍ തന്റെ വീക്ഷണങ്ങള്‍ അവതരിപ്പിക്കുകയാണ് ദിനു. ഇനി വരുന്ന കാലങ്ങളില്‍ ഈ ധാരയുടെ ദൃശ്യത വര്‍ധിക്കുമെന്നും വിദ്യാര്‍ത്ഥി രാഷ്ട്രീയത്തെ ബാധിച്ച ജീര്‍ണതകളെ ഇതൊരു പരിധിവരെ പ്രതിരോധിക്കുമെന്നും ദിനു, പോണ്ടിച്ചേരി സര്‍വ്വകലാശാലയില്‍ അംബേദ്കര്‍ സ്റ്റുഡന്റ്‌സ് അസോസിയേഷന്‍ പ്രവര്‍ത്തകനായിരുന്ന അരവിന്ദ് ഇന്‍ഡിജിനിയസിനോട് സംസാരിക്കുമ്പോള്‍ വ്യക്തമാക്കി..

1.നിലവില്‍ ക്യാമ്പസുകളില്‍ ദളിത് രാഷ്ട്രീയത്തിന്റെ പ്രസക്തി എന്ത്?

ഇന്ത്യന്‍ ജാതി വ്യവസ്ഥയുടെ പ്രധാനപ്പെട്ടൊരു പരിപാലനകേന്ദ്രം ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങങ്ങളാണ്. ആധുനികവല്‍ക്കരിക്കപ്പെട്ട ഇന്‍ഫ്രാസ്ട്രക്ച്ചര്‍ നിലനില്‍ക്കുമ്പോഴും പാരമ്പര്യമായ പൂജകള്‍ കൊണ്ട് അവയ്ക്ക് ശക്തി പകരാം എന്ന് വിശ്വസിക്കുന്ന വിചിത്രമായ ഇടങ്ങളാണ് ഐഐടികള്‍ അടക്കമുള്ള ശാസ്ത്ര-സാങ്കേതിക കേന്ദ്രങ്ങള്‍ . ആധുനിക വിഷയങ്ങള്‍ കൈകാര്യം ചെയ്യുമ്പോഴും പരമ്പരാഗതമായ ഹൈന്ദവതയാണ് അവയുടെ ബന്ധങ്ങളെ നിര്‍ണയിക്കുന്നത്. ഘടനാപരമായ് ആധുനികമായതും മാനസികമായ് ഹിന്ദുത്വ സാംസ്‌കാരികതയെ പരിപോഷിപ്പിക്കുന്നതുമായ ‘പ്രഛന്ന ഗുരുകുലങ്ങളാണ്’ ഇന്ത്യയിലെ മിക്ക ക്യാംപസുകളും. ഇത്തരം ഒരു സവര്‍ണ്ണ സാമൂഹിക പരിസരത്തെ ആധുനികവല്‍ക്കരിക്കുകയാണ് യഥാര്‍ത്ഥത്തില്‍ അംബേദ്ക്കറെറ്റ് മൂവ്‌മെന്റുകളുടെ അടിസ്ഥാനപരമായ പ്രാധാന്യം . ഉന്നത വിദ്യാഭ്യാസ കേന്ദ്രങ്ങളില്‍ നിലനില്‍ക്കുന്ന ശ്രേണി കൃതമായ അസമത്വങ്ങളെ ദൃശ്യമാക്കുവാന്‍ ദളിത് ക്യാംപസ് രാഷ്ട്രീയത്തിന് കഴിഞ്ഞിട്ടുണ്ട് . അവ കലാലയങ്ങള്‍ക്കുള്ളിലെ വ്യത്യസ്തങ്ങളായ അധികാരബന്ധങ്ങളെ പ്രാഥമികമായി ജനാധിപത്യവല്‍ക്കരിക്കാന്‍ ആവശ്യപ്പെടുന്നു. ആന്തരികമായ ഈ ലക്ഷ്യത്തിനൊപ്പം ഇന്ത്യ എന്ന സ്റ്റേറ്റില്‍ നിലനില്‍ക്കുന്ന ഹിന്ദുത്വ ഫാസിസത്തോട് മുഖാമുഖം കലഹിക്കുവാനുള്ള കെല്‍പ്പ് അംബേദ്ക്കറിസത്തിനാണുള്ളത്. അതും ഇന്ന് വളരെ പ്രസക്തമാണ്.

2.ഏറെക്കാലമായി നിലനില്‍ക്കുന്ന ദളിത് മുന്നേറ്റങ്ങള്‍ക്ക് ഈ കാലയളവില്‍ ശക്തമായ ദൃശ്യത ലഭിക്കുവാന്‍ കാരണമെന്ത്?

നാല് പ്രധാനപ്പെട്ട കാര്യങ്ങളാണ് ഇക്കാലഘട്ടത്തില്‍ അംബേദ്കറെറ്റ് വിദ്യാര്‍ഥി രാഷ്ട്രീയത്തിന് ദൃശ്യത ലഭിക്കുവാനുള്ള കാരണമായി ഞാന്‍ വിലയിരുത്തുന്നത് . അതില്‍ ആദ്യത്തേത് ഇന്ത്യയിലെ നിലവിലെ രാഷ്ട്രീയ അന്തരീക്ഷമാണ്. ഡോക്ടര്‍ ബി ആര്‍ അംബേദ്കറെ ഇന്ത്യ വീണ്ടും വായിക്കുകയാണ് . ഇന്ത്യയിലെ വ്യത്യസ്തങ്ങളായ രാഷ്ട്രീയ പാര്‍ട്ടികള്‍ ഹിന്ദുത്വ ഫാസിസത്തിന് നിന്നുള്ള തങ്ങളുടെ വിമോചകനായി കക്ഷി രാഷ്ട്രീയ ഭേദമന്യേ അംബേദ്കറെയും മറ്റ് ദളിത് പോരാളികളെയും വീണ്ടെടുക്കുകയാണ്. ഉദാഹരണത്തിന് ശബരിമലയിലെ സ്ത്രീ പ്രവേശനത്തിന് എതിരെ ഉയര്‍ന്ന തീവ്രഹിന്ദുത്വ രാഷ്ട്രീയത്തെ തങ്ങളുടെ പരമ്പരാഗതമായ പ്രതിരോധ ശൈലി കൊണ്ട് പ്രതിരോധിക്കാന്‍ ഒരു രാഷ്ട്രീയ പാര്‍ട്ടിയ്ക്കും ആയില്ല. കേരളത്തിലെ ദലിത് ആദിവാസി രാഷ്ട്രീയവും സ്ത്രീപക്ഷ രാഷ്ട്രീയമുന്നേറ്റവുമാണ് ഈ വിഷയത്തില്‍ സജീവമായ ഇടപെടല്‍ നടത്തിയത്. കാള്‍ മാക്‌സ്‌നേയോ ചെഗുവേരയേയോ പറഞ്ഞുകൊണ്ട് ചെറുക്കാന്‍ ആവുന്നതല്ല ഹിന്ദുത്വ ഫാസിസം. കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോ വെച്ചുകൊണ്ട് മനുസ്മൃതിയെ പൊളിച്ചടുക്കാന്‍ ആവുകയില്ല. ഹിന്ദുത്വ ഫാസിസ്റ്റ് വിരുദ്ധ മാനിഫെസ്റ്റോ എന്നത് അംബേദ്കറുടെ ജാതി നിര്‍മൂലനം ആണ്. ഇത്തരത്തില്‍ അംബേദ്കറിസത്തെ തിരിച്ചു പിടിച്ചു കൊണ്ട് നടത്തുന്ന ഫാസിസ്റ്റ് വിരുദ്ധ പോരാട്ടം, ഇന്ത്യയിലെ ദളിത് വിദ്യാര്‍ത്ഥി രാഷ്ട്രീയത്തിന്റെ ദൃശ്യത ഉറപ്പിക്കുന്നു. ഒരുപക്ഷേ ഇന്ത്യയിലെ മുഖ്യധാരാ വിദ്യാര്‍ത്ഥി രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ ബോധപൂര്‍വം അദൃശ്യമാക്കിയ അംബേദ്കറെറ്റ് വിദ്യാര്‍ഥി പ്രസ്ഥാനങ്ങളെ ദൃശ്യമാക്കുക എന്നത് തങ്ങളുടെ തന്നെ നിലനില്‍പ്പിന് അത്യന്താപേക്ഷികമാണെന്ന് മുഖ്യധാര വിദ്യാര്‍ത്ഥി രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ തിരിച്ചറിഞ്ഞു കഴിഞ്ഞിരിക്കുന്നു . അതിന്റെ ഭാഗമാണ് ഹൈദരാബാദ് സര്‍വകലാശാലയില്‍ എസ് എഫ് ഐ, ഐ എസ് എ അടക്കമുള്ള അംബേദ്ക്കറെറ്റ് സംഘടനകളുമായ് ചേര്‍ന്നുണ്ടാക്കിയ രാഷ്ട്രീയ ഐക്യം.

രണ്ടാമത്തേത് രോഹിത് വെമുലയുടെ Institutional murder ആണ് ദലിത് വിദ്യാര്‍ത്ഥി രാഷ്ട്രീയത്തെ ദൃശ്യമാക്കുന്നതില്‍ മര്‍മ്മപ്രധാനമായ പങ്കു വഹിച്ചത്. ഇന്ത്യന്‍ ജാതിവിരുദ്ധ സ്വാതന്ത്ര്യ സമരത്തിന്റെ രക്തസാക്ഷിയാണ് രോഹിത് വെമുല. ഇന്ത്യയില്‍ ഒട്ടനവധി Institutional murder ഉണ്ടായിട്ടുണ്ടെങ്കിലും അവ ഒരു കൃത്യമായ പൊളിറ്റിക്കല്‍ മൂവ്‌മെന്റായി മാറിയിരുന്നില്ല . രോഹിത്തിന്റെ മരണത്തിന് ലഭിച്ച ദൃശ്യതയല്ല, മറിച്ച് രോഹിത്ത് വെമുല എന്ന അംബേദ്ക്കറെറ്റ് അതുവരെ നടത്തിയ പോരാട്ടത്തിന്റെ ദൃശ്യതയാണ് ഇന്ത്യയുടെ വിവിധങ്ങളായ കലാലയങ്ങളില്‍ അംബേദ്ക്കറെറ്റ് രാഷ്ട്രീയത്തെ വളര്‍ത്തിയെടുത്തുത് .

മൂന്നാമതായി അംബേദ്ക്കര്‍ വിദ്യാര്‍ത്ഥി രാഷ്ട്രീയത്തിന്റെ ദൃശ്യത വര്‍ധിപ്പിക്കുന്നതിന് കാരണമായത് ജീഗ്‌നേഷ് മേവാനിയുടെ രാഷ്ട്രീയ അധികാര പ്രഖ്യാപനവും ചന്ദ്രശേഖര്‍ രാവണ്‍ ആസാദിന്റെ ഭീം ആര്‍മിയും ഇന്ത്യയിലെ വ്യത്യസ്തങ്ങളായ ദളിത് സ്ത്രീ മുന്നേറ്റങ്ങളും മറ്റുമാണ്. ദേശീയ തലത്തിലെ ബഹുജന്‍ രാഷ്ട്രീയ ഐക്യം ദലിത് വിദ്യാര്‍ത്ഥി പോരാട്ടങ്ങളുടെ ദൃശ്യപരത വര്‍ധിപ്പിച്ചിട്ടുണ്ട്.

നാലാമതായിനവ മാധ്യമങ്ങളുടെ പങ്കാണ്. ഇന്ത്യയിലെ വ്യത്യസ്തങ്ങളായ രാഷ്ട്രീയ ചിന്താധാരകളുടെയും രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെയും വളര്‍ച്ചയില്‍ മാധ്യമങ്ങള്‍ വഹിച്ച പങ്ക് വളരെ വലുതാണ്. ഒരു രാഷ്ട്രീയ ചിന്താധാര എന്ന നിലയില്‍ അംബേദ്കറിസത്തെ വളര്‍ത്തിയെടുക്കുവാന്‍ സാധിച്ചിട്ടുള്ളത് നവ മാധ്യമങ്ങളിലൂടെയാണ്, സോഷ്യല്‍ മീഡിയയിലെ ബഹുജന്‍ എഴുത്തുകളിലൂടെ ആണ്. ഒരു പബ്ലിക് സ്ഫിയര്‍ എന്ന നിലയില്‍ നവമാധ്യമങ്ങളിലൂടെ അംബേദ്കറൈറ്റുകള്‍ നടത്തുന്ന രാഷ്ട്രീയ ചോദ്യം ചെയ്യലുകളും ഇടപെടലുകളും വലിയൊരു അക്കാദമിക ഡിസ്‌കോര്‍സിനെ നിര്‍മ്മിച്ചിട്ടുണ്ട്.

3. ദിനുവിന്റെ വിജയവും ഈ ദൃശ്യതയും ദളിതുകള്‍ക്ക് സമീപഭാവിയില്‍ രാഷ്ട്രീയ അധികാരം ലഭിക്കും എന്നതിന്റെ പ്രതീക്ഷയുമായി കാണുന്നുണ്ടോ?

ഈ വിജയം എന്റേതാണെന്ന് ഞാന്‍ കരുതുന്നേയില്ല. ഇത് അംബേദ്ക്കറിസത്തിന്റെ വിജയമാണ് . കേരളത്തിലെ ഒരു സര്‍വ്വകലാശാലയില്‍ ഒരു യൂണിവേഴ്‌സിറ്റി യൂണിയന്‍ കൗണ്‍സിലര്‍ സ്ഥാനം അംബേദ്കറെറ്റുകള്‍ക്ക് ലഭിച്ചു എന്നു തന്നെയാണ് ഞാന്‍ കരുതുന്നത്. ദളിത് രാഷ്ട്രീയത്തിന്റെ ഏറ്റവും വലിയ സവിശേഷതയായി ഞാന്‍ കണക്കാക്കുന്നത് അത് വ്യക്ത്യാധിഷ്ഠിതമോ നേത്യത്വാധിഷ്ഠിതമോ ആയ ഒരു രാഷ്ട്രീയ മുന്നേറ്റമല്ല എന്നതാണ് . ഏകമായ ഒരു സ്വരമല്ല അംബേദ്ക്കറിസം. അത് പ്രാഥമികമായ് സാമൂഹിക ജനാധിപത്യത്തില്‍ അധിഷ്ഠിതമായ ബഹുത്വത്തിന്റേതാണ് . ഞങ്ങള്‍ പത്തുപേരേ ഉള്ളൂ . ഭൗതികമായ യാതൊന്നും കൊണ്ടല്ല ഞങ്ങള്‍ തിരഞ്ഞെടുപ്പിനെ നേരിട്ടത് . ക്യാംപസ് നിറയേ മറ്റെല്ലാ വിദ്യാര്‍ത്ഥി സംഘടനളും കൊടിേതാരണങ്ങളും ബോര്‍ഡുകളും നിറച്ചപ്പോള്‍ ഞങ്ങള്‍ ക്ലാസുകളില്‍ അംബേദ്ക്കറിസം സംസാരിച്ചു നേടിയ വിജയമാണിത് . എനിയ്ക്കാപ്പം സ്വതന്ത്ര അംബേദ്ക്കറൈറ്റുകളായി മല്‍സരിച്ച അനഘയ്ക്ക് 290 ല്‍ 96 വോട്ടുകളും ജനറല്‍ ക്യാപ്റ്റനായ് മല്‍സരിച്ച അതുല്‍ ജോണ്‍സന് 199 വോട്ടുകളും നേടാന്‍ സാധിച്ചത് ആശയത്തിന്റെ അടിത്തറകൊണ്ട് മാത്രമാണ് .

രണ്ടാമതായി ദളിതുകള്‍ക്ക് രാഷ്ട്രീയ അധികാരം ലഭിക്കണമെന്ന, ഞങ്ങള്‍ യുവജനങ്ങളുടെ പ്രതീക്ഷയ്ക്ക് തുരങ്കം വെയ്ക്കുന്നത് മുഖ്യധാരാ രാഷ്ട്രീയപാര്‍ട്ടികളാണ് . ദളിത് രാഷ്ട്രീയത്തിനുള്ള വെല്ലുവിളിയായി അവരിലെ സൈദ്ധാന്തികര്‍ സൂചിപ്പിക്കുന്നത് ഉപജാതി സംഘടനകളാണ് . എന്നാല്‍ എന്റെ അഭിപ്രായത്തില്‍ ഉപജാതികള്‍ അടിസ്ഥാനമാക്കിയുള്ള സംഘടനകളല്ല, മറിച്ച് അവയ്ക്കിടയിലെ ഐക്യമില്ലായ്മയാണ് നമ്മളുടെ രാഷ്ട്രീയ ഐക്യത്തിനു മുന്‍പിലെ മുഖ്യ കടമ്പ . ഇത് പ്രാഥമികമായി ഉപജാതികള്‍ക്കിടയിലെ ജാതിബോധം കൊണ്ടാണെന്ന് ഞാന്‍ കരുതുന്നില്ല , മറിച്ച് വോട്ട് ബാങ്ക് രാഷ്ട്രീയം കളിക്കുന്ന മുഖ്യധാര രാഷ്ട്രീയ പാര്‍ട്ടികളുടെ കൃത്യമായ അജണ്ടയാണ് ഈ ഭിന്നിപ്പിക്കല്‍ . ഇതിനെ അതിജീവിക്കാന്‍ നമ്മള്‍ക്കായാല്‍ ദലിത് മുഖ്യധാരാ രാഷ്ട്രീയ മുന്നേറ്റം സാധ്യമാകും . കലാലയങ്ങളില്‍ രൂപം കൊള്ളുന്ന ഞങ്ങളുടേതടക്കമുള്ള അംബേദ്ക്കറെറ്റ് വിദ്യാര്‍ത്ഥി രാഷ്ട്രീയ മുന്നേറ്റങ്ങള്‍ ഇത്തരം ഭിന്നിപ്പിക്കലുകളില്‍ വീണു പോകാതെ ആര്‍ജ്ജവത്തോടെ സ്വതന്ത്രമായി നിലക്കൊള്ളുന്നത് വ്യത്യസ്ത രാഷ്ട്രീയ പാര്‍ട്ടികളില്‍ ‘ലക്ഷം വീട് കോളനികള്‍’ പോലെ അനുവദിച്ചിട്ടുള്ള ദലിത് ഉപസംഘടനകളുടെ നേത്യത്വങ്ങള്‍ തിരിച്ചറിയേണ്ടതുണ്ട് .

4.ചരിത്രപരമായി ഈ ദൃശ്യത തടയപ്പെട്ടതിനു എന്തെങ്കിലും കരണങ്ങളുണ്ടോ? വിശദമാക്കാമോ?

ഇന്ത്യന്‍ രാഷ്ട്രീയ സാഹചര്യത്തില്‍ വോട്ട് ബാങ്കുകളായി എക്കാലത്തും പാര്‍ശ്വവല്‍കൃത സമൂഹങ്ങളെ മുഖ്യധാര രാഷ്ട്രീയ പാര്‍ട്ടികള്‍ ഉപയോഗിച്ച് പോരുന്നുണ്ട്. ഇന്ത്യന്‍ കലാലയ രാഷ്ട്രീയത്തിലും സമാനമായ വോട്ടുബാങ്ക് രാഷ്ട്രീയം നിലനിന്നുപോരുന്നു. ദളിത് വിഭാഗങ്ങളുടെ രക്ഷകര്‍ ഞങ്ങളാണ് എന്ന നിലയില്‍ ഉള്ള കെട്ടുകഥകള്‍ അവതരിപ്പിച്ചുകൊണ്ടാണ് വിദ്യാര്‍ത്ഥി രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ വിദ്യാര്‍ത്ഥി സമൂഹങ്ങള്‍ക്കിടയില്‍ വേരുറപ്പിച്ചു പോന്നിട്ടുള്ളത്. ഇത്തരം രാഷ്ട്രീയ രക്ഷാകര്‍തൃത്വ ബോധത്തെ തങ്ങളുടെ ചരിത്ര ബോധം കൊണ്ട് ചോദ്യം ചെയ്യുന്ന അംബേദ്ക്കറൈറ്റ് വിദ്യാര്‍ത്ഥി ബോധത്തെ മുഖ്യധാര വിദ്യാര്‍ത്ഥി പ്രസ്ഥാനങ്ങള്‍ എക്കാലവും കായികമായും മാനസികമായും ഒതുക്കാന്‍ ശ്രമിക്കാറുണ്ട് . അവരുടെ വോട്ടുബാങ്കില്‍ വിള്ളല്‍ ഏല്‍പ്പിക്കുന്നു എന്നതിനോടൊപ്പം ഇക്കാലമത്രയും അവര്‍ നിര്‍മ്മിച്ചെടുത്ത, രാഷ്ട്രീയ അടിത്തറയായ രക്ഷാകര്‍തൃത്വ നുണക്കഥകള്‍ പൊളിയുന്നു എന്നത് വല്ലാതെ അവരില്‍ ഭയപ്പാട് ഉണ്ടാക്കുന്നു.

ഹിന്ദുത്വ ഭരണകൂടത്തിന്റേയും അധികൃതരുടെയും നേരിട്ടുള്ള ഇടപെടലുകള്‍ കാലാകാലങ്ങളില്‍ അംബേദ്കറെറ്റ് വിദ്യാര്‍ത്ഥി സംഘടനകള്‍ക്ക് നേരെ ഉണ്ടായിട്ടുണ്ട്. ഐഐടി മദ്രാസിലെ അംബേദ്കര്‍ പെരിയാര്‍ സ്റ്റഡിസര്‍ക്കിള്‍ നിരോധിക്കപ്പെട്ടത് മുതല്‍ കാസര്‍കോട് കേന്ദ്ര സര്‍വ്വകലാശാലയിലെ അംബേദ്കറെറ്റും രോഹിത്ത് വെമുലയുടെ സുഹൃത്തുമായ നാഗരാജുവിനെ തടവില്‍ ആക്കുവാന്‍ സര്‍വകലാശാല അധികൃതര്‍ നേരിട്ട് നടത്തിയ ഇടപെടലുകള്‍ വരെ ഇത് തെളിയിക്കുന്നു. കാലാകാലങ്ങളില്‍ മാറി മാറി വരുന്ന ഭരണകക്ഷികള്‍ അവരുടെ ഇഷ്ടാനുസരണം നടത്തുന്ന സര്‍വ്വകലാശാല അപ്പോയ്ന്‍മെന്റുകള്‍ അവരുടെ വിദ്യാര്‍ത്ഥി പ്രസ്ഥാനങ്ങള്‍ക്ക് വളമിട്ടു കൊടുത്തിട്ടുണ്ട് .അധ്യാപക സംഘടനകളും അതിന് താങ്ങായി നിന്നു കൊടുത്തിട്ടുണ്ട് .എന്നാല്‍ ഒരു അധികാരി വര്‍ഗ്ഗത്തിന്റേയും തലോടലില്ല അംബേദ്ക്കര്‍ വിദ്യാര്‍ത്ഥി രാഷ്ട്രീയം വളര്‍ന്നു വന്നിട്ടുള്ളത്.

ഹിന്ദുത്വ സംഘടനകള്‍ പ്രത്യക്ഷത്തിലാണ് ദളിത് വിദ്യാര്‍ത്ഥി രാഷ്ട്രീയത്തിന് എതിരെ നില്‍ക്കുന്നതെങ്കില്‍ ഇടത് വിദ്യാര്‍ത്ഥി രാഷ്ട്രീയം ഇരട്ടത്താപ്പിലൂടെയാണ് ദളിത് വിദ്യാര്‍ത്ഥി പ്രസ്ഥാനങ്ങളെ തകര്‍ക്കുവാന്‍ ശ്രമിച്ചിട്ടുള്ളത് .ഹൈദരാബാദ് സര്‍വകലാശാലയില്‍ ലാല്‍സലാമിനൊപ്പം നീല്‍സലാം വിളിക്കാന്‍ തയ്യാറായ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ കാലടി സര്‍വ്വകലാശാലയില്‍ എത്തുമ്പോള്‍ അംബേദ്കര്‍റൈറ്റുകളെ ‘ സ്വത്വവാദം വേശ്യയുടെ കുമ്പസാരം പോലെ നാഴികയ്ക്ക് നാല്പതു വട്ടം പ്രസംഗിക്കുന്നവര്‍” എന്നാണ് വിശേഷിപ്പിക്കുന്നത് . സ്വത്വവാദം , ജാതിവാദം , തീവ്രവാദം എന്നൊക്കെ ലേബലുകള്‍ ഒട്ടിക്കുകയും അത് പരദൂഷണങ്ങളായി വിദ്യാര്‍ഥികള്‍ക്കിടയില്‍ പ്രചരിപ്പിക്കുകയും ചെയ്യുക എന്നത് നെറികെട്ട രാഷ്ട്രീയമാണ് . ദലിത് രാഷ്ട്രീയത്തോട് നേരിട്ട് സംവദിക്കുവാനുള്ള ധൈര്യം കാണിക്കാതെ ഇത്തരം ലേബലുകളാട്ടിക്കുന്ന Murmering campaignനുകള്‍ നടത്തുക എന്ന സ്ട്രാറ്റര്‍ജിയാണ് രണ്ടായിരങ്ങളിലും എസ് എഫ് ഐ നടത്തിയിട്ടുള്ളത് . 2002 ഓടെ കേരളത്തില്‍ ശക്തമായ DSM(Dalit students movement ) എന്ന ദലിത് വിദ്യാര്‍ത്ഥി കൂട്ടായ്മയെ ഇതേ രീതിയിലാണ് SFI നേരിട്ടത് . പതിനേഴു വര്‍ഷങ്ങള്‍ക്കിപ്പുറം കാലടി സര്‍വ്വകലാശാലയിലും സമാനമായ വാദമാണ് ഞങ്ങള്‍ക്കെതിരെയും ഉന്നയിച്ചത് . പതിനേഴു വര്‍ഷങ്ങള്‍ക്കിടയിലും യാതൊരു വളര്‍ച്ചയും അവരുടെ പൊളിറ്റിക്കല്‍ സ്ട്രാറ്റര്‍ജിയില്‍ ഉണ്ടായിട്ടില്ല എന്നത് ദാരുണമാണ് . അനുദിനം പുതുക്കി പണിയുന്ന നവ ജാനധിപത്യ ബോധമുള്ള അംബേദ്ക്കറെറ്റ് എന്ന നിലയില്‍ എനിയ്ക്ക് ഇക്കാര്യത്തില്‍ എസ് എഫ് ഐയോട് സഹതാപമാണ് തോന്നുന്നത് . ദേശീയ തലത്തില്‍ ഉണ്ടാകുന്ന രാഷ്ട്രീയ ഐക്യത്തില്‍ പ്രതീക്ഷ വെച്ചുപുലര്‍ത്തുമ്പോഴും തങ്ങള്‍ക്ക് അധികാരത്തിലുള്ള കേരളത്തിലെ കലാലയങ്ങളില്‍ ദലിത് രാഷ്ട്രീയത്തോടും ഇതര ബഹുജന്‍ രാഷ്ട്രീയത്തോടും ജനാധിപത്യപരമായി ഇടപ്പെടുവാന്‍ അവരുടെ ദേശീയ നേത്യത്വം അണികളെ സജ്ജരാക്കേണ്ടതുണ്ട് . ഇതോടൊപ്പം രോഹിത് വെമുല കൃത്യമായി സൂചിപ്പിച്ചതുപോലെ തങ്ങളുടെ അണികള്‍ ആയ ദളിത് വിദ്യാര്‍ഥികളെ ദളിത് രാഷ്ട്രീയത്തിന്നെതിരെ അണിനിരത്തുന്നുന്ന ഭിന്നിപ്പിക്കല്‍ തന്ത്രം വലത് – ഇടതുപക്ഷ വിദ്യാര്‍ത്ഥി പ്രസ്ഥാനങ്ങള്‍ ചരിത്രപരമായി സ്വീകരിച്ചിട്ടുള്ളതാണ്.

മറ്റൊന്ന് എസ് ഐ ഒ യെ പോലുള്ള പാര്‍ട്ടികള്‍ ദളിതര്‍ക്ക് വേണ്ടി നിലകൊള്ളുന്നു എന്ന് പറയുമ്പോഴും അവരുടെ സംസ്ഥാന , കേന്ദ്ര കമ്മിറ്റികളുടെ ദളിത് പ്രാതിനിധ്യം ആശങ്കാവാഹമാണ്. 1985 മുതല്‍ ദളിത് രാഷ്ട്രീയത്തിനൊപ്പമെന്ന് അവകാശപ്പെടുന്ന ഒരു സംഘടനയ്ക്ക് ഒരു ദളിത് യുവാവിനെ പോലും ദേശീയ പ്രസിഡന്റോ സെക്രട്ടറിയോ ആയി തിരഞ്ഞെടുക്കുവാന്‍ സാധിക്കാതത്ത് പ്രാതിനിധ്യ രാഷ്ട്രീയത്തോടുള്ള നീതിക്കേടാണ് . മുഖ്യ നേതൃത്വത്തില്‍ സ്ത്രീ പ്രാതിനിധ്യമില്ലായ്മയും ജനാധിപത്യ വിരുദ്ധമാണ് .

[widgets_on_pages id=”wop-youtube-channel-link”]

5.ഇതിനെയെല്ലാം എങ്ങനെ പ്രതിരോധിക്കും?

ചരിത്രപരമായി ,ഓരോ കാലഘട്ടത്തിലും ഹിന്ദുത്വത്തിനോട് പോരാടിയ പാരമ്പര്യമുള്ള ഒരു ജനതയാണ് ദളിത് സമൂഹം . ഇന്ത്യയിലെ ഫാസിസത്തെ എക്കാലവും ചെറുക്കുകയും അതിജീവിക്കുകയും ചെയ്ത ഒരു ‘ പോരാളി ഗോത്രം ‘ എന്ന നിലയില്‍ നമ്മുടെ അനുഭവസമ്പത്തും ആത്മാര്‍ത്ഥയും ധൈഷണിക സമ്പത്തും നിലവിലെ ഹിന്ദുത്വ ശക്തികളോട് നാം നടത്തുന്ന പോരാട്ടത്തിന് തീര്‍ച്ചയായും കരുത്തേകും . ഹിന്ദുത്വവാദികള്‍ പരിഷ്‌കരണീയരല്ലാത്ത പാരമ്പര്യവാദികള്‍ എന്ന നിലയില്‍ അവരെ പ്രതിരോധിക്കുവാന്‍ നമ്മുടെ കൂട്ടായ പോരാട്ടങ്ങള്‍ തന്നെയാകും ഉചിതമാകുക. എന്നാല്‍ കക്ഷിരാഷ്ട്രീയ ഭേദമന്യേ നമ്മള്‍ ഉണ്ടാക്കിയെടുക്കുന്ന പ്രതിരോധത്തില്‍ നമ്മുടെ സാന്നിധ്യത്തെ തടയുന്ന മുഖ്യധാര രാഷ്ട്രീയ നേതൃത്യങ്ങളോട് വിയോജിപ്പിന്റെ രാഷ്ട്രീയം ഓര്‍മ്മിപ്പിച്ചു കൊണ്ടു തന്നെ വേണം യോജിക്കുവാന്‍ . Can the subaltern speak എന്ന ചോദ്യത്തിന് yes the subaltern should speak എന്ന് സവര്‍ണ്ണര്‍ പറയുമ്പോള്‍ യഥാര്‍ഥത്തില്‍ ‘No, The subaltern should not speak ‘ എന്ന രക്ഷാകര്‍തൃത്വമാണ് ഉണ്ടാവുന്നത് . ഇന്ത്യയിലെ നിലവിലെ സാഹചര്യങ്ങളില്‍ യാതൊരു ഊന്നുവടികളുടേയും സഹായമില്ലാതെ അംബേദ്ക്കറെറ്റുകള്‍ക്ക് സംസാരിക്കാനറിയാം എന്ന് പ്രാഥമികമായി മുഖ്യധാരാ വിമോചകര്‍ സ്വയം മനസ്സിലാക്കി പരിഷ്‌ക്കരിക്കേണം .

മാത്രമല്ല തങ്ങളുടെ അണികളോട് പാര്‍ട്ടി ക്ലാസുകളില്‍ രോമമെഴുന്നേല്‍പ്പിച്ചു നിര്‍ത്തുന്ന ചരിത്രത്തിനപ്പുറം കേരള നവോത്ഥാനത്തിലെ ദളിത് ധാരയെക്കുറിച്ച് മനസ്സിലാക്കി കൊടുക്കേണ്ടതുണ്ട് . അത് പഠിക്കുവാനും സ്വയം ജനാധിപത്യ ബോധ്യമുള്ളവരായി പരിഷ്‌ക്കരിക്കുവാനുമാണ് ഫാസിസ്റ്റ് വിരുദ്ധ പോരാട്ടത്തില്‍ അണിച്ചേരുന്ന നമ്മള്‍ ഓരോരുത്തരും തയ്യാറാകേണ്ടത്. .അംബേദ്കറില്‍ മാര്‍്ക്‌സിസമുണ്ടെങ്കില്‍ ആ മാര്‍ക്‌സിസത്തെ അംഗീകരിക്കുക വഴി ഞങ്ങള്‍ അംബേദ്കറിസത്തോട് അനുഭാവം പുലര്‍ത്താമെന്ന വിധമുള്ള പാപ്പരത്തങ്ങള്‍ കാണുമ്പോള്‍ ചിരിയാണ് വരിക . ഇതിലും ഭേദം വലം പിരി ശംഖും ധരിച്ചു നടക്കുന്നവരാണെന്ന് തോന്നും .

ക്വിയര്‍ രാഷ്ട്രീയത്തേയും ലിംഗനീതിയേയും അംഗീകരിക്കാതെ ഹിന്ദുത്വ ഫാസിസത്തെ വീഴ്ത്താമെന്നത് തെറ്റായ ധാരണയാണെന്ന് നമ്മോട് കൈക്കോര്‍ക്കുന്ന രാഷ്ട്രീയ സഖ്യകക്ഷികളോട് പറയേണ്ട ചുമതല കൂടിയാണ് സാമൂഹിക ജനാധിപത്യത്തില്‍ ഊന്നിയുള്ള രാഷ്ട്രീയ ഐക്യം ആവശ്യപ്പെടുന്നത്. ജനാധിപത്യപരമായ തുറവുകള്‍ നിലനിര്‍ത്തി കൊണ്ട് , രാഷ്ട്രീയ സംവദാത്മകത ചോര്‍ന്നുപോകാതെയായിരിക്കണം നമ്മള്‍ നടത്തുന്ന കൂട്ടായ പ്രതിരോധ രാഷ്ട്രീയ പ്രവര്‍ത്തനം എന്നതാണ് പ്രധാനം.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Be the first to write a comment.

Leave a Reply