സ്‌പോര്‍ട്‌സ് കോംപ്ലെക്‌സിനു പകരം വീണ്ടും മാലിന്യമല, ലാലൂര്‍ നിവാസികള്‍ ഒരിക്കല്‍ കൂടി പ്രക്ഷോഭത്തിന്

ഏകദേശം 30 വര്‍ഷത്തോളം തൃശൂര്‍ നഗരസഭയും രാഷ്ട്രീയ – സാംസ്‌കാരിക നേതൃത്വങ്ങളും ചര്‍ച്ച ചെയ്ത പ്രധാന വിഷയമായിരുന്നു നഗരത്തിലെ മാലിന്യസംസ്‌കരണവും ലാലൂര്‍ നിവാസികളുടെ ദുരിതങ്ങളും. ഇക്കാലയളവില്‍ നഗരത്തില്‍ ഏറ്റവുമധികം സമരങ്ങള്‍ നടന്നതും ലാലൂരിനെ കേന്ദ്രീകരിച്ചുതന്നെ.

ലാലൂര്‍ എന്നു കേള്‍ക്കാത്ത പരിസ്ഥിതി – സാമൂഹ്യ – രാഷ്ട്രീയ പ്രവര്‍ത്തകര്‍ കേരളത്തില്‍ കുറവായിരിക്കും. നഗരമാലിന്യങ്ങള്‍ സമീപഗ്രാമങ്ങളില്‍ കൊണ്ടുവന്നു തട്ടുന്നതിനെതിരം കേരളത്തില്‍ നടന്ന നിരവധി ജനകീയ പോരാട്ടങ്ങലില്‍ ആദ്യത്തേത് നടന്നത് ഇവിടെയായിരുന്നു. 3 പതിറ്റാണ്ടോളം നീണ്ട നിന്ന സമരം ഏതാനും വര്‍ഷങ്ങള്‍ മുമ്പ് വിജയം കണ്ടെങ്കിലും ഇപ്പോഴും ദശകങ്ങളിലെ മാലിന്യ നിക്ഷേപത്തിന്റെ പ്രത്യാഘാതങ്ങലില്‍ നിന്ന് ഇവിടത്തുകാര്‍ മോചിതരായിട്ടില്ല. വീണ്ടും ഇവിടെ മാലിന്യമെത്തുമെന്ന ഭീഷണി ഇടക്കിടെ ഉണ്ടായിരുന്നെങ്കിലും ജനങ്ങളുടെ ജാഗ്ര മൂലം നടന്നില്ല. അതിനിടയിലായിരുന്നു നാട്ടുകാര്‍ക്ക് ആശ്വാസവും പ്രതീക്ഷയുമായി മാസങ്ങള്‍ക്കു മുമ്പ് ഇവിടെ 46.47 കോടി ചിലവില്‍ ഐ എം വിജയന്റെ പേരില്‍ സ്‌പോര്‍ട്‌സ് കോംപ്ലെക്‌സ് സഥാപിക്കുമെന്ന പ്രഖ്യാപനമുണ്ടായത്. മന്ത്രി ഇ പി ജയരാജന്‍ തന്നെ അതിനു തറക്കല്ലിടുകയും നിര്‍മ്മാണ പ്രവര്‍ത്തനമാരംഭിക്കുകയും ചെയ്തു. എന്നാല്‍ കഴിഞ്ഞ ദിവസം നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെക്കാന്‍ കോര്‍പ്പറേഷനോട് സര്‍ക്കാര്‍ ആവശ്യപ്പെട്ടിരിക്കുന്നു. മാലിന്യത്തില്‍ നിന്ന് വൈദ്യുതി ഉല്‍പ്പാദിപ്പിക്കാനുള്ള പദ്ധതി അവിടെ ആരംഭിക്കാനാണ് നിര്‍മ്മാണം നിര്‍ത്തിവെക്കാന്‍ സര്‍ക്കാര്‍ ആവശ്യപ്പെട്ടിരിക്കുന്നത്.
തൃശൂര്‍ നഗരത്തിലെ മാലിന്യങ്ങള്‍ യാതൊരുവിധ സംസ്‌കരണവും കൂടാതെ തൊട്ടടുത്ത അയ്യന്തോള്‍ പഞ്ചായത്തിലെ ലാലൂരിലെ വിശാലമായ ഗ്രൗണ്ടില്‍ കൊണ്ടുതട്ടുന്നതിനെതിരെയായിരുന്നു 1988 ഗാന്ധി ജയന്തിദിനത്തില്‍ ഡോക്ടര്‍ സുകുമാര്‍ അഴിക്കോട് ഉദ്ഘാടനം ചെയ്ത ഐതിഹാസികമായ ലാലൂര്‍ മലിനീകരണ വിരുദ്ധ സമരം ആരംഭിച്ചത്. 1942 മുതല്‍ മലമടക്കമുള്ള മാലിന്യങ്ങള്‍ ഇവിടെയായിരുന്നു തട്ടിയിരുന്നത്. ആദ്യകാല കമ്യൂണിസ്റ്റ് നേതാവും പിന്നീട് ബോള്‍ഷേവിക് പാര്‍ട്ടി നേതാവുമായ എം വി ആര്യന്റേയും ആദ്യകാല നക്‌സലൈറ്റ് പ്രവര്‍ത്തകനും പിന്നീട് പൗരാവകാശ പ്രവര്‍ത്തകനുമായ ടി കെ വാസുവിന്റേയും നേതൃത്വത്തിലായിരുന്നു സമരസമിതി പ്രവര്‍ത്തിച്ചത്. അലക്ഷ്യമായ മാലിന്യനിക്ഷേപം വഴി റോഡില്‍ പോലും ദുര്‍ഗന്ധം നിറഞ്ഞ അവസ്ഥയായിരുന്നു അന്ന് ലാലൂരില്‍. ട്രഞ്ചിങ് ഗ്രൗണ്ടിന് ചുറ്റും മതിലില്ലാത്തതുമൂലം സമീപത്തെ വീടുകളിലേക്കും മാലിന്യമെത്തിയിരുന്നു. സമരം ശക്തമായതോടെ അധികൃതരുടെ ഭാഗത്തുനിന്ന് അടിച്ചമര്‍ത്തല്‍ നീക്കങ്ങള്‍ തുടങ്ങി. 35ല്‍ പരം ക്രിമിനല്‍ കേസുകളാണ് സമരപ്രവര്‍ത്തകരുടെ പേരില്‍ പൊലീസ് ചുമത്തിയത്. 1992ല്‍ മൂന്നു യുവാക്കളുടെ മരണത്തോടെ സമരം ആളികത്തി. . കിണര്‍ ശുചീകരിക്കാന്‍ ഇറങ്ങിയ മൂന്നു യുവാക്കളും ദുഷിച്ച വായു ശ്വസിച്ചു കിണറ്റില്‍ കുടുങ്ങി മരിക്കുകയായിരുന്നു. ’96 ല്‍ മലിനീകരണ നിയന്ത്രണബോര്‍ഡിന്റെ പഠനമനുസരിച്ച് ലാലൂരിലെ പത്തുകിണറുകള്‍ ഉപയോഗ ശൂന്യമായതായി കണ്ട് സീല്‍ ചെയ്തിതുന്നു. 2008ല്‍ ഇത് നാല്‍പ്പതും പിന്നീട് 85 ആയും ഉയര്‍ന്നു.

 

 

 

 

 

ഏകദേശം 30 വര്‍ഷത്തോളം തൃശൂര്‍ നഗരസഭയും രാഷ്ട്രീയ – സാംസ്‌കാരിക നേതൃത്വങ്ങളും ചര്‍ച്ച ചെയ്ത പ്രധാന വിഷയമായിരുന്നു നഗരത്തിലെ മാലിന്യസംസ്‌കരണവും ലാലൂര്‍ നിവാസികളുടെ ദുരിതങ്ങളും. ഇക്കാലയളവില്‍ നഗരത്തില്‍ ഏറ്റവുമധികം സമരങ്ങള്‍ നടന്നതും ലാലൂരിനെ കേന്ദ്രീകരിച്ചുതന്നെ. ദുരിതങ്ങള്‍ രൂക്ഷമാകുമ്പോള്‍ ലാലൂരുകാര്‍ സമരത്തിന് ഇറങ്ങും നിരാഹാരവും മറ്റുമായി സമരം മുറുകും. ഒപ്പം കുറേ കേസുകളും വരും. നഗരത്തിലെ ഹര്‍ത്താല്‍ വരെയെത്തി ആ സമരം. സമരം ശക്തമാകുമ്പോള്‍ വീണ്ടും ചര്‍ച്ച നടത്തി വലിയ പാക്കേജൊക്കെ എഴുതി തയ്യാറാക്കികൊണ്ടുവരും. സമരം താല്‍ക്കാലികമായി നിര്‍ത്തിവെക്കും. ലാലൂരില്‍ തന്നെ സംസ്‌കരണം തുടരും. 2003ല്‍ കൊട്ടിഘോഷിച്ച് മാലിന്യത്തില്‍ നിന്ന് വളമുണ്ടാക്കാനുളള പദ്ധതി നടപ്പാക്കിയെങ്കിലും വന്‍പരാജയമായി.

 

 

 

 

 

 

 

 

സംഘടിത രാഷ്ട്രീയപ്രസ്ഥാനങ്ങളെല്ലാം സമരത്തിന് എതിരായിരുന്നു. സമരത്തിന്റെ അവസാനഘട്ടത്തില്‍ സിപിഎം സമാന്തരസമരസമിതി ഉണ്ടാക്കി രംഗത്തിറങ്ങിയിരുന്നു. അതാകട്ടെ യുഡിഎഫ് ഭരിക്കുമ്പോള്‍ മാത്രം. എന്നാല്‍ കേരളത്തിലങ്ങോളമിങ്ങോളമുള്ള പരിസ്ഥിതി സംഘടനകളും നിരവധി ജനകീയ സംഘടനകളും സമരത്തില്‍ അണിനിരന്നു. തികച്ചും ഗാന്ധിയന്‍ രീതിയിലായിരുന്നു സമരമെങ്കിലും ഇടക്ക് മാലിന്യം കൊണ്ടുവന്ന ലോറികള്‍ക്കെതിരെ ആക്രമണങ്ങള്‍ നടന്നു. ട്രഞ്ചിങ്ങ് ഗ്രൗണ്ടില്‍ നിന്ന് മാലിന്യങ്ങള്‍ നഗരസഭാ യോഗത്തിലും നഗരവീഥികളിലും മേയര്‍മാരുടെ വസതികളിലും പോയി തട്ടുന്ന രീതിയിലുള്ള സമരങ്ങളും നടന്നു. പിന്നീട് കോര്‍പ്പറേഷന്‍ രൂപീകരിച്ചപ്പോല്‍ ലാലൂര്‍ അതിന്റെ ഭാഗമായി. അതോടെ മാലിന്യത്തിന്റെ അളവും കൂടി. എ കെ ആന്റണി, വി എസ് അച്യുതാനന്ദന്‍, ഉമ്മന്‍ ചാണ്ടി എന്നിവരെല്ലാം ഇടപെട്ടെങ്കിലും പരിഹാരം വൈകുകയായിരുന്നു. അവസാനം മുന്‍ നക്‌സല്‍ നേതാവും ചിന്തകനുമായ കെ വേണു അനശ്തിതകാല നിരാഹാരമാരംഭിച്ചതിനെ തുടര്‍ന്നാണ് സര്‍ക്കാര്‍ ഇടപെട്ട് ലാലൂരിലെ മാലിന്യ നിക്ഷേപമവസാനിപ്പിച്ചത്. ആ തീരുമാനമാണ് ഇപ്പോള്‍ അട്ടിമറിക്കപ്പെടുന്നത്.
നഗരത്തിലെ ഖരമാലിന്യം ഇവിടെ കൊണ്ടുവന്ന് സംസ്‌കരിച്ചു സിന്തറ്റിക് ഗ്യാസ് ആയി പരിവര്‍ത്തനപ്പെടുത്തി ആ ഗ്യാസ് ഉപയോഗിച്ച് വെള്ളം തിളപ്പിച്ചു നീരാവിയിലൂടെ ടര്‍ബൈന്‍ പ്രവര്‍ത്തിപ്പിച്ചു വൈദ്യുതി ഉല്പാദിപ്പിക്കുന്ന പദ്ധതിയാണ് ഇപ്പോള്‍ ആലോചിക്കുന്നത്. എറണാകുളത്ത് ബ്രഹ്മപുരത്തും തിരുവനന്തപുരത്ത് പെരിങ്ങാമലയിലുമൊക്കെ ഈ പദ്ധതി നടപ്പാക്കാനുള്ള നീക്കമുണ്ട്. എന്നാല്‍ മാലിന്യത്തില്‍ നിന്ന് വൈദ്യുതി ഉല്‍പ്പാദിപ്പിക്കുന്ന ഒരു വിജയകരമായ മോഡല്‍ പോലും ഇന്ത്യയിലില്ല എന്ന് ചൂണ്ടികാട്ടപ്പെടുന്നു. ഇന്ത്യയിലെ മാലിന്യത്തില്‍ ഈര്‍പ്പത്തിന്റെ അളവ് കൂടുതലാണ്. ഹൈ കലോറി മൂല്യമുള്ള മാലിന്യമാണ് ഇത്തരം പദ്ധതിക്ക് ഉപയോഗിക്കുക. എന്നാല്‍ ഇന്ത്യന്‍ മാലിന്യം അതല്ലെന്ന് പാര്‍ലമെന്ററി സമിതി കണ്ടെത്തിയിട്ടുണ്ട്. കേരളത്തിന്റെ അവസ്ഥ കുറച്ച് കൂടി പ്രശ്നമാണെന്നും. ആറ് മാസം മഴ ലഭിക്കുന്ന സ്ഥലമാണ്. മാലിന്യത്തില്‍ അറുപത് ശതമാനം മുതല്‍ എണ്‍പത് ശതമാനം വരെ ഈര്‍പ്പമുണ്ട്. ഇത്തരമൊരു പ്ലാന്റ് സ്ഥാപിക്കപ്പെടുകയാണെങ്കില്‍ തങ്ങളുടെ ജീവിതം വീണ്ടും മരണതുല്ല്യമാകുമെന്നു തിരിച്ചറിഞ്ഞ നാട്ടുകാര്‍ വീണ്ടും ജീവന്മരണ പോരാട്ടത്തിന് തയ്യാറാകുകയാണ്.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Kerala | Tags: , | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply