12 വര്‍ഷം : വിവരാവകാശനിയമത്തെ തളര്‍ത്തുന്നു

ഇന്ത്യന്‍ ജനാധിപത്യത്തിന്റെ ഒരു കുതിച്ചു ചാട്ടമായിരുന്നു വിവരാവകാശനിയമമെന്ന കാര്യത്തില്‍ സംശയമില്ല. ഏതു സാധാരണ പൗരനും രാജ്യത്തെ സംബന്ധിച്ച വിവരങ്ങളറിയാനുള്ള അവകാശം. അത്തരത്തിലറിഞ്ഞ എത്രയോ വിവരങ്ങളാണ് പിന്നീട് പ്രക്ഷോഭങ്ങളായും നടപടികളായും മാറിയത്. അധികാരികള്‍ ഇന്നേറ്റവും ഭയപ്പെടുന്ന നിയമമേതെന്നു ചോദിച്ചാല്‍ മറുപടി മറ്റൊന്നായിരിക്കില്ല. രാജ്യത്ത് 66 വിവരാവകാശപ്രവര്‍ത്തകര്‍ ഇതിനകം കൊലചെയ്യപ്പെട്ടു എന്നതില്‍ നിന്നു തന്നെ ഈ നിയമത്തിന്റെ ശക്തി മനസ്സിലാക്കാം. 159 പേര്‍ അക്രമിക്കപ്പെടുകയും ചെയ്തു. എന്നാല്‍ നിലവില്‍ വന്ന് 12-ാം വര്‍ഷമായപ്പോഴേക്കും വിവരാവകാശനിയമത്തിന്റെ കടക്കല്‍ കത്തി വെക്കുന്ന സമീപനങ്ങളാണ് […]

rti

ഇന്ത്യന്‍ ജനാധിപത്യത്തിന്റെ ഒരു കുതിച്ചു ചാട്ടമായിരുന്നു വിവരാവകാശനിയമമെന്ന കാര്യത്തില്‍ സംശയമില്ല. ഏതു സാധാരണ പൗരനും രാജ്യത്തെ സംബന്ധിച്ച വിവരങ്ങളറിയാനുള്ള അവകാശം. അത്തരത്തിലറിഞ്ഞ എത്രയോ വിവരങ്ങളാണ് പിന്നീട് പ്രക്ഷോഭങ്ങളായും നടപടികളായും മാറിയത്. അധികാരികള്‍ ഇന്നേറ്റവും ഭയപ്പെടുന്ന നിയമമേതെന്നു ചോദിച്ചാല്‍ മറുപടി മറ്റൊന്നായിരിക്കില്ല. രാജ്യത്ത് 66 വിവരാവകാശപ്രവര്‍ത്തകര്‍ ഇതിനകം കൊലചെയ്യപ്പെട്ടു എന്നതില്‍ നിന്നു തന്നെ ഈ നിയമത്തിന്റെ ശക്തി മനസ്സിലാക്കാം. 159 പേര്‍ അക്രമിക്കപ്പെടുകയും ചെയ്തു.
എന്നാല്‍ നിലവില്‍ വന്ന് 12-ാം വര്‍ഷമായപ്പോഴേക്കും വിവരാവകാശനിയമത്തിന്റെ കടക്കല്‍ കത്തി വെക്കുന്ന സമീപനങ്ങളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. കഴിഞ്ഞ ജൂലൈ 31 വരെയുള്ള കണക്കനുസരിച്ച് കേരളത്തില്‍ മാത്രം 13615 അപേക്ഷകളാണ് മറുപടിക്കായി കെട്ടികിടക്കുന്നത്. ആദ്യമൊക്കെ അ്പ്പീല്‍ നല്‍കുമ്പോഴെങ്കിലും പെട്ടെന്ന് മറുപടി ലഭിച്ചിരുന്നു. ഇപ്പോള്‍ അതുമില്ലാതായിരിക്കുന്നു. കൂടാതെ വിവരങ്ങള്‍ ലഭ്യമല്ല എന്ന മറുപടിയുടെ എണ്ണം കൂടിവരുന്നു. വിവരാവകാശം നിഷേധിക്കുന്ന രീതിയില്‍ സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നതായി വിവരാവകാശ കമ്മീഷ്ണര്‍ തന്നെ പറയുന്നു. മന്ത്രിസഭാ തീരുമാനങ്ങള്‍ വിവരാവകാശനിയമത്തിനു കീഴിലാണെന്ന ഉത്തരവ് പോലും അംഗീകരിക്കാന്‍ സര്‍ക്കാര്‍ തയ്യാറായിട്ടില്ലല്ലോ.
തിരുവനന്തപുരത്തെ സംസ്ഥാനവിവരാവകാശ കമ്മീഷന്റെ ഓഫീസ് പോലും ഒഴിയേണ്ട അവസ്ഥയാണ് സംജാതമായിരിക്കുന്നത്. അതുമായി ബന്ധപ്പെട്ട കേസ് ഹൈക്കോടതിയിലാണ്. സംസ്ഥാനത്ത് 5 വിവരാവകാശ കമ്മീഷ്ണര്‍മാരുടെ ഒഴിവുകള്‍ നികത്താനുണ്ട്. മുഖ്യവിവരാവകാശ കമ്മീഷ്ണര്‍ മാത്രമാണ് നിലവിലുള്ളത്.
കാലം മുന്നോട്ടുപോകുംതോറും കൂടുതല്‍ വകുപ്പുകള്‍ വിവരാവകാശത്തിനു കീഴില്‍ കൊണ്ടുവരുകയാണ് വേണ്ടത്. എന്നാല്‍ സംഭവിക്കുന്നത് മറിച്ചാണ്. പല വകുപ്പുകളും നിയമത്തിന്റെ പരിധിയില്‍ നിന്ന് ഒഴിവാക്കുകയാണ്. അവസാനമായി ഒഴിവാക്കിയിരിക്കുന്നത് സഹകരണ സംഘങ്ങളെയാണ്. കേരളമാകെ പരന്നു കിടക്കുന്ന സഹകരണസംഘങ്ങള്‍ ജനങ്ങള്‍ക്കു വലിയ സേവനങ്ങള്‍ നല്‍കുന്നു എന്നത് ശരിയാണ്. അതേസമയം അവിടങ്ങളില്‍ അരങ്ങേറുന്ന അഴിമതികളും കുറവല്ല. അവ പുറത്തുകൊണ്ടുവരാനുള്ള അവസരമാണ് ഇതുവഴി നിഷേധിക്കുന്നത്. ജനങ്ങളാണ് ജനാധിപത്യത്തിലെ രാജാക്കന്മാരെന്നും അവര്‍ക്കുള്ള സേവനത്തിനാണ് തങ്ങള്‍ വേതനം പറ്റുന്നതെന്നുമുള്ള അടിസ്ഥാനതത്വമാണ് ഉദ്യാഗസ്ഥര്‍ അട്ടിമറിക്കാന്‍ ശ്രമിക്കുന്നത്.
വിവരാവകാശനിയമത്തെ സ്മാര്‍ട്ടാക്കുന്നു എന്ന സര്‍ക്കാര്‍ അവകാശവാദം ലന്നിട്ട് അധികകാലമായിട്ടില്ല. ഓണ്‍ലൈനിലൂടെ വിവരാവകാശ രേഖകള്‍ ലഭ്യമാക്കാന്‍ സംസ്ഥാന ഐ.ടി.മിഷന്‍ പരീക്ഷണാടിസ്ഥാനത്തില്‍ ഒമ്പത് വകുപ്പുകളില്‍ സൗകര്യം ഒരുക്കുന്നതായി വാര്‍ത്തയുണ്ടായിരുന്നു. എന്നാല്‍ അതു കാര്യമായി മുന്നോട്ടുപോയില്ല.
വാസ്തവത്തില്‍ സര്‍ക്കാരോ സര്‍ക്കാര്‍ സഹായമുള്ള സ്ഥാപനങ്ങളോ മാത്രമല്ല വിവരാവകാശ നിയമത്തിന്‍ കീഴില്‍ വരേണ്ടത്. ജനങ്ങളുമായി ദൈനംദിനം ബന്ധപ്പെടുന്ന ഏതു സ്വകാര്യസ്ഥാപനവും നിയമപരിധിക്കുള്ളില്‍ വരേണ്ടതാണ്. സ്വകാര്യ ആശുപത്രികളില്‍നിന്ന് ചികിത്സാ രേഖകള്‍ വിവരാവകാശ നിയമപ്രകാരം ലഭിക്കാന്‍ അവകാശമുണ്ടെന്ന കേന്ദ്ര വിവരാവകാശ കമീഷന്റെ ഉത്തരവ് അതിനാല്‍ തന്നെ ചരിത്രപ്രധാനമാണ്. ജനങ്ങളെ ഏറ്റവുമധികം കൊള്ളയടിക്കുന്ന സ്ഥാപനം ഏതെന്ന ചോദ്യത്തിനു മറുപടി സ്വകാര്യ ആശുപത്രി എന്നാണല്ലോ. ജീവന്‍ വെച്ചുള്ള കളിയായതിനാല്‍ രോഗികളോ ബന്ധുക്കളോ എല്ലാം സഹിക്കുന്നു. അവസാനം അക്ഷരാര്‍ത്ഥത്തില്‍ പാപ്പരാകുന്നു. അത്തരമൊരു സാഹചര്യത്തിലാണ് ഈ ഉത്തരവ്.
ചികിത്സാ രേഖകളില്‍ കൃത്രിമം നടത്തുന്നത് തടയാന്‍ അതത് ദിവസംതന്നെ രേഖകള്‍ രോഗികള്‍ക്ക് നല്‍കുന്നുണ്ടെന്നുറപ്പ് വരുത്താന്‍ കേന്ദ്രസംസ്ഥാന സര്‍ക്കാറുകള്‍ നടപടി സ്വീകരിക്കണമെന്നാണ് കേന്ദ്ര വിവരാവകാശ കമീഷണര്‍ നിര്‍ദ്ദേശിച്ചത്. ഈ മാതൃക മറ്റുമേഖലകളിലും പിന്തുടരാനാകണം. അഡ്വക്കേറ്റുമാര്‍, മാധ്യമങ്ങള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുടങ്ങി ജനങ്ങളുമായി നേരിട്ടു ബന്ധപ്പെടുന്നവരെല്ലാം വിവരാവകാശ നിയമത്തിനു കീഴില്‍ കൊണ്ടുവരാനാണ് സര്‍ക്കാര്‍ ശ്രമിക്കേണ്ടത്. എന്നാല്‍ അത്തരത്തിലുള്ള ഒരു നീക്കവും കാണുന്നില്ല.
ഏറ്റവും പ്രധാനപ്പെട്ട മറ്റൊന്ന് അധികാരത്തെ നിയന്ത്രിക്കുന്ന രാഷ്ട്രീയ പാര്‍ട്ടികളേയും നിയമത്തിന്റഎ പരിധിയിലാക്കുക എന്നതാണ്. പാര്‍ട്ടി യോഗങ്ങളുടെ മിനിച്‌സുകളും വരവുചിലവുകണക്കുകളുമെല്ലാം ആര്‍ക്കും ലഭ്യമാകണം. ജനാധിപത്യസംവിധാനത്തില്‍ പ്രവര്‍ത്തിക്കുന്ന പാര്‍ട്ടികള്‍ക്ക് ജനങ്ങളില്‍ നിന്ന് എന്താണ് മറക്കാനുള്ളത്? അങ്ങനെയല്ലേ ജനാധിപത്യം കൂടുതല്‍ സുതാര്യമാകുന്നത്? ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാഷ്ട്രമാണ് ഇന്ത്യ എന്നു പറയാറുണ്ട്. പക്ഷെ നമ്മുടെ ജനാധിപത്യം ഗുണപരമായി വളരെ പുറകിലാണ്. വികസിത മുതലാളിത്തരാജ്യങ്ങളില്‍ കാണാനാവാത്തവിധം ഭീമാകാരരൂപം പൂണ്ട അഴിമതിയുടേയും കെടുകാര്യസ്ഥതയുടേയും സ്വജനപക്ഷപാതത്തിന്റേയും കുടുംബവാഴ്ചയുടേയും ഉദാഹരണങ്ങള്‍ എത്ര വേണമെങ്കിലും ഇവിടെയും കാണാം. അവയെ ചെറുക്കാന്‍ വിവരാവകാശനിയമത്തിന് ഫലപ്രദമായി ഇടപെടാന്‍ കഴിയും. എന്നാല്‍ ദേശീയ രാഷ്ട്രീയ പാര്‍ട്ടികളെ വിവരാവകാശനിയമത്തിനു കീഴില്‍ കൊണ്ടുവരാനുള്ള വിവരാവകാശ കമ്മീഷന്റെ നീക്കത്തെ പാര്‍്ട്ടികള്‍ തന്നെയാണ് തടഞ്ഞിരിക്കുന്നത്.നിയമത്തിന്റെ 12-ാം വര്‍ഷത്തിലെങ്കിലും ഈ നിഷേധാത്മ നിലപാട് തിരുത്താന്‍ പാര്‍ട്ടികളും നിയമം കൂടുതല്‍ മേഖലകളിലേക്ക് വ്യാപിപ്പിക്കാന്‍ സര്‍ക്കാരുകളും തയ്യാറാകുകയാണ് വേണ്ടത്.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Latest news | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply