സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് കടിഞ്ഞാണ്‍ അനിവാര്യം
ശബളപരിഷ്‌കരണ കമ്മീഷന്റെ രണ്ടാംഭാഗം പുറത്തുവന്നതോടെ ജീവനക്കാരും സംഘടനാനേതാക്കളും കലി പൂണ്ടിരിക്കുകയാണ്. അതു സ്വാഭാവികം. പൊതുഖജനാവിന്റെ വലിയൊരു ഭാഗം ശബളവും പിന്നീട് പെന്‍ഷനുമായി് വാങ്ങിയിട്ടും ജനങ്ങളുടെ സുഹൃത്തുക്കളാകാന്‍ കഴിയാത്തവരാണ് മിക്കവാറും ജീവനക്കാര്‍. ന്യായമായ ഒരു കാര്യത്തിന് ആരുടേയും ശുപാര്‍ശകൂടാതെ സെക്രട്ടറിയേറ്റില്‍ പോയി അനുഭവമുള്ള ഒരാള്‍പോലും കമ്മീഷന്‍ ശുപാര്‍ശകളെ അംഗീകരിക്കാതിരിക്കില്ല. അവകാശങ്ങള്‍ക്കൊപ്പം ഉത്തരവാദിത്തങ്ങളും അംഗീകരിക്കാന്‍ തയ്യാറാകാത്തവരെ നിയന്ത്രിക്കാന്‍ ഇത്തരത്തിലുള്ള ശുപാര്‍ശകള്‍ തന്നെയാണ് ആവശ്യം. ജീവനക്കാരുടെ ശമ്പളം ഹാജരിന്റെ അടിസ്ഥാനത്തിലും സ്ഥാനക്കയറ്റം കാര്യക്ഷമത വിലയിരുത്തിയുമാകണമെന്നു 10ാം ശമ്പളപരിഷ്‌കരണ കമ്മിഷന്റെ രണ്ടാം റിപ്പോര്‍ട്ടിന്റെ […]
ശബളപരിഷ്‌കരണ കമ്മീഷന്റെ രണ്ടാംഭാഗം പുറത്തുവന്നതോടെ ജീവനക്കാരും സംഘടനാനേതാക്കളും കലി പൂണ്ടിരിക്കുകയാണ്. അതു സ്വാഭാവികം. പൊതുഖജനാവിന്റെ വലിയൊരു ഭാഗം ശബളവും പിന്നീട് പെന്‍ഷനുമായി് വാങ്ങിയിട്ടും ജനങ്ങളുടെ സുഹൃത്തുക്കളാകാന്‍ കഴിയാത്തവരാണ് മിക്കവാറും ജീവനക്കാര്‍. ന്യായമായ ഒരു കാര്യത്തിന് ആരുടേയും ശുപാര്‍ശകൂടാതെ സെക്രട്ടറിയേറ്റില്‍ പോയി അനുഭവമുള്ള ഒരാള്‍പോലും കമ്മീഷന്‍ ശുപാര്‍ശകളെ അംഗീകരിക്കാതിരിക്കില്ല. അവകാശങ്ങള്‍ക്കൊപ്പം ഉത്തരവാദിത്തങ്ങളും അംഗീകരിക്കാന്‍ തയ്യാറാകാത്തവരെ നിയന്ത്രിക്കാന്‍ ഇത്തരത്തിലുള്ള ശുപാര്‍ശകള്‍ തന്നെയാണ് ആവശ്യം.
ജീവനക്കാരുടെ ശമ്പളം ഹാജരിന്റെ അടിസ്ഥാനത്തിലും സ്ഥാനക്കയറ്റം കാര്യക്ഷമത വിലയിരുത്തിയുമാകണമെന്നു 10ാം ശമ്പളപരിഷ്‌കരണ കമ്മിഷന്റെ രണ്ടാം റിപ്പോര്‍ട്ടിന്റെ കാതല്‍. ജീവനക്കാരുടെ ഔട്ട് പുട്ട് പരിശോധനാവിഷയമാക്കുക എന്നതുതന്നെയാണ് മുഖ്യം. ജീവനക്കാരുടെ പ്രവര്‍ത്തനം വിലയിരുത്താന്‍ മുകള്‍തട്ടില്‍ സംവിധാനമുണ്ടാകണമെന്ന് റിപ്പോര്‍ട്ട് ശിപാര്‍ശ ചെയ്യുന്നു. എല്ലാ തൊഴില്‍ മേഖലയിലും സ്വാഭാവികമായും നിലവിലുള്ള ഇത് സര്‍ക്കാര്‍ ജീവനക്കാര്‍ക്കും ബാധകമാക്കുക എന്നത് തികച്ചും ന്യായമാണ്.
കേരള അഡ്മിനിസ്‌ട്രേറ്റീവ് സര്‍വീസ് സെക്രട്ടേറിയറ്റിലേക്കും വ്യാപിപ്പിക്കണം,
ഹാജര്‍ നിര്‍ബന്ധമാക്കണം, എല്ലായിടത്തും പഞ്ചിങ്, ജീവനക്കാര്‍ നേരത്തേ പോയാലും വരാതിരുന്നാലും ശമ്പളം സ്വാഭാവികമായി കുറയും, ഫീല്‍ഡ് ജോലിക്കാര്‍ക്ക് മൊബൈല്‍ വഴി പഞ്ചിങ്, നിലവിലുള്ള 25 പൊതുഅവധി 15 ആയും 10 നിയന്ത്രിതാവധി അഞ്ചായും കുറയ്ക്കണം, പൊതുഅവധിക്കു മുന്നിലും പിന്നിലും പ്രഖ്യാപിക്കുന്ന അവധിദിനങ്ങളെ നിയന്ത്രിതാവധിയായി കണക്കാക്കണം, പ്രതിവര്‍ഷം കുറഞ്ഞത് 285 പ്രവൃത്തിദിവസങ്ങള്‍. സ്ഥാനക്കയറ്റം സര്‍വീസ് കാലാവധിയുടെ അടിസ്ഥാനത്തില്‍ മാത്രമാകരുത്; എഴുത്തുപരീക്ഷയുടെയും മറ്റും അടിസ്ഥാനത്തില്‍ യോഗ്യത കണക്കാക്കണം.
വകുപ്പുതലവന്മാരുടെയും സ്‌പെഷല്‍ സെക്രട്ടറിമാരുടെയും നിയമനം സര്‍വീസ് സെലക്ഷന്‍ ബോര്‍ഡ് പരിശോധനയുടെ അടിസ്ഥാനത്തിലാകണം, ഇവ സ്ഥാനക്കയറ്റ തസ്തികകളാക്കരുത്. ജീവനക്കാരുടെ പ്രവര്‍ത്തനം വിലയിരുത്താന്‍ ഉന്നതോദ്യോഗസ്ഥര്‍ പ്രതിമാസ പ്രവര്‍ത്തന റിപ്പോര്‍ട്ട് തയാറാക്കണം. ഇതിന്റെ അടിസ്ഥാനത്തിലാകണം വാര്‍ഷിക കോണ്‍ഫിഡന്‍ഷ്യല്‍ റിപ്പോര്‍ട്ട്, സെക്രട്ടേറിയറ്റിലെ അധികതസ്തികകള്‍ നിയന്ത്രിക്കണം; താഴേത്തട്ടില്‍ ഡെപ്യൂട്ടേഷന്‍ അവസാനിപ്പിക്കണം. സെക്രട്ടേറിയറ്റിലെ പുതിയ നിയമനങ്ങള്‍ക്കു രണ്ടുമാസം പ്രവൃത്തിപരിശീലനം; മൂന്നുവര്‍ഷത്തിലൊരിക്കല്‍ ഒരു പരിശീലനപരിപാടിയെങ്കിലും നിര്‍ബന്ധം, സെക്രട്ടേറിയറ്റിലെ ഉന്നതോദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ ജീവനക്കാരുടെ പ്രവര്‍ത്തനം വിലയിരുത്താന്‍ ഓഡിറ്റ് സംവിധാനം; ഇവര്‍ക്ക് ഏതു വകുപ്പിലും എപ്പോഴും പരിശോധനാധികാരം, ആശ്രിതനിയമനം ക്ലാസ് മൂന്ന്, നാല് വിഭാഗങ്ങളില്‍ മാത്രമാക്കണം. െ്രെഡവര്‍ തസ്തിക നിര്‍ത്തലാക്കണം. പകരം െ്രെഡവര്‍/പ്യൂണ്‍ തസ്തികയാക്കണം. എന്നിങ്ങനെ പോകുന്നു ശുപാര്‍ശകള്‍. സത്യത്തില്‍ ഇവയെല്ലാം പ്രതേകിച്ച് ശുപാര്‍ശ ചെയ്യേണ്ടവയല്ല. സ്വാഭാവികമായും ഉണ്ടാവേണ്ടത്. എന്നാല്‍ സംഘടിതരായ കേരളത്തിലെ ജീവനക്കാരും സംഘടനകളും ഒരിക്കലും അവയംഗീകരിക്കാറില്ല. ജീവനക്കാരുടെ സേവനം മെച്ചപ്പെടുത്താന്‍ ഒരു നടപടിയും സ്വീകരിക്കാറുമില്ല. അതിന് ഒരറുതി വരുത്താനുള്ള നീക്കങ്ങളെ സാധാരണക്കാര്‍ പിന്തുണക്കുമെന്നതില്‍ സംശയമില്ല. സര്‍ക്കാര്‍ ഇക്കാര്യത്തില്‍ ആര്‍ജ്ജവം കാണിക്കണമെന്നു മാത്രം. ജനങ്ങളുമായി കൂടുതല്‍ ആശയവിനിമയം ആവശ്യമായ വകുപ്പുകളില്‍ ഫ്രണ്ട് ഓഫീസ് സംവിധാനം ഉണ്ടാക്കണമെന്ന നിര്‍ദ്ദശവും ഉടനെ നടപ്പാക്കണം.
റിപ്പോര്‍ട്ടിന്റെ ആദ്യഭാഗം സമര്‍പ്പിച്ചപ്പോള്‍ ജീവനക്കാര്‍ പൊതുവെ തൃപ്തരായിരുന്നു. പ്രതീക്ഷിച്ചതിനേക്കാള്‍ വലിയ വര്‍ദ്ധനവാണ് കമ്മീഷന്‍ ശുപാര്‍ശ ചെയ്തത്. കൂടാതെ പെന്‍ഷന്‍ പ്രായം 58 ആക്കാനും ശുപാര്‍ശയുണ്ട്.
എ കെ ആന്റണി മുഖ്യമന്ത്രിയായിരുന്നപ്പോഴാണ് ജീവനക്കാരുടെ ആദ്യമായി സമരത്തിനെതിരെ ജനങ്ങള്‍ തെരുവിലിറങ്ങിയത്. നാട്ടുകാര്‍ സ്‌കൂളുകളില്‍ കയറി ക്ലാസ്സെടുക്കുന്നതും കേരളം കണ്ടു. മൂന്നരകോടി ജനങ്ങള്‍ വസിക്കുന്ന സംസ്ഥാനത്തിന്റെ വരുമാനത്തിന്റെ സിംഹഭാഗവും വേതനത്തിനും പെന്‍ഷനുമായി ചിലവഴിക്കുന്നു എന്നത് നിസ്സാരകാര്യമല്ല. വരുമാനത്തിന്റെ വിഹിതം എല്ലാവര്‍ക്കും ലഭിക്കുന്ന അവസ്ഥയാണ് സൃഷ്ടിക്കപ്പെടേണ്ടത്.
പ്രതിമാസം 10000 രൂപക്കുതാഴെമാത്രം വരുമാനമുള്ളവരാണ് കേരളത്തില്‍ ബഹുഭൂരിപക്ഷവും. പീടികത്തൊഴിലാളികളും നഴ്‌സുമാരും സിബിഎസ്ഇ അധ്യാപകരും മറ്റു സ്വകാര്യസ്ഥാപനങ്ങളിലെ ജീവനക്കാരുമെല്ലാം അതിലുള്‍പ്പെടുന്നു. എന്തിന്, ചെറുകിട കടയുടമകള്‍ പോലും. ഇവരെല്ലാം സേവിക്കുന്നത് നാടിനെത്തന്നെയാണ്. അതെല്ലാം പരിഗണിച്ചുള്ള സമീപനമാണ് സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടാകേണ്ടത്. സംഘടനകളുടേയും. എന്നാല്‍ അതല്ലല്ലോ നടക്കുന്നത്. തൃശൂരില്‍ ഒരേ ആവശ്യമുന്നയിച്ച് അടുത്തു നടന്ന 2 സമരങ്ങളോട് പാര്‍ട്ടികളും മറ്റു സംഘടനകളും മാധ്യമങ്ങളും സ്വീകരിച്ച നിലപാടു തന്നെ നോക്കുക. സംഘടനാ പ്രവര്‍ത്തനത്തിനു പുറത്താക്കിയ ധനലക്ഷ്മി ബാങ്ക് സീനിയര്‍ ഓഫീസറെ തിരിച്ചെടുക്കാനാവശ്യപ്പെട്ടു നടക്കുന്ന സമരത്തില്‍ കോടിയേരിയും സുധീരനുമടക്കം എല്ലാവരും എത്തുന്നു. പിന്തുണ നല്‍കുന്നു. അതേ ആവശ്യമുന്നയിച്ച് കല്ല്യാണ്‍ സാരീസിലെ തൊഴിലാളികള്‍ നടത്തിയ സമരത്തില്‍ ഇവരെയൊന്നും കണ്ടിരുന്നില്ല. ഈ സമീപനത്തിന്റെ തുടര്‍ച്ചതന്നെയാണ് ഇക്കാര്യത്തിലും കാണുന്നത്.
അതെന്തുമാകട്ടെ, ഭീമമായ വേതനം കൈപറ്റുമ്പോഴാണ് അതിനനുസരിച്ച കാര്യക്ഷമതയുണ്ടാകണ്ടേ? ഇന്‍പുട്ടും ഔട്ട് പുട്ടും തമ്മില്‍ ഒരനുപാതമൊക്കെ വേണം. സ്വകാര്യമേഖലകളിലൊക്കെ അതു നിലവിലുണ്ട്. അണ്‍ എയ്ഡഡ് സ്‌കൂള്‍ അധ്യാപകര്‍ ചെയ്യുന്നതിന്റെ പകുതി ജോലി പോലും സര്‍ക്കാര്‍ ജീവനക്കാര്‍ ചെയ്യുന്നുണ്ടോ? സര്‍ക്കാര്‍ ജീവനക്കാരുടെ കാര്യക്ഷമതയും ഔട്ട് പുട്ടും പരിശോധിക്കാന്‍ ഒരു സംവിധാനവുമില്ല. അതുകൊണ്ടുവന്നാല്‍ ജീവനക്കാരുടെ സംഘടനകള്‍ എതിര്‍ക്കും. ഹാജര്‍ രേഖപ്പെടുത്താന്‍ കാര്‍ഡോ ബയോമെട്രിക്‌സ് സംവിധാനമോ പോലും ഏര്‍പ്പെടുത്താന്‍ സമ്മതിക്കാത്തവരാണവര്‍. ശബളവര്‍ദ്ധനവില്‍ ജീവനക്കാരുടെ കാര്യക്ഷമത കണക്കിലെടുക്കാനുള്ള സംവിധാനം ഉണ്ടാക്കിയേ തീരൂ. അതുമായി ബന്ധപ്പെട്ട് ഡോക്ടറുടെ കാര്യത്തില്‍ രോഗികളുടേയും അധ്യാപകരുടെ കാര്യത്തില്‍ വിദ്യാര്‍ത്ഥികളുടേയും മറ്റു ജീവനക്കാരുടെ കാര്യത്തില്‍ പൊതുജനങ്ങളുടേയും അഭിപ്രായം കൂടി പരിഗണിക്കാവുന്നതാണ്. ശബളപരിഷ്‌കരണവുമായി ബന്ധപ്പെട്ട ചര്‍ച്ചയില്‍ കേട്ടു, മിടുക്കുള്ളവരാണ് ഈ ജോലി നേടുന്നതെന്ന്. ആ അവസ്ഥയൊക്കെ എന്നേ മാറി എന്ന് ഏതെങ്കിലും മേഖലയിലെ ചെറുപ്പക്കാരുടെ കണക്കെടുത്താല്‍ മനസ്സിലാകും. ഇപ്പോള്‍ അക്കാദമിക് തലത്തില്‍ രണ്ടാംനിരക്കാരാണ് സര്‍ക്കാര്‍ ജോലിക്കായി ശ്രമിക്കുന്നത്. മാത്രമല്ല, യാതൊരു വിധ ക്രിയേറ്റിവിറ്റിയുമില്ലാത്ത ഒന്നാണ് സര്‍ക്കാര്‍ ജോലിയെന്ന് ജീവനക്കാര്‍ തന്നെ സമ്മതിക്കാറുണ്ടല്ലോ.
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in