മുഖ്യമന്ത്രിയും ധനമന്ത്രിയും നിര്‍ത്തുമോ ഈ താരതമ്യപഠനം?
സമീപകാലത്തു കാണുന്ന പ്രവണതയാണ് സംസ്ഥാനങ്ങളെ താരതമ്യം ചെയത് തങ്ങളാണ് മെച്ചം എന്നവകാശപ്പെടല്‍. വാസ്തവത്തില്‍ എന്തുമാത്രം വിഡ്ഢിത്തമാണത്. വ്യത്യസ്ഥ രീതിയില്‍ വളര്‍ന്നു വികസിച്ച, കോളോണിയല്‍ ആധിപത്യവും അതിനെതിരായ പ്രക്ഷോഭങ്ങളും ഇല്ലാതിരുന്നെങ്കില്‍ ഒരുപക്ഷെ യൂറോപ്പിനെപോലെ വ്യത്യസ്ഥ രാഷ്ട്രങ്ങളാകുമായിരുന്ന പ്രദേശങ്ങള്‍ തമ്മിലുള്ള താരതമ്യത്തില്‍ എന്തര്‍ത്ഥമാണുള്ളത്? അത് ഇന്ത്യയും ജപ്പാനും തമ്മിലുള്ള താരതമ്യം പോലെ തന്നെയായിരിരിക്കും. ഓരോ സംസ്ഥാനങ്ങളും താരതമ്യം ചെയ്യേണ്ടത് തങ്ങള്‍ മുന്നോട്ടാണോ പുറകാട്ടാണോ പോകുന്നതെന്നാണ്. അപ്പോള്‍ ഒരുു സംസ്ഥാനത്തിനും അഭിമാനിക്കാന്‍ വകയില്ലെന്നു കാണാം. ആശുപത്രികളുടെ കാര്യത്തില്‍ കേരളം യുപിയെ കണ്ടുപഠിക്കണമെന്ന […]
സമീപകാലത്തു കാണുന്ന പ്രവണതയാണ് സംസ്ഥാനങ്ങളെ താരതമ്യം ചെയത് തങ്ങളാണ് മെച്ചം എന്നവകാശപ്പെടല്‍. വാസ്തവത്തില്‍ എന്തുമാത്രം വിഡ്ഢിത്തമാണത്. വ്യത്യസ്ഥ രീതിയില്‍ വളര്‍ന്നു വികസിച്ച, കോളോണിയല്‍ ആധിപത്യവും അതിനെതിരായ പ്രക്ഷോഭങ്ങളും ഇല്ലാതിരുന്നെങ്കില്‍ ഒരുപക്ഷെ യൂറോപ്പിനെപോലെ വ്യത്യസ്ഥ രാഷ്ട്രങ്ങളാകുമായിരുന്ന പ്രദേശങ്ങള്‍ തമ്മിലുള്ള താരതമ്യത്തില്‍ എന്തര്‍ത്ഥമാണുള്ളത്? അത് ഇന്ത്യയും ജപ്പാനും തമ്മിലുള്ള താരതമ്യം പോലെ തന്നെയായിരിരിക്കും. ഓരോ സംസ്ഥാനങ്ങളും താരതമ്യം ചെയ്യേണ്ടത് തങ്ങള്‍ മുന്നോട്ടാണോ പുറകാട്ടാണോ പോകുന്നതെന്നാണ്. അപ്പോള്‍ ഒരുു സംസ്ഥാനത്തിനും അഭിമാനിക്കാന്‍ വകയില്ലെന്നു കാണാം.
ആശുപത്രികളുടെ കാര്യത്തില്‍ കേരളം യുപിയെ കണ്ടുപഠിക്കണമെന്ന യോഗി ആദിത്യനാഥിന്റെ പ്രസ്താവനയാണ് പുതിയ താരതമ്യത്തിനു വഴിയൊരുക്കിയിരിക്കുന്നത്. കേരളത്തില്‍ പനി വന്നു മരിക്കുന്നവരുടെ എണ്ണം ചൂണ്ടികാട്ടിയാണ് യോഗി അത്തരത്തില്‍ പറഞ്ഞത്. അതുകേട്ടതും പതിവുപോലെ എല്ലാവരും സടകുടഞ്ഞെണീറ്റു. യുപിയിലെ ശിശുമരണങ്ങളെ ചൂണ്ടികാട്ടി തങ്ങളെത്ര ഭേദമാണെന്നു സംശയരഹിതമായി പ്രഖ്യാപിച്ചു. മുഖ്യമന്ത്രിയും ധനമന്ത്രിയുമടക്കമുള്ളവര്‍ രംഗത്തിറങ്ങി. എല്ലാവരും കയ്യടിച്ചു പിരിഞ്ഞു.
സത്യമെന്താണ്? ഇരുവിഭാഗങ്ങളുടേയും കക്ഷിരാഷ്ട്രീയ താല്‍പ്പര്യം മാറ്റിവെച്ചാല്‍ രണ്ടും ശരിയാണെന്നു കാണാം. യുപിയില്‍ നിന്നുള്ള ശിശുമരണ വാര്‍ത്തകള്‍ ഞെട്ടിപ്പിക്കുന്നവയാണ്. അതുപോലെതന്നെയാണ് പനിമൂലമുള്ള കേരളത്തിലെ മരണങ്ങളും. ആ യാഥാര്‍ത്ഥ്യം അംഗീകരിക്കാന്‍ നമ്പര്‍ വണ്‍ അഹങ്കാരത്തോടെ നടക്കുന്ന നമ്മള്‍ തയ്യാറല്ല എന്നു മാത്രം.
ഇന്ത്യയില്‍ ശിശുമരണനിരക്ക് ഏറ്റവും കൂടിയ സംസ്ഥാനമാണ് ഉത്തര്‍പ്രദേശ്, ആയിരത്തിന് 50 എന്നാണ് അവിടെ കണക്ക്, കേരളത്തില്‍ അത് 12 ആണ്, യുപിയില്‍ ആയിരം ജനനങ്ങളില്‍ അഞ്ചു വയസിനു മുമ്പു മരിക്കുന്നത് 64 പേരാണ്, 35 പേര്‍ ഒരു മാസത്തിനുള്ളിലും, 50 പേര്‍ ഒരു വര്‍ഷം തികയ്ക്കുന്നില്ല, അതിജീവിക്കുന്നവരില്‍ വളര്‍ച്ച മുരടിക്കുന്നവരുടെ എണ്ണം 50.4 ശതമാനമാണ്, യുപിയിലെ നവജാതശിശുക്കളുടെ അതിജീവനശേഷി ബീഹാറിനേക്കാള്‍ നാലു വര്‍ഷവും ഹരിയാനയെക്കാള്‍ അഞ്ചുവര്‍ഷവും ഹിമാചല്‍ പ്രദേശിനേക്കാള്‍ ഏഴു വര്‍ഷവും കുറവാണ, മാതൃമരണനിരക്കിലാകട്ടെ ഇന്ത്യയില്‍ രണ്ടാം സ്ഥാനത്താണ് യുപി. 62 ശതമാനം ഗര്‍ഭിണികള്‍ക്കും മിനിമം ഗര്‍ഭശുശ്രൂഷ പോലും ലഭിക്കുന്നില്ല, ഇങ്ങനെയൊരു സംസ്ഥാനത്തെ കണ്ടുപഠിക്കണമെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി ആഹ്വാനം ചെയ്യുന്നുവെങ്കില്‍ കേരളത്തെക്കുറിച്ച് അദ്ദേഹത്തിന് ഒന്നുമറിയില്ല എന്നാണര്‍ത്ഥം.. എന്നിങ്ങനെ പോകുന്നു യോഗിയോടുള്ള ധനമന്ത്രി തോമസ് ഐസകിന്റഎ പ്രതികരണം. കൂടാതെ തകര്‍ന്നു തരിപ്പണമായ ക്രമസമാധാന നില, പൊട്ടിപ്പൊളിഞ്ഞ റോഡുകള്‍, താറുമാറായ വൈദ്യുത വിതരണ സംവിധാനം, കുടിവെള്ള ദൌര്‍ലഭ്യം, പെരുകുന്ന കര്‍ഷകപ്രശ്‌നങ്ങള്‍ എന്നിങ്ങനെ നീളുന്നു ആദിത്യനാഥിന്റെ ഭരണനൈപുണ്യത്തിന്റെ സാക്ഷ്യപത്രമെന്നും ഐസക് പറയുന്നു. കേരളത്തിലെത്തിയ സ്ഥിതിയ്ക്ക് അദ്ദേഹം കുറച്ചു ദിവസം സംസ്ഥാനത്തിന്റെ അതിഥിയായി ഇവിടെ താമസിച്ച് ഇവിടത്തെ കാര്യങ്ങള്‍ പഠിക്കണമെന്നും ഐസക് ആവശ്യപ്പെടുന്നു.
മുഖ്യമന്ത്രി പിണറായി വിജയനും യോഗിക്കുള്ള മറുപടിയുമായി രംഗത്തെത്തി. യുപി യെക്കുറിച്ച് ഓര്‍ക്കുമ്പോള്‍ ആരുടെ മനസ്സിലും തെളിയുന്ന ഒരു ചിത്രം താജ് മഹലിന്റേതാണ്. യു പിയില്‍ അങ്ങയുടെ സര്‍ക്കാരിന്റെ പട്ടികയില്‍ താജ്മഹല്‍ ഇല്ല. കാഴ്ചയുടെ ആ കുഴപ്പം കൊണ്ടാണ് കേരളത്തിന്റെ ആരോഗ്യരംഗത്തെ നേട്ടങ്ങള്‍ താങ്കളുടെ ശ്രദ്ധയില്‍ പെടാതെ പോയത് എന്ന് കരുതുന്നുവെന്ന് പിണറായി പരിഹസിച്ചു സ്വന്തം സംസ്ഥാനം പ്രശ്നങ്ങളുടെ കൂമ്പാരമായിട്ടും താങ്കള്‍ കേരളത്തിന്റെ വിഷയങ്ങളില്‍ ഇടപെടാന്‍ സമയം കണ്ടെത്തിയതില്‍ സന്തോഷമെന്നും പറഞ്ഞ പിണറായി വ്യാജ വീഡിയോ പ്രചരിപ്പിച്ചതിന് നിയമ നടപടി നേരിടുന്ന ബി ജെ പി സംസ്ഥാന നേതൃത്വത്തിന്റെ വാക്ക് വിശ്വസിച്ച് തെറ്റായ പ്രസ്താവനകള്‍ നടത്തുന്നതില്‍ യോഗിയോട് സഹതാപവും പ്രകടിപ്പിച്ചു.
ഇരുവരും പറഞ്ഞത് നൂറുശതമാനവും ശരിയാണെന്നു കരുതുക. എന്നാല്‍ ആരോഗ്യരംഗത്ത് അഭിമാനിക്കാന്‍ എന്തു വകയാണ് നമുക്കുള്ളത് എന്നു ചോദിക്കാതിരിക്കാനാകില്ല. കഴിഞ്ഞ വര്‍ഷം പനി പിടിച്ച് രാജ്യത്തു മരിച്ചവരില്‍ പകുതിയേക്കാളേറെ കേരളത്തിലുള്ളവര്‍ തന്നെയാണ്. ആരോഗ്യമേഖലയില്‍ ഏറ്റവും മുന്നില്‍ നില്‍ക്കുന്നു എന്നവകാശപ്പെടുന്ന ഒരു സംസ്ഥാനത്താണ് പനിമൂലം ഇത്രയധികം മരണം നടക്കുന്നതെന്നത് നിസ്സാരകാര്യമല്ല. അതിനുള്ള പ്രധാന കാരണം മാലിന്യങ്ങളാണെങ്കില്‍ പ്രബുദ്ധ മലയാളിയുടെ സംസ്‌കാരം എവിടെയെത്തി നില്‍ക്കുന്നു എന്ന ചോദ്യം പ്രസക്തമാകുന്നു. ഇനി ശിശുമരണത്തിന്റെ കാര്യം. യുപി മോഡലില്‍ ആര്‍ സി സിയിലും ശിശുമരണങ്ങള്‍ നടന്നിട്ടുണ്ട് എന്നതു പോട്ടെ. കേരളത്തിലെ ആദിവാസി മേഖലയിലെ ശിശുമരണങ്ങള്‍ എത്രയോ കൂടുതലാണ്. മറുവശത്ത് ജീവിതശൈലി രോഗങ്ങളില്‍ യോഗിയുടെ യുപിയേക്കാള്‍ എത്രയോ ഭീകരമാണ് നമ്മുടെ അവസ്ഥ. നേരത്തെയുണ്ടായ മാറ്റങ്ങളുടെ ഫലമായുണ്ടായ ആയുര്‍ദൈര്‍ഘ്യവര്‍ദ്ധനയുടെ ഫലമായി വൃദ്ധരുടെ എണ്ണം വന്‍തോതില്‍ വര്‍ദ്ധിക്കുന്ന സംസ്ഥാനമായി കേരളം മാറിയിരിക്കുന്നു. പക്ഷെ അവരില്‍ വലിയൊരു ഭാഗവും ഇത്തരം രോഗങ്ങള്‍ക്കടിമകളാണ്. വലിയൊരു ഭാഗം കിടപ്പിലുമാണ്. ആരോഗ്യമില്ലാതെ ആയുസ്സ് കൂടിയിട്ട് എന്തുകാര്യം? അമ്മാത്തു നിന്ന് പുറപ്പെടുകയും ചെയ്തു, ഇല്ലത്തൊട്ടു എത്തിയതുമില്ല എന്ന അവസ്ഥ. കേരളത്തിലെ ആരോഗ്യരംഗത്തെ ചില കണക്കുകള്‍ പരിശോധിക്കാം. 2011ല്‍ 1300 ഡെങ്കി കേസുകളാണ് സംസ്ഥാനത്തു റിപ്പോര്‍ട്ട് ചെയ്തതെങ്കില്‍ 2013ല്‍ ഇത് 7938 ആയി കുതിച്ചുയര്‍ന്നു. തുടര്‍ന്ന് വ്യാപകമായ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടത്തിയെങ്കിലും 2015ല്‍ അയ്യായിരത്തില്‍ പരം ഡെങ്കി കേസുകള്‍ സംസ്ഥാനത്തു റിപ്പോര്‍ട്ട് ചെയ്യുകയുണ്ടായി. 2016ലാകട്ടെ വീണ്ടും രോഗത്തിന്റെ വ്യാപ്തി വര്‍ധിച്ച് 7210 പേരെ ബാധിച്ചു. കൊതുക് വഴി പടരുന്ന രോഗങ്ങളായ ചിക്കുന്‍ഗുനിയ, ജപ്പാന്‍ ജ്വരം എന്നു സംശയിക്കപ്പെടുന്ന മസ്തിഷ്‌കജ്വരം എന്നിവയും നിയന്ത്രിക്കാനായിട്ടില്ല എന്നതിനു പുറമെ ചെള്ളുകള്‍ പരത്തുന്ന രോഗങ്ങളായ സ്‌ക്രബ് ടൈഫസ്, കുരങ്ങുപനി എന്നിവയും സംസ്ഥാനത്തു ശക്തി പ്രാപിച്ചു വരികയാണ്. 2011ല്‍ സ്‌ക്രബ് ടൈഫസോ കുരങ്ങുപനിയോ സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്തിരുന്നില്ല. 2013ല്‍ സ്‌ക്രബ് ടൈഫസ് 68 പേരിലും കുരങ്ങുപനി ഒരാളിലും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. ഒരു വര്‍ഷത്തിനിടെ ഈ രണ്ട് രോഗങ്ങളും ആറിരട്ടിയായി. 2015ല്‍ സ്‌ക്രബ് ടൈഫസ് രോഗികളുടെ എണ്ണം ആയിരവും കുരങ്ങുപനി നൂറും കടന്നു. 2015 ല്‍ മാത്രം ഈ രണ്ട് രോഗങ്ങളും കൊണ്ട് 26 പേരാണ് സംസ്ഥാനത്തു മരണപ്പെട്ടത്. സമാനമാണ് ജലജന്യ രോഗങ്ങളുടെയും അവസ്ഥ. മാരകമായേക്കാവുന്ന ജലജന്യരോഗമായ എലിപ്പനി 2012 ല്‍ സംസ്ഥാനത്ത് 732 പേരെയാണ് ബാധിച്ചതെങ്കില്‍ നാല് വര്‍ഷങ്ങള്‍ക്കു ശേഷം അത് 1702 ആയി കുതിച്ചുയര്‍ന്നു. കഴിഞ്ഞ വര്‍ഷം മാത്രം 27 ആളുകളാണ് എലിപ്പനി മൂലം സംസ്ഥാനത്തു മരണപ്പെട്ടത്.
ഹൃദയാഘാതം, പക്ഷാഘാതം, ടൈപ് 2 പ്രമേഹം, പുകവലി മൂലമുള്ള ശ്വാസകോശ രോഗങ്ങള്‍, കരള്‍ സിറോസിസ്, ക്യാന്‍സര്‍ എന്നിവയൊക്കെയാണ് മലയാളികളില്‍ കാണുന്ന പ്രധാന ജീവിതശൈലീരോഗങ്ങള്‍. പ്രമേഹ രോഗികളുടെ എണ്ണം കഴിഞ്ഞ മൂന്നു പതിറ്റാണ്ടായി ക്രമാനുഗതമായ ഉയര്‍ച്ചയിലാണ്. നിലവില്‍ കേരളത്തിലെ അഞ്ചിലൊന്നു പേരും പ്രമേഹരോഗികളാണ് എന്നാണു കണക്ക്. 1991ല്‍ ഇത് വെറും നാല് ശതമാനമായിരുന്നു. ആഗോള ശരാശരി ഒന്‍പതു ശതമായിരിക്കെയാണ് കേരളത്തില്‍ അതിന്റെ ഇരട്ടി പ്രമേഹ ബാധിതര്‍ ഉള്ള അവസ്ഥയുണ്ടാകുന്നത്. നാല്പതു വയസിനു താഴെയുള്ള പ്രമേഹ രോഗികളുടെ എണ്ണത്തില്‍ 13 ശതമാനം വളര്‍ച്ചയാണ് രേഖപ്പെടുത്തുന്നത്. പ്രമേഹരോഗനിര്‍ണയവും ചികിത്സയും വേണ്ടത്ര ഫലപ്രദവുമല്ല. രോഗികളില്‍ മൂന്നില്‍ ഒന്നു പേരും രോഗം ഉണ്ടെന്നു തന്നെ തിരിച്ചറിയാത്തവരാണ്. 25 വയസിനു താഴെയുള്ള രക്താതിമര്‍ദ്ദ രോഗികളുടെ എണ്ണം കഴിഞ്ഞ മൂന്നു പതിറ്റാണ്ടുകള്‍ക്കുള്ളില്‍ ഇരട്ടിയായിരിക്കുകയാണ്. ദേശീയ ശരാശരിയേക്കാള്‍ പത്തു ശതമാനം അധികമാണ് ഇത്. രോഗബാധിതരില്‍ വെറും 37% ആളുകള്‍ മാത്രമേ ഇതിനെക്കുറിച്ച് അറിവുള്ളവരുള്ളൂ. പുകവലി മൂലമുള്ള ശ്വാസകോശ രോഗങ്ങളാല്‍ കഷ്ടപ്പെടുന്നവരുടെ എണ്ണവും വര്‍ധനയിലാണ്. കഴിഞ്ഞ മൂന്നു പതിറ്റാണ്ടുകള്‍ക്കുള്ളില്‍ ക്യാന്‍സര്‍ കേസുകളുടെ എണ്ണത്തില്‍ നാലിരട്ടി വര്‍ധനയാണ് ഉണ്ടായത്. അതിലും ഇന്ത്യയില്‍ മുന്‍നിരയില്‍ തന്നെ. 2015ല്‍ ലഭ്യമായ കണക്കുകള്‍ പ്രകാരം 20നും 70നും ഇടയില്‍ പ്രായമുള്ള ആളുകളില്‍ പത്തു ശതമാനത്തിലധികം പേര്‍ ഹൃദ്രോഗ ബാധിതരാണ്. സംസ്ഥാനത്തു റിപ്പോര്‍ട്ട് ചെയ്യുന്ന ഹൃദയാഘാതങ്ങളില്‍ അഞ്ചില്‍ ഒന്നും ഉണ്ടാകുന്നത് നാല്പത്തഞ്ചു വയസു പോലും തികയാത്തവരിലാണ് എന്നത് ആശങ്കാജനകമാണ്. പ്രമേഹം, രക്താതിമര്‍ദ്ദം, ഹൃദ്രോഗം, ചിലതരം ക്യാന്‍സറുകള്‍ (സ്തനാര്‍ബുദം, വന്‍കുടല്‍ ക്യാന്‍സര്‍) എന്നിവയ്ക്കൊക്കെ കാരണമാകുന്ന പൊണ്ണത്തടി കേരളത്തില്‍ മൂന്നില്‍ ഒന്ന് ആളുകളെയും ബാധിച്ചു കഴിഞ്ഞു. മാനസികാരോഗ്യമില്ലാത്തതിനാല്‍ ആത്മഹത്യ ചെയ്യുന്നവരുടെ എണ്ണത്തിലും നാം വളരെ പുറകില്‍ തന്നെ. തിരികെ വരുന്ന പകര്‍ച്ചവ്യാധികള്‍ മൂലമുള്ള പ്രശ്നങ്ങളും പരിഹരിക്കപ്പെടാതെ തുടരുന്ന അനാരോഗ്യകരമായ ജീവിത ശൈലി കൊണ്ടുണ്ടായ രോഗങ്ങളും മൂലം ആരോഗ്യരംഗത്ത് വളറെ പുറകിലേക്കാണ് കേരളത്തിന്റെ യാത്ര. ഇതുമായി ബന്ധപ്പെട്ട് പടര്‍ന്നു പന്തലിച്ച ഭീകരമായ ആരോഗ്യകച്ചവടത്തെ കുറിച്ച് പറയേണ്ടതില്ലല്ലോ. പണമില്ലാത്തതിനാല്‍ ചികിത്സ നിഷേധിക്കപ്പെട്ട് മുരുകന്മാരുടെ മരണം പോലും ഇവിടെ സംഭവിക്കുന്നു. അവിടേയും കേരളം ഒന്നാമതു തന്നെ. കേരളത്തിലെ ആശുപത്രികള്‍ കാണാന്‍ യോഗിയെ ക്ഷണിക്കാതിരിക്കുന്നതാണ് നല്ലത്. യോഗിക്ക് മറുപടി പറഞ്ഞ് മുഖ്യമന്ത്രിയും ധനമന്ത്രിയുമടക്കമുള്ളവര്‍ കാണാതെ പോകുന്നത് കേരളത്തിലെ ആരോഗ്യമേഖല നേരിടുന്ന പച്ചയായ യാഥാര്‍ത്ഥ്യങ്ങളാണ്.
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in