മായാനദിയും ഈടയും : പ്രതീക്ഷയോടെ മലയാള സിനിമ
മലയാള സിനിമ മുന്നോട്ടുതന്നെയാണ്. സമാന്തമെന്നു വിളിക്കപ്പെടുന്ന മേഖളയില്‍ നിരവധി മികച്ച സിനിമകള്‍ വരുന്നുണ്ട.് എന്നാല്‍ അതിനേക്കാളുപരി മുഖ്യധാരയില്‍ തന്നെ ചെറുപ്പക്കാരുടെ മുന്‍കൈയില്‍ നടക്കുന്ന പരീക്ഷണങ്ങളാണ് മലയാള സിനിമയെ ഇന്നു മുന്നോട്ടു നയിക്കുന്നത്. തൊണ്ടുമുതലും അങ്കമാലിയും പറവയുംപോലുള്ള കഴിഞ്ഞ വര്‍ഷത്തെ മികച്ച സിനിമകള്‍ക്കുശേഷം ഇപ്പോഴിതാ രണ്ടു സിനിമകള്‍ ഏറെ പ്രേക്ഷകശ്രദ്ധ നേടിയിരിക്കുന്നു. പോയവര്‍ഷാവസാനം പുറത്തിറങ്ങിയ മായാനദിയും പുതുവര്‍ഷത്തില്‍ പുറത്തിറങ്ങിയ ഈടയുമാണ് ഉദ്ദേശിക്കുന്നത്. ഈ രണഅടു സിനിമകളും തമ്മില്‍ ഒരുപാട് സാമ്യങ്ങളുണ്ട്. ഒപ്പം വലിയ വൈജാത്യങ്ങളും. രണ്ടും മനോഹരമായ പ്രണയസിനിമകള്‍ […]
മലയാള സിനിമ മുന്നോട്ടുതന്നെയാണ്. സമാന്തമെന്നു വിളിക്കപ്പെടുന്ന മേഖളയില്‍ നിരവധി മികച്ച സിനിമകള്‍ വരുന്നുണ്ട.് എന്നാല്‍ അതിനേക്കാളുപരി മുഖ്യധാരയില്‍ തന്നെ ചെറുപ്പക്കാരുടെ മുന്‍കൈയില്‍ നടക്കുന്ന പരീക്ഷണങ്ങളാണ് മലയാള സിനിമയെ ഇന്നു മുന്നോട്ടു നയിക്കുന്നത്. തൊണ്ടുമുതലും അങ്കമാലിയും പറവയുംപോലുള്ള കഴിഞ്ഞ വര്‍ഷത്തെ മികച്ച സിനിമകള്‍ക്കുശേഷം ഇപ്പോഴിതാ രണ്ടു സിനിമകള്‍ ഏറെ പ്രേക്ഷകശ്രദ്ധ നേടിയിരിക്കുന്നു. പോയവര്‍ഷാവസാനം പുറത്തിറങ്ങിയ മായാനദിയും പുതുവര്‍ഷത്തില്‍ പുറത്തിറങ്ങിയ ഈടയുമാണ് ഉദ്ദേശിക്കുന്നത്.
ഈ രണഅടു സിനിമകളും തമ്മില്‍ ഒരുപാട് സാമ്യങ്ങളുണ്ട്. ഒപ്പം വലിയ വൈജാത്യങ്ങളും. രണ്ടും മനോഹരമായ പ്രണയസിനിമകള്‍ തന്നെയാണെന്നതാണ് പ്രധാന സാമ്യം. രണ്ടിന്റേയും മിക്കവാറും എല്ലാമേഖലകളിലും പ്രവര്‍ത്തിച്ചിരിക്കുന്നത് ചെറുപ്പക്കാരാണെന്നതും അവരത് ഭംഗിയായി ചെയ്തു എന്നതുമാണ് അടുത്ത സാമ്യം. രണ്ടും സ്ത്രീപ്രാധാന്യമുള്ള സിനിമകള്‍ തന്നെ. കപടമായ സദാചാരബോധങ്ങളെ ഇരുസിനിമകളിലേും നായികാകഥാപാത്രങ്ങള്‍ തകിടം മറക്കുന്നുണ്ട്. എന്നാല്‍ തികച്ചും വ്യത്യസ്ഥമായ പശ്ചാത്തലത്തിലാണ് ഇരു സിനിമകളും തയ്യാറാക്കിയിരിക്കുന്നത്. എറണാകുളം നഗരപശ്ചാത്തലത്തില്‍ ആധുനികലോകത്തെ വിഹ്വലതകള്‍ക്കും പ്രതീക്ഷള്‍ക്കുമിടയിലാണ് മായാനദി ഒഴുകുന്നതെങ്കില്‍ ഈടയിലെ ഈട തീരാത്ത കക്ഷിരാഷ്ട്രീയ കൊലപാതകങ്ങളുടെ ഭൂമികയായ കണ്ണൂരാണ്. പ്രണയസിനിമകള്‍ കണ്ടുമടുത്ത പ്രേക്ഷകര്‍ക്കുമുന്നില്‍ ഈ പശ്ചാത്തലത്തെ മനോഹരമായി കണ്ണിചേര്‍ത്തു എന്നതാണ് ഈ സിനിമകളിലെ പ്രണയത്തെ വ്യത്യസ്ഥമാക്കുന്നത്. അതേസമയം എന്തുകൊണ്ടും മായാനദിയേക്കാള്‍ ഒരുപടി മുന്നില്‍ തന്നെയാണ് ഈടയുടെ സ്ഥാനം എന്നും ഉറപ്പിച്ചുപറയാം.
പ്രണയത്തെ വളരെ റിയലിസ്റ്റിക് ആയാണ് മായാനദിയും ഈടയും കൈകാര്യം ചെയ്യുന്നത്. അപ്പുവിലൂടെയും മാത്തനിലൂടെയും ആഷിക് അബു പറയുന്നത് ജീവിതത്തിലെ ആകുലതകളും പ്രണയവും വിളക്കി ചേര്‍ത്ത ഒരു ഇമോഷണല്‍ ഡ്രാമ തന്നെയാണ്. അപ്പുവെന്നു വിളിക്കുന്ന പെണ്‍കുട്ടിക്ക് ജീവിതം കേവലം പ്രണയമല്ല. ഒരിക്കല്‍ തന്നോട് വിശ്വാസവഞ്ചന നടത്തിയ മാത്തനെ അവര്‍ ക്രൂരമായി തന്നെ അവഗണിക്കുന്നു. അതേ സമയം മാത്തനെ അവള്‍ പരീക്ഷിക്കുക കൂടിയായിരുന്നു. അവന്‍ ശരിയാകുമോ എന്നു നോക്കട്ടെ എന്നു പോലും അവള്‍ കൂട്ടുകാരികളോട് പറയുന്നു. മറുവശത്ത് അവള്‍ ജീവിക്കാന്‍ പാടുപെടുകയാണ്. നഗരത്തിന്റെ വര്‍ണ്ണപ്പൊലിമയില്‍ ജീവിതം ആസ്വദിക്കുകയാണെന്നുമ്പോഴും അവള്‍ പടവെട്ടുകയാണ്. അഭിനയമെന്ന മോഹത്തിനു പുറകെ തന്നെയാണവള്‍. പക്ഷെ പലപ്പോഴുമത് പരസ്യചിത്രങ്ങളില്‍ ഒതുങ്ങുന്നു. കൂട്ടുകാരികളിലാണ് അവള്‍ ആശ്വാസം കാണുന്നത്. അനാഥനായ മാത്താകട്ടെ ആരോ നയിക്കുന്ന വഴിയിലൂടെയാണ് യാത്ര ചെയ്യുന്നത്. ലൈംഗികബന്ധത്തിനുശേഷം പോലും അപ്പു അവനോട് പറയുന്നത് സെക്‌സ് ഈസ് നോട്ട് എ പ്രോമിസ് എന്നാണ്. ജീവിതത്തില്‍ ഉയര്‍ച്ചയാഗ്രഹിക്കുന്നു എങ്കില്‍ വിവാഹം കഴിക്കരുതെന്ന് ഡയലോഗും സിനിമയിലുണ്ട്. പരമ്പരാഗത സദാചാരവാദികളെ പ്രകോപിപ്പിക്കല്‍ തന്നെയാണ് സംവിധായകന്‍ ഉദ്ദേശിക്കുന്നതെന്നര്‍ത്ഥം. പ്രതേകസാഹചര്യത്തില്‍ കൊലപാതകിയായിമാറുന്ന മാത്തനെ ഫെയ്ക്ക് എന്‍കൗണ്ടറിലാണ് പോലീസ് കൊല്ലുന്നത്. അതറിയാതെ മാത്തനേയും പ്രതീക്ഷിച്ചാണ് അപ്പുവിന്റെ തുടര്‍ന്നുള്ള ജീവിതം. നിസാരമായി തോന്നുന്ന ഒരു കഥയെ വ്യത്യസ്ഥവും മികച്ചതുമായി അവതരിപ്പിച്ചിടത്താണ് സംവിധായകന്റെ വിജയം. പലപ്പോഴും കഥാപാത്രങ്ങളല്ല, വിഷ്വല്‍സാണ് സംസാരിക്കുന്നത്. ഐശ്വര്യയും ടോവിനോയും തങ്ങളുടെ ഭാഗങ്ങള്‍ മനോഹരമാക്കി. അങ്ങനെയാണ് മായാനദി മികച്ച ഒരു ദൃശ്യാനുഭവമായത്.
മികച്ച എഡിറ്ററായ ബി അജിത് കുമാര്‍ സംവിധാന ചെയ്ത ഈടയിലൂടെയാണ് മലയാളസിനിമ 2018നെ വരവേല്‍ക്കുന്നത്. കേരളം നേരിടുന്ന ഏറ്റവും ഭീദിതമായ രാഷ്ട്ീയപശ്ചാത്തലത്തിലാണ് അമ്മുവും നന്ദുവും തമ്മിലുള്ള പ്രണയം മുളക്കുന്നതും വളരുന്നതും കൊഴിയുന്നതും. സ്‌നേഹത്തിനോ മാനുഷികബന്ധങ്ങള്‍ക്കോ ഒരു സ്ഥാനവുമില്ലാത്ത കണ്ണൂരിലെ കുടിപ്പകരാഷ്ട്രീയം തന്നെയാണത്. മലയാളത്തിന്റെ മുഖ്യധാരയില്‍ പൈങ്കിളി എന്നു വിളിക്കാവുന്ന നിരവധി രാഷ്ട്രീയ സിനിമകള്‍ ഉണ്ടായിട്ടുണ്ട.് എന്നാല്‍ ഒരേസമയം രാഷ്ട്രീയസിനിമയരം റിയലസ്റ്റിക് സിനിമയും റൊമാന്ഞരിക് സിനിമയുമാകുന്നു ഈട.
സിപിഎമ്മിനും ബിജെപിക്കും പകരം കെപിഎമ്മും കെജിപിയുമാണ് സിനിമയിലുള്ളതെങ്കിലും ഏതൊരാള്‍ക്കും മനസ്സിലാവുന്ന ദൃശ്യങ്ങളിലൂടേയും സംഭാഷണങ്ങളിലൂടേയും സമകാലിക കണ്ണൂരിന്റെ പച്ചയാഥാര്‍ത്ഥ്യങ്ങളാണ് സിനിമയുടെ അന്തര്‍ധാര. നിരന്തരമായി നാം ചാനലുകളിലും പത്രങ്ങളിലും കാണുന്നപോലെ ഈ പാര്‍ട്ടികളെയോ അവരുടെ പ്രത്യയശാസ്ത്രങ്ങളെയോ കൊലപാതകങ്ങള്‍ക്ക് ഇരുകൂട്ടരും ചമയ്ക്കുന്ന ന്യായാന്യായങ്ങളെയോ ഒന്നും ഇവിടെ പരാമര്‍ശിക്കുന്നില്ല. ആവര്‍ത്തിക്കുന്ന കൊലപാതക മല്‍സരങ്ങള്‍ കണ്ണൂരിന്റെ ജീവിതത്തെ എങ്ങനെ ബാധിക്കുന്നു എന്നതാണ് സിനിമ അന്വേഷിക്കുന്നത്. രക്തസാക്ഷികളും ബലിദാനികളും എങ്ങനെയാണ് സൃഷ്ടിക്കപ്പെടുന്നതെന്ന് യാതൊരുവിധ അതിശയോക്തിയുമില്ലാതെ അജിത് വരച്ചുകാണിക്കുന്നു. അതിനിടയിലാണ് അമ്മുവും നന്ദുവും തമ്മിലുള്ള പ്രണയം കടന്നു വരുന്നത്. ഇരുവരും ജീവിക്കുന്നത് മൈസൂരില്‍. കൊലപാതകത്തെ തുടര്‍ന്നുള്ള ഹര്‍ത്താല്‍ ദിനത്തില്‍ ാൈദൃശ്ചികമായാണ് അവര്‍ കണ്ടുമുട്ടുന്നതും പയ്യെപയ്യെ പ്രണയിക്കുന്നതും. എന്നാല്‍ ഇരുവരും പരസ്പരം കൊന്നുകൊലവിളിക്കാന്‍ നില്‍ക്കുന്ന ഇരുപാര്‍ട്ടികളിലെ കുടുംബാംഗങ്ങളാണെന്നറിയുന്നത് പിന്നീടാണ്. അമ്മുവിന്റെ ബന്ധുവായ എതിര്‍പക്ഷത്തെ നേതാവിനെ രക്ഷിക്കാനുള്ള ശ്രമത്തില്‍ നന്ദു കൊലപാതകകേസില്‍ ഉള്‍പ്പെടുന്നതോടെ ചിത്രം ആരുടേയും കരളലിയിക്കുന്ന രംഗങ്ങളിലേക്ക് മാറുകയാണ്. അവനെ കേസില്‍ നിന്ന് ഒഴിവാക്കാനായെങ്കിലും കുടിപ്പകയില്‍ നിന്നൊഴിവാക്കാന്‍ അമ്മിവിനാകുന്നില്ല. നിര്‍ബന്ധിതമായി മറ്റൊരു വിവാഹം കഴിക്കേണ്ടിവന്ന അവള്‍ ഭര്‍ത്താവിനോട് പറയുന്നത്, വിവാഹം കഴിക്കാമെന്നല്ലേ ഞാന്‍ പറഞ്ഞുള്ളു, കൂടെ കിടക്കാമെന്നു പറഞ്ഞില്ലല്ലോ എന്നായിരുന്നു. സെക്‌സ് ഈസ് നോട്ട് എ പ്രോമിസ് എന്നതിനു വിപരീതം, മാരേജ് ഈസ് നോട്ട് എ പ്രോമിസ് എന്നര്‍ത്ഥം.
ഛായാഗ്രഹണമായാലും എഡിറ്റിംഗായാലും സിനിമയുടെ മറ്റേതുമേഖലയായലും വളരെ ഉയരത്തില്‍ തന്നെയാണ് ഈടയുടെ സ്ഥാനം. ഷൈനിന്റെയും നിമിഷയുടെയും അഭിനയവും ശരാശരിക്ക് എത്രയോ മുകളിലാണ്. ഒരുപുതുമുഖസംവിധായകനില്‍ നിന്ന് പ്രതീക്ഷിക്കാവുന്നതിനേക്കാള്‍ മികവുറ്റ സിനിമയായി ഈട മാറുന്നതിനുകാരണം ഈ കൂട്ടായ്മ തന്നെ. അതേസമയം ഈ സിനിമയെ അഭിമുഖീകരിക്കാനുള്ള ധൈര്യമില്ലാ്ത്തതിനാല്‍ തന്നെ പലരും അവഗണിക്കുന്നതായാണ് കാണുന്നത്. സംഘപരിവാറുകാര്‍ മാത്രമല്ല ഇടതുപക്ഷക്കാരും പൊതുവില്‍ നിശബ്ദരാണ്. ചിലരാകട്ടെ പതിവുപോലെ സംഘിപടം, അരാഷ്ട്രീയപടം എ്‌ന്നൊക്കെ ആക്ഷേപിച്ച് സ്ഥലം വിടുന്നു. എന്നാല്‍ സിനിമയെ സ്‌നേഹിക്കുന്നവര്‍ക്കിടയില്‍ ഏറെ ആശ്വാസമാകുന്നു ഈ രണ്ടു സിനിമകളും എന്നതാണ് വസ്തുത.
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in