ബ്രിട്ടീഷ് രാജ്ഞിയില്‍ നിന്ന് ഹാരിസണ്‍ എസ്റ്റേറ്റ് പിടിച്ചെടുക്കുക

സന്തോഷ് കുമാര്‍ ‘വികസനത്തിനു” ജനങ്ങളുടെ മൂന്ന് സെന്റും വയലുകളും തണ്ണീര്‍ത്തടങ്ങളും ആകെയുള്ള ‘കൂര’വരെ എറ്റെടുക്കുന്ന സര്‍ക്കാര്‍ എന്തുകൊണ്ടാണു വിദേശ കമ്പനി വ്യാജ ആധാരത്തിലൂടെയും നിയമവിരുദ്ധമായും കൈയ്യടക്കിയതും രാജ്യത്തിന്റെ പരമാധികാരത്തെ ചോദ്യം ചെയ്തുകൊണ്ട് ഇപ്പോള്‍ ബ്രിട്ടീഷ് രാജ്ഞിയുടെ ഉടമസ്ഥയില്‍ ഉള്ളതുമായ ഹാരിസണ്‍ മലയാളം പ്ലാന്റേഷന്‍ ഏറ്റെടുക്കാത്തത് ? ഹാരിസണ്‍ മലയാളം കമ്പനിയുടെ നൂറുശതമാനം ഓഹരികളും കൈയ്യടക്കി വെച്ചിരുന്നത് ബ്രിട്ടീഷ് നിയമ പ്രകാരം രജിസ്റ്റര്‍ ചെയ്ത ആമ്പിള്‍ഡൗണ്‍ണായിരുന്നു. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് ഹാരിസണ്‍നെതിരായ നടപടികള്‍ ശക്തമാകുകയും നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ പുറത്താകുകയും […]

bbസന്തോഷ് കുമാര്‍

‘വികസനത്തിനു” ജനങ്ങളുടെ മൂന്ന് സെന്റും വയലുകളും തണ്ണീര്‍ത്തടങ്ങളും ആകെയുള്ള ‘കൂര’വരെ എറ്റെടുക്കുന്ന സര്‍ക്കാര്‍ എന്തുകൊണ്ടാണു വിദേശ കമ്പനി വ്യാജ ആധാരത്തിലൂടെയും നിയമവിരുദ്ധമായും കൈയ്യടക്കിയതും രാജ്യത്തിന്റെ പരമാധികാരത്തെ ചോദ്യം ചെയ്തുകൊണ്ട് ഇപ്പോള്‍ ബ്രിട്ടീഷ് രാജ്ഞിയുടെ ഉടമസ്ഥയില്‍ ഉള്ളതുമായ ഹാരിസണ്‍ മലയാളം പ്ലാന്റേഷന്‍ ഏറ്റെടുക്കാത്തത് ? ഹാരിസണ്‍ മലയാളം കമ്പനിയുടെ നൂറുശതമാനം ഓഹരികളും കൈയ്യടക്കി വെച്ചിരുന്നത് ബ്രിട്ടീഷ് നിയമ പ്രകാരം രജിസ്റ്റര്‍ ചെയ്ത ആമ്പിള്‍ഡൗണ്‍ണായിരുന്നു. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് ഹാരിസണ്‍നെതിരായ നടപടികള്‍ ശക്തമാകുകയും നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ പുറത്താകുകയും ഹാരിസണ്‍ ഭൂമി ഏറ്റെടുക്കാന്‍ ഹൈക്കോടതി വിധി വരികയും ചെയ്ത സാഹചര്യത്തിലാണു 2016 സെപ്റ്റംമ്പര്‍ 27 നാണു ആമ്പിള്‍ഡൗണ്‍ ഡയറക്ടര്‍ ബോര്‍ഡ് ാംഗങ്ങളെ പിരിച്ചു വിടുന്നതും കമ്പനി പിരിച്ചുവിടാന്‍ ബ്രിട്ടീഷ് കമ്പനി ഹൗസിനു കത്തു നല്‍കുന്നതും. തുടര്‍ന്നാണു ബ്രിട്ടീഷ് കമ്പനി നിയമപ്രകാരം കമ്പനിയുടെ ആസ്തികള്‍ ബ്രിട്ടീഷ് സര്‍ക്കാരിലേക്ക് മാറ്റപ്പെടുന്നത്. നിലവില്‍ ഇന്ത്യയുടെ പരമാധികാരത്തെ ചോദ്യം ചെയ്തുകൊണ്ടാണു ബ്രിട്ടീഷ് സര്‍ക്കാര്‍ കേരളത്തില്‍ എന്‍പതിനായിരത്തോളം സര്‍ക്കാര്‍ ഭൂമി നിയമവിരുദ്ധമായി കൈയ്യടക്കി വെച്ചിരിക്കുന്നത്. നിയമത്തിന്റെ പിന്‍ബലം ഉണ്ടായിട്ടും കോടതി ഉത്തരവുണ്ടായിട്ടും ഭൂമി ഏറ്റെടുക്കാതെ ഹാരിസണ്‍ മലയാളത്തെ സഹായിക്കുകയും ഭൂമി ഏറ്റെടുക്കല്‍ നടപടിയെ അട്ടിമറിക്കുകയുമാണു ഇടതുപക്ഷ സര്‍ക്കാര്‍ ചെയ്യുന്നത്.

( മുന്‍പ് ഹാരിസണ്‍നുമായി ബന്ധപ്പെട്ട് എഴുതിയ ലേഖനത്തിലെ ചില ഭാഗങ്ങള്‍ കൂടി ചേര്‍ക്കുന്നു )

ഹാരിസണ്‍ മലയാളം ലിമിറ്റഡ് നിയമവിരുദ്ധമായും അനധികൃതവുമായാണ് എന്‍പതിനായിരത്തോളം ഏക്കര്‍ ഭൂമി കൈയ്യടക്കി വെച്ചിരിക്കുന്നതെന്ന് നിവേദിത പി ഹരന്‍ റിപ്പോട്ട്, ജസ്റ്റിസ് എല്‍ മനോഹരന്‍ കമ്മറ്റി റിപ്പോര്‍ട്ട്, ഡി സജിത്ത് ബാബു റിപ്പോര്‍ട്ട്, നന്ദനന്‍ പിള്ള വിജിലന്‍സ് റിപ്പോര്‍ട്ട്, ഡോ എം ജി രാജമാണിക്യം റിപ്പോട്ട് തുടങ്ങിയ അന്വേഷണ കമ്മീഷനുകള്‍ കണ്ടെത്തിയിരുന്നു. തുടര്‍ന്ന് 2013 ഫെബ്രുവരി 28ന് കേരള ഹൈക്കോടതി സിംഗിള്‍ ബഞ്ച് ജസ്റ്റിസ് പി വി ആശ ഹാരിസണ്‍ കൈയ്യടക്കി വെച്ചിരിക്കുന്ന ഭൂമി സര്‍ക്കാര്‍ ഭൂമിയാണെന്നും ഭൂസംരക്ഷണ നിയപ്രകാരം ഏറ്റെടുക്കണമെന്ന് ഉത്തരവിറക്കുകയും ചെയ്തു. അതിന്റെ അടിസ്ഥാനത്തിലാണ് ഭൂമി ഏറ്റെടുക്കുന്നതിന് ഡോ. എം ജി രാജമാണിക്യത്തെ സ്‌പെഷ്യല്‍ ഓഫീസറായി നിയമിക്കുന്നത്. എന്നാല്‍ കോടതിയില്‍ സത്യവാങ്മൂലം നല്‍കാതെയും കോടതി നടപടികള്‍ സ്വീകരിക്കാതെയും സ്‌പെഷ്യല്‍ ഓഫീസിന്റെ അധികാരം ദുര്‍ബലപ്പെടുത്തിയും ഭൂമിയേറ്റെടുക്കല്‍ കേസുകള്‍ അട്ടിമറിക്കാനുള്ള നീക്കവുമായി മുന്നോട്ട് പോകുകയാണ് ഇടതുപക്ഷ സര്‍ക്കാര്‍. ഹാരിസണ്‍ മലയാളവും സര്‍ക്കാരും തമ്മിലുള്ള കേസ് കോടതി മൂന്ന് പ്രാവശ്യം പരിഗണിച്ചപ്പോഴും കോടതി ആവശ്യപ്പെട്ടിട്ടും സര്‍ക്കാര്‍ അഭിഭാഷകര്‍ ഇതുവരെ സത്യവാങ്മൂലം സമര്‍പ്പിച്ചിട്ടില്ല. എന്ന് മാത്രമല്ല ഹാരിസണ്‍ കേസും അവര്‍ അനധികൃതമായും നിയമവിരുദ്ധമായും ഭൂമി മറിച്ചുവിറ്റ ടി ആര്‍ ആന്‍ഡ് ടി, റിയ, ചെറുവള്ളി, ബോയ്‌സ്, ബ്രൈമൂര്‍ കേസുകളും വാദിക്കാനാളില്ലാത്ത സ്ഥിതിയാണ് ഉള്ളത്. ഇടതുപക്ഷ സര്‍ക്കാര്‍ അധികാരത്തിലെത്തിയതിനു ശേഷം ആറ് അഭിഭാഷകരെ ഹാരിസണ്‍ കേസ് വാദിക്കുന്നതിനായി നിയമിച്ചത്. ഒരാളുപോലും ഈ അന്വേഷണ കമ്മീഷനുകളെ മുന്‍നിര്‍ത്തിയോ വിജിലന്‍സ് റിപ്പോര്‍ട്ടിനെ മുന്‍നിര്‍ത്തിയോ കോടതിയില്‍ വാദിച്ചിട്ടില്ല.

ഇടതുപക്ഷ സര്‍ക്കാര്‍ അധികാരമേറ്റ ശേഷം ആദ്യം ചെയ്തത് ഹാരിസണ്‍ – ടാറ്റ കേസുകള്‍ സൂക്ഷമമായും കൃത്യമായും പഠിക്കുകയും കോടതിയില്‍ കൃത്യസമയത്ത് റിപ്പോര്‍ട്ടുകള്‍ നല്‍കി അനുകൂലവിധി സമ്പാദിക്കുകയും ചെയ്ത പബ്ലിക് പ്രോസിക്യൂട്ടര്‍ സുശീല ആര്‍ ഭട്ടിനെ മാറ്റുകയും സമഗ്രമായ രാജമാണിക്യം റിപ്പോര്‍ട്ടിന് നിയമസാധുതയില്ലെന്ന നിയമവകുപ്പ് സെക്രട്ടറിയുടെ ബി ജി ഹരീന്ദ്രനാഥിന്റെ വിവാദ റിപ്പോര്‍ട്ട് പുറത്ത് വന്നതും നാം പ്രത്യേകം ഓര്‍ക്കേണ്ടതുണ്ട്. കഴിഞ്ഞ യു ഡി എഫ് കാലത്ത് ഹാരിസണ്‍ മലയാളത്തിനു വേണ്ടി ഹൈക്കോടതിയില്‍ ഹാജരാക്കുകയും ഹാരിസണ്‍ ഭൂമി സ്വകാര്യ ഭൂമിയാണെന്ന് വാദിക്കുകയും ചെയ്ത രജ്ഞിത്ത് തമ്പാനെ ഹാരിസണ്‍ന് എതിരായി കേസ് വാദിക്കാന്‍ പബ്ലിക് പ്രോസിക്യൂട്ടറായി ഇടതുപക്ഷ സര്‍ക്കാര്‍ കൊണ്ടുവന്നതില്‍ നിന്ന് കാര്യങ്ങള്‍ വ്യക്തമാണല്ലോ. ഹാരിസണ്‍ ഭൂമി വിഷയവുമായി ബന്ധപ്പെട്ട് പ്രാഥമികമായി കടന്ന് പോകുന്ന ഏതൊരാള്‍ക്കും ഹാരിസണ്‍ മലയാളം ഇന്ത്യയുടെ പരമാധികാരത്തേയും നിയമങ്ങളേയും വെല്ലുവിളിച്ചു കൊണ്ടാണ് കേരളത്തിന്റെ ഭൂമി തട്ടിയെടുത്തത് എന്ന് വ്യക്തമാകും.

ഹാരിസണ്‍ ഭൂമി തട്ടിപ്പിന്റെ ചരിത്രം

തിരുവിതാംകൂര്‍ രാജ്യത്തിന്റെ സാമന്ത രാജ്യങ്ങള്‍ ആയിരുന്ന പൂഞ്ഞാര്‍ കൊട്ടാരം, ഇടപ്പള്ളി സ്വരൂപം , വഞ്ചിപ്പുഴ മഠം, കിളിമാനൂര്‍ കൊട്ടാരം എന്നിവരില്‍ നിന്ന് 86559 ഏക്കര്‍ ഭൂമി പാട്ടത്തിനെടുത്ത അഞ്ച് കമ്പനികള്‍ ചേര്‍ന്നാണ് ഹാരിസണ് മലയാളം ലിമിറ്റഡ് എന്ന കമ്പനി രൂപീകൃതമാകുന്നത്. 1834 മുതല്‍ കേരള ത്തിലെ വിവിധ ജില്ലകളില്‍ പ്രവര്‍ത്തിച്ചിരുന്ന ദി റബ്ബര്‍ പ്ലാന്റേഷന്‍ ഇന്‍വെസ്റ്റ്മെന്റ് ട്രസ്റ്റ് ലിമിറ്റഡ്, ദി മലയാളം റബ്ബര്‍ ആന്‍ഡ് ടീ പ്രൊഡ്യൂസിംഗ് കമ്പനി, ദി ഈസ്റ്റ് ഇന്ത്യ ടീ ആന്‍ഡ് പ്രൊഡ്യൂസിംഗ് കമ്പനി, ദി മേപ്പാടി- വയനാട് ടീ കമ്പനി എന്നീ അഞ്ച് കമ്പനികള്‍ ചേര്‍ന്ന് ഇംഗ്ലീഷ് കമ്പനീസ് കണ്‍സോളിഡേഷന്‍ ആക്ട് ,1908 പ്രകാരം 1921 ല്‍ മലയാളം പ്ലാന്റേഷന്‍സ് (UK ) ലിമിറ്റഡ്, ഹാരിസണ് ആന്‍ഡ് ക്രോസ്സ്ഫീല്‍ഡ് (UK ) ലിമിറ്റഡ് എന്നീ രണ്ട കമ്പനിയായി മാറുകയും കമ്പനിയുടെ പേരിലേക്ക് ഭൂമി കൈമാറ്റം ചെയ്യുകയുമാണ് ചെയ്തത്. പഴയ അഞ്ച് കമ്പനികളുടെയും പുതിയതായി ഇംഗ്ളണ്ടില്‍ രജിസ്റ്റര്‍ ചെയ്ത രണ്ട് കമ്പനിയുടെയും മേല്‍വിലാസം ‘1 -4 , ഗ്രേറ്റ് ടവര്‍ സ്ട്രീറ്റ്, ലണ്ടന്‍’ എന്ന ഒറ്റമേല്‍വിലാസം തന്നെയായിരുന്നു. എന്ന് മാത്രമല്ല തിരുവിതാംകൂര്‍ രാജാവില്‍ നിന്ന് ഭൂമി പാട്ടെത്തിന് വാങ്ങുന്നതും പാട്ടത്തിന് വാങ്ങിയ ഭൂമി പുതിയ കമ്പനിക്ക് വില്‍ക്കുന്നതും പുതിയ കമ്പനിക്ക് വേണ്ടി വാങ്ങിയതും ജോണ്‍ മക്കി എന്ന ബ്രിട്ടീഷുകാരന്‍ തന്നെയായിരുന്നു. കൊല്ലം സബ് രജിസ്റ്റര്‍ ഓഫീസിലും മദ്രാസ് സംസ്ഥാനത്തെ ചെങ്കല്‍പെട്ട് സബ് രജിസ്റ്റര്‍ ഓഫീസിലും നടന്ന ഈ ഭൂമി കൈമാറ്റ ആധാരങ്ങള്‍ വ്യാജവും നിയമ വിരുദ്ധവും ആയിരുന്നെന്ന് എല്ലാ കമ്മീഷനുകളും ക്രൈം ബ്രാഞ്ചും കണ്ടെത്തിയിട്ടുണ്ട്. 1920 കളില്‍ തിരുവിതാംകൂറില്‍ രജിസ്റ്റര്‍ ചെയ്ത മുഴുവന്‍ ആധാരങ്ങളിലും കാണുന്നത് തിരുവിതാംകൂര്‍ സര്‍ക്കാരിന്റെ ഔദ്യോഗിക ചിഹ്നമായ ‘കൊഞ്ച്’ അടയാളം ആണ് . എന്നാല്‍ ഹാരിസണ് തങ്ങളുടെ ഭൂമിയാണെന്ന് അവകാശപ്പെടുന്ന ആധാരം വിദേശ രാജ്യങ്ങളില്‍ മാത്രം കാണുന്ന മുദ്രക്കടലാസില ആണ് എഴുതിയിട്ടുള്ളത്. ഈ ആധാരത്തില്‍ കാണുന്നത് ‘ജോണ്‍ ഡിക്കിന്‍സണ്‍ കമ്പനി’ എന്ന കമ്പനിയുടെ വാട്ടര്‍ മാര്‍ക്കാണ്.

1958 ലെ കേരള ഭൂസംരക്ഷണ നിയമം, ഭൂപരിഷ്‌ക്കരണ നിയം 1969, ഫെറ നിയമം പ്രാബല്യത്തില്‍ വന്നതോട് കൂടി മലയാളം പ്ലാന്റേഷന്‍സ് (UK ) ലിമിറ്റഡ് കമ്പനിക്ക് തങ്ങള്‍ അനധികൃതമായി കൈവശം വെച്ചിരിക്കുന്ന ഭൂമി സര്‍ക്കാര്‍ ഏറ്റെടുക്കുമെന്ന് ഉറപ്പായി. ഇതിനെ മറികടക്കുന്നതിന് വേണ്ടിയാണ് മലയാളം പ്ലാന്റേഷന്‍സ് (UK ) ലിമിറ്റഡ് കമ്പനി തങ്ങളുടെ ഓഫീസിലെ ഇന്ത്യക്കാരായ ഉദ്യോഗസ്ഥരെ ഡയറക്ടര്‍മാരായി നിയമിച്ചുകൊണ്ട് 1978 ജനുവരി 5 ന് മലയാളം പ്ലാന്റേഷന്‍സ് ( ഇന്ത്യ ) ലിമിറ്റഡ് എന്ന പുതിയ കമ്പനി രജിസ്റ്റര്‍ ചെയ്യുന്നത്. ഇതോടോപ്പം തന്നെ ഹാരിസണ് ക്രൊസ്ഫീല്‍ഡ് (ഇന്ത്യ ) ലിമിറ്റഡ് എന്ന കമ്പനിയും കൊച്ചി ആസ്ഥാനമായി രജിസ്റ്റര്‍ ചെയ്തു. 9 / 4 / 1979 ല്‍ കേരളം ഹൈക്കോടതിയില്‍ സമര്‍പ്പിക്കപ്പെട്ട 545 / 78 നമ്പര്‍ ഹര്‍ജിയിലൂടെ മലയാളം പ്ലാന്റേഷന്‍സ് (ഇന്ത്യ ) ലിമിറ്റഡ് കമ്പനിയില്‍ ലയിപ്പിച്ചു. 19 / 09 / 1984 ലെ CA 35 /1983 നമ്പര്‍ ഹര്‍ജിയിലൂടെ ഹാരിസണ് ക്രൊസ്ഫീല്‍ഡ് (ഇന്ത്യ ) ലിമിറ്റഡ് എന്ന കമ്പനിയും മലയാളം പ്ലാന്റേഷന്‍സ് ( ഇന്ത്യ ) ലിമിറ്റഡ് എന്ന കമ്പനിയില്‍ ലയിപ്പിച്ചു . ഈ ലയങ്ങളുടെ അടിസ്ഥാനത്തില്‍ ആണ് 29/ 10 / 1984 ല്‍ ഹാരിസണ് മലയാളം ലിമിറ്റഡ് കമ്പനി നിലവില്‍ വരുന്നത്. ഇതെല്ലാം കോടതിയ്ക്ക് ബോധ്യപ്പെട്ടതുകൊണ്ടാണ് കോടതി ഭൂമി ഏറ്റെടുക്കാന്‍ ഉത്തരവിടുന്നത്. ഈ നടപടികളെ മുഴുവനാണ് തോട്ടം കോര്‍പറേറ്റുകള്‍ക്ക് വേണ്ടി ഇടതുപക്ഷ സര്‍ക്കാര്‍ അട്ടിമറിക്കുകയാണു.

ഫേസ് ബുക്ക് പോസ്റ്റ്്

 

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Latest news | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply