
നിര്‍ഭയയുടെ ഓര്‍മ്മകള്‍ക്ക് ഒരു വയസ്സാകുമ്പോള്‍
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പതിമൂന്നാം വര്‍ഷത്തേക്ക് കടന്നിരിക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2025 - 26 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in
തലസ്ഥാനനഗരിയില്‍ നടന്ന ലോകത്തെ നടുക്കിയ കൂട്ടബലാല്‍സംഗവും കൊലപാതകവും നടന്ന് ഒരു വര്‍ഷം തികയുമ്പോഴും രാജ്യത്ത് സത്രീകള്‍ക്കുനേരെയുള്ള അതിക്രമങ്ങള്‍ അനുദിനം വര്‍ദ്ധിക്കകുയാണെന്നതാണ് ദുഖസത്യം. ഡെല്‍ഹിയില്‍ തന്നെ രജിസ്റ്റര്‍ ചെയ്യുന്ന ബലാല്‍സംഗ കേസുകളുടെ എണ്ണം ഇരട്ടിയായതായി റിപ്പോര്‍ട്ടുണ്ട്. കഴിഞ്ഞ ഡിസംബറിനുശേഷം രാജ്യ തലസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്തിരിക്കുന്ന കേസുകളുടെ എണ്ണം 1493 ആണ്. ഇത് നവംബര്‍ 30 വരെയുള്ള കേസുകളുടെ കണക്കാണ്. സ്ത്രീപീഡനക്കേസുകളിലും വന്‍ വര്‍ദ്ധനവാണ് ഉണ്ടായിരിക്കുന്നത്. കഴിഞ്ഞ ഡിസംബര്‍ മുതല്‍ ഈ വര്‍ഷം നവംബര്‍ വരെ മാത്രം ഏതാണ്ട് 3,237 കേസുകളാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. തൊട്ട് മുന്‍പത്തെ വര്‍ഷം 625 കേസുകള്‍ രജിസ്റ്റര്‍ ചെയ്ത തലസ്ഥാനത്താണ് കഴിഞ്ഞ വര്‍ഷം മാത്രം ഇത്രയേറെ കേസുകള്‍ രജിസ്റ്റര്‍ ചെയ്തത്. 2012ല്‍ ആകെ 706 ബലാല്‍സംഗ കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. 2011ല്‍ ഇത് 572ഉം 2010ല്‍ 507 ഉം ആയിരുന്നു.
ഡെല്‍ഹിയില്‍ മാത്രമല്ല, മറ്റു നഗരങ്ങളിലും ഗ്രാമപ്രദേശങ്ങളിലൊന്നും സ്ഥിതി വ്യത്യസ്ഥമല്ല. കൊച്ചുകുട്ടികള്‍ വയോവൃദ്ധകള്‍ വരെ പീഡിപ്പിക്കപ്പെടുന്നു. രാഷ്ട്രീയനേതാക്കള്‍ മുതല്‍ പുരോഹിതരും അധ്യാപകരും പത്രാധിപരും പിതാവും ബന്ധുക്കളും എന്തിന് പ്രായപൂര്‍ത്തിയാകാത്തവര്‍ വരെ പീഡനകേസുകളില്‍ പ്രതികളാകുന്നു. സ്വന്തം വീടും സ്‌കൂളും ഓഫീസുമെല്ലാം അവര്‍ക്ക് അരക്ഷിതമാകുന്നു. സ്വാതന്ത്ര്യം നേടി 66 വര്‍ഷം കഴിഞ്ഞിട്ടും ജനസംഖ്യയില്‍ പകുതി വരുന്ന വിഭാഗത്തിന് സ്വതന്ത്രമായി വഴി നടക്കാന്‍ പോലും കഴിയാത്ത അവസ്ഥയായി മാറിയിരിക്കുന്നു.
ബലാല്‍സംഗ കേസുകള്‍ ഇരട്ടിയായപ്പോള്‍ കഴിഞ്ഞ പതിമൂന്ന് വര്‍ഷത്തിനിടയില്‍ ഏറ്റവും കൂടുതല്‍ ബലാല്‍സംഗ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത് ഈ വര്‍ഷമാണ്. രജിസ്റ്റര്‍ ചെയ്ത കേസുകളുടെ മാത്രം കണക്കുകള്‍ വെച്ചാണ് പോലീസ് റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്. സ്വാഭാവികമായും കേസുകളുമായി രംഗത്തുവരാന്‍ സ്ത്രീകള്‍ തയ്യാറാകുന്നുണ്ട് എന്നത് നല്ല കാര്യം. അതേസമയം രജിസ്റ്റര്‍ ചെയ്യപ്പെടാത്ത കേസുകളുടെ എണ്ണം ഇതിലേറെയായിരിക്കുമെന്നും അധികൃതര്‍ വ്യക്തമാക്കുന്നു.
എന്തുതന്നെയായാലും ഏറെ കൊട്ടിഘോഷിക്കപ്പെടുന്ന ഇന്ത്യന്‍ ജനാധിപത്യത്തിന് ഏറെ കളങ്കമാണ് സ്ത്രീകള്‍ക്കെതിരായി വര്‍ദ്ധിച്ചുവരുന്ന കടന്നാക്രമണങ്ങള്‍. ഒരു വിഭാഗത്തിന്റെ പ്രാഥമികമായ മനുഷ്യാവകാശങ്ങളും ജനാധിപത്യാവകാശങ്ങളും നിഷേധിക്കുന്ന ഒരു സംവിധാനത്തെ എങ്ങനെ ജനാധിപത്യമെന്നു വിളിക്കാന്‍ കഴിയും? നമ്മുടെ ജനാധിപത്യസംവിധാനം ഇനിയും എത്രയോ മുന്നോട്ടുപോകാനുണ്ടെന്നാണ് ഈ സംഭവങ്ങള്‍ തെളിയിക്കുന്നത്. തീര്‍ച്ചയായും ഡെല്‍ഹി സംഭവത്തിനുശേഷം രാജ്യം കണ്ട പ്രതിഷേധങ്ങള്‍ പുതിയൊരു പ്രതീക്ഷ നല്‍കുന്നുണ്ട്. ആ മുന്നേറ്റങ്ങള്‍ മുന്നോട്ടുകൊണ്ടുപോകാനുള്ള ദൃഢനിശ്ചയമാണ് ഈയവസരത്തില്‍ എടുക്കേണ്ടത്.