നാം സ്വീകരിച്ച വികേന്ദ്രീകരണം ഗാന്ധിയുടേതല്ല, പോപ്പിന്റേതാണ്
ഡോ. പി.കെ. മൈക്കിള്‍ തരകന്‍ ഇന്ത്യയില്‍ അധികാര വികേന്ദ്രീകരണത്തിന് വഴിതുറന്ന 73, 74 ഭരണഘടനാ ഭേദഗതികള്‍ എന്തുകൊണ്ട് ഗാന്ധിയന്‍ സങ്കല്‍പ്പത്തിലുള്ള ഭേദഗതിയല്ല എന്നും, പോപ്പ് പയസ് പതിനൊന്നാമന്റെ വികേന്ദ്രീകരണ കാഴ്ച്ചപ്പാടില്‍ ഊന്നുന്ന ഭേദഗതിയാണെന്നും വിശദമാക്കുന്നു ഞാന്‍ ഒരു ഗാന്ധിയനല്ല. ഗാന്ധി നിഷ്‌കര്‍ഷിച്ച ജീവിതരീതികള്‍ പിന്തുടരുന്നയാളുമല്ല. ബാഗ്ലൂരിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഫോര്‍ സോഷ്യല്‍ ആന്റ് ഇക്കണോമിക് ചെയ്ഞ്ച് എന്ന സ്ഥാപനത്തിലെ രാമകൃഷ്ണ ഹെഗ്‌ഡെ ചെയര്‍ ഫോര്‍ ഡീസെന്‍ട്രലൈസേഷന്‍ എന്ന സ്ഥാപനത്തില്‍ ഏറെക്കാലം പ്രവര്‍ത്തിച്ചിരുന്നു എന്നതാണ് ഗാന്ധിയന്‍ മാതൃകയിലുള്ള വികേന്ദ്രീകരണ […]
ഇന്ത്യയില്‍ അധികാര വികേന്ദ്രീകരണത്തിന് വഴിതുറന്ന 73, 74 ഭരണഘടനാ ഭേദഗതികള്‍ എന്തുകൊണ്ട് ഗാന്ധിയന്‍ സങ്കല്‍പ്പത്തിലുള്ള ഭേദഗതിയല്ല എന്നും, പോപ്പ് പയസ് പതിനൊന്നാമന്റെ വികേന്ദ്രീകരണ കാഴ്ച്ചപ്പാടില്‍ ഊന്നുന്ന ഭേദഗതിയാണെന്നും വിശദമാക്കുന്നു
ഞാന്‍ ഒരു ഗാന്ധിയനല്ല. ഗാന്ധി നിഷ്‌കര്‍ഷിച്ച ജീവിതരീതികള്‍ പിന്തുടരുന്നയാളുമല്ല. ബാഗ്ലൂരിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഫോര്‍ സോഷ്യല്‍ ആന്റ് ഇക്കണോമിക് ചെയ്ഞ്ച് എന്ന സ്ഥാപനത്തിലെ രാമകൃഷ്ണ ഹെഗ്‌ഡെ ചെയര്‍ ഫോര്‍ ഡീസെന്‍ട്രലൈസേഷന്‍ എന്ന സ്ഥാപനത്തില്‍ ഏറെക്കാലം പ്രവര്‍ത്തിച്ചിരുന്നു എന്നതാണ് ഗാന്ധിയന്‍ മാതൃകയിലുള്ള വികേന്ദ്രീകരണ ആശയങ്ങളുമായുള്ള എന്റെ ബന്ധം. 1908ലാണ് ഹിന്ദ് സ്വരാജ് എന്ന പുസ്തകത്തിലൂടെ ഗാന്ധി വികേന്ദ്രീകരണത്തെക്കുറിച്ചുള്ള തന്റെ ആശയങ്ങള്‍ ആദ്യമായി പങ്കുവയ്ക്കുന്നത്. തുടര്‍ന്നും പല അവസരങ്ങളിലും ആ ചിന്തകള്‍ അദ്ദേഹം പങ്കുവയ്ക്കുകയും വികസിപ്പിക്കുകയും ചെയ്തിട്ടുണ്ട്. യങ്ഇന്ത്യയിലും ഹരിജനിലും എഴുതിയ ലേഖനങ്ങള്‍ ഗാന്ധിയുടെ ഗ്രാമസ്വരാജ് ചിന്തകളെ കൂടുതല്‍ അഗാധമായ തലങ്ങളിലേക്ക് വിപുലീകരിച്ചിട്ടുണ്ട്. ഗ്രാമസ്വരാജിനെക്കുറിച്ച് ഗാന്ധി എഴുതിയിട്ടുള്ള ലേഖനങ്ങള്‍ സമാഹരിച്ചുകൊണ്ട് 1962ല്‍ നവജീവന്‍ ഒരു പുസ്തകം പുറത്തിറക്കിയിരുന്നു. വികേന്ദ്രീകരണത്തെക്കുറിച്ചുള്ള ഗാന്ധിയുടെ കാഴ്ച്ചപ്പാടുകളെക്കുറിച്ച് വ്യക്തമായ ഒരു ചിത്രം ആ പുസ്തകം നമുക്ക് നല്‍കുന്നുണ്ട്.
വികേന്ദ്രീകരണത്തെക്കുറിച്ചുള്ള ചിന്തകള്‍ ഗാന്ധി ആദ്യമായി അവതരിപ്പിക്കപ്പെട്ട 1908-09 എന്ന കാലത്തെക്കുറിച്ച് ചില കാര്യങ്ങള്‍ ആലോചിക്കേണ്ടതായുണ്ട്. ഇന്ത്യയെ സംബന്ധിച്ച് അതൊരു പ്രധാനപ്പെട്ട കാലമായിരുന്നു. 1857ല്‍ ഈസ്റ്റ് ഇന്ത്യ കമ്പനിയില്‍ നിന്നും ബ്രിട്ടീഷ് രാജ്ഞി ഇന്ത്യയുടെ ഭരണം ഏറ്റെടുത്തശേഷം ഏറെ പ്രയാസപ്പെട്ടാണ് അവര്‍ ഭരണകാര്യങ്ങള്‍ മുന്നോട്ടുകൊണ്ടുപോയിരുന്നത്. ഈസ്റ്റ് ഇന്ത്യ കമ്പനി വരുത്തിവച്ച ഭീമമായ കടം വീട്ടാതെ മുന്നോട്ടുപോകാന്‍ സര്‍ക്കാറിന് കഴിയാത്ത സ്ഥിതിയുണ്ടായി. വൈസ്രോയിയുടെ കൗണ്‍സിലിലേക്ക് ഫിനാന്‍സ് മെമ്പറായി ജെയിംസ് വില്‍സ് എന്നൊരു അകൗണ്ടന്റിനെ ഇംഗ്ലണ്ടില്‍ നിന്നും കൊണ്ടുവന്നു. സാമ്പത്തിക പ്രശ്‌നം പരിഹരിക്കുക എന്ന ഉദ്ദേശത്തോടെയായിരുന്നു അദ്ദേഹത്തെ നിയമിച്ചത്. അതിനായി രണ്ട് നിര്‍ദ്ദേശങ്ങളാണ് അദ്ദേഹം സര്‍ക്കാറിന് മുന്നില്‍ അവതരിപ്പിച്ചത്. ഒന്ന്, ചിലവ് ചുരുക്കുക. രണ്ട്, ഭരണത്തെ വികേന്ദ്രീകരിക്കുക. അതായത്, ഗ്രാമതലങ്ങളിലുള്ള വികസന പ്രവര്‍ത്തനങ്ങള്‍ ആ നാട്ടില്‍ നിന്നുള്ള വിഭവങ്ങള്‍ ഉപയോഗിച്ചുതന്നെ നടത്തുക. അക്കാര്യങ്ങളില്‍ സര്‍ക്കാര്‍ ഇടപെടാതിരുന്നാല്‍ തന്നെ സര്‍ക്കാറിന്റെ സാമ്പത്തികഭാരം വലിയ രീതിയില്‍ കുറയ്ക്കാന്‍ കഴിയും എന്നായിരുന്നു അദ്ദേഹത്തിന്റെ വിലയിരുത്തല്‍. 1857-58 കാലത്താണ് ഈ നിര്‍ദ്ദേശങ്ങള്‍ മുന്നോട്ട് വയ്ക്കപ്പെടുന്നത്. ഇതിന് സമാനമായ ഒരു സംഗതി സ്വാതന്ത്ര്യാനന്തര ഇന്ത്യയിലും സംഭവിക്കുന്നുണ്ട്. 1991-92 കാലഘട്ടത്തില്‍ താറുമാറായ സാമ്പത്തിക സ്ഥിതിയില്‍ നിന്നും ഇന്ത്യയെ കരകയറ്റുന്നതിനായി അന്നത്തെ പ്രധാനമന്ത്രിയായിരുന്ന നരസിംഹറാവു ഒരു സാമ്പത്തിക വിദഗ്ധനെ ഇന്ത്യയിലേക്ക് കൊണ്ടുവന്നു. ധനമന്ത്രിയായി നിയോഗിക്കപ്പെട്ട ഡോ. മന്‍മോഹന്‍ സിംഗ് എന്ന ആ സാമ്പത്തിക വിദഗ്ധന്‍ രണ്ട് നിര്‍ദ്ദേശങ്ങള്‍ മുന്നോട്ടുവച്ചു. ഒന്ന് ചിലവ് ചുരുക്കുക, രണ്ട് ഭരണത്തെ വികേന്ദ്രീകരിക്കുക. അതിനെ തുടര്‍ന്നാണ് അധികാര വികേന്ദ്രീകരണത്തിന് ആക്കം കൂട്ടിയ ഭരണഘടനയുടെ 73, 74 ഭേദഗതികള്‍ 1992ല്‍ നിലവില്‍ വരുന്നത്. ചരിത്രം പഠിക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് ഈ രണ്ട് സംഭവങ്ങളിലുമുള്ള താരതമ്യം കാണാതിരിക്കാന്‍ കഴിയില്ല.
1857-58 കാലത്തുതന്നെ ബ്രിട്ടീഷ് സര്‍ക്കാരും വികേന്ദ്രീകരണ പരിപാടികള്‍ക്ക് പലരീതിയിലും തുടക്കമിട്ടിരുന്നു. വ്യക്തമായ ഒരു മുഖം അതിന് ലഭിച്ചത് 1882ല്‍ ആണ്. ലോഡ് റിപ്പണ്‍ വൈസ്രോയിയായി നിയമിതനായ സമയമായിരുന്നു അത്. ഇന്ത്യയിലെമ്പാടും അധികാരവികേന്ദ്രീകരണം നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട് അദ്ദേഹം നിര്‍ണ്ണായകമായ ചില തീരുമാനങ്ങള്‍ കൈക്കൊണ്ടു. ദേശീയ പ്രസ്ഥാനത്തിന്റെ ഭാഗമായി നിന്നിരുന്ന പല നേതാക്കന്മാരും അതില്‍ ആകൃഷ്ടരാവുകയും ചെയ്തു. ഫിറോസ്ഷാ മേത്ത, സുരേന്ദ്ര ബാനര്‍ജി, ബാലഗംഗാധരന്‍ തിലകന്‍ തുടങ്ങിയ സ്വാതന്ത്ര്യസമര സേനാനികള്‍ ഇംഗ്ലണ്ടില്‍ അക്കാലത്ത് പ്രബലമായിരുന്ന ലിബറല്‍ കക്ഷിയുടെ പ്രതിനിധിയായ ലോഡ് റിപ്പണിന്റെ വികേന്ദ്രീകൃത നയങ്ങളെ പിന്തുണച്ചു. വില്യം ഗ്ലാഡ്‌സ്റ്റോണ്‍ എന്ന പ്രമുഖനായ ബ്രിട്ടീഷ് ലിബറല്‍ രാഷ്ട്രീയ ചിന്തകന്റെ അനുയായി ആയിരുന്നു റിപ്പണ്‍. ആ ലിബറല്‍ രാഷ്ട്രീയ നയമാണ് അധികാര വികേന്ദ്രീകരണത്തിലൂടെ റിപ്പണ്‍ ഇവിടെ നടപ്പിലാക്കാന്‍ ശ്രമിച്ചത്. ഇന്ത്യയുടെ വിവിധ പ്രദേശങ്ങളില്‍ അനുദിനം വളര്‍ന്നുവന്നുകൊണ്ടിരിക്കുന്ന മധ്യവര്‍ഗ്ഗം ഭാവിയില്‍ ബ്രിട്ടീഷുകാരോട് ഇന്ത്യ വിട്ടുപോകാന്‍ ആവശ്യപ്പെടുമെന്നും അത്തരത്തിലുള്ള അവരുടെ വളര്‍ച്ചയ്ക്ക് തടയിടണമെങ്കില്‍ ബ്രിട്ടീഷ് ഭരണം ഒരു അനിവാര്യതയായി അവരെക്കൊണ്ട് അംഗീകരിപ്പിച്ചെടുക്കുകയാണ് വേണ്ടതെന്നുമുള്ള പദ്ധതിയായിരുന്നു റിപ്പണിന്റെ ഉള്ളിലുണ്ടായിരുന്നത്. പ്രാദേശികതലത്തിലുള്ള ഭരണക്രമവുമായി മധ്യവര്‍ഗ്ഗത്തെ ബന്ധിപ്പിക്കുക എന്നതാണ് അതിനുള്ള ഏറ്റവും നല്ല മാര്‍ഗ്ഗമായി അദ്ദേഹം മനസ്സില്‍ കണ്ടത്. പ്രാദേശിക ഭരണകൂടങ്ങളിലെല്ലാം അവര്‍ക്ക് പലവിധത്തിലുള്ള സ്ഥാനങ്ങള്‍ നല്‍കി. ഇന്ത്യാക്കാരുടെ പങ്കാളിത്തം പ്രാദേശിക ഭരണത്തില്‍ ഒതുക്കി നിര്‍ത്തുകയും ഇന്ത്യയില്‍ ഒരു ഹോംറൂള്‍ ഉണ്ടാവുകയാണെങ്കില്‍ അതിനെ ബ്രിട്ടീഷ് ഭരണത്തിന്റെ അധീനതയില്‍ നിര്‍ത്തുകയുമായിരുന്നു അദ്ദേഹത്തിന്റെ ലക്ഷ്യം. ദേശീയപ്രസ്ഥാനത്തിന്റെ തന്നെ നേതാക്കന്മാര്‍ ഈ വികേന്ദ്രീകരണത്തെ അംഗീകരിക്കുകയും സ്വാഗതം ചെയ്യുകയും ചെയ്തു എന്നതാണ് ശ്രദ്ധിക്കേണ്ട കാര്യം. ഈ പദ്ധതിയുടെ വളര്‍ച്ച വളരെ ശ്രദ്ധാപൂര്‍വ്വം നിരീക്ഷിക്കുകയും അതിനോട് പ്രതികരിക്കുകയും ചെയ്ത നേതാവായിരുന്നു ഗാന്ധി. രാഷ്ട്രീയ തന്ത്രജ്ഞത നന്നായുണ്ടായിരുന്ന ഗാന്ധി, ഈ ഗ്ലാഡ്‌സ്റ്റോണിയന്‍ ലിബറല്‍ നടപടി അപ്പാടെ ബഹിഷ്‌കരിക്കണം എന്നുതന്നെ ആഹ്വാനം ചെയ്തു. ഇത് നമ്മെ അടിമകളാക്കി നിര്‍ത്തുന്നതിനുള്ള പരിപാടിയാണെന്നും ഇന്ത്യയുടെ ഗ്രാമങ്ങള്‍ എക്കാലത്തും സ്വതന്ത്ര റിപ്പബ്ലിക്കുകളായിരുന്നുവെന്നും അദ്ദേഹം എഴുതി. ഗ്രാമങ്ങള്‍ സ്വതന്ത്ര റിപ്പബ്ലിക്കുകളായിരുന്നു എന്ന വസ്തുത ബ്രിട്ടീഷ് ഭരണാധികാരികള്‍ വരെ അംഗീകരിച്ചിരുന്ന കാര്യമാണ്. കേന്ദ്രീകൃതമായ ഒരു ഭരണകൂടത്തെ ആശ്രയിക്കാതെ നിലനില്‍ക്കാന്‍ ഇന്ത്യന്‍ ഗ്രാമങ്ങള്‍ക്ക് കരുത്തുണ്ട് എന്ന് പല ബ്രിട്ടീഷ് ഭരണാധികാരികളും ഇന്ത്യയുടെ പല ഭാഗത്ത്‌നിന്നുള്ള അനുഭവങ്ങളുടെ പശ്ചാത്തലത്തില്‍ എഴുതിയിട്ടുണ്ട്. എന്നാല്‍ പുതിയ രാഷ്ട്രീയ, സാമൂഹിക പുനരുദ്ധാരണത്തിനുള്ള പ്രമേയമായി ഗ്രാമങ്ങളുടെ ആ സ്വയംപര്യാപ്തതയെ ഉപയോഗപ്പെടുത്തിയത് ഗാന്ധിയാണ്. ”എന്റെ സ്വപ്‌നത്തിലുള്ള ഗ്രാമസ്വരാജ് സ്വതന്ത്ര ഗ്രാമീണ റിപ്പബ്ലിക്കുകളിലൂടെയാണ് സാധ്യമാവുക” എന്ന് 1942 ജൂലായ് 26ന് അദ്ദേഹം ഹരിജനില്‍ എഴുതി. ഗാന്ധിയുടെ വിശകലനം ചരിത്രപരമായി ശരിയായിരുന്നില്ല. ഗാന്ധി കരുതിയിരുന്ന രീതിയില്‍ ഇന്ത്യയിലെ ഗ്രാമങ്ങള്‍ സ്വതന്ത്രമായിരുന്നില്ല എന്നതായിരുന്നു വാസ്തവം. പല ചരിത്രകാരന്മാരും പില്‍ക്കാലത്ത് അതിനെക്കുറിച്ച് ഗവേഷണം നടത്തിയിട്ടുണ്ട്. ഇന്ത്യന്‍ ഗ്രാമങ്ങളെക്കുറിച്ച് അവര്‍ കണ്ടെത്തിയ പല കാര്യങ്ങളും ഗാന്ധിയുടെ സങ്കല്‍പ്പങ്ങള്‍ക്ക് എതിരായിരുന്നു. പിന്നെ എന്തുകൊണ്ടാണ് ഗാന്ധിയുടെ വികേന്ദ്രീകരണത്തെക്കുറിച്ചുള്ള സങ്കല്‍പ്പം മഹത്തരമായിരുന്നു എന്നു പറയുന്നത്. കാരണം അതൊരു രാഷ്ട്രീയ തുറുപ്പുചീട്ടായിരുന്നു. ഇന്ത്യയിലെ കോടാനുകോടി വരുന്ന ഗ്രാമീണ ജനങ്ങളോട്, നിങ്ങള്‍ക്ക് സ്വതന്ത്രമായൊരു പശ്ചാത്തലമുണ്ടായിരുന്നെന്നും അത് വീണ്ടെടുക്കാന്‍ ശ്രമിക്കുകയാണെങ്കില്‍ നിങ്ങള്‍ക്ക് നിങ്ങളെ തന്നെ ഭരിക്കാന്‍ കഴിയുമെന്നുമായിരുന്നു ഗാന്ധി പറയാന്‍ ശ്രമിച്ചത്. ഓരോ ഗ്രാമങ്ങളും സ്വതന്ത്രമായാല്‍ കൊളോണിയല്‍ സര്‍ക്കാര്‍ ദുര്‍ബലമാകുമെന്നും അദ്ദേഹത്തിന് അറിയുമായിരുന്നു.
1925ല്‍ യംഗ് ഇന്ത്യയില്‍ ഗാന്ധി എഴുതി, ”-self government means continuous efforts to be independent from government control, whether it is a foreign government or a national government.” അദ്ദേഹത്തിന്റെ വിപ്ലവാഹ്വാനം ബ്രിട്ടീഷ് സര്‍ക്കാറിനെതിരെ മാത്രമായിരുന്നില്ല എന്നാണ് ഇതില്‍ നിന്നും വ്യക്തമാകുന്നത്. സ്വാതന്ത്ര്യാനന്തരം വരുന്ന ഇന്ത്യന്‍ സര്‍ക്കാറും കേന്ദ്രീകൃതമാകരുത് എന്ന് അദ്ദേഹം പറഞ്ഞുവയ്ക്കുകയായിരുന്നു. അന്ന് ഇക്കാര്യം മനസ്സിലാക്കാന്‍ മിക്കവര്‍ക്കും കഴിയാതെ പോയി. ഇന്ന് കേന്ദ്രസര്‍ക്കാറിന്റെ അത്യന്തം കേന്ദ്രീകൃത നടപടികള്‍ മൂലം ദുരിതമനുഭവിക്കുന്നവര്‍ക്കെല്ലാം ഗാന്ധി പറഞ്ഞത് മനസ്സിലാകുന്നുണ്ട്.
1940ല്‍ ഇന്ത്യ സ്വാതന്ത്ര്യം നേടും എന്ന പ്രതീക്ഷ വ്യാപകമായ സമയത്ത് വരാനിരിക്കുന്ന ഇന്ത്യന്‍ ഭരണഘടനയില്‍ ഈ ദര്‍ശനം എഴുതിച്ചേര്‍ക്കാന്‍ ഗാന്ധി തന്നെ പരിശ്രമിച്ചിരുന്നു. ശ്രീമന്‍ നാരായണന്‍ എന്ന അദ്ദേഹത്തിന്റെ ശിഷ്യന്‍ ഒരു ഗാന്ധിയന്‍ ഭരണഘടന തന്നെ എഴുതിയുണ്ടാക്കി. അതൊന്നും ഭരണഘടനാ അസംബ്ലി സ്വീകരിച്ചില്ല. ഡോ. അംബേദ്കര്‍ ഉള്‍പ്പെടെയുള്ളവര്‍ ഗാന്ധി മുന്നോട്ടുവച്ച ആശയങ്ങളെ ശക്തമായി എതിര്‍ത്തു. ഗാന്ധിയുടെ ദര്‍ശനത്തെയല്ല, അതിന്റെ അനുഭവമൂലമായ പശ്ചാത്തലത്തെയാണ് (empirical background) അംബേദ്കര്‍ മുഖ്യമായും എതിര്‍ത്തത്. ഗ്രാമങ്ങള്‍ സ്വതന്ത്ര റിപ്പബ്ലിക്കുകളായിരുന്നു എന്ന ഗാന്ധിയുടെ വിലയിരുത്തലിലെ ചരിത്രപരമായ തെറ്റാണ് അംബേദ്കര്‍ ചൂണ്ടിക്കാണിക്കാന്‍ ശ്രമിച്ചത്. തലമുറകളായി ജാതിപരമായ ഉച്ചനീചത്വങ്ങള്‍ തുടരുന്ന ഗ്രാമങ്ങളെ ഭരണത്തിന്റെ അടിസ്ഥാന യൂണിറ്റായി സ്വീകരിച്ചാല്‍ ഭരണഘടന ദുര്‍ബലമാകുമെന്നും ഇന്ത്യ ദുര്‍ബലപ്പെടുമെന്നുമാണ് അംബേദ്കര്‍ ചിന്തിച്ചിരുന്നത്.
എന്നാല്‍ സ്വതന്ത്ര ഇന്ത്യ ഗാന്ധിയുടെ അധികാര വികേന്ദ്രീകരണ ദര്‍ശനങ്ങളെ പാടെ നിരാകരിക്കാന്‍ കാരണം അംബേദ്കറല്ല, നെഹ്‌റു തന്നെയായിരുന്നു. ഹിന്ദ്‌സ്വരാജ് എന്ന പുസ്തകത്തില്‍ താന്‍ ഉന്നയിച്ചിരുന്ന ആശയങ്ങള്‍ ഭരണഘടനയുടെ ഭാഗമാക്കണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് 1946ല്‍ ഗാന്ധി നെഹ്‌റുവിന് ഒരു കത്ത് അയയ്ക്കുന്നുണ്ട്. 1908ല്‍ എഴുതിയ കാര്യങ്ങള്‍ക്ക് കാലപ്പഴക്കം വന്നുവെന്നും പാര്‍ലമെന്ററി ജനാധിപത്യ സംവിധാനത്തിനുള്ളില്‍ ഹിന്ദ് സ്വരാജില്‍ പറയുന്ന ആശയങ്ങളെ ഉള്‍ക്കൊള്ളിക്കാന്‍ കഴിയില്ലെന്നുമാണ് നെഹ്‌റു ഗാന്ധിക്ക് മറുപടി നല്‍കിയത്. ഭരണഘടനാ നിര്‍മ്മാണ സഭ ഗാന്ധിയുടെ ആശയങ്ങളെയെല്ലാം ഭരണഘടനയിലെ നിര്‍ദ്ദേശക തത്വങ്ങള്‍ എന്ന ഇടത്തിലേക്ക് ചുരുക്കുകയും ചെയ്തു. ഒരിക്കലും ചെയ്യാന്‍ കഴിയാത്തതും ചെയ്യണമെന്ന് ആഗ്രഹിക്കുന്നതുമായ കാര്യങ്ങള്‍ക്കുള്ള ഇടമാണ് നിര്‍ദ്ദേശക തത്വങ്ങളെന്ന് രാഷ്ട്രമീമാംസ പഠിക്കുന്നവര്‍ തമാശയായി പറയാറുണ്ട്. ഗ്രാമീണ മേഖലയ്ക്കായി കമ്മ്യൂണിറ്റി ഡവലപ്‌മെന്റ് ആന്റ് നാഷണല്‍ എക്സ്റ്റന്‍ഷന്‍ എന്ന പദ്ധതി രൂപീകരിച്ചുകൊണ്ട് ഗാന്ധിയന്മാരെ സ്വതന്ത്ര ഇന്ത്യ തൃപ്തിപ്പെടുത്തുകയും ചെയ്തു. ഗാന്ധിയന്‍ ദര്‍ശനങ്ങളുമായി ബന്ധമില്ലാത്ത ഈ പരിപാടിയുമായി പല ഗാന്ധിയന്മാരും സഹകരിക്കുകയും ചെയ്തു. ഇതിലെ പല പദ്ധതികള്‍ക്കും അമേരിക്കന്‍ സര്‍ക്കാറിന്റെ സാമ്പത്തിക സഹായവും ലഭിച്ചു. എസ്.കെ. ഡെ ആയിരുന്നു കമ്മ്യൂണിറ്റി ഡവലപ്‌മെന്റ് ആന്റ് നാഷണല്‍ എക്സ്റ്റന്‍ഷന്‍ പരിപാടിയുടെ പ്രോജക്ട് ഓഫീസര്‍. പിന്നീട് കേന്ദ്രമന്ത്രിയായ ഇദ്ദേഹം ഗാന്ധിയന്‍ ആശയങ്ങള്‍ എന്ന പേരിലാണ് അമേരിക്കന്‍ സഹായത്തോടെയുള്ള ഈ പരിപാടിക്ക് പ്രചാരണം കൊടുത്തത്. കമ്മ്യൂണിറ്റി ഡവലപ്‌മെന്റ് ആന്റ് നാഷണല്‍ എക്സ്റ്റന്‍ഷന്‍ പരിപാടിയെക്കുറിച്ച് പഠിക്കുന്നതിനായി 1957ല്‍ നിയോഗിക്കപ്പെട്ട ബല്‍വന്ത് റായ് മേത്ത കമ്മിറ്റിയാണ് ഗാന്ധിയന്‍ ആശയങ്ങള്‍ക്ക് ഒരു പുനരുജ്ജീവനം സ്വതന്ത്ര ഇന്ത്യയില്‍ നല്‍കുന്നത്. വികേന്ദ്രീകരണത്തെക്കുറിച്ചുള്ള ഗാന്ധിയന്‍ ആശയങ്ങള്‍ക്ക് വിരുദ്ധമായ രീതിയിലാണ് കാര്യങ്ങള്‍ നീങ്ങുന്നതെന്ന് കമ്മിറ്റി വിമര്‍ശിക്കുകയും അധികാര വികേന്ദ്രീകരണം പൂര്‍ത്തിയാക്കുന്നതിനായി പഞ്ചായത്തീരാജ് സംവിധാനം നടപ്പിലാക്കണമെന്ന് നിര്‍ദ്ദേശിക്കുകയും ചെയ്തു.
മറ്റൊരു വികേന്ദ്രീകൃത ആശയം നോക്കാം. 1931ല്‍ റോമന്‍ കത്തോലിക്ക സഭയുടെ അന്നത്തെ അധിപനായിരുന്ന പോപ്പ് പയസ് പതിനൊന്നാമന്‍ ഒരു ചാക്രിക ലേഖനം എഴുതി (Quadragesimo anno). സബ്‌സിഡിയെ അടിസ്ഥാനപ്പെടുത്തിയുള്ള ഒരു വികേന്ദ്രീകൃത ഭരണക്രമമാണ് മതത്തിന് പുറത്തുള്ള ചാക്രിക ലോകത്തിന് ആവശ്യമെന്നാണ് പോപ്പ് അതിലൂടെ പറഞ്ഞത്. ശക്തമായ ഒരു രാഷ്ട്രീയ അഭിപ്രായമായാണ് അത് വിലയിരുത്തപ്പെട്ടത്. കാരണം സഭയ്ക്ക് അന്ന് രണ്ട് ശത്രുക്കളെ നേരിടേണ്ടതുണ്ടായിരുന്നു. ഒന്ന് സോവിയറ്റ് യൂണിയനില്‍ അധികാരത്തില്‍ വന്ന സോഷ്യലിസ്റ്റ് ഭരണകൂടം. മറ്റൊന്ന് ജര്‍മ്മനിയില്‍ ശക്തിപ്രാപിച്ചുകൊണ്ടിരുന്ന നാസികള്‍. ഈ രണ്ട് സംഗതികളും വളരെയധികം കേന്ദ്രീകൃതമായിരുന്നു. അതിനെതിരെയുള്ള ഒരു വികേന്ദ്രീകൃത ചിന്തയായിരുന്നു മാര്‍പ്പാപ്പ അവതരിപ്പിച്ചത്. പക്ഷെ ഗാന്ധിയന്‍ വികേന്ദ്രീകരണത്തിന്റെ ലാളിത്യവും അവഗാഹവും അതില്‍ കാണാന്‍ കഴിയില്ല. സെന്‍ട്രല്‍ ഗവണ്‍മെന്റില്‍ അധികാരം കേന്ദ്രീകരിക്കരുത്. തീരുമാനങ്ങളെടുക്കുന്നതിനുള്ള അധികാരം പ്രാദേശിക സര്‍ക്കാറുകള്‍ക്ക് സബ്‌സിഡിയായി നല്‍കണം. അങ്ങനെ അവരെ ബലപ്പെടുത്തുകയായിരിക്കണം കേന്ദ്ര സര്‍ക്കാറിന്റെ ലക്ഷ്യം എന്നതായിരുന്നു മാര്‍പ്പാപ്പയുടെ വീക്ഷണം. വിവിധ യൂറോപ്യന്‍ യൂണിവേഴ്‌സിറ്റികള്‍ അതിനെക്കുറിച്ച് പഠനം നടത്തുകയും മതത്തിന്റെ ഇടത്തില്‍ നിന്നും സെക്യുലര്‍ ഇടത്തേക്ക് അതിനെ മാറ്റി സ്ഥാപിക്കുകയും ചെയ്തു. യൂറോപ്പിലെ എല്ലാ രാജ്യങ്ങളിലും ശക്തിപ്രാപിച്ച ക്രിസ്ത്യന്‍ ഡമോക്രാറ്റിക് പാര്‍ട്ടികള്‍ അതിന്റെ പ്രചാരണത്തിന് മുന്‍കൈയെടുത്തു. യൂറോപ്യന്‍ യൂണിയന്‍ രൂപീകൃതമായപ്പോള്‍, മാര്‍സ്ട്രിച്ച് കരാര്‍ പ്രകാരം അതിന്റെ അടിസ്ഥാന ഘടകങ്ങളില്‍ ഒന്നായി ഈ ദര്‍ശനത്തെ ഉള്‍ക്കൊള്ളിക്കുകയും ചെയ്തു. അതോടെ മാര്‍പ്പാപ്പ പറഞ്ഞ തരത്തിലുള്ള വികേന്ദ്രീകൃത സങ്കല്‍പ്പം യൂറോപ്പില്‍ ആകമാനം പ്രചരിപ്പിക്കാന്‍ യൂറോപ്യന്‍ യൂണിയന്‍ നിര്‍ബന്ധിതമായി. 1989ല്‍ സോവിയറ്റ് യൂണിയനും പിന്നാലെ കിഴക്കന്‍ യൂറോപ്പിലെ സോഷ്യലിസ്റ്റ് രാഷ്ട്രങ്ങളും തകര്‍ന്നതോടെ ആ രാഷ്ട്രങ്ങളെ പുനഃസൃഷ്ടിക്കുന്നതിനുള്ള ഉത്തരവാദിത്തം യൂറോപ്യന്‍ യൂണിയന്‍ ഏറ്റെടുത്തു. ദേശീയതലത്തിലുള്ള ഒരു സര്‍ക്കാറിനെ പുനഃസ്ഥാപിക്കുക പ്രയാസമാണെന്ന് തിരിച്ചറിഞ്ഞ യൂറോപ്യന്‍ യൂണിയന്‍ ആദ്യം തന്നെ പ്രാദേശിക സര്‍ക്കാറുകള്‍ രൂപീകരിക്കുന്നതിനാണ് ശ്രമിച്ചത്. മില്‍ട്ടണ്‍ ഫ്രീഡ്മാനെപ്പോലെയുള്ള സാമ്പത്തികശാസ്ത്ര ചിന്തകര്‍ ഈ ചിന്തയെ അമേരിക്കയിലേക്കും പകര്‍ത്തി. അതോടെ ഐ.എം.എഫും വേള്‍ഡ് ബാങ്കും സ്വകാര്യ സംരംഭകരുമെല്ലാം പ്രാദേശിക സര്‍ക്കാറുകളിലേക്കുമെത്തി. ഗ്രാമതലത്തില്‍ അവരുടെ പദ്ധതികള്‍ നടപ്പിലാക്കപ്പെട്ടു. 73, 74 ഭരണഘടനാ ഭേദഗതിയിലൂടെ ഇന്ത്യയില്‍ അധികാര വികേന്ദ്രീകരണം നടപ്പിലാക്കപ്പെടുന്നതും ഈ പരിപാടികളുടെ തുടര്‍ച്ചയായാണ്. അത് ഒരു ഗാന്ധിയന്‍ ഭേദഗതിയല്ല, മാര്‍പ്പാപ്പിയന്‍ ഭേദഗതിയാണെന്ന് അതിശയോക്തിയില്‍ പറയാം. വേള്‍ഡ് ബാങ്കിന്റെയും ഐ.എം.എഫിന്റെയും ദര്‍ശനങ്ങളുമായി അധികാര വികേന്ദ്രീകരണത്തെ കൂട്ടിയിണക്കുകയാണ് നമ്മള്‍ ചെയ്തത്. ഫലത്തില്‍ ഗാന്ധിയുടെ വികേന്ദ്രീകരണ ആശയങ്ങളുടെ തള്ളിക്കളയുകയും മാര്‍പ്പാപ്പയുടെ വികേന്ദ്രീകരണ ആശയത്തെ പുണരുകയുമാണ് ഇന്ത്യയും ചെയ്തത്.
കേരളീയം
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in
Jaan Abbas
June 2, 2015 at 3:31 am
Nice content.New & good information.