ദൈവം പകിട കളിക്കുകയാണ്
അശോകന്‍ ഞാറക്കല്‍ വിവര വിപ്ലവയുഗത്തിലെ ആഗോള മുതലാളിത്തത്തിന്റെ അഗാധമായിക്കൊണ്ടിരിക്കുന്ന ആന്തരിക വൈരുദ്ധ്യങ്ങളിലേക്ക് വൈരുദ്ധ്യാത്മകമായ ഒരു ഉള്‍ക്കാഴ്ച നല്‍കുന്നുണ്ട് ആധുനികശാസ്ത്രം. ശാസ്ത്രത്തില്‍ പുതുവഴികള്‍ വെട്ടിത്തുറന്ന ആപേക്ഷികതാ സിദ്ധാന്തത്തിന്റെ ഉപജ്ഞാതാവും മഹാനായ ശാസ്ത്രജ്ഞനുമായ പ്രൊഫ. ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന്‍, പുതുവഴികള്‍ വെട്ടിത്തുറന്ന മറ്റൊരു ശാസ്ത്രസിദ്ധാന്തമായ ക്വാണ്ടം മെക്കാനിക്‌സിന്റെ (കൃത്യമായി പറഞ്ഞാല്‍ ക്വാണ്ടം മെക്കാനിക്‌സിന്റെ ഭാഗമായ സംഭവ്യതാ സിദ്ധാന്തത്തിന്റെ) വിമര്‍ശകനായിരുന്നു. അദ്ദേഹം ഒരിക്കല്‍ എഴുതി: ‘അദ്ദേഹം (അതായത് ദൈവം) പകിട കളിക്കുകയല്ല എന്ന് എനിക്ക് പൂര്‍ണ്ണബോദ്ധ്യമുണ്ട്.” ക്വാണ്ടം ബലതന്ത്രത്തിന്റെ അടിസ്ഥാന സിദ്ധാന്തങ്ങളോട് തനിക്കുള്ള […]
വിവര വിപ്ലവയുഗത്തിലെ ആഗോള മുതലാളിത്തത്തിന്റെ അഗാധമായിക്കൊണ്ടിരിക്കുന്ന ആന്തരിക വൈരുദ്ധ്യങ്ങളിലേക്ക് വൈരുദ്ധ്യാത്മകമായ ഒരു ഉള്‍ക്കാഴ്ച നല്‍കുന്നുണ്ട് ആധുനികശാസ്ത്രം.
ശാസ്ത്രത്തില്‍ പുതുവഴികള്‍ വെട്ടിത്തുറന്ന ആപേക്ഷികതാ സിദ്ധാന്തത്തിന്റെ ഉപജ്ഞാതാവും മഹാനായ ശാസ്ത്രജ്ഞനുമായ പ്രൊഫ. ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന്‍, പുതുവഴികള്‍ വെട്ടിത്തുറന്ന മറ്റൊരു ശാസ്ത്രസിദ്ധാന്തമായ ക്വാണ്ടം മെക്കാനിക്‌സിന്റെ (കൃത്യമായി പറഞ്ഞാല്‍ ക്വാണ്ടം മെക്കാനിക്‌സിന്റെ ഭാഗമായ സംഭവ്യതാ സിദ്ധാന്തത്തിന്റെ) വിമര്‍ശകനായിരുന്നു. അദ്ദേഹം ഒരിക്കല്‍ എഴുതി: ‘അദ്ദേഹം (അതായത് ദൈവം) പകിട കളിക്കുകയല്ല എന്ന് എനിക്ക് പൂര്‍ണ്ണബോദ്ധ്യമുണ്ട്.” ക്വാണ്ടം ബലതന്ത്രത്തിന്റെ അടിസ്ഥാന സിദ്ധാന്തങ്ങളോട് തനിക്കുള്ള ദാര്‍ശനികമായ വിയോജിപ്പുകള്‍ പ്രകടിപ്പിച്ചുകൊണ്ട്, അവയുടെ ശക്തനായ പിന്തുണക്കാരനും തന്റെ സഹശാസ്ത്രജ്ഞനുമായ പ്രൊഫ. മാക്‌സ് ബോണി(Max Born)നെഴുതിയ കത്തിലാണ് ഐന്‍സ്റ്റീന്‍ ഇങ്ങനെ എഴുതിയത്. ശാസ്ത്രസമൂഹത്തിന്റെ അംഗീകാരം നേടിയെടുക്കാന്‍ പല ദശകങ്ങള്‍ വേണ്ടിവന്നുവെങ്കിലും പരീക്ഷണഫലങ്ങള്‍ നല്‍കിയ അനിഷേധ്യമായ തെളിവുകളുടെ അടിസ്ഥാനത്തില്‍, ഒടുവില്‍ ക്വാണ്ടം ബലതന്ത്രത്തിന്റെ പ്രമാണങ്ങള്‍ ശരി തന്നെയെന്നു തെളിയിക്കപ്പെട്ടു. പ്രൊഫ: നീല്‍സ് ബോര്‍ (Neils Bohr) പറഞ്ഞു: ഭഭക്വാണ്ടം സിദ്ധാന്തത്തെ ആദ്യം അറിഞ്ഞപ്പോള്‍ ഞെട്ടല്‍ അനുഭവപ്പെട്ടിട്ടില്ലാത്തവര്‍ക്ക് മിക്കവാറും അതു മനസ്സിലായിട്ടുണ്ടാവില്ല.” ഇന്ന് ക്വാണ്ടം ബലതന്ത്രം ആധുനിക ഭൗതികത്തിലെ ഒറു സുസ്ഥാപിത ശാഖ തന്നെയാണ്. ഐന്‍സ്റ്റീന്‍ ഉന്നയിച്ച ദാര്‍ശനികമായ ചോദ്യങ്ങള്‍ക്ക് വിഖ്യാത ശാസ്ത്രജ്ഞനായ പ്രൊ: സ്റ്റീഫന്‍ ഹ്വോക്കിംഗ് മറുപടി പറഞ്ഞത് ഇങ്ങനെയാണ്. ഭഭദൈവം പകിട കളിക്കുക മാത്രമല്ല ചെയ്യുന്നത്, ചിലപ്പോഴൊക്കെ കാണപ്പെടാനാവാത്ത സ്ഥാനങ്ങളിലേക്ക് അദ്ദേഹം പകിട വലിച്ചെറിയുക പോലും ചെയ്യുന്നു.”
ഈ ശാസ്ത്രജ്ഞന്മാര്‍ ദൈവത്തിന്റെ അസ്തിത്വത്തേയോ അസ്തിത്വമില്ലായ്മയേയോ കുറിച്ച് വെറുതെ അഭ്യൂഹങ്ങള്‍ നടത്തുകയായിരുന്നില്ല. സാധാരണ ഭാഷാ പ്രയോഗങ്ങളിലൂടെ ആധുനിക ക്വാണ്ടം ഭൗതികത്തിന്റെ ലോകവീക്ഷണത്തെ വിശദീകരിക്കുകയായിരുന്നു അവര്‍. പൂര്‍വ്വനിശ്ചിതമായ ഒരു പദ്ധതിയുടെ കൃത്യത പാലിച്ചുകൊണ്ടാണ് ലോകം ചലിക്കുന്നതെന്നും ബന്ധപ്പെട്ട അസ്ഥിര സൂചകങ്ങളുടെ കൃത്യമായ മൂല്യം ലഭിക്കുകയാണെങ്കില്‍ ഭാവിയിലെ ഏതൊരു സ്ഥാനത്തേയും സംബന്ധിച്ച സൂക്ഷ്മവിശദാംശങ്ങള്‍ വരെ കണക്കു കൂട്ടി കണ്ടുപിടിക്കാനാവുമെന്നുമുള്ള ന്യൂട്ടോണിയന്‍ സങ്കല്പനത്തെ ആധുനികശാസ്ത്രം ഇപ്പോള്‍ അംഗീകരിക്കുന്നതേയില്ല. എങ്കിലും ഭാവിപൂര്‍ണ്ണമായും പ്രവചനാതീതമാണെന്ന് അതിനര്‍ത്ഥമില്ല. അങ്ങനെയാണെങ്കില്‍ ശാസ്ത്രവും അതിന്റെ അടിസ്ഥാനത്തിലുള്ള ദീര്‍ഘദര്‍ശനങ്ങളും മുന്നറിയിപ്പുകളുമെല്ലാം അര്‍ത്ഥരഹിതമാവുകയും ക്വാണ്ടം ബലതന്ത്രം ഉള്‍പ്പെടെയുള്ള ശാസ്ത്രജ്ഞാനത്തെ പിന്തുടരുന്നതില്‍ അര്‍ത്ഥമില്ലെന്നു വരികയും ചെയ്യും.
ആധുനികശാസ്ത്രം പറയുന്നത് ക്വാണ്ടം ബലതന്ത്രത്തിന്റെ പരിമിത അനിശ്ചിതത്വവാദ തത്വ (principle of bounded indeterminism)മാണ് ഭൗതികലോകത്തെ ഏറെ പ്രതിഭാസങ്ങളേയും നിയന്ത്രിക്കുന്നതെന്നാണ്. ഒരു സംഗതിയേയും കേവലമായ സുനിശ്ചിതത്വത്തോടെ പ്രവചിക്കാനോ മുന്‍കൂട്ടി കാണാനോ കഴിയില്ലെന്നതാണ് അതിന്റെ അടിസ്ഥാനതത്വം. വിശദവും സുചിന്തിതവുമായ പദ്ധതികളിലൂടെ ഭാവിയെ വലിയൊരളവു വരെ സ്വാധീനിക്കാന്‍ കഴിഞ്ഞേക്കുമെങ്കിലും യാദൃശ്ചികതയുടേതായ ഒരു ഘടകം എപ്പോഴും നിലനില്ക്കുന്നുണ്ടാവും. അതുകൊണ്ടാണ് ഭദൈവത്തിന്റെ പകിടകളി”യെ സംബന്ധിച്ച അഭിപ്രായ പ്രകടനം ഉണ്ടാവുന്നത്. തത്വശാസ്ത്രപരമായി ഇത് ഭവിധി’യുടേയോ ഭദൈവേച്ഛ’യുടേയോ പ്രയോജനവാദപരമായ ഏതെങ്കിലും നിര്‍ണ്ണയവാദത്തിന്റേയോ (teleological determinism) അസ്തിത്വത്തെ നിരാകരിക്കുന്നുണ്ട്. കര്‍ക്കശമായ നിര്‍ണ്ണയവാദം അടിച്ചേല്പിക്കുന്ന ഏകപക്ഷീയമായ നിയന്ത്രണങ്ങളില്‍ നിന്നും സ്വതന്ത്രമനസ്സിനെ അതു വിമുക്തമാക്കുന്നു. ചുരുക്കത്തില്‍ നാം കാണുന്നത് ലോകത്തെ രൂപപ്പെടുത്തുന്നതില്‍ യാദൃശ്ചികതയും അനിവാര്യതയും പ്രകടിപ്പിക്കുന്ന പാരസ്പര്യമാണ്.
യാദൃശ്ചികതയും അനിവാര്യതയും സമൂഹത്തിലും സമ്പദ്ക്രമത്തിലും
ഈ ദ്വന്ദങ്ങള്‍ യാദൃശ്ചികതയും അനിവാര്യതയും തമ്മിലുള്ള പരസ്പരപ്രതിപ്രവര്‍ത്തനങ്ങള്‍ വികേന്ദ്രീകരണവും കേന്ദ്രീകരണവും തമ്മിലുളള പ്രത്യക്ഷസംഘര്‍ഷങ്ങളായി സമൂഹത്തിലും സമ്പദ്ക്രമത്തിലും പ്രകടമാവുന്നുണ്ട്. വികേന്ദ്രീകരണവും കേന്ദ്രീകരണവും എല്ലായ്‌പ്പോഴും പരസ്പരം അകറ്റിനിര്‍ത്തപ്പെടുന്നവയല്ലെന്നും മറിച്ച് അവിഭാജ്യമായ ഒന്നിന്റെ (whole) വൈരുദ്ധ്യാത്മക പ്രകാശനമാണെന്നുമുള്ള കാര്യം എപ്പോഴും സ്പഷ്ടമായിക്കൊള്ളണമെന്നില്ല. സമൂഹത്തിന്റേയും സമ്പദ്ക്രമത്തിന്റേയും മാര്‍ഗ്ഗനിര്‍ദ്ദേശകതത്വം എന്ന നിലയില്‍ ജനാധിപത്യകേന്ദ്രീകരണത്തെ സാക്ഷാത്ക്കരിക്കാനാവും വിധം രണ്ടിന്റേയും അതിര്‍വരമ്പുകള്‍ പ്രകടമാവാത്ത തരത്തിലുള്ള ഉദ്ഗ്രഥനം സാധ്യമാവുക എന്നതാണ് യഥാര്‍ത്ഥത്തില്‍ ആവശ്യമായിരിക്കുന്നത്. വികേന്ദ്രീകരണം അഥവാ സ്വാതന്ത്ര്യം, ഭഭമൃഗചോദന”കളെ, യാദൃശ്ചികതാ ഘടകത്തെ വിമുക്തമാക്കുമ്പോള്‍, കേന്ദ്രീകരണം വിപുലമായ സമൂഹത്തിന്റെ താല്പര്യങ്ങളുടെ സംരക്ഷണത്തിനു വേണ്ടി നിയമത്തിന്റെ അടിസ്ഥാനത്തിലുളള ചട്ടക്കൂട്, അനിവാര്യതാ ഘടകം ഉറപ്പു വരുത്തുന്നു. ലോകമെമ്പാടുള്ള അനുഭവങ്ങള്‍ കാണിക്കുന്നത് ഉചിതമായ, സ്ഥാപനപരമായ ചട്ടക്കൂടില്ലാതെ മൃഗചോദനകളെ വിമുക്തമാക്കാനാവില്ല എന്നാണ്. അല്ലാത്ത പക്ഷം മൊത്തത്തിലുള്ള അരാജകത്വമായിരിക്കും ഫലം. ഇന്നു വരേക്കുമുളള അനുഭവങ്ങള്‍ വച്ചുനോക്കുമ്പോള്‍ നിയമത്തിന്റെ അടിസ്ഥാനത്തിലുള്ള ഇത്തരമൊരു ചട്ടക്കൂടു രൂപപ്പെടുത്താന്‍ ഒരു ഉദ്യോഗസ്ഥമേധാവിത്ത ഭരണകൂടത്തിനു മാത്രമേ സാദ്ധ്യമാവൂ. തിര്‍ച്ചയായും, പലപ്പോഴും സ്വതന്ത്രമനസ്സുകളുടെ പ്രവര്‍ത്തനങ്ങളെ അടിച്ചമര്‍ത്തുന്ന ഒന്നായി അത് അധഃപതിക്കുകയോ ജീര്‍ണ്ണിക്കുകയോ ചെയ്യാറുണ്ട്……… തികവുറ്റ ഒരു സ്വതന്ത്ര വിപണിയില്‍ പ്രവര്‍ത്തിക്കുന്ന അദൃശ്യഹസ്തം ഈ ഉദ്യോഗസ്ഥമേധാവിത്ത ഭരണകൂട ഘടനയേക്കാള്‍ മെച്ചപ്പെട്ട ഒരു ബദല്‍ ആയിരിക്കുമെന്ന് ആദം സ്മിത്ത് (Adam Smith) പ്രതീക്ഷ പുലര്‍ത്തിയിരുന്നു. അതുകൊണ്ട് തികച്ചും സ്വതന്ത്രമായ ഒരു വിപണിയില്‍ സ്വന്തം സ്വാര്‍ത്ഥതാല്പര്യങ്ങള്‍ക്കു വേണ്ടി പ്രവര്‍ത്തിക്കുന്ന വ്യക്തികള്‍, ഭഭഈ ലക്ഷ്യത്തിന്റെ ഭാഗമേയല്ലാത്ത മറ്റൊരു ഫലത്തിനെ പ്രോത്സാഹിപ്പിക്കുന്ന ഒരു അദൃശ്യഹസ്തത്താല്‍ നയിക്കപ്പെടുമെന്നും” അത് സമൂഹത്തിന്റെ മൊത്തത്തിലുള്ള ക്ഷേമത്തിലേക്ക് നയിക്കുമെന്നും അദ്ദേഹം വാദിച്ചു.
ആദം സ്മിത്തിന്റെ കാലത്തു നിന്നും കാര്യങ്ങള്‍ വളരെയേറെ മാറിയിട്ടുണ്ട്. സാങ്കേതിക പുരോഗതിയും കഴുത്തറുപ്പന്‍ മത്സരവും ലോകമെമ്പാടുമുളള കുത്തകകളുടെ വളര്‍ച്ചക്ക് വലിയ സംഭാവനകള്‍ നല്‍കിയിട്ടുണ്ട്. ഭരണകൂടവും കുത്തകകളും തമ്മില്‍ കൈ കോര്‍ക്കുന്നത് ഇന്നൊരു സ്വാഭാവിക നിയമമാണ്; അല്ലാതെ ഒറ്റപ്പെട്ട അപവാദമല്ല. സ്വതന്ത്ര വിപണയിലെ അദൃശ്യഹസ്തത്തിന്റെ പ്രവര്‍ത്തനങ്ങളെ കുത്തകകള്‍ എങ്ങനെയാണു വഞ്ചനാപരമായി കൈകാര്യം ചെയ്യുന്നതെന്നതിന്റെ തെളിവ് സമൂഹത്തിലെ താഴ്ന്ന വിഭാഗക്കാരുടേയും ഉയര്‍ന്ന വിഭാഗക്കാരുടേയും വരുമാനങ്ങള്‍ക്കിടയിലെ പെരുകിക്കൊണ്ടിരിക്കുന്ന വ്യത്യാസത്തില്‍ ദൃശ്യമാണ്. കുത്തക കോര്‍പ്പറേഷനുകളുടെ നേതൃത്വസ്ഥാനത്തിരിക്കുന്ന ഉദ്യോഗസ്ഥര്‍ കൈപ്പറ്റുന്ന അതിഭീമമായ എക്‌സിക്യൂട്ടീവ് ശമ്പളത്തിന്റെ വലിപ്പത്തിലും ഇതു തന്നെ കാണാം. സ്വതന്ത്രവിപണിയെ തുറന്നു തന്നെ പിന്താങ്ങുന്ന ഭദി ഇക്കണോമിസ്റ്റ്’ എന്ന വാരിക നിരാശ പ്രകടിപ്പിച്ചുകൊണ്ട് ഇങ്ങനെ എഴുതി: ‘സമ്പന്നരില്‍ ഭൂരിഭാഗം പേരും സമ്പത്തുണ്ടാക്കിയത് അവരുടെ പ്രാഗത്ഭ്യം കൊണ്ടു തന്നെയാണെന്നും, ഏറ്റവും ചുരുങ്ങിയത് അധികാരം ദുര്‍വ്വിനിയോഗം നടത്താതെയെങ്കിലുമാണെന്നും, സാധാരണക്കാര്‍ക്കും അങ്ങനെ സമ്പന്നരാവുക സാദ്ധ്യമാണെന്നും ആളുകള്‍ക്കു തോന്നുന്നിടത്തോളം കാലം അസമത്വം വലിയ പ്രശ്‌നമല്ല. പക്ഷേ, അവിടെയാണു പ്രധാനകാര്യം. ഭീമമായ ഈ വരുമാനത്തിന്റേയും സമ്പത്തിന്റേയും വലിയ പങ്കും നേടിയത് അധികാരത്തെ ദുരുപയോഗിച്ചുകൊണ്ടാണെന്നും ചില കാര്യങ്ങളില്‍ അതു നിലനിര്‍ത്തുന്നതും സംരക്ഷിക്കുന്നതും അധികാരത്തിലിരിക്കുന്ന ധനശേഷിയെ ഉപയോഗപ്പെടുത്തിക്കൊണ്ടാണെന്നുമുളള വസ്തുതയാണ് യഥാര്‍ത്ഥത്തില്‍ ആപത്ക്കരമായിരിക്കുന്നത്. ഈ കാഴ്ചപ്പാട് വലിയ തോതില്‍ ശരിയാണെന്നതാണ് സ്ഥിതി കൂടുതല്‍ വഷളാക്കുന്നത്” (The Economist, June 6, 2003- A Survey of Capitalism and Democracy)
ആദം സ്മിത്തിന്റെ കാലത്തെ തുടര്‍ന്ന് വിപണി സമ്പദ്ക്രമത്തിനുണ്ടായ പരിണാമത്തിന്റെ ചുരുക്കം ഇതാണ്. കുത്തകകള്‍ ഇന്നത്തെ നിയമവും വ്യവസ്ഥയുമായിരിക്കുന്നു; അതിനെ നിയന്ത്രിക്കുന്നതില്‍ ഭരണകൂടം പരാജയപ്പെട്ടിരിക്കുന്നു. അതിനേക്കാള്‍ മോശമായി രാഷ്ട്രീയക്കാരും ബിസിനസ്സുകാരും തമ്മിലുള്ള അടുത്ത ബന്ധവും കുറ്റവാളികള്‍ തന്നെയായ കോര്‍പ്പറേറ്റ് ശക്തികളെ സഹായിക്കാന്‍ രാഷ്ട്രീയക്കാര്‍ കാണിക്കുന്ന അമിത താല്പര്യവും ചേര്‍ന്ന് പ്രാതിനിധ്യ ജനാധിപത്യത്തില്‍ ജനങ്ങള്‍ക്കുള്ള വിശ്വാസത്തെ തുരങ്കം വക്കുകയാണ്.
വ്യത്യസ്ത സംഭവവികാസങ്ങളും ത്വരിതഗതിയില്‍ സംഭവിച്ചുകൊണ്ടിരിക്കുന്ന സാങ്കേതികവിദ്യാ വിപ്ലവവും തമ്മിലുളള പരസ്പര പ്രവര്‍ത്തനങ്ങളുടെ വൈരുദ്ധ്യാത്മകത കുത്തകാധികാരത്തിന്റെ അതിഭീമമായ വളര്‍ച്ചയോടൊപ്പം നിലച്ചുപോകുന്നില്ല. ഭീകരവാദത്തോടു പോരാടുന്നതിന്റെ മറവില്‍, ബയോ മെട്രിക് വിവരങ്ങളെ അടിസ്ഥാനപ്പെടുത്തിക്കൊണ്ട് പൗരന്മാരെ സൂക്ഷ്മനിരീക്ഷണം ചെയ്യാനുളള സംവിധാനങ്ങള്‍ അതിവേഗം കൈക്കൊള്ളുന്നതിലേക്ക് വിവിധ രാജ്യങ്ങളെ എത്തിച്ചിരിക്കുന്നു എന്നതാണതിന്റെ ഒരു ഫലം. ഇതിനൊപ്പം ബന്ധപ്പെട്ട സാങ്കേതികവിദ്യകളും കൂടി ചേരുമ്പോള്‍ ജനങ്ങളുടെ മേല്‍ വളരെ വലിയ അധികാരങ്ങള്‍ പ്രയോഗിക്കാനുള്ള അവസരമാണ് ഭരണകൂടത്തിനു കൈ വരുന്നത്. ജോര്‍ജ്ജ് ഓര്‍വെല്ലിന്റെ ആന്റി ഉട്ടോപ്യന്‍ നോവലുകളില്‍ ചിത്രീകരിക്കപ്പെട്ടിട്ടുള്ളതു പോലെയുള്ള ഒരവസ്ഥയിലേക്ക് ഭരണകൂടങ്ങള്‍ പരിവര്‍ത്തിക്കുകയാണ്. എല്ലാ മനുഷ്യരുടേയും ഏറ്റവും സ്വകാര്യമായ ചെയ്തികള്‍ പോലും ഭരണകൂടത്തിനു മുന്നില്‍ സുതാര്യമായിരിക്കുന്നു. സാമ്പ്രദായിക അര്‍ത്ഥത്തില്‍ വിസമ്മതിക്കാനോ വിയോജിക്കാനോ ഉള്ള സാദ്ധ്യതകള്‍ കൂടുതല്‍ പരിമിതമാക്കപ്പെട്ടിരിക്കുന്നു. സ്വകാര്യത വെറും ഒരു മിഥ്യയാണ്. ഭരണകൂടവും കോര്‍പ്പറേറ്റ് മേധാവികളും തമ്മിലുള്ള സഖ്യം പ്രത്യക്ഷത്തില്‍ തന്നെ ബഹുജനങ്ങള്‍ക്കു മേല്‍ നിഗ്രഹാനുഗ്രഹശേഷിയുള്ള സര്‍വ്വജ്ഞവും സര്‍വ്വശക്തവുമായ, ഒരു അര്‍ദ്ധ ദൈവസമാനമായ അസ്തിത്വമായി രൂപപ്പെട്ടിരിക്കുന്നു.
എങ്കിലും പകിടകളി ഇവിടം കൊണ്ട് അവസാനിക്കുന്നില്ല. മാറ്റങ്ങളുടെ തീവ്രത വര്‍ദ്ധിക്കുന്നതും യാദൃശ്ചികസംഭവങ്ങളുടെ അനന്തരഫലങ്ങളുടെ നടുക്കം സൃഷ്ടിക്കാന്‍ പോന്ന സങ്കീര്‍ണ്ണതകളും പുതിയ തീരുമാനങ്ങളെടുക്കുവാന്‍ ഭരണവര്‍ഗ്ഗങ്ങളെ സമ്മര്‍ദ്ദത്തിലാക്കുന്നു. ഭൂരിപക്ഷവിഭാഗങ്ങളില്‍ നിന്നും വ്യക്തികളെ സ്വന്തം കൂട്ടത്തിലേക്കെടുത്തുകൊണ്ട് പ്രശ്‌നങ്ങള്‍ക്കു പരിഹാരം കാണാന്‍ ഇടക്കിടെ അവര്‍ ശ്രമിക്കുന്നുണ്ട്. പക്ഷെ, തീരുമാനങ്ങളെടുക്കുന്നതിന്റെ ഭാരം ഇങ്ങനെ പരിഹരിക്കുവാനാവില്ല. യാദൃശ്ചികതയും അനിവാര്യതയുമെന്ന രണ്ടു വിരുദ്ധ ദ്വന്ദങ്ങളുടെ പരസ്പര പ്രതിപ്രവര്‍ത്തനത്തെ തുടര്‍ന്ന് പൂര്‍ണ്ണമായും സുതാര്യമായ, ജനങ്ങള്‍ക്ക് പൂര്‍ണ്ണമായ അര്‍ത്ഥത്തില്‍ പ്രാപ്യമായ ഒരു സര്‍ക്കാര്‍ വേണമെന്ന ആവശ്യം ശക്തമായി ഉയര്‍ന്നവരുന്നു. അത്തരമൊരു സര്‍ക്കാരില്‍ ഭരണകര്‍ത്താക്കളും ഭരണീയരും തമ്മിലുള്ള പ്രവൃത്തിവിഭജനം സാവധാനത്തില്‍ ഇല്ലാതാക്കപ്പെടും. സാങ്കേതികവിദ്യാ വിപ്ലവം അത് സാദ്ധ്യമാക്കിയിട്ടുണ്ട്. വര്‍ദ്ധമാനമായിക്കൊണ്ടിരിക്കുന്ന സംഘര്‍ഷങ്ങള്‍ അത്തരമൊരു സാദ്ധ്യതയിലേക്കാണു വിരല്‍ ചൂണ്ടുന്നത്. മറ്റൊരു ബദല്‍ ഇല്ല തന്നെ. വര്‍ത്തമാന ലോകത്തിന്റെ കുഴഞ്ഞുമറിഞ്ഞ അവ്യവസ്ഥയില്‍ നിന്നും ക്രമവും വ്യവസ്ഥയും പണിതുയര്‍ത്താന്‍ മനുഷ്യരാശിക്കു മുന്നില്‍ അത്തരമൊരു വഴി മാത്രമേയുള്ളൂ. ദൈവം പിന്നെയും പകിട കളിച്ചുകൊണ്ടിരിക്കും; പക്ഷേ, സ്വര്‍ഗ്ഗകവാടങ്ങളെ കൊടുങ്കാറ്റു പോലെ ആഞ്ഞടിച്ചു തകര്‍ക്കുന്നതില്‍ മനുഷ്യന്‍ വിജയം നേടുക തന്നെ ചെയ്യും. അത്തരമൊരു പരിവര്‍ത്തനം മനുഷ്യരാശി എങ്ങനെയാണു നേടിയെടുക്കുക എന്നതാണ് വര്‍ത്തമാന രാഷ്ട്രീയത്തിന്റെ വെല്ലുവിളി.
സര്‍ക്കാരിന്റേയും കോര്‍പ്പറേറ്റുകളുടേയും കാര്യത്തില്‍ പൂര്‍ണ്ണമായ സുതാര്യത കൈവരുത്തുന്ന വിപ്ലവകരമായ അത്തരമൊരു പരിവര്‍ത്തനത്തിന് കടുത്ത എതിര്‍പ്പിനെ നേരിടേണ്ടിവരും. എക്‌സിക്യൂട്ടീവ് അധികാരമില്ലാത്ത ഡയറക്റ്റര്‍മാര്‍ക്ക് ശരിയായ സ്വാതന്ത്ര്യം ഉറപ്പാക്കിക്കൊണ്ടും ഡയറക്റ്റര്‍മാരുടെ വേതനവ്യവസ്ഥ സുതാര്യമാക്കുകയും കാര്യനിര്‍വ്വഹണം മെച്ചപ്പെടുത്തുകയും വേണമെന്ന പരിമിതമായ നിര്‍ദ്ദേശങ്ങള്‍ പോലും അതിരൂക്ഷമായ എതിര്‍പ്പിനെ നേരിടേണ്ടിവന്നിരിക്കുന്ന പശ്ചാത്തലത്തില്‍ നേരത്തെ പറഞ്ഞ വിപ്ലവപരമായ പരിവര്‍ത്തനം നേരിടേണ്ടിവരുന്ന എതിര്‍പ്പ് എത്രയായിരിക്കുമെന്നു കണക്കാക്കാവുന്നതാണ്. ഇക്കാര്യത്തിലുണ്ടാവുന്ന കര്‍ക്കശമല്ലാത്ത നിര്‍ദ്ദേശങ്ങള്‍ പോലും, അവ കീഴ്‌വഴക്കങ്ങള്‍ക്കോ നിയമങ്ങള്‍ക്കു തന്നെയുമോ വഴി വച്ചേക്കുമെന്ന പേരില്‍ എതിര്‍ക്കപ്പെടുകയാണ്. അപ്പോഴും പൂര്‍ണ്ണമായ സുതാര്യതക്കു വേണ്ടിയുള്ള മാറ്റങ്ങള്‍ സമാധാനപരമായ മാര്‍ഗ്ഗത്തിലൂടെയാണോ അല്ലെങ്കില്‍ ബലപ്രയോഗത്തിലൂടെയാണോ സാധ്യമാവുക എന്ന ചോദ്യത്തിനു ഉത്തരം കാണാന്‍ പകിട കളിച്ചുതന്നെ തീരുമാനിക്കണമെന്നതാണു സ്ഥിതി. ഭാവിയില്‍ ചുരുളഴിയാനിരിക്കുന്ന സംഭവങ്ങള്‍ക്കു മാത്രമേ അതേക്കുറിച്ചു പറയാനാവൂ. എങ്കിലും ഒരു കാര്യം സുനിശ്ചിതമാണ്. കൂടുതല്‍ കുഴമറിച്ചിലുകളിലേക്കുള്ള നീക്കങ്ങള്‍ തടഞ്ഞേ പറ്റൂ. ഈ കുഴഞ്ഞുമറിയുന്ന അനിശ്ചിതത്വം ഒരു തമോഗര്‍ത്തമായി അഥവാ പ്രാകൃതമായ അപരിഷ്‌കൃതത്വമായി മാറും മുമ്പ് ഒരുക്രമവും വ്യവസ്ഥയും നമുക്കു സൃഷ്ടിച്ചെടുത്തേ പറ്റൂ.
അറിവിന്റെ വൃക്ഷത്തില്‍ നിന്നും അറിവിന്റെ സാങ്കേതികവിദ്യയിലേക്ക്
ചിലയാളുകള്‍ ഇതിനെ മറ്റൊരു അഭ്യൂഹം മാത്രമായി കണക്കാക്കിയേക്കാമെങ്കില്‍ പോലും, മനുഷ്യന് അവന്റെ നിഷ്‌ക്കളങ്കത നഷ്ടപ്പെടുകയും അതേ തുടര്‍ന്ന് ഏദന്‍ തോട്ടത്തില്‍ നിന്നും അവന്‍ പുറത്താക്കപ്പെടുകയും ചെയ്തതിനെപ്പറ്റിയുള്ള ബൈബിള്‍ കഥയില്‍ നമ്മുടെ സമകാലീനയുഗത്തിനു പറ്റിയ സാരോപദേശങ്ങള്‍ ഉള്ളടങ്ങിയിട്ടുണ്ടെന്നു തോന്നുന്നു. വ്യക്തികള്‍ പറയുന്ന നുണകളോ, നടത്തുന്ന ചതിയോ, വഞ്ചനയോ, മറച്ചുവക്കലോ, നഗ്‌നമായ സ്വാര്‍ത്ഥപ്രവര്‍ത്തനങ്ങളോ കാരണമായി ഉണ്ടാവുന്ന സാമൂഹികപ്രശ്‌നങ്ങളെ പഴയ കാലത്തെ പ്രവാചകന്മാര്‍ എങ്ങനെയാണു നോക്കിക്കണ്ടതെന്ന് അതു വിശദീകരിക്കുന്നുണ്ട്. ഉല്പത്തി പുസ്തകത്തിലെ കഥ ഇങ്ങനെയാണ്. ദൈവം ആദ്യത്തെ പുരുഷനേയും സ്ത്രീയേയും സൃഷ്ടിച്ചപ്പോള്‍ ഭഭഅവര്‍ ഇരുവരും നഗ്‌നരായിരുന്നു, പുരുഷനും അവന്റെ ഭാര്യയും, അവര്‍ക്ക് ലജ്ജ തോന്നിയേയില്ല” (ഉല്പത്തി: 2; 25) അവര്‍ നിഷ്‌ക്കളങ്കരായിരുന്നു, ഇപ്പോഴും അപരിഷ്‌കൃതരായി തുടരുന്ന ചില ആദിമഗോത്രജനതയെപ്പോലെ. പിന്നീട് ദുഷ്ടബുദ്ധിയായ സര്‍പ്പത്തിന്റെ പ്രലോഭനത്തിനു വഴങ്ങി, അവര്‍ രണ്ടുപേരും, ഭക്ഷിക്കാന്‍ പാടില്ലാത്തതെന്നു ദൈവം സ്പഷ്ടമായിത്തന്നെ വിലക്കിയിട്ടുണ്ടായിരുന്ന, നന്മതിന്മകളെക്കുറിച്ചുളള അറിവിന്റെ വൃക്ഷത്തില്‍ നിന്നുള്ള ഫലം ഭക്ഷിച്ചു. അതിന്റെ ഫലമായി ഭഭഅവര്‍ ഇരുവരുടേയും കണ്ണുകള്‍ തുറക്കുകയും തങ്ങള്‍ നഗ്‌നരാണെന്ന് അവര്‍ അറിയുകയും ചെയ്തു.” (ഉല്പത്തി: 3;7) അങ്ങനെ അവര്‍ പരിഷ്‌കൃതരാവുകയും പിന്നീട് ആദാമും അദ്ദേഹത്തിന്റ ഭാര്യയും ദൈവത്തിന്റെ സാന്നിദ്ധ്യത്തില്‍ നിന്നും സ്വയം ഒളിക്കാന്‍ തുടങ്ങുകയും ചെയ്തു. അപ്പോഴാണ് ഏദന്‍ തോട്ടത്തില്‍ നിന്നും അവര്‍ രണ്ടു പേരേയും പുറത്താക്കാന്‍ നിരാശനായ ദൈവം നിര്‍ബ്ബന്ധിതനായത്. ഭൂമിയില്‍ കഠിനമായ ഒരു ജീവിതം നയിക്കാന്‍ ദൈവം അവരെ ശപിച്ചു. ഭൂമിയില്‍ മനുഷ്യന്‍ നേരിടേണ്ടി വന്ന കഠിന പ്രയാസങ്ങള്‍, നുണ പറയല്‍, ചതിയും വഞ്ചനയും മറച്ചുവക്കലും നടത്തല്‍, നഗ്‌നമായ സ്വാര്‍ത്ഥപ്രവൃത്തികള്‍ പിന്തുടരല്‍ തുടങ്ങിയ കലകള്‍ സര്‍പ്പത്തില്‍ നിന്നും പഠിച്ചതിന്റെ ഫലമാണെന്ന് പഴയ കാലത്തെ പ്രവാചകന്മാര്‍ കണക്കാക്കിയിരുന്നുവെന്ന് ഈ കഥയില്‍ നിന്നും നമുക്കൊരു നിഗമനത്തില്‍ എത്തിക്കൂടെ? സമൂഹത്തില്‍ നിന്നും ഈ കുടിലതകളെ ഉന്മൂലനം ചെയ്യാനും ഭൂമിയില്‍ ദൈവത്തിന്റെ രാജ്യം കൊണ്ടുവരാനും അവര്‍ അഭിലഷിച്ചു. അങ്ങനെയാണെങ്കില്‍ നുണ പറയാനും ചതിയും വഞ്ചനവും മറച്ചുവക്കലും നടത്താനുമുള്ള സാദ്ധ്യതകളെ അറിവിന്റെ സാങ്കേതികവിദ്യ നല്‍കുന്ന ഫലങ്ങളുപയോഗിച്ച് നാം അടച്ചുകളയുകയാണെങ്കില്‍, ഏദന്‍ തോട്ടത്തിന്റെ കവാടങ്ങള്‍ മനുഷ്യനു വേണ്ടി തുറക്കപ്പെടുമോ? നമുക്കങ്ങനെ പ്രതീക്ഷിക്കുക. ഏതായാലും രൂക്ഷമായിക്കൊണ്ടിരിക്കുന്ന വര്‍ഗ്ഗസമരം അതിനെ കൂടുതല്‍ കൂടുതലായി യാഥാര്‍ത്ഥ്യത്തിലേക്ക് അടുപ്പിക്കുകയാണ്. ആമേന്‍!
തത്ത്വചിന്തകര്‍ ലോകത്തെ പല തരത്തില്‍ വ്യാഖ്യാനിക്കുക മാത്രമേ ചെയ്തിട്ടുള്ളൂ; എന്നാല്‍ അതിനെ മാറ്റുക എന്നതാണ് കാര്യം.
ശാസ്ത്രീയ സോഷ്യലിസത്തിലേക്ക് അല്ലെങ്കില്‍ പൂര്‍ണ്ണമായ സാമൂഹിക നിയന്ത്രണത്തിലേക്ക് ഉളള പരിവര്‍ത്തനം മുമ്പ് ഒരു യാദൃശ്ചിക സാധ്യതയായാണ് നിലനിന്നിരുന്നത്. അതുകൊണ്ടു തന്നെ അതിന് തിരിച്ചു പോകാനോ, തിരിച്ചാക്കാനോ ഉള്ള സാധ്യതയുമുണ്ടായിരുന്നു. എന്നാല്‍ ഉല്പാദനശക്തികളുടെ വളര്‍ച്ച, പ്രത്യേകിച്ചും വിജ്ഞാനവ്യവസായമെന്നു വിളിക്കപ്പെടുന്ന മേഖലയിലെ വളര്‍ച്ച, അതിശക്തവും അതേ സമയം അന്ധവുമായ സാമൂഹിക ശക്തികളെയാണ് മുന്നോട്ടു കൊണ്ടുവരുന്നത്. അവയെ സാമൂഹിക നിയന്ത്രണത്തിന്‍ കീഴില്‍ കൊണ്ടുവരുന്നില്ലെങ്കില്‍ അതു വലിയ വിനാശം സൃഷ്ടിച്ചേക്കും. ക്ലോണിംഗിലൂടെ മനുഷ്യരെ ഉല്പാദിപ്പിക്കുന്നതുമായി ബന്ധപ്പെട്ട വിഷയത്തില്‍ പ്രസിഡന്റ് ബുഷ് പോലും പ്രകടിപ്പിച്ച ഉത്ക്കണ്ഠ ഇക്കാര്യം വിശദീകരിക്കുന്നുണ്ട്. സമീപ കാലത്തെ ആപ്പിള്‍ എഫ് ബി ഐ തര്‍ക്കത്തില്‍ അമേരിക്കന്‍ ഭരണകൂടത്തിന്റെ നിലപാട് പോലീസ് സ്‌റ്റേറ്റിലേക്കാണ് നയിക്കുന്നതെന്ന ടിം കുക്ക് ഉള്‍പ്പെടെയുള്ള വ്യവസായ പ്രമുഖരുടെ വാദവും അതിശക്തവും അതേ സമയം അന്ധവുമായ സാമൂഹിക ശക്തികളുടെ ഉദയത്തെയാണ് സൂചിപ്പിക്കുന്നത്. ഇതെല്ലാം ശാസ്ത്രീയ സോഷ്യലിസത്തിലേക്കുളള പരിവര്‍ത്തനത്തെ യാദൃശ്ചികതയുടെ മണ്ഡലത്തില്‍ നിന്നും അനിവാര്യതയുടെ മണ്ഡലത്തിലേക്ക് മാറ്റുന്നുണ്ട്; ഏതാണ്ട് ഒന്നര നൂറ്റാണ്ടു മുമ്പ് മാര്‍ക്‌സും എംഗല്‍സും സങ്കല്പിച്ചതു പോലെ. അതിന്റെ വെല്ലുവിളി ഏറ്റെടുക്കുക എന്നതാണ് ഇന്നത്തെ രാഷ്ട്രീയ കടമ. മാര്‍ക്‌സ് പറഞ്ഞതു പോലെ ലോകത്തെ മാറ്റുക എന്നതു തന്നെയാണ് പ്രശ്‌നം.
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in