തൊഴിലാളിവര്‍ഗ്ഗ ഗുണ്ടായിസം വിജയിക്കട്ടെ

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പതിമൂന്നാം വര്‍ഷത്തേക്ക് കടന്നിരിക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2025 - 26 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in

binaleകൊച്ചി മുസിരിസ് ബിനാലെക്ക് എത്തിയ അമേരിക്കന്‍ കലാകാരനില്‍ നിന്ന് നോക്കുകൂലി പിടിച്ചുവാങ്ങാന്‍ ശ്രമിച്ച സംഭവം കേരളത്തില്‍ സംഘടിത മേഖലയില്‍ നിലനില്‍ക്കുന്ന തൊഴിലാളി വര്‍ഗ്ഗ ഗുണ്ടായിസത്തിനു മറ്റൊരു ഉദാഹരണമായി. സ്വന്തം കലാസൃഷ്ടികള്‍ എറിഞ്ഞുടച്ചാണ് ഗുണ്ടായിസത്തിമെതിരെ കലാകാരന്‍ പ്രതിഷേധിച്ചത്. . ഇന്ത്യയോടുള്ള പ്രണയം നിമിത്തം രാജസ്ഥാനില്‍ താമസിച്ച് കലാപ്രവര്‍ത്തനം നടത്തുന്ന ഫോട്ടോഗ്രാഫര്‍ കൂടിയായ വാസ് വോ എക്‌സ് വാസ് വോയാണ് സ്വന്തം സൃഷ്ടികള്‍ തകര്‍ത്തത്. പ്രസ്തുത ദൃശ്യങ്ങള്‍ അദ്ദേഹം യൂ ട്യൂബില്‍ പോസ്റ്റ് ചെയ്യുകയും ചെയ്തു. തൊഴിലാളി വര്‍ഗ്ഗ സര്‍വ്വാധിപത്യമെന്ന ഫാസിസ്റ്റ് സ്വപ്‌നം ഇപ്പോഴും കാത്തുസൂക്ഷിക്കുന്ന പ്രസ്ഥാനങ്ങളോ യൂണിയന്‍ നേതാക്കളോ പ്രശ്‌നത്തില്‍ പ്രതികരിച്ചതായി അറിയില്ല. അവരെ സംബന്ധിച്ചിടത്തോളം ഇതായിരിക്കും സര്‍വ്വാധിപത്യം. അല്ലെങ്കിലും സര്‍വ്വാധിപത്യത്തിന് ഗുണ്ടായിസമെന്നും അര്‍ത്ഥമുണ്ടല്ലോ.
മട്ടാഞ്ചേരിയില്‍ ബിനാലെയുടെ കൊലാറ്ററല്‍ പ്രദര്‍ശനം നടന്ന മില്‍ ഹോള്‍ കോംപൌണ്ടിലായിരുന്നു സംഭവം അരങ്ങേറിയത്. ഈ വര്‍ഷത്തെ ബിനാലേ പോയ വാരം അവസാനിച്ചിരുന്നു. കലാകാരന്മാര്‍ പലരും തങ്ങളുടെ സൃഷ്ടികള്‍ കൊണ്ടുപോയി. വന്‍തുകയായിരുന്നു അവരില്‍ നിന്ന് ചുമട്ടുതൊഴിലാളികള്‍ ഈടാക്കിയത്.  ‘സ്ലീപിംഗ് ത്രൂ ദി മ്യൂസിയം’ എന്ന കലാസൃഷ്ടിയായിരുന്നു ബിനാലേയില്‍ വാസ്വോ ഒരുക്കിയത്. പ്രദര്‍ശനം കഴിഞ്ഞ് സാധനങ്ങള്‍ തിരികെ കൊണ്ടുപോകാനുള്ള ശ്രമത്തിലായിരുന്നു ഇദ്ദേഹം. എന്നാല്‍ തന്നോട് തൊഴിലാളികള്‍ വന്‍തുക ചോദിച്ചതായി അദ്ദേഹം പറയുന്നു. കേരളത്തില്‍ നിലനില്‍ക്കുന്ന നോക്കുകൂലിയെന്ന ചൂഷണത്തെ കുറിച്ചും അദ്ദേഹം മനസ്സിലാക്കി. നോക്കുകൂലി കൊടുക്കാതെ സാധനങ്ങള്‍ കൊണ്ടുപോകാനാകില്ലെന്ന് മനസ്സിലായതോടെയാണ് വാസ് വോ എല്ലാം അവിടെ വച്ച് തന്നെ തന്റെ കലാസൃഷ്ടി എറിഞ്ഞുടച്ച് ദൃശ്യങ്ങള്‍ യു ട്യൂബിലിട്ടത്. ‘ഇത് കേരളത്തിലെ യൂനിയന്‍കാര്‍ക്കുള്ള ഒരു സാക്ഷ്യപത്രമാണ്. എങ്ങനെയാണ് അവര്‍ കേരളത്തില്‍ പ്രവര്‍ത്തിക്കുന്നതെന്നും ബിസിനസിനെ തകര്‍ക്കുന്നതെന്നുമുള്ള സാക്ഷ്യം’ എന്നദ്ദേഹം വിളിച്ചു പറയുന്നത് വീഡിയോയിലുണ്ട്.
അമേരിക്കയിലെ വിസ്‌കോണ്‍സിന്‍ സ്വദേശിയാണ് വാസ് വോ 2001ലാണ് ഇന്ത്യയോടുള്ള പ്രണയം മൂലം ഇവിടെ താമസമാക്കിയത്.  രാജസ്ഥാനിലെ ഉദയ്പൂര്‍ കേന്ദ്രീകരിച്ചാണ് കലാപ്രവര്‍ത്തനം. ഫോട്ടോഗ്രാഫും ശില്‍പ്പങ്ങളും മറ്റും ഒന്നിച്ചു ചേര്‍ന്ന ഇന്‍സ്റ്റലേഷനുകളാണ് ഇദ്ദേഹത്തിന്റെ സൃഷ്ടികളുടെ പ്രത്യകത. സംഭവത്തിനുശേഷം അദ്ദേഹം സോഷ്യല്‍ മീഡിയയില്‍ എഴുതിയ വരികള്‍ ഇങ്ങനെ.
‘ഒരു ആള്‍ക്കൂട്ടം പോലെയാണ് യൂനിയന്‍കാര്‍ പ്രവര്‍ത്തിക്കുക. അവര്‍ ട്രക്കിനടുത്ത് വരും. വലയി തുക കൂലി പറയും. അവരുടെ ആവശ്യം അംഗീകരിക്കും വരെ മറ്റാരെയും സാധനങ്ങള്‍ കയറ്റാനോ ഇറക്കാനോ സമ്മതിക്കില്ല. ഒരു ട്രക്കില്‍നിന്ന് സാധനങ്ങള്‍ ഇറക്കുന്നതിന് 60,000 മുതല്‍ 80,000 വരെ ചോദിക്കും. ഭീഷണിയും സാധനങ്ങള്‍ നശിപ്പിക്കുമെന്ന ഗുണ്ടായിസവും കാണിക്കും. അവരോട് വിലപേശുന്നതിനേക്കാള്‍ നല്ലത് ഈ സാധനങ്ങള്‍ എറിഞ്ഞുടക്കുകയാണ്’. സാമ്പത്തിക പ്രതിസന്ധി നേരിടുന്ന കൊച്ചി ബിനാലെയെ സഹായിക്കാന്‍  മുംബൈയില്‍ കലാസൃഷ്ടികളുടെ ലേലം സംഘടിപ്പിക്കുന്ന സമയത്താണ് ഇവിടെ ഇങ്ങനെ നടക്കുന്നതെന്നത് മറ്റൊരു തമാശ.
സംഭവം തങ്ങള്‍ക്ക് അറിവില്ലെന്നാണത്രെ കൊച്ചിയിലെ തൊഴിലാളി യൂണിയന്‍ നേതാക്കള്‍ പറയുന്നത്. ആകാശത്തു കീഴെയുള്ള ഏതുവിഷയമറിഞ്ഞാലും നോക്കുകൂലി വാങ്ങുന്ന വിവരം അവരറിയാറില്ല. ഇനി അറിഞ്ഞാല്‍ തന്നേയോ ഒരു തരത്തിലും ഇടപെടുകയുമില്ല. നോക്കൂകൂലി പാടില്ല എന്നൊക്കെ സമ്മേളനങ്ങളില്‍ പ്രമേയം പാസ്സാക്കും. എന്നാല്‍ അത്തരത്തിലുള്ള എന്തെങ്കിലും സംഭവമുണ്ടായാല്‍ അറിയില്ലെന്നു പറയും, അല്ലെങ്കില്‍ ന്യായീകരിക്കും. ടെക്‌നോളജിയുടെ വികാസത്തിന്റെ ഫലമായി തൊഴില്‍ പോകുന്നതിനുള്ള പരിഹാരമായി ജനങ്ങള്‍ നോക്കുകൂലി നല്‍കണമെന്നുതന്നെയാണ് പല രീതിയിലാണെങ്കിലും അവര്‍ വാദിക്കുന്നത്. കൂലിയുടെ കാര്യത്തിലായാലും നോക്കുകൂലിയുടെ കാര്യത്തിലായാലും യാതൊരു വിധ കണക്കുമില്ലാതെയാണ് തൊഴിലാളികള്‍ ആവശ്യപ്പെടുക. സമ്മതിച്ചില്ലെങ്കില്‍ ഗുണ്ടായിസം. കൊച്ചൗസേഫ് ചിറ്റിലപ്പിള്ളിയുടേയും മറ്റും പ്രതികരണം ഏറെ ശ്രദ്ധിക്കപ്പെട്ടെങ്കിലും അറിയപ്പെടാത്ത എത്രയോ പേര്‍ നോക്കുകൂലിയെ ചോദ്യം ചെയ്തതിന്റെ പേരില്‍ പീഡിപ്പിക്കപ്പെട്ടിരുന്നു.
സയന്‍സിന്റേയും ടെക്‌നോളജിയുിടേയും വികാസം തടയാന്‍ കഴിയില്ല. അതുമായി ബന്ധപ്പെട്ട് മനുഷ്യന്‍ ചെയ്യുന്ന ജോലികള്‍ എളുപ്പം ചെയ്യാവുന്ന മെഷിനുകള്‍ ഉണ്ടാകും. അപ്പോള്‍ ആ മേഖലയില്‍ തൊഴില്‍ സാധ്യത കുറയും. എന്നാല്‍ അതുമായി ബന്ധപ്പെട്ട് പുതിയ മേഖലകള്‍ ഉയ.ര്‍ന്നു വരും. അതു ചരിത്രത്തിന്റെ ഭാഗമാണ്. എന്നാല്‍ അതിനെ തടുത്തുനിര്‍ത്താനുള്ള ശ്രമമാണ് ഇടതുപക്ഷചിന്തയുടേയും തൊഴിലാളികളുടെ തൊഴിലിന്റേയും പേരില്‍ കേരളത്തില്‍ നടന്നത്. ട്രാക്ടര്‍, കൊയ്ത്തുയന്ത്രം, മെതിയന്ത്രം, കമ്പ്യൂട്ടര്‍, ടിപ്പര്‍ എന്നിവ വന്നപ്പോഴൊക്കെ ഇതു നാം കണ്ടതാണ്. കൊയ്യാന്‍ ആളില്ലാതെ പാടത്തു നെല്ലുകിടന്നു ചീയുമ്പോഴും നാം കൊയ്ത്തുയന്ത്രത്തെ എതിര്‍ത്തു. ഫലമെന്താ? കൃഷി തകര്‍ന്നു. കമ്പ്യൂട്ടറിന്റെത് സമകാലിക ചരിത്രമാണല്ലോ. അതിനാല്‍ തന്നെ ഐടി മേഖലയില്‍ നാം പുറകിലായി. അതിന്റെയൊക്കെ മറ്റൊരു രൂപമാണ് ടിപ്പറും മറ്റും വന്നപ്പോള്‍ തങ്ങളുടെ തൊഴില്‍ പോകുന്നു എന്നു പറഞ്ഞ് സംഘടിത ചുമട്ടു തൊഴിലാളികള്‍ പൊതുജനങ്ങള്‍ക്കുമേല്‍ കുതിര കയറുന്നത്. അതിന്റെ അവസാന ഉദാഹരണമാണ് ഈ സംഭവവും.
ചുമട്ടുതൊഴിലാളികള്‍ സംഘടിതരായതിനാല്‍ എന്തു പ്രമേയം പാസാക്കിയാലും അവര്‍ക്കെതിരെ നടപടിയെടുക്കാന്‍ യൂണിയന്‍ നേതൃത്വവും പാര്‍ട്ടികളും തയ്യാറാകില്ല. അവരടെ പ്രധാന സാമ്പത്തിക സ്രോതസ്സ് കൂടിയാണിവര്‍. ടെക്‌സ്‌റ്റൈല്‍ മേഖലയിലും നേഴ്‌സിംഗ് മേഖലയിലും മറ്റനവധി അസംഘടിത മേഖലകളിലും ജീവിക്കാനുള്ള മിനിമം വേതനം പോലും ലഭിക്കാതെ ദുരിതങ്ങളനുഭവിക്കുന്നവരെ സംഘടിപ്പിക്കാനോ അവരുടെ സമരങ്ങളെ പിന്തുണക്കാനോ തയ്യാറാകാത്തവരാണ് ഇവിടെ അനീതിക്കു കൂട്ടുനില്‍ക്കുന്നത്. ബിനാലേയില്‍ നടന്ന സംഭവവും തങ്ങള്‍ അറിഞ്ഞില്ലെന്നാണ് അവര്‍ പറയുന്നത്. തൊഴിലാളി വര്‍ഗ്ഗ ഗുണ്ടായിസം വിജയിക്കട്ടെ.


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Latest news | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply