തിരിഞ്ഞുനടക്കുന്ന മലയാളി, മരുഭൂമിയാകുന്ന മലയാളം

മുരളി തുമാരക്കുടി വാഹനങ്ങളില്‍ ജി പി എസ്സും ആളുകളുടെ കൈയില്‍ മൊബൈല്‍ ഫോണും രാജ്യം മുഴുവന്‍ മൊബൈല്‍ ടവറും വ്യാപകമാകുന്നതിനു മുന്‍പുള്ള കാലത്താണ് ഞാന്‍ ഒമാനില്‍ ജോലി ചെയ്തത്. തീരത്തെ ഏതാനും നഗരങ്ങള്‍ ഒഴിച്ചാല്‍ ഒമാന്‍ ഒരു മരുഭൂമിയാണ്. മരുഭൂമിയുടെ നടുക്കാണ് എണ്ണക്കിണറുകളുള്ളത്. ഓരോ എണ്ണക്കിണറിലേക്കും പോകുന്ന റോഡുകള്‍ ടാറിട്ടതും അല്ല. ഉഷ്ണകാലത്ത് ഒരു കാറ്റടിച്ചാല്‍ മണല്‍ വന്നു വീണ് റോഡേത് മരുഭൂമിയേത് എന്ന് തിരിച്ചറിയാന്‍ പറ്റില്ല. എവിടെയെങ്കിലും തെറ്റായ ഒരു തിരിവെടുക്കുന്നതോടെ മരുഭൂമിയുടെ നടുക്ക് നമ്മള്‍ […]

cccമുരളി തുമാരക്കുടി

വാഹനങ്ങളില്‍ ജി പി എസ്സും ആളുകളുടെ കൈയില്‍ മൊബൈല്‍ ഫോണും രാജ്യം മുഴുവന്‍ മൊബൈല്‍ ടവറും വ്യാപകമാകുന്നതിനു മുന്‍പുള്ള കാലത്താണ് ഞാന്‍ ഒമാനില്‍ ജോലി ചെയ്തത്. തീരത്തെ ഏതാനും നഗരങ്ങള്‍ ഒഴിച്ചാല്‍ ഒമാന്‍ ഒരു മരുഭൂമിയാണ്. മരുഭൂമിയുടെ നടുക്കാണ് എണ്ണക്കിണറുകളുള്ളത്. ഓരോ എണ്ണക്കിണറിലേക്കും പോകുന്ന റോഡുകള്‍ ടാറിട്ടതും അല്ല. ഉഷ്ണകാലത്ത് ഒരു കാറ്റടിച്ചാല്‍ മണല്‍ വന്നു വീണ് റോഡേത് മരുഭൂമിയേത് എന്ന് തിരിച്ചറിയാന്‍ പറ്റില്ല. എവിടെയെങ്കിലും തെറ്റായ ഒരു തിരിവെടുക്കുന്നതോടെ മരുഭൂമിയുടെ നടുക്ക് നമ്മള്‍ ഒറ്റപ്പെട്ട്, തിരികെ പുറത്തു കടക്കാനുള്ള വഴി കണ്ടുപിടിക്കാനാവാതെ അവിടെ കിടന്നു മരിക്കാനും മതി. അതത്ര അസാധാരണമൊന്നുമല്ലായിരുന്നു താനും.

കോര്‍പ്പറേറ്റ് സേഫ്റ്റി ഡിപ്പാര്‍ട്ട്‌മെന്റില്‍ ജോലി ചെയ്തിരുന്നതിനാല്‍ ഇന്‍സിഡന്റ് ഇന്‍വെസ്റ്റിഗേഷന്റെ ഭാഗമായി ഇത്തരം കേസുകള്‍ കാണേണ്ടി വന്നിട്ടുണ്ട്. അപ്പോള്‍ പലപ്പോഴും ശ്രദ്ധിക്കുന്ന ഒരു കാര്യം ഉണ്ട്. വഴി തെറ്റിയതിനു ശേഷം ശരിയായ വഴിയുടെ തൊട്ടടുത്തു വരെയെത്തിയ ശേഷം പലരും തിരിച്ച് മണലാരണ്യത്തിലേക്ക് വണ്ടി തിരിക്കുന്നതായി ട്രാക്കില്‍ നിന്നും വ്യ്കതമാകും. കാരണം യഥാര്‍ത്ഥ വഴിയുടെ തൊട്ടടുത്തെത്തി എന്നവര്‍ അറിയുന്നില്ല. അവരുടെ കാറിന്റെ മുകളില്‍ കയറിനിന്ന് ചുറ്റുമൊന്ന് കണ്ണോടിച്ചാല്‍ ചിലപ്പോള്‍ അവര്‍ രക്ഷപെട്ടേനെ. പക്ഷെ ആ ബുദ്ധി പലര്‍ക്കും തോന്നിയില്ല. കുറെ ദൂരം വണ്ടിയോടിച്ചു കഴിയുമ്പോള്‍ വഴി തെറ്റിയെന്നു തോന്നി മറ്റൊരു ദിശയിലേക്ക് വാഹനമോടിക്കും. അവസാനം മരുഭൂമിയില്‍ വെള്ളം പോലും കിട്ടാതെ മരണം.

കേരളത്തിന്റെ ഇപ്പോഴത്തെ സ്ഥിതി ഇതാണ് എന്നെ ഓര്‍മ്മിപ്പിക്കുന്നത്. ഒരു വികസ്വര രാജ്യത്തിന്റെ ജീവിതസാഹചര്യങ്ങളില്‍ നിന്നും വികസിതരാജ്യമായി മാറാനുള്ള വഴിയുടെ തൊട്ടടുത്താണ് നമ്മള്‍ നില്‍ക്കുന്നത്. ഉയര്‍ന്ന സാക്ഷരത, വികസിതരാജ്യങ്ങളോട് ഒപ്പം നില്‍ക്കുന്ന കുറഞ്ഞ ശിശു മരണനിരക്ക്, ഉന്നത വിദ്യാഭ്യാസശ്രേണിയിലുള്ള സ്ത്രീകളുടെ സാന്നിധ്യം, വിദേശത്തുനിന്നുള്ള പണം കൊണ്ടാണെങ്കിലും നടക്കുന്ന നിര്‍മ്മാണവും മറ്റു ഉപഭോഗങ്ങളും, കൃഷിരംഗത്തു നിന്നും മറ്റു രംഗങ്ങളിലേക്കുള്ള തൊഴിലാളികളുടെ കളംമാറ്റം എന്നിങ്ങനെ നമ്മുടെ വികസന പാത എങ്ങോട്ടാണ് പോകുന്നതെന്ന് വ്യക്തമാക്കുന്ന നാഴികക്കല്ലുകള്‍ പലതുണ്ട്. നമ്മുടെ പ്രകൃതിയും പൈതൃകങ്ങളും ഒക്കെ സംരക്ഷിക്കണമെന്നും, മലിനമാകാത്ത നദിയും മാലിന്യം സംസ്‌കരിക്കുന്ന നഗരങ്ങളും ഒക്കെ വേണമെന്നും, അഴിമതി ഒരു ആധുനിക സമ്പദ്‌വ്യവസ്ഥയ്‌യുടെ ഭാഗമല്ല എന്നും, നിയമത്തിന്റെ മുന്നില്‍ എല്ലാവരും തുല്യരാണെന്നും, നിയമനിര്‍മ്മാതാക്കളും നിയമം നടപ്പിലാക്കാന്‍ ബാധ്യസ്ഥരായവരും നിയമലംഘനത്തിന് കൂട്ടുനില്‍ക്കുന്നത് വന്‍ അപരാധമാണെന്നും, ടാക്‌സ് വെട്ടിക്കുന്നത് മോഷണം പോലത്തെ സാമൂഹ്യ തിന്മയാണെന്നും ഒക്കെ സ്വയം തോന്നിത്തുടങ്ങുന്ന ആധുനികമായ വികസിതമായ ഒരു സംസ്‌കാരത്തിലേക്കെത്താന്‍ ഇനി നമുക്ക് അധികം ദൂരമില്ല. എന്നാല്‍ കഷ്ടകാലത്തിന് നമ്മുടെ വികസനത്തിന്റെ വണ്ടി ഓടിക്കുന്നവര്‍ക്ക് അത് മനസ്സിലാകാത്തതിനാല്‍ നമ്മള്‍ വികസനത്തിന്റ മരുഭൂമിയില്‍ ലക്ഷ്യബോധം ഇല്ലാതെ കിടന്നു വട്ടം കറങ്ങുകയാണ്. അന്തിമഫലവും വ്യത്യസ്തമാകാന്‍ തരമില്ല.

ഇതൊരു രാഷ്ട്രീയപ്പാര്‍ട്ടി മാത്രം വിചാരിച്ചാല്‍ തീരുന്ന പ്രശ്‌നമല്ല. നമ്മുടെ എല്ലാ രാഷ്ട്രീയപ്രസ്ഥാനങ്ങളും അടുത്ത ഇലക്ഷന്‍ എന്ന ചക്രവാളത്തിനപ്പുറം ചിന്തിച്ചുള്ള നയങ്ങളും പദ്ധതികളും നടപ്പിലാക്കുന്നില്ല. അതിനവരെ നിര്‍ബന്ധിക്കുന്ന സാമൂഹ്യ സാഹചര്യം ഇപ്പോള്‍ ഇല്ല. കേരളത്തിന്റെ ആരോഗ്യം, വിദ്യാഭ്യാസം, വ്യവസായം, ടൂറിസം, സദാചാരം എന്നിങ്ങനെ ഏതു വിഷയമെടുത്താലും ഹ്രസ്വവീക്ഷണത്തോടെയുള്ള രാഷ്ട്രീയ താല്പര്യങ്ങളുടെ, അതില്‍ നിന്നുണ്ടാകുന്ന നയങ്ങളുടെ കുഴപ്പം ചൂണ്ടിക്കാണിക്കാന്‍ സാധിക്കും. തല്ക്കാലം കത്തിനില്‍ക്കുന്നത് മൂന്നാറാണല്ലോ. അതുകൊണ്ട് ഭൂവിനിയോഗത്തെപ്പറ്റിത്തന്നെ പറയാം.

യൂറോപ്പില്‍ യാത്ര ചെയ്തിട്ടുള്ളവര്‍ ഒരു കാര്യം ശ്രദ്ധിച്ചിട്ടുണ്ടാകണം. ലണ്ടനോ, പാരീസോ ബെര്‍ലിനോ ആകട്ടെ, ഏതു വന്‍ നഗരത്തില്‍ നിന്നു ട്രെയിന്‍ കയറിയാലും പത്തു മിനിറ്റിനകം നമ്മുടെ നാട്ടിന്‍പുറങ്ങളെ വെല്ലുന്ന പ്രകൃതി സൗന്ദര്യം ആണ്. വീടുകള്‍ അധികം ഇല്ല, പോരാത്തതിന് ഒട്ടും മലിനമാകാതെ അരുവികളും ജലാശയങ്ങളും, കൃഷിഭൂമിയുടെ നടുക്ക് വളര്‍ന്നു നില്‍ക്കുന്ന ചെറിയ കാടുകള്‍. ഇപ്പോള്‍ നാം കാണുന്ന അതിമനോഹരമായ യൂറോപ്പ് സത്യത്തില്‍ പ്രകൃതിയുടെ സൃഷ്ടിയല്ല, കര്‍ശനമായ നിയമത്തിന്റെയാണ്. ദീര്‍ഘവീക്ഷണമുള്ള നേതൃത്വത്തിന്റെയും. അതെങ്ങനെ ഉണ്ടായി എന്ന് പറയാം.

ഒന്നാം ലോകമഹായുദ്ധത്തിനു ശേഷം യൂറോപ്പില്‍ ഭൂമിയുടെ കാര്യത്തില്‍ ചില മാറ്റങ്ങളുണ്ടായി. ഒന്നാമത് ലക്ഷക്കണക്കിന് ചെറുപ്പക്കാര്‍ യുദ്ധത്തില്‍ മരിച്ചതോടെ ഭൂമിയില്‍ കൃഷിചെയ്യാന്‍ ആവശ്യത്തിനാളില്ലാതായി. രണ്ടാമത് ഗ്രാമത്തില്‍ നിന്നും ഏറെയാളുകള്‍ നഗരങ്ങളിലേക്ക് ചേക്കേറിയതോടെ ഗ്രാമത്തില്‍ സ്ഥലത്തിന്റെ ആവശ്യകത കുറഞ്ഞു. മൂന്നാമത് ഒറ്റക്കുള്ള വീടുകളില്‍ നിന്നും ഇന്ന് നാം ഫ്‌ലാറ്റ് എന്ന് പറയുന്ന തരത്തിലുള്ള കെട്ടിടങ്ങള്‍ ഉണ്ടാവാന്‍ തുടങ്ങി. വിത്തിലും വളത്തിലും വന്ന വ്യതിയാനവും കൃഷിയിലെ യന്ത്രവല്‍ക്കരണവും കാരണം ഉദ്പാദനക്ഷമത വര്‍ദ്ധിച്ചു. നിശ്ചിത വിളവിന് പഴയത്ര സ്ഥലം കൃഷിക്ക് വേണ്ടാതായതോടെ ഭൂമിയുടെ വിനിയോഗവും ആവശ്യകതയും കുറഞ്ഞു. ദീര്‍ഘവീക്ഷണമുള്ള ഭരണം അവിടെയുണ്ടായിരുന്നതുകൊണ്ട് കൃഷിഭൂമിയായിരുന്ന ധാരാളം സ്ഥലം തിരിച്ചു കാടായും തണ്ണീര്‍ത്തടം ആയും ഒക്കെ മാറ്റിയെടുക്കാന്‍ സാധിച്ചു. ബാക്കിയുള്ള ഭൂമിയുടെ ഉപയോഗത്തിനും കൈമാറ്റത്തിനും വലിയ നിയന്ത്രണം വരിക കൂടി ചെയ്തു. ഉദാഹരണത്തിന് കൃഷിഭൂമി മറ്റൊരാവശ്യത്തിന് മാറ്റിയെടുക്കുക എന്നത് നിയമപരമായി ഏതാണ്ട് അസാധ്യം ആയി. ഒരു കുടുംബത്തിന്റെ കൈവശം ഉള്ള ഭൂമി മക്കള്‍ക്ക് വീതിച്ചു വീതിച്ചു കൊടുക്കാന്‍ അവകാശം ഇല്ലാതായി, വേണമെങ്കില്‍ മക്കളില്‍ ആര്‍ക്കെങ്കിലും ഒരാള്‍ക്ക് മൊത്തം എടുത്ത് കൃഷി ചെയ്യാം, അല്ലെങ്കില്‍ കൃഷിയില്‍ താല്പര്യമുള്ള മറ്റാര്‍ക്കെങ്കിലും കൊടുക്കാം, അല്ലാതെ തുണ്ടം തുണ്ടമായി വീതിച്ചു കൃഷി ലാഭകരമാകാതെ വരാന്‍ പറ്റില്ല. പിന്നെ ഒരു കാര്യം പ്രത്യേകം പറയണം ശക്തമായ ജനാധിപത്യത്തിന്റെ ആണിക്കല്ല് ‘റൂള്‍ ഓഫ് ലോ’ ആണ്, അപ്പോള്‍ നിയമം ഉണ്ടാക്കിയാല്‍ പാലിക്കാന്‍ എല്ലാവരും ബാധ്യസ്ഥരാണ്. ഭൂമി കയ്യേറ്റം തുടങ്ങിയ തറവേലകള്‍ ഒന്നും നടക്കില്ല. ഇതൊക്ക കാരണം യൂറോപ്പിലെ കൃഷിഭൂമി കൃഷിഭൂമിയായിത്തന്നെ തുടരുന്നു. ഇപ്പോള്‍ കൃഷിയുടെ പ്രൊഡക്ടിവിറ്റി കൂടുന്ന കാരണം വര്‍ഷാവര്‍ഷം കൂടുതല്‍ കൂടുതല്‍ കൃഷിഭൂമി തരിശിടാന്‍ സര്‍ക്കാര്‍ നാട്ടുകാര്‍ക്ക് പണം കൊടുക്കുന്നു. ചെയ്യുന്ന കൃഷിക്ക് വേറെയും.

ആയിരത്തി തൊള്ളായിരത്തി തൊണ്ണൂറിലെ കേരളം ഏതാണ്ട് അത്തരത്തിലുള്ള ഒരു സാഹചര്യമായിരുന്നു. കൃഷിയൊന്നും ലാഭമല്ലാതെ വന്നതോടെ പാടങ്ങള്‍ തരിശായി തുടങ്ങി. നാട്ടിലെ കര്‍ഷകരുടെയും കര്‍ഷകത്തൊഴിലാളികളുടെയും എണ്ണം കുറഞ്ഞു, ലക്ഷക്കണക്കിന് ചെറുപ്പക്കാര്‍ ഗള്‍ഫിലേക്ക് തൊഴിലന്വേഷിച്ച് പോയി. ഒരു കുടുംബത്തിലെ കുട്ടികളുടെ ശരാശരി എണ്ണം രണ്ടായി, പറ്റുന്നവരെല്ലാം നഗരത്തില്‍ വീടുവെക്കാനും തുടങ്ങി. മലയാളി ഒരിക്കലും ഇഷ്ടപ്പെടില്ലെന്നു കരുതിയ ഫ്‌ലാറ്റുകള്‍ നഗരങ്ങളില്‍ കൂടുതലാവാന്‍ തുടങി. അന്ന് ഭൂമിക്ക് വലിയ വിലയില്ല, യഥാര്‍ത്ഥത്തില്‍ അന്ന് മുതല്‍ ഭൂമിയുടെ യഥാര്‍ത്ഥ ആവശ്യം കുറഞ്ഞു വരികയും ആണ്.

എന്നാല്‍ ഭൂമിയുടെ ഉപയോഗത്തിനും കൈമാറ്റത്തിനും യാതൊരു നിയന്ത്രണവും അധികാരികളുടെ ഭാഗത്തു നിന്നുണ്ടായില്ല. അതേ സമയം പുറത്ത് നിന്നും ജോലി ചെയ്ത് നാട്ടില്‍ എത്തുന്ന പണത്തിന് ഗുണകരമായി നിക്ഷേപിക്കാനുള്ള ഒരു സംവിധാനവും നമ്മുടെ സമ്പദ്‌വ്യവസ്ഥ ഉണ്ടാക്കിയും ഇല്ല. അതിന്റെ ഫലമായി ‘വസ്തു വാങ്ങല്‍’ ഒരു സാമ്പത്തിക പ്രക്രിയയായി. വലിയ കരഭൂമികളെല്ലാം തന്നെ ആളുകള്‍ തുണ്ടുതുണ്ടായി മുറിച്ചുവില്‍ക്കാനും പറ്റുന്നിടത്തെല്ലാം ഫ്‌ലാറ്റ് വാങ്ങാനും തുടങ്ങി. മൂന്നാറിലും വയനാട്ടിലും ഒക്കെ ഒരേക്കര്‍ മുതല്‍ പത്തു സെന്റ് വരെ കൈവശം വക്കാന്‍ താഴെ ഉളളവര്‍ക്ക് മത്സരമായി. അങ്ങനെ കൊടുക്കാന്‍ വേണ്ടി അമ്പതും നൂറും സര്‍ക്കാര്‍ ഭൂമിയും വനഭൂമിയും കയ്യേറുന്ന സംഘങ്ങള്‍ ഉണ്ടായി. പക്ഷെ ഇങ്ങനെ വാങ്ങിയ ഭൂരിഭാഗം സ്ഥലത്ത് വീടുകള്‍ ഉണ്ടായില്ല, ഫ്‌ലാറ്റുകള്‍ പകുതി ഒഴിഞ്ഞു കിടക്കുന്നു, കയ്യേറിയ സ്ഥലത്തൊന്നും ഒരു കൃഷിയും ഉണ്ടായില്ല. അപ്പോള്‍ ഭൂമിക്കും ഫ്‌ലാറ്റിനും വാസ്തവത്തില്‍ ആവശ്യക്കാര്‍ ഇല്ലെന്ന് വ്യക്തമാണ്, എന്നിട്ടും തരം കിട്ടിയാല്‍ ഭൂമി മണ്ണിട്ട് നികത്തലും ഫ്‌ലാറ്റ് വാങ്ങലും സ്ഥലം കയ്യേറലും ഒക്കെ ഇപ്പോഴും നടക്കുന്നു. അതിനൊക്കെ വേണ്ടി മല നിരത്തുന്നു, റോഡ് പണിയുന്നു, മണല്‍ വാരുന്നു, പാറമട ഉണ്ടാക്കുന്നു, മൊത്തം പരിസ്ഥിതിയെ കുളമാക്കുന്നു.

ഇതിന്റെയൊക്കെ പ്രത്യാഘാതം പാരിസ്ഥിതികം മാത്രമല്ല, സാമ്പത്തികം കൂടിയാണ്. യഥാര്‍ത്ഥത്തില്‍ സ്ഥലം ആവശ്യമുള്ളവര്‍ക്ക് അത് ലഭ്യമല്ല. ഉദാഹരത്തിന്, നൂറേക്കര്‍ സ്ഥലം വാങ്ങി റബ്ബര്‍കൃഷി ചെയ്യാന്‍ കേരളത്തില്‍ ഒരാള്‍ക്കും ഇന്ന് സാധ്യമല്ല. കാരണം കൃഷിഭൂമിയുടെ വിലയല്ല ഇന്ന് സ്ഥലത്തിനുള്ളത്. ഒരേക്കര്‍ റബ്ബറില്‍ നിന്നും പരമാവധി ഒരു ലക്ഷം രൂപയാണ് ലാഭം കിട്ടുന്നത്. അതും ഏഴുവര്‍ഷം കഴിഞ്ഞാണ് കിട്ടി തുടങ്ങുന്നത്. അപ്പോള്‍ കൃഷി ലാഭകരമാകണമെങ്കില്‍ ഒരേക്കറിന് അഞ്ചുലക്ഷമോ അതില്‍ താഴെയോ നിരക്കില്‍ സ്ഥലം ലഭ്യമാകണം. അങ്ങനെയൊരു സ്ഥലമിപ്പോള്‍ കേരളത്തിലില്ല. ഇന്ത്യയില്‍ മറ്റൊരു സംസ്ഥാനത്തിലും കൃഷിഭൂമിക്ക് കേരളത്തിലെ വിലയില്ല എന്നതു പോട്ടെ, യൂറോപ്പിലും അമേരിക്കയിലും പോലും കൃഷിഭൂമി കേരളത്തിലേക്കാള്‍ ആദായവിലയില്‍ കിട്ടും. ഞാന്‍ സ്ഥിരം യാത്ര ചെയ്യുന്ന അനവധി രാജ്യങ്ങളില്‍ ആയിരം ഡോളറിന്ഒരു ഹെക്ടര്‍ ഭൂമി കിട്ടുന്ന രാജ്യങ്ങളുണ്ട്. അവിടങ്ങളില്‍ റബ്ബര്‍ക്കൃഷി ചെയ്യാനുള്ള അനുകൂല കാലാവസ്ഥയുമുണ്ട്. റബ്ബര്‍വില കൂട്ടി കര്‍ഷകന് ലാഭമുണ്ടാക്കാന്‍ ഇനി ഇന്ത്യന്‍ പാര്‍ലമെന്റിന്റെ മുന്നില്‍ റബ്ബര്‍ഷീറ്റുടുത്ത് കുത്തിയിരുന്നിട്ട് കാര്യമൊന്നുമില്ല.

കേരളത്തിന്റെ പ്രകൃതിയെ ഒരു ഐ എ എസ് ഉദ്യോഗസ്ഥനോ ഒരു രാഷ്ട്രീയനേതാവോ പരിസ്ഥിതി പ്രവര്‍ത്തകരോ സംരക്ഷിക്കും എന്നു കരുതുന്നത് മൂഢത്വമാണ്. അത് സംഭവിക്കണമെങ്കില്‍ അതിന് സമൂഹം മൊത്തം മുന്നോട്ടു വരണം. പ്രകൃതി എന്നത് വരും തലമുറകള്‍ക്ക് ഇവിടെ ജീവിച്ചു പോകാനുള്ള അടിസ്ഥാനമാണെന്ന ബോധം ഉണ്ടാകണം. അതിനു വേണ്ടി നഷ്ടങ്ങള്‍ സഹിക്കാന്‍ എല്ലാവരും തയ്യാറാകണം. ഭൂമിയുടെ ഉപയോഗത്തിലും കൈമാറ്റത്തിലും ആധുനികമായ മാറ്റങ്ങള്‍ വരുത്തുകയും നടപ്പിലാക്കുമെന്ന് ഉറപ്പാവുകയും ചെയ്താല്‍ ഭൂമിയുടെ വില ഇപ്പോള്‍ ഉള്ളതിന്റെ പത്തിലൊന്നാകും, ഇനി ഭൂമി കൈയിലിരുന്നാല്‍ ഉള്ള കാശു കൂടി പോകും എന്ന ചിന്ത നാട്ടുകാര്‍ക്ക് വരും അപ്പോള്‍ ഭൂമിവില താഴേക്ക് പോകുന്നതോടെ ആവശ്യക്കാര്‍ക്ക് ഭൂമി ലഭ്യമാകും. അനാവശ്യക്കാര്‍ കളംവിട്ട്, പണം കുറച്ചുകൂടി ഉപയോഗക്ഷമമായ മറ്റു വഴികളില്‍ നിക്ഷേപിക്കും. അതുപോലെ തന്നെ ചുമ്മാതെ കിടക്കുന്ന ഫ്‌ളാറ്റുകള്‍ക്ക് ഭീമമായ നികുതി ചുമത്തണം, അപ്പോള്‍ അത് കൈയ്യില്‍ വച്ചിരുന്നാല്‍ പൊള്ളും എന്ന നിലവരും, ആവശ്യക്കാര്‍ക്ക് ഫ്‌ലാറ്റ് ന്യായവിലയില്‍ കിട്ടും. അനാവശ്യമായി ഫ്‌ലാറ്റ് ഉണ്ടാകുകയും ഇല്ല. മലയും മണലും ഒക്കെ അവിടെത്തന്നെ കാണും.

പ്രകൃതിയെ നശിപ്പിച്ചിട്ട് ഇപ്പോള്‍ നാം കാണുന്ന വികസനം ഒന്നും സ്ഥായിയല്ല എന്ന ബോധം എന്ന് സമൂഹത്തിനുണ്ടാകുന്നോ, അന്നാണ് നാം സുസ്ഥിരവിപാത അന്വേഷിക്കാന്‍ പോകുന്നത്. കേരളം പാരിസ്ഥിതികമായി ഒരു ചെറിയ തുരുത്താണ്, അതിന്റെ മുകളിലേക്കാണ് കാലാവസ്ഥ വ്യതിയാനം വരുന്നത്. ഒരു തലമുറയുടെ തെറ്റായ പ്രവര്‍ത്തനം മതി നമ്മുടെ പ്രകൃതിയെ കുഴപ്പത്തില്‍ ചാടിക്കാന്‍. അപ്പോള്‍ ശരിയായ വികസനപാത നാം കണ്ടുപിടിച്ചില്ലെങ്കില്‍ മരുഭൂമിയിലെ ഡ്രൈവറുടെ വിധി തന്നെയാകും നമ്മുടേതും. അതറിയാന്‍ സ്‌പെക്കുലേഷനോ ഇന്ററോഗേഷനോ ഒന്നും വേണ്ട, കോമണ്‍ സെന്‍സ് മതി. പക്ഷെ കോമണ്‍സെന്‍സ് അത്ര കോമണ്‍ അല്ല എന്ന് ഇഗ്‌ളീഷില്‍ ഒരു ചൊല്ലുണ്ട്.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: malayali | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply