
ജസീറ പോരാട്ടം തുടരുന്നു….
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പതിമൂന്നാം വര്‍ഷത്തേക്ക് കടന്നിരിക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2025 - 26 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in
രണ്ടുവര്‍ഷത്തോളം നീണ്ട സുധീരമായ പോരാട്ടത്തിനുശഷം തല്‍ക്കാലം ജസീറ പിന്തിരിയുന്നു. ഇനി പോരാട്ടം തിരഞ്ഞെടുപ്പുഗോദയില്‍. രാഷ്ട്രീയക്കാരും മാഫിയയുമെല്ലാംമടങ്ങുന്ന കണ്ണൂരിലെ മാടായി കടപ്പുറത്തെ മണല്‍ മാഫിയയ്‌ക്കെതിരേയാണ് ജസീറ ഒറ്റയാള്‍ പോരാട്ടം നടത്തിയത്. കണ്ണൂരില്‍ നിന്നും തിരുവനന്തപുരത്തേക്കും തുടര്‍ന്ന് ഡെല്‍ഹിയിലേക്കും നീണ്ട പോരാട്ടം പെണ്‍കരുത്തിന്റെ പ്രതീകമായി മാറി. ഒപ്പം രണ്ടു പിഞ്ചുകുട്ടികളും. പ്രശ്‌നത്തില്‍ ഉചിതമായ നടപടി സ്വീകരിക്കുമെന്ന മുഖ്യമന്ത്രിയുടെ ഉറപ്പിനെ തുടര്‍ന്നാണ് ഈ താല്‍ക്കാലിക പിന്മാറ്റം. എന്നാല്‍ മുഖ്യമന്ത്രി വാഗ്ദാനം പാലിക്കാതിരുന്നാല്‍ ഇവര്‍ പോരാട്ടരംഗത്ത് തിരിച്ചെത്തുമെന്നുറപ്പ്.
മാടായിക്കടപ്പുറത്തെ മണലെടുപ്പ് തങ്ങളുടെ കിടപ്പാടം നഷ്ടമാക്കുമെന്നായതോടെയാണു ജസീറ സമരമുഖത്തെത്തിയത്. പിന്നീടത് കേരളത്തെ കൊള്ളയടക്കുന്ന മണല്‍ മാഫിയകിക്കെതിരായ ജീവന്മരണസമരമായി മാറുകയായിരുന്നു. തീരദേശസംരക്ഷണനിയമം നടപ്പാക്കുക എന്ന ലളിതമായ ആവശ്യം മാത്രമായിരുന്നു അവരുടേത്. എന്നിട്ടും സമരത്തെ അനുകൂലിച്ച് രംഗത്തിറങ്ങാന്‍ അധികപേരൊന്നും ഉണ്ടായില്ല. എന്നാല്‍ എതിരെ ശക്തമായ പ്രചരണം തന്നെ നടന്നു. ജസീറയെ തീവ്രവാദിയായിപോലും ആക്ഷേപിച്ചവരുണ്ട്. അതിനെയെല്ലാം അതിജീവിക്കുകവഴി ജസീറയുടെ പോരാട്ടം സമാനതകളില്ലാത്തതായി മാറി.
ഇനി താന്‍ മറ്റൊരു പോരാട്ടത്തിനിറങ്ങുകയാണെന്ന് ജസീറ പ്രഖ്യാപിച്ചു കഴിഞ്ഞു. അത് ലോകസഭാ തിരഞ്ഞെടുപ്പിലാണ്. തന്റെ സമരത്തെ ഏറ്റവും മോശമായ രീതിയില്‍ ആക്ഷേപിച്ച അബ്ദുള്ളക്കുട്ടിക്കെതിരെ മത്സരിക്കുമെന്നാണ് അവരുടെ പ്രഖ്യാപനം. സാധാരണ നിലയില്‍ കക്ഷിരാഷ്ട്രീയം മാത്രം പറയുന്ന തിരഞ്ഞെടുപ്പുവേളകള്‍ ഗൗരവപരമായ രാഷ്ട്രീയം ഉന്നയിക്കുന്ന വേദികളാക്കണം. നൂറുവോട്ടേ കിട്ടുന്നുള്ളു എങ്കില്‍പോലും പ്രശ്‌നമല്ല. കേരളം നേരിടുന്ന ഗൗരവപരമായ വിഷയങ്ങള്‍ ജനങ്ങളിലെത്തിക്കാനും അക്കാര്യങ്ങളില്‍ രാഷ്ട്രീയനേതൃത്വങ്ങളെകൊണ്ട് നിലപാടുകള്‍ സ്വീകരിപ്പിക്കാനും ഈ വേള ഉപയോഗിക്കാവുന്നതാണ്. അതാണ് ഇനി ജസീറ ചെയ്യാന്‍ പോകുന്നത്. ജസീറ മാത്രമല്ല, നഴ്‌സുമാരുടെ സമരത്തിന് നേതൃത്വം നല്‍കുന്ന ജാസ്മിന്‍ഷാ, കാതിക്കുടം സമരപ്രതിനിധി തുടങ്ങിയവരൊക്കെ തിരഞ്ഞെടുപ്പില്‍ മത്സരിക്കാനൊരുങ്ങുകയാണ്. തീര്‍ച്ചയായും നമ്മുടെ ജനാധിപത്യസംവിധാനത്തെ കൂടുതല്‍ ശക്തമാക്കാന്‍ ഈ ഇടപെടലുകള്‍ക്ക് കഴിയുമെന്നുറപ്പ്.