ഖമറുന്നീസയെ ‘പുറത്താക്കുമ്പോള്‍’ എന്താണ് ‘അകത്തുള്ളത്?’

ജഹാംഗിര്‍ റസാഖ് പലേരി ബി.ജെ.പി. ഫണ്ട് വിതരണ ഉദ്ഘാടനവും അനുകൂല പരാമര്‍ശവും നടത്തിയ വനിതാ ലീഗ് നേതാവ് ഡോ. ഖമറുന്നീസ അന്‍വറിനെ മുസ്ലിംലീഗ് സംസ്ഥാന നേതൃത്വം പദവിയില്‍നിന്നും നീക്കം ചെയ്തിരിക്കുന്നു. ഈയവസരത്തില്‍ ജനാധിപത്യ ഇന്ത്യയിലെ രാഷ്ട്രീയ വ്യവഹാരങ്ങളില്‍, വിശേഷിച്ച് മുസ്ലിംലീഗെന്ന രാഷ്ട്രീയ പ്രസ്ഥാനത്തില്‍ സ്ത്രീ സാന്നിധ്യം എന്നത് എത്രമേല്‍ യാഥാര്‍ഥ്യമാണെന്നു പരിശോധിക്കാം. 1) ‘സ്ത്രീകളുടെ പ്രകൃതി ധര്‍മം പുരുഷന്റെ ലൈംഗീകതയെ തൃപ്തിപ്പെടുത്തുകയാണ്’. 2) ‘ന സ്ത്രീ സ്വാതന്ത്രമര്‍ഹതി’. 3) ‘സ്ത്രീകള്‍ക്ക് ഭരണകര്‍ത്താവ് ആകാന്‍ അവകാശമില്ല’. ഈ മൂന്നു […]

kkജഹാംഗിര്‍ റസാഖ് പലേരി

ബി.ജെ.പി. ഫണ്ട് വിതരണ ഉദ്ഘാടനവും അനുകൂല പരാമര്‍ശവും നടത്തിയ വനിതാ ലീഗ് നേതാവ് ഡോ. ഖമറുന്നീസ അന്‍വറിനെ മുസ്ലിംലീഗ് സംസ്ഥാന നേതൃത്വം പദവിയില്‍നിന്നും നീക്കം ചെയ്തിരിക്കുന്നു. ഈയവസരത്തില്‍ ജനാധിപത്യ ഇന്ത്യയിലെ രാഷ്ട്രീയ വ്യവഹാരങ്ങളില്‍, വിശേഷിച്ച് മുസ്ലിംലീഗെന്ന രാഷ്ട്രീയ പ്രസ്ഥാനത്തില്‍ സ്ത്രീ സാന്നിധ്യം എന്നത് എത്രമേല്‍ യാഥാര്‍ഥ്യമാണെന്നു പരിശോധിക്കാം.

1) ‘സ്ത്രീകളുടെ പ്രകൃതി ധര്‍മം പുരുഷന്റെ ലൈംഗീകതയെ തൃപ്തിപ്പെടുത്തുകയാണ്’.
2) ‘ന സ്ത്രീ സ്വാതന്ത്രമര്‍ഹതി’.
3) ‘സ്ത്രീകള്‍ക്ക് ഭരണകര്‍ത്താവ് ആകാന്‍ അവകാശമില്ല’.
ഈ മൂന്നു സ്ത്രീ വിരുദ്ധ പരാമര്‍ശങ്ങളും നമ്മുടെ നാട്ടിലെ മൂന്നു പ്രബല മതങ്ങളുടെ പുസ്തക ശേഖരണങ്ങളില്‍നിന്നു നമുക്കു വായിക്കാം. പുരുഷനേക്കാള്‍ സ്ത്രീകള്‍ക്കു പല്ലുകള്‍ കുറവാണെന്നു പറഞ്ഞത് അരിസ്‌റ്റോട്ടില്‍ ആയിരുന്നു. കവിത എഴുതുന്ന പെണ്ണ് മുന്‍കാലില്‍ നടക്കുന്ന നായയെ പോലെയാണെന്നു പറഞ്ഞത് ഒരു പ്രസിദ്ധ യൂറോപ്യന്‍ സാഹിത്യകാരനാണ്. 1.27 ലക്ഷം പ്രവാചകന്മാരെ പറ്റി പറയുന്ന സെമറ്റിക് മതങ്ങളില്‍ സ്ത്രീ പ്രവാചകര്‍ ഒന്നുപോലുമില്ല എന്നത് അവിചാരിതമല്ല.
വേദങ്ങള്‍ പഠിക്കാന്‍ സ്ത്രീക്ക് അനുവാദമില്ലാത്തത്, ഗായത്രി മന്ത്രം ചൊല്ലരുത് എന്ന അഭിപ്രായമൊക്കെ സ്ത്രീ വിരുദ്ധ നിലപാടിന്റെ തെളിവാണ്.
സ്ത്രീകളെ പൊതുസമൂഹത്തിന്റെ ഭാഗമായി അംഗീകരിക്കുന്നതിന്റെ തുടര്‍ച്ചയായി വോട്ടവകാശം യൂറോപ്പില്‍ അനുവദിച്ചു തുടങ്ങിയത് പത്തൊന്‍പതാം നൂറ്റാണ്ടിന്റെ അവസാനമാണ്. രണ്ടാം കമ്യൂണിസ്റ്റ് ഇന്റര്‍നാഷണലില്‍ സ്ത്രീകളുടെ വോട്ടവകാശങ്ങള്‍ക്കായി ആഹ്വാനവും ലോക വനിതാദിനം ആഘോഷിക്കാനും തീരുമാനമുണ്ടായി. സോവിയറ്റ് വിപ്ലവവും അനുബന്ധ സംഭവങ്ങളും ലോകത്ത് സ്ത്രീ ശാക്തീകരണത്തിനു പുതിയ അര്‍ത്ഥങ്ങള്‍ തീര്‍ത്തു.
യൂറോപ്പിലെ മിക്ക രാജ്യങ്ങളും അതിനു തയാറായത് കത്തോലിക്കാ സഭയുടെ താല്‍പ്പര്യങ്ങളെ മാനിച്ചുകൊണ്ടായിരുന്നില്ല. യൂറോപ്പില്‍ പതിനാറാം നൂറ്റാണ്ടില്‍ ഉണ്ടായിരുന്ന ദുര്‍മന്ത്രവാദിനി വിശ്വാസം ആയിരക്കണക്കിനു സ്ത്രീകളെ കൊലപ്പെടുത്തിയിരുന്നു. ഇംഗ്ലണ്ടില്‍ വളരെ പ്രബലമായിരുന്ന ദുര്‍മന്ത്രവാദിനി കൊലപാതകം നിയമം മൂലം നിരോധിച്ചത് 1653 ല്‍ മാത്രമായിരുന്നു .
ഇന്ത്യയിലെ ജനാധിപത്യ രാഷ്ട്രീയ വ്യവഹാര പരിസരങ്ങളില്‍ വനിതാ സംവരണം ആദ്യഘട്ടത്തില്‍ പല രാഷ്ട്രീയപാര്‍ട്ടികള്‍ക്കും വെല്ലുവിളിയായി മാറി. മത്സരിക്കാന്‍ പ്രാപ്തയായ സ്ത്രീകളെ കിട്ടാതെ പലരും വലഞ്ഞു. പലര്‍ക്കും ഭാര്യയെയും സഹോദരിമാരെയും തെരഞ്ഞെടുപ്പ് ഗോദയിലേക്കിറക്കേണ്ടിവന്നു. പിന്‍സീറ്റ്‌ ്രെഡെവിങ്ങായിരുന്നു ഭൂരിഭാഗസ്ഥലത്തും. ഇതിനു പ്രധാന കാരണം ജാഥക്കും ഘോഷയാത്രക്കും ആളെ കൂട്ടാനല്ലാതെ സ്ത്രീകളെ നേതൃസ്ഥാനങ്ങളിലേക്ക് കൈപിടിച്ചുയര്‍ത്താന്‍ പുരുഷമേധാവിത്വമുള്ള രാഷ്ട്രീയപാര്‍ട്ടിക്കാര്‍ ശ്രദ്ധിച്ചിരുന്നില്ല എന്നതാണ്.
എന്നാല്‍ കുടുംബശ്രീ പ്രസ്ഥാനം കേരളത്തില്‍ വേരുപിടിച്ചതോടെ സ്ഥിതിയാകെ മാറി. സ്ത്രീകള്‍ക്ക് പ്രവര്‍ത്തിക്കാന്‍ അവസരങ്ങളായി. സ്ത്രീശാക്തീകരണത്തിന് മുഖ്യകാരണമാകുന്ന വരുമാനം സ്വയം തൊഴിലിലൂടെയും മറ്റും നേടാനായതോടെ സ്ത്രീ ശക്തിപ്രാപിച്ചു. സ്വന്തം കാലില്‍ നില്‍ക്കാനായി. അറിവുകള്‍ നേടുന്നതിലും കഴിവ് തെളിയിക്കുന്ന കാര്യത്തിലും ബഹുദൂരം മുന്നോട്ടുപോയി.
എല്ലാ രാഷ്ട്രീയപാര്‍ട്ടികളിലും ഇന്നു ധാരാളം സ്ത്രീകളുണ്ട്. അതുകൊണ്ടുതന്നെ വനിതാസ്ഥാനാര്‍ഥികളെ കിട്ടാന്‍ ഒരു പ്രയാസവുമില്ല. ഇടിച്ചുകയറി മത്സരിക്കാന്‍ വരെ സ്ത്രീകള്‍ തയാറാണ്.
ഇക്കാലത്തും ഈ പൊതുപ്രവണതയില്‍നിന്നു വ്യത്യസ്തമായിരിക്കുന്നത് കേരളത്തില്‍ മുസ്ലിംലീഗ് മാത്രമാണ്. ഇപ്പോള്‍ അച്ചടക്ക നടപടിക്കു വിധേയയായ ഖമറുന്നീസ അന്‍വറിനെ, 1996ല്‍ മുസ്ലിംലീഗ് കോഴിക്കോട് രണ്ടില്‍നിന്നു മത്സരിക്കാന്‍ അനുവദിച്ചു.
ഖമറുന്നീസ നേരിയ വോട്ടിനു പരാജയപ്പെട്ടെങ്കിലും മുസ്ലിംലീഗ് വനിത ശാക്തീകരണത്തിന് തയാറെടുത്തുതുടങ്ങിയെന്നതിന്റെ സൂചനയായാണു പലരും ആ നീക്കത്തെ കണ്ടത്. പിന്നീട് മുസ്ലിം വനിതകള്‍ നിയമസഭ, ലോക്‌സഭാ തെരഞ്ഞെടുപ്പുകളിലേക്കു പരിഗണിക്കപ്പെട്ടില്ല. വനിതാ ശാക്തീകരണവും, വനിതാ പ്രാതിനിധ്യവും ഒരു കാലത്തും മുസ്ലിംലീഗിന്റെ അജന്‍ഡയായിരുന്നില്ല എന്നതാണു ഖമറുന്നീസയുടെ സ്ഥാനാര്‍ഥിത്വം കഴിഞ്ഞ് രണ്ടു പതിറ്റാണ്ട് പിന്നിടുമ്പോള്‍ മനസിലാക്കാന്‍ കഴിയുന്നത്.
തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പുകളില്‍ 50 ശതമാനം സംവരണം സ്ത്രീകള്‍ക്ക് നിര്‍ബന്ധിതമാക്കിയതുകൊണ്ടാണ് ഭര്‍ത്താക്കന്മാരുടെ ചിത്രങ്ങള്‍ വച്ച ഫഌ്‌സ് ബോര്‍ഡുകള്‍കൊണ്ടെങ്കിലും സ്ത്രീ പ്രാതിനിധ്യം മുസ്ലിംലീഗ് മനസില്ലാ മനസോടെ നടപ്പാക്കുന്നത്. എന്നാല്‍ നിയമസഭ, ലോക്‌സഭ തെരഞ്ഞെടുപ്പുകളില്‍ സ്ത്രീ പ്രാതിനിധ്യത്തിന്റെ പ്രശ്‌നം വരുമ്പോള്‍ മുസ്ലിംലീഗ് നേതൃത്വം കണ്ണടച്ച് ഇരുട്ടാക്കുകയാണു പതിവ്. കാന്തപുരം എ.പി. അബൂബക്കര്‍ മുസ്ലിയാര്‍ നയിക്കുന്ന എ.പി. സുന്നിയും ലീഗിനെ പിന്തുണയ്ക്കുന്ന ഇ.കെ. വിഭാഗം സുന്നി, അഥവാ സമസ്തയും നിരന്തരം ഇറക്കിക്കൊണ്ടിരിക്കുന്ന ഫത്‌വകള്‍ സ്ത്രീകളെ പൊതുധാരയില്‍നിന്നും അകറ്റി നിര്‍ത്തുന്നവയാണ്. ഇതുതന്നെയാണു മുസ്ലിംലീഗിനെയും സ്ത്രീകള്‍ക്ക് രാഷ്ട്രീയത്തിലും പൊതുസമൂഹത്തിലും പ്രാതിനിധ്യം നല്‍കുന്ന കാര്യങ്ങളില്‍നിന്നു പ്രോത്സാഹനം നല്‍കാനാകാത്ത നിസഹായതയിലേക്കു നയിക്കുന്നത് .
കാലങ്ങളായി മുസ്ലീംലീഗിലെ പുരുഷന്മാരെ നിയമസഭയിലും ലോക്‌സഭയിലും എത്തിക്കുന്നതില്‍ പ്രധാന പങ്കുവഹിക്കുന്നത് ലീഗ് അനുഭാവികളായ സ്ത്രീകളുടെ വോട്ടുകളാണ്. സ്ത്രീകള്‍ക്ക് പ്രാതിനിധ്യം നല്‍കുന്നില്ലെന്ന ചീത്തപ്പേര് മാറ്റിയെടുക്കാന്‍ വേണ്ടിയാണു വനിതാ ലീഗ് രൂപീകരിച്ചത്. പക്ഷേ വനിതാ ലീഗിന്റെ യോഗങ്ങളില്‍പ്പോലും വേണ്ടത്ര വനിതാ പ്രാതിനിധ്യമുണ്ടാകാറില്ലെന്നതാണ് യാഥാര്‍ത്ഥ്യം. വനിതാ ലീഗ് സമ്മേളനത്തില്‍ അധ്യക്ഷനാകുന്ന വ്യക്തി മുതല്‍, വേദിയിലും, സദസിലും നിറയുന്നവര്‍ വരെ പുരുഷന്മാര്‍ ആകുന്ന ലോകത്തെ ആകെയുള്ള വനിതാ സംഘടന ലീഗിന്റെ പോഷക സംഘടനയായ വനിതാ ലീഗ് മാത്രമായിരിക്കും .

ഖമറുന്നീസ അന്‍വറിനെ വിചാരണ ചെയ്യുന്നതിലെ നൈതികത
ഉത്തര്‍പ്രദേശിലെ മുസ്ലിം ഭൂരിപക്ഷ പ്രദേശങ്ങളില്‍പ്പോലും ബി.ജെ.പി. പ്രാമുഖ്യം നേടുന്ന രാഷ്ട്രീയ യാഥാര്‍ത്ഥ്യങ്ങളുടെ കാലത്താണ്, ബി.ജെ.പി. ഫണ്ട് വിതരണ ഉദ്ഘാടനവും അനുകൂല പരാമര്‍ശവും നടത്തിയ വനിതാ ലീഗ് നേതാവ് ഡോ. ഖമറുന്നീസ അന്‍വറിനെ നേതൃത്വം പദവിയില്‍നിന്നു നീക്കം ചെയ്തിരിക്കുന്നത്. അവരുടെ ഖേദപ്രകടനം പോലും പരിഗണിക്കാതെയാണു നടപടി.
ഖമറുന്നീസ അന്‍വറിനെതിരായ നടപടി ഒരു രാഷ്ട്രീയ പ്രസ്ഥാനത്തിന്റെ ആഭ്യന്തര അച്ചടക്കത്തിന്റെ അളവുകോലുകള്‍ വച്ച് പരിശോധിക്കുമ്പോള്‍ സ്വാഭാവികമെന്ന് വിലയിരുത്തുവാന്‍ കഴിഞ്ഞേക്കും. പക്ഷേ, മുസ്ലിംലീഗിന്റെ കാര്യത്തില്‍ ഈ അച്ചടക്ക നടപടിയെ അങ്ങനെ കണക്കാക്കിക്കൂടാ.

1) 1991 ലെ ‘ബേപ്പൂര്‍ മോഡല്‍’ മറന്നുകൂടാ. കേരള രാഷ്ട്രീയത്തില്‍ എന്നും ചര്‍ച്ചാ ചര്‍ച്ചാവിഷയമായ കോലീബി സഖ്യം രൂപപ്പെട്ടതുമായി ബന്ധപ്പെട്ട് മുസ്ലിംലീഗ് എത്രപേര്‍ക്കെതിരെ നടപടിയെടുത്തു? ആ തെരഞ്ഞെടുപ്പില്‍ കെ. കരുണാകരനും പാണക്കാട് ശിഹാബ് തങ്ങളും ബി.ജെ.പി. നേതാക്കളുമടക്കം നിരവധിപ്പേര്‍ പ്രചാരണത്തിനായി ബേപ്പൂരെത്തിയിരുന്നു. പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങള്‍ ബേപ്പൂരിലെ 20 സ്ഥലങ്ങളില്‍ തനിക്കായി പ്രചരണത്തിനെത്തിയത് ഇന്നും തന്റെ മനസിലുണ്ടെന്ന് അന്നത്തെ ‘സഖ്യസ്ഥാനാര്‍ത്തി’ ഡോ. മാധവന്‍കുട്ടി ഇപ്പോഴും മാധ്യമങ്ങളോട് പറയുന്നു. അച്ചടക്കത്തിന്റെ ഏതു അളവുകോലുകള്‍വച്ചാണു ശിഹാബ് തങ്ങള്‍ ഉള്‍പ്പടെയുള്ള ലീഗ് നേതാക്കള്‍ ചെയ്തതിനേക്കാള്‍ വലിയ’രാഷ്ട്രീയ തിന്മ’ഖമറുന്നീസ ചെയ്തിരിക്കുന്നത്?.
2) കൊള്ളപ്പലിശ ബാങ്കുകളിലെ അധികാര പങ്കാളിത്തവും, മദ്യം വിറ്റ കാശുകൊണ്ട് ഭരിക്കുന്നതും, സിനിമാ താരങ്ങളുമായി വേദി പങ്കിടുന്നതും , നിലവിളക്ക് കത്തിക്കുന്നതുമായ എല്ലാ കാര്യങ്ങളും മാറ്റി വയ്ക്കൂ. ഐസ്‌ക്രീം പാര്‍ലര്‍ പെണ്‍വാണിഭ കേസില്‍ പ്രതിസ്ഥാനത്ത് വന്ന ലീഗിന്റെ ജീവാത്മാവും , പരമാത്മാവുമായ നേതാവിനെതിരേ ഒരു രാഷ്ട്രീയസംഘടന എന്ന നിലയില്‍ മുസ്ലിംലീഗ് എടുത്തിട്ടുള്ള നടപടി എന്തൊക്കെയാണ്? ഉത്തരവാദിത്വമുള്ള രാഷ്ട്രീയ പ്രസ്ഥാനം എന്ന നിലയില്‍ മുസ്ലിംലീഗ് ആരെയെങ്കിലും സസ്‌പെന്‍ഡ് ചെയ്തതായെങ്കിലും രാഷ്ട്രീയപരമായി അടയാളപ്പെടുത്തപ്പെട്ടിട്ടുണ്ടോ ?
2011 ജനുവരിയില്‍ പി.കെ. കുഞ്ഞാലിക്കുട്ടി തനിക്ക് വധഭീഷണിയുണ്ടെന്നു പറഞ്ഞു നടത്തിയ ഒരു വാര്‍ത്താസമ്മേളനവും കുഞ്ഞാലിക്കുട്ടിയുടെ ബന്ധുവും വ്യവസായിയുമായ റൗഫിന്റെ തുടര്‍ന്നുണ്ടായ പലവെളിപ്പെടുത്തലുകളും ഐസ്‌ക്രീം പാര്‍ലര്‍ പെണ്‍വാണിഭ കേസിനെ വീണ്ടും ജനശ്രദ്ധയിലേക്കു കൊണ്ടുവന്നതും ഇപ്പോഴത്തെ അച്ചടക്ക നടപടിക്കാര്‍ മറന്നുവോ?

3) മാറാട് കലാപം അടക്കമുള്ള വര്‍ഗീയ കലാപക്കേസുകളില്‍ പ്രതിചേര്‍ക്കപ്പെട്ട നേതാക്കളെ ഒരു ദിവസത്തേക്കെങ്കിലും ലീഗ് സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ടോ? അഴിമതിക്കേസുകളിലെ പ്രതികളായ നേതാക്കള്‍ക്കെതിരെ, പാര്‍ട്ടിയെ കോടീശ്വരന്മാര്‍ ഹൈജാക്ക് ചെയ്യാന്‍ കാരണക്കാരായവര്‍ക്കെതിരേ, പാര്‍ട്ടി മുഖപത്രം ഇല്ലാതാകുന്ന രൂപത്തിലേക്ക് സാമ്പത്തിക അരാജകത്വം സൃഷ്ടിച്ചവര്‍ക്കെതിരേ, കോഴിക്കോട് വിമാനത്താവളത്തില്‍ വനിതാ മാധ്യമ പ്രവര്‍ത്തകയെ കൈകാര്യം ചെയ്തവര്‍ക്കെതിരേ… മുസ്ലിംലീഗ് എന്ത് പ്രതികരണമാണ് ഉണ്ടാക്കിയത്?. എന്തുകൊണ്ട് ക്ഷിപ്രവേഗത്തില്‍ ഒരു ഖമറുന്നീസയെ ഒഴിവാക്കുന്നു.
ഇന്ത്യന്‍ സമൂഹത്തെ നിയന്ത്രിക്കുന്നത് ആണ്‍കോയ്മാ മനസും ജന്മി മേധാവിത്വവും ആഗോളവല്‍ക്കരണത്തിന്റെ ലാഭേച്ഛയുമാണ്. ഖമറുന്നീസ അന്‍വര്‍മാര്‍ പാര്‍ട്ടി അച്ചടക്കവാളിന്റെ ഇരകള്‍ മാത്രമായി അവസാനിക്കും

മംഗളം

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: open | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply