ഇറാന്‍ പിന്മാറുകയാണോ?

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പതിമൂന്നാം വര്‍ഷത്തേക്ക് കടന്നിരിക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2025 - 26 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in

tahmasebi20130615015356027

ചന്ദ്രദാസ്

അണവ സമ്പുഷ്ടീകരണ പദ്ധതിയുമായി മുന്നോട്ടുപോകുമെന്ന ഇറാന്‍ പ്രസിഡന്റ് ഹസന്‍ റുഹാനിയുടെ പ്രസ്താവനയെ വന്‍ശക്തികള്‍ എങ്ങനെയാണ് സ്വീകരിക്കുക എന്നാണ് ലോകം ഉറ്റുനോക്കുന്നത്. മാസങ്ങള്‍ നീണ്ട ചര്‍ച്ചകള്‍ക്കും മധ്യസ്ഥ നീക്കങ്ങള്‍ക്കുമൊടുവില്‍ ആറുമാസത്തേക്ക് യുറേനിയം സമ്പുഷ്ടീകരണം നിര്‍ത്തിവയ്ക്കാമെന്ന് സമ്മതിച്ച വാര്‍ത്ത പുറത്തുവന്നതിനു തൊട്ടുപുറകെയാണ് ഈ പ്രസ്താവന. താല്‍ക്കാലിക കരാറിലത്തൊനായതിന്റെ ആഘോഷം കെട്ടങ്ങുന്നതിനുമുമ്പ് ഇറാന്റെ മലക്കം മറിച്ചലിനുള്ള കാരണം വ്യക്തമല്ല. തങ്ങളുടെ ആണവ പദ്ധതി സമാധാന ആവശ്യത്തിനാണെന്നും രാജ്യാന്തര മാനദണ്ഡങ്ങള്‍ക്ക് അനുസൃതമാണെന്നും ടെഹ്‌റാനില്‍ ഒരു ടെലിവിഷന്‍ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ഹസന്‍ റൂഹാനി ഇക്കാര്യം പറഞ്ഞത്. അതേസമയം ആണവോര്‍ജ്ജം ആരുടേയും കുത്തകയല്ല എന്ന നിലപാടെടുക്കാനുള്ള കരുത്ത് അദ്ദേഹത്തിനില്ല എന്നത് വ്യക്തം.
കരാറനുസരിച്ച് വിദേശബാങ്കുകളിലുള്ള ഇറാന്റെ നിക്ഷേപങ്ങള്‍ മരവിപ്പിച്ച നടപടി അതാത് രാജ്യങ്ങള്‍ പിന്‍വലിക്കുമെന്നും ധാരണയായിരുന്നു. യൂറോപ്യന്‍ യൂനിയന്‍ നേരത്തേ ഏര്‍പ്പെടുത്തിയ ഉപരോധം എടുത്തുകളയുന്നത് ഡിസംബറില്‍ ആരംഭിക്കാനാവുമെന്ന് ഫ്രഞ്ച് വിദേശകാര്യ മന്ത്രി ലോറന്റ് ഫാബിയസ് പറഞ്ഞിരുന്നു. അതേസമയം ആറുമാസ കാലാവധിയുള്ള കരാര്‍ പരിമിതവും നിശ്ചിത ലക്ഷ്യങ്ങളോടെയുമായതിനാല്‍ ഏതുസമയവും എടുത്തുകളയാനാവുമെന്നും അദ്ദേഹം പറഞ്ഞു. ഇറാന്റെ പെട്രോകെമിക്കല്‍, സ്വര്‍ണ കയറ്റുമതിക്കുള്ള ഉപരോധവും വാഹന വ്യവസായത്തിനുള്ള നിയന്ത്രണവും യൂറോപ്യന്‍ യൂനിയനും യു.എസും എടുത്തുകളയും. കരാര്‍ പൂര്‍ണമായി പാലിക്കുന്നപക്ഷം അടുത്ത ആറുമാസത്തേക്ക് പുതുതായി നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തില്ലെന്നും വന്‍ ശക്തികള്‍ ഇറാന് ഉറപ്പുനല്‍കിയിരുന്നു. കരാറിനെതിരെ രംഗത്തുള്ളത് ഇസ്രായേല്‍ മാത്രമായിരുന്നു. സംഘട്ടനത്തിന്റെ പാതയിലായിരുന്ന മുഴുവന്‍ രാജ്യങ്ങളെയും സംയമനത്തിന്റെ പാതയിലത്തെിക്കാനായത് പശ്ചിമേഷ്യന്‍ രാഷ്ട്രീയത്തില്‍ ഇറാന് മേല്‍ക്കൈ നല്‍കുമെന്ന് അവര്‍ കരുതിയിരുന്നു. എന്നാല്‍ മറ്റെല്ലാവരും കരാറിനനുകൂലമായതിനാല്‍ ഇസ്രായേല്‍ പൊതുവില്‍ നിശബ്ദമാണ്. എന്നാല്‍ പുതിയ പ്രഖ്യാപനം ഉണ്ടാക്കുന്ന പ്രത്യാഘാതങ്ങള്‍ പറയാനാകില്ല.
ഇറാന്‍ അഞ്ചു ശതമാനത്തില്‍ കൂടുതല്‍ യുറേനിയം സമ്പുഷ്ടീകരണം നടത്തില്ലെന്നായിരുന്നു കരാര്‍. അറാക് ആണവ നിലയ നിര്‍മാണം നിര്‍ത്തിവെച്ചതിനു പുറമെ രാജ്യത്ത് നിലവിലുള്ള നിലയങ്ങളില്‍ യു.എന്‍ സംഘത്തിന് സന്ദര്‍ശനാനുമതിയും ലഭിക്കും. അതേകുറിച്ചൊന്നും പുതിയ പ്രഖ്യാപനത്തില്‍ വ്യക്തമല്ല.
പശ്ചിമേഷ്യയില്‍ പുതുയുഗപ്പിറവി കുറിച്ച പ്രാഥമിക ഉടമ്പടിയുടെ പശ്ചാത്തലത്തില്‍ തിങ്കളാഴ്ച തന്നെ ആഗോള എണ്ണ വില രണ്ടു ശതമാനം കുറഞ്ഞിരുന്നു. യുദ്ധമൊഴിഞ്ഞതിന്റെ ആശ്വാസമാണ് വില കുറയാനിടയാക്കിയത്.
സത്യത്തില്‍ റൂഹാനി എന്തുകൊണ്ടാണ് നിലപാട് മാറ്റിയതെന്ന് വ്യക്തമാകാത്ത അവസ്ഥയിലാണ് ഇറാനിലെ ജനങ്ങള്‍. വര്‍ഷങ്ങളായി രാജ്യത്തിന്റെ മാനത്തു കനത്തുനിന്ന യുദ്ധത്തിന്റെ മേഘം ഒഴിഞ്ഞതും ഇസ്രായേല്‍ ഉള്‍പ്പെടെ രാജ്യങ്ങളുടെ മേല്‍ നയതന്ത്ര വിജയം നേടാനായതും റൂഹാനി സര്‍ക്കാറിന് കൂടുതല്‍ ജനകീയത നല്‍കുമെന്നായിരുന്നു ധാരണ. വിദ്യാര്‍ഥികള്‍ക്ക് ട്യൂഷന്‍ ചെലവ് വഹിക്കാനും ‘ക്ഷണവും മരുന്നും വാങ്ങാനുമുള്‍പ്പെടെ കൂടുതല്‍ ഇളവുകള്‍ അനുവദിച്ചത് ഉപരോധം കൊണ്ട് വലഞ്ഞ രാജ്യത്തിനും ആശ്വാസമാകുമെന്നും കരുതി. അഫ്ഗാന്‍, ഇറാഖ്, സിറിയ എന്നിവിടങ്ങളില്‍ ഇനിയും യു.എസ് കടമ്പ കടന്നിട്ടില്ലെന്നതു പരിഗണിച്ചാല്‍ പശ്ചിമേഷ്യന്‍ വിഷയങ്ങളില്‍ റഷ്യക്കൊപ്പം ഇറാന്‍ ശബ്ദവും ഇനി കൂടുതല്‍ ശ്രദ്ധ നേടുമെന്നും രാഷ്ട്രീയ നിരീക്ഷകര്‍ പറയുന്നു. കൂടാതെ യു.എസ് പിന്തുണയോടെ എല്ലാവിധ പരിശോധനകളില്‍നിന്നും ഒഴിഞ്ഞുനിന്ന ഇസ്രായേലിനുമേല്‍ ലോകത്തിന്റെ സമ്മര്‍ദം ശക്തിപ്പെടുത്താനും തെഹ്‌റാനാവും.
ഇതൊക്കെയാണനെങ്കിലും കരാറിനെതിരെ പല കോണുകളില്‍ നിന്നും പ്രതിഷേധവും ഉണ്ടായിരുന്നു. നിര്‍മാണം അവസാന ഘട്ടത്തോടടുത്ത അറാക് ആണവ നിലയ നിര്‍മാണം നിര്‍ത്തിവെച്ചും യുറേനിയം സമ്പുഷ്ടീകരണം അഞ്ചു ശതമാനത്തില്‍ താഴെയാക്കി നിജപ്പെടുത്തിയും 20 ശതമാനത്തില്‍ കൂടുതല്‍ സമ്പുഷ്ടീകരിച്ചവ നിര്‍വീര്യമാക്കിയും പടിഞ്ഞാറിന്റെ ആവശ്യങ്ങള്‍ പൂര്‍ണമായി അംഗീകരിച്ചാല്‍ രാജ്യത്തെ അത് ക്ഷീണിപ്പിക്കുമെന്നുതന്നെ പ്രധാന ആരോപണം. മേഖലയിലെ ഏക ആണവ ശക്തിയായി ഇസ്രായേല്‍ നിലനില്‍ക്കുകയും ചെയ്യുന്നു. കരാര്‍ വഴി ലഭിക്കുന്ന 700 കോടി തുച്ഛമാണെന്നും വാദമുണ്ട്. കരാര്‍ കാലാവധിയായ ആറു മാസം കൊണ്ട് ഇറാനിലെ പട്ടിണി ഒന്നുകൂടി രൂക്ഷമാകുമെന്നും ചൂണ്ടികാട്ടപ്പെടുന്നുണ്ട്.
എന്തായാലും കരാറില്‍ നിന്ന് പൂര്‍ണ്ണമായും ഇറാന്‍ പിന്മാറില്ല എന്ന പ്രതീക്ഷയിലാണ് വന്‍ശക്തികള്‍. കരാറില്‍ കൂടുതല്‍ ഇളവുകളും ആനുകൂല്യങ്ങളും നേടാനാണ് ഇറാന്റെ തന്ത്രമെന്ന പ്രതീക്ഷയിലാണവര്‍. അല്ലാതെ ആണവ വിഷയത്തില്‍ തങ്ങളുടെ കുത്തകക്കെതിരെ ശക്തമായി സംസാരിക്കാനുള്ള ശേഷി ഇറാനുണ്ടെന്നവര്‍ കരുതുന്നില്ല. അത്തരത്തില്‍ ആഗ്രഹിക്കുന്നവര്‍ നിരാശരാകുമെന്നും അവര്‍ വിശ്വസിക്കുന്നു.


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: International | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply