അന്തസ്സോടെ മരിക്കാനുള്ള അവകാശം അവലോകനവും ചര്‍ച്ചയും മെയ് 4ന്

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പതിമൂന്നാം വര്‍ഷത്തേക്ക് കടന്നിരിക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2025 - 26 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in

nn

മുന്‍കൂര്‍ ചികിത്സാ വില്‍പത്രം, നിഷ്‌ക്രിയ ദയാവധം, മാര്‍ച്ച് 2018 ലെ സുപ്രീം കോടതി വിധിയുടെ നൈതികമാനങ്ങള്‍ എന്ന വിഷയത്തെ കേന്ദ്രീകരിച്ച് തൃശൂരിലെ ചികിത്സാ നീതിയും പെയിന്‍ ആന്റ് പാലിയേറ്റീവ് കെയര്‍ സൊസൈറ്റിയും ചേര്‍ന്ന് അവലോകനവും ചര്‍ച്ചയും സംഘടിപ്പിക്കുന്നു. മെയ് 04 വെള്ളിയാഴ്ച 03.00 മുതല്‍ സാഹിത്യ അക്കാദമിയിലാണ് പരിപാടി.
അന്തസ്സായി ജീവിക്കാനുള്ള അവകാശത്തിന്റെ ഒഴിച്ചു കൂടാനാകാത്ത ഭാഗമാണ് അന്തസ്സായി മരിക്കാനുള്ള അവകാശം എന്ന് നിരീക്ഷിച്ചാണ് സുപ്രീം കോടതിയുടെ ചീഫ് ജസ്റ്റിസ് ദീപക്മിശ്ര അദ്ധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ച് 2018 മാര്‍ച്ചില്‍ വിധി പ്രസ്താവിച്ചിട്ടുള്ളത്. ഉപാധികളോടെ നിഷ്‌ക്രിയ ദയാവധത്തിന് അനുമതി നല്‍കാമെന്നാണ് വിധിയില്‍ വ്യക്തമാക്കിയിട്ടുള്ളത്. കോമണ്‍ കോസ് എന്ന സംഘടന 2005 ല്‍ നല്‍കിയ പൊതു താല്‍പര്യ ഹര്‍ജിയിലാണ് സുപ്രീം കോടതിയുടെ ഈ സുപ്രധാന വിധി. ജീവിതത്തിലേക്ക് മടങ്ങിവരാന്‍ ആരോഗ്യപ്രശ്‌നങ്ങള്‍ അനുവദിക്കാത്തവര്‍ക്ക് മുന്‍കൂര്‍ ചികിത്സാവില്‍പത്രം എഴുതി വെയ്ക്കാം. ഇതുപ്രകാരം കോടതിയുടെയും മെഡിക്കല്‍ ബോര്‍ഡിന്റെയും അനുമതിയോടെ നിഷ്‌ക്രിയ ദയാവധം നടപ്പാക്കാം. മുരുന്നുകളുടെയും ഉപകരണങ്ങളുടെയും സഹായത്തോടെയുള്ള ചികിത്സ ഫലപ്രദമാകാതെ വരുമ്പോള്‍ വൃഥാചികിത്സകള്‍ ഒഴിവാക്കി രോഗിയെ മരിക്കാന്‍ അനുവദിക്കുന്ന നിഷ്‌ക്രിയ ദയാവധത്തിന് മാത്രമാണ് അനുമതി. മുന്‍കൂര്‍ ചികിത്സാവില്‍പത്രം തയ്യാറാക്കാതെ അബോധാവസ്ഥയില്‍ കഴിയുന്ന രോഗികളുടെ ബന്ധുക്കള്‍ക്കും നിഷ്‌ക്രിയ ദയാവധത്തിനുള്ള അനുമതിക്കായി കോടതിയെ സമീപിക്കാം. ധാര്‍മ്മികമായും മതപരമായും തത്വശാസ്ത്രപരമായും നിയമപരമായും ദയാവധത്തില്‍ വ്യത്യസ്തമായ അഭിപ്രായങ്ങള്‍ പലര്‍ക്കുമുണ്ടാകാം. പക്ഷേ ഒരാള്‍ക്ക് അന്തസ്സോടെ മരിക്കുവാനുള്ള അവസരം നിഷേധിക്കുന്നത് അദ്ദേഹത്തിന്റെ ജീവിതത്തിന് സ്വയം തീരുമാനമെടുക്കാനുള്ള പരമാധികാരത്തില്‍ കൈകടത്തി കൊണ്ടായിരിക്കരുത്. പ്രായപൂര്‍ത്തിയായ, സ്വബോധമുള്ള ഏതു വ്യക്തിക്കും ചികിത്സാവില്‍പത്രം മുന്‍കൂര്‍ എഴുതി വയ്ക്കാനുള്ള അവകാശമുണ്ട്.
ജനാധിപത്യത്തില്‍ ഒരു വ്യക്തിക്ക് അയാളുടെ ജീവിതത്തെ പറ്റിയുള്ള തീരുമാനമെടുക്കാനുള്ള അവകാശമുണ്ടെന്ന് വാദിക്കാമെങ്കിലും ഗുണമേന്മയോടെയുള്ള ആരോഗ്യത്തോടു കൂടി ജീവിക്കാനുള്ള ഭൗതിക സാഹചര്യം ഭൂരിഭാഗം പേര്‍ക്കും ലഭിക്കുന്നില്ലെന്നിരിക്കെ അന്ത്യകാലപരിചരണത്തെ കുറിച്ചുള്ള ഈ വിധിയുടെ പ്രസക്തി എന്താണെന്ന് ആലോചിക്കാവുന്നതാണ്.
ചികിത്സാച്ചെലവ് താങ്ങാനാകാത്ത അവസ്ഥ, രോഗീപരിചരണത്തിന് കൂട്ടിരുപ്പുകാരില്ലാത്ത അവസ്ഥ, രോഗിയുടെ നിസ്സാഹായവസ്ഥയും, ദയനീയമായ ചിത്രവും കൊണ്ട് ബന്ധുക്കള്‍ക്കുണ്ടാകുന്ന മാനസികമായ പിരിമുറുക്കം, വിഷമങ്ങള്‍ തുടങ്ങിയ കാരണങ്ങള്‍ ദയാവധത്തിന് വേണ്ടിയുള്ള സമ്മര്‍ദ്ദങ്ങള്‍ സൃഷ്ടിക്കാം. ഇതൊരു സാമൂഹികാപചയത്തിന് വഴിയൊരുക്കുകയും ചെയ്യാം. ഒരു വ്യക്തിയുടെ ദുരന്തപരിഹാരത്തിനുള്ള മാര്‍ഗം ഒരു വലിയ സാമൂഹിക ദുരന്തമായി മാറാതിരിക്കാന്‍ ഗൗരവതരമായ ചര്‍ച്ചകളും അഭിപ്രായപ്രകടനങ്ങളും സമൂഹത്തിന്റെ എല്ലാ തലങ്ങളിലും നടക്കേണ്ടതുണ്ട്.
ഈ പശ്ചാത്തലത്തിലാണ് തൃശൂരിലെ ‘ചികിത്സാനീതിയും ‘പെയിന്‍ ആന്റ് പാലിയേറ്റീവ് കെയര്‍ സൊസൈറ്റിയും’ അന്തസ്സോടെ മരിക്കാനുള്ള അവകാശത്തില്‍ മുന്‍കൂര്‍ ചികിത്സാവില്‍പത്രത്തിന്റെയും നിഷ്‌ക്രിയ ദയാവധത്തിന്റെയും നൈതികമാനങ്ങളും നിയമങ്ങളും അവലോകനം ചെയ്യാന്‍ ഒരു ചര്‍ച്ചയിലൂടെ ശ്രമിക്കുന്നത്. ഡോ. ഇ ദിവാകരന്‍ (ഡയരക്ടര്‍, ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പെയിന്‍ &പാലിയേറ്റീവ് കെയര്‍, തൃശൂര്‍) ശ്രീ. കെ. വേണു
(പ്രസിഡണ്ട്, ചികിത്സാ നീതി, തൃശൂര്‍) ഡോ. ബിന്ദുമോള്‍ വി സി
(ഹോണററി ഡയറക്ടര്‍, സെന്റര്‍ ഫോര്‍ മെഡിക്കല്‍ ലോ, ഗവ. ലോ കോളേജ്, എറണാകുളം) ഡോ. സോണിയ കെ ദാസ് (കോ ഓഡിനേറ്റര്‍, ലീഗല്‍ സര്‍വ്വീസ് ക്ലിനിക്, ഗവ. ലോ കോളേജ്, തൃശൂര്‍) തുടങ്ങിയവര്‍ സംസാരിക്കും.

ഡോ. കെ. അരവിന്ദാക്ഷന്‍ (സെക്രട്ടറി, പെയിന്‍ &പാലിയേറ്റീവ് കെയര്‍)
ഡോ. പ്രിന്‍സ്. കെ.ജെ (സെക്രട്ടറി, ചികിത്സാനീതി)

 


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Latest news | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply