ലോകം അവസരങ്ങളുടെ ഒരു തുറസ്സാണ് – ലോകകേരളസഭയും കേരളവികസനവും
ഒരു ഘട്ടത്തില്‍ തകര്‍ന്നു തരിപ്പണമാകുമായിരുന്ന കേരളത്തിന്റെ സമ്പദ് ഘടനയെ പിടിച്ചുനിര്‍ത്തിയത് പ്രവാസി പണം തന്നെയാണ്. എന്നാല്‍ ആ പണം വേണ്ടരീതിയില്‍ ഉപയോഗിക്കാന്‍ കേരളത്തിനായിട്ടില്ല. വ്യവസായിക സംരംഭങ്ങള്‍ക്കുപകരം കൂറ്റന്‍ കെട്ടിടങ്ങളാണ് ഇവിടെ ഉയര്‍ന്നത്. സംരംഭകരില്‍ വിശ്വാസം നേടിയെടുക്കാന്‍ ഇനിയുമായിട്ടില്ല. പ്രധാന സംരംഭങ്ങളെല്ലാം വിരലിലെണ്ണാവുന്ന കോടീശ്വരന്മാരുടേതാണ്.
ഏറെ വിവാദങ്ങള്‍ക്ക് തിരി കൊളുത്തിയാണ് രണ്ടാം ലോക കേരളസഭ സമ്മേളനം കടന്നുപോയത്. പ്രതിപക്ഷത്തിന്റേയും ബിജെപിയുടേയും ബഹിഷ്‌കരണവും രാഹുല്‍ഗാന്ധിയുടെ കത്തുമാണ് ഏറെ ചര്‍ച്ചയായത്. ഏതു വിഷയത്തിലും കക്ഷിരാഷ്ട്രീയത്തനു പ്രാധാന്യം കാണുന്ന കേരളത്തില്‍ സ്വാഭാവികമായും അത്തരം ചര്‍ച്ചകളാണ് നടക്കുക. പരിപാടിക്കായി വലിയ ധൂര്‍ത്താണ് നടന്നതെന്ന ആരോപണവും ശക്തമായിരുന്നു. അതേസമയം ഏറ്റവും കേന്ദ്രവിഷയമായ ലോകകേരളസഭയുടെ രൂപീകരണലക്ഷ്യമെന്തായിരുന്നു, ഒരു വര്‍ഷം കൊണ്ട് എന്തുനേടി എന്ന വിഷയം കാര്യമായി ചര്‍ച്ചയായില്ല.
കേരളത്തിന്റെ വികസനത്തിനും പൊതുനന്മയ്ക്കുമായി പ്രവാസിസമൂഹത്തെ അണിനിരത്തുക എന്നതാണ് ലോകകേരളസഭയുടെ പ്രധാന ലക്ഷ്യം. സഭയില്‍ ഉയര്‍ന്ന വിഷയങ്ങള്‍ എം പിമാര്‍ പാര്‍ലമെന്റില്‍ അവതരിപ്പിക്കണം. അവ നേടാനായി ശബ്ദമുയര്‍ത്തണം. പ്രവാസികള്‍ക്കു ബിസിനസ്-വ്യവസായരംഗത്തേക്കു കടന്നുവരാനുള്ള നടപടികള്‍ വേഗത്തിലാക്കാനുള്ള നടപടികള്‍ സ്വീകരിക്കും. പ്രവാസി വാണിജ്യ ചേംബറുകളും പ്രവാസി പ്രഫഷണല്‍ സമിതികളും കേരള വികസന നിധിയും രൂപീകരിക്കും. പ്രവാസി സംഘടനകളെ ഏകോപിപ്പിച്ച് രോഗബാധിതര്‍ക്കും അപകടത്തില്‍പ്പെടുന്നവര്‍ക്കും തൊഴില്‍ നഷ്ടമാകുന്നവര്‍ക്കും സംരക്ഷണം നല്‍കാന്‍ ഉതകുന്ന പദ്ധതി ആവിഷ്‌കരിക്കും. ഈ പട്ടിക അവസാനിക്കുന്നില്ല. നിര്‍ഭാഗ്യവശാല്‍ ഒരു വര്‍ഷം കൊണ്ട് ഈ ദിശയില്‍ കാര്യമായൊന്നും മുന്നോട്ടുപോയിട്ടില്ല. അപ്പോഴും സഭ ബഹിഷ്‌കരിച്ച പ്രതിപക്ഷത്തിന്റെ നടപടി വിവേകപൂര്‍ണ്ണമായിരുന്നില്ല, കക്ഷിരാഷ്ട്രീയ താല്‍പ്പര്യം കൊണ്ടുമാത്രമായിരുന്നു എന്നു പറയാതെ വയ്യ.
ഇന്ത്യയിലെ ഇതര സംസ്ഥാനങ്ങള്‍ക്കും കേന്ദ്ര ഗവണ്‍മെന്റിനുപോലും അനുകരിക്കാന്‍ കഴിയുന്ന നിരവധി മാതൃകകള്‍ സൃഷ്ടിക്കാന്‍ കേരളത്തിനു കഴിഞ്ഞിട്ടുണ്ടെന്നും ഇന്ത്യയില്‍ ആദ്യമായി പ്രവാസികാര്യ വകുപ്പ് ആരംഭിച്ചത് ഇവിടെയാണെന്നും അവകാശപ്പെട്ടാണ് ലോകകേരളസഭ രൂപീകരിച്ചത്. കേരളത്തിന്റെ പ്രവാസി ജനസംഖ്യ ഏകദേശം 31 ലക്ഷമാണ്. ഇതില്‍ 7 ലക്ഷം പേര്‍ ഇന്ത്യയ്ക്കകത്തും 24 ലക്ഷം പേര്‍ ഇതരരാജ്യങ്ങളിലുമാണ് ഉള്ളത്. പ്രവാസം കഴിഞ്ഞു തിരിച്ചെത്തിയവരുടെ സംഖ്യ ഏതാണ്ട് 16.4 ലക്ഷമാണ്. പ്രവാസികളേയും നാട്ടിലെ അവരുടെ കുടുംബാംഗങ്ങളേയും പ്രവാസം കഴിഞ്ഞു തിരിച്ചെത്തിയവരേയും കൂടി കൂട്ടിയാല്‍ പ്രവാസത്തിനു കേരളീയ ജീവിതത്തിലുള്ള പ്രാധാന്യം വ്യക്തമാകും. വിവിധ രാജ്യങ്ങളിലും പ്രദേശങ്ങളിലും അധിവസിക്കുന്ന കേരളീയര്‍ തമ്മില്‍ ആശയവിനിമയം സാധ്യമാക്കുന്നതിനും പരസ്പരസഹകരണം ഉറപ്പുവരുത്തുന്നതിനും ബൃഹദ് കേരളത്തെ ഒരുമിപ്പിച്ച് നിര്‍ത്തുന്നതിനുമുള്ള ഒരു സംവിധാനവും ഇന്നു നിലവിലില്ല. ഈ അഭാവം പരിഹരിക്കുക എന്നതാണ് ലോകകേരളസഭയുടെ പരമമായ ലക്ഷ്യമെന്നായിരുന്നു സര്‍ക്കാരിന്റെ വീക്ഷണം. പ്രവാസികള്‍ അയയ്ക്കുന്ന പണം സംസ്ഥാനത്തിന്റെ ആഭ്യന്തര ഉത്പാദനത്തിന്റെ 30 ശതമാനത്തോളം വരും എന്നാണ് കണക്ക്. പല സാമൂഹ്യനിരീക്ഷകരും ചൂണ്ടികാട്ടുന്നപോലെ ഒരു ഘട്ടത്തില്‍ തകര്‍ന്നു തരിപ്പണമാകുമായിരുന്ന കേരളത്തിന്റെ സമ്പദ് ഘടനയെ പിടിച്ചുനിര്‍ത്തിയത് പ്രവാസി പണം തന്നെയാണ്. എന്നാല്‍ ആ പണം വേണ്ടരീതിയില്‍ ഉപയോഗിക്കാന്‍ കേരളത്തിനായിട്ടില്ല. വ്യവസായിക സംരംഭങ്ങള്‍ക്കുപകരം കൂറ്റന്‍ കെട്ടിടങ്ങളാണ് ഇവിടെ ഉയര്‍ന്നത്. സംരംഭകരില്‍ വിശ്വാസം നേടിയെടുക്കാന്‍ ഇനിയുമായിട്ടില്ല. പ്രധാന സംരംഭങ്ങളെല്ലാം വിരലിലെണ്ണാവുന്ന കോടീശ്വരന്മാരുടേതാണ്. കേരളത്തിന്റെയും പ്രവാസികളുടേയും പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ രൂപം കൊടുത്തു എന്നവകാശപ്പെടുന്ന കിഫ്ബിയുടെ പ്രവര്‍ത്തനങ്ങളും പ്രതീക്ഷിച്ച രീതിയില്‍ മുന്നോട്ടുപോകുന്നില്ല. ടൂറിസവും ആഗ്രഹിക്കുന്നപോലെ വികസിക്കുന്നില്ല. പ്രതിക്ഷ നല്‍കിയ കേരളബാങ്കിന്റെ ഭാവി കാത്തിരുന്നു കാണണം.
എന്തായാലും രണ്ടാം ലോകസഭ ശ്രദ്ധേയമായ ചില പ്രഖ്യാപനങ്ങള്‍ നടത്തിയിട്ടുണ്ട്. കേരളത്തിന്റെ പൊതുവിഷയങ്ങള്‍ ചര്‍ച്ചചെയ്യാന്‍ ഈ വര്‍ഷം ആഗോള ഹാക്കത്തണ്‍ (ആഗോള ആശയക്കൂട്ടായ്മ) സംഘടിപ്പിക്കുമെന്നതാണതില്‍ പ്രധാനം. കേരളത്തിന്റെ സാധ്യതകള്‍, പ്രശ്‌നങ്ങള്‍, പരിഹാരസാധ്യതകള്‍ എന്നിവയ്ക്ക് ഊന്നല്‍ നല്‍കുന്നതാകും ആശയക്കൂട്ടായ്മ. ആശയങ്ങളുടെ കുറവല്ല നമ്മുടെ പ്രശ്‌നമെങ്കിലും ചര്‍ച്ചകള്‍ എപ്പോഴും സ്വാഗതം ചെയ്യപ്പെടണം. കൂടാതെ ലോകത്തെമ്പാടുമുള്ള പ്രവാസി പ്രൊഫഷണലുകളുടെ സമ്മേളനം സംഘടിപ്പിക്കും. ഇവരുടെ വൈദഗ്ധ്യവും നൈപുണ്യവും കേരളവികസനത്തിന് ഉപയോഗിക്കും. ഓരോ മേഖലയ്ക്കും പ്രത്യേകം സമ്മേളനം സംഘടിപ്പിക്കാനാകുമോ എന്നതും പരിശോധിക്കും. ആഗോള പ്രവാസി രജിസ്റ്റര്‍ തയ്യാറാക്കും. യുവജനങ്ങളുടെ നേതൃപരമായ കഴിവുകള്‍ വര്‍ധിപ്പിക്കാന്‍ ലോകനിലവാരത്തിലുള്ള യൂത്ത് ലീഡര്‍ഷിപ് അക്കാദമി കേരളത്തില്‍ സ്ഥാപിക്കും. പ്രവാസികള്‍ക്ക് ഇന്‍ഷുറന്‍സ് പദ്ധതി നടപ്പാക്കും. ആഭ്യന്തര പ്രവാസികളുടെ പ്രശ്നങ്ങള്‍ പഠിക്കാന്‍ സമിതിരൂപീകരിക്കും. അന്തര്‍ദേശീയ പ്രവാസ ഉടമ്പടി, പുതിയ എമിഗ്രേഷന്‍ നിയമം എന്നിവയിലെ പ്രവാസി വിരുദ്ധനിലപാടുകളെ പ്രതിരോധിക്കും. ജയിലുകളില്‍ കഴിയുന്നവരുടെ വിടുതല്‍, വിമാനടിക്കറ്റ് ചാര്‍ജ് വര്‍ധന എന്നിവയില്‍ സാധ്യമായ ഇടപെടലുകള്‍ നടത്തും. ഉണ്ടാകുന്നുണ്ട്. ഇത്തരം കാര്യങ്ങള്‍ കേന്ദ്രശ്രദ്ധയില്‍ കൊണ്ടുവരും. റേഷന്‍കാര്‍ഡില്‍ പ്രവാസികളുടെ പേര്‍ ഉള്‍പ്പെടുത്താനുള്ള നടപടി സ്വീകരിക്കും. തിരികെ വരുന്ന പ്രവാസികള്‍ക്ക് താല്‍പ്പര്യമെങ്കില്‍ പാട്ടത്തിന് കൃഷിഭൂമി ലഭ്യമാക്കും. ലോക കേരളസഭ ശാശ്വതമായി നിലനില്‍ക്കണമെന്നാണ് സര്‍ക്കാര്‍ നിലപാട്. ഇതുസംബന്ധിച്ച ബില്‍ എത്രയും പെട്ടെന്ന് നിയമസഭയില്‍ അവതരിപ്പിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
പ്രഖ്യാപനങ്ങളൊക്കെ കൊള്ളാം, എന്നാല്‍ എന്തെല്ലാം നടക്കുമെന്നതുതന്നെയാണ് പ്രധാന ചോദ്യം. വലിയ സമ്മേളനങ്ങളില്‍ നടത്തി ഹരം കൊള്ളുകയും പിന്നീട് ആ വഴി പോകാതിരിക്കുകയും ചെയ്യുന്ന സമീപനം ഈ വിഷയത്തിലെങ്കിലംു ഇ്ല്ലാതിരുന്നാല്‍ നന്ന്. എല്ലാവര്‍ക്കുമറിയാവുന്ന പോലെ മദ്യം, ഭാഗ്യക്കുറി, പ്രവാസം, ടൂറിസം എന്നിവയാണ് കേരളസര്‍ക്കാരിന്റെ പ്രധാന വരുമാന മാര്‍ഗ്ഗങ്ങള്‍. അവയില്‍ ആദ്യരണ്ടും സാമൂഹ്യവിപത്തുതന്നെയാണ്. അതിനാല്‍ തന്നെ നമ്മുടെ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടത് പ്രവാസികളയക്കുന്ന പണം കേരള വികസനത്തിനായി ഉപയോഗിക്കുന്നതിനും ഒപ്പം അവരുടെ ക്ഷേമം ഉറപ്പുവരുത്തുന്നതിനും ഉത്തരവാദിത്ത ടൂറിസം വികസിപ്പിക്കുന്നതിനുമാണ് തീര്‍ച്ചയായും പ്രവാസത്തിന്റെ സുവര്‍ണ്ണകാലം ഏറെക്കുറെ അവസാനിച്ചു എന്നു പറയാം. അതിനാല്‍തന്നെ ഇനിയും നമുക്ക് സമയമില്ല എന്നു തിരി്ചചറിഞ്ഞുള്ള, ഏകോപിത പ്രവര്‍ത്തനങ്ങളാണ് കാലം ആവശ്യപ്പെടുന്നത്. ഇക്കാര്യത്തില്‍ സങ്കുചിത കക്ഷിരാഷ്ട്രീയ താല്‍പ്പര്യങ്ങള്‍ മാറ്റ്ിവെക്കാനും നമുക്കാവണം.
സഭ രൂപീകരണ വേളയില്‍ മുഖ്യമന്ത്രി അവകാശപ്പെട്ടത് ഇങ്ങനെയായിരുന്നു. ‘ലോകം അവസരങ്ങളുടെ ഒരു തുറസ്സാണ്. പുറംലോകത്തിന്റെ സാധ്യതകള്‍ ഉപയോഗിക്കാന്‍ കേരളത്തെ സഹായിക്കുന്ന മാധ്യമമായി വര്‍ത്തിക്കുകയാണ് പ്രവാസിലോകം ചെയ്യുന്നത്. പ്രവാസത്തിന്റെ മേല്‍പ്പറഞ്ഞ തരത്തിലുള്ള സാധ്യതകള്‍ പ്രയോജനപ്പെടുത്താന്‍ ആസൂത്രിതമായ പരിശ്രമം നടത്താന്‍ ഇതുവരെ നമുക്കു കഴിഞ്ഞിട്ടില്ല. പ്രവാസികളോടുള്ള ഉത്തരവാദിത്തം നിര്‍വഹിക്കുന്നതിനോടൊപ്പം പ്രവാസത്തിന്റെ സാധ്യതകള്‍ ഉപയോഗിക്കാനും ബോധപൂര്‍വമായ പരിശ്രമം ആവശ്യമാണ്. സുപ്രധാനമായ ഈ രണ്ടു ദൗത്യങ്ങളും ഏറ്റെടുക്കാന്‍ കഴിയുന്ന തരത്തിലാണ് ലോകകേരളസഭയുടെ നടപടിക്രമങ്ങള്‍ വിഭാവനം ചെയ്യുന്നത്. പൊതുയോഗവും ആഘോഷവും നടത്തി പിരിഞ്ഞു പോകുകയല്ല മറിച്ച് പ്രധാന വിഷയങ്ങള്‍ ഓരോന്നും സംബന്ധിച്ച് ആഴത്തിലുള്ള ചര്‍ച്ചയും ഉറച്ച തീരുമാനങ്ങളും എടുക്കാന്‍ ലോകകേരളസഭയ്ക്ക് കഴിയുമെന്നാണ് പ്രതീക്ഷ.’ ഈ ദിശയില്‍ ഏറെ മുന്നോട്ടുപോയിട്ടില്ല എങ്കിലും നമ്മുടെ ഏകപ്രതീക്ഷ അതാണെന്നംഗീകരിച്ച് പ്രവര്‍ത്തനപദ്ധതികള്‍ രൂപീകരിക്കേണ്ട സമയമാണിത്.
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in