ഡേറ്റിങിനെ ഭയക്കുന്നതെന്തിന്?

അടുത്തിടപെടാന്‍ ആഗ്രഹിക്കുന്ന യുവാക്കള്‍ക്ക് ലഭിക്കാത്തത് ഭൗതികമായി അതിനുള്ള സ്ഥലമാണ്. ഡേറ്റിങ് ഒരു സംസ്‌കാരമായി മാറിയിട്ടില്ലാത്ത ഇവിടെ ഒട്ടൊക്കെ അതിന് സ്ഥലം നല്‍കിയിരുന്നത് കാമ്പസുകളാണ്. മരത്തണലും കുറ്റിക്കാടുകളും ചിലപ്പോള്‍ ഒഴിഞ്ഞ മുറികളും മറ്റും അനൗപചാരികമായ ഇടങ്ങളായിരുന്നു. ഇത് മൗനമായെങ്കിലും സമ്മതി നല്‍കിയിരുന്ന ഒരു സംസ്‌കാരം കാമ്പസുകളില്‍ ഉണ്ടായിരുന്നു എന്ന് വിചാരിക്കാം. എന്നാല്‍, ഇപ്പോള്‍ ആ സ്ഥിതിയും ഇല്ലാതായിക്കൊണ്ടിരിക്കുകയാണ്.

അടുത്തിടെ ഒരു ഡേറ്റിങ് രാവില്‍ പങ്കെടുക്കാന്‍ പോയിരുന്നു. രാത്രി മുഴുവന്‍ ചെറുപ്പക്കാരും മദ്ധ്യവയസ്‌കരുമായ, പുരുഷന്മാരും സ്ത്രീകളും പല വിധത്തിലുള്ള ആഘോഷങ്ങളില്‍ മുഴുകുകയും പാനീയങ്ങളും ആഹാരവും ഇടക്കിടെ കഴിക്കുകയും ചെയ്തു. കൂടുതലും ആണുങ്ങളായിരുന്നു. സ്ത്രീകള്‍ വളരെ കുറച്ച് മാത്രം. സാമ്പത്തികമായി ഇടത്തരക്കാരായവര്‍. ഈ പരിപാടിക്ക് പോകുന്നതിന് മുമ്പുള്ള ആശങ്ക പോലീസിന്റെ ഇടപെടലിനെക്കുറിച്ചുള്ളതായിരുന്നു. സംഘാടകര്‍ക്ക് ഇതുവരെ അങ്ങനെയുള്ള അനുഭവങ്ങളുള്ളതിനാല്‍ അതിനെക്കുറിച്ച് മുന്നറിയിപ്പും നല്‍കിയിരുന്നു.
പല സമൂഹങ്ങളില്‍, വിശേഷിച്ച് നഗരങ്ങളില്‍ ഡേറ്റിങ് ഒരു സംസ്‌കാരമായി വളര്‍ന്നിട്ടുണ്ട്. മലയാളത്തില്‍ അതിനെ കുറിക്കാന്‍ പറ്റിയ ഒരു പദമില്ല. ഇവിടെ അതൊരു സംസ്‌കാരമായിട്ടില്ലെന്നത് അതില്‍നിന്ന് തന്നെ വ്യക്തമാണ്. ഒരുമിച്ച് ജീവിക്കാനാഗ്രഹിക്കുന്നവരോ വിവാഹം ചെയ്യാനുദ്ദേശിക്കുന്നവരോ പരസ്പരം അടുത്തറിയുക എന്നതാണ് ഇതിന്റെ ഉദ്ദേശം. വിവാഹത്തിന് മുന്നോടിയായി ഡേറ്റിംഗ് അംഗീകരിക്കപ്പെട്ടിട്ടുള്ള സമൂഹങ്ങള്‍, മാതാപിതാക്കള്‍ സാമുദായികമായി ഒരുക്കുന്ന വിവാഹം പ്രാകൃതമായും അപരിഷ്‌കൃതമായും കരുതിപ്പോരുന്നു. അങ്ങനെ കരുതാന്‍ ന്യായമുണ്ട്. കാരണം, പരമ്പരാഗത വിവാഹ സമ്പ്രദായത്തില്‍ സ്ത്രീ അഥവാ വധു കുടുംബങ്ങള്‍ക്കിടയില്‍ കൈമാറാനുള്ള ഒരു വസ്തു മാത്രമാണ്. അവളുടെ വ്യക്തിത്വത്തിനോ തെരഞ്ഞെടുപ്പിനോ സ്വാതന്ത്ര്യത്തിനോ ഒരു വിലയും കല്പിക്കപ്പെടുന്നില്ല. അതേസമയം, ഈ വ്യവസ്ഥ ഉയര്‍ന്ന സംസ്‌കാരമായി കരുതപ്പെടുകയും ചെയ്യുന്നു.
കേരളത്തിലെ സ്ഥിതിയും മറിച്ചല്ല. ഇവിടുത്തെ സാംസ്‌കാരിക പരിസരത്തില്‍ ഡേറ്റിംഗ് വളരെയധികം ഭയാശങ്കകള്‍ ഉണ്ടാക്കുന്നതാണ്. എന്നാല്‍, കൃത്യമായ പരമ്പരാഗതമായ രീതിയിലാണ് ഇവിടെ ബന്ധങ്ങളുണ്ടാകുന്നതെന്ന് കരുതാനും വയ്യ. നവോത്ഥാന കാലത്തും അതിനുശേഷവും പ്രണയവും പ്രണയ വിവാഹവും കുറെയൊക്കെ സമൂഹം അനുവദിക്കുകയും അത് മാന്യമാവുകയും ചെയ്തിരുന്നു. സാമൂഹ്യ ബന്ധങ്ങളിലും സാമ്പത്തിക ചുറ്റുപാടിലും വന്ന മാറ്റങ്ങളും ഇതോട് ചേര്‍ത്തുകാണേണ്ടതാണ്. എന്നാല്‍, അടുത്തകാലത്തായി വീണ്ടും സമൂഹത്തില്‍ നിന്നുള്ള പൊലീസിംഗും കര്‍ശനമായ നിയന്ത്രണവും കണ്ടുവരുന്നു. പഴയ സമൂഹങ്ങളിലെ സാമൂഹ്യ ബന്ധങ്ങളിലേക്കും ചുറ്റുപാടുകളിലേക്കും തിരിച്ചുപോകാന്‍ കഴിയില്ല എന്ന യാഥാര്‍ത്ഥ്യവുമുണ്ട്.. നമ്മുടെ സാമ്പത്തികാടിത്തറ തന്നെ വിദ്യാഭ്യാസം, വിദ്യാഭ്യാസച്ചരക്കുകളുടെ കയറ്റുമതി ഇവയെ ഒക്കെ ആശ്രയിച്ചാണ്. വിദ്യാഭ്യാസവുമായും കുടിയേറ്റവുമായും ബന്ധപ്പെട്ട് പലവിധ സാംസ്‌കാരിക വിനിമയങ്ങള്‍ ഇവിടെ നടക്കുന്നുണ്ട്. സ്വാഭാവികമായും ചെറുപ്പക്കാര്‍ക്ക് തുറന്നിടപഴകാന്‍ അവസരം ലഭിക്കുന്നു. ലൈംഗികമായ അനുഭൂതി ഏറ്റവും ശക്തമായ ജൈവിക ചോദനയുമാണ്.
അടുത്തിടപെടാന്‍ ആഗ്രഹിക്കുന്ന യുവാക്കള്‍ക്ക് ലഭിക്കാത്തത് ഭൗതികമായി അതിനുള്ള സ്ഥലമാണ്. ഡേറ്റിങ് ഒരു സംസ്‌കാരമായി മാറിയിട്ടില്ലാത്ത ഇവിടെ ഒട്ടൊക്കെ അതിന് സ്ഥലം നല്‍കിയിരുന്നത് കാമ്പസുകളാണ്. മരത്തണലും കുറ്റിക്കാടുകളും ചിലപ്പോള്‍ ഒഴിഞ്ഞ മുറികളും മറ്റും അനൗപചാരികമായ ഇടങ്ങളായിരുന്നു. ഇത് മൗനമായെങ്കിലും സമ്മതി നല്‍കിയിരുന്ന ഒരു സംസ്‌കാരം കാമ്പസുകളില്‍ ഉണ്ടായിരുന്നു എന്ന് വിചാരിക്കാം. എന്നാല്‍, ഇപ്പോള്‍ ആ സ്ഥിതിയും ഇല്ലാതായിക്കൊണ്ടിരിക്കുകയാണ്. സ്‌കൂളുകളിലെ പ്രത്യേകതരം അച്ചടക്കപരിശീലനം എന്‍ട്രന്‍സ് കോച്ചിംഗ്‌സെന്ററുകളിലൂടെ കോളേജുകളിലേക്കും വ്യാപിക്കുന്നു. പേരന്റ്-ടീച്ചര്‍ അസോസിയേഷനുകളാണ് ഇതിന് കാര്‍മ്മികത്വം വഹിക്കുന്നത്. ഹോസ്റ്റല്‍ വാര്‍ഡന്മാര്‍, പ്രിന്‍സിപ്പല്‍മാര്‍, അദ്ധ്യാപകര്‍ എന്നിവരൊക്കെ ഈ ആര്‍മിയുടെ ഭാഗമാകുന്നു. സെക്യൂരിറ്റിജീവനക്കാര്‍, വിവിധ സംഘടനായൂണിയന്‍ നേതാക്കള്‍ എന്നിവര്‍ പോലീസിംഗ് ഏറ്റെടുക്കുമ്പോള്‍ അത് സംസ്‌കാര സംരക്ഷണമായി സ്വീകരിക്കപ്പെടുന്നു. ഈ നിയന്ത്രണത്തിന് പിന്നില്‍ മാനസികമായ തലത്തില്‍ നിരാശ, അസൂയ, സ്വന്തം കുട്ടികളെപറ്റിയുള്ള അത്യാശങ്ക എന്നിവയൊക്കെ ആകാം. നിയന്ത്രണത്തിന്റെ ക്രൂരത ലൈംഗിക ചൂഷണം വരെയെത്താം. എങ്കിലും അതിന് നമ്മുടെ സമൂഹത്തിന്റെ അനുമതി ഉണ്ട്.
ഈ അവസ്ഥ വാസ്തവത്തില്‍ നമ്മുടെ യുവാക്കളെ അങ്ങേയറ്റം അപകടത്തിലെത്തിക്കുകയാണ്. അവര്‍ പ്രണയിക്കാനായി കാമ്പസിന് പുറത്ത് പോകാന്‍ നിര്‍ബ്ബന്ധിതരാകുന്നു. ‘പഠിക്കാനല്ലേ കോളേജില്‍ വരുന്നത്? മറ്റു കാര്യങ്ങളൊക്കെ അത് കഴിഞ്ഞുമതി.’ എന്ന ക്‌ളീഷേ ഡയലോഗല്ലാതെ അതിനപ്പുറം യാഥാര്‍ത്ഥ്യം ഉള്‍ക്കൊള്ളാന്‍ അദ്ധ്യാപകര്‍ക്കും മാതാപിതാക്കള്‍ക്കും കഴിയുന്നില്ല. ലഭ്യമായിരുന്ന ഭൗതിക സാഹചര്യം നമ്മള്‍ തന്നെ ഇല്ലാതാക്കുകയല്ലേ ചെയ്യുന്നത്? അതിനുശേഷം അവര്‍ക്ക് എന്ത് സാഹചര്യമാണ് ഒരുക്കികൊടുക്കുന്നത്? അപകടത്തിലേക്ക് യുവാക്കളെ തള്ളിവിടുന്നത് നമ്മളാണെന്ന ബോധം എങ്കിലും കുറഞ്ഞപക്ഷം മാതാപിതാക്കള്‍ക്കും അദ്ധ്യാപകര്‍ക്കും ഉണ്ടാകണം.
കോളേജ് കാമ്പസുകളിലും യുവാക്കള്‍ക്ക് ഇടം നല്കാതിരിക്കുമ്പോള്‍ പിന്നെ അവര്‍ക്ക് സുരക്ഷിതമായ ഇടം എവിടെയാണ്? പാര്‍ക്കുകളിലും ബീച്ചുകളിലും എല്ലാ കാലത്തും ഇണകളെ കാണാറുണ്ട്. പക്ഷെ, ഏത് നിമിഷവും അവര്‍ പോലീസുകാരാലോ നാട്ടു പോലീസുകാരാലോ പിടിക്കപ്പെടുകയും അപമാനിക്കപ്പെടുകയും ചെയ്യാം. ചിലപ്പോള്‍ സാമൂഹ്യവിരുദ്ധരുടെ കൈകളില്‍ പെട്ടെന്നും വരും. അവിടങ്ങളില്‍ അവര്‍ക്ക് കിട്ടുന്ന അവസരം മറ്റുള്ളവര്‍ നല്‍കുന്ന ഔദാര്യം മാത്രം.
പല കാര്യങ്ങളിലും മുന്നില്‍ നില്‍ക്കുന്നു എന്ന് അവകാശപ്പെടുന്ന കേരളത്തില്‍ എന്തുകൊണ്ട് സുരക്ഷിതമായ ഡേറ്റിംഗ്‌സെന്ററുകള്‍ ഉണ്ടായിക്കൂടാ? ഇപ്പോള്‍ അപൂര്‍വ്വമായി നടക്കുന്ന ഡേറ്റിംഗ് സായാഹ്നങ്ങള്‍ പോലീസിനെ ഭയക്കുന്നു. സ്ത്രീകള്‍ അവിടങ്ങളിലേക്ക് വരുന്നില്ല. ഏത് സ്ഥലത്തും സുരക്ഷിതത്വമുണ്ടാവുക എന്നത് അനിവാര്യമാണ്. സുരക്ഷിതത്വമുണ്ടാവുന്നത് സുതാര്യതയിലൂടെയാണ്. സുതാര്യമാവണമെങ്കില്‍ സാമൂഹ്യമായി അംഗീകരിക്കപ്പെടുകയും നിയമത്തിന്റെ പരിരക്ഷ ഉണ്ടാവുകയും വേണം, നിയമപരിരക്ഷ എപ്പോഴും സാമൂഹ്യമായ കീഴ്‌വഴക്കങ്ങള്‍ ആശ്രയിച്ചുമിരിക്കും. ഇങ്ങനെ ഇതെല്ലാം കാലാകാലങ്ങളായി ഒരു വിഷമവൃത്തത്തില്‍ ചുറ്റിക്കറങ്ങികൊണ്ടിരിക്കുന്നു. എല്ലാ കാലത്തും യുവതികളും യുവാക്കളും ലൈംഗിക വിമതരുമെല്ലാം തമ്മില്‍ ചേരാനും ആനന്ദിക്കാനും അവരുടേതായ വഴികള്‍ കണ്ടെത്തുന്നു. ഒരിക്കലും ഒരിടത്തും അതുണ്ടാകാതിരിക്കുന്നില്ല. അവര്‍ ആക്രമിക്കപ്പെടുകയും അപമാനിക്കപ്പെടുകയും ചെയ്യേണ്ടതുണ്ടോ എന്നതാണ് ചോദ്യം. ഡേറ്റിംഗ്‌സെന്ററുകള്‍ സുരക്ഷിതമാകണമെങ്കിലും അതിനോടുള്ള ഭയം മാറണം.
ഇത്തരം സംരംഭങ്ങള്‍ക്ക് ഇവിടെ ഏറ്റവും തടസ്സമായിവരുന്നത് പുരോഗമന പ്രസ്ഥാനങ്ങളും അവയുടെ വക്താക്കളും ആണെന്നതാണ ്പ്രയാസപ്പെടുത്തുന്ന കാര്യം. പല സുഹൃത്തുക്കളും പറയുന്നതിതാണ്: ‘ഇവിടങ്ങളില്‍ ലൈംഗിക വാണിജ്യം നടക്കുന്നു. അരാഷ്ട്രീയ പ്രവര്‍ത്തനങ്ങളാണിവ. എല്ലാറ്റിനുമുപരി, വലതുപക്ഷത്തേക്കാള്‍ അപകടകരവും പുരോഗമന പ്രസ്ഥാനങ്ങളെ തകര്‍ക്കുന്നതുമാണ്.’ ഈ വാദങ്ങളോടോന്നും തന്നെ യോജിക്കാന്‍ കഴിയില്ല. ലൈംഗിക വാണിജ്യം കുടിലുകള്‍ മുതല്‍ കൊട്ടാരസമാനമായ ഉന്നതാധികാരമേഖല വരെ വ്യാപിച്ചുകിടക്കുന്നതാണ്. അവ നിയന്ത്രണവിധേയമാക്കാന്‍ സുതാര്യത കൂടിയേ കഴിയൂ. പുതിയ സ്ഥാപനങ്ങളേയും ആശയങ്ങളേയും ഭയക്കുന്നത് ആര്‍ജ്ജവമില്ലായ്മയാണ്. ലൈംഗികതയുടെ മേഖലയിലെ വാണിജ്യതാല്‍പ്പര്യങ്ങള്‍ വിവാഹത്തിലേതടക്കം സൂക്ഷ്മവും സങ്കീര്‍ണ്ണവുമാണ്. അത് മൊത്തമായി പരിഹരിക്കാന്‍ ‘രാഷ്ട്രീയമായി ഒരൊറ്റ ശരി’യേ ഉള്ളൂ എന്ന് വാശി പിടിക്കുന്നതില്‍ അര്‍ത്ഥമില്ല. പല സ്ഥലങ്ങളിലും ‘ശരി’കള്‍ പൊട്ടിമുളക്കട്ടെ. ആദ്യം ഡേറ്റിംഗ് സെന്ററുകള്‍ ഉണ്ടാകട്ടെ. ഭയമില്ലാതെ അവിടെ ആളുകള്‍ പോയിത്തുടങ്ങിയാല്‍ നീതിയും ന്യായവും അവിടെയും വളര്‍ന്നുവരും.

(പാഠഭേദം)

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Gender | Tags: , | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply