രഞ്ജന്‍ ഗോഗോയ് രാജ്യസഭാംഗമാകുമ്പോള്‍ ജുഡീഷ്യറിക്ക് സംഭവിക്കുന്നത്

1984-ലെ ദല്‍ഹി സിഖ് കൂട്ടക്കൊലയില്‍ രാജീവ് ഗാന്ധി സര്‍ക്കാരിന് നല്ലപത്രം നല്‍കിയ ജസ്റ്റിസ് രംഗനാഥ് മിശ്രയെ കോണ്‍ഗ്രസ് 1998 മുതല്‍ 2004 വരെ രാജ്യസഭാംഗമാക്കി. എന്നാല്‍ അടിയന്തരാവസ്ഥയെക്കാളും ഭീതിദമായ രീതിയിലാണ് സംഘപരിവാറും മോദി സര്‍ക്കാരും ഇപ്പോള്‍ സുപ്രീം കോടതിയെയും നീതിന്യായ സംവിധാനത്തെയും വെറും ഏറാന്‍ മൂളികളാക്കി മാറ്റിയിരിക്കുന്നത്.

അങ്ങനെ ഇന്ത്യന്‍ നീതിന്യായ സംവിധാനത്തിന്റെയും സുപ്രീം കോടതിയുടേയും ഭരണഘടനാപരമായ സ്വാതന്ത്ര്യ സങ്കല്‍പ്പത്തെ സമ്പൂര്‍ണമായും അവസാനിപ്പിക്കുന്നതിന് മോദി സര്‍ക്കാരിന്റെ അച്ചാരമെടുത്ത മുന്‍ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ് തനിക്കുള്ള എല്ലിന്‍ കഷ്ണങ്ങളിലൊന്ന് ഇന്ന് വാങ്ങിയിരിക്കുന്നു. അയാളെ രാജ്യസഭാംഗമായി രാഷ്ട്രപതി നാമനിര്‍ദ്ദേശം ചെയ്തു. വിരമിക്കുന്ന സുപ്രീം കോടതി CJI-മാരെ മോദി സര്‍ക്കാര്‍ ഇങ്ങനെ വിലയ്ക്ക് വാങ്ങുന്ന പരിപാടി ഇതാദ്യമല്ല. അമിത് ഷായെ വ്യാജ ഏറ്റുമുട്ടല്‍ കൊലപാതകങ്ങളിലെ പ്രതിസ്ഥാനത്തു നിന്നും ഒഴിവാക്കിക്കൊടുത്ത സദാശിവത്തിനെ കേരള ഗവര്‍ണറാക്കിയാണ് മോദി സര്‍ക്കാര്‍ സന്തോഷിപ്പിച്ചത്.

സുപ്രീം കോടതിയിലെ ന്യായാധിപന്മാര്‍ ഇന്ദിരാഗാന്ധി ആവശ്യപ്പെട്ട വിധിയെഴുതിക്കൊടുത്തു മുട്ടിലിഴഞ്ഞു നടന്നിരുന്ന കാലത്ത് ജനാധിപത്യവും പൗരസ്വാതന്ത്ര്യവുമാണ് ഇന്ത്യയിലെ പരമോന്നത കോടതി ഉയര്‍ത്തിപ്പിടിക്കേണ്ടതെന്ന് സ്വന്തം സ്ഥാനനഷ്ടങ്ങളെക്കുറിച്ച് ആകുലപ്പെടാതെ ഉറക്കെപ്പറഞ്ഞ എച് ആര്‍ ഖന്നയെ മാത്രമാണ് ആ കാലഘട്ടത്തില്‍ നിന്നും നാമിന്നോര്‍ക്കുന്നത്. ഹേബിയസ് കോര്‍പസ് കേസിലെ ഖന്നയുടെ വിയോജന വിധിക്കുശേഷം അദ്ദേഹത്തെ മറികടന്ന് എം എച് ബേഗിനെ ചീഫ് ജസ്റ്റിസ് ആക്കിയപ്പോഴും പിറ്റേന്ന് കാലത്ത് മറ്റു സുപ്രീം കോടതി ന്യായാധിപന്മാര്‍ ഒന്നും സംഭവിക്കാത്ത മട്ടില്‍ കോടതിയിലെത്തി. അടിയന്തരാവസ്ഥയെ ജനം ചെറുത്തുതോല്‍പ്പിച്ചതിനു ശേഷം സുപ്രീം കോടതിയുടെ ജനാധിപത്യ സങ്കല്‍പ്പങ്ങളില്‍ ഗുണപരമായ മാറ്റമുണ്ടായത് സാമൂഹ്യ സമരങ്ങളും സുപ്രീം കോടതിയും എന്ന വലിയൊരു വിഷയത്തില്‍ പിന്നീട് ചര്‍ച്ച ചെയ്യാം.

1984-ലെ ദല്‍ഹി സിഖ് കൂട്ടക്കൊലയില്‍ രാജീവ് ഗാന്ധി സര്‍ക്കാരിന് നല്ലപത്രം നല്‍കിയ ജസ്റ്റിസ് രംഗനാഥ് മിശ്രയെ കോണ്‍ഗ്രസ് 1998 മുതല്‍ 2004 വരെ രാജ്യസഭാംഗമാക്കി. എന്നാല്‍ അടിയന്തരാവസ്ഥയെക്കാളും ഭീതിദമായ രീതിയിലാണ് സംഘപരിവാറും മോദി സര്‍ക്കാരും ഇപ്പോള്‍ സുപ്രീം കോടതിയെയും നീതിന്യായ സംവിധാനത്തെയും വെറും ഏറാന്‍ മൂളികളാക്കി മാറ്റിയിരിക്കുന്നത്. സര്‍ക്കാരും സംഘപരിവാറും കോടതിയില്‍ വിധികള്‍ എഴുതിക്കൊടുത്ത ഒപ്പിട്ടു വാങ്ങുകയാണോ എന്ന മട്ടിലാണ് കാര്യങ്ങള്‍. റഫേല്‍, അയോദ്ധ്യ കേസുകളിലും ശബരിമല പുനഃപരിശോധന ഹര്‍ജി കേസിലുമൊക്കെ ലൈംഗിക പീഡനാരോപണത്തില്‍ കുടുങ്ങിയ ഗൊഗോയിയുടെ നേതൃത്വത്തില്‍ സുപ്രീം കോടതി സര്‍ക്കാരിനും ഇന്ത്യയിലെ ഹിന്ദുത്വ രാഷ്ട്രീയ അജണ്ടയ്ക്കും നല്‍കിയ സേവനം ചെറുതല്ല. അസമിലെ എന്‍ ആര്‍ സി പ്രക്രിയയുടെ മേല്‍നോട്ടം വഹിച്ചുകൊണ്ട് ഗോഗോയ് നടത്തിയ വംശീയ വിദ്വെഷത്തോളമെത്തുന്ന കോടതി നടപടികള്‍ സുപ്രീം കോടതിയുടെ നാണം കെട്ട അധ്യായമാണ്.

തന്റെ കീഴ്ജീവനക്കാരിയെ ലൈംഗികമായി പീഡിപ്പിച്ച ആരോപണം പീഡനത്തിരയായ സ്ത്രീ ഉയര്‍ത്തിയപ്പോള്‍, എല്ലാ കീഴ്വഴക്കങ്ങളും ലംഘിച്ചുകൊണ്ട് ഒരു പത്രസമ്മേളനം പോലെ കോടതി ബഞ്ചുണ്ടാക്കി തന്റെ ഗുണഗണങ്ങള്‍ വിളിച്ചുകൂവിയ, ഇന്ത്യ കണ്ട ഏറ്റവും മോശം ചീഫ് ജസ്റ്റിസുമാരില്‍ ഒരാളായി പുറത്തുപോകേണ്ടിവന്ന മനുഷ്യനാണ് രഞ്ജന്‍ ഗോഗോയ്. ലൈംഗികാരോപണത്തില്‍ നിന്നും തടിയൂരാന്‍ കേന്ദ്ര സര്‍ക്കാരിന്റെ തൊമ്മിയായി മാറിയ ഗോഗോയ് ഒടുവില്‍ കേസ് ഒതുക്കിത്തീര്‍ക്കാന്‍ ആരോപണമുന്നയിച്ച സ്ത്രീയെ ജോലിയില്‍ എല്ലാ ആനുകൂല്യങ്ങളോടും കൂടി തിരിച്ചെടുക്കുകയും ചെയ്തു.

അത്തരത്തിലൊരാള്‍ക്ക് രാജ്യസഭാംഗത്വം നല്‍കിയില്ലെങ്കില്‍ മോദി സര്‍ക്കാര്‍ പിന്നെന്തു ചെയ്യാനാണ് അവിടെയിരിക്കുന്നത്. മോദിയെയും അമിത് ഷായെയും പോലുള്ള രാഷ്ട്രീയ ക്രിമിനലുകള്‍ക്ക് ഇത്തരത്തിലുള്ള പ്രത്യുപകാരങ്ങള്‍ പുത്തരിയല്ല. ഗുജറാത്ത് വംശഹത്യക്ക് അന്നത്തെ മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോഡി നല്‍കിയ അകമഴിഞ്ഞ പിന്തുണയ്ക്കും മേല്‍നോട്ടത്തിനും അയാള്‍ നേരിടേണ്ട കുറ്റവിചാരണയില്‍ നിന്നും ഒഴിവാക്കിക്കൊടുത്ത പ്രത്യേക അന്വേഷണ സംഘം തലവനും മുന്‍ സി ബി ഐ മേധാവിയുമായ രാഘവനെ സൈപ്രസിലെ ഇന്ത്യന്‍ സ്ഥാനപതിയാക്കി നിയമിച്ചാണ് മോദി ആദരിച്ചത്.

ഒരു പ്രത്യയശാസ്ത്രപദ്ധതിയെന്ന നിലയില്‍ ഹിന്ദുത്വ രാഷ്ട്രീയം ഇന്ത്യയുടെ മതേതര ജനാധിപത്യ ഘടനയെ തകര്‍ക്കുകയാണ്. അതിനു അവര്‍ക്ക് ഏറ്റവും വേണ്ടത് ഇന്ത്യന്‍ കോടതികളാണ്. കാശ്മീര്‍ താഴ്വരയെ സൈനിക ഉപരോധത്തില്‍ തളച്ചിടുകയും അവിടുത്തെ രാഷ്ട്രീയ നേതൃത്വത്തെ മുഴുവന്‍ തടവിലാക്കുകയും ചെയ്തപ്പോള്‍ തന്റെ മുന്നില്‍ വന്ന ഒരു ഹര്‍ജിയില്‍ എന്തിനാണ് കാശ്മീരില്‍ പോകാന്‍ തിടുക്കം, അവിടെ തണുപ്പല്ലേ എന്ന് ചോദിച്ച രഞ്ജന്‍ ഗൊഗോയിയെ പോലുള്ള ആത്മാവ് വിറ്റ വിധേയന്മാരുടെ കൂത്തരങ്ങാക്കി മാറ്റുകയാണ് അവര്‍ സുപ്രീം കോടതിയെ. തങ്ങള്‍ക്ക് താത്പര്യമില്ലാത്ത ന്യായാധിപന്മാരേ സ്ഥലം മാറ്റാനും സ്ഥാനക്കയറ്റം നല്കാതിരിക്കാനുമൊക്കെ സുപ്രീം കോടതി കൊളീജിയത്തെ അവര്‍ കളിപ്പാവ പോലെയാണ് ഉപയോഗിക്കുന്നത്. കേന്ദ്ര സര്‍ക്കാരിന്റെ ഒരു വകുപ്പ് മാത്രമാണ് സുപ്രീം കോടതി എന്ന നിലയിലേക്കാണ് കാര്യങ്ങള്‍ നീങ്ങുന്നത്.

വിധി പറയുന്ന ന്യായാധിപന്മാര്‍ തങ്ങള്‍ക്കുള്ള വിരമിക്കല്‍ ഉപഹാരങ്ങള്‍ ഉറപ്പിക്കുന്നതിനുള്ള മാര്‍ഗമായി അത്തരം വിധികളെ കാണുന്നുണ്ട് എന്നത് ഇപ്പോഴൊരു വസ്തുതയാവുകയാണ്, അതൊരു സന്ദേഹം മാത്രമല്ലാതായിരിക്കുന്നു. സുപ്രീം കോടതിയില്‍ നിന്നും വിരമിച്ചു മണിക്കൂറുകള്‍ക്കുള്ളിലാണ് ജസ്റ്റിസ് എ കെ ഗോയലിനെ ദേശീയ ഹരിത ട്രൈബ്യൂണലിന്റെ അധ്യക്ഷനായി മോദി സര്‍ക്കാര്‍ നിയമിച്ചത്. അതായത് വിരമിക്കുന്നതിനു എത്രയോ മുമ്പുതന്നെ ആ വാഗ്ദാനം സര്‍ക്കാര്‍ വെക്കുകയും അതിനുള്ള സന്നദ്ധത ഗോയലിലില്‍ നിന്നും ലഭിക്കുകയും ചെയ്തു എന്നാണ്. എങ്കില്‍ എങ്ങനെയായിരിക്കും സര്‍ക്കാര്‍ ഒരു വ്യവഹാരിയായ കോടതി നടപടികളില്‍ ഗോയലിന്റെ വിധിയെഴുത്തിലുള്ള താത്പര്യം!

നരേന്ദ്ര മോദിയെ പരസ്യമായി സ്തുതിക്കുന്ന അരുണ്‍ മിശ്രയെന്ന ഒരു ന്യായാധിപനെ മി ലോര്‍ഡ് സംഘമിത്രമേ ഇറങ്ങിപ്പോകൂ എന്ന് പറയേണ്ട അവസ്ഥയാണ്.

രഞ്ജന്‍ ഗോഗോയ് എന്ന സംഘപരിവാറിന് സുപ്രീം കോടതിയെ അടിയറവെക്കാന്‍ കൂട്ടുനിന്ന അധമനായ ദല്ലാള്‍ അപാരമായ നീതിനിഷേധത്തിന്റെ സന്ദേഹങ്ങളെ ചുറ്റും നിറയുന്ന ഇരുട്ടാക്കി മാറ്റുന്ന യാഥാര്‍ഥ്യത്തിന്റെ കാഴ്ചയാണ്. അമര്‍ന്നുപോകുന്ന നീതിയുടെ ഖേദം നമുക്ക് ചുറ്റും നിറയുന്നുണ്ട്. ജനാധിപത്യത്തിന്റെ വ്യവഹാരങ്ങള്‍ കോടതികള്‍ക്ക് പുറത്താണ് രൂപപ്പെടുന്നതെന്നും അതിന്റെ പ്രതിധ്വനികളാണ് കോടതികളില്‍ ഉണ്ടാകേണ്ടതെന്നും നാം വീണ്ടും ഓര്‍ക്കേണ്ടിവരുന്നുണ്ട്.

(ഫേസ് ബുക്ക് പോസ്റ്റ്)

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Politics | Tags: , | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply