അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പിന്റെ രാഷ്ട്രീയ വിവക്ഷകള്‍
സൗമ്യതയും സഭ്യതയുമുള്ള ഒരാള്‍ പ്രസിഡന്റ് സ്ഥാനം എറ്റെടുക്കുന്നു എന്നതുകൊണ്ട് അടിസ്ഥാനപരമായ നയങ്ങള്‍ മാറാനിടയുള്ള ഒന്നല്ല അമേരിക്കന്‍ സാമ്രാജ്യത്വ രാഷ്ട്രീയം. മൂലധനശക്തികളുടെ പാര്‍ശ്വവല്‍കൃത സമൂഹങ്ങളെ പാപ്പരീകരിക്കുന്ന ആഗോള- ദേശീയ സാമ്പത്തിക നയങ്ങള്‍ക്കെതിരെയും നവയാഥാസ്ഥിതിക രാഷ്ട്രീയത്തിന്റെ ഇപ്പോഴുള്ള അധീശത്വത്തിനെതിരെയും രൂപംകൊള്ളുന്ന പ്രതിരോധ സന്നാഹങ്ങള്‍ കൂടുതല്‍ കരുത്താര്‍ജ്ജിക്കുന്നതിലൂടെ മാത്രമേ വലതുപക്ഷ ഫാസിസ്റ്റ് പ്രത്യയശാസ്ത്രത്തിനെതിരെയും കോര്‍പ്പറേറ്റ് സാമ്പത്തിക ക്രമത്തിനെതിരെയുമുള്ള ജനകീയമായ ഉത്തരങ്ങള്‍ പരക്കെ സ്വീകാര്യമായിത്തീരുകയുള്ളൂ.
അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ സാങ്കേതികമായ അനിശ്ചിതത്വം തുടരുകയാണ്. എന്നാല്‍ ഇപ്പോഴുള്ള കണക്കുകള്‍ അനുസരിച്ച് ജോ ബിഡന്‍ നേരിയ ഭൂരിപക്ഷത്തില്‍ തെരഞ്ഞെടുക്കപ്പെടാനുള്ള സാധ്യതയാണ് കാണുന്നത്. രണ്ടു സംസ്ഥാനങ്ങളിലെ ഫലമാണ് ഇപ്പോള്‍ നിര്‍ണ്ണായകമാവുന്നത്. ഒന്ന്, തുടക്കത്തില്‍ ട്രംപ് നല്ല മുന്‍തൂക്കം നിലനിര്‍ത്തിയിരുന്ന ജോര്‍ജിയയില്‍ ആ സ്ഥിതി മാറിയിട്ടുണ്ട്. ഇനി എണ്ണാനുള്ളതില്‍ കൂടുതലും ഡെമോക്രാറ്റ് വോട്ടുകള്‍ ആണെന്ന വിശ്വാസമാണ് പൊതുവേ മാധ്യമങ്ങളും നിരീക്ഷകരും വച്ച് പുലര്‍ത്തുന്നത്. ഇതെഴുതുമ്പോള്‍ അവിടെ ട്രംപിന്റെ ഭൂരിപക്ഷനില ഒരു ശതമാനത്തില്‍ താഴെ ആയിരിക്കുന്നു. രണ്ട്, തുടക്കം മുതല്‍ ജോ ബിഡന്‍ നേരിയ മുന്‍തൂക്കം നിലനിര്‍ത്തുന്ന നെവേദയില്‍ അദ്ദേഹത്തിന് ആ മുന്‍കൈ നഷ്ടപ്പെടാന്‍ ഇടയില്ല എന്നാണ് ഇപ്പോഴത്തെ കണക്കുകളില്‍ നിന്ന് മനസ്സിലാവുന്നത്. ഇതില്‍ ഏതെങ്കിലും ഒരു സംസ്ഥാനം നഷ്ടപ്പെട്ടാല്‍ മാത്രമേ ജോ ബിഡന്‍ പരാജയപ്പെടുകയുള്ളൂ. ഈ സാധ്യത മുന്‍കൂട്ടി കണ്ടാണ് വിസ്‌കോന്‍സിന്‍ സംസ്ഥാനത്ത് ട്രംപ് റീ കൌണ്ടിംഗ് ആവശ്യപ്പെടുന്നതും മിഷിഗണില്‍ വോട്ടെണ്ണല്‍ നിര്‍ത്തി വെക്കണം എന്നാവശ്യപ്പെട്ടു കോടതിയെ സമീപിക്കുന്നതും മറ്റും. തെരഞ്ഞെടുപ്പില്‍ ജോ ബിഡന്‍ നേടുന്ന നേരിയ ഭൂരിപക്ഷത്തിന്റെ ആനുകൂല്യം അനുവദിച്ചു കൊടുക്കാതെ അധികാരത്തില്‍ തുടരാനുള്ള കുറുക്കുവഴികളാണ് ട്രംപ് ആലോചിക്കുന്നത് എന്നത് വ്യക്തമാവുകയാണ്.
എന്നാല്‍ ഏറ്റവും സംഗതമായ കാര്യം ഈ തെരഞ്ഞെടുപ്പു ഫലത്തിന്റെ അര്‍ത്ഥം എന്താണെന്ന് കൂടുതല്‍ ആഴത്തില്‍ മനസിലാക്കുക എന്നതാണ്. ട്രംപ് ഭരണരംഗത്ത് ഒരു വലിയ പരാജയമായിരുന്നു എന്നത് കോവിഡിന്റെ അമേരിക്കന്‍ അനുഭവത്തിന്റെ കാര്യത്തില്‍ മാത്രമല്ല, അതിനു മുമ്പുള്ള അദ്ദേഹത്തിന്റെ ആരോഗ്യ – സാമ്പത്തിക മേഖലയിലെ പ്രതിലോമ നടപടികളിലൂടെ വ്യക്തമായിരുന്നതാണ്. നിരവധി തെറ്റായ കീഴ്‌വഴക്കങ്ങള്‍ സൃഷ്ടിക്കുകയും അദ്ദേഹത്തിന് അധികാരത്തിലേക്കുള്ള വഴിതുറന്ന കടുത്ത യഥാസ്ഥിതികസഖ്യത്തിലെ വലിയൊരു വിഭാഗം ആളുകളെപ്പോലും നിരാശരാക്കുകയും ചെയ്ത പ്രസിഡന്‍സി ആയിരുന്നു ട്രംപിന്റെത്. അതുകൊണ്ട് തന്നെ ട്രംപിന്റെ പുനര്‍ പ്രസിഡന്‍സി എന്നത് അമേരിക്കയില്‍ ഒരു വികാരമായി മാറിയിരുന്നില്ല. എന്നാല്‍ മറുവശത്ത് ജോ ബിഡനാവട്ടെ കരിസ്മയുള്ള എതിര്‍ സ്ഥാനാര്‍ത്ഥി എന്ന പ്രതീതി സൃഷ്ടിക്കാന്‍ കഴിഞ്ഞിരുന്നുമില്ല. ആരും ആരെയും ആവേശം കൊള്ളിക്കാത്ത ഒരു തെരഞ്ഞെടുപ്പായി വളരെ നേരത്തെ തന്നെ ഇത് മാറിയിരുന്നു. പ്രസിഡന്റ് സ്ഥാനാര്‍ഥിയെ കണ്ടെത്താനുള്ള ഡെമോക്രാറ്റിക് അടിസ്ഥാനതല മത്സരങ്ങളില്‍ ആവേശം പടര്‍ത്തിയ പ്രചാരണം ബര്‍ണീയ സാന്ദെര്‍സിന്റെ ഭാഗത്തുനിന്നാണ് ഉണ്ടായത്. സ്ഥാനാര്‍ത്ഥി നിര്‍ണയത്വത്തിനു ആവശ്യമായ 1,991 വോട്ടുകള്‍ നേടാന്‍ കഴിഞ്ഞില്ലെങ്കിലും 1,073 വോട്ടുകള്‍ നേടി അദ്ദേഹം തന്റെ രാഷ്ട്രീയ അടിത്തറ ബോധ്യപ്പെടുത്തുകയുണ്ടായി. അദ്ദേഹത്തെ പിന്തുണച്ച ഡെമോക്രാറ്റിക് വിഭാഗം കൂടുതല്‍ വിപ്ലവകരമായ മാറ്റങ്ങള്‍ അമേരിക്കന്‍ സമൂഹത്തിലും ഭരണത്തിലും സാമ്പത്തിക- ആരോഗ്യ-വിദ്യാഭ്യാസ മേഖലകളിലും ഉണ്ടാവേണ്ടതുണ്ട് എന്ന നിലപാടുള്ളവരായിരുന്നു. അതിനു പക്ഷെ പൂര്‍ണ്ണ സ്വീകാര്യത പാര്ട്ടിക്കുള്ളില്‍ തന്നെ ലഭിച്ചില്ല. അദ്ദേഹത്തിന്റെ അനുയായികള്‍ ജോ ബിഡന്‍ പ്രതിനിധാനം ചെയ്യുന്ന മിതവാദ രാഷ്ട്രീയത്തോട് മമത ഉള്ളവരായിരുന്നില്ല എന്നത് ബിഡന്റെ പിന്നീടുള്ള പ്രചാരണത്തെ തണുപ്പനാക്കിയിരുന്നു. മറുവശത്ത് കടുത്ത യഥാസ്ഥിതികര്‍ പോലും ട്രംപിന്റെ ഭരണത്തില്‍ അസ്വസ്ഥരും നിരാശരുമായിരുന്നു. അതുകൊണ്ടുതന്നെ വോട്ടിംഗ് ശതമാനം വര്‍ദ്ധിച്ചത് തീര്‍ച്ചയായും ജോ ബിഡന് അനുകൂലമായ ഒരു കാര്യമായിരുന്നു. ഏതാനും ദിവസം മുമ്പ് ഇക്കാര്യം ഞാന്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചിരുന്നു (”I read the increased voter turnout in the US as an indication that Trump would lose’).
ദി ക്രിട്ടിക് ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യുക
എന്നാല്‍ അടിസ്ഥാനപരമായ പ്രശ്‌നം ട്രംപിന്റെയോ ബിഡന്റെയോ വിജയം അമേരിക്കയിലെയും ആഗോളതലത്തിലെയും വലതുപക്ഷവും ഇടതുപക്ഷവും തമ്മിലുള്ള, ആഗോള ജനാധിപത്യ സിവില്‍ സമൂഹവും ഫാസിസവും തമ്മിലുള്ള പ്രത്യയശാസ്ത്രപരമായ ബലാബലത്തില്‍ എന്ത് മാറ്റമാണ് വരുത്തുക എന്നതാണ്. ജോ ബിഡന്റെ വിജയം എത്ര സാങ്കേതികമായിരുന്നാല്‍ പോലും അതിനു രാഷ്ട്രീയമായ ചില അനുരണനങ്ങള്‍ സൃഷ്ടിക്കാന്‍ കഴിയും എന്നത് തീര്‍ച്ചയാണ്. വലതു യഥാസ്ഥിതികത്വത്തെ തെരഞ്ഞെടുപ്പുകളിലെങ്കിലും പരാജയപ്പെടുത്താന്‍ കഴിയുന്ന സാഹചര്യമുണ്ട് എന്നത് ചെറിയ കാര്യമല്ല. എന്നാല്‍ ഡിജിറ്റല്‍ മുതലാളിത്തം അതിന്റെ ഏറ്റവും വലിയ മൂലധന പ്രതിസന്ധികളിലൂടെ കടന്നുപോകുന്ന ഇക്കാലത്ത് ജോ ബിഡന്റെ വിജയം കോര്‍പ്പറേറ്റ് ലോകത്തെ സംബന്ധിച്ചേടത്തോളം ഭയക്കേണ്ട യാതൊന്നും സംഭാവന ചെയ്യുന്നില്ല. ഒരു പക്ഷെ ബര്‍ണീയ സാന്ദെര്‍സിന്റെ വിജയം അവരില്‍ താല്‍ക്കാലികമായെങ്കിലും ഉണ്ടാക്കുമായിരുന്ന അരക്ഷിതത്വവും ഭീതിയും ബിഡന്റെ വിജയം ഒരിക്കലും ഉണ്ടാക്കുന്നില്ല.
ആഗോളതലത്തില്‍ 2001 സെപ്തംബര്‍ പതിനൊന്നിനു ലോക വ്യാപാര ഗോപുരത്തിന് നേരെ നടന്ന ആക്രമണത്തിന് ശേഷം സാമ്രാജ്യത്വ താല്‍പ്പര്യങ്ങള്‍ മുന്‍നിര്‍ത്തി അമേരിക്ക നേതൃത്വം കൊടുത്ത വലതുപക്ഷ ക്രോഡീകരണം പാശ്ചാത്യലോകത്തും അതിനു പുറത്തും വലിയ സ്വാധീനം നേടുകയുണ്ടായി. ഇരുപത്തൊന്നാം നൂറ്റാണ്ടിന്റെ ഗതി മാറ്റിയ സംഭവമായിരുന്നു അത്. എല്ലായിടത്തും എപ്പോഴും ഫാസിസ്റ്റ് വലതുപക്ഷത്തിന്റെ തെരഞ്ഞെടുപ്പു വിജയങ്ങള്‍ ഇത് ഉറപ്പുവരുത്തിയില്ലെങ്കിലും സോവിയറ്റ് യൂണിയന്റെ പതനത്തിനുശേഷവും ആഗോള സിവില്‍ സമൂഹത്തിനുള്ളില്‍ ശക്തമായി നിന്നിരുന്ന പുരോഗമന ചായ്‌വിനെ ചോദ്യംചെയ്യുന്ന അധീശ പ്രത്യയശാസ്ത്രമായി അത് മാറുകയും സാമ്രാജ്യത്വത്തിന്റെ മൂലധന താല്‍പ്പര്യങ്ങളെയും അധീശത്വത്തെയും സഹായിക്കുന്ന പ്രധാന ചിന്താമാതൃകയായി പരക്കെ അംഗീകാരം നേടുകയും ചെയ്തിരുന്നു. യൂറോപ്പിലും ഏഷ്യയിലും ആഫ്രിക്കയിലുമൊക്കെ ഇതിന്റെ അനുരണനങ്ങള്‍ ദൃശ്യമായി. പലയിടങ്ങളിമും ഫാസിസ്റ്റ് പാര്‍ട്ടികള്‍ അധികാരത്തില്‍ വരികയോ അല്ലെങ്കില്‍ ഫാസിസ്റ്റ് ശക്തികള്‍ പ്രധാന പ്രതിപക്ഷമായി മാറുകയോ ചെയ്തു. ജര്‍മ്മനി പോലെ അത്രതന്നെയും സംഭവിക്കാത്ത പല രാജ്യങ്ങളിലും അവര്‍ നിര്‍ണ്ണാ യകശക്തി ആവുകയും ചെയ്തിട്ടുണ്ട്. 9/11-നു ശേഷമുള്ള ലോകത്തിന്റെ ഈ വലത്തോട്ടുള്ള പ്രയാണത്തെ അമേരിക്കന്‍ തെരഞ്ഞെടുപ്പു ഫലം മാറ്റിമറിക്കുന്നില്ല.
അമേരിക്ക അതിന്റെ ലോകമേധാവിത്തം നിലനിര്‍ത്തുന്നതിനു മൃദുശക്തിയും (സാംസ്‌കാരിക മൂലധനം ഉപയോഗിച്ചുള്ള സ്വാധീനം) ദൃഢശക്തിയും (സൈനിക സന്നാഹം ഉപയോഗിച്ചുള്ള സ്വാധീനം) ഒരുപോലെ ഫലപ്രദമായി പ്രയോഗിക്കുന്ന രാജ്യമാണ്. റിപ്പബ്ലിക്കന്‍ പാര്‍ട്ടി ഭരിച്ചാലും ഡെമോക്രാറ്റിക് പാര്‍ട്ടി ഭരിച്ചാലും സ്ഥിതി ഒന്ന് തന്നെയാണ്. ക്ലിന്റണ്‍ മുതല്‍ ഒബാമ അടക്കം ട്രമ്പ് വരെയുള്ള പ്രസിഡന്റ് സ്ഥാനാരര്‍ത്ഥി്കള്‍ ഊറ്റംകൊള്ളുന്ന ”അമേരിക്കന്‍ സ്വപ്നം” എന്ന സങ്കല്പം ആ മൃദുശക്തിയും സൈനികശക്തിയും ചേര്‍ന്ന അമേരിക്കന്‍ ആഗോള സ്വാധീനത്തിന്റെ പരിലാളിത പരികല്‍പ്പനയാണ്. അവരെല്ലാം അമേരിക്കയുടെ ആത്യന്തികമായ നന്മയില്‍, അമേരിക്കയുടെ ‘ലോക നേതാവ്’ എന്ന പദവിയുടെ നിഷ്‌ക്കളങ്കതയില്‍ അഭിരമിക്കുന്നവരാണ്. സ്‌നോഡന്‍ കൃത്യമായി പുറത്തുകൊണ്ടു വന്ന അമേരിക്കന്‍ ചതികളുടെയും അക്രമങ്ങളുടെയും ഗൂഢാലോചനകളുടെയും സാമ്പത്തിക-രാഷ്ട്രീയ സമീപനത്തോട് അവരെല്ലാം ഒരുപോലെ കൂറ് പുലര്‍ത്തുന്നവരാണ്. അവരെ ഒരുമിപ്പിക്കുന്ന അമേരിക്കന്‍ സാമ്രാജ്യത്വ മൂലധന-പ്രത്യയശാസ്ത്ര നിലപാടുകള്‍ ഇവരെല്ലാം കക്ഷിഭേദമന്യേ സ്വീകരിച്ചുപോരുന്ന രാഷ്ട്രീയ നയമാണ്.
ദി ക്രിട്ടിക് യു ട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
എന്നാല്‍ ലോകം മാറുന്നു എന്ന് നാം പറയുന്നത് കൃത്യമായും ഉല്‍പ്പാദനരീതിയും മൂലധന അധീശത്വവും പൂര്‍ണമായും മാറിയോ എന്ന് മാത്രം നോക്കിയല്ല. മൂലധനം അതിന്റെ സര്‍വ്വസ്പര്‍ശിയായ ആധിപത്യം തുടരുമ്പോഴും അത് സൃഷ്ടിച്ച പരിമിതമായ ജനാധിപത്യത്തിന്റെ മണ്ഡലം വികസിക്കുന്നുവോ ചുരുങ്ങുന്നുവോ എന്ന് കൂടി നോക്കിയാണ്. അപ്പോള്‍ മുതലാളിത്ത സംവിധാനത്തിനുള്ളിലെ തന്നെ പൗരാവകാശങ്ങള്‍, വ്യക്തി സ്വാതന്ത്ര്യങ്ങള്‍, ജാതി, വര്‍ഗ്ഗ, വംശ, ലിംഗ നീതികളെക്കുറിച്ചും സമത്വങ്ങളെക്കുറിച്ചുമൊക്കെ വിവിധ രാഷ്ട്രീയ-സാമൂഹിക വിഭാഗങ്ങള്‍ കൈക്കൊള്ളുന നിലപാടുകള്‍ തുടങ്ങിയ കാര്യങ്ങള്‍ അത്യധികം പ്രസക്തമായിത്തീരുന്നു. ഇതര പ്രശ്‌നങ്ങളില്‍ അമേരിക്കയിലെ ഡെമോക്രാറ്റിക് പാര്‍ട്ടി്, ഫ്രാന്‍സിലെ സോഷ്യലിസ്റ്റ് പാര്‍ട്ടികള്‍, ബ്രിട്ടണിലെ ലേബര്‍ പാര്‍ട്ടി തുടങ്ങിയ കക്ഷികള്‍ വളരെക്കാലം തികച്ചും പുരോഗമനപരമായ നിലപാടുകള്‍ കൈക്കൊണ്ടിരുന്നു. എന്നാല്‍ നിയോ ലിബറല്‍ സാമ്പത്തിക സമ്മര്‍ദ്ദങ്ങള്‍ ഒരുവശത്തും യാഥാസ്ഥിതിക രാഷ്ട്രീയത്തിന്റെ സമ്മര്‍ദ്ദങ്ങള്‍ മറുവശത്തുമായി ഇവയെ ഞെരുക്കുന്ന കാഴ്ചയാണ് നാം കഴിഞ്ഞ നാലു ദശകക്കാലമായി കാണുന്നത്. എങ്കിലും ഇപ്പോഴും ഇവ ആ പൂര്‍വ്വകാല രാഷ്ട്രീയത്തിന്റെ പേരില്‍ സ്മരിക്കപ്പെടുന്നുണ്ട് എന്നതിനാല്‍ അവരുടെ വിജയങ്ങള്‍ യഥാസ്ഥിതികത്വത്തിനു അല്‍പ്പമെങ്കിലും എതിരായ ജനവിധിയായി കണക്കാക്കപ്പെടുന്നു.
പക്ഷെ വലതുപക്ഷ ക്രോഡീകരണത്തിന്റെ ഒരു സ്വഭാവം അത് നാം കരുതുന്നതിനെക്കാള്‍ ദൃഢമായ അധീശബോധമാണ് എന്നതാണ്. ജനമനസ്സുകളെ സ്വാധീനിച്ചു കഴിഞ്ഞാല്‍ അതിനെ അവിടെനിന്ന് പുറത്താക്കുക എളുപ്പമല്ല. ഇപ്പോഴത്തെ യഥാസ്ഥിതിക രാഷ്ട്രീയം ആഗോളതലത്തില്‍ തന്നെ ഗ്രാമ-നഗര വ്യത്യാസങ്ങള്‍ പോലുമില്ലാതെ പല രാജ്യങ്ങളിലും ശക്തമായി വേരുറപ്പിച്ചു കഴിഞ്ഞിട്ടുണ്ട്. സാമുവല്‍ ഹണ്ടിംഗ്റ്റന്റെ പഴയ ”ക്ലാഷ് ഓഫ് സിവിലിസേഷന്‍” സിദ്ധാന്തത്തിന്റെ ഉറപ്പില്‍ നവ യാഥാസ്ഥിതികത്വം സൃഷ്ടിച്ച ബൈനറികള്‍ വളരെപ്പെട്ടെന്നു മാഞ്ഞുപോകുന്നവയല്ല. ഈ തെരഞ്ഞെടുപ്പില്‍ ഇത്രയൊക്കെ പരാധീനതകള്‍ ട്രംപിനു ഉണ്ടായിരുന്നിട്ടും കാര്യമായ വെല്ലുവിളി അദ്ദേഹത്തിനെതിരെ ഉണ്ടാവാഞ്ഞതിനു ഒരു കാരണം ഇപ്പോഴും ഈ വലതു യഥാസ്ഥിതികത്വം ശക്തമായി നിലനില്‍ക്കുന്നു എന്നത് തന്നെയാണ്.
അതേസമയം ചെറുത്തുനില്‍പ്പിന്റെയും ബദല്‍ അന്വേഷണങ്ങളുടെയും വലിയ ചലനങ്ങള്‍ ഈ കാലഘട്ടത്തില്‍ ഉണ്ടായിട്ടുണ്ട് എന്നത് വിസ്മരിക്കാന്‍ കഴിയില്ല. അമേരിക്കയില്‍ തന്നെ മനുഷ്യാവകാശ- ജനാധിപത്യ രാഷ്ട്രീയം മഹാമാരിയെപ്പോലും അവഗണിച്ചുകൊണ്ട് ശക്തി പ്രാപിക്കുകയുണ്ടായി. അടിക്കടിയുണ്ടായ സാമ്പത്തിക പ്രതിസന്ധികള്‍ പാര്‍ശ്വവല്‍കൃതരും മൂലധനവുമായുള്ള സംഘര്‍ഷങ്ങള്‍ക്ക് ആക്കംകൂട്ടുകയും വര്‍ദ്ധിച്ചു വരുന്ന തൊഴിലില്ലായ്മയും അസമത്വവും തങ്ങളുടെ നിലനില്‍പ്പിനെത്തന്നെ ബാധിക്കുന്ന തരത്തില്‍ രൂക്ഷമായിട്ടുണ്ടെന്ന ചിന്താഗതി കോര്‍പ്പറേറ്റ് ലോകത്ത് തന്നെ വേരുറപ്പിക്കുകയും ചെയ്തിട്ടുണ്ട്. തോമസ് പിക്കറ്റിയുടെ പഠനങ്ങളും യൂറോപ്യന്‍ യൂണിയന്റെ ചില പഠനങ്ങളും ഈ പ്രശ്‌നങ്ങളെ അഭിമുഖീകരിക്കാന്‍ കഴിയാതെ മൂലധനശക്തികള്‍ ഉഴലുകയാണ് എന്ന യാഥാര്‍ത്ഥ്യം ബോദ്ധ്യപ്പെടുത്തുന്നവയായിരുന്നു. ബിഡന്‍ വന്നാലും ട്രംപ് വന്നാലും ഈ കടുത്ത പ്രതിസന്ധികളെ മറികടക്കാന്‍ മൂലധനത്തിന് മുന്നില്‍ കുറുക്കുവഴികള്‍ ഒന്നുമില്ല എന്നതാണ് വസ്തുത. ഒരു വശത്ത് വലതു യഥാസ്ഥിതികത്വത്തെ ശക്തിപ്പെടുത്താന്‍ ആഗോള മുതലാളിത്തം തയ്യാറാവുന്നതിന്റെ പശ്ചാത്തലം തന്നെ അവര്‍ അഭിമുഖീകരിക്കുന്ന ഈ സാമ്പത്തികക്കുഴപ്പത്തില്‍ നിന്ന് ജനശ്രദ്ധ തിരിക്കുക എന്ന ലക്ഷ്യം മുന്‍നിര്‍ത്തിയുള്ളതാണ്.
ബിഡന്‍ തെരഞ്ഞെടുക്കപ്പെടുന്നു എന്നത് താരതമ്യേന സ്വാഗതാര്‍ഹമായ കാര്യമാണെങ്കിലും, അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പിന്റെ ആത്യന്തിക ഫലം ലോകം ഇപ്പോള്‍ അഭിമുഖീകരിക്കുന്ന സങ്കീര്‍ണമായ പ്രത്യയശാസ്ത്ര- രാഷ്ട്രീയ സമ്പദ്ശാസ്ത്ര പ്രശ്‌നങ്ങളുടെ കാര്യത്തില്‍ അടിസ്ഥാനപരമായ മാറ്റമൊന്നും ഉണ്ടാക്കില്ല എന്നതാണ് മനസ്സിലാക്കാനുള്ളത്. സൗമ്യതയും സഭ്യതയുമുള്ള ഒരാള്‍ പ്രസിഡന്റ് സ്ഥാനം എറ്റെടുക്കുന്നു എന്നതുകൊണ്ട് അടിസ്ഥാനപരമായ നയങ്ങള്‍ മാറാനിടയുള്ള ഒന്നല്ല അമേരിക്കന്‍ സാമ്രാജ്യത്വ രാഷ്ട്രീയം. മൂലധനശക്തികളുടെ പാര്‍ശ്വവല്‍കൃത സമൂഹങ്ങളെ പാപ്പരീകരിക്കുന്ന ആഗോള- ദേശീയ സാമ്പത്തിക നയങ്ങള്‍്‌ക്കെതിരെയും നവയാഥാസ്ഥിതിക രാഷ്ട്രീയത്തിന്റെ ഇപ്പോഴുള്ള അധീശത്വത്തിനെതിരെയും രൂപംകൊള്ളുന്ന പ്രതിരോധ സന്നാഹങ്ങള്‍ കൂടുതല്‍ കരുത്താര്‍ജ്ജി ക്കുന്നതിലൂടെ മാത്രമേ വലതുപക്ഷ ഫാസിസ്റ്റ് പ്രത്യയശാസ്ത്രത്തിനെതിരെയും കോര്‍പ്പറേറ്റ് സാമ്പത്തിക ക്രമത്തിനെതിരെയുമുള്ള ജനകീയമായ ഉത്തരങ്ങള്‍ പരക്കെ സ്വീകാര്യമായിത്തീരുകയുള്ളൂ. അമേരിക്കന്‍ തെരഞ്ഞെടുപ്പു പോലെയുള്ള സന്ദര്‍ഭങ്ങള്‍ ഈ അടിസ്ഥാന വസ്തുതയുടെ പ്രാധാന്യത്തിനു അടിവരയിടുകയാണ് ചെയ്യുന്നത്.
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in