ട്രംപിന്റെ ഗസ ശുദ്ധീകരണം
1948-ലെ നക്ബയില്‍ തുടങ്ങി ആവര്‍ത്തിച്ചുള്ള കുടിയൊഴിപ്പിക്കലുകളുടെ ചരിത്രം കണക്കിലെടുത്ത് ഗസയ്ക്ക് പുറത്ത് താല്കാലികമായി മാറ്റിപ്പാര്‍പ്പിക്കാനുള്ള ഒരു വാഗ്ദാനത്തിലും ഫലസ്തീന് ജനതയ്ക്ക് വിശ്വാസമില്ല. അക്കാലത്ത്, തങ്ങള്‍ താല്‍ക്കാലികമായി പോകുകയാണെന്ന് പലരും കരുതി. പതിറ്റാണ്ടുകളായി അവര്‍ വീണ്ടെടുക്കുമെന്ന് പ്രതീക്ഷിച്ച വീടുകളുടെ താക്കോല്‍ മുറുകെ പിടിച്ചിരുന്നു. എന്നാല്‍ അവര്‍ എന്നെന്നേക്കുമായി സ്വന്തം മണ്ണില്‍ നിന്ന് നാടുകടത്തപ്പെട്ടു.
ഫലസ്തീന് സമൂഹത്തെ ഗസയില്‍ നിന്ന് എന്നെന്നേക്കുമായി പറിച്ചെറിയാന്‍ ‘വംശീയ വൃത്തിയാക്കല്‍’ (ethnic cleansing) പദ്ധതികളുമായി അമേരിക്കയുടെ അപകടകാരിയായ വാചാലന് പ്രസിഡണ്ട് ഡോണള്‍ഡ് ട്രംപ് തയ്യാറെടുക്കുകയാണ്. ഗസയെ ഒരു ഡിമോളിഷ്ഡ് സൈറ്റ് (demolished site) എന്നാണ് ട്രംപ് വിലയിരുത്തുന്നത്. തകര്‍ന്ന ഗസയെ ‘വെടിപ്പാക്കിയെടുക്കാന്‍’ അവിടെ അവശേഷിക്കുന്ന മുഴുവന്‍ ഫലസ്തീനികളെയും അയല്‍ രാജ്യങ്ങളായ ഈജിപ്തിലേക്കും ജോര്‍ദാനിലേക്കും മാറ്റിപ്പാര്‍പ്പിക്കണം എന്നാണ് നിയോ ഫാസിസത്തിന്റെ ട്രെന്‍ഡ് മേക്കറായ ട്രംപ് ആഹ്വാനം ചെയ്യുന്നത്. അതിലൂടെ ചില അറബ് രാജ്യങ്ങളുമായി ഇടപഴകാനും അവര്‍ക്ക് സമാധാനത്തോടെ ജീവിക്കാനും കഴിയും എന്നാണ് ട്രംപ് ലോകത്തെയും ഫലസ്തീനികളെയും വിശ്വസിപ്പിക്കാന്‍ ശ്രമിക്കുന്നത്. ഇത് ഫലസ്തീനികളെ അവരുടെ ചരിത്രത്തെ, സംസ്കാരത്തെ പൂര്‍ണ്ണമായും വംശീയമായി തുടച്ചുനീക്കാന്‍ ആണെന്ന് വ്യക്തമാണ്.
ഈ നീക്കം ‘താല്ക്കാലികമോ ദീര്‍ഘകാലമോ’ നിലനില്ക്കാം എന്നും ട്രംപ് പറയുന്നുണ്ട്. ഹമാസും ഫലസ്തീന് അതോറിറ്റിയും ഈ നിര്‍ദ്ദേശത്തെ അപലപിച്ചു കഴിഞ്ഞു. ജോര്‍ദാനും ഈജിപ്തും ട്രംപിന്റെ ആവശ്യത്തെ നിരസിച്ചിട്ടുണ്ട്. ഗസയിലെ രണ്ട് ദശലക്ഷം നിവാസികളില്‍ ഭൂരിഭാഗവും കഴിഞ്ഞ 15 മാസത്തെ യുദ്ധത്തില്‍ പലായനം ചെയ്തിട്ടുണ്ട്. ഗസയില്‍ ഉടനീളമുള്ള 60% ത്തില്‍ അധികം നിര്‍മ്മിതികളും സംവിധാനങ്ങളും പൂര്‍ണ്ണമായും തകരുകയോ നശിപ്പിക്കപ്പെടുകയോ ചെയ്തിട്ടുണ്ടെന്ന് യു എന്‍ കണക്കാക്കിയിട്ടുണ്ട്. ഇത് പുനര്‍നിര്‍മ്മിക്കാന്‍ പതിറ്റാണ്ടുകള്‍ എടുത്തേക്കാം. എന്നാല്‍ അവശേഷിക്കുന്ന മണ്ണില്‍ നിന്നും ഫലസ്തീന് എന്ന ചരിത്ര പരികല്പന (construct)യില്‍ നിന്നും, അതിന്റെ നിര്‍വചനങ്ങളില്‍ നിന്നും അറബ് എന്ന സാമാന്യ വിവക്ഷയിലേക്ക് ഒതുക്കി മാറ്റിക്കൊണ്ട് ഒരു സമൂഹത്തിന്റെ ചരിത്ര സംസ്കാരത്തെ തന്നെ ഭൂമിയില്‍ നിന്ന് തുടച്ചുനീക്കാനാണ് ട്രംപിന്റെ നേതൃത്വത്തില്‍ അമേരിക്കന്‍ സാമ്രാജ്യത്വം ശ്രമങ്ങള്‍ നടത്തുന്നത്. ഗസ ‘വൃത്തിയാക്കുമ്പോള്‍’ അവശിഷ്ടങ്ങളില്‍ അടിഞ്ഞും, കുടുങ്ങിയും കിടക്കുന്ന തങ്ങളുടെ പ്രിയപ്പെട്ടവരുടെ അവശിഷ്ടങ്ങള്‍ കണ്ടെത്താനുള്ള അവകാശം പോലും നിഷേധിക്കുന്ന വംശീയ ഉന്മൂലനത്തിനുള്ള ആഹ്വാനമാണ് ട്രംപില്‍ നിന്നും ഉണ്ടായിരിക്കുന്നത്.
1948-ലെ നക്ബയില്‍ തുടങ്ങി ആവര്‍ത്തിച്ചുള്ള കുടിയൊഴിപ്പിക്കലുകളുടെ ചരിത്രം കണക്കിലെടുത്ത് ഗസയ്ക്ക് പുറത്ത് താല്കാലികമായി മാറ്റിപ്പാര്‍പ്പിക്കാനുള്ള ഒരു വാഗ്ദാനത്തിലും ഫലസ്തീന് ജനതയ്ക്ക് വിശ്വാസമില്ല. അക്കാലത്ത്, തങ്ങള്‍ താല്‍ക്കാലികമായി പോകുകയാണെന്ന് പലരും കരുതി. പതിറ്റാണ്ടുകളായി അവര്‍ വീണ്ടെടുക്കുമെന്ന് പ്രതീക്ഷിച്ച വീടുകളുടെ താക്കോല്‍ മുറുകെ പിടിച്ചിരുന്നു. എന്നാല്‍ അവര്‍ എന്നെന്നേക്കുമായി സ്വന്തം മണ്ണില്‍ നിന്ന് നാടുകടത്തപ്പെട്ടു. ലോകമെമ്പാടുമായി ഏകദേശം 5.9 ദശലക്ഷം ഫലസ്തീന് അഭയാര്‍ത്ഥികളുണ്ട്, അവരില്‍ ഭൂരിഭാഗവും 1948-ല്‍ ഇസ്രായേല്‍ രൂപീകരണത്തോടെ പലായനം ചെയ്ത ആളുകളുടെ പിന്‍ഗാമികളാണ്.
ദി ക്രിട്ടിക് ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യുക
സയന്‍സസ് പോ (Science Po- Paris School of International affairs) പാരീസിലെ അന്താരാഷ്ട്ര നിയമത്തിന്റെ ലക്ചററും ഇന്റര്‍നാഷണല്‍ ക്രിമിനല്‍ കോടതി (ഐസിസി) അഭിഭാഷകനുമായ ഒമര്‍ ഷാറ്റ്സ്, ട്രംപിന്റെ അഭിപ്രായങ്ങള്‍ ”വംശീയ ഉന്മൂലനത്തിനുള്ള ആഹ്വാനം ‘ എന്നാണ് പറഞ്ഞത്. യുദ്ധത്തിന്റെ ആരംഭം മുതലുള്ള തീവ്ര ഇസ്രായേല്‍ രാഷ്ട്രീയക്കാരുടേയും പൊതു സയണിസ്റ്റ് വ്യക്തികളുടേയും ആഹ്വാനങ്ങളുടെ പ്രതിധ്വനിയാണ് പ്രസിഡന്റ് ട്രംപില്‍ നിന്ന് പുറത്തുവന്നത്. ഒരുഭാഗത്ത് വെടി നിര്‍ത്തലും, ഗാസാ പുനര്‍നിര്‍മ്മിതിയുടെ പേരില്‍ മാറ്റിപ്പാര്‍പ്പിച്ച് എന്നെന്നേക്കുമായി ആട്ടിയോടിക്കുന്ന പദ്ധതിയും നടക്കുമ്പോള്‍ മറുഭാഗത്ത് ഇസ്രായേലിന് 2000 പൗണ്ട് ബോംബുകള്‍ നല്കാന് ട്രംപ് അനുമതി നല്കിയിരിക്കുന്നു. തെക്കുവടക്കന്‍ ഗസയെ ബന്ധിപ്പിക്കുന്ന നട്സാറിം ഇടനാഴി (Netzarim corridor) യുടെയും, ഗസയെ ഈജിപ്തുമായി ബന്ധിപ്പിക്കുന്ന ഫിലാഡല്‍ഫി ഇടനാഴി (Philadelphi corridor) യുടെയും നിയന്ത്രണം എന്നന്നേക്കുമായി അമേരിക്കന്‍ സാമ്രാജ്യത്വത്തിന്റെ കൈകളില്‍ ഉറപ്പിച്ചെടുക്കുക എന്നതാണ് മറ്റു പല ലക്ഷ്യങ്ങള്‍ക്കൊപ്പം ഈ നീക്കത്തിന്റെയും പുറകില്‍ ഉള്ളത്.
1973 ഒക്ടോബറിലെ റമദാന് വാര്, ഒക്ടോബര്‍ യുദ്ധം എന്നിങ്ങനെ അറിയപ്പെടുന്ന അറബ് ഇസ്രായേല്‍ യുദ്ധമായ യോം കിപ്പൂര്‍ (Yom Kippur) യുദ്ധത്തെത്തുടര്‍ന്ന് ഒപ്പുവച്ച ഇസ്രായേലും സിറിയയും തമ്മിലുള്ള ഒരു കരാര്‍ അടിസ്ഥാനത്തില്‍ ഗോലാന്‍ കുന്നുകളില്‍ ഒരു യുഎന്‍ ബഫര്‍ സോണ്‍ സ്ഥാപിച്ചു. ഇത് യുഎന്‍ ഡിസ്എന്‍ഗേജ്മെന്റ് ഒബ്സര്‍വര്‍ ഫോഴ്സ് (UNDOF) നിരീക്ഷിച്ചു വരുന്നു. ഓരോ ആറുമാസം കൂടുമ്പോഴും UNDOF മാന്‍ഡേറ്റ് പുതുക്കുന്നു. ഈ ഭാഗം പിടിച്ചടക്കല്‍ ഉള്‍പ്പെടെ ഫലസ്തീന് വംശഹത്യയുടെ വേരുകള്‍ ആഴ്ന്നു കിടക്കുന്നത് പശ്ചിമേഷ്യ മുഴുവന്‍ ഉള്ള സാമ്രാജ്യത്വത്തിന്റെ അധിനിവേശ താല്പര്യങ്ങളിലാണ്.
സമാധാന ദൗത്യവുമായി ബ്ലിങ്കന്‍ പശ്ചിമേഷ്യയില്‍ എത്തിയ വേളയിലാണ് ഫത്താഹ് സേനാംഗം ഖലീല്‍ മഖ്ദാഹിനെ തെക്കന്‍ ലബനനിലെ സിഡോണില്‍ വെച്ച് വധിക്കുന്നത്. ലബനനിലെ ഫത്ത നേതാവ് മൗനിര്‍ മഖ്ധാഹിന്റെ സഹോദരനാണ് കൊല്ലപ്പെട്ട ഖലീല്‍. ഫലസ്തീനിയന്‍ പ്രസിഡണ്ട് മുഹമ്മദ് അബ്ബാസ് ആണ് ഫത്ത വിഭാഗത്തിന് നേതൃത്വം നല്‍കുന്നത്. ലെബനനിലെ സീനിയര്‍ മിലിറ്ററി കമാന്‍ഡര്‍ ഫുവദ് ഷോക്കറെ ഇസ്രായേല്‍ വധിച്ചതും സമാധാനം പുന:സ്ഥാപിക്കാതിരിക്കാനുള്ള ആസൂത്രണമായിരുന്നു. ഇറാന്റെയും ലബനനിന്റെയും അതിര്‍ത്തി ഭേദിച്ച് ഇസ്രായേല്‍ അമേരിക്കന്‍ സഹായത്തോടെ ഈ ഭീകര പ്രവര്‍ത്തനങ്ങളും, കൊലപാതക പരമ്പരകളും നടത്തിവരുന്നതിന്റെ ലക്ഷ്യം, പശ്ചിമേഷ്യ മുഴുവന്‍ പിടിച്ചെടുക്കാനുള്ള ഭാവിയിലേക്കുള്ള ആസൂത്രണങ്ങളാണ്.
ഈ ഫലസ്തീന് കൂട്ടക്കൊലയ്ക്കിടയില്‍ അഞ്ചു രാജ്യത്തിന് നേരെയാണ് ഇസ്രായേല്‍ ആക്രമണം നടത്തിയത്. ഫലസ്തീന് പുറമേ ലബനന്, സിറിയ, യമന്‍, ഇറാന് എന്നീ രാജ്യങ്ങളില്‍ കടന്നു കയറിയുള്ള 17,000ത്തില്‍ കൂടുതല്‍ ആക്രമണമാണ് ഇസ്രായേല്‍ നടത്തിയത്. ഇതൊന്നും ലോകത്തിലെ സാമ്രാജ്യത്വ മുതലാളിത്ത രാജ്യങ്ങള്‍ അപലപിച്ചില്ല. ഇസ്രായേലി മാധ്യമ പ്രവര്‍ത്തകനായ റോണന്‍ ബര്‍ഗ് പറയുന്നത്, രണ്ടാം ലോക യുദ്ധത്തിനുശേഷം പാശ്ചാത്യലോകം കൊലപ്പെടുത്തിയതിനേക്കാള്‍ കൂടുതല്‍ പേരെ കൊലപ്പെടുത്തിയത് ഇസ്രായേല്‍ ആണെന്നാണ്. പശ്ചിമതീരവും, കിഴക്കന്‍ ജെറുസലേമും ഉള്‍പ്പെടെയുള്ള ഫലസ്തീന് പ്രദേശങ്ങള്‍ ഇസ്രായേല്‍ കൈവശം വയ്ക്കുന്നത് നിയമവിരുദ്ധമാണെന്ന് അന്തരാഷ്ട്ര നീതിന്യായ കോടതി അസന്നിഗ്ദ്ധമായി പ്രഖ്യാപിച്ചിട്ടും ഇസ്രായേല്‍ അധിനിവേശവും വംശഹത്യയും അമേരിക്കന്‍ സാമ്രാജ്യത്വത്തിന്റെ സമ്പൂര്‍ണ്ണ പിന്തുണയോടെ തുടരുകയാണ് ചെയ്തത്.
ദി ക്രിട്ടിക് യു ട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
ഇസ്രായേലിന്റെ ഫലസ്തീന് കൂട്ടക്കുരുതിക്ക് സഹായം നല്കുന്ന രണ്ടാമത്തെ രാജ്യം ഇന്ത്യയാണ്. മാധ്യമവാര്‍ത്തകള്‍ അനുസരിച്ച് ഇതിനകം രണ്ട് കപ്പലുകളിലായി സ്ഫോടക വസ്തുക്കളും ആയുധങ്ങളും ഇസ്രായേലിന് ഇന്ത്യ നല്കിയിട്ടുണ്ടത്രേ. സ്പെയിനില്‍ ഇടതുപക്ഷ പ്രസ്ഥാനങ്ങളും ജനപ്രതിനിധികളും സാമൂഹ്യ പ്രവര്‍ത്തകരും പ്രതിഷേധിച്ചതിന്റെ ഭാഗമാണ്, സ്പെയിനിലെ കാര്ടജെനാ തുറമുഖ (Cartagena Port) ത്ത് സ്ഫോടക വസ്തുക്കളുമായി വന്ന കപ്പല്‍ അടുപ്പിക്കാന്‍ കഴിയാതിരുന്നത്. തുടര്‍ന്ന് സോള്വേനിയയിലെ കോപര്‍ തുറമുഖ (Koper Port)ത്തേക്ക് ആ കപ്പലിനു പോകേണ്ടിവന്നു. ചെന്നൈയില്‍നിന്നും ഇസ്രയേലിലെ അഷ്ദോഡ് (Port of Ashdod) തുറമുഖത്തേക്ക് പോകുന്ന ഈ കപ്പലില്‍ നിറയെ ഗാസ ആക്രമണത്തിനാവശ്യമായ ആയുധങ്ങളായിരുന്നുവത്രേ. 20 ടണ്‍ റോക്കറ്റ് എഞ്ചിനുകളും 12.5 ടണ്‍ സ്ഫോടക വസ്തുക്കള്‍ നിറച്ച റോക്കറ്റുകളും 1500 കിലോ സ്ഫോടക വസ്തുക്കളും ആണ് കപ്പലില്‍ ഉണ്ടായിരുന്നത് എന്ന് അല്‍ ജസീറ ടെലിവിഷന്‍ റിപ്പോര്‍ട്ട് ചെയ്യുകയുണ്ടായത്രേ. പിന്നീട് മറ്റൊരു കപ്പല്‍ 27 ടണ്‍ സ്ഫോടക വസ്തുക്കളുമായി ചെന്നൈയില്‍ നിന്നും ഇസ്രായേലിന്റെ ഹൈഫാ തുറമുഖ (Port of Haifa)ത്തേക്ക് പുറപ്പെട്ടിരുന്നു. ആ കപ്പലിന് കാര്ട്ടജനാ തുറമുഖത്ത് നങ്കൂരമിടാന്‍ അനുമതി നിഷേധിച്ചതായി സ്പാനിഷ് വിദേശ കാര്യ മന്ത്രി ജോസ് മാനുവല്‍ അല്ബരാസ് അറിയിച്ചതോടെയാണ് യാഥാര്‍ത്ഥ്യം പുറംലോകം അറിഞ്ഞത്.
ചുരുക്കത്തില്‍, ഒരു വംശത്തിന്റെ ചരിത്രപരമായ ഓര്‍മ്മകള്‍ തന്നെ തകര്‍ത്തതിനുശേഷം, അവരെ അവരുടെ മണ്ണില്‍ നിന്ന് ആട്ടിയോടിച്ചാണ് പുനര്‍നിര്‍മ്മിതികള്‍ നടത്തേണ്ടത് എന്ന സാമ്രാജ്യത്വത്തിന്റെ യാങ്കി അധിനിവേശ തന്ത്രങ്ങള്‍ക്കെതിരെ ഫലസ്തീന് ജനതയോട് ഐക്യപ്പെട്ട് ലോക രാജ്യങ്ങളിലെ മുഴുവന്‍ ജനാധിപത്യ സമൂഹവും തെരുവുകളില്‍ ഇറങ്ങി പ്രതിഷേധിക്കേണ്ടതാണ്.
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in