ഈ പ്രക്ഷോഭം പുറന്തള്ളല്‍ നയങ്ങള്‍ക്കെതിരെ

ഹോസ്റ്റല്‍ സൗകര്യമില്ലാത്തതിനാല്‍ എല്ലാ ജില്ലകളിലും എസ്.സി/എസ്.ടി. വിദ്യാര്‍ത്ഥികള്‍ പ്രയാസം നേരിടുന്നു. കൊച്ചി പോലുള്ള മെട്രോ നഗരങ്ങളില്‍ ഹോസ്റ്റലുകള്‍ക്ക് പകരം അനാവശ്യനിര്‍മ്മിതികളാണ് കോടികള്‍ മുടക്കി ട്രൈബല്‍ വകുപ്പ് പണിതിരിക്കുന്നത്. ഉള്ള ഹോസ്റ്റലുകള്‍ തുറക്കുന്നുമില്ല.

വിദ്യാഭ്യാസമടക്കമുള്ള മേഖലകളില്‍ ആദിവാസികള്‍ക്കെതിരെയുള്ള വംശീയവിവേചനം അവസാനിപ്പിക്കാനാവശ്യപ്പെട്ട് വയനാട് ജില്ലയിലെ ആദിവാസിസംഘടനകള്‍ പ്രക്ഷോഭത്തിനൊരുങ്ങുന്നു. എസ്.എസ്.എല്‍.സി. ജയിച്ച കുട്ടികള്‍ക്ക് പ്ലസ് 1 പഠനസൗകര്യം ഒരുക്കുക, ഡിഗ്രി – ഉന്നതപഠന സൗകര്യങ്ങള്‍ ഉറപ്പുവരുത്തുക., ഡിഗ്രി – ഉന്നത പഠനത്തിന് എയ്ഡഡ് – സ്വയംഭരണ കോളേജുകള്‍ ഉയര്‍ന്ന ഫീസ് വാങ്ങുന്ന നടപടി അവസാനിപ്പിക്കുക., ഓണ്‍ലൈന്‍ പഠനസൗകര്യങ്ങള്‍ നല്‍കുക., പ്ലസ് 1 സ്‌പോട്ട് അലോട്ട്‌മെന്റ് എന്ന തട്ടിപ്പ് അവസാനിപ്പിക്കുക. തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് പ്രക്ഷോഭമാരംഭിക്കുന്നത്. ആദിവാസികള്‍ ഏറെയുള്ള, പ്രത്യേകിച്ചും ആദിവാസി വിഭാഗക്കാര്‍ പിന്നോക്കം നില്‍ക്കുന്ന വയനാട് ജില്ലയിലെ ആദിവാസി വിദ്യാര്‍ത്ഥികള്‍ എസ്.എസ്.എല്‍.സി. പാസായാല്‍ പഠനം അവസാനിപ്പിക്കട്ടെ എന്ന സമീപനമാണ് എന്നും ഭരണാധികാരികള്‍ പുലര്‍ത്തുന്നത്. ഈ വര്‍ഷം വയനാട് ജില്ലയില്‍ 2009 കുട്ടികള്‍ എസ്.എസ്.എല്‍.സി. ജയിച്ചിട്ടുണ്ടെങ്കിലും, 529 പ്ലസ് 1 സീറ്റുകള്‍ മാത്രമാണ് അവര്‍ക്ക് വേണ്ടി മാറ്റിവെച്ചിട്ടുള്ളു എന്നാണ് സംഘടനകള്‍ ചൂണ്ടികാട്ടുന്നത്. 1400 ലധികം വിദ്യാര്‍ത്ഥികള്‍ പഠനം അവസാനിപ്പിക്കേണ്ടിവരും. കഴിഞ്ഞ ഒരു ദശകത്തിനുള്ളില്‍ ആയിരക്കണക്കിന് വിദ്യാര്‍ത്ഥികളുടെ പഠിക്കാനുള്ള ആഗ്രഹം ഇങ്ങനെ തല്ലിക്കെടുത്തിയിട്ടുണ്ട്. അതിനുള്ള അടിസ്ഥാനകാരണം വംശീയവിവേചനം തന്നെ.

ആകെ സീറ്റിന്റെ 8% നിരക്കില്‍ 25,000 ത്തോളം സീറ്റുകള്‍ സംസ്ഥാന തലത്തില്‍ ആദിവാസികള്‍ക്കായി മാറ്റിവെക്കാറുണ്ട്. എന്നാല്‍ 6000 ത്തിനും 7000 ത്തിനും ഇടയില്‍ മാത്രമാണ് സാമൂഹികപിന്നോക്കാവസ്ഥ കാരണം സംസ്ഥാന തലത്തില്‍ വിജയിക്കാറുള്ളു. ഇങ്ങിനെ കടമ്പ കടന്ന് ഉന്നതവിദ്യാഭ്യാസം ആഗ്രഹിക്കുന്ന കുട്ടികളുടെ 1/3 ഭാഗം പേരെയാണ് വിദ്യാഭ്യാസരംഗത്തുനിന്നും ആട്ടിയോടിച്ച് കൂലിപ്പണിക്ക് പോകാന്‍ പ്രേരിപ്പിക്കുന്നത്. ഇതരജില്ലകളില്‍ അധികമായി വരുന്ന പട്ടികവര്‍ഗ്ഗ സംവരണസീറ്റുകളില്‍ നിന്നും വയനാട് ജില്ലയിലെ ആദിവാസി കുട്ടികള്‍ക്ക് ആവശ്യമുള്ള സീറ്റുകള്‍ കൈമാറി, അധിക സ്‌പെഷ്യല്‍ ബാച്ചുകള്‍ തുടങ്ങിയാല്‍ ആദിവാസി വിദ്യാര്‍ത്ഥികളുടെ വിദ്യാഭ്യാസ അവകാശം ഉറപ്പാക്കാന്‍ കഴിയും. എന്നാലതു ചെയ്യുന്നില്ല. സര്‍ക്കാര്‍ കണക്കനുസരിച്ച് 90% ത്തിലധികം ആദിവാസികുട്ടികള്‍ 10-ാം ക്ലാസില്‍ എത്തുന്നതോടെ പഠനം ഉപേക്ഷിക്കുന്നു. സാമൂഹിക – സാമ്പത്തിക പിന്നോക്കാവസ്ഥ മാത്രമല്ല, വ്യക്തമായ വംശീയവും ജാതീയവുമായ വിവേചനവും വിദ്യാഭ്യാസ അവകാശം റദ്ദാക്കപ്പെടുന്നതിന് കാരണമാണ്.

ഉന്നതപഠനത്തിന് അര്‍ഹത നേരിടുന്ന (ഡിഗ്രി / പി.ജി.) വിദ്യാര്‍ത്ഥികളോട് കാണിക്കുന്ന അവഗണനയും ചെറുതല്ല എന്ന് ഈ സംഘടനകള്‍ ചൂണ്ടികാട്ടുന്നു.

* വയനാട്ടില്‍ നിന്നും, അട്ടപ്പാടി പോലുള്ള മേഖലകളില്‍ നിന്നും ഉന്നതപഠനത്തിന് അപേക്ഷിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈനായി അപേക്ഷിക്കാനോ ഫീസ് അടക്കാനോ ഉള്ള സൗകര്യങ്ങള്‍ ഇല്ല എന്നത് കോളേജുകളും, യൂണിവേഴ്‌സിറ്റികളും പരിഗണിക്കുന്നില്ല. സ്വയംഭരണ കോളേജുകളും, യൂണിവേഴ്‌സിറ്റികളുടെ ഏകജാലക പ്രവേശനം പിന്‍തുടരുന്ന കോളേജുകളും അഡ്മിഷന്‍ സംവിധാനത്തില്‍ എസ്.സി./എസ്.ടി. സീറ്റുകളുടെ വിവരങ്ങള്‍ ലഭ്യമാക്കാറില്ല. കൃത്യമായതും, ഏകീകൃതവുമായ ഒരു ഷെഡ്യൂള്‍ എസ്.സി. / എസ്.ടി. കാറ്റഗറി അഡ്മിഷന് പാലിക്കാന്‍ സര്‍ക്കാര്‍ ഒരു ഗൈഡ്‌ലൈന്‍ നല്‍കിയിട്ടുമില്ല.

* പല സ്വയംഭരണ കോളേജുകളും ഒഴിവുള്ള സീറ്റുകള്‍ അവരുടെ വെബ്‌സൈറ്റിലോ, പത്രങ്ങളിലോ പ്രസിദ്ധീകരിക്കാറില്ല. സ്‌പോട്ട് അലോട്ട്‌മെന്റിന്റെ തലേദിവസം മാത്രം ഒരു പത്രക്കുറിപ്പ് കൊടുക്കുകയും, ഒഴിവുള്ള വിഷയങ്ങള്‍ ഏതൊക്കെയെന്ന് വെളിപ്പെടുത്താതിരിക്കുകയും ചെയ്യുന്നു. നിരവധി കേസുകളില്‍ എസ്.സി./എസ്.ടി. സീറ്റുകള്‍ പൊതുവിഭാഗത്തിന് കൈമാറുന്നു.

* ഇ – ഗ്രാന്റ്‌സ് ഉള്ള കോഴ്‌സുകള്‍ക്കുപോലും സര്‍ക്കാര്‍ അംഗീകൃത ഫീസ് കൂടാതെ പല കോളേജുകളും 5000 രൂപ മുതല്‍ 10,000 രൂപവരെ കുട്ടികളോട് അടക്കാന്‍ നിര്‍ബന്ധിക്കുന്നു. സര്‍ക്കാര്‍ ഇടപെടുന്നില്ല.

* ഹോസ്റ്റല്‍ സൗകര്യമില്ലാത്തതിനാല്‍ എല്ലാ ജില്ലകളിലും എസ്.സി/എസ്.ടി. വിദ്യാര്‍ത്ഥികള്‍ പ്രയാസം നേരിടുന്നു. കൊച്ചി പോലുള്ള മെട്രോ നഗരങ്ങളില്‍ ഹോസ്റ്റലുകള്‍ക്ക് പകരം അനാവശ്യനിര്‍മ്മിതികളാണ് കോടികള്‍ മുടക്കി ട്രൈബല്‍ വകുപ്പ് പണിതിരിക്കുന്നത്. ഉള്ള ഹോസ്റ്റലുകള്‍ തുറക്കുന്നുമില്ല.

* ഉന്നതപഠനത്തിന് വയനാട് ജില്ല വിട്ട് പുറത്തുപോകുന്ന വിദ്യാര്‍ത്ഥികള്‍ക്ക് 5000 രൂപ ധനസഹായം ആവശ്യപ്പെട്ടപ്പോള്‍ (കോര്‍പസ് ഫണ്ടില്‍ നിന്നും) വയനാട് ജില്ലാ പ്ലാനിംഗ് സമിതി ഉടനടി വിളിച്ചുചേര്‍ത്ത് കൊടുക്കേണ്ട എന്ന തീരുമാനമാണ് കഴിഞ്ഞ വിദ്യാഭ്യാസവര്‍ഷം ജില്ലാ അധികൃതര്‍ ചെയ്തത്. വിദ്യാര്‍ത്ഥികള്‍ രാജ്ഭവന്‍ മാര്‍ച്ച് ഉള്‍പ്പെടെ ചെയ്തതിന് ശേഷമാണ് 2000 രൂപ പിന്നീട് നല്‍കിയത്.

* ഓണ്‍ലൈന്‍ പഠനസൗകര്യം എല്ലാവര്‍ക്കും നല്‍കിയതായി ഹൈക്കോടതിയെ പട്ടികജാതി / പട്ടികവര്‍ഗ്ഗവകുപ്പ് തെറ്റിദ്ധരിപ്പിക്കുകയുണ്ടായി. ആയിരകണക്കിന് വിദ്യാര്‍ത്ഥികള്‍ ഇപ്പോഴും ഓണ്‍ലൈന്‍ പഠനത്തിന് പുറത്താണ്.

* കൊറോണ സാഹചര്യത്തില്‍ പ്രതിസന്ധിയിലായ ആദിവാസി വിദ്യാര്‍ത്ഥികള്‍ക്കായി എന്തെങ്കിലും പിന്തുണ ബന്ധപ്പെട്ട വകുപ്പ് നല്‍കുന്നില്ല. കൊറോണ കാലം കൊച്ചിയില്‍ അകപ്പെട്ട ഏതാനും വിദ്യാര്‍ത്ഥികള്‍ക്ക് വയനാട്ടില്‍ തിരിച്ചെത്താന്‍ യാത്രാസൗകര്യം ചോദിച്ചപ്പോള്‍, ‘പോയതുപോലെ തിരിച്ചുവരാനാണ്’ ഉദ്യോഗസ്ഥര്‍ പറഞ്ഞത്. കൊറോണ കാലത്തും ഡിഗ്രി / പി.ജി. അഡ്മിഷന് വേണ്ടി ഇന്റര്‍വ്യൂകളും ടെസ്റ്റും, കോളേജുകള്‍ നടത്താറുണ്ട്. വളരെ പെട്ടെന്നാണ് അറിയിപ്പ് വരാറുള്ളത്. എം.എസ്.ഡബ്ല്യു. വിന് കോഴിക്കോട് ദേവഗിരി കോളേജില്‍ ഇന്റര്‍വ്യൂവിന് ഹാജരാകാന്‍ വാഹനസൗകര്യം ഏര്‍പ്പാടാക്കാനുള്ള അഭ്യര്‍ത്ഥന നടത്തിയപ്പോള്‍ കുട്ടികളുടെ വാസസ്ഥലമായ കോളനിയിലേക്ക് ആംബുലന്‍സ് അയച്ച ട്രൈബല്‍ ഉദ്യോഗസ്ഥരും വയനാട്ടിലുണ്ട്.

* വൈകിനടത്തുന്ന സേ പരീക്ഷയും, ഉയര്‍ന്ന ഫീസും ആദിവാസികളുടെ ഉന്നതവിദ്യാഭ്യാസത്തിലേക്കുള്ള വാതിലുകള്‍ കൊട്ടിയടക്കുന്നതിന് കാരണമാകുന്നു.

ദേശീയ വിദ്യാഭ്യാസ നയം വരുന്നതിന് മുന്‍പ് തന്നെ ആദിവാസി – ദലിത് വിഭാഗങ്ങളുടെ പിന്നോക്കാവസ്ഥയ്ക്ക് ഭരണാധികാരികള്‍ തുടരുന്ന വംശീയവും ജാതീയവുമായ വിവേചനം വലിയ പങ്കുവഹിക്കുന്നു. മത്സരാധിഷ്ഠിതമായ പുതിയ സംവിധാനം വരുന്നതോടെ അവഗണന ശക്തിപ്പെടും. എന്ന കാര്യത്തില്‍ തര്‍ക്കമില്ല. പൊതുവിദ്യാഭ്യാസത്തെ രക്ഷിക്കാന്‍ KITE വഴി 700 കോടിയാണ് 2016 ന് ശേഷം സംസ്ഥാന സര്‍ക്കാര്‍ ഉപയോഗിച്ചത്. ലോകബാങ്കില്‍ നിന്നും വാങ്ങുന്ന 1300 കോടി താമസിയാതെ ഉപയോഗിക്കും. ‘റൂസ’ മോഡലിന് കേന്ദ്രസര്‍ക്കാര്‍ നല്‍കുന്ന കോടികള്‍ വേറെയും. ഇതില്‍ ചെറിയ തുകപോലും ആദിവാസി – ദലിത് മേഖലക്കോ മറ്റ് പാര്‍ശ്വവല്‍കൃതവിഭാഗങ്ങള്‍ക്ക് വേണ്ടിയോ ഉപയോഗിച്ചിട്ടില്ല. പിന്നോക്കം നില്‍ക്കുന്ന ആദിവാസി – ദലിത് വിഭാഗങ്ങള്‍ തൊഴില്‍ മേഖലയിലെന്നപോലെ പ്രാഥമിക വിദ്യാഭ്യാസം മുതല്‍ ഉന്നതവിദ്യാഭ്യാസം വരെ നേരിടുന്ന അവഗണന വംശീയമായ വിവേചനമല്ലാതെ മറ്റൊന്നുമല്ല എന്നും ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ ചൂണ്ടികാട്ടുന്നു.

ഈ സാഹചര്യത്തിലാണ് ‘വിദ്യാഭ്യാസം ജന്മാവകാശ’മെന്ന മുദ്രാവാക്യമുയര്‍ത്തി ആദിവാസി ഗോത്രമഹാസഭയും, ആദിശക്തിസമ്മര്‍ സ്‌കൂളും മറ്റ് ആദിവാസി – ദലിത് സംഘടനകളും പ്രക്ഷോഭമാരംഭിക്കുന്നത്. സെപ്തംബര്‍ 28 മുതല്‍ വയനാട് കളക്ടറേറ്റ് മുന്നിലാണ് സമരപരിപാടികള്‍ക്ക് തുടക്കമിടുന്നത്.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Human rights | Tags: , , , , | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply