കുടുംബാധിപത്യത്തിലേക്ക് തന്നെ തിരിച്ചുപോകുന്ന കോണ്‍ഗ്രസ്സ്
തീര്‍ച്ചയായും നെഹ്‌റു കുടുംബത്തില്‍ നിന്ന് പുറത്തുള്ള ഏതു പേരുവന്നാലും കോണ്‍ഗ്രസ്സില്‍ തര്‍ക്കമുണ്ടാകുമെന്ന് എല്ലാവര്‍ക്കുമറിയാം. അതിനാല്‍ തന്നെയാകണം വീണ്ടും സോണിയ തന്നെ രംഗത്തുവന്നത്. പക്ഷെ എന്നായാലും അനിവാര്യമായ ഒരു മാറ്റമാണത്. എങ്കിലതിനു പറ്റിയ ഏറ്റവും നല്ല സമയമിതാണ്.
കുടുംബാധാപത്യത്തില്‍ നിന്ന് തങ്ങള്‍ക്ക് മോചനമില്ലെന്ന് കോണ്‍ഗ്രസ്സ് വീണ്ടും തെളിയിക്കുകയാണ്. അതില്‍ നിന്നു മാറി നടക്കാനുള്ള അവസരമാണ് സോണിയാഗാന്ധിയെ വീണ്ടും ഇടക്കാല പ്രസിഡന്റായി തെരഞ്ഞെടുത്തതിലൂടെ പാര്‍ട്ടി കൈവിട്ടത്.
തീര്‍ച്ചയായും നെഹ്‌റു കുടുംബത്തില്‍ നിന്ന് പുറത്തുള്ള ഏതു പേരുവന്നാലും കോണ്‍ഗ്രസ്സില്‍ തര്‍ക്കമുണ്ടാകുമെന്ന് എല്ലാവര്‍ക്കുമറിയാം. അതിനാല്‍ തന്നെയാകണം വീണ്ടും സോണിയ തന്നെ രംഗത്തുവന്നത്. പക്ഷെ എന്നായാലും അനിവാര്യമായ ഒരു മാറ്റമാണത്. എങ്കിലതിനു പറ്റിയ ഏറ്റവും നല്ല സമയമിതാണ്. അത്തരമൊരു മാറ്റം പാര്‍ട്ടിയെ ദുര്‍ബ്ബലപ്പെടുത്തുമെന്ന ആശങ്ക അസ്ഥാനത്താണ്. കാരണം ഇതിനേക്കാള്‍ ഒരു പാര്‍ട്ടിക്കു ദുര്‍ബ്ബലപ്പെടാനാകുമോ? എന്തു മാറ്റമാണെങ്കിലും അതു ദീര്‍ഘകാലാടിസ്ഥാനത്തില്‍ ഗുണം ചെയ്യുമായിരുന്നു. എന്നാല്‍ ആ അവസരമാണ് പാഴാക്കിയത്.
താര്‍ച്ചയായും രാഹുല്‍ ഗാന്ധി തന്നെ കോണ്‍ഗ്രസ്സ് പ്രസിഡന്റായി തുടരണമായിരുന്നു എന്ന് ഏതു ജനാധിപത്യ വിശ്വാസിയും ആഗ്രഹിക്കുന്നുണ്ട്. എതാനും വര്‍ഷങ്ങളായി കോണ്‍ഗ്രസ്സിനു പുതുരക്തം നല്‍കാന്‍ അദ്ദേഹം ശ്രമിക്കുന്നു. കോണ്‍ഗ്രസ്സ് പോലുള്ള ഒരു പാര്‍ട്ടിയില്‍ അതു നടപ്പാക്കാനെളുപ്പമല്ലെങ്കിലും അദ്ദേഹമതിന് പരമാവധി ശ്രമിച്ചിരുന്നു. ഒപ്പം സ്ത്രീപ്രാതിനിധ്യത്തിനും. രാജ്യത്തെങ്ങും നടക്കുന്ന മുസ്ലിം – ദളിത് വേട്ടക്കെതിരെ അദ്ദേഹം ശക്തമായി രംഗത്തിറങ്ങി. രാജ്യത്തുയര്‍ന്നു വന്ന പുതിയ ദളിത് നേതാക്കളോട് അദ്ദേഹം ഐക്യപ്പെട്ടു. ഹിന്ദുത്വഫാസിസത്തിനെതിരെ അതിശക്തമായ നിലപാടെടുത്തു. നരേന്ദ്രമോദിയെ ഒരു ദയാദാക്ഷിണ്യവുമില്ലാതെ അക്രമിച്ചു. തെരഞ്ഞെടുപ്പു പ്രചാരണത്തിന് രാജ്യം മുഴുവന്‍ ഓടിനടന്നു. എന്നാല്‍ ഒപ്പം നില്‍ക്കാന്‍ ആരുമുണ്ടായിരുന്നില്ല. ഏകാകിയായാണ് അദ്ദേഹം പട നയിച്ചത്. തെരഞ്ഞെടുപ്പിലുണ്ടായ ദയനീയ തോല്‍വി സ്വാഭാവികമായും അദ്ദേഹത്തെ തളര്‍ത്തി. അതിനാല്‍ താല്‍ക്കാലികമായ അദ്ദേഹത്തിന്റെ പിന്മാറ്റത്തെ കുറ്റപ്പെടുത്താനാവില്ല. എന്നാല്‍ ഈ സാഹചര്യത്തെ ദീര്‍ഘകാലാടിസ്ഥാനത്തില്‍ കൈകാര്യം ചെയ്യുന്നതില്‍ പാര്‍ട്ടി പരാജയപ്പെട്ടു.
രാഹുല്‍ ഗാന്ധി കഴിഞ്ഞ വര്‍ഷങ്ങളില്‍ പറഞ്ഞ രാഷ്ട്രീയത്തില്‍ കുറച്ചെങ്കിലും ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞെങ്കില്‍ പല സാധ്യതകളും കോണ്‍ഗ്രസ്സിനുണ്ടായിരുന്നു. ഒരു ദളിത് നേതാവിനേയോ മുസ്ലിം നേതാവിനേയോ വനിതയേയോ ചെറുപ്പക്കാര/രിയേയോ പ്രസിഡന്റാക്കാമായിരുന്നു. എന്നാല്‍ ആ സാധ്യതകള്‍ക്കെല്ലാം നേരെ മുഖം തിരിച്ചാണ് വീണ്ടും സോണിയയുടെ കാവശം നേതൃത്വമെത്തിയിരിക്കുന്നത്. ഇത് ഭാവിയില്‍ പ്രിയങ്കയെ പ്രസിഡന്റാക്കാനുള്ള നീക്കമാകാനും സാധ്യതയുണ്ട്. ഒരിക്കലും മാതൃകാപരമല്ലാത്ത നീക്കം.
തീര്‍ച്ചയായും സോണിയ തിരിച്ചുവരുന്നതില്‍ താല്‍ക്കാലികമായ ചില നേട്ടങ്ങള്‍ പാര്‍ട്ടിക്കും പ്രതിപക്ഷത്തിനുമുണ്ടാകും. പാര്‍ട്ടിക്കകത്ത് വിമതസ്വരങ്ങള്‍ ഉയരാനിടയില്ല. പ്രതിപക്ഷ ഐക്യത്തിന് സോണിയയുടെ നേതൃത്വം സഹായകരമാകും. പാര്‍ലിമെന്റിനകത്തും പുറത്തും സര്‍ക്കാരിനെതിരായ പ്രക്ഷോഭങ്ങള്‍ക്ക് അത് കരുത്തു നല്‍കും. വരാന്‍ പോകുന്ന നാലു നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ മെച്ചപ്പെട്ട അവസ്ഥയുണ്ടാകാം. എന്നാല്‍ മുകളില്‍ സൂചിപ്പിച്ച പോലെ അതെല്ലാം താല്‍ക്കാലികം മാത്രം. ദീര്‍ഘകാലാടിസ്ഥാനത്തില്‍ അതല്ല വേണ്ടത്. ഒരുപക്ഷെ മറ്റൊന്നു കൂടി സംഭവിക്കാം. രാഹുല്‍ ഉയര്‍ത്തികൊണ്ടുവന്ന യുവനേതാക്കളുടെ പ്രാധാന്യം കുറയാനും വൃദ്ധ നേതാക്കള്‍ ശക്തമാകാനും കാരണമാകാം. കൂടാതെ ഫാസിസത്തിനെതിരെ രാജ്യമെങ്ങും ഉയരുന്ന പുതു ചലനങ്ങളുമായി ഐക്യപ്പെടാന്‍ സോണിയക്കെത്രമാത്രം സാധ്യമാകും എന്ന് കാത്തിരുന്നു കാണാം.
ഏറ്റവും പ്രധാനപ്പെട്ട മറ്റൊന്നു കൂടി ഇതോടൊപ്പം കൂട്ടിചേര്‍ക്കണം. ഇന്ത്യക്കുമുന്നില്‍ ഒരു വന്‍വെല്ലുവിളിയായി ഭീമാകാരം പൂണ്ടുനില്‍ക്കുന്ന ഫാസിസത്തെ ചെറുക്കാന്‍ ജനാധിപത്യത്തോട് നീതി പുലര്‍ത്തുന്ന പ്രസ്ഥാനങ്ങള്‍ക്കേ കഴിയൂ എന്നതാണത്. സ്വയം ജനാധിപത്യവല്‍ക്കരിക്കപ്പെടാത്ത, കുടുംബാധിപത്യത്തിന്റെ ബലത്തില്‍ നിലനില്‍ക്കുന്ന ഒരു പാര്‍ട്ടിക്ക് അതിനാകില്ല. ഉള്ളില്‍ ജനാധിപത്യം നടപ്പാക്കാത്ത ഒരു പാര്‍ട്ടിക്കും പുറത്തെ ജനാധിപത്യത്തെ കുറിച്ച് പറയാന്‍ എന്തര്‍ഹതയാണുള്ളത്? നേതൃത്വമെന്നത് ഒരു പാര്‍ട്ടിയുടേയും ആഭ്യന്തരകാര്യമല്ല. അത് സമൂഹത്തിന്റെ കൂടി കാര്യമാണ്. ജനാധിപത്യസംവിധാനത്തില്‍ പ്രവര്‍ത്തിക്കുന്ന പാര്‍ട്ടികള്‍ക്ക് ജനങ്ങളുടെ അഭിപ്രായം അറിയാത്ത ഒരു അഭ്യന്തരകാര്യവും ഉണ്ടാകുന്നത് ഗുണകരമാകില്ല. വാസ്തവത്തില്‍ പാര്‍ട്ടി നേതൃത്വത്തേയും ജനപ്രതിനിധികളായി മത്സരിപ്പിക്കുന്നവരേയും മറ്റും തെരഞ്ഞെടുക്കുന്നത് ജനങ്ങളുടെ കൂടി അഭിപ്രായമറിഞ്ഞാകുന്ന അവസ്ഥയിലേക്കാണ് നാം വളരേണ്ടത്. ഇത്തരത്തില്‍ മുന്നോട്ടുപോകുന്നതിനു പകരം കുടംബാധിപത്യത്തിലേക്ക് തിരിച്ചുപോകുന്ന കോണ്‍ഗ്രസ്സിന്റെ ഈ തീരുമാനം ജനാധിപത്യ വിശ്വാസികള്‍ക്ക് നല്‍കുന്നത് നിരാശ മാത്രമാണ്.
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in