സുപ്രിം കോടതി ഇടപെടലുകളും കേരളവും

നമ്മുടെ നിയമലംഘന പ്രവര്‍ത്തികളും പാരിസ്ഥിതി നശീകരണവും മറ്റുമാണ് ഇത്തരം വിധികളിലെത്തിക്കുന്നത് എന്നത് മറക്കരുത്. ഭാവിയിലെങ്കിലും സ്വയം മാറാന്‍ നാം തയ്യാറാകുന്നില്ലെങ്കില്‍ ഇത്തരം സംഘര്‍ഷങ്ങള്‍ തുടരുകതന്നെ ചെയ്യും എന്നതില്‍ സംശയമില്ല.

ജനപ്രതിനിധി സഭകളിലൂടേയും മറ്റധികാരകേന്ദ്രങ്ങളിലൂടേയും രാഷ്ട്രീയ പ്രസ്ഥാനങ്ങളിലൂടേയും നീതി നടപ്പാകാതിരുക്കുമ്പോഴാണല്ലോ ജുഡീഷ്യല്‍ ആക്ടിവിസം ശക്തമാകുക. കേരളത്തില്‍ ഇപ്പോള്‍ നടക്കുന്നതും മറ്റൊന്നല്ല. സര്‍ക്കാരിന് പരിഹരിക്കാനാവാത്ത, അല്ലെങ്കില്‍ അതിനു തയ്യാറില്ലാത്ത എത്രയോ വിഷയങ്ങളിലാണ് സാക്ഷാല്‍ സുപ്രിംകോടതി തന്നെ ഇടപെട്ടിരിക്കുന്നത്. കോടതി ഇടപെടല്‍ സ്വാഭാവികമായും നിലവിലെ നിയമസംവിധാനത്തിനനുസരിച്ചായിരിക്കും. സ്വാഭാവികമായും അതില്‍ വിട്ടുവീഴ്ച ലഭിക്കില്ല. ലഭിക്കുകയുമരുത്. ആള്‍ക്കൂട്ടങ്ങളുടെ അഭിപ്രായമോ ഭൂരിപക്ഷ അഭിപ്രായമോ ഒന്നുമല്ല, ആ പ്രക്രിയകളിുലൂടെയെല്ലാം കടന്നുപോയ ശേഷം നാം നടപ്പാക്കിയ നിയമസംവിധാനമനുസരിച്ചു തന്നെയാണ് വിധികള്‍ വരേണ്ടത്. സ്വാഭാവികമായും അതു നടപ്പാക്കേണ്ട ഉത്തരവാദിത്തം സര്‍ക്കാരിനാവുകയും ചെയ്യും.
മരട് ഫ്‌ളാറ്റ് പ്രശ്‌നം, സഭാ തര്‍ക്കം, ശബരിമല യുവതീ പ്രവേശനം, വയനാട് – മൈസൂര്‍ വനയാത്രാ പ്രശ്‌നം തുടങ്ങി നിരവധി പ്രശ്‌നങ്ങളാണ് സുപ്രിംകോടതി ഇടപെടലിലൂടെ പരിഹരിക്കേണ്ടതായി ഇപ്പോള്‍ നിലനില്‍ക്കുന്നത്. അതില്‍ മരടിലെ പ്രശ്‌നം അവസാനഘട്ടത്തിലേക്കു നീങ്ങുകയാണ്. നിയമവിരുദ്ധമായി പലതും നടക്കുന്നു എന്നു വെച്ച് കോടതിയിലെത്തിയ ഒരു നിയമവിരുദ്ധ പ്രവര്‍ത്തനത്തിനെതിരെ കണ്ണടക്കാന്‍ കോടതിക്കാവില്ലല്ലോ. തീര്‍ച്ചയായും കോടതി വിധി സ്വാഗതാര്‍ഹമാണ്. പരിസ്ഥിതി നിയമങ്ങള്‍ നിരന്തരം ലംഘിക്കുന്ന കേരളീയര്‍ക്കും സര്‍ക്കാരിനും ഒരു ഷോക് ട്രീറ്റ്‌മെന്റുമാണ്. എന്നാല്‍ ഈ നിയമലംഘനത്തിനു കൂട്ടുനിന്ന പ്രസ്ഥാനങ്ങള്‍ ചെയ്തതെന്താണ്? കോടതിവിധി നടപ്പാക്കാതിരിക്കാനുള്ള മാര്‍ഗ്ഗങ്ങളന്വേഷിക്കാന്‍ സര്‍ക്കാര്‍ തന്നെ സര്‍വ്വകക്ഷിയോഗം വിളിക്കുകയായിരുന്നു. കോടിയേരിയും ചെന്നിത്തലയുമടക്കമുള്ളവര്‍ സ്ഥലത്തെത്തി. നിങ്ങളെ ഒറ്റക്കായിരിക്കില്ല ഇറക്കിവിടുക എന്നുവരെ കോടിയേരി പറഞ്ഞു. എന്നാല്‍ കോടതി നിലപാട് കടുപ്പിച്ചതോടെ ആരും വരാതായെന്നാണ് ഫ്‌ളാറ്റുടമകള്‍ പറയുന്നത്.
തീര്‍ച്ചയായും ഇവിടെ അനുമതി നല്‍കിയ അധികാരികളും ഫ്‌ളാറ്റ് നിര്‍മ്മാതാക്കളും കുറ്റവാളികള്‍ തന്നെയാണ്. അവസാനം അവരേയും കോടതി പിടികൂടിയെന്നത് സ്വാഗതാര്‍ഹമാണ്. നിര്‍മ്മാതാക്കളുടെ സ്വത്തു പിടിച്ചെടുക്കാനും ഉടമകള്‍ക്ക് നല്‍കുന്ന പരിഹാരം അവരില്‍ നിന്ന് ഈടാക്കാനുമുള്ള വിധി, നീതിന്യായ സംവിധാനത്തിലെ നാഴികകല്ലാകുമെന്നുറപ്പ്. തീര്‍ച്ചയായും ഉടമകള്‍ക്കും ഉത്തരവാദിത്തമുള്ളത്ിന്‍ കുറെ നഷ്ടം അവരും സഹിക്കുക തന്ന വേണം. കേസുകളെല്ലാം നടക്കുമ്പോഴായിരുന്നല്ലോ അവര്‍ ഫ്‌ളാറ്റുകളെടുത്തത്. ഈ നിയമലംഘനത്തിനു കൂട്ടുനിന്ന ഉദ്യോഗസ്ഥരുണ്ടെങ്കില്‍ നടപടിയെടുക്കാനും കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. എന്തായാലും ഒഴിയാനുള്ള തീരുമാനം ഏറെക്കുറെ ഫ്‌ളാറ്റുടമകള്‍ സ്വീകരിച്ചു കഴിഞ്ഞു. അപ്പോഴും പൊളിക്കല്‍ ഒരു ചെറിയ കടമ്പയാകില്ല എന്നുറപ്പ്.
സഭാതര്‍ക്കത്തിന്റെ കാര്യവും സമാനമാണ്. പരസ്പര ചര്‍ച്ചയിലൂടെ എന്നേ പരിഹരിക്കാവുന്നതും പരിഹരിക്കേണ്ടതുമായ വിഷയമായിരുന്നു അത്. എന്നാല്‍ ഒരു വിഭാഗത്തിനു പൂര്‍ണ്ണമായും പ്രവേശനം നിഷേധിക്കപ്പെട്ടപ്പോള്‍ അവര്‍ ശക്തമായ നിയമയുദ്ധം നടത്തി വിജയം നേടുകയായിരുന്നു. ഭൂരിപക്ഷം തങ്ങളാണെന്ന യാക്കോബായക്കാരുടെ രോദനത്തില്‍ വലിയ കാര്യമൊന്നുമില്ല. പരസ്പരം സഹകരിച്ചാല്‍ ഇനിയും ഇരുകൂട്ടര്‍ക്കും സ്വീകാര്യമാകുന്ന രീതിയില്‍ പരിഹരിക്കാവുന്ന വിഷയമാണത്.
ശബരിമലയില്‍ പക്ഷെ കാര്യങ്ങള്‍ വ്യത്യസ്ഥമാണ്. സുപ്രിം കോടതി യുവതീപ്രവേശനം അനുവദിച്ച് ഒരു വര്‍ഷമായിട്ടും അത് നടപ്പായില്ല. വിധി നടപ്പാക്കുമെന്നൊക്കെ പറഞ്ഞ കേരള സര്‍ക്കാരും മുഖ്യമന്ത്രിയുമൊക്കെ ലിംഗനീതിയെയും നവോത്ഥാനത്തേയും കുറിച്ചൊക്കെ പ്രസംഗിക്കുക മാത്രമാണ് ചെയ്തത്. മല കയറാന്‍ ശ്രമിച്ച യുവതികള്‍ക്കെതിരെ കള്ളകേസുകള്‍ വരെയെടുത്തു. പ്രതിപക്ഷമാകട്ടെ സര്‍ക്കാര്‍ വിശ്വാസികളെ വേദനിപ്പിച്ച് വിധി നടപ്പാക്കുന്നു എന്ന പച്ചക്കള്ളമാണാരോപ്ിച്ചത്. വര്‍ഗ്ഗീയശക്തികള്‍ തെരുവില്‍ കലാപമഴിച്ചുവിടുകയും ചെയ്തു. പുതിയ സീസണ്‍ ആരംഭിക്കാന്‍ പോകുമ്പോഴും വിഷയം സുപ്രിംകോടതിയില്‍ തന്നെയാണ്. തുടക്കത്തില്‍ പറഞ്ഞ പോലെ വിശ്വാസത്തിന്റേയോ ഭൂരിപക്ഷത്തിന്റേയോ വിഷയമല്ല ഇത്, ഭരണഘടനയും നീതിന്യായ സംവിധാനവും നിലനില്‍ക്കണോ എന്നതാണ് ചോദ്യം. എന്നാല്‍ വോട്ടിനെ ഭയപ്പെടുന്ന കേരളത്തിലെ എല്ലാ പ്രധാന പാര്‍ട്ടികളും ചേര്‍ന്ന് നീതിന്യായ സംവിധാനത്തെ തകര്‍ക്കുന്ന കാഴ്ചയാണ് ശബരിമലയില്‍ തുടരുന്നത്.
മരട് വിഷയത്തിനു സമാനമാണ് ബന്ദിപ്പൂര്‍ വനമേഖലയിലൂടെയുള്ള യാത്രാപ്രശ്‌നം. നമ്മുടെ വനം കയ്യേറ്റവും വന്യമൃഗങ്ങളുടെ ആവാസവ്യവസ്ഥ തകര്‍ക്കലുമൊക്കെ അതിഭീകരമായപ്പോഴാണ് 10 വര്‍ഷം മുമ്പ് ഇതിലൂടെയുള്ള രാത്രിയാത്ര നിരോധിച്ചത്. അതിനെതിരെ കേരളം നിയമയുദ്ധം തുടരുകയാണ്. എന്നാല്‍ കഴിഞ്ഞ ദിവസം ഈ പാതയില്‍ പകലും യാത്രാനിരോധനം ആയിക്കൂടെ എന്നും ബദല്‍ പാതയായി മാനന്വാടി – കുട്ട – ഗോണിക്കുപ്പ പാത വികസിപ്പിച്ചു കൂടെ എന്നും സുപ്രിംകോടതി ചോദിക്കുകയുണ്ടായി. അങ്ങനെ സംഭവിച്ചാല്‍ വയനാട്ടിലെ കര്‍ഷകരേയും ഉത്തരകേരളത്തില്‍ നിന്ന് ബാഗ്ലൂരും മൈസൂരും മറ്റും ജോലി ചെയ്യുന്നവരേയുമൊക്കെ രൂക്ഷമായി ബാധിക്കുമെന്നുറപ്പാണ്. വയനാട്ടിലെ പൊതുവിലുള്ള സാമ്പത്തിക സംവിധാനത്തേയും അത് ബാധിക്കും. കോടതി പരാമര്‍ശത്തെ തുടര്‍ന്ന് ജനങ്ങള്‍ ഒന്നടങ്കം സമരരംഗത്താണ്. രാഹുല്‍ ഗാന്ധി എം പിയും സമരത്തിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാല്‍ സുപ്രിം കോടതി നിലപാടില്‍ ഉറച്ചുനിന്നാല്‍ മറ്റൊരു കരുക്കിലാകും സര്‍ക്കാരെത്തുക. അപ്പോഴും തുടക്കത്തില്‍ പറഞ്ഞപോലെ നമ്മുടെ നിയമലംഘന പ്രവര്‍ത്തികളും പാരിസ്ഥിതി നശീകരണവും മറ്റുമാണ് ഇത്തരം വിധികളിലെത്തിക്കുന്നത് എന്നത് മറക്കരുത്. ഭാവിയിലെങ്കിലും സ്വയം മാറാന്‍ നാം തയ്യാറാകുന്നില്ലെങ്കില്‍ ഇത്തരം സംഘര്‍ഷങ്ങള്‍ തുടരുകതന്നെ ചെയ്യും എന്നതില്‍ സംശയമില്ല.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Be the first to write a comment.

Leave a Reply