സോണ

കുടിയേറ്റത്തൊഴിലാളികളുടെ അനന്തമായ പലായനത്തിന്റെ പശ്ചാത്തലത്തില്‍ രചിച്ച കഥ

ഹൈവേയില്‍നിന്നും അല്‍പ്പം ഉള്ളിലോട്ടു മാറിയ കുറ്റിക്കാട് കണ്ട് രവിദാസ് അഞ്ചുവയസ്സുകാരന്‍ മകന്‍ കിരണിനെ തോളില്‍നിന്നിറക്കി. വരള്‍ച്ച മുരടിച്ച വഴിയോരത്തെ മരത്തിന്റെ ദുര്‍ബ്ബലമായ തണലില്‍ ഇരുകൈകളിലെയും സഞ്ചികള്‍ ഇറക്കി വെച്ചു. പിന്നാലെയെത്തിയ ഭാര്യ ഗീതയുടെ തലയില്‍ നിന്ന് വലിയ പ്ലാസ്റ്റിക് ചാക്ക് താഴെയിറക്കാന്‍ സഹായിച്ചു.

ഏഴ് ദിവസം മുമ്പ് അര്‍ദ്ധരാത്രിയില്‍ മഹാനഗരത്തിലെ ചേരിയിലെ വാടകക്കുടിലില്‍നിന്നും ഇറങ്ങുമ്പോള്‍ വാരിക്കൂട്ടിയെടുത്ത സാധനങ്ങളാണ് ചാക്കിലും സഞ്ചികളിലും. കുടിലില്‍ ആകെ ശേഷിച്ചിരുന്ന ബ്ലാക്ക് & വൈറ്റ് ടി.വി.യും, പഴയ മിക്‌സിയും എടുക്കാനായില്ല.

മൂന്നു വയസ്സുകാരി സോണയെ ഗീത ശരീരത്തിനോട് ചേര്‍ന്ന് കെട്ടിയ തുണിത്തൊട്ടിലിനുള്ളില്‍ ഏറ്റി. മകനെ രവിദാസ് തോളിലും. വാതിലിനു മുമ്പില്‍ രണ്ടു നേരവും ഭക്ഷണം തേടിയെത്താറുള്ള പട്ടിയും അവര്‍ക്കൊപ്പം കൂടി. യാത്രയ്ക്കിടയില്‍ എവിടെയോ വെച്ച് അതിനെ കാണാതായി. പാവം, അത് അവരെ തെരഞ്ഞ് അലയുന്നുണ്ടാകാം. അല്ലെങ്കില്‍ കുടിലിന്റെ അടഞ്ഞ വാതിലിനുമുമ്പില്‍ പട്ടിണി കിടക്കുന്നുണ്ടാകാം.

ഹൈവേയില്‍ വാഹനങ്ങള്‍ കുറവാണ്. മനുഷ്യരുടെ ചെറിയ ചെറിയ കൂട്ടങ്ങള്‍ ഹൈവേ നിറഞ്ഞ് ഗ്രാമങ്ങളിലേക്ക് നീങ്ങുകയാണ്. ഓരോ വന്‍ കവലകളിലും ആള്‍ക്കൂട്ടങ്ങള്‍ പല വഴികളിലേക്ക് തിരിഞ്ഞു.

മഹാമാരിയെ തുടര്‍ന്ന് ലോക്ക് ഡൗണ്‍ തുടങ്ങുന്നതിനു മുമ്പേതന്നെ രവിദാസിന് പണിയില്ലാതായി. നഗരത്തിന്റെ തെക്കേ അതിര്‍ത്തിയിലെ ചതുപ്പ് നികത്തി ഉയര്‍ന്ന് പൊങ്ങുന്ന ഇരുപത്തിനാലു നില കെട്ടിടത്തിന്റെ നിര്‍മ്മാണത്തില്‍ ഒരു ഹെല്‍പ്പറായി ജോലി ചെയ്യുകയായിരുന്നു അയാള്‍. ചതുപ്പില്‍ കെട്ടിയിരുന്ന കുടിലുകള്‍ കോര്‍പ്പറേഷന്‍ പോലീസിനെ ഇറക്കി പൊളിച്ചുമാറ്റിയത് ഒരു കൊല്ലം മുന്‍പാണ്. അന്നവിടെ ഉണ്ടായ വെടിവെപ്പില്‍ ഒരു ഗര്‍ഭിണിയും അവരുടെ മൂന്ന് വയസ്സുള്ള മകളും കൊല്ലപ്പെട്ടു. കുടിലുകളില്‍ താമസിച്ചിരുന്ന നൂറു കണക്കിന് മനുഷ്യര്‍ എവിടെപ്പോയിയെന്ന് അയാള്‍ അത്ഭുതപ്പെടാറുണ്ട്. ചതുപ്പില്‍ ഉയര്‍ന്നു പൊങ്ങുന്ന കൂറ്റന്‍ ജീവിയുടെ വയറ്റിലേക്ക് അവരെല്ലാം അപ്രത്യക്ഷമായ പോലെയാണ്.

രാവിലെ ഏഴരമുതല്‍ വൈകീട്ട് ആറുവരെയാണ് ജോലി. ചില ദിവസങ്ങളില്‍ എട്ട് വരെ നീളും. മൂത്രമൊഴിക്കാന്‍പോലും സമയം കിട്ടില്ല. ഉച്ചയ്ക്ക് ഭക്ഷണത്തിന് പതിനഞ്ച് – ഇരുപത് മിനിട്ട്. രാവിലെ പതിനൊന്നിനും വൈകീട്ട് നാലിനും ചായയ്ക്ക് അഞ്ച് മിനിട്ടുവീതം.

സൈക്കിളില്‍ ചായയുമായെത്തുന്ന രാംസിങ്ങിന്റെ ചായ അയാള്‍ കുടിക്കാറില്ല. രണ്ട് ചായയ്ക്ക് പതിനാല് രൂപ ചിലവാക്കിയാല്‍ നാനൂറ് രൂപ കൂലിയില്‍നിന്ന് അത്രയും കുറയും. ചേരിയില്‍നിന്ന് ഒന്നൊന്നര കിലോമീറ്റര്‍ ദൂരെയുള്ള ഫ്‌ളാറ്റുകളിലെ രണ്ട് വീടുകളില്‍ ഗീത പണിക്ക് പോയി കിട്ടുന്ന വരുമാനം കൂടി കൂട്ടിയാലേ രണ്ടറ്റവും മുട്ടിക്കാനാകൂ. മകളെ ഡേ കെയറിലാക്കണം. അടുത്ത വര്‍ഷമെങ്കിലും കിരണിനെ മുനിസിപ്പല്‍ സ്‌കൂളില്‍നിന്ന് ഇംഗ്ലീഷ് മീഡിയത്തിലേക്ക് മാറ്റണം. വൈദ്യുതിക്കും വീട്ടുചിലവിനും പണം വേണം. മിച്ചം വെച്ച് ബാബയ്ക്ക് എന്തെങ്കിലും അയച്ചുകൊടുക്കണം. തളര്‍വാതമായി കിടപ്പിലായ അമ്മയ്ക്കും, ബാബയുടെ ഹൃദ്രോഗത്തിനും മരുന്നു വാങ്ങാനും വീട്ടു ചെലവിനും രവിദാസ് അയയ്ക്കുന്ന പണം തികയില്ല. പക്ഷേ അയാള്‍ക്ക് മറ്റ് വഴിയില്ല. ബാബ താനറിയാതെ പണിക്കു പോകുന്നുണ്ടാകും. രവിദാസ് അത് ചോദിക്കാറില്ല. രാത്രി ഇതെല്ലാം ആലോചിക്കാന്‍ തുടങ്ങിയാല്‍ ഉറക്കം വരില്ല. പിറ്റേദിവസം പണിക്കിടയില്‍ ഉറക്കം തൂങ്ങേണ്ടിവരും. ജോലി നഷ്ടപ്പെടും.

മറ്റു ചിലരെപ്പോലെ അധികപലിശയ്ക്ക് വായ്പയെടുത്താല്‍ ജന്മം തുലയുമെന്ന് അയാള്‍ക്കറിയാം. ഇന്ന് വരേയും അയാളത് ചെയ്തിട്ടില്ല. തന്റെയും ഭാര്യയുടെയും ചെലവുകള്‍ പരമാവധി ചുരുക്കും. ബീഡിവലി കുറയ്ക്കും. ഗീതയും താനും എണ്ണ തേയ്ക്കുന്നതും, സോപ്പുപയോഗിക്കുന്നതും തീര്‍ത്തും. രണ്ട് ജോഡി വസ്ത്രങ്ങളാണ് ഗീതയ്ക്ക് ആകെയുള്ളത്. പണിക്ക് പോകുന്ന വീട്ടുകാര്‍ കൊടുക്കുന്ന പഴയ വസ്ത്രങ്ങളാണ് മക്കള്‍ക്ക്. മകനുള്ള യൂണിഫോം സ്‌കൂളില്‍നിന്ന് കിട്ടും.

എത്രയൊക്കെ കഷ്ടപ്പെട്ടാലും നഗരത്തിലെ ജീവിതമാണ് ഭേദമെന്ന് ഗീത പറയും. അയാള്‍ സമ്മതിക്കും. നഗരത്തിന്‍ രണ്ട് ജാതിയേ ഉള്ളൂ. ദരിദ്രനും ധനികനും. ഗ്രാമത്തില്‍ സകലതും ജാതിതിരിച്ചാണ്. ഒരേ ജാതിയിലുള്ളവരുടെ കോളനിയിലാണ് അവരുടെ കുടില്‍. ചേരിയില്‍ ആഴ്ച്ചയില്‍ രണ്ട് തവണയേ പൈപ്പില്‍ വെള്ളമുണ്ടാകു. അതും അതിരാവിലെയോ, അര്‍ദ്ധരാത്രിയിലോ. ചേരി അതിരിടുന്ന ദുര്‍ഗന്ധം വമിക്കുന്ന കനാലിനോട് ചേര്‍ന്നാണ് കക്കൂസ്.
ഗ്രാമത്തില്‍ വൈദ്യുതി തങ്ങളുടെ കോളനിയിലെത്താന്‍ ഇനിയും ഒരു കൊല്ലമെടുക്കുമെന്നാണ് ബാബ പറയുന്നത്. പൈപ്പിന്റെ കാര്യം ആരും പറയാറുമില്ല. രണ്ട് ഫര്‍ലോങ് ദൂരെയുള്ള പൊതുകുളത്തില്‍ പോകണം വെള്ളമെടുക്കാന്‍. ആളുകള്‍ തുണി നനയ്ക്കുന്നതും, കാലികളെ കുളിപ്പിക്കുന്നതും അതില്‍തന്നെ. വെള്ളമെടുക്കുന്ന കടവ് പോലും ഓരോ ജാതിക്കും വേറെയാണ്. വര്‍ഷത്തിലൊരിക്കലെങ്കിലും ജാതിയുടെ പേരിലുള്ള സംഘട്ടനങ്ങളുണ്ടാകും. വെള്ളത്തിന്റെ പേരില്‍, പെണ്ണിന്റെ പേരില്‍, ഭൂമിയുടെ പേരില്‍. ദാരിദ്രമാണ് എല്ലാവര്‍ക്കും പൊതുവായിട്ടുള്ളതെങ്കിലും, ദാരിദ്ര്യത്തിന് പോലും ഗ്രാമത്തില്‍ ജാതിയുണ്ട്. തൊഴിലാണെങ്കില്‍ വല്ലപ്പോഴുമേ ഉണ്ടാകൂ.

ചത്ത മൃഗങ്ങളുടെ തോലുരിഞ്ഞ് വൃത്തിയാക്കി പട്ടണത്തില്‍ വില്‍ക്കലാണ് തലമുറകളായി രവിദാസിന്റെ ജാതിക്കാരുടെ പണി. ബാബയും, ബാബയുടെ ബാബയും അതേ പണി തുടര്‍ന്നു. അഞ്ചുകൊല്ലം മുന്‍പ് സംസ്‌കരിച്ച പശുത്തോലുമായി പട്ടണത്തിലെത്തിയ ബാബയെ ചിലര്‍ വളഞ്ഞു. അവര്‍ പശുത്തോലിന്റെ ഭാരിച്ച ചാക്ക് ബാബയുടെ തലയില്‍വെച്ച് ബാബയെ പട്ടണം മുഴുവന്‍ നടത്തിച്ചു. ഇടയ്ക്കിടെ നടത്തത്തിന് വേഗത പോരെന്നാരോപിച്ച് മര്‍ദ്ദിച്ചു. അതോടെ ബാബ പണിയുപേക്ഷിച്ചു. രവിദാസും. അന്ന് തൊട്ടാണ് ബാബയ്ക്ക് ഹൃദ്രോഗം തുടങ്ങിയത്.

രണ്ടാം ക്ലാസ് മാത്രം പഠിപ്പുള്ളവന് വേറെ എന്ത് ജോലി കിട്ടാനാണ്.? രവിദാസ് കുറച്ചുകാലം ഗ്രാമത്തിലെ ഭൂവുടമയുടെ എരുമഫാമില്‍ ജോലി ചെയ്തു. ഏരുമകളെ കുളിപ്പിക്കലും ഫാം വൃത്തിയാക്കലും. ഗീത ചാണകവരളികള്‍ ഉണ്ടാക്കി. മകള്‍ സോണ ജനിച്ചതോടെ രണ്ടുപേരുടെയും വരുമാനംകൊണ്ട് ഒന്നിനും തികയാതായി. ഗീതയുടെ മംഗല്യത്താലി വിറ്റ് ഏജന്റിന് പണം കൊടുത്താണ് മഹാനഗരത്തിലെത്തിയത്.

ഭൂമി ഒരു തീച്ചൂളയായി ഉരുകിത്തിളച്ചു. ഹൈവേയിലൂടെ മനുഷ്യരുടെ ചെറിയ കൂട്ടങ്ങള്‍ നീങ്ങി. വിയര്‍പ്പും, അഴുക്കും പുരണ്ട കരിവാളിച്ച മുഖങ്ങളില്‍ ഗ്രാമത്തിലെത്താനുള്ള അക്ഷമയും ഭീതിയും. ഏതോ ഭീകരജന്തുവിന്റെ വായില്‍നിന്നും തല്‍ക്കാലത്തേക്ക് രക്ഷപ്പെട്ടതിന്റെ നേരിയ ആശ്വാസം ചില കണ്ണുകളിലെങ്കിലും ഉണ്ടായിരുന്നു.

കുറ്റിക്കാട് ചൂണ്ടി രവിദാസ് ഗീതയോട് പറഞ്ഞു. ‘നോക്കൂ.. നിങ്ങള്‍ അവനെ അവിടെ കൊണ്ടുപോകൂ.. വയറുവേദനയുണ്ടെന്ന് അവന്‍ കൂടെക്കൂടെ പറയുന്നുണ്ടായിരുന്നു.’

അത് കേട്ടതും ഗീതയുടെ മുഖത്ത് ഭയം ഇരട്ടിയായി. നേര്‍ത്ത ചുണ്ടുകള്‍ വിറച്ചു. കഴുത്തില്‍ അലസമായിട്ട ദുപ്പട്ടകൊണ്ട് മുഖവും കഴുത്തും തുടച്ചു. സ്വന്തം വിയര്‍പ്പിന്റെ ദുര്‍ഗന്ധത്തില്‍ അവള്‍ക്ക് മനംപുരട്ടി. അവള്‍ ഭര്‍ത്താവിനോട് എന്തോ ആശങ്ക പങ്കിടാന്‍ ശ്രമിച്ചു. അയാള്‍ അവളെ തോളില്‍ കൈവെച്ച് ആശ്വസിപ്പിച്ചു. ‘അവനൊന്നും സംഭവിക്കില്ല. കഴിഞ്ഞത് കഴിഞ്ഞു. വയറൊന്നൊഴിഞ്ഞാല്‍ അവന്‍ സാധാരണനിലയിലാകും.’

ഗീത മകനെ കുറ്റിക്കാട്ടിലേക്ക് കൊണ്ടുപോയി. ഒരു തള്ളപ്പന്നിയും അഞ്ചാറ് കുഞ്ഞുങ്ങളും കുറ്റിക്കാട്ടില്‍നിന്നും പുറത്ത് ചാടി. ആരാണ് തങ്ങളുടെ ഭക്ഷണം തട്ടിയെടുക്കാനെത്തിയതെന്ന ആശങ്കയില്‍.

തിരിച്ചുവരുമ്പോള്‍ മകന്റെ മുഖത്ത് ആശ്വാസം നിഴലിച്ചു. കുറ്റിക്കാടിന്റെ അതിരിലെ മുള്ളന്‍ ചെടിയില്‍നിന്നും പറന്ന ജീവിയെ നോക്കി മകന്‍ കൗതുകമായി. ‘അമ്മേ എന്തൊരു ഭംഗി’

ഗീത പറഞ്ഞു. ‘അതൊരു പൂമ്പാറ്റയാണു മോനെ’

നമ്മുടെ സോണമോളെപ്പോലെയെന്ന് പറഞ്ഞ് അവന്‍ അതിന്റെ പിന്നാലെ ഓടാന്‍ ശ്രമിച്ചു.

മഹാനഗരത്തിന്റെ ചേരിയില്‍ അവന്‍ ഒരു പൂമ്പാറ്റയെ കണ്ടിരിക്കാനിടയില്ല. ഒരു പൂമ്പാറ്റക്കിരിക്കാനുള്ള പച്ചപ്പ് പോലും ചേരിയിലില്ല. ഗീത രവിദാസിനോട് പറഞ്ഞു. ‘പച്ചനിറത്തിലുള്ള കൊഴുത്ത ദ്രാവകവും, കഫവുമാണ് അവന്റെ വയറ്റില്‍നിന്നും പോയത്.’

രവിദാസ് നിശബ്ദനായി. അയാള്‍ക്കും ഉള്ളില്‍ ഭയം തോന്നി. അയാള്‍ സ്വയം പറഞ്ഞു. ‘അല്‍പ്പം കഞ്ഞിയോ, ഒരു റൊട്ടിയോ അകത്ത് ചെന്നാല്‍ മാറാവുന്ന രോഗമേയുള്ളൂ അവന്.’

അയാള്‍ തല താഴ്ത്തി. ഗീതയുടെ മുഖത്ത് നോക്കാന്‍ ഭയന്ന്. സോണമോള്‍ക്കും ഇങ്ങനെയാണ് തുടങ്ങിയത്.

അയാള്‍ കീശയില്‍നിന്ന് ഒരു ബീഡിയെടുത്ത് കത്തിച്ചു. ആഞ്ഞ് വലിച്ചു. അയാളുടെ വയറ്റില്‍ പുകച്ചില്‍ കൂടുതലായി. എന്നിട്ടും അയാള്‍ ബീഡി നിലത്തെറിഞ്ഞില്ല. ആരോടോ വാശി തീര്‍ക്കുന്നപോലെ വിരലുകള്‍ പൊള്ളുന്നവരെയും വലിച്ചു. അയാള്‍ നെടുവീര്‍പ്പിട്ടു. തളര്‍ന്നുകൂടാ. മുഖം തുടച്ചു. എങ്ങിനെയും ഗ്രാമത്തിലെത്തണം. എല്ലാ ചുമടും ഇറക്കിവെക്കാനുള്ള അഭയം. ബാബയുടെ വൃദ്ധമുഖം തെളിഞ്ഞു. ഗീത മകന്റെ കഴുത്തും നെറ്റിയും തുടച്ചു. പ്ലാസ്റ്റിക് കുപ്പിയില്‍ സൂക്ഷിക്കുന്ന കുപ്പി മകന് നീട്ടി. ‘മോനേ ധനു, ഒരു തുള്ളിപോലും പുറത്ത് കളയരുത്.’

രവിദാസ് പറഞ്ഞു. ‘എത്ര ദൂരം ചെന്നാലാണ് ഇനി വെള്ളം കിട്ടുക!?’

ഗീത ഓര്‍മ്മപ്പെടുത്തി. ‘വെള്ളമുണ്ടെങ്കില്‍തന്നെ നമുക്ക് കിട്ടണമെന്നില്ല. ഇന്നലെ വൈകീട്ടുണ്ടായ സംഭവം മറന്നുവോ?’

രവിദാസ് തലയാട്ടി.

ഒരേ വേദനയും ദുഃഖവും പങ്കിടുന്നവര്‍ പരസ്പരം വഴക്കിട്ടു. ഒരു ഭാഷ സംസാരിക്കുന്നവര്‍ ഒരു ഭാഗത്തും, മറ്റൊരു ഭാഷക്കാര്‍ മറുഭാഗത്തുമായി. വഴക്കിനിടയില്‍ കുറെ വെള്ളം മണ്ണില്‍ വീണു. നാലുപേര്‍ക്ക് അടിയേറ്റു. എല്ലാം കഴിഞ്ഞപ്പോള്‍ വഴക്കിട്ടവര്‍ ലജ്ജിച്ചു. ഒന്നും സംഭവിക്കാത്തതുപോലെ ഒന്നിച്ചു യാത്ര തുടര്‍ന്നു.

രവിദാസ് തുടര്‍ന്നു. ‘നോക്കൂ ഗീത, ഇവിടെ അടുത്തൊന്നും ഒരു വീടുപോലുമില്ല. പന്ത്രണ്ട് വര്‍ഷം മുന്‍പ് ഇവിടം ഇടതൂര്‍ന്ന കാടായിരുന്നു. പുലിയും കടുവയുമൊക്കെയുള്ള കാട്. ഒക്കെ വെട്ടിമാറ്റിയാണ് ഹൈവേ പണിതത്.’

ഹൈവേയിലൂടെ നീങ്ങുന്ന ചെറിയ ആള്‍ക്കൂട്ടങ്ങള്‍ കണ്ട്. ഗീത കൂട്ടിച്ചേര്‍ത്തു. ‘എല്ലാവര്‍ക്കും കൂടി കുടിവെള്ളമെടുക്കാനുള്ള ഒരു സാധ്യതയും കാണുന്നില്ല.’

അയാള്‍ ഗീതയുടെ നേരെ തിരിഞ്ഞു. ‘നിങ്ങള്‍ ഓര്‍ക്കുന്നില്ലേ, നമ്മള്‍ ഗ്രാമത്തില്‍നിന്ന് ഈ വഴി ഒരിക്കല്‍ മഹാനഗരത്തിലേക്ക് പോയത്. തീവണ്ടിക്ക് ടിക്കറ്റ് കിട്ടാതെ.’

ഗീത വിതുമ്പി. ‘അന്ന് സോണമോള്‍ എന്റെ വയറ്റിലുണ്ടായിരുന്നു.’

ധനു ഒരു കവിള്‍ വെള്ളം കുടിച്ചു. കുപ്പി അമ്മയെ ഏല്‍പ്പിച്ചു. അച്ഛനെയും മകനെയും അമ്മയെയും മരച്ചുവട്ടിലെ സാധനങ്ങളും ശ്രദ്ധിച്ച് മരക്കൊമ്പിലിരുന്ന കാക്ക എന്തോ രഹസ്യം കണ്ടെത്തിയപോലെ ഉറക്കെ ശബ്ദിച്ചു.

ഗീത: ‘പാവം! അതിന് വിശക്കുന്നുണ്ടാകും.! ഈ വെയിലില്‍ അതിന് എവിടെനിന്ന് ഭക്ഷണം കിട്ടും?’ ഒന്ന് നിര്‍ത്തി അവള്‍ ഗദ്ഗദകണ്ഠയായി.

‘നോക്കൂ, ഭക്ഷണം കിട്ടാതെ മനുഷ്യക്കുഞ്ഞുങ്ങളെപ്പോലെ കാക്കകളും ചാവുമോ?’

രവിദാസ് ഭാര്യയുടെ വായ പൊത്തി. അവള്‍ തേങ്ങി തേങ്ങിക്കരയാന്‍ തുടങ്ങിയിരുന്നു. അയാള്‍ ഒരു കല്ലെടുത്ത് കാക്കയുടെ നേരെ എറിഞ്ഞു. തനിക്കെല്ലാം അറിയാമെന്ന് പരിഹസിച്ച് കാക്ക ആ കുടുംബത്തിന്റെ എതിര്‍ദിശയിലൂടെ പറന്നു.

ഭര്‍ത്താവിന്റെ സമ്മതത്തിന് കാത്ത് നില്‍ക്കാതെ ഗീത ഒറ്റയ്ക്ക്തന്നെ ചാക്ക് തലയിലേറ്റി. ഭാരം മൂലം അവള്‍ ഒന്ന് തെന്നിയെങ്കിലും സമതുലനാവസ്ഥ വീണ്ടെടുത്തു.

മകന്‍ പറഞ്ഞു; ‘ബാബ, എനിക്ക് സുഖമുണ്ട് ഞാന്‍ നടന്നോളാം.’

അവന്‍ അമ്മയോടൊപ്പം ചേര്‍ന്നു. രവിദാസ് സഞ്ചികള്‍ തൂക്കി അവര്‍ക്കൊപ്പമെത്താന്‍ വേഗത്തില്‍ നടന്നു. അയാളൊപ്പമെത്തിയപ്പോള്‍ ഗീത ചോദിച്ചു. ‘നോക്കൂ ഗ്രാമത്തിലെത്താന്‍ ഇനി എത്ര സമയമെടുക്കും?’

രവിദാസ് മൊബൈലിന്റെ ബട്ടണമര്‍ത്തി: ‘ഇപ്പോള്‍ നാലുമണി കഴിഞ്ഞു. ഇരുട്ടിയാല്‍ നമുക്കെവിടെയെങ്കിലും തങ്ങണം. വെള്ളവും ഭക്ഷണവും കിട്ടുമോയെന്ന് നോക്കണം. അല്ലെങ്കില്‍’ അയാള്‍ ഒന്നു നിര്‍ത്തി ‘നിങ്ങളും മകനും തളര്‍ന്ന് വീണുപോകും.’

ഗീത: ‘മഹാനഗരത്തില്‍ പട്ടിണികിടന്ന് ചാവുന്നതിനേക്കാള്‍ ഭേദം ഗ്രാമത്തിലേക്കുള്ള യാത്രയില്‍ തളര്‍ന്ന് വീണ് മരിക്കുന്നതാണ്.’

രവിദാസ് ശരിവെച്ചു. കഴിഞ്ഞ ഒരു മാസമായി പണിയില്ലാതായിട്ട്. കരാറുകാരന്‍ എവിടെയെന്നുപോലും ആര്‍ക്കും അറിയില്ല. അയാളുടെ ഫോണ്‍ എപ്പോഴും സ്വിച്ചോഫാണ്. എത്ര ഗതികെട്ടാണ് നമ്മള്‍ നഗരം വിട്ടത്.

ഗീത: ‘ഇനി നമുക്കങ്ങോട്ട് പോകണ്ട’

രവിദാസ്: ‘ഗ്രാമത്തില്‍ എന്തുതൊഴിലാണുള്ളത്?’

ഗീത ഉറപ്പിച്ചു പറഞ്ഞു. ‘നമ്മള്‍ മണ്ണു തിന്നായാലും ഇനി നഗരത്തിലേക്കില്ല.’

രവിദാസ് തുടര്‍ന്നൊന്നും പറഞ്ഞില്ല. നടത്തം തുടര്‍ന്നു. അവര്‍ക്കിടയില്‍ മൗനവും നടക്കന്‍ തുടങ്ങി. കിരണ്‍ ഹൈവേയിലേക്ക് ചൂണ്ടിക്കാട്ടിയപ്പോഴാണ് മൗനം മുറിഞ്ഞത്. ‘ബാബാ… അത് കണ്ടോ?’

വീട്ടുസാധനങ്ങള്‍ കുത്തിനിറച്ച നാലു ചക്രങ്ങളുള്ള ഉന്തുവണ്ടിക്ക് മുകളില്‍ അവനേക്കാള്‍ പ്രായം കുറഞ്ഞ രണ്ട് കുട്ടികളുറങ്ങുന്നു. നാലു മുളവടികളില്‍ അവര്‍ക്ക് മീതെകൂടി കീറിയ സാരി വലിച്ച് കെട്ടിയിട്ടുണ്ട്. അച്ഛനായിരിക്കണം വണ്ടി ഉന്തുന്നത്. അമ്മ വണ്ടിയുടെ ഓരം ചേര്‍ന്ന്.

രവിദാസിന്റെ പഴയ മൊബൈല്‍ വിറച്ചു.

രവിദാസ്: ‘ബാബ ഞങ്ങള്‍ പുലരുന്നതിന് മുമ്പായി എത്തും.’

മറുതലയ്ക്കല്‍നിന്നുള്ള ചോദ്യത്തിന് അയാള്‍ മറുപടി പറഞ്ഞു. ‘എല്ലാവര്‍ക്കും സുഖമാണ്…’ തുടര്‍ചോദ്യങ്ങള്‍ക്ക് മറുപടി പറയാതെ അയാള്‍ പെട്ടെന്ന് മൊബൈല്‍ സ്വിച്ചോഫാക്കി.

ബാബയുടെ കൃഷ്ണമണിയാണ് സോണ. അവളെപ്പറ്റി എന്തെങ്കിലും പറയാന്‍ അയാള്‍ക്ക് ഭയം തോന്നി.

യാത്രയില്‍ അതുവരെയില്ലാത്ത തളര്‍ച്ച അയാള്‍ക്കനുഭവപ്പെട്ടു. തല ചുറ്റുന്നതായും കണ്ണ് മഞ്ഞളിക്കുന്നതായും തോന്നി. തോളുകളിലെയും കൈകളിലെയും ഭാരങ്ങള്‍ വര്‍ദ്ധിക്കുന്നു. മകനും ഗീതയും നിശബ്ദരാണ്. അവരെന്തെങ്കിലും ചോദിച്ചിരുന്നെങ്കില്‍! ദൈവമേ! ഇതെന്തൊരു പരീക്ഷണമാണ്.!

ഗീത ഓര്‍മ്മിപ്പിച്ചപ്പോഴാണ് സന്ധ്യ ഇരുട്ടിലേക്ക് കനക്കുന്നത് അയാളറിഞ്ഞത്. അവളും മകനും നടന്ന് തളര്‍ന്നിട്ടുണ്ടാകും. എവിടെയെങ്കിലും വിശ്രമിക്കണം. ഭക്ഷണവും വെള്ളവും അന്വേഷിക്കണം. വഴിയരികില്‍ നേരിയ വെളിച്ചം കണ്ട് അയാളും കുടുംബവും നിന്നു. ഗീതയെയും, മകനെയും വഴിയരികിലാക്കി അയാള്‍ ആള്‍ക്കൂട്ടത്തിലേക്ക് നടന്നു.

ഇരുട്ടില്‍ മുഖങ്ങള്‍ അവ്യക്തമാണ്. മങ്ങിക്കത്തുന്ന റാന്തല്‍ വെളിച്ചത്തില്‍ അത് ഒരു ചെറിയ സ്‌കൂളിന്റെ വരാന്തയാണെന്നും അവിടെ കൂടിനില്‍ക്കുന്ന അഞ്ചാറുപേര്‍ തന്നെപ്പോലെയുള്ള യാത്രക്കാരാണെന്നും അയാള്‍ക്ക് മനസ്സിലായി. ഏതോ ഒരു നല്ല മനുഷ്യന്‍ റൊട്ടിയും ദാളും, വെള്ളവും കൊടുത്തതിന്റെ ബാക്കി അന്വേഷിച്ചെത്തിയവരാണവര്‍. മണ്ണില്‍ കിടക്കുന്ന റൊട്ടിക്കഷണങ്ങളും ഉരുളക്കിഴങ്ങ് കഷണങ്ങളും പെറുക്കുകയാണവര്‍. അവര്‍ക്കൊപ്പം അയാളും കൂടി. നാലഞ്ച് കഷണങ്ങള്‍ അയാള്‍ക്കും കിട്ടി. വീപ്പയുടെ അടിയില്‍നിന്ന് അരക്കുപ്പി വെള്ളവും. അയാളവ മകനും ഗീതയ്ക്കുമായി വീതിച്ചു. തനിക്ക് കിട്ടിയതിന്റെ ഒരു പങ്ക് ഗീത അയാള്‍ക്ക് നല്‍കി.

ഇതിനകം ആള്‍ക്കൂട്ടം ഒഴിഞ്ഞു പോയിരുന്നു. റാന്തല്‍ കെട്ടു. അയാളും കുടുംബവും സ്‌കൂള്‍ വരാന്തയിലേക്ക് നീങ്ങി. ഗീതയും മകനും ക്ഷീണം കാരണം കിടന്ന ഉടനെത്തന്നെ ഉറക്കത്തിലേക്ക് വീണു.

അയാള്‍ ഒരു ബീഡി കത്തിച്ചു. മണ്‍ചുമരിനോട് ചാരിയിരുന്ന് പുകയൂതി. പുറത്തേക്ക് വിട്ട പുകവളയങ്ങള്‍ സോണയുടെ ചിരിക്കുന്ന മുഖമായി. ഗീത അവളെ ഗര്‍ഭം ധരിച്ചതുമുതലുള്ള ചിത്രങ്ങള്‍ അയാളുടെ മനസ്സിലൂടെ കടന്നുപോയി. മുനിസിപ്പല്‍ ആസ്പത്രിയില്‍ കൊതുകും മൂട്ടയും നിറഞ്ഞ വാര്‍ഡില്‍ ഗീതയുടെ മാറില്‍ അവള്‍ കിടന്നുറങ്ങുന്നത്. സോണയുടെ നീളന്‍ കണ്ണുകള്‍. കടഞ്ഞെടുത്തതുപോലുള്ള കൈകാലുകള്‍. തൊണ്ണ് പുറത്തുകാട്ടിയ ചിരി. കവിളിലെ കുസൃതി. ആദ്യത്തെ കൊച്ചരിപ്പല്ലു മുളച്ചത്. രണ്ടര വയസ്സായപ്പോള്‍ അവളെ ചേരിയിലെ ഡേ കെയറിലാക്കാന്‍ ഗീതയ്‌ക്കൊപ്പം പോയത്. അമ്മയില്‍നിന്ന് വേര്‍പ്പെട്ട അവള്‍ ഉറക്കെയുറക്കെ കരഞ്ഞത്. തോളില്‍ കിടത്തി താനവളെ താരാട്ടുപാടിയുറക്കിയത്. ആദ്യത്തെ പിറന്നാളിന് കടും മഞ്ഞനിറത്തിലുള്ള ഉടുപ്പ് വാങ്ങിയത്. അവള്‍ക്ക് വാങ്ങിയ വില കുറഞ്ഞ കിലുക്കാംപെട്ടികള്‍. കളിപ്പാട്ടങ്ങള്‍. കിരണുമൊത്ത് അവള്‍ കളിക്കുന്നത്. അവളുടെ മാ മാ മാ ബാ.. ബാ… എന്നുള്ള കൊഞ്ചലുകള്‍…

എപ്പോഴോ അയാള്‍ അതേയിരിപ്പില്‍ മയങ്ങിപ്പോയി. ഉണര്‍ന്നത് കുറുക്കന്മാരുടെ നീണ്ട പരിഹാസച്ചിരികള്‍ കേട്ടാണ്. ചിലപ്പോള്‍ അവ തൊട്ടടുത്ത് നിന്നാണ് ഓലിയിടുന്നതെന്ന് തോന്നും. അടുത്ത നിമിഷത്തില്‍ അകലെനിന്ന്. കുറേക്കഴിഞ്ഞപ്പോള്‍ അവ ചിരിനിര്‍ത്തി എങ്ങോ മറഞ്ഞു.

അയാള്‍ മൊബൈലില്‍ സമയം നോക്കി. മണി മൂന്നു കഴിഞ്ഞു. ഹൈവേയില്‍ ആളനക്കമുണ്ട്. അയാള്‍ ഗീതയെ വിളിച്ചു. മകനെ തോളിലെടുത്തു. ചെറിയ ആള്‍ക്കൂട്ടങ്ങളിലേക്ക് ആ കുടുംബവും ചേര്‍ന്നു.

ഗ്രാമത്തിലേക്കുള്ള മണ്‍പാതയിലെത്തിയപ്പോള്‍ നേരം വെളുത്തിരുന്നില്ല. ഗ്രാമം ഉണരുന്നതേയുള്ളൂ. ഉണങ്ങിയ കരിമ്പിന്‍ തോട്ടത്തിലൂടെയുള്ള എളുപ്പവഴിയിലൂടെ അവര്‍ കോളനിയിലേക്കുള്ള ചെറുവഴിയിലെത്തി.

ബാബ മുറ്റത്തെ ചാര്‍പ്പായില്‍ നീണ്ടുനിവര്‍ന്ന് കിടക്കുന്നു. അവരുടെ കാല്‍പ്പെരുമാറ്റം കേട്ട ബാബ ഞെട്ടിയുണര്‍ന്നു. ആറടിയോളം ഉയരമുള്ള ആ മനുഷ്യനു മുമ്പില്‍ അയാളും ഗീതയും ചെറുതായിപ്പോയി. രവിദാസ് മകനെ ചാര്‍പ്പായില്‍ കിടത്തി. അവന്‍ ഉറക്കത്തിലാണ്.

‘സോണ… ?’ ബാബ പതിഞ്ഞ ശബ്ദത്തില്‍ ചോദിച്ചു. അകത്ത് തളര്‍ന്ന് കിടക്കുന്ന അമ്മ കേള്‍ക്കാതിരിക്കാന്‍. കുറ്റവാളിയെപ്പോലെ അയാള്‍ ബാബയ്ക്ക് മുമ്പില്‍ തലതാഴ്ത്തി നിന്നു. ഗീത തളര്‍ന്ന് മണ്ണിലേക്കിരുന്നു.

പൊതുകുളത്തിലെ കൊഴുത്ത വെള്ളത്തിന്റെ ദുര്‍ഗന്ധം ചെറുകാറ്റിന്റെ തണുപ്പിലൂടെ മുറ്റത്തെത്തി ചുറ്റിത്തിരിഞ്ഞു.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Be the first to write a comment.

Leave a Reply