സാമൂഹ്യമുന്നേറ്റങ്ങളും അടിച്ചമര്‍ത്തപ്പെട്ടവരുടെ രാഷ്ട്രീയ അധ്വാനത്തിന്റെ വിയര്‍പ്പു പറ്റുന്നവരും – അരവിന്ദ് ഇന്‍ഡിജിനിയസ്

തങ്ങളുടെ ആത്മാഭിമാനത്തെ ഉയര്‍ത്തികൊണ്ട് പെണ്‍കുട്ടികള്‍ നടത്തിയ ബ്രേക്ക് ദി കര്‍ഫ്യു മുന്നേറ്റം ‘റിലേറ്റീവ് ഡിപ്രിവഷന്‍ സിദ്ധാന്തത്തിന്റെ’ ശാസ്ത്രീയ തെളിവാണ്.

ഭാഗം 1

ആരാണ് അടിച്ചമര്‍ത്തപ്പെട്ടവരുടെ അധ്വാനത്തിന്റെ വിയര്‍പ്പ് പറ്റാന്‍ നില്കുന്നത് എന്ന് പറയാന്‍ തുടങ്ങുന്നതിനു മുമ്പ്് അടിച്ചമര്‍ത്തപ്പെട്ടവര്‍, പ്രശ്‌നബാധിതര്‍ എന്നിവര്‍ ആരാണെന്നും എന്താണ് അവരുടെ സാമൂഹിക സവിശേഷതകള്‍ എന്നുമൊക്കെ അല്പം അന്വേഷിക്കണ്ടതുണ്ട്. ലോകത്തുണ്ടായിട്ടുള്ള സാമൂഹിക മുന്നേറ്റങ്ങളെ ഏത് സാമൂഹിക ശാസ്ത്ര വിശകലനത്തിലാണ് ഒതുക്കാന്‍ കഴിയുക എന്ന ചോദ്യത്തിന് ഇന്ന് വലിയ പ്രസക്തിയുണ്ട്. സാമൂഹിക മുന്നേറ്റങ്ങളുടെ ഏറ്റവും പ്രാഥമികമായ സവിശേഷത അത് സാമൂഹികമായ മാറ്റത്തിനുവേണ്ടിയുള്ള ബോധപൂര്‍വമായ ശ്രമമാണ് എന്നതാണ്. ചിലപ്പോള്‍ അത് പുരോഗമനപരമായ മാറ്റത്തിനുവേണ്ടിയും ചിലപ്പോള്‍ പുരോഗമന മാറ്റങ്ങള്‍ക്കെതിരെയും ചലനങ്ങള്‍ സൃഷ്ടിക്കും. മറ്റൊന്ന് അതൊരു പ്രത്യേക കൂട്ടം ആളുകളെ സംബന്ധിക്കുന്ന വിഷയമാണ് എന്നതാണ്. അവരുടെ സാമൂഹിക അവസ്ഥക്ക് മാറ്റം വരുത്താനാണ് സാമൂഹിക മുന്നേറ്റം പൂര്‍ണമായും ശ്രമിക്കുക. അതായതു തീര്‍ത്തും വ്യക്തിപരമായ ജീവിതത്തില്‍ നിന്ന് ഒരു പ്രശ്‌നം ഉണ്ടെന്ന് ബോധ്യപ്പെടുകയും ആ പ്രശ്‌നം തന്റെ വ്യക്തിപരമായ പ്രശ്നമല്ലെന്നും, സാമൂഹികമായി ഒരുപാടു പേര്‍ നേരിടുന്നതാണെന്നും ബോധ്യപ്പെടുന്നു. ആ ബോധ്യത്തിന്റെ അടിസ്ഥാനത്തിലാണ് സാമൂഹിക മുന്നേറ്റങ്ങള്‍ പ്രാഥമികമായി രൂപപ്പെടുന്നത്. മാത്രമല്ല മാറ്റത്തിന് ശ്രമിക്കുന്നവര്‍ തമ്മില്‍ പരസപരം തിരിച്ചറിയാനാകുന്ന ഒരു ഘടകം രൂപപ്പെടും. അത് നിലനില്‍ക്കുന്ന സാമൂഹിക അവസ്ഥയുമായി, അതായത് മുന്നേറ്റങ്ങളില്‍ പങ്കെടുക്കുന്ന ആളുകള്‍ മാറ്റാന്‍ ശ്രമിക്കുന്ന സാമൂഹിക അവസ്ഥയുമായി നേരിട്ടുണ്ടാകുന്ന ബന്ധമാണ്. അതായതു മുന്നേറ്റങ്ങളില്‍ പങ്കെടുക്കുന്നവര്‍ ആ ഘടകവുമായി നേരിട്ടു ബന്ധപ്പെട്ടു കിടക്കുന്നവരാണ്, അഥവാ അവര്‍ ”പ്രശ്‌നബാധിതരാണ്”. ആ പ്രശ്‌നവുമായി ബന്ധപ്പെട്ടു ഒരു വിശകലനവും പ്രശ്‌നത്തെ മറികടക്കാനുള്ള ഒരു പരിഹാരവും അവര്‍ അവരുടെ വ്യക്തിപരമായ ജീവിതത്തില്‍ നിന്നും അറിവില്‍ നിന്നും ഉണ്ടാക്കിയെടുക്കുന്നു. അതാകട്ടെ ശാസ്ത്രീയവുമായിരിക്കും. അതായിരിക്കും ആ മുന്നേറ്റത്തിന്റെ പ്രത്യയശാസ്ത്രം. ഈ പ്രശ്‌നബാധിതര്‍ ഒരു നേതൃത്വത്തിന്റെ കീഴില്‍ അണിനിരക്കുകയും പരിഹാരത്തിനായി അധികാര കേന്ദ്രങ്ങളുമായി ചര്‍ച്ചകള്‍ നടത്തുകയും ചെയ്യുന്നു. ചര്‍ച്ചകള്‍ ഫലം കണ്ടില്ലെങ്കില്‍ സമരമാരംഭിക്കുന്നു. സമരം വിജയിച്ചാല്‍ ആ സാമൂഹിക മാറ്റത്തെ ഒരു വ്യവസ്ഥിതി ആക്കിമാറ്റുന്നു. ഇതാണ് സാമൂഹിക മുന്നേറ്റങ്ങളിലെ വിവിധ ഘട്ടങ്ങള്‍. ഇത്തരത്തിലുള്ള സാമൂഹിക മുന്നേറ്റങ്ങള്‍ നാല് വിധത്തില്‍ അവസാനിക്കാം. മുന്നേറ്റം അധികാര കേന്ദ്രങ്ങളാല്‍ അടിച്ചമര്‍ത്തപ്പെടാം. മുന്നോട്ടു വക്കപ്പെടുന്ന ആവശ്യങ്ങള്‍ അംഗീകരിക്കപ്പെടാം. സമരം പരാജയപ്പെടാം. സമര നേതൃത്വം അധികാര സംവിധാനങ്ങളാല്‍ സ്വാധീനിക്കപ്പെടാം.
ലോകമെങ്ങുമുള്ള സാമൂഹ്യ ശാസ്ത്രജ്ഞര്‍ സാമൂഹിക മുന്നേറ്റങ്ങളെക്കുറിച്ചു കാര്യമായി തന്നെ പഠിച്ചിട്ടുണ്ട്. ഗുസ്താവ് ലെബോണ്‍, ഹെര്‍ബെര്‍ട് ബ്ലൂമെര്‍, കാള്‍ മാര്‍ക്‌സ്, നീല്‍ സ്‌മെല്‍സെര്‍, റോബര്‍ട്ട് കെ മെര്‍റ്റന്‍ എന്നിവരെല്ലാം അവരില്‍ ചിലരാണ്. എന്നാല്‍ ഇന്ത്യന്‍ അക്കാദമിക സാമൂഹിക സാഹചര്യങ്ങളില്‍ അധികാര സംവിധാനങ്ങള്‍ക്കെതിരെ സംസാരിക്കാന്‍ ശേഷിയുള്ള സാമൂഹിക ശാസ്ത്രജ്ഞര്‍ വളരെ കുറവായിരുന്നു. മാത്രമല്ല സാമൂഹിക ശാസ്ത്രജ്ഞരില്‍ പ്രശ്‌നബാധിതരുടെ പ്രാതിനിധ്യം കുറവായിരുന്നു. കളക്റ്റീവ് ബിഹേവിയര്‍ തിയറി, മാര്‍ക്‌സിയന്‍ തിയറി, റിസോര്‍സ് മൊബിലൈസേഷന്‍ തിയറി, റിലേറ്റീവ് ഡിപ്രിവേഷന്‍ തിയറി എന്നിവയാണ് സാമൂഹിക മുന്നേറ്റത്തില്‍ ഏറ്റവും പ്രധാനമായവ. റോബര്‍ട്ട് കെ മെര്‍റ്റന്‍ വികസിപ്പിച്ചെടുത്ത ‘റിലേറ്റീവ് ഡിപ്രിവഷന്‍ തിയറിയാണ് ഇവയിലേറ്റവും വസ്തുതാപരമായതും ശാസ്ത്രീയമായതും എന്നുകാണാം. ഇതിന്റെ തുടര്‍ച്ചയെന്നോണം ഉണ്ടായ സാമൂഹിക മുന്നേറ്റ സിദ്ധാന്തമാണ് ”റിസോര്‍സ് മൊബിലൈസേഷന്‍ തിയറി”.
കളക്റ്റീവ് ബിഹേവിയര്‍ തിയറി സാമൂഹിക മുന്നേറ്റങ്ങളുടെ സാമൂഹിക വശങ്ങളെക്കാള്‍ മനഃശാസ്ത്ര സമീപനങ്ങളിലാണ് പ്രാധാന്യം കല്പിക്കുന്നത്. മാര്‍ക്‌സിയന്‍ സിദ്ധാന്തം വര്‍ഗ്ഗ സമരത്തിലൂന്നുന്നു. സമൂഹത്തിന്റെ വികസനം ഉല്പാദന വ്യവസ്ഥയിലുണ്ടാകുന്ന മാറ്റങ്ങള്‍ക്കനുസൃതമാണെന്നും ഉല്പാദന ബന്ധങ്ങളില്‍ ഉണ്ടാകുന്ന മാറ്റങ്ങള്‍ക്കനുസരിച്ചു സമൂഹം മാറുമെന്നും മാര്‍ക്‌സ് തെളിയിക്കുന്നു. പ്രാകൃത കമ്മ്യൂണിസം, അടിമത്തം, ഫ്യൂഡലിസം, ക്യാപിറ്റലിസം എന്നിങ്ങനെ ചരിത്രഗതികളെ നിയന്ത്രിച്ചത് അതതുകാലത്തെ ഉല്പാദന വ്യവസ്ഥിതിയില്‍ ഉണ്ടായ മാറ്റങ്ങളായിരുന്നു. ക്യാപിറ്റലിസ്‌റ് വ്യവസ്ഥിതിയില്‍ ഉല്പാദനോപാധികളും ഉല്പാദന ബന്ധങ്ങളും മുഴുവന്‍ സാമൂഹിക ഘടകങ്ങളെയും നിയന്ത്രിക്കാനാരംഭിച്ചു. സമ്പത്തിന്റെ കേന്ദ്രീകരണം വന്നു. സമൂഹത്തിന്റെ അടിത്തട്ടില്‍ ഉല്പാദന ശക്തികളും ബന്ധങ്ങളും, മുകള്‍ തട്ടില്‍ അവയുടെ താല്പര്യം സംരക്ഷിക്കാന്‍ ഭരണകൂടവും നീതിന്യായവ്യവസ്ഥിതിയും മാധ്യമങ്ങളും മതവും സംസ്‌കാരവും. മിച്ചമൂല്യത്തില്‍ നിന്നും ജീവിതത്തില്‍ നിന്നും അന്യമാക്കപ്പെട്ട തൊഴിലാളികള്‍ അതു തിരിച്ചറിയുകയും ഐക്യപ്പെടുകയും ഈ സാമൂഹിക വ്യവസ്ഥിതിയെ തകര്‍ക്കുകയും സാമ്പത്തിക അധികാര ബന്ധങ്ങളെ പുനര്‍ക്രമീകരിക്കുകയും ചെയ്യുന്നു. അങ്ങനെ ‘വര്‍ഗസമര’ത്തിലൂടെ ക്യാപിറ്റലിസ്‌റ് വ്യവസ്ഥിതിയില്‍ നിന്നും തൊഴിലാളികള്‍ ബോധപൂര്‍വം സാമൂഹിക മുന്നേറ്റം നടത്തുന്നതാണ് മാര്‍ക്‌സിയന്‍ സിദ്ധാന്തം. കേരളത്തില്‍ പക്ഷെ മാര്‍ക്‌സിയന്‍ രീതിയില്‍ ഒരു സാമൂഹിക മുന്നേറ്റവും നടന്നതിന്റെ തെളിവുകളൊന്നും ലഭ്യമല്ല. കേരളത്തിന്റെ സാമ്പത്തിക ബന്ധങ്ങളെയും അധികാര ബന്ധങ്ങളെയും മാറ്റിയതില്‍ പല പ്രതലങ്ങളിലായി നടന്ന നവോത്ഥാനത്തിന്റെ സ്വാധീനമാണ് പ്രബലമായി നിലനില്‍ക്കുന്നത്. എന്നാല്‍ മറ്റു രണ്ടു സാമൂഹിക മുന്നേറ്റ സിദ്ധാന്തങ്ങളെയും -‘റിലേറ്റീവ് ഡിപ്രിവഷന്‍ സിദ്ധാന്തവും’ ‘റിസോഴ്‌സ് മൊബിലൈസേഷന്‍ സിദ്ധാന്തവും’- അക്ഷരം പ്രതി വരച്ചു കാട്ടാന്‍ കഴിയുന്ന തരം സാമൂഹിക മുന്നേറ്റങ്ങള്‍ ഇവിടെ അനേകതവണ നടന്നിട്ടുണ്ട്.

ബ്രേക്ക് ദി കര്‍ഫ്യു

 

 

 

 

 

 

 

 

എന്താണ് ‘റിലേറ്റീവ് ഡിപ്രിവേഷന്‍ സിദ്ധാന്തം’ എന്ന് പരിശോധിക്കുമ്പോഴാണ് കേരളത്തില്‍ നടന്നിട്ടുള്ള മുഴുവന്‍ ജനകീയ സമരങ്ങളും രൂപപ്പെട്ടതിന്റെ സാമൂഹ്യശാസ്ത്രം നമുക്ക് ബോധ്യപ്പെടുകയുള്ളു. ഒരു പ്രത്യേക സാമൂഹിക വിഭാഗം അവരുടെ തീര്‍ത്തും വ്യക്തിപരമായ ജീവിതത്തിന്റെ നിലവാരത്തെ അവര്‍ നിലനില്‍ക്കുന്ന സമൂഹത്തിലെ തന്നെ മറ്റൊരു സാമൂഹിക വിഭാഗത്തിന്റെ ജീവിതനിലവാരവുമായി താരതമ്യപ്പെടുത്തുന്നു. അതിന്റെ വെളിച്ചത്തില്‍ സാമൂഹികനീതി നിലനില്‍ക്കുന്നില്ലെന്ന് ബോധ്യപ്പെടുന്നു. അതായതു മറ്റൊരു സാമൂഹിക വിഭാഗവുമായി താരതമ്യം ചെയ്ത് തങ്ങള്‍ക്ക് നീതി നിഷേധിക്കപ്പെട്ടിരിക്കുന്നു എന്നവര്‍ക്ക് ബോധ്യപ്പെടുന്നു, അഥവാ അവരെ relate ചെയുമ്പോള്‍ തങ്ങള്‍ പിന്നോക്കം നില്‍ക്കുകയാണെന്ന് മനസ്സിലാകുന്നു. അതിനെതിരായി ആ സാമൂഹിക വിഭാഗത്തിലെ ഓരോ അംഗവും ഇടപെടാന്‍ സന്നദ്ധനാകുന്നു. ഇത്തരത്തില്‍ അനേകം ഉദാഹരണങ്ങള്‍ പറയാന്‍ കഴിയുമെങ്കിലും നമ്മള്‍ തുടങ്ങിവച്ച ചര്‍ച്ചയുടെ അടിസ്ഥാനത്തില്‍ ഇവിടെ അവതരിപ്പിക്കാന്‍ ശ്രമിക്കുന്നത് ബ്രേക്ക് ദി കര്‍ഫ്യു എന്ന സാമൂഹിക മുന്നേറ്റത്തെക്കുറിച്ചാണ്. കേരളത്തിലെ കാമ്പസുകളിലെ വിദ്യാര്‍ത്ഥിനികള്‍ കാലങ്ങളായി അനുഭവിക്കുന്ന ലിംഗ വിവേചനം ഹോസ്റ്റലുകളില്‍ നിലനില്‍ക്കുന്നുണ്ട്. ആണ്‍കുട്ടികള്‍ക്ക് ഹോസ്റ്റലുകളില്‍ സമയക്രമം ഇല്ലാതിരിക്കുകയും പെണ്‍കുട്ടികള്‍ക്ക് കൃത്യമായി സമയക്രമം നിര്‍ബന്ധമാക്കുകയും ചെയ്യുന്ന അവസ്ഥയാണത്. അടുത്ത കാലത്തായി കേരളത്തിന് പുറത്തേക്ക് ഉപരിപഠനത്തിനു പോകുന്ന പെണ്‍കുട്ടികളുടെ എണ്ണം വളരെ വര്‍ദ്ധിച്ചിട്ടുണ്ട്. കേന്ദ്ര സര്‍വകലാശാലകളിലും മറ്റിടങ്ങളിലും നിലനില്‍ക്കുന്ന രാത്രികളിലെ സ്വാതന്ത്ര്യത്തിന്റെയും ജീവിതത്തിന്റെയും വിശേഷങ്ങള്‍ അങ്ങനെ മലയാളികളും അറിഞ്ഞു. സാമൂഹ്യ മാധ്യമങ്ങള്‍ വ്യാപകമാകുകയും ഇത്തരം വിശേഷങ്ങള്‍ യുവജനങ്ങള്‍ക്കിടയില്‍ ധാരളമായി പങ്കുവെക്കപ്പെട്ടു. അതിനിടെ രോഹിത് വെമുലയുടെ ആത്മഹത്യക്ക് ശേഷം രാജ്യത്തെങ്ങും കാമ്പസുകളില്‍ പടര്‍ന്നു പിടിച്ച രാഷ്ട്രീയ മുന്നേറ്റത്തിലൂടേയും കേന്ദ്രസര്‍വ്വകലാശാലകളിലെയും മറ്റു ഉപരിപഠനകേന്ദ്രങ്ങളിലെയും സ്വാതന്ത്ര്യത്തിന്റെ വ്യാപ്തി കേരളത്തിലെ വിദ്യാര്‍ത്ഥിനികളടകകം അറിഞ്ഞു. സത്യത്തില്‍ തങ്ങള്‍ അനുഭവിക്കുന്നതായ ഒരു പ്രശ്‌നമുണ്ടെന്നു അവര്‍ക്ക് ബോധ്യപ്പെടാന്‍ ഇക്കാരണങ്ങള്‍ വളരെ പ്രധാനപങ്ക് വഹിച്ചു. അതിന്റെയെല്ലാം അനന്തഫലമായിരുന്നു ബ്രേക്ക് ദി കര്‍ഫ്യു പ്രസ്ഥാനം. ഈ സാമൂഹിക മുന്നേറ്റം ആദ്യമായി ഉയര്‍ന്നു വന്നത് 2015 ല്‍ തിരുവനന്തപുരത്തെ കോളേജ് ഓഫ് എഞ്ചിനീയറിംഗില്‍ നിന്നാണ്. കോളേജിലെ പെണ്‍കുട്ടികളാണ് ഒരു സാംസ്‌കാരിക പരിപാടിയുമായി ബന്ധപ്പെട്ട ചര്‍ച്ചയില്‍ ഇത്തരമൊരു പ്രശ്‌നം തങ്ങള്‍ക്കിടയില്‍ നിലനില്‍ക്കുന്നുണ്ടെന്ന് തിരിച്ചറിയുന്നത്. എല്ലാ കാമ്പസുകളിലും പെണ്‍കുട്ടികള്‍ക്കിടയില്‍ ഈ പ്രശ്‌നത്തെക്കുറിച്ചു ചര്‍ച്ച നില നിന്നിരുന്നു എന്ന് വേണം കരുതാന്‍. ബ്രേക്ക് ദി കര്‍ഫ്യുവിന് വളരെ കുറഞ്ഞ കാലം കൊണ്ട് കിട്ടിയ സ്വീകാര്യതയും ഐക്യപ്പെടലും അതാണ് തെളിയിച്ചത്. സന്ധ്യക്ക് ശേഷം, ആണ്‍കുട്ടികള്‍ ഉപയോഗിക്കുന്ന ലൈബ്രറിയും ഇന്റര്‍നെറ്റ് സംവിധാനങ്ങളും ലാബും ഉപയോഗിക്കാന്‍ കഴിയാത്ത അവസ്ഥയും മറ്റൊരാവശ്യങ്ങള്‍ക്കും പുറത്തു പോകാന്‍ കഴിയാത്ത വിധത്തിലുള്ള കടുത്ത ലിംഗ വിവേചനവും അടിമാവസ്ഥയും അവര്‍ കാലങ്ങളായി അനുഭവിച്ചു പോരുകയായിരുന്നു. സ്വന്തം തീരുമാനത്തിന്റെ അധികാരത്തില്‍ സ്വാതന്ത്ര്യത്തോടെ പുറത്തു പോകാന്‍ കഴിയുന്ന കേരളത്തിന് പുറത്തു നിന്നുള്ള തങ്ങളുടെ സുഹൃത്തുക്കളുടെ വര്‍ത്തകളായിരിക്കാം കേരളത്തിലെ കാമ്പസുകളിലെ പെണ്‍കുട്ടികളെ തങ്ങളുടെ അവകാശങ്ങളെക്കുറിച്ചു ചിന്തിപ്പിച്ചത്. അവിടെയാണ് ‘റിലേറ്റീവ് ഡിപ്രിവഷന്‍ സിദ്ധാന്തം’ കൃത്യമാകുന്നത്. കേരളത്തിന് പുറത്തുള്ളവരെ അപേക്ഷിച്ചു തങ്ങള്‍ അവകാശങ്ങളില്‍ പിന്നോക്കം നില്കുന്നു എന്ന ബോധ്യമായിരിക്കാം അവരെ ആ മുന്നേറ്റത്തിന് േ്രപരിപ്പിച്ചത്. കോളേജ് ഓഫ് എഞ്ചിനീറിങ്ങില്‍ 54 വിദ്യാര്‍ത്ഥിനികള്‍ രാത്രിയില്‍ നടത്തിയ സൈക്കിള്‍ യാത്രയായിരുന്നു ആരംഭം. അതിനു ശേഷമാണു കുട്ടികള്‍ സമരത്തോട് കൂടുതല്‍ ഐക്യപ്പെടാന്‍ തുടങ്ങിയത്. തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളേജ്, കോഴിക്കോട് എന്‍ ഐ ടി, തിരുവനന്തപുരം കോളജ് ഓഫ് എഞ്ചിനീയറിംഗ്, എം ജി യൂണിവേഴ്സിറ്റി, കാലിക്കറ്റ് യൂണിവേഴ്സിറ്റി, കേരളവര്‍മ കോളേജ് തൃശൂര്‍, തൃശൂര്‍ എന്‍ജിനീറിങ് കോളേജ് എന്നിവിങ്ങളില്‍ േ്രബക്ക് ദി കര്‍ഫ്യൂ സമരം ആരംഭിച്ചത്. തൃശൂര്‍ എന്‍ജിനീറിങ് കോളേജ് ഒഴിച്ച് ബാക്കിയിടങ്ങളിലെല്ലാം തീര്‍ത്തും സാധാരണക്കാരായ പ്രശ്‌നബാധിതരായ വിദ്യാര്‍ത്ഥിനികളാണ് ഈ വിഷയത്തെ മുന്നോട്ടുകൊണ്ടുവന്നത്. ഇതും ‘റിലേറ്റീവ് ഡിപ്രിവഷന്‍ സിദ്ധാന്തം’ ശരിവെക്കുന്ന ഘടകങ്ങളാണ്.
മറ്റൊരു സംഘടനയും ഈ മുന്നേറ്റത്തിന് പിന്നില്‍ ഇല്ലായിരുന്നു. സമര നേതൃത്വങ്ങളില്‍ വിദ്യാര്‍ത്ഥിനികള്‍ മാത്രമായിരുന്നു. ഒരു വിദ്യാര്‍ത്ഥി സംഘടനയും ഈ പ്രശ്‌നത്തില്‍ ഔദ്യോഗികമായി ഇടപെടണമെന്നോ സംസ്ഥാനവ്യാപകമായി പ്രശ്‌നബാധിതരെ ഐക്യപ്പെടുത്തണമെന്നോ തീരുമാനമെടുത്തില്ല. എന്നാല്‍ വിഷയം നിയമസഭയില്‍ എത്താനും ഇതേക്കുറിച്ചു പഠിക്കാന്‍ സമാഗതി കമ്മിറ്റി രൂപീകരിക്കാനും 2015 ഒക്ടോബറില്‍ അവര്‍ ‘സമാഗതി റിപ്പോര്‍ട്ട്’ പുറത്തിറക്കാനും ‘േ്രബക്ക് ദി കര്‍ഫ്യൂ’ മുന്നേറ്റം കാരണമായി. എന്നാലതൊന്നും നടപ്പാക്കപ്പെട്ടില്ല. 2019 ജനുവരിയില്‍ കോളേജ് ഓഫ് എഞ്ചിനീറിങ്ങില്‍ സമരം പുനരാരംഭിക്കുകയും പ്രിന്‍സിപ്പല്‍ സെക്രട്ടറി അവിടെ ഹോസ്റ്റല്‍ സമയം രാത്രി 9.30 ആക്കി പുനര്‍ക്രമീകരിക്കുകയും ചെയ്തു. പിന്നീട് കേരള വര്‍മ്മ കോളേജില്‍ അഞ്ജിത ജോസ്, റിന്‍ഷാ എന്നീ വിദ്യാര്‍ത്ഥിനികളുടെ നിയമയുദ്ധം നടന്നു. 2019 മാര്‍ച്ച് 22 നു ഹൈക്കോടതി കേരളവര്‍മ്മ കോളേജില്‍ ഹോസ്റ്റല്‍ സമയം രാത്രി 8.30 ആക്കി പുനര്‍ക്രമീകരിക്കുകയും ഹോസ്റ്റലില്‍ വിദ്യാര്‍ത്ഥിനികള്‍ക്ക് രാഷ്ട്രീയ പ്രവര്‍ത്തനത്തിന് അര്‍ഹതയുണ്ടെന്ന് വിധിക്കുകയും ചെയ്തു. അതിന്റെയെല്ലാം തുടര്‍ച്ചയായാണ് ഏപ്രില്‍ 7നു സര്‍ക്കാരിന്റെ ഉത്തരവ് വരുന്നത്. അതില്‍ കേരളത്തിലെ മുഴുവന്‍ കാമ്പസുകളിലും പെണ്‍കുട്ടികളുടെ ഹോസ്റ്റല്‍ സമയം രാത്രി 9.30 ആക്കി പുനര്‍ക്രമീകരിച്ചു. ഔദ്യോഗികമായി രണ്ടു കത്തുകളാണ് ഉത്തരവിന് കാരണമായി സര്‍ക്കാര്‍ ചൂണ്ടികാണിച്ചിട്ടുള്ളത്. തിരുവനതപുരം വഴുതക്കാട് വനിതാ ഹോസ്റ്റലിലെ വിദ്യാര്‍ത്ഥിനികളുടെ കത്തും തൃശൂര്‍ സര്‍ക്കാര്‍ എഞ്ചിനീയറിംഗ് കോളേജ് യൂണിയന്റെ കത്തും. തങ്ങളുടെ ആത്മാഭിമാനത്തിനേ ഉയര്‍ത്തികൊണ്ട് പെണ്‍കുട്ടികളുടേതായ ഈ മുന്നേറ്റം വിജയം കണ്ടിരിക്കുന്നു. ബ്രേക്ക് ദി കര്‍ഫ്യു  മുന്നേറ്റം അങ്ങനെ ‘റിലേറ്റീവ് ഡിപ്രിവഷന്‍ സിദ്ധാന്തത്തിന്റെ’ ശാസ്ത്രീയ തെളിവ് തന്നെയാണ്.

ലേഖകന്‍ സാമൂഹ്യശാസ്ത്രത്തില്‍ ബിരുദാനന്തര ബിരുദധാരിയാണ്

(തുടരും)

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Be the first to write a comment.

Leave a Reply