വീണ്ടെടുക്കാം ഗാന്ധിയന്‍ രാഷ്ട്രീയം

സാമ്പത്തികപരിഷ്‌കാരങ്ങളുടെ പ്രത്യാഘാതങ്ങള്‍ സാമ്പത്തികരംഗത്തു മാത്രമൊതുങ്ങിനിന്നില്ല. സമാന്തരമായി രാഷ്ട്രീയരംഗത്ത് പുതിയൊരു സംസ്‌കാരം തന്നെ ഉടലെടുത്തു. മുമ്പ് സാമ്പത്തികപ്രവര്‍ത്തനങ്ങളുടെ ദിശ നിര്‍ണയിച്ചിരുന്നത് രാഷ്ട്രീയമാണെങ്കില്‍ ഇന്ന് രാഷ്ട്രീയത്തിന്റെ ഗതിവിഗതികള്‍ നിയന്ത്രിക്കുന്നത് സാമ്പത്തികശക്തികളായി ഗരീബി ഹഠാവോ, മുദ്രാവാക്യത്തിനുപകരം രാഷ്ട്രീയകക്ഷികള്‍ ഇന്നു സംസാരിക്കുന്നത് മൂലധനനിക്ഷേപസൌഹൃദനയങ്ങളെക്കുറിച്ചും , വ്യവസായിക ഇടനാഴികളെക്കുറിച്ചും ,അതിവേഗപാതകളെക്കുറിച്ചും , നഗരപ്രൌഡികളെക്കുറിച്ചുമാണ്. ഗാന്ധിയന്‍ കളക്ടീവ് ഇന്ത്യയുടെ കേരളാ കോര്‍ഡിനേറ്റര്‍ സണ്ണി പൈകട എഴുതുന്നു

”ഞാന്‍ നിങ്ങള്‍ക്ക് ഒരു രക്ഷാകവചം തരാം. നിങ്ങള്‍ സംശയഗ്രസ്തരാകുകയോ നിങ്ങളുടെ സ്വാര്‍ത്ഥചിന്ത അധികമാവുകയോ , ചെയ്യുമ്പോള്‍ ഇതൊന്നു പരീക്ഷിച്ചുനോക്കൂ . നിങ്ങള്‍ കണ്ടിട്ടുള്ളതില്‍ വച്ചേറ്റവും ദരിദ്രനും ദുര്‍ബ്ബലനുമായ മനുഷ്യന്റെ മുഖം ഓര്‍മ്മിക്കുക . എന്നിട്ട് നിങ്ങളെടുക്കാന്‍ പോകുന്ന നടപടി അയാള്‍ക്ക് എന്ത്, ഗുണം ചെയ്യും ,അത് എന്ത് നേട്ടമുണ്ടാക്കും , അല്ലെങ്കില്‍ അയാളുടെ ജീവിതത്തിന്റെ ഗതി നിര്‍ണയിക്കാന്‍ സഹായിക്കുമോ എന്ന് സ്വയം ചോദിക്കുക. മറ്റൊരു വാക്കില്‍ പറഞ്ഞാല്‍ അത് വിശക്കുന്നവരും ആത്മീയദാരിദ്ര്യം അനുഭവിക്കുന്നവരുമായ ദശലക്ഷക്കണക്കിന് ആളുകളെ സ്വരാജിലേയ്ക്ക് നയിക്കുമോ ? അപ്പോള്‍ നിങ്ങളുടെ സംശയങ്ങളും നിങ്ങളും ഉരുകിപ്പോകുന്നതായി നിങ്ങള്‍ക്ക് കാണാന്‍ കഴിയും ‘ ഇത് ഗാന്ധിജി , ഇന്ത്യ സ്വതന്ത്രയാകുന്നതിന് മുമ്പ് അധികാരത്തില്‍ വന്ന പ്രവശ്യാ ഗവണ്‍മെന്റുകളിലെ ഇന്ത്യാക്കാരായ മന്ത്രിമാര്‍ക്ക് ഉപദേശിച്ച മന്ത്രമാണ്. ഈ കോവിഡ് കാലത്ത് ആ മന്ത്രം വീണ്ടും ഓര്‍മ്മപ്പെടുത്താന്‍ , പരിസ്ഥിതി ദിനമായ ജൂണ്‍ 5 മുതല്‍ ദേശീയതലത്തില്‍ ഒരു സത്യാഗ്രഹം നടന്നുവരുന്നു. ഗാന്ധിജിയുടെ ഇന്ത്യ ദരിദ്രരെ മറക്കാത്ത രാഷ്ട്രീയം ആവശ്യപ്പെടുന്നു. (Gandhiji ‘s India Demands Politics for the poor ). എന്ന മുദ്രാവാക്യമാണ് സത്യാഗ്രഹമുയര്‍ത്തുന്നത് കര്‍ഷകരെ , തൊഴിലാളികളെ , ഗ്രാമീണസമ്പദ്ഘടനയെ , പരിസ്ഥിതിയെ രക്ഷിക്കുക എന്നതാണ് പ്രധാന ആവശ്യങ്ങള്‍ . ഈ ആവശ്യങ്ങളുടെ ചുവടുപിടിച്ച് അടിയന്തിര പ്രാധാന്യത്തോടെ നടപ്പിലാക്കേണ്ട പത്തുകാര്യങ്ങള്‍ സത്യാഗ്രഹം അക്കമിട്ടുനിരത്തുന്നു.

ദക്ഷിണാഫ്രിക്കയില്‍ നിന്ന് മടങ്ങിയെത്തിയ ഗാന്ധിജി ഇന്ത്യയില്‍ നടത്തിയ ആദ്യസത്യാഗ്രഹസ്ഥലമായ ചമ്പാരനിലാണ് ഇപ്പോള്‍ നടന്നുവരുന്ന സത്യാഗ്രഹത്തിന് തുടക്കം കുറിച്ചത്. 1917 ലായിരുന്നു ഗാന്ധിജി നയിച്ച ചമ്പാരന്‍ സത്യാഗ്രഹം. അവിടുത്തെ നീലം കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ ഉന്നയിച്ച് നടത്തിയ സത്യാഗ്രഹം ഒരു നൂറ്റാണ്ടും മൂന്നു വര്‍ഷവും പൂര്‍ത്തിയാക്കിയപ്പോള്‍ അതേ മണ്ണില്‍ നിന്ന് കര്‍ഷകര്‍ക്കും തൊഴിലാളികള്‍ക്കും ഗ്രാമീണസമ്പദ്ഘടനക്കും പരിസ്ഥിതിക്കും സംരക്ഷണമാവശ്യപ്പെട്ട് മറ്റൊരു സത്യാഗ്രഹമാരംഭിക്കേണ്ടിവന്നിരിക്കുന്നു. ഒരുമാസം പിന്നിട്ട സത്യാഗ്രഹത്തില്‍ കേരളം മുതല്‍ മണിപ്പൂരും ത്രിപുരയും വരെ , ഒറീസ മുതല്‍ ഗുജറാത്ത് വരെ പതിനെട്ടോളം സംസ്ഥാനങ്ങളില്‍ നിന്നുള്ള സത്യാഗ്രഹികള്‍ ഈ യജ്ഞത്തില്‍ കണ്ണികളായി . മാഗ്‌സസെ അവാര്‍ഡ് ജേതാവും സോഷ്യലിസ്റ്റുമായ സന്ദീപ് പാണ്ഡെ., ജെ പി മൂവ്‌മെന്റിന്റെ മുന്നണിപ്പോരാളികളായിരുന്ന സുരേന്ദ്രകുമാര്‍ , കുമാര്‍കലാനന്ദ് മണി ,ആണവനിലയവിരുദ്ധപോരാളി എസ്.പി ഉദയകുമാര്‍ , കൊക്കക്കോളാവിരുദ്ധ സമരനായകന്‍ വിളയോടി വേണുഗോപാല്‍, അക്കാഡമികരംഗത്തും സാമൂഹ്യരംഗത്തും ഒരുപോലെ ശ്രദ്ധേയയായ പ്രൊഫ.ഇന്ദിരാമ്മ , ഗ്രാമപുനര്‍നിര്‍മ്മാണ രംഗത്ത് പതിറ്റാണ്ടുകളുടെ പ്രവര്‍ത്തന പാരമ്പര്യമുള്ള കബിദാറാണി പരിദെ തുടങ്ങിയ ഒട്ടേറെ പ്രമുഖരും കൂടാതെ നിരവധി യുവാക്കളും ഈ സത്യാഗ്രഹത്തില്‍ പങ്കെടുത്തുകഴിഞ്ഞു. 24 മണിക്കൂര്‍ വീതമുള്ള റിലേ ഉപവാസമാണ് സത്യാഗ്രഹത്തിന്റെ ഭാഗമായി നടക്കുന്നത്. കണ്ണി മുറിയാതെ രാജ്യത്തിന്റെ ഏതെങ്കിലും ഭാഗത്ത് ജൂണ്‍ 5 മുതല്‍ ഇത് തുടരുന്നു. സത്യാഗ്രഹത്തിന്റെ ഈ ഒന്നാം ഘട്ടം ഗാന്ധിജയന്തിദിനമായ ഒക്ടോബര്‍ 2 വരെ തുടരും. ഓരോ ആഴ്ചയിലെയും സത്യാഗ്രഹികളെ മുന്‍കൂട്ടി പ്രഖ്യാപിക്കുകയും ഓരോ ആള്‍ക്കും സത്യാഗ്രഹദിനം നിശ്ചയിക്കുകയും ചെയ്യുന്നു എന്ന് മാത്രമല്ല,സത്യാഗ്രഹിയുടെ ഫോട്ടോയും സാമൂഹിക പശ്ചാത്തലവും സത്യാഗ്രഹതലേന്ന് സോഷ്യല്‍ മീഡിയാവഴി പ്രചരിപ്പിക്കുകയും ചെയ്യുന്നു.

വളരെ ആലോചിച്ചുറച്ച് സംഘടിപ്പിക്കപ്പെട്ടതോ , രാജ്യവ്യാപകമായ സംഘടനാസംവിധാനങ്ങളുള്ള ഒരു പ്രസ്ഥാനത്തിന്റെ കരുത്തില്‍ തീരുമാനിക്കപ്പെട്ടതോ അല്ല , ഈ സത്യാഗ്രഹം. പൌരത്വ ഭേദഗതി നിയമത്തിനെതിരെയുള്ള സമരകാലത്ത് ആ വിഷയത്തിലുള്ള ഗാന്ധിയന്‍ നിലപാടുകള്‍ ഉയര്‍ത്തിപ്പിടിക്കാന്‍ കേരളത്തില്‍ ആരംഭിച്ച പരിശ്രമങ്ങളുടെ അപ്രതീക്ഷിതവികാസമാണിത്. CAA വിരുദ്ധസമരത്തിന്റെ ഭാഗമായി തീരുമാനിക്കപ്പെട്ട സത്യാഗ്രഹം ലോക്ക് ഡൌണ്‍ കാരണം നടക്കാതെപോയി . എന്നാല്‍ ലോക്ക് ഡൌണ്‍ കാലത്ത് അതിഥിത്തൊഴിലാളികളുടെ കൂട്ടപ്പാലായനത്തിന്റെ ദുരന്ത ചിത്രങ്ങള്‍ മാധ്യമങ്ങളിലൂടെയറിഞ്ഞപ്പോള്‍, ആ വിഷയത്തില്‍ രാജ്യമനസ്സാക്ഷിയുണര്‍ത്താന്‍ മുന്‍പിന്‍ നോക്കാതെ ഏപ്രില്‍ 2 ന് ദേശീയതലത്തില്‍ ഒരു ഉപവാസദിനാചരണത്തിന് ആഹ്വാനം നല്കുകയാണ് ചെയ്തത്. ആ നീക്കത്തിന് പ്രതീക്ഷയില്‍കവിഞ്ഞ പ്രതികരണമാണ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ലഭിച്ചത്. ആ പരിപാടി ലോക്ക് ഡൌണ്‍ കാലത്ത് രാജ്യത്ത് നടന്ന ആദ്യസാമൂഹ്യപ്രതികരണമായിരുന്നു. അതിന് ലഭിച്ച പിന്തുണയെതുടര്‍ന്ന് സോഷ്യല്‍മീഡിയായിലൂടെ നടത്തിയ ആശയവിനിമയങ്ങള്‍ ഗാന്ധിയന്‍ കളക്ടീവ് ഇന്ത്യ എന്ന കൂട്ടായ്മയിലേക്ക് വികസിക്കുകയാണ് ചെയ്തത് . അങ്ങനെ രൂപപ്പെട്ട ഗാന്ധിയന്‍ കളക്ടീവിന്റെ നേതൃത്വത്തിലാണ് ജൂണ്‍ 5 മുതലുള്ള സത്യാഗ്രഹം നടന്നുവരുന്നത്.

ദരിദ്രരെ മറക്കാത്ത രാഷ്ട്രീയം ആവശ്യപ്പെട്ടിട്ടുള്ള സത്യാഗ്രഹം വേണ്ടിവന്നതെന്തുകൊണ്ട് എന്ന കാര്യം ശ്രദ്ധേയമാണ്. ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തിന്റെ നേതൃത്വത്തിലേക്ക് ഗാന്ധിജി വന്നപ്പോള്‍ അതിനൊരു ദിശാബോധമുണ്ടായി. സമരമാര്‍ഗ്ഗം സംബന്ധിച്ച് മാത്രമായിരുന്നില്ല ആ ദിശാബോധം . വിദേശാധിപത്യത്തില്‍ നിന്ന് മോചിതയാവുക എന്നതിനപ്പുറമുള്ള ഒരു ലക്ഷ്യം സ്വാതന്ത്ര്യസമരപ്രസ്ഥാനത്തിന് കൈവന്നു. ഇന്ത്യയിലെ ദരിദ്രജനകോടികളുടെ മുഖത്ത് സംതൃപ്തിയുടെയും പരസ്പരവിശ്വാസത്തിന്റെയും മന്ദഹാസം വിരിയുക എന്നതായിരുന്നു ആ ലക്ഷ്യം. അതുകൊണ്ടാണ് വൈദേശികഭരണത്തിനെതിരായ സമരത്തോടൊപ്പം പതിനെട്ടിന നിര്‍മ്മാണ പരിപാടികളും ദേശീയപ്രസ്ഥാനത്തിന്റെ ഭാഗമായത്. അയിത്തോച്ചാടന പ്രവര്‍ത്തനങ്ങള്‍ മുതല്‍ ഖാദി-ഗ്രാമവ്യവസായങ്ങളുടെ പുനരുജ്ജീവനം വരെ , സര്‍വ്വധര്‍മ്മസമഭാവനയ്കായുള്ള പരിശ്രമങ്ങള്‍ മുതല്‍ നയിതാലിം വിദ്യാഭ്യാസപദ്ധതിവരെയുള്ള എല്ലാ നിര്‍മ്മാണപരിപാടികളുടെയും ലക്ഷ്യം സാധാരണക്കാര്‍ക്ക് ഇടം ലഭിക്കുന്നതും അവരില്‍ ആത്മാഭിമാനബോധവും പരസ്പരവിശ്വാസവും നിറക്കുന്നതുമായ ഒരു ഇന്ത്യയെ കെട്ടിപ്പടുക്കുക എന്നതായിരുന്നു. അതിനായി സാധാരണ ജനങ്ങള്‍ക്ക് പങ്കാളികളാകാവുന്ന സാങ്കേതികവിദ്യയുടെ പ്രചരണം, സ്വദേശി സംസ്‌കാരം വളര്‍ത്താനുള്ള നീക്കങ്ങള്‍, ഗ്രാമകേന്ദ്രീകൃത അധികാര ഘടനയ്ക്കായുള്ള ശ്രമങ്ങള്‍ , സര്‍വ്വോപരി സാധാരണക്കാരെ നിര്‍ഭയരും പോരാളികളുമാക്കുന്ന അഹിംസാത്മകമായ ചെറുത്തുനില്‍പുകളുടെ പരമ്പരകളുമടങ്ങുന്ന ഒരു സമഗ്രരാഷ്ട്രീയമായിരുന്നു ഗാന്ധിജി മുന്നോട്ടുകൊണ്ടുപോയത് .

എന്നാല്‍ സ്വാതന്ത്യം ലഭിച്ചപ്പോള്‍ ഗാന്ധിയന്‍ രാഷ്ട്രീയത്തിന്റെ പാതയിലൂടെയല്ല ഇന്ത്യന്‍ ഭരണാധികാരികള്‍ സഞ്ചരിച്ചത്. ബ്രിട്ടീഷ് ഭരണസംവിധാനങ്ങളുടെ തുടര്‍ച്ച ഇവിടെ ഉറപ്പിക്കുകയാണവര്‍ ചെയ്തത് .എങ്കിലും പാവപ്പെട്ടവന്‍ പരിഗണന കൊടുക്കുന്ന ഭരണപരമായ നടപടികളും നയങ്ങളും കേന്ദ്ര-സംസ്ഥാന ഭരണകൂടങ്ങളില്‍ നിന്ന് സ്വതന്ത്ര ഇന്ത്യയുടെ ആദ്യദശകങ്ങളില്‍ ഉണ്ടായി എന്നത് വിസ്മരിക്കാനാവില്ല. രാഷ്ട്രീയപാര്‍ട്ടികളുടെ മുദ്രാവാക്യങ്ങളും തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങളുമെല്ലാം സാധാരണക്കാരെ പരിഗണിച്ചുകൊണ്ടുള്ളതായിരുന്നു. ഗരീബി ഹഠാവോ പോലുള്ള മുദ്രാവാക്യങ്ങള്‍ ആ നിലയ്ക്കുള്ളതായിരുന്നു. എന്നാല്‍ ഇന്ത്യന്‍ ഭരണവ്യവസ്ഥയുടെ മുന്‍ഗണനകള്‍ കീഴ്‌മേല്‍ മറിയുന്നത്. തൊണ്ണൂറുകളില്‍ നടപ്പിലാക്കിത്തുടങ്ങിയ സാമ്പത്തിക പരിഷ്‌കാരങ്ങള്‍വഴി വിപണിവ്യവസ്ഥയുടെ ഓട്ടപന്തയത്തിലേക്ക് ഇന്ത്യന്‍ ജനതയെ ഒന്നടങ്കം തള്ളിവിട്ടതുമുതലാണ് സ്വാഭാവികമായും ആ ഓട്ടമത്സരത്തില്‍ ദരിദ്രഭൂരിപക്ഷം ദയനീയമായി പരാജയപ്പെട്ടു. കര്‍ഷകരുടെയും തൊഴിലാളികളുടെയും സ്ഥിതി ദയനീയമായി. ഗ്രാമീണസമ്പദ് വ്യവസ്ഥ താറുമാറായി. വിപണി കോര്‍പ്പറേറ്റുകളുടെ പിടിയിലായി എന്നു മാത്രമല്ല, രാജ്യത്തെ പ്രകൃതിവിഭവങ്ങളും അവര്‍ കൊള്ളയടിച്ചു. ഫലമോ ഗുരുതരമായ പാരിസ്ഥിതികത്തകര്‍ച്ചയ്ക്ക് കഴിഞ്ഞ കാല്‍നൂറ്റാണ്ട് സാക്ഷിയായി. സാമ്പത്തികപരിഷ്‌കരണങ്ങളുടെ ഇപ്പോഴും തുടരുന്ന ഓരോ നടപടിയും ഈ ദുരന്തപ്രക്രിയകളെ ത്വരിതപ്പെടുത്തുന്നവയാണ്. ഇതിന്റെ മറുവശമെന്താണ്? ലോകത്തിലെ അതിസമ്പന്നരുടെ പട്ടികയില്‍ ഇന്ത്യയിലെ ചിലര്‍ക്ക് മുന്തിയസ്ഥാനം ലഭിച്ചു. ഭൂരിപക്ഷവും നിരാലംബരാക്കപ്പട്ടതിനെക്കാള്‍ വാര്‍ത്താ പ്രാധാന്യം ലഭിച്ചത് വിരലിലെണ്ണാവുന്ന അതിസമ്പന്നരുടെ നേട്ടങ്ങള്‍ക്കാണ്. ജി.ഡി.പി വളര്‍ച്ചാനിരക്ക് കാണിച്ച് ഊറ്റം കൊള്ളുന്നു , രാഷ്ട്രീയനേതൃത്വങ്ങളും ആസൂത്രണവിദഗ്ദരും .

സാമ്പത്തികപരിഷ്‌കാരങ്ങളുടെ പ്രത്യാഘാതങ്ങള്‍ സാമ്പത്തികരംഗത്തു മാത്രമൊതുങ്ങിനിന്നില്ല. സമാന്തരമായി രാഷ്ട്രീയരംഗത്ത് പുതിയൊരു സംസ്‌കാരം തന്നെ ഉടലെടുത്തു. മുമ്പ് സാമ്പത്തികപ്രവര്‍ത്തനങ്ങളുടെ ദിശ നിര്‍ണയിച്ചിരുന്നത് രാഷ്ട്രീയമാണെങ്കില്‍ ഇന്ന് രാഷ്ട്രീയത്തിന്റെ ഗതിവിഗതികള്‍ നിയന്ത്രിക്കുന്നത് സാമ്പത്തികശക്തികളായി ഗരീബി ഹഠാവോ, മുദ്രാവാക്യത്തിനുപകരം രാഷ്ട്രീയകക്ഷികള്‍ ഇന്നു സംസാരിക്കുന്നത് മൂലധനനിക്ഷേപസൌഹൃദനയങ്ങളെക്കുറിച്ചും , വ്യവസായിക ഇടനാഴികളെക്കുറിച്ചും ,അതിവേഗപാതകളെക്കുറിച്ചും , നഗരപ്രൌഡികളെക്കുറിച്ചുമാണ്. നിയമനിര്‍മ്മാണസഭകള്‍ ഇതിനെല്ലാമുള്ള നയങ്ങളും നിയമങ്ങളും അംഗീകരിക്കുന്ന (കാര്യമായ ചര്‍ച്ചകളില്ലാതെ ) വേദികളായി. ഇക്കാര്യത്തില്‍ ഭാരതീയസംസ്‌കാരം പറയുന്ന ബി.ജെ.പി.യും ,ഗാന്ധിയന്‍ പൈതൃകം അവകാശപ്പെടുന്ന കോണ്‍ഗ്രസ്സും ചൂഷിതന്റെ മോചനത്തെക്കുറിച്ച് വാചാലരാവുന്ന കമ്മ്യൂണിസ്റ്റുകളും ഒരേ സ്വരത്തില്‍ സംസാരിക്കുന്നു. തിരഞ്ഞെടുപ്പു കളില്‍ വോട്ടുപിടിക്കാന്‍ ഇനി ദേശസ്‌നേഹം , വര്‍ഗ്ഗീയത , വംശീയത തുടങ്ങിയ വൈകാരിക വിഷയങ്ങളും തിരഞ്ഞെടുപ്പടുക്കുമ്പോള്‍ കൊടുക്കുന്ന നക്കാപ്പിച്ച സൌജന്യങ്ങളുടെ ”കിറ്റ് രാഷ്ട്രീയവും” മതിയെന്നവര്‍ കണ്ടെത്തിയിരിക്കുന്നു. ഈയൊരു പശ്ചാത്തലത്തിലാണ് ഗാന്ധിജിയുടെ ഇന്ത്യ ദരിദ്രനെ മറക്കാത്ത രാഷ്ട്രീയമാവശ്യപ്പെടുന്നു എന്ന മുദ്രാവാക്യവും അത് മുന്‍നിര്‍ത്തിയുള്ള സത്യാഗ്രഹവും പ്രസക്തമാവുന്നത്. ഈ നീക്കം സാവകാശം ജൈവികവളര്‍ച്ച നേടി ഇന്ത്യയിലെ ജനശബ്ദമായി മാറുമോ എന്നത് ഇപ്പോള്‍ പറയാനാവില്ല. ഈ സത്യാഗ്രഹത്തോടും അതുയര്‍ത്തുന്ന മുദ്രാവാക്യങ്ങളോടും ഇന്ത്യയിലെ ചിന്തിക്കുന്ന ജനങ്ങളും പ്രസ്ഥാനങ്ങളും എന്തു നിലപാട് സ്വീകരിക്കുന്നു എന്നതിനെ ആശ്രയിച്ചാണീ നീക്കത്തിന്റെ ഭാവി.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: National | Tags: , | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply