ഒരാള്‍ ജീവിച്ചതിന്റെ തെളിവ്
രാമചന്ദ്രന്‍ നായര്‍ക്ക് പിന്നീടുള്ള കാലം മുഴുവന്‍ പീഡനങ്ങള്‍. വര്‍ഗ്ഗീസിനെ കൊന്ന രഹസ്യം പുറത്തു പറയുമോ എന്ന ഭയത്താല്‍ നിരന്തരം ട്രാന്‍സ്ഫര്‍. ലക്ഷദ്വീപ്, കല്‍ക്കട്ട, നാഗാലാന്റ്… ഇടക്ക് ഡിസ്മിസ്. അപ്പീല്‍ കൊടുത്ത് വീണ്ടും ജോലിയില്‍. കല്‍ക്കട്ടയിലും നക്‌സല്‍ വേട്ട കണ്ടു. പോലീസ് പിടികൂടിയ ചാരുമഞ്ജുദാറെ കാണാനും വിധിയുണ്ടായി. ഏതാനും ദിവസത്തിനുള്ളില്‍ വിഷം കൊടുത്ത് മഞ്ജുദാരെ കൊന്നതായും അറിഞ്ഞു. മറക്കാന്‍ കഴിയാത്ത വേറേയും അനുഭവങ്ങള്‍..
കോണ്‍സ്റ്റബിള്‍ രാമചന്ദ്രന്‍ നായരുടെ ആത്മകഥയെ കുറിച്ച് വര്‍ഷങ്ങള്‍ക്കു മുമ്പെഴുതിയ കുറിപ്പ്. വര്‍ഗ്ഗീസ് ദിനത്തിന്റെ പശ്ചാത്തലത്തില്‍ പുനപ്രസിദ്ധീകരിക്കുന്നു.
‘ഇവനെ കൊല്ലാനാണ് തീരുമാനം. നിങ്ങളില്‍ ആര്‍ ഇവനെ വെടിവെയ്ക്കും?’
ആരും ഒന്നും മിണ്ടിയില്ല. ലക്ഷ്മണയുടെ കര്‍ക്കശസ്വരം വീണ്ടും. ‘തയ്യാറെടുത്തവര്‍ കൈ പൊക്കുക’.
മറ്റു മൂന്നുപേരും മടിച്ചു മടിച്ചു കൈപൊക്കി. ഞാന്‍ കൈ പൊക്കാന്‍ കൂട്ടാക്കിയില്ല.
‘നിനക്കെന്താ പറ്റില്ലേ?’
‘ഇയാളെ ഞങ്ങള്‍ ജീവനോടെയല്ലേ പിടിച്ചത്? ഇയാള്‍ ഞങ്ങളോട് എതിര്‍ത്തില്ല. ഇയാളെ കോടതിയില്‍ ഹാജരാക്കുകയല്ലേ വേണ്ടത്?’ ഞാന്‍ ചോദിച്ചു.
‘ബ്ലഡി. അത് നീയാണോ തീരുമാനിക്കുന്നത്?’ ലക്ഷ്മണ പറഞ്ഞു. ‘നീ തന്നെ ചെയ്യണം. ഇല്ലെങ്കില്‍ നക്‌സലൈറ്റ് അക്രമണത്തില്‍ ഒരു പോലീസുകാരന്‍ കൂടി കൊല്ലപ്പെട്ടേക്കാം.’
ഞാന്‍ വര്‍ഗ്ഗീസിന്റെ മുഖത്തേക്ക് പാളി നോക്കി. ഒരു നിമിഷം ആലോചിച്ചു. പിന്നെ വര്‍ഗ്ഗീസിനെ കൊല്ലാന്‍ തന്നെ തീരുമാനിച്ചു. ‘ഞാന്‍ ചെയ്യാം.’ ശബ്ദമുയര്‍ത്തി പറഞ്ഞു. ട്രിഗര്‍ വലിച്ചു. വെടി പൊട്ടി. കൃത്യം ഇടത്തെ നെഞ്ചെത്ത്. വെടിയുടെ ശബ്ദത്തെ മറച്ച് വര്‍ഗ്ഗീസിന്റെ അവസാനശബ്ദം ഉയര്‍ന്നു. ‘മാവോ ഐക്യം സിന്ദാബാദ്, വിപ്ലവം ജയിക്കട്ടെ.’
ഈ ഏറ്റുപറച്ചിലോടെ ആദ്യമായി ഒരു പോലീസുകാരന്‍ ചരിത്രത്തില്‍ ഇടം തേടി. കോണ്‍സ്റ്റബിള്‍ രാമചന്ദ്രന്‍ നായര്‍. മരിക്കുന്നതിനുമുമ്പ് ‘ഞാന്‍ ജീവിച്ചു എന്നതിനു തെളിവ്’ എന്ന പേരില്‍ തന്റെ ജീവിതം അദ്ദേഹം പുസ്തകരൂപത്തിലുമാക്കി. 2005ല്‍. പൊക്കുടന്റെ, സി.കെ ജാനുവിന്റെ, നളിനി ജമീലയുടെ, വിനയയുടെ ഓര്‍മക്കുറിപ്പുകള്‍ പൊലെ മലയാളത്തിലെ സബാള്‍ട്ടന്‍ ആവിഷ്‌കാരങ്ങളില്‍ ഒന്ന് ഇതെന്ന് അവതാരികയില്‍ സിവിക് ചന്ദ്രന്‍. ഇന്നസെന്റ്, ജഗതി, മാമുകോയ, ഇന്ദ്രന്‍സ് വേഷങ്ങളായി അപഹസിക്കപ്പെടുന്ന സാദാ കോണ്‍സ്റ്റബിള്‍മാരുടെ അന്തസ്സ് വീണ്ടെടുത്തു രാമചന്ദ്രന്‍ നായര്‍. ഒപ്പം മമ്മുട്ടിയും സുരേഷ്‌ഗോപിയും പൃഥ്വീരാജും പ്രതിനിധീകരിക്കുന്ന ലക്ഷ്മണമാരുടെ യഥാര്‍ത്ഥമുഖവും വെളിവാക്കി.
1970 ഫെബ്രുവരി ആദ്യ ആഴ്ച. തിരുനെല്ലി, തൃശിലേരി ആക്ഷനുകള്‍ നടന്നു കഴിഞ്ഞിരുന്നു. നക്‌സലൈറ്റുകളെ കീഴടക്കാന്‍ സബ് ഇന്‍സ്‌പെക്ടര്‍ എ.കെ ആചാരിക്കൊപ്പം രാമചന്ദ്രന്‍ നായരടങ്ങുന്ന സി.ആര്‍.പി ഗ്രൂപ്പ് തിരുനെല്ലിയിലെത്തി. തിരുനെല്ലി ക്ഷേത്രത്തിന്റെ ഊട്ടുപുരയില്‍ ക്യാമ്പ്. 18-ാം തിയതി. തന്റെ കൂരയില്‍ ഉറങ്ങിയിരുന്ന വര്‍ഗ്ഗീസിനെ ഒറ്റി കൊടുത്തത് ഒരു കര്‍ഷകതൊഴിലാളി തന്നെ. അകത്തു വര്‍ഗ്ഗീസാണെന്ന് പറഞ്ഞപ്പോള്‍ താനടക്കമുള്ള പോലീസുകാരുടെ റൈഫിള്‍ പിടിച്ച കൈകള്‍ വിറച്ചതായി രാമചന്ദ്രന്‍ നായര്‍ പറയുന്നു. ജീപ്പില്‍ കൊണ്ടുപോകുമ്പോള്‍ തന്നെ കെല്ലാനാണ് കൊണ്ടുപോകുന്നതെന്ന് വര്‍ഗ്ഗീസ് പറഞ്ഞത്രെ. ഞങ്ങള്‍ സി.ആര്‍.പിക്കാര്‍ അറസ്റ്റ് ചെയ്തുകഴിഞ്ഞവരെ ഉപദ്രവിക്കില്ല എന്നു പറഞ്ഞപ്പോള്‍ ചിരിച്ചുകൊണ്ട് വര്‍ഗ്ഗീസ് ആവശ്യപ്പെട്ടത് വെടി വെക്കുന്നതിനുമുമ്പ് മുദ്രാവാക്യം വിളിക്കാന്‍ അവസരം നല്‍കണമെന്നു മാത്രം. മനുഷ്യസ്‌നേഹിയായ ആ വിപ്ലവകാരിയെ താനപ്പോള്‍ മനസ്സില്‍ ആരാധിച്ചുപോയതായും രാമചന്ദ്രന്‍ നായര്‍ കൂട്ടി ചേര്‍ക്കുന്നു. എങ്കിലും ചോദിച്ചു. എന്തിനാണ് ഈ പൊല്ലാപ്പിനൊക്കെ പോകുന്നത്? വര്‍ഗ്ഗീസിന്റെ മറുപടി ചെഗുവരെയെ കുറിച്ചായിരുന്നു. 1960-64 കാലയളവില്‍ തോട്ടം തൊഴിലാളിയായിരുന്നപ്പോള്‍ കമ്യൂണിസ്റ്റ് സ്റ്റഡി ക്ലാസ്സുകളില്‍ പങ്കെടുത്ത ഓര്‍മ്മയാണ് രാമചന്ദ്രന്‍ നായര്‍ക്കപ്പോള്‍ ഉണ്ടായത്. അതിനുമുമ്പും ശേഷവും ആന്ധ്രയിലും കല്‍ക്കട്ടയിലും തങ്ങള്‍ നക്‌സലൈറ്റുകളെ പിടി കൂടി പോലീസിലേല്പിച്ചിട്ടുണ്ടെന്നും പിടിക്കപ്പെട്ടു കഴിഞ്ഞാല്‍ അവരുടെ ശൂരതയെല്ലാം ഇല്ലാതാകുന്ന അനുഭവമാണ് കണ്ടിട്ടുള്ളതെന്നും രാമചന്ദ്രന്‍ നായര്‍ ഓര്‍ത്തു. അതായിരുന്നില്ല വര്‍ഗ്ഗീസ്. പാപികളില്‍ നിന്ന് തങ്ങളെ രക്ഷിക്കാനാണ് യേശുക്രിസ്തു ജനിച്ചതെന്ന് വിശ്വസിക്കുന്ന ഇസ്രായേല്‍ ജനതയെപോലെ തങ്ങളെ അടിമത്തത്തില്‍ നിന്ന് രക്ഷിക്കാനെത്തിയ പെരുമനായിരുന്നു വര്‍ഗ്ഗീസ് എന്നു ആദിവാസികള്‍ വിശ്വസിക്കാന്‍ കാരണം മറ്റൊന്നായിരുന്നില്ല.
ആദിവാസികള്‍ എന്നും തിരി കൊളുത്തുന്ന ഇന്നത്തെ വര്‍ഗ്ഗീസ്പാറയില്‍ കൈകെട്ടി, കണ്ണുകെട്ടി ഇരുത്തിയിരുന്ന വര്‍ഗ്ഗീസിന് ലക്ഷ്മണയും മറ്റും കാണാതെ ചോറുരുട്ടി കൊടുത്തു രാമചന്ദ്രന്‍ നായര്‍. പിന്നെ കത്തിച്ച ബീഡി. ചോറു കൊടുത്ത കൈകള്‍ കൊണ്ടുതന്നെ അറുകൊല.. തന്റെ ചാഞ്ചാട്ടം കണ്ടപ്പോള്‍ സംഭവം ഒറ്റികൊടുക്കാതിരിക്കാന്‍ വേണ്ടിയാണ് തന്നെ കൊണ്ടുതന്നെ അത് ചെയ്യിക്കുന്നതെന്ന് രാമചന്ദ്രന്‍ നായര്‍ക്ക് മനസ്സിലായി. ഒരു നിമിഷം താന്‍ ഭീരുവായി. സ്വാര്‍ത്ഥനായി. മനസ്സുകൊണ്ട് യാത്രാമൊഴി നല്‍കി മുദ്രാവാക്യം വിളിക്കാന്‍ സൂചന നല്‍കി കാഞ്ചി വലിച്ചു. അപ്പോഴേക്കു മുന്‍കൂട്ടി തീരുമാനിച്ച പോലെ ആകാശത്തേക്കു വെടി, നാടന്‍ തോക്ക് മൃതദേഹത്തിനരികെ വെച്ച് ഫോട്ടോ. ഇന്നും ഇന്ത്യയിലെമ്പാടും ആവര്‍ത്തിക്കുന്ന വ്യാജ ഏറ്റുമുട്ടലുകളുടെ ആരംഭം. ജീവിതം മുഴുവന്‍ ആ വേദനയും പേറി ഭ്രാന്തനെപോലെ രാമചന്ദ്രന്‍ നായരും.
പിന്നീട് ബലറാം എന്ന വിപ്ലവകാരിയെ മാനന്തവാടിയില്‍ രഹസ്യക്യാമ്പില്‍ പാര്‍പ്പിച്ചതു കണ്ടപ്പോള്‍ അയാളേയും കൊല്ലാനായിരിക്കും പ്ലാന്‍ എന്ന് രാമചന്ദ്രന്‍ നായരും കൂട്ടരും മനസ്സിലാക്കി. ദേശാഭിമാനിക്ക് ഊമക്കത്തയച്ചതിനാല്‍ സംഗതി പുറത്തുവന്നു. അയാളെ കോടതിയില്‍ ഹാജരാക്കി. ഒരു ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞതിന്റെ ചാരിതാര്‍ത്ഥ്യം രാമചന്ദ്രന്‍ നായരുടെ വരികളില്‍.
രാമചന്ദ്രന്‍ നായര്‍ക്ക് പിന്നീടുള്ള കാലം മുഴുവന്‍ പീഡനങ്ങള്‍. വര്‍ഗ്ഗീസിനെ കൊന്ന രഹസ്യം പുറത്തു പറയുമോ എന്ന ഭയത്താല്‍ നിരന്തരം ട്രാന്‍സ്ഫര്‍. ലക്ഷദ്വീപ്, കല്‍ക്കട്ട, നാഗാലാന്റ്… ഇടക്ക് ഡിസ്മിസ്. അപ്പീല്‍ കൊടുത്ത് വീണ്ടും ജോലിയില്‍. കല്‍ക്കട്ടയിലും നക്‌സല്‍ വേട്ട കണ്ടു. പോലീസ് പിടികൂടിയ ചാരുമഞ്ജുദാറെ കാണാനും വിധിയുണ്ടായി. ഏതാനും ദിവസത്തിനുള്ളില്‍ വിഷം കൊടുത്ത് മഞ്ജുദാരെ കൊന്നതായും അറിഞ്ഞു. മറക്കാന്‍ കഴിയാത്ത വേറേയും അനുഭവങ്ങള്‍..
മനസ്സിലെ വേദനയുമായി അലഞ്ഞപ്പോള്‍ എപ്പോഴും ഓര്‍മ്മ വന്നത് വര്‍ഗ്ഗീസിന്റെ അവസാന മുദ്രാവാക്യം, ‘മാവോ ഐക്യം സിന്ദാബാദ്.’ മാവോ കൃതികള്‍ കണ്ടെത്തി വായിച്ചായിരുന്നു രാമചന്ദ്രന്‍ നായര്‍ പിന്നീട് പ്രായശ്ചിത്തം ചെയ്തത്. മനം മടുത്ത് 1976ല്‍ സി.ആര്‍.പിയില്‍നിന്ന് രാജി വെച്ചു. കുറെ കാലം വേറെ എന്തെങ്കിലും ജോലിക്ക് ശ്രമിച്ചു. കിട്ടിയില്ല. അവസാനം എത്തിയത് എം.എസ്.പിയില്‍. വീണ്ടും പോലീസ് ജീവിതം. ഓഫീസര്‍മാരുടെ വീടുപണി ചെയ്യേണ്ടി വന്നിരുന്ന സാധാരണ പോലീസുകാര്‍ അനുഭവിക്കുന്ന പീഢനങ്ങല്‍ കണ്ട് സംഘടനയുണ്ടാക്കാന്‍ ശ്രമം. അതിന്റെ ഭാഗമായി കമ്യൂണിസ്റ്റ് ബോള്‍ഷേവിക് പാര്‍ട്ടി നേതാവ് കെ.പി.ആര്‍ ഗോപാലനേയും നക്‌സലൈറ്റ് നേതാവ് എ. വാസുവിനേയും മറ്റും കാണുന്നു. എ. വാസുവിനോട് വര്‍ഗ്ഗീസിനെ വെടിവെച്ചുകൊന്ന കഥ മുഴുവന്‍ പറഞ്ഞു. വാസു ആവശ്യപ്പെട്ടതനുസരിച്ച് മുഴുവന്‍ കാര്യങ്ങളും എഴുതിയും കൊടുത്തു. സംഭവം നടന്ന് ഏഴാം വര്‍ഷത്തില്‍. എന്തിനേയും നേരിയാന്‍ തയ്യാറായി. എന്നാല്‍ വാസു സംഭവം പുറത്താക്കിയില്ല. ഒരു പക്ഷെ അന്ന് വാസു അത് വിശ്വസിച്ചിരിക്കില്ല. അരഭാഗം വരെ ചൂടുവെള്ളത്തില്‍ പൊള്ളിച്ച്, കണ്ണുകള്‍ ചൂഴ്‌ന്നെടുത്ത വര്‍ഗ്ഗീസിനെകുറിച്ചായിരുന്നു അതുവരെ അറിഞ്ഞിരുന്നത്. അതങ്ങനെ നില്ക്കട്ടെ എന്നു കരുതിയതുമാകാം. വീണ്ടും നെഞ്ചിലെരിയുന്ന കനലുകളുമായി രാമചന്ദ്രന്‍ നായര്‍.
ടോംസിന്റെ ഒരു കാര്‍ട്ടൂണില്‍ അവിടെ എത്രപേരുണ്ടെന്ന ചോദ്യത്തിന് ബോബന്‍ പറഞ്ഞ മറുപടി രാമചന്ദ്രന്‍ നായര്‍ എന്നും ഓര്‍ത്തിരുന്നു. നാലു മനുഷ്യരും ഒരു പോലീസുകാരനും. താനും വളരെ മോശപ്പെട്ട പോലീസായിരുന്നു എന്ന് രാമചന്ദ്രന്‍ നായര്‍ സമ്മതിക്കുന്നു. മദ്യപാനവും ചീട്ടുകളിയും കൈക്കൂലിയും പരസ്ത്രീ ബന്ധവും. ഭാര്യയേയോ കുടുംബത്തേയോ സ്‌നേഹിച്ചില്ല. മക്കള്‍ക്ക് ഭയം. എന്തുകൊണ്ട് നമ്മുടെ പോലീസ് ഇങ്ങനെയായി എന്ന് ഒരുപാട് ആലോചിച്ചു. ഒരു പക്ഷെ തനിക്കുണ്ടായ പോലെ മറക്കാനാകാത്ത ദുരനുഭവങ്ങള്‍ എല്ലാ പോലീസുകാരേയും വേട്ടയാടുന്നുണ്ടായിരിക്കാം. പോലീസുകാരന്‍ മനുഷ്യനാവുന്ന കാലമായിരുന്നു മരണം വരെയും അയാള്‍ സ്വപ്നം കണ്ടത്. ഭാര്യയേയും കുടുംബത്തിന്റേയും സ്‌നേഹമറിഞ്ഞത്, സ്‌നേഹം തിരിച്ചു കൊടുത്തത് റിട്ടയര്‍മെന്റിനുശേഷം. എന്നാല്‍ അതിനും സമയം കിട്ടിയില്ല. അപ്പോഴേക്കും ചെയ്ത പാതകമേറ്റുപറഞ്ഞ് ലോകത്തിനു മുന്നില്‍ ശിക്ഷയേറ്റുവാങ്ങാന്‍ തയ്യാറായി രാമചന്ദ്രന്‍ നായര്‍ നിന്നു. മുഖ്യമന്ത്രിയും ആഭ്യന്തരമന്ത്രിയും ഉള്‍പ്പെട്ട ഗൂഢാലോചനയിലെ കരു മാത്രമാണ് താനെന്നറിഞ്ഞിട്ടും അയാള്‍ ശിക്ഷ ഏറ്റുവാങ്ങാന്‍ തയ്യാറായി. ആ ന്യായീകരണത്തില്‍ തനിക്കു രക്ഷപ്പെടേണ്ട എന്ന ഉറക്കെ പറഞ്ഞ് വര്‍ഗ്ഗീസ് കൊലക്കേസില്‍ ഒന്നാം പ്രതിയായി. വര്‍ഗ്ഗീസിനെ കൊന്നതിന് ശിക്ഷയായി ജയിലില്‍ കിടക്കുക എന്നതാണ് തന്റെ അന്ത്യാഭിലാഷമെന്ന് പരസ്യമായി വിളിച്ചുപറഞ്ഞ്.. 40 വര്‍ഷം തന്നെ സഹിച്ച ഭാര്യ ശാന്തമ്മക്ക് താന്‍ ജീവിച്ചു എന്നതിന്റെ തെളിവായി ആത്മകഥ സമര്‍പ്പിച്ച്. കേസ്സില്‍ പ്രതിയായി വിയ്യൂര്‍ സെന്റര്‍ ജയിലില്‍ റിമാന്റില്‍ കഴിഞ്ഞശേഷം സാഹിത്യ അക്കാദമിയില്‍ തൃശൂരിലെ മനുഷ്യാവകാശ പ്രവര്‍ത്തകര്‍ നല്‍കിയ സ്വീകരണത്തിലും താന്‍ ജീവിച്ചു എന്നതിനു തെളിവു വേണമെന്ന് രാമചന്ദ്രന്‍ നായര്‍ പറഞ്ഞു. എന്നാല്‍ ചരിത്രത്തിലാദ്യമായി സ്വന്തം പാതകം വിളിച്ചുപറഞ്ഞ ഈ പോലീസുകാരനെ ശിക്ഷിക്കാന്‍ വിധിക്കാകുമായിരുന്നില്ല. അതിനുമുമ്പെ 2006ല്‍ അയാള്‍ പോയി. ജീവിച്ചതിന്റെ തെളിവായി പക്ഷെ ഈ പുസ്തകവും ലക്ഷ്മണക്കുള്ള ജീവപര്യന്തവും ബാക്കി വെച്ചു.
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in