ഹോമോസാപിയന്‍ എന്ന മനുഷ്യവംശത്തെ പൊതുവില്‍ കണക്കിലെടുത്തേ ഇനി മുന്നോട്ടുപോകാനാകൂ

ലോകം ഒരു വലിയ പ്രതിസന്ധിയിലേക്ക് നീങ്ങുന്നു എന്ന് അംഗീകരിക്കപ്പെട്ട സന്ദര്‍ഭത്തിലാണ് കോവിഡ് വ്യാപിക്കുന്നത്. ലോകവും ജീവിതവും ഒരു വലിയ പരിവര്‍ത്തന ദശയിലേക്ക് കടക്കാനിരുന്ന ഘട്ടത്തിലാണ് കോവിഡ് എന്നതാണ് സത്യം. ഒരു സാധാരണ പ്രതിസന്ധി എന്നതിലേറെ ലോകയുദ്ധങ്ങള്‍ക്ക് പശ്ചാത്തലമൊരുക്കിയ പഴയ ദീര്‍ഘകാല പ്രതിസന്ധികളുമായിപ്പോലും സമീകരിക്കാന്‍ പറ്റാത്ത ഒരു പ്രതിസന്ധിയാണ് ലോകം അഭിമുഖീകരിക്കുന്നത്. യഥാര്‍ത്ഥത്തില്‍ മോങ്ങാനിരുന്ന പട്ടിയുടെ തലയില്‍ വീണ തേങ്ങയുടെ പങ്ക് മാത്രമേ ഇക്കാര്യത്തില്‍ കോവിഡിനുള്ളൂ.

കോവിഡാനന്തര കാലത്തെക്കുറിച്ച് പലകോണുകളില്‍ നിന്നുള്ള വ്യത്യസ്തമായ ചര്‍ച്ചകള്‍ ഇന്ന് സജീവമാണ്. സോഷ്യലിസത്തിന്റെ വിജയമാണ് കോവിഡനുഭവങ്ങള്‍ കാണിക്കുന്നതെന്നു മുതല്‍ ഇത് ലോകയുദ്ധത്തിനു പശ്ചാത്തലമൊരുക്കിയേക്കും എന്നുവരെ കാണുന്നുണ്ട്. ലോകം ഒരു വലിയ പ്രതിസന്ധിയിലേക്ക് നീങ്ങുന്നു എന്ന് അംഗീകരിക്കപ്പെട്ട സന്ദര്‍ഭത്തിലാണ് കോവിഡ് വ്യാപിക്കുന്നത്. ലോകവും ജീവിതവും ഒരു വലിയ പരിവര്‍ത്തന ദശയിലേക്ക് കടക്കാനിരുന്ന ഘട്ടത്തിലാണ് കോവിഡ് എന്നതാണ് സത്യം. ഒരു സാധാരണ പ്രതിസന്ധി എന്നതിലേറെ ലോകയുദ്ധങ്ങള്‍ക്ക് പശ്ചാത്തലമൊരുക്കിയ പഴയ ദീര്‍ഘകാല പ്രതിസന്ധികളുമായിപ്പോലും സമീകരിക്കാന്‍ പറ്റാത്ത ഒരു പ്രതിസന്ധിയാണ് ലോകം അഭിമുഖീകരിക്കുന്നത്. യഥാര്‍ത്ഥത്തില്‍ മോങ്ങാനിരുന്ന പട്ടിയുടെ തലയില്‍ വീണ തേങ്ങയുടെ പങ്ക് മാത്രമേ ഇക്കാര്യത്തില്‍ കോവിഡിനുള്ളൂ. സൂക്ഷ്മവും സ്ഥൂലവുമായ അര്‍ത്ഥത്തില്‍ ഉല്‍പാദനമടക്കം സമ്പദ്ഘടനാപരവും രാഷ്ട്രീയവും സാമൂഹ്യവുമെല്ലാമായ വലിയ ചില ഘടനാപരമായ പരിവര്‍ത്തനങ്ങള്‍ ഉണ്ടാക്കിക്കൊണ്ടേ ഈ പ്രതിസന്ധി പരിഹൃതമാകൂ എന്നു വേണം അനുമാനിക്കാന്‍. വിശദമായ പഠനവും വിശകലനവുമെല്ലാമാവശ്യപ്പെടുന്ന ഒന്നാണിതെങ്കിലും സാമൂഹ്യ മാധ്യമത്തിന്റെ പരിമിതിക്കകത്തുള്ള ഒരു ചെറിയ കുറിപ്പാണിവിടെ ലക്ഷ്യമാക്കുന്നത്. വിശദാംശങ്ങള്‍ മാത്രമല്ലാതെ തന്നെ പലതുമിതില്‍ ഒഴിവാക്കാന്‍ നിര്‍ബന്ധിതവുമാണ്.

ബ്രിട്ടീഷ് സാമ്രാജ്യത്വത്തിന്റെ ഊര്‍ജ്ജസ്രോതസ്സ് കല്‍ക്കരിയായിരുന്നുവെങ്കില്‍ അമേരിക്കയുടേത് എണ്ണയായിരുന്നു. പാരിസ്ഥിതികമടക്കമുള്ള കാരണങ്ങളാല്‍ ബദല്‍ സ്രോതസ്സുകള്‍ക്കായുള്ള അന്വേഷണം നേരത്തേയുണ്ടായിരുന്നുവെങ്കിലും അമേരിക്കന്‍ മൂലധന താല്‍പര്യങ്ങളത് തടുത്ത് നിര്‍ത്തുകയായിരുന്നുവെന്ന് പറയാം. എന്നാലിപ്പോള്‍ അമേരിക്കയിലും എണ്ണയുല്‍പാദിപ്പിക്കുന്ന അറബ് നാടുകളിലും വരെ സൗരോര്‍ജ്ജമടക്കം പതുക്കെയാണെങ്കിലും മേല്‍ക്കൈ നേടിത്തുടങ്ങുന്നുണ്ട്. ഇത് ഓട്ടോമൊബൈലടക്കം എണ്ണയാധാരമാക്കുന്ന നിരവധി വ്യവസായങ്ങളുടെ സ്വാഭാവിക തുടര്‍ച്ചയെ പ്രതിസന്ധിയിലാക്കുന്നു. വളര്‍ന്നുവരുന്ന പരിസ്ഥിതി ബോധവും ഇതിനാക്കം കൂട്ടുന്നു. മാത്രവുമല്ല,ഇത് ഊര്‍ജ്ജ പ്രശ്‌നത്തില്‍ മാത്രമൊതുങ്ങാതെ കീടനാശിനികള്‍, ജൈവസാങ്കേതികതയുടെ ഉപയോഗം തുടങ്ങി നാനാരൂപങ്ങളില്‍ പുതിയ നിയന്ത്രണങ്ങള്‍ക്കും നിര്‍ബന്ധിതമാകുന്നു. ഫലത്തില്‍ ആധുനികതയുടെ ഭാഗമായി വളര്‍ന്നുവന്ന ശാസ്ത്രവളര്‍ച്ചയുടെ വഴികളെയും ശാസ്ത്രബോധത്തെ തന്നെയുമിത് ഒരു പരിധിവരെ ചോദ്യമുനയില്‍ നിര്‍ത്തുന്നു. വെറുമൊരു പാരിസ്ഥിതിക പ്രശ്‌നമെന്നതിനുപരി പ്രകൃതിയും മനുഷ്യനും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് നിലവിലുള്ള ധാരണകളെയുമിത് ചോദ്യം ചെയ്യുന്നു. പ്രകൃതിയും മനുഷ്യനും തമ്മിലുള്ള വൈരുദ്ധ്യത്തെക്കുറിച്ചും പ്രകൃതിയെ കീഴ്‌പ്പെടുത്തലാണ് മനുഷ്യവിജയമെന്നതിനെയുമെല്ലാം മൗലികമായി ചോദ്യം ചെയ്യുന്നു. ആധുനികതയുടെ ജ്ഞാനാടിത്തറയില്‍ വളര്‍ത്തിയെടുത്ത പരമ്പരാഗത മാര്‍ക്‌സിസ്റ്റ് ധാരണകളേയും വികസന സങ്കല്‍പങ്ങളെയുമിത് ചോദ്യം ചെയ്യുന്നു. പുതിയൊരു തത്വചിന്താപരിപ്രേക്ഷ്യത്തിന്റെകൂടെ അടിസ്ഥാനത്തില്‍ ശാസ്ത്രത്തെതന്നെ പുതിയ അടിത്തറയില്‍ പുനര്‍വായനക്കെടുക്കേണ്ടതുണ്ടെന്നിതു പറയും. നേരത്തെ തന്നെ ഉണ്ടായിരുന്നതെങ്കിലും ഇങ്ങനെ പല വൈരുദ്ധ്യങ്ങളെയും വര്‍ത്തമാന പ്രതിസന്ധി ഒരടിയന്തിര പരിഹാരത്തിന്റെ വക്കിലേക്ക് നയിക്കുന്നുണ്ട്.

ശാസ്ത്രത്തില്‍ മാത്രമല്ലാതെ, ക്ലാസിക്കല്‍ ധനതത്വശാസ്ത്രത്തിന്റെയും ആധാരശിലകളില്‍ ഇത് ആഘാതങ്ങളുണ്ടാക്കുന്നുണ്ട്. മൂല്ല്യം, മൂല്ല്യനിയമം, മിച്ചമൂല്ല്യം തുടങ്ങിയവയെല്ലാം പരമ്പരാഗത മാര്‍ക്‌സിസ്റ്റ് ധാരണകളിലേതുള്‍പ്പടെ പുതിയചോദ്യങ്ങള്‍ നേരിടുന്നു. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സും അതോടുചേര്‍ന്ന റോബൊട്ടുകളുമെല്ലാം വലിയ തോതില്‍ ഇന്ന് അണിയറയില്‍ ഒരുങ്ങിക്കൊണ്ടിരിക്കയാണ്. മൂല്ല്യവും അദ്ധ്വാനവും തമ്മിലുള്ള ബന്ധത്തെക്കുറിച്ചെല്ലാം കൂടുതല്‍ സങ്കീര്‍ണ്ണമായ സമവാക്യങ്ങള്‍ ഇതാവശ്യമാക്കി തീര്‍ക്കുന്നു. ഉല്‍പാദനപ്രക്രിയയില്‍ അധ്വാനത്തിന്റെ നേരിട്ടുള്ള പങ്ക് അധികാധികം കുറഞ്ഞുവരികയും ബൗദ്ധികാധ്വാനത്തിന്റെ തന്നെയും കൂടുതല്‍ ഉയര്‍ന്ന വിതാനങ്ങള്‍ കൂടുതല്‍ പ്രാധാന്യം നേടിവരികയുമാണ് തുടര്‍ന്നുള്ള കാലങ്ങളില്‍ സംഭവിക്കാന്‍ സാധ്യത. മൂലധനത്തിന്റെ ഘടനയിലും ഇത് മാറ്റങ്ങള്‍ക്ക് കാരണമാകുന്നുണ്ട്. വിവരമൂലധനം കൂടുതല്‍ കൂടുതല്‍ പ്രാധാന്യം കൈവരിച്ച് വരുന്നു. മൂലധനത്തെകൂടുതല്‍ ദ്രവരൂപവും ഒഴുക്കുള്ളതുമാക്കി തീര്‍ക്കുന്നുമുണ്ടിത്. മൂലധനവും അധ്വാനവും തമ്മിലുള്ള വൈരുദ്ധ്യത്തെക്കുറിച്ചുള്ള അതിലളിതമായ പരമ്പരാഗത ധാരണകളില്‍ ഇതിനെ വിശദീകരിക്കുക അസാദ്ധ്യമായിക്കൊണ്ടേയിരിക്കും. കൂടുതല്‍ സാമൂഹ്യസ്വഭാവം കൈവരിച്ചുകൊണ്ടേ പലകാരണങ്ങളാല്‍ അതിനിനി മുന്നോട്ട് വളരാനാകൂ. പ്രയുക്ത സോഷ്യലിസ്റ്റ് ഉടമസ്ഥതാ രൂപവും ബന്ധങ്ങളുമായിതിനെ തെറ്റിവായിക്കയുമരുത്. നേരത്തെ നിലനിന്നതും ഇന്നാമധാരികളുമായുള്ള സ്റ്റേറ്റുടമസ്ഥത മുതലാളിത്തത്തിന്റെ തന്നെ പലപ്പോഴും വഷളായതും ജീര്‍ണ്ണവുമായ രൂപമായി വേണം തിരിച്ചറിയുന്നത്. മാത്രവുമല്ല ദേശീയ സോഷ്യലിസമെന്നത് തന്നെ ചരിത്രത്തില്‍ കാലഹരണപ്പെട്ടുകഴിഞ്ഞതുമാണ്. ഇതിന്റെയൊക്കെ തുടര്‍ച്ചയായി വിശദീകരിക്കപ്പെട്ടതും തൊഴിലാളി-മുതലാളി ദ്വിത്വത്തില്‍ ഊന്നിയതുമായ തൊഴിലാളിവര്‍ഗ്ഗ സര്‍വ്വാധിപത്യം എന്ന ദേശീയരൂപങ്ങള്‍ തന്നെ മുതലാളിത്തത്തിനുമുമ്പും തുടര്‍ന്നുമുള്ള ചരിത്രാനുഭവങ്ങളില്‍ നിരാധാരവുമായികാണണം.

കോവിഡനുഭവങ്ങള്‍ കാണിക്കുന്നപോലെ ആരോഗ്യവിഷയങ്ങള്‍ തന്നെയും ആഗോളഗ്രാമമായി വളര്‍ന്നുകൊണ്ടിരിക്കുന്ന വര്‍ത്തമാനലോകത്ത് ദേശീയതിര്‍ത്തികള്‍ക്കകത്ത് മാത്രമായി ഒതുങ്ങുന്നില്ല. ഇന്ന് രൂപപ്പെട്ടുകഴിഞ്ഞ സാമ്പത്തിക പ്രതിസന്ധിയെ സംബന്ധിച്ചും തീര്‍ത്തും പറയാനാവുന്ന ഒന്ന് അത് ദേശീയതിര്‍ത്തികള്‍ക്കകത്ത് മാത്രമായി പരിഹാരം കാണാനാകാത്ത ആഗോള സ്വഭാവമുള്ളതാകും എന്നതാണ്. പുതിയ കാലത്തിനനുസൃതമായ ആഗോള നയസമീപനവും ഭരണ നടപടികളും ഇവയെല്ലാമാവശ്യപ്പെടുന്നു. കഴിഞ്ഞ ലോകഘടനയുടെ തുടര്‍ച്ചയായ അമേരിക്കന്‍ നേതൃത്വത്തില്‍ രൂപപ്പെട്ട യു എന്നും (UN) അനുബന്ധ സ്ഥാപനങ്ങളും ഈ സാഹചര്യങ്ങളെ നേരിടാന്‍ ഒട്ടും പ്രാപ്തമല്ലെന്ന് തെളിഞ്ഞ് കഴിഞ്ഞിട്ടുണ്ട്. ഭൂമിശാസ്ത്രപരമായ അതിര്‍ത്തികള്‍ തുടര്‍ന്നും നിലനില്‍ക്കുമെങ്കിലും സമൂഹം, സാമൂഹ്യം തുടങ്ങിയ സംവര്‍ഗ്ഗങ്ങളെല്ലാം ഹോമോസാപിയന്‍ എന്ന മനുഷ്യവംശത്തെ പൊതുവില്‍ കണക്കിലെടുത്തു കൊണ്ടേ ഇനി സാധ്യമാകൂ. പുതിയ ശാസ്ത്ര സാങ്കേതിക വളര്‍ച്ചകള്‍ ഇതിന്നൊട്ടും ഭാവനമാത്രമല്ലാതെ പ്രായോഗികവുമാക്കി കഴിഞ്ഞിട്ടുണ്ട്. ഭൂമിശാസ്ത്രത്തിലെ ഭൂമിയെക്കുറിച്ചുള്ള പഴഞ്ചന്‍ ധാരണകളെല്ലാം ഇന്ന് അപ്രസക്തമാകുന്നതും കാണാം. മൂലധനം വഴിയടക്കം മനുഷ്യബന്ധങ്ങളാല്‍ കെട്ടുപിണഞ്ഞതല്ലാത്ത കേവലഭൂമിയല്ല ഇന്നുള്ളത്. യുദ്ധത്തേയും യുദ്ധവ്യവസായത്തേയും അവയുടെ ഭാവിയെക്കുറിച്ചുമെല്ലാം ഇതടക്കം മേല്‍പറഞ്ഞ വസ്തുതകളെല്ലാമായി വേണം ഇന്ന് ചേര്‍ത്ത് വായിക്കുന്നതും.

(ഫേസ് ബുക്ക് പോസ്റ്റ്)

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Social | Tags: , | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply