വിവരാവകാശനിയമത്തിന്റെ കഴുത്തറക്കുന്നു

14 വര്‍ഷം കൊണ്ടുതന്നെ ഈ നിയമം അധികാരികളുടെ ഉറക്കം കെടുത്തി എന്നതുതന്നെയാണ് പ്രശ്നം. നിയമമുപയോഗിച്ചതിന്റെ പേരില്‍ എത്രയോ വിവരാവകാശ പ്രവര്‍ത്തകര്‍ ഇതിനകം ആക്രമിക്കപ്പെടുകയും കൊല ചെയ്യപ്പെടുകയും ചെയ്തു.

 

ഇന്ത്യന്‍ ജനാധിപത്യത്തിന്റെ കരുത്തിന്റെ പ്രതീകമായാണ് വിവരാവകാശനിയമം അറിയപ്പെടുന്നത്. ഇന്ത്യയിലെ സര്‍ക്കാര്‍ ഭരണനിര്‍വ്വഹണം സംബന്ധിച്ച വിവരങ്ങള്‍ അറിയാന്‍ പൊതുജനങ്ങള്‍ക്ക് അവകാശം നല്‍കുന്ന സുപ്രധാന നിയമമാണ് വിവരാവകാശനിയമം 2005 (Right to Information Act 2005). എന്നാല്‍ ആ നിയമത്തിന്റെ കഴുത്തില്‍ കത്തിവെക്കുന്ന ഭേദഗതിയാണ് കഴിഞ്ഞ ദിവസം ലോകസഭ പാസാക്കിയിരിക്കുന്നത്. കേന്ദ്രത്തിലെയും സംസ്ഥാനങ്ങളിലെയും വിവരാവകാശ കമ്മിഷനുകളുടെ പദവിയും സേവന വ്യവസ്ഥകളും കാലാവധിയുമെല്ലാം കേന്ദ്ര സര്‍ക്കാരിന്റെ നിയന്ത്രണത്തില്‍ കൊണ്ടുവവരുന്നതാണ് നിയമഭാദഗതി. അതുവഴി് കമ്മീഷന്റെ സ്വാതന്ത്ര്യവും സ്വയംഭരണാവകാശവും തകര്‍ക്കാനും പതുക്കെ വിവരാവകാശ നിയമത്തെതന്നെ ഇല്ലാതാക്കാനുമാണ് നീക്കമെന്ന് വ്യക്തം. പ്രതിപക്ഷം എതിര്‍ത്തെങ്കിലും ബില്‍ പാസായി.
ജനാധിപത്യസംവിധാനത്തില്‍ ഒരു കുതിച്ചുചാട്ടമാണ് ഈ നിയമം. വിവരങ്ങള്‍ പൊതുജനങ്ങള്‍ക്കു നല്‍കുന്നതിനായി, എല്ലാ ഓഫീസുകളിലും പൊതുവിവരാധികാരികളെ നിയമിക്കണമെന്നും മേല്‍നോട്ടത്തിനായി, കേന്ദ്രത്തിലും സംസ്ഥാനങ്ങളിലും കമ്മീഷനുകളെ നിയമിക്കണമെന്നും, ഏതൊരു ഭാരതീയപൗരനും, വിലക്കപ്പെട്ട ചുരുക്കം ചില വിവരങ്ങള്‍ ഒഴിച്ച്, കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെയോ, സര്‍ക്കാര്‍സഹായം പറ്റുന്ന മറ്റു സ്ഥാപനങ്ങളുടെയോ, കൈവശമുള്ള ഏതൊരു രേഖയും, നിശ്ചിതതുകയടച്ച് അപേക്ഷിച്ചാല്‍ നിശ്ചിത സമയത്തിനുള്ളില്‍ നല്‍കണമെന്നും നിയമം വ്യവസ്ഥ ചെയ്തിരിക്കുന്നു. ഭരണഘടനാ പ്രകാരമോ ലോകസഭയുടെയോ നിയമസഭകളുടെയോ നിയമം വഴിയോ സര്‍ക്കാര്‍ വിജ്ഞാപനം വഴിയോ നിലവില്‍ വന്നതോ, രൂപീകരിക്കപ്പെട്ടതോ ആയ എല്ലാ അധികാരികളും, സ്ഥാപനങ്ങളും സര്‍ക്കാരില്‍ നിന്നും ഏതെങ്കിലും തരത്തില്‍ സഹായധനം ലഭിക്കുന്ന സര്‍ക്കാര്‍ ഇതര സംഘടനകളും, ഈ നിയമത്തിന്റെ പരിധിയില്‍ വരും.
ഇന്ത്യന്‍ ജനാധിപത്യത്തിനു കരുത്തു നല്‍കുകയും കൂടുതല്‍ സുതാര്യമാക്കുകയും ചെയ്ത വിവരാവകാശനിയമം പക്ഷെ ഇന്നും സ്മാര്‍ട്ടാകുന്നില്ല എന്ന പരാതി നിലവിലുണ്ട്. അപേക്ഷ പേപ്പറില്‍ അപേക്ഷ തയ്യാറാക്കി, നിശ്ചിത ഫീസുമടച്ച് രജിസ്ട്രേഡ് പോസ്റ്റ് അയച്ച് ദിവസങ്ങള്‍ കാത്തിരുന്നാല്‍ മാത്രമേ ഇന്നും അപേക്ഷകന് മറുപടി കിട്ടുകയുള്ളു. വിവരാവകാശ പ്രക്രിയ പൂര്‍ണ്ണമായും ഓണ്‍ലൈന്‍ ആക്കുമെന്ന് പറഞ്ഞ് വര്‍ഷങ്ങളായിട്ടും നടപ്പായില്ല. നിയമം കൂടുതല്‍ സ്മാര്‍ട്ടാകുന്നത് തടയാന്‍ ശ്രമിക്കുന്നതാകട്ടെ ഉദ്യോഗസ്ഥരും രാഷ്ട്രീയപാര്‍ട്ടികളുമാണ്. നിയമത്തെ തന്നെ ഇല്ലാതാക്കാനുളള ശ്രമമാണ് നടക്കുന്നതെന്നും അതിനാലാണ് ഇക്കാര്യത്തില്‍ ഉദാസീനതയെന്നുമാണ് വിവരാവകാശ പ്രവര്‍ത്തകരുടെ വിമര്‍ശനം.
വിവരാവകാശ നിയമം വന്ന അന്നുമുതലെ അതിനെ അട്ടിമറിക്കാനുള്ള നീക്കങ്ങള്‍ ശക്തമായിരുന്നു. നിയമം നടപ്പായതിന്റെ പേരില്‍ കയ്യടി വാങ്ങിയ യു പി എ സര്‍ക്കാര്‍ തന്നെ മന്ത്രിമാരേയും ഉന്നത ഉദ്യോഗസ്ഥരേയും അതിന്റെ പരിധിയില്‍ നിന്ന് ഒഴിവാക്കാന്‍ ശ്രമിച്ചിരുന്നു. അധികാര കേന്ദ്രങ്ങള്‍ക്കൊപ്പം അവയെ നിയന്ത്രിക്കുന്ന യഥാര്‍ത്ഥ അധികാര കേന്ദ്രങ്ങളായ രാഷ്ട്രീയപാര്‍ട്ടികള്‍ നിയമത്തിനു പുറത്താണ്. തങ്ങള്‍ എല്ലാ നിയമങ്ങള്‍ക്കും അതീതരാണെന്നും ജനങ്ങളുടെ ചോദ്യങ്ങള്‍ക്കുമുന്നില്‍ മറുപടി പറയേണ്ടവരല്ല എന്നുമുള്ള നിലപാടില്‍തന്നെയാണ് പ്രധാന രാഷ്ട്രീയ പാര്‍ട്ടികളെല്ലാം. പാര്‍ട്ടികള്‍ പൊതു അധികാര കേന്ദ്രങ്ങളല്ല എന്നതാണ് നേതാക്കളുടെ പ്രധാനവാദം. ജനാധിപത്യത്തില്‍ രാഷട്രീയപാര്‍ട്ടികള്‍ ജനങ്ങളുടെ പ്രാതിനിധ്യം അവകാശപ്പെടുന്നു. ജനങ്ങളാണ് അവരെ അധികാരത്തിലെത്തിക്കുന്നത്. എന്നിട്ടും ജനങ്ങള്‍ക്കുമുന്നില്‍ സുതാര്യരാകാന്‍ അവര്‍ തയ്യാറല്ല എന്നത് ജനാധിപത്യസംവിധാനത്തിനു ഭൂഷണമല്ല. ജനാധിപത്യസംവിധാനത്തില്‍ ജനങ്ങള്‍ അറിയാന്‍ പാടില്ലാത്ത വിഷയങ്ങളാണോ പാര്‍ട്ടി കമ്മിറ്റികള്‍ ചര്‍ച്ച ചെയ്യുന്നതും തീരുമാനമെടുക്കുന്നതും? വികസിത മുതലാളിത്തരാജ്യങ്ങളില്‍ പോലും കാണാനാവാത്തവിധം ഭീമാകാരരൂപം പൂണ്ട അഴിമതിയുടേയും കെടുകാര്യസ്ഥതയുടേയും സ്വജനപക്ഷപാതത്തിന്റേയും കുടുംബവാഴ്ചയുടേയും ഉദാഹരണങ്ങള്‍ രാഷ്ട്രീയത്തില്‍ എത്ര വേണമെങ്കിലും ഇവിടെ കാണാം. ഇലക്ഷന്‍ കമ്മീഷന്റെ സക്രിയത്വം, മനുഷ്യാവകാശ കമ്മീഷന്‍ രൂപീകരണം, വിവരാവകാശ നിയമം തുടങ്ങിയവയെല്ലാം അവര്‍ക്ക് ഭീഷണിയാണല്ലോ. മന്ത്രിസഭാ തീരുമാനങ്ങള്‍ പോലും വിവരാവകാശനിയമത്തിന്റെ പരിധിയില്‍ പെടുത്താന്‍ തയ്യാറാകാത്തത് വലിയ വാര്‍ത്തയായിരുന്നല്ലോ. കൂടാതെ രാജ്യരക്ഷയുടെ പേരു പറഞ്ഞ് സിബിഐ, വിജിലന്‍സ് തുടങ്ങി പല വകുപ്പുകളേയും ഇപ്പോള്‍ പോലും നിയമത്തിന്റെ പരിധിയില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. സഹകരണമേഖലയെ ഉള്‍പ്പെടുത്തതിന്റെ കാരണം ആര്‍ക്കുമറിയില്ല. ആവശ്യപ്പെടുന്ന വിവരങ്ങള്‍ ലഭ്യമല്ല എന്ന സ്ഥിരം മറുപടിയെ തടയാനുള്ള സംവിധാനങ്ങളും ഇതുവരേയും ആയിട്ടുമില്ല. പതിനായിരകണക്കിനു കെട്ടികിടക്കുന്ന അപേക്ഷകളുടെ കാര്യത്തിലും ഒരു തീരുമാനവുമില്ല. ഇതൊക്കെമൂലം വര്‍ഷംതോറും വിവരാവകാശ അപേക്ഷകളുടെ എണ്ണം കുറയുകയുമാണ്.
അതിനിടിയലാണ് വിവരാവകാശ നിയമത്തിന്റെ കഴുത്തരിയുന്ന നിയമ ഭേദഗതി ലോകസഭ പാസാക്കിയിരിക്കുന്നത്. 14 വര്‍ഷം കൊണ്ടുതന്നെ ഈ നിയമം അധികാരികളുടെ ഉറക്കം കെടുത്തി എന്നതുതന്നെയാണ് പ്രശ്നം. നിയമമുപയോഗിച്ചതിന്റെ പേരില്‍ എത്രയോ വിവരാവകാശ പ്രവര്‍ത്തകര്‍ ഇതിനകം ആക്രമിക്കപ്പെടുകയും കൊല ചെയ്യപ്പെടുകയും ചെയ്തു.
കേരളത്തിലും ധാരാളം വിവരാവകാശപ്രവര്‍ത്തകരും മാധ്യമപ്രവര്‍ത്തകരും സാമൂഹ്യപ്രവര്‍ത്തകരും തങ്ങളുടെ മേഖലകളില്‍ വിവരാവകാശ നിയമം വ്യാപകമായി ഉപയോഗിക്കുന്നു. കൊച്ചിയിലെ അഡ്വ ടി ബി ബിനുവാണ് അവരില്‍ പ്രമുഖന്‍. അതേസമയം ജനങ്ങളുടെ ഈ അവകാശം നിഷേധിക്കുന്നതിനെതിരെ പലപ്പോഴും പോരാടേണ്ടിയും വരുന്നു. പതിനായിരത്തോളം വിവരാവകാശ അപേക്ഷകളാണ് കെട്ടികിടക്കുന്നത്. അതിനാല്‍ തന്നെ യഥാര്‍ത്ഥ ജനാധിപത്യവാദികള്‍ ഈ വിഷയത്തെ ഗൗരവമായി കാണുകയും ആവശ്യമെങ്കില്‍ തെരുവിലിറങ്ങാന്‍ തയ്യാറാകുകയും വേണം.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Latest news, National | Tags: | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply