സ്വന്തം ചരിത്രം റദ്ദാക്കാന്‍ ധര്‍മ്മപാലനാകില്ല
സുധയ്ക്ക് ഒരു സ്ത്രീ എന്ന നിലയില്‍ തന്റെ തെരഞ്ഞെടുപ്പുകള്‍ക്ക് സാധൂകരണം.ആവശ്യമാണ്. അതുകൊണ്ട് അവര്‍ തന്റെ ഭര്‍ത്താവിനെ ഉള്‍ക്കൊള്ളുന്നു. പകരം ,ഭര്‍ത്താവിന്റെ ചരിത്രത്തെ റദ്ദ് ചെയ്യുന്നു. അതേസമയം ധര്‍മപാലനു അതിനു സാധ്യമല്ല .എന്തെന്നാല്‍ തന്റെ ചരിത്രം ആരംഭിക്കുന്നത് ഇന്ത്യയിലെ അസ്പൃശ്യരില്‍ നിന്നാണ്. അതേതുടര്‍ന്ന് നവോത്ഥാനകാല ആധുനികതയില്‍ നിന്നാണ്. ഈ രണ്ട് അംശങ്ങളും അയാളെ പിടിച്ചു നിര്‍ത്തുന്ന രണ്ടു ഘടകങ്ങളാണ് .അയാളുടെ വ്യക്തിത്വം ജന്മനാലഭിച്ച വെള്ളിക്കരണ്ടിയല്ല. ഒരു പറ്റം മനുഷ്യര്‍ നടത്തിയ നിരന്തരമായ അധ്വാനത്തിന്റെ പ്രതിഫലനമാണ് അത് – ജയമോഹന്റെ ”നൂറുസിംഹാസനങ്ങള്‍” എം ബി മനോജ് വായിക്കുന്നു
ഇന്ത്യയുടെ സാമൂഹിക ശരീരത്തെ ഇത്രയും അടുത്തു നിന്നുകൊണ്ട് നോക്കിക്കാണുന്ന രചനകള്‍ നോവല്‍ സാഹിത്യത്തില്‍ മാത്രമല്ല ഇതര സാഹിത്യത്തിലും നന്നേ കുറവാണ്. റിയലിസം എന്ന സാഹിത്യ പ്രസ്ഥാനത്തിന്റെ കാലത്താണ് സമൂഹത്തെ അടുത്തുനിന്ന് നോക്കിക്കാണുന്ന രചനകള്‍ക്ക് കൂടുതല്‍ പ്രാധാന്യം കിട്ടിയത് . തുടര്‍ന്ന് സാഹിത്യരചന വിശേഷപ്പെട്ട മറ്റു രചന സങ്കേതങ്ങളിലേക്ക് വളര്‍ന്നു. ഇങ്ങനെ വളര്‍ച്ച നേടിയ സങ്കേതങ്ങളുടെ ഒരു ഘട്ടത്തില്‍ സൂക്ഷ്മയഥാതദ സാഹിത്യം എന്ന് വിളിക്കാവുന്ന വിധത്തില്‍ റിയലിസം വീണ്ടും സ്ഥാനം പിടിച്ചു.സാമൂഹിക ശരീരത്തിന്റെ അതിസങ്കീര്‍ണതകളെ എഴുതുക എന്ന ദുര്‍ഘടം പിടിച്ച ഒരു കടമ അത് ഏറ്റെടുത്തു. ജീര്‍ണവസ്തുക്കള്‍ കൈകാര്യം ചെയ്യുന്നവരോട് പുലര്‍ത്തുന്ന മമതയും ചെടിപ്പും നേരിട്ട് പ്രകടമാകുന്ന ഒരു സാഹിത്യ ജനുസ്സാണ് സൂക്ഷ്മയഥാതദ സാഹിത്യം . ജയമോഹന്‍ എന്ന എഴുത്താളര്‍ അങ്ങനെയൊരു എഴുത്തുലോകത്തിന്റെ ഭാഗമായിത്തീരുന്നു.” നൂറു സിംഹാസനങ്ങള്‍” എന്ന നോവല്‍ അങ്ങനെ സവിശേഷകൃതിയായി മാറുന്നു.
ഏതു സമൂഹത്തെയും കാഴ്ചയില്‍ സുന്ദരം എന്നു തോന്നുകയും എന്നാല്‍ അതിന്റെ ഉള്ളിലെ ഘനീഭവിച്ച ധവളവവും ഇരുട്ടുവീണതുമായ ലോകങ്ങളെ സൂക്ഷ്മ വായനയിലൂടെ കണ്ടെടുക്കാന്‍ സാധിക്കുകയും ചെയ്യും. മനുഷ്യ ശരീരത്തെക്കുറിച്ചുള്ള സെന്‍ കഥകള്‍ അതിനുദാഹരണമാണല്ലോ. എത്ര സൗന്ദര്യമുള്ള ഒരു ശരീരശരീരത്തിന്റെയും ഉള്ളില്‍ രണ്ടാമത്തെ കാഴ്ചയില്‍ നാം കാണുന്ന രോഗപീഡയുടെയും മനോവേദനയുടെയും മറ്റൊരു കാഴ്ച. ഇതില്‍ ഏതാണ് സത്യം? ഏതാണ് യാഥാര്‍ത്ഥ്യം? സത്യം പലതാകയാല്‍ കാണുന്നവര്‍ അവര്‍ക്ക് അനുയോജ്യമായ സത്യത്തെ സ്വീകരിക്കുന്നു. അപ്പോഴും ചില സത്യങ്ങളെ നമ്മള്‍ മറച്ചു വെക്കുകയോ സത്യങ്ങള്‍ ആണെന്ന് കാണാന്‍ മടിക്കുകയോ താല്‍ക്കാലികമായെങ്കിലും ആനന്ദത്തിന്റെ ലോകം കണ്ടെത്താന്‍ ശ്രമിക്കുകയോ ചെയ്യുന്നു
ഇതുതന്നെയാണ് സമൂഹശരീരത്തിലും നാം കാണുന്നത് സമൂഹത്തെ ഒരു ശരീരം എന്ന നിലയില്‍ നോക്കിക്കണ്ട രണ്ടു വ്യക്തികളെ നമുക്ക് പരിചയമുണ്ട് ഒന്ന് മഹാത്മാഗാന്ധിയും മറ്റൊന്ന് ഡോക്ടര്‍ ബി. ആര്‍. അംബേദ്കറും ആണ്. രണ്ടുപേരും ഒരുപോലെ ചര്‍ച്ച ചെയ്ത ഒരു വിഷയമാണ് നമ്മുടെ രാജ്യത്തെ ജാതിവ്യവസ്ഥയെ സംബന്ധിച്ച കാര്യങ്ങള്‍ .ഒരു മനുഷ്യ ശരീരത്തില്‍ ഉണ്ടാകുന്ന അപകടകരമായ വ്രണം അതു കണ്ടെത്തിയാല്‍ അതിനെ ചികിത്സിച്ചു ഭേദമാക്കുക തന്നെയാണ് വേണ്ടത് .സുഗന്ധ ലേപനങ്ങള്‍ കൊണ്ട് അത് മറക്കാന്‍ ശ്രമിക്കുന്നത് രോഗത്തെ കൂടുതല്‍ വഷളാക്കുകയായിരിക്കും ഫലം . ഇന്ത്യന്‍ സമൂഹശരീരത്തെ വ്രണപ്പെടുത്തുന്ന ,ചികിത്സിച്ച് ഭേദമാക്കേണ്ട ഒരു രോഗമാണ് ജാതിവ്യവസ്ഥ. ഗാന്ധിജിക്കും ഡോക്ടര്‍ അംബേദ്കറിനും ഇക്കാര്യത്തില്‍ ഒരേ അഭിപ്രായം തന്നെയായിരുന്നു.
തൊണ്ണൂറുകള്‍ക്ക് ശേഷം മാത്രം സവിശേഷ പഠനങ്ങള്‍ക്ക് അവസരം ലഭിക്കുകയും അതേസമയം ഇന്ത്യയിലെ പ്രധാനപ്പെട്ട വ്യക്തിത്വങ്ങളില്‍ ഒരാള്‍ കൂടിയായ ശ്രീനാരായണഗുരുവിനെ സംബന്ധിച്ചാണ് ഇനി നമുക്ക് ചര്‍ച്ച ചെയ്യേണ്ടത്. എന്തെന്നാല്‍ യാഥാര്‍ത്ഥ്യത്തെ നേര്‍ക്കുനേര്‍ അഭിമുഖീകരിക്കുക എന്ന പ്രജ്ഞ അദ്ദേഹത്തില്‍ നമുക്ക് കാണാം. അതുകൊണ്ട് അദ്ദേഹം എഴുതുകയും ഉപദേശിക്കുകയും ചെയ്തു ”ജാതിഭേദം മതദ്വേഷം ഏതുമില്ലാതെ സര്‍വ്വരും സോദരത്വേന വാഴുന്ന മാതൃകാസ്ഥാനമാണിത്” ഇതാണ് പ്രധാനപ്പെട്ട സംഗതി .സുഗന്ധ ലേപനങ്ങളാല്‍ മറച്ചുവെക്കല്‍ അല്ല. യാഥാര്‍ഥ്യത്തെ കണ്ടറിഞ്ഞ് ചികിത്സിച്ച് ഭേദപ്പെടുത്തി ആരോഗ്യമുള്ളതാക്കി മാറ്റുന്ന ഒരു പ്രക്രിയയാണ് വേണ്ടത് എന്ന് ഗുരു നമ്മോട് പറയുന്നു.
ജയമോഹന്റെ നോവലില്‍ കടന്നുവരുന്ന ഓരോ കഥാപാത്രങ്ങള്‍ക്കും അവരവരുടേതായ ശരികള്‍ ഉണ്ട് .അവയോരോന്നും ഓരോ ശരികള്‍ ആണുതാനും. ഇതിലെ പ്രധാന കഥാപാത്രമായ ധര്‍മപാലന്‍ ,അദ്ദേഹത്തിന്റെ ഭാര്യ സുധ, അദ്ദേഹത്തിന്റെ മാതാവ് ഈ മൂന്നു കഥാപാത്രങ്ങളും വ്യക്തികള്‍ എന്നതിലുപരി മൂന്നു സാമൂഹിക അവസ്ഥകളുടെ രൂപങ്ങളാണ്. ഇന്ത്യന്‍ ധവളാധികാരം നിര്‍മ്മിച്ചെടുത്ത വിവിധ അധികാര രൂപങ്ങളുടെ പ്രതിഫലനങ്ങളാണ് ധര്‍മപാലന്റെ മാതാവ് .അവര്‍ ഒരു അമ്മയോ ,സ്ത്രീയോ ആയിട്ടല്ല നമുക്ക് മുന്നില്‍ നില്‍ക്കുന്നത് .നായാടി എന്ന ഒരു സമൂഹ വിഭാഗത്തിന്റെ പ്രതിനിധാനം ആയിട്ടാണ്. സ്വന്തം ഇടങ്ങള്‍ നഷ്ടപ്പെട്ട സ്വന്തം ഭാവനകള്‍ അസ്തമിച്ചു പോയ ഒരു സമൂഹത്തിന്റെ പ്രതിനിധി.
നായാട്ട് സാംസ്‌കാരിക വിഭവമായി സ്വീകരിച്ച ഒരു ഗോത്രസമൂഹത്തിന്റെ പ്രതിനിധാനമാണ് അവര്‍ .എന്നാല്‍ കാലത്തിന്റെ തെറ്റായ പരിക്രമണത്തില്‍ ഒരിടത്തുവച്ച് അവരുടെ സാംസ്‌കാരിക മൂലധനം റദ്ദ് ചെയ്യപ്പെട്ടു. അമ്പും വില്ലും രഥവും കയ്യിലേന്തിയ , മനുഷ്യര്‍ ,എന്നും ദൈവം എന്നും വിളിച്ചുവരുന്ന ധവളാധികാരപ്രഭ, വര്‍ണാശ്രമ ധര്‍മ്മ വ്യവസ്ഥയുടെ മൂല്യമണ്ഡലം നിരവധി സമൂഹങ്ങളെ നിഷ്പ്രഭരാക്കി. പ്രതിനിധാനങ്ങളില്‍ നിന്നും മാറ്റി നിര്‍ത്തി .സാംസ്‌കാരിക വിഭവങ്ങളില്‍ നിന്നും അന്യമാക്കി ,സാമൂഹിക വിഭവങ്ങളില്‍ നിന്നും ബഹിഷ്‌കൃതരാക്കി. അതിന്റെ നടുങ്ങുന്ന ഓര്‍മ്മകളും നിരാലംബത്വവും പേറുന്ന ഒരാളായി ചരിത്രത്തിലെ നീതിരാഹിത്യത്തിന്റെ പ്രതിനിധാനമായി ,നായാടി സ്ത്രീയെന്ന ഒരു സമൂഹ പ്രതിനിധാനമായി ആ സ്ത്രീ സമൂഹമധ്യത്തില്‍ ഇറങ്ങിനില്‍ക്കുന്നു. സമൂഹമധ്യത്തില്‍ അല്ല സമൂഹത്തിന്റെ അവശിഷ്ട പ്രദേശങ്ങളിലാണ് അവരെ നാം കാണുന്നത് .അവര്‍ക്കുമേല്‍ നടന്നിട്ടുള്ള ചതിയുടെയും അതിക്രമത്തിനും വേദന ഉണര്‍ത്തുന്ന ഓര്‍മ്മകള്‍ അവര്‍ക്കുണ്ട്. അതുകൊണ്ടാവാം നവോത്ഥാനകാല ആധുനിക കേരളത്തെയും സംശയത്തിന്റെ കണ്ണിലൂടെ അവര്‍ നോക്കുന്നത്. വിശപ്പു മാത്രമാണ് അവര്‍ക്ക് കാഴ്ച. ബാക്കിയുള്ളതെല്ലാം ധവളാധികാരത്തിന്റെ പളപളപ്പുകള്‍ മാത്രം.
നവോത്ഥാനകാല ആധുനികതയുടെ പ്രധാനലക്ഷ്യം ജീര്‍ണ്ണബോധത്തില്‍ നിന്നും രക്ഷിച്ചെടുത്ത് ഇരുകാലി ജീവിയെ മനുഷ്യനാക്കുക എന്നതായിരുന്നു. അങ്ങനെ പലതുറകളില്‍ പലരൂപത്തില്‍ ഇരുകാലി ജീവികളെ മനുഷ്യന്‍ ആക്കാനുള്ള ശ്രമങ്ങള്‍ നടന്നു. മനുഷ്യന്‍ എന്നത് ഒരു സമൂഹഗണം ആണല്ലോ. അവിടെ നമുക്ക് സ്ത്രീ, പുരുഷന്‍, ട്രാന്‍സ്‌ജെന്‍ഡര്‍ ,ജാതി ,മതം ,സമ്പത്ത് എന്നിങ്ങനെ അവസ്ഥകള്‍ രൂപപ്പെടുന്നു. മനുഷ്യന്‍ എന്ന പൊതുഘടകത്തെ സാമൂഹികതയെ നിര്‍മ്മിക്കുവാനുള്ള വലിയ ശ്രമം സ്വയം മനുഷ്യരായി തീരുവാന്‍ ഉള്ള ശ്രമം അതായിരുന്നു നവോത്ഥാന ആധുനികതയുടെ സ്വഭാവം
അത്തരം ശ്രമങ്ങളില്‍ മുന്നിട്ടിറങ്ങിയ കേരളീയ നവോത്ഥാന പ്രവര്‍ത്തകരില്‍ പ്രധാനിയായ നാരായണഗുരുവിന്റെ ശിഷ്യന്‍ ഏണസ്റ്റ് ക്ലാര്‍ക്ക് , അദ്ദേഹത്തിന്റെ ശിഷ്യന്‍ സ്വാമി പ്രജാനന്ദന്‍. ഇദ്ദേഹം കണ്ടെടുത്ത ഒരു കുട്ടിയാണ് ധര്‍മപാലന്‍ .നായാടിയായ ഒരു അമ്മയുടെ മകന്‍. തെരുവിലെ ചവറുകൂനയില്‍ നിന്ന് അവനെ കണ്ടെടുത്തുപഠിപ്പിച്ചു. അതേസമയം ആ അമ്മയ്ക്ക് നവോത്ഥാനകാല ആധുനികതയോട് യാതൊരു മമതയും ഇല്ലായിരുന്നു. അവരുടെ സാംസ്‌കാരിക വിഭവങ്ങളെയും ജീവിത പദ്ധതികളെയും കെടുത്തിക്കളഞ്ഞ, അവരെ അനാഥമാക്കിയ അധികാരത്തിന്റെ സംവിധാനങ്ങള്‍ തന്നെയാണ് ഇവയോരോന്നും, എന്ന് അവര്‍ കരുതുന്നു. വിശപ്പ് ജീവന്‍ കിടക്കുവാന്‍ ഉള്ള വിശപ്പ് അതു മാത്രമാണ് അവരുടെ മുന്നിലെ ഒരേ ഒരു കാഴ്ച .
അതുകൊണ്ടുതന്നെ സ്വാമി പ്രജാനന്ദന്റെയോ, അദ്ദേഹത്തിന്റെ ആശ്രമത്തിന്റെയൊ നവോത്ഥാന പ്രവര്‍ത്തനങ്ങളെ വിദൂരത്ത് നിന്നുകൊണ്ട് നോക്കിക്കാണാന്‍ കൂടിയും സാധിക്കുന്നില്ല ആ അമ്മയ്ക്ക്. തന്റെ മകനെയും കൈവിട്ടുപോയതിന്റെ തട്ടിയെടുത്തതിന്റെ മുറിവുകള്‍ മാത്രമാണ് അവര്‍ക്കുള്ളത് .മറ്റൊരു സന്ദര്‍ഭത്തില്‍ ധര്‍മപാലന്‍ ഭാര്യയുടെ മുഖത്ത് നോക്കിക്കൊണ്ടും അവരിത് പറയുന്നുണ്ട് . പിടിച്ചെടുക്കപ്പെട്ട വന്‍കരകളുടെ വിദൂര ഓര്‍മ്മകള്‍ കയ്പുനിറഞ്ഞ ചരിത്രമായി അവരില്‍ നിരന്തരം തെളിയുന്നു. അതിനാല്‍ പൊതുസമൂഹവും പരിഷ്‌കാരം വന്ന മനുഷ്യരും അവര്‍ക്ക് അവിശ്വസനീയമാംവിധം സംശയിക്കേണ്ടവര്‍ തന്നെയാണ്. ജാതിസമ്പ്രദായം അതിന്റെ തരംതിരിവുകള്‍, ഒറ്റപ്പെടുത്തലുകള്‍ ,പുറത്താക്കലുകള്‍, സംഭവിച്ചതെല്ലാം നല്ലതിന് എന്നരൂപത്തിലുള്ള വിജയികളുടെ മനോഭാവങ്ങള്‍ അതെല്ലാം അവരില്‍ രൂഢമൂലമാക്കിയിട്ടുള്ളത് കയ്യേറ്റഭീതി തന്നെയാണ്.
അവരുടെ സംശയം ശരിയായിരുന്നു. അത് അവരുടെ മാത്രം ശരിയായിരുന്നില്ല. ആധുനിക മനുഷ്യന് പലപ്പോഴും വ്യക്ത്യാധിഷ്ഠിതമായും ശരികള്‍ ഉണ്ടായേക്കാം. ഇന്ത്യപോലെ ഒരു രാജ്യത്ത് വളരെ പരിമിതം ആയിട്ടാണ് വ്യക്തിസ്വാതന്ത്ര്യം നിലനില്‍ക്കുന്നത്. ആ വ്യക്തിസ്വാതന്ത്ര്യം ലഭ്യമാക്കുവാന്‍ ചിലപ്പോള്‍ നാടും വീടും സമുദായവും മതവും ഒക്കെ ഒഴിവാക്കേണ്ടി വരും. ആ അര്‍ഥത്തില്‍ സ്വന്തമായ ഒരു ശരിയെ കണ്ടെത്തിയ മറ്റൊരു പ്രധാന കഥാപാത്രമാണ് ധര്‍മപാലന്റെ ഭാര്യ സുധ. അവര്‍ ഒരു ആധുനിക വനിതയാണ് .ആധുനിക വിദ്യാഭ്യാസം ലഭിച്ച സ്ത്രീ .സ്ത്രീയെന്ന നിലയില്‍ തന്നെത്തന്നെ നോക്കിക്കാണുന്നവള്‍ ..തിരിച്ചറിവ് നേടിയ അവള്‍ .അതുകൊണ്ടാണ് അവര്‍ക്ക് ധര്‍മപാലന്‍ എന്ന വ്യക്തിയെ മനസ്സിലാക്കുവാന്‍ സാധിച്ചത് .അയാളെ പ്രണയിക്കാന്‍ സാധിച്ചത്. അതിനുവേണ്ടി തന്റെ വീടിനെയും വീട്ടുകാരെയും അവര്‍ക്ക് കയ്യോഴിയേണ്ടിവന്നു .അതുമല്ലെങ്കില്‍ വീടും വീട്ടുകാരും അവരെ കൈയൊഴിഞ്ഞു.
എന്തുകൊണ്ടാവാം സുധയുടെ വീട്ടുകാര്‍ക്ക് ധര്‍മപാലന്‍ എന്ന അനാഥനോട് മമത ഉണ്ടായില്ല. മാത്രവുമല്ല അയാള്‍ ഉയര്‍ന്ന ഒരു സ്ഥാനത്ത് ജോലി ചെയ്യുന്ന ആളാണ് .എന്നിട്ടും പരിഗണന ഉണ്ടായില്ല. അതിന്റെ ഉത്തരം വ്യക്തമാണ്. ആധുനികതയുടെ പ്രയാണത്തില്‍ എവിടെയോ വെച്ച് നമ്മള്‍ നവോത്ഥാനത്തെ കൈയൊഴിഞ്ഞു. മനുഷ്യനാവുക എന്ന ആശയത്തെ കൈയൊഴിഞ്ഞു. നായാടിയായ , അനാഥനായ ധര്‍മപാലനെ തേടിപ്പിടിക്കുമ്പോള്‍ ,ഉയര്‍ന്ന വിദ്യാഭ്യാസം കൊടുക്കുമ്പോള്‍ നവോത്ഥാനകാല ആധുനികതയ്ക്ക് ഒരു ലക്ഷ്യമുണ്ടായിരുന്നു .സാമൂഹികരണം എന്ന ലക്ഷ്യം .മാതൃകാസ്ഥാനമാവുക എന്ന ലക്ഷ്യം. എന്നാല്‍ അവിടെ നിന്നും നാം പിന്നോട്ട് പോയി. അതുകൊണ്ടാണ് സുധയെ പോലുള്ളവര്‍ ഒറ്റപ്പെട്ടുപോകുന്നത് .സമൂഹത്തിനുമുന്നില്‍ സുധയ്ക്ക് പിടിച്ചുനില്‍ക്കാന്‍ സാധിക്കുന്നില്ല. എന്തെന്നാല്‍ മനുഷ്യന്‍ എന്ന ബോധത്തെ കൈവിട്ട, അധികാരത്തിന്റെ വര്‍ണ്ണശബളിമയില്‍ ലയിച്ചുപോയ ആധുനിക മനുഷ്യന്‍ പരിഷ്‌കരിക്കപ്പെടുകയായിരുന്നില്ല. പരിഷ്‌കാരത്തിന്റെ പാതിഘട്ടത്തില്‍ എവിടെയോ വച്ച് മനുഷ്യനാവുക എന്ന പ്രക്രിയയെ കയ്യൊഴിയുകയായിരുന്നു .
നായാടിയായ ആ അമ്മയുടെ സംശയം ശരിയായിത്തീരുന്നത് ഇവിടെവച്ചാണ്. അവര്‍ ഒരു വ്യക്തിയല്ല ചിതറിപ്പോയ ഒരു സമൂഹത്തിന്റെ ഒരു പ്രതിനിധാനമാണ് അവര്‍. പിച്ചക്കാര്‍, മനോരോഗികള്‍ ,പാഴ്വസ്തുക്കള്‍ പൊറുക്കാന്‍ വരുന്നവര്‍, നഗരപ്രാന്തങ്ങളില്‍ ഒടുങ്ങിയവര്‍ എന്നിങ്ങനെ അനാഥത്വത്തിന്റെ നീണ്ട പട്ടികയില്‍ എവിടെയോ ഒരിടത്ത് അവരുണ്ട് .അവരുടെ പ്രയാണഛേദങ്ങള്‍ക്ക് ഒരു ചരിത്രമുണ്ട് .അതുകൊണ്ടാവാം അവര്‍ക്ക് മുന്നില്‍ വിശ്വാസവഞ്ചനയുടെയും പരിഹാസത്തിന്റെയും ധവളശോഭ തെളിഞ്ഞുനില്‍ക്കുന്നത് .അതുകൊണ്ടുതന്നെ അവര്‍ പരിഷ്‌കൃത സമൂഹത്തെ വെറുക്കുന്നു സംശയിക്കുന്നു .
വളരെ താല്‍ക്കാലികമായതും അതും നൊടിനേരത്താല്‍ രൂപംകൊണ്ടതും ആയ ഒരു പരിണാമപ്രക്രിയയുടെ അവകാശ അധികാരത്തിന്റെ പിന്‍ബലം മാത്രമുള്ള കഥാപാത്രമാണ് ധര്‍മപാലന്‍. അദ്ദേഹത്തിന്റെ ബാല്യകാലത്ത് ഇന്ത്യ എന്ന ഒരു രാജ്യം രൂപം കണ്ടിരുന്നില്ല. തിരുവിതാംകൂര്‍ ആയിരുന്നു അന്നത്തെ രാജ്യം. ആ രാജ്യത്തില്‍ അദ്ദേഹമോ അദ്ദേഹത്തിന്റെ ആള്‍ക്കാരോ പ്രജകള്‍ ആയിരുന്നില്ല .സ്ഥിരവാസത്തിന് അനുവദിക്കാതെ നിരന്തരമായി ആട്ടിയോടിച്ച് ഒടുവില്‍ ഒരിടത്തും സ്ഥിരതാമസത്തിന് ഇഷ്ടപ്പെടാതെ നിരന്തരം ഓടിക്കൊണ്ടിരുന്ന അലഞ്ഞുതാമസിക്കുന്ന ഒരു സമൂഹമായി അവര്‍ പരിണമിച്ചു. ഓരോ സമൂഹവും രൂപപ്പെടുന്നതും രൂപാന്തരപ്പെടുന്നതും ഏതൊക്കെ വിധത്തില്‍ ആണെന്ന് ഇത് വ്യക്തമാക്കിത്തരുന്നു. അലഞ്ഞുതിരിയാന്‍ വിധിക്കപ്പെട്ടവര്‍ അലഞ്ഞുതിരിയലിനെ അതിജീവനത്തിനായുള്ള ഒരു വഴിയായി സ്വീകരിക്കുക മാത്രമായിരുന്നു . എന്നാല്‍ പില്‍ക്കാലത്തു പല അക്കാദമിക് ബുദ്ധിജീവികളും ഈ അലഞ്ഞു തിരിയലിനെ മഹത്വപ്പെടുത്തി സ്ഥാപിക്കാന്‍ ശ്രമിക്കുന്നതാണ് മറ്റൊരു വിരോധാഭാസം .
1950കളോടെ നമുക്ക് ഒരു ഭരണഘടന ഉണ്ടായി .മനുഷ്യരെല്ലാം രാജ്യത്തെ പൗരന്മാരാണ് എന്ന സങ്കല്പം രൂപപ്പെട്ടു. വിദ്യാഭ്യാസം സാര്‍വ്വത്രികമായി. .ഗവണ്‍മെന്റ് സംവിധാനങ്ങളില്‍ എല്ലാ ഇന്ത്യക്കാര്‍ക്കും പ്രാതിനിധ്യം ലഭിച്ചു .അങ്ങനെയൊരു സംവിധാനത്തിന്റെ പിന്‍ബലം കൊണ്ട് മാത്രമാണ് ധര്‍മപാലന് സിവില്‍ സര്‍വീസ് വിജയിക്കാനായത് .സിവില്‍ സമൂഹം നിലനിന്നാല്‍ മാത്രമേ സിവില്‍ സര്‍വീസിന് പ്രസക്തിയുള്ളൂ. നായാടി ആയ ഒരു ജീവിതത്തില്‍ നിന്നും ഇരുകാലികള്‍ ആയ ഒരു ജീവിതക്രമത്തില്‍ നിന്നും മനുഷ്യനിലേക്കുള്ള പ്രയാണം .കേവലം ഒരു നൂറ്റാണ്ട് മാത്രം കാലം. അതിനിടയിലെ പരിവര്‍ത്തനമാണ് പൗരസമൂഹം എന്ന ബോധം .ഈ പൗര സമൂഹത്തിനുള്ളില്‍ രാഷ്ട്രം നടത്തുന്ന ക്ഷേമ പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് ധര്‍മപാലനെ പോലുള്ളവര്‍ക്ക് വിദ്യ അഭ്യസിക്കാന്‍ സാധിക്കുന്നത് .ക്ഷേമ രാഷ്ട്ര സങ്കല്പം ഉള്ളതിനാലാണ് അദ്ദേഹത്തിന് തൊഴിലില്‍ പ്രാതിനിധ്യം ലഭിക്കുന്നത്.
നോവലിന്റെ മൂന്നാംഘട്ടം ചര്‍ച്ചചെയ്യുന്നത് കഴിഞ്ഞ അരനൂറ്റാണ്ടില്‍ സംഭവിച്ച സമൂഹാവാബോധത്തെ സംബന്ധിച്ചാണ്. ക്ഷേമരാഷ്ട്ര സങ്കല്‍പ്പത്തിലെ പരിണാമത്തെക്കുറിച്ചാണ് ധര്‍മപാലന്‍ വ്യക്തിയെന്ന നിലയില്‍ തെരഞ്ഞെടുക്കാന്‍ അവകാശങ്ങള്‍ ഉള്ള ആളല്ല അദ്ദേഹത്തിന്റെ ഭാര്യ സുധയെപ്പോലെ. അവരുടെ തെരഞ്ഞെടുക്കലുകള്‍ക്ക് മറുപുറത്തൂ സ്ഥൂലരൂപത്തിലും സൂക്ഷ്മരൂപത്തിലും നിലനില്‍ക്കുന്ന അധികാരം അവരെ പിന്നോട്ടെടുപ്പിക്കുക മാത്രം ചെയ്യുന്നു .സഹപ്രവര്‍ത്തകരുടെ അടക്കം പറച്ചിലുകള്‍ ,പൊതുസമൂഹത്തിനുമുന്നില്‍ പിടിച്ചുനില്‍ക്കാന്‍ കഴിയില്ല എന്ന അവസ്ഥ, ഇവയൊക്കെ പലപ്പോഴും സുധയെ വേട്ടയാടുന്നുണ്ട് .അതേസമയം അതിസങ്കീര്‍ണമായ അവസ്ഥയിലൂടെ കടന്നുപോയ ധര്‍മപാലന്‍ ആകട്ടെ ഒഴിവാക്കലിന്റെയും സ്വീകരിക്കലിന്റെയും കടുത്ത സംഘര്‍ഷങ്ങളില്‍ ആണ് ജീവിക്കുന്നത് അവയൊക്കെയും തിരിച്ചറിയാന്‍ സാധിക്കുന്നു എന്നതാണ് അവരുടെ പ്രധാനപ്പെട്ട ശേഷിയും”.സാമൂഹിക സ്വത്വപഠനങ്ങളില്‍ പ്രധാനപ്പെട്ട ഒരു ഘടകമാണ് ഒഴിവാക്കലും സ്വീകരിക്കലും എന്ന അവസ്ഥ” .ഇവിടെ ധര്‍മപാലനിലും സുധയിലും പവര്‍ത്തിക്കുന്നത് ഈ അവസ്ഥയാണ് .അത് വ്യക്ത്യാധിഷ്ഠിതമല്ല മറിച്ച് സാമൂഹികാധിഷ്ഠിതമാണ് .
ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ എന്ന നിലയില്‍ അവര്‍ ആര്‍ജ്ജിച്ചെടുത്ത ജീവിതം അത് വെല്ലുവിളികളില്‍ നിന്നും ആര്‍ജിച്ചെടുത്തതാണ്. ജാതിയില്‍ താഴ്ന്നവന്‍ ആയ, അനാഥനായ, നായാടിയായ ഒരുവന്റെ കൂടെ ജീവിക്കുമ്പോള്‍ ,തകരാതെ മെച്ചപ്പെട്ട അഭിമാനകരമായ ഒരു ജീവിതം വേണമെന്ന് സുധ ആഗ്രഹിച്ചു .അതേസമയം യാതൊരു മാനേഴ്‌സും ഇല്ലാത്ത ,രംഗബോധമില്ലാത്ത തന്റെ ഭര്‍ത്താവിന്റെ അമ്മയെ കൈകാര്യം ചെയ്യുന്നതില്‍ അവര്‍ പരാജയപ്പെട്ടു. ഇതുതന്നെയാണ് ധര്‍മപാലനും അഭിമുഖീകരിക്കുന്ന പ്രശ്‌നം. നോവല്‍ മുന്നോട്ടുവയ്ക്കുന്ന പ്രധാന പ്രശ്‌നം അതുതന്നെയാണ്. നായാടിയായ അമ്മയില്‍ ഒരു മനോരോഗിയെ കണ്ടെത്താന്‍ കഴിഞ്ഞേക്കും. വൃത്തിയില്ലാത്ത ,പെരുമാറ്റ ശീലമില്ലാത്ത,ഭാഷയില്ലാത്ത ഒരാളെ കണ്ടെത്താന്‍ കഴിഞ്ഞേക്കും. അത് കേവല വ്യക്തി അല്ലാതെ ഇരിക്കുന്നു എന്നതാണ് പ്രത്യേകതയുള്ള കാര്യം. ഒരു ഉയര്‍ന്ന ഉദ്യോഗസ്ഥന്‍ എങ്ങനെയുള്ള ആളായിരിക്കണം എന്ന് നാം ചിട്ടപ്പെടുത്തി വെച്ച ഒരു മാതൃകയുണ്ട് .ഈ മാതൃക തികച്ചും അധികാരത്തിന്റെ ചിട്ടപ്പെടുത്തലുകള്‍ ആണ് .അവിടെ ശരിയായ മനുഷ്യനില്ല ശരിയായ വ്യക്തി ഇല്ല .നിരന്തരമായി ഒഴിവാക്കി ഒഴിവാക്കി രൂപപ്പെടുത്തിയെടുത്തതാണ് ഈ അധികാര മനോമണ്ഡലം. അത് സാംസ്‌കാരികവും ആത്മീയവും കൂടിയാണ് .ഇവിടെ ഒഴിവാക്കലും സ്വീകരിക്കലും എന്ന അവസ്ഥ രൂപപ്പെടുന്നത് ചരിത്രത്തിന്റെ തുടര്‍ച്ചയായഒഴിവാക്കലിന്റയും സ്വീകരിക്കലിന്റയും പരുവപ്പെടുത്തലിന്റയും സംസ്‌കരിക്കലിന്റയും മനോമണ്ഡലങ്ങളെ തന്നെയാണ്. പ്രസ്തുത മനോമണ്ഡലം സാംസ്‌കാരികവും വിഭവ അധികാര അധിഷ്ഠിതമാണ് .അതുകൊണ്ടുതന്നെ നമ്മുടെ വിദ്യാഭ്യാസം ആദ്യം ചെയ്തത് യാഥാര്‍ത്ഥ്യത്തെ കഴിയുക എന്ന കര്‍ത്തവ്യം ആയിരുന്നു .സാധാരണ ഇടങ്ങളില്‍നിന്നും വരുന്ന ഓരോ വിദ്യാര്‍ത്ഥിയും ജ്ഞാനം ലഭിക്കുന്നതോടെ സ്വന്തം മാതാപിതാക്കളെ തിരസ്‌കരിക്കാന്‍ അനുശീലിക്കുന്നവരായി മാറിത്തീരുകയായിരുന്നു .ഇത്തരം ആധുനിക അനുശീലത്തിന്റെ തുടര്‍ച്ചയിലാണ് ഇവിടെ സുധയും ധര്‍മപാലനും.
ഒരുപക്ഷേ സുധയ്ക്ക് ഒരു സ്ത്രീ എന്ന നിലയില്‍ തന്റെ തെരഞ്ഞെടുപ്പുകള്‍ക്ക് സാധൂകരണം.ആവശ്യമാണ്.അതുകൊണ്ട് അവര്‍ തന്റെ ഭര്‍ത്താവിനെ ഉള്‍ക്കൊള്ളുന്നു. പകരം തന്റെ ,ഭര്‍ത്താവിന്റെ ചരിത്രത്തെ റദ്ദ് ചെയ്യുന്നു. അതേസമയം ധര്‍മപാലനു അതിനു സാധ്യമല്ല .എന്തെന്നാല്‍ തന്റെ ചരിത്രം ആരംഭിക്കുന്നത് ഇന്ത്യയിലെ അസ്പൃശ്യരില്‍ നിന്നാണ്. അതേതുടര്‍ന്ന് നവോത്ഥാനകാല ആധുനികതയില്‍ നിന്നാണ് .ഈ രണ്ട് അംശങ്ങളും അയാളെ പിടിച്ചു നിര്‍ത്തുന്ന രണ്ടു ഘടകങ്ങളാണ് .അയാളുടെ വ്യക്തിത്വം ജന്മനാലഭിച്ച വെള്ളിക്കരണ്ടിയല്ല. ഒരു പറ്റം മനുഷ്യര്‍ നടത്തിയ നിരന്തരമായ അധ്വാനത്തിന്റെ പ്രതിഫലനമാണ് അത് .
നിരന്തരശ്രമത്തിന്റെ, ഇങ്ങേതലയ്ക്കലാണ് അദ്ദേഹം. അതുകൊണ്ട് അദ്ദേഹത്തിനു നല്ലവ്യക്തതയുണ്ട്. ക്ഷണികവും താല്‍ക്കാലികവും ആണ് തന്റെ നിലനില്‍പ്പ് 1950 നു ശേഷം രൂപപ്പെട്ട ഒരു പൗരത്വം മാത്രമാണ് തന്റെത് എപ്പോള്‍ വേണമെങ്കിലും നഷ്ടപ്പെടുന്നത്. ക്ഷേമരാഷ്ട്ര സങ്കല്‍പ്പത്തിന്റെ കാഴ്ചപ്പാടില്‍ മാത്രം രൂപപ്പെട്ടത് .അതു കഴിഞ്ഞാല്‍ താന്‍ വെറും നായാടി മാത്രം അതുകൊണ്ടുതന്നെ നായാടി ആയ തന്റെ അമ്മയ്‌ക്കൊപ്പംകുറ്റവാളി ഗോത്രം എന്ന് വിളിക്കപ്പെട്ട പതിത ജനതക്കൊപ്പം നിലനില്‍ക്കുകയുള്ളു എന്നത് തന്റെ ബാധ്യതയാണെന്ന് തിരിച്ചറിയുന്നിടത്ത് ധര്‍മപാലന്‍ ഇന്ത്യയുടെ സാമൂഹിക യാഥാര്‍ത്ഥ്യത്തെ ഉള്‍ക്കൊള്ളുന്നു .ആധുനികതയുടെ ഇനിയുള്ള പ്രയാണത്തില്‍ ഇരുകാലികളെ മനുഷ്യരാക്കാനും നവോത്ഥാനത്തിന് ശ്രമിക്കാനും അയാളിലെ മനുഷ്യന്‍ തയ്യാറെടുക്കുന്നു .
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in