മാധ്യമനൈതികതയും വ്യക്തിഹത്യകളും
സോഷ്യല്‍ മീഡിയയിലൂടെയുള്ള വ്യക്തിഹത്യ കേരളത്തില്‍ നിരന്തരമായി ആവര്‍ത്തിക്കുന്നു. മിക്കവാറും എല്ലാ വിഭാഗങ്ങളും അതില്‍ പങ്കാളികളുമാണ്. രാഷ്ട്രീയക്കാരും മാധ്യമപ്രവര്‍ത്തകരും മാത്രമല്ല, എല്ലാ മേഖലകളിലുള്ളവരും അക്രമിക്കപ്പെടുന്നു. സ്ത്രീകള്‍ക്കെതിരാണെങ്കില്‍ അതിനു മൂര്‍ച്ചകൂടും. ഈ അക്രമണങ്ങളില്‍ ലിംഗ, ജാതി, വര്‍ണ്ണ വിവേചനങ്ങളെല്ലാം ശക്തമാണ്. ഭരണകൂടത്തിന്റെ തെറ്റായ നയങ്ങള്‍ മാത്രമല്ല, സമൂഹത്തിലെ ഏത് അനീതിക്കെതിരേയും വിരല്‍തുമ്പുകൊണ്ട് പ്രതികരിക്കാന്‍ ആര്‍ക്കും കഴിയുന്ന ഒന്നാണല്ലോ സോഷ്യല്‍ മീഡിയ. അതാകട്ടെ ജനാധിപത്യത്തിന്റെ വികാസവുമാണ്. പലര്‍ക്കും ഇത് ഇന്ന് പേടിസ്വപ്‌നമാണ്. മുഖ്യധാരാമാധ്യമങ്ങളുടെ അജണ്ടപോലും സോഷ്യല്‍ മീഡിയ നിശ്ചയിക്കുന്ന കാലമാണ്. എന്നാല്‍ ഇത്തരം അനാരോഗ്യകരമായ പ്രവണതകള്‍ നശിപ്പിക്കുന്നത് ഈ മീഡിയയുടെ കരുത്താണ്. സോഷ്യല്‍ മീഡിയയെ കൈപിടിയിലൊതുക്കാന്‍ ശ്രമിക്കുന്ന ഫാസിസ്റ്റ് ശക്തികള്‍ക്ക് ഫലത്തില്‍ ഒത്താശയാണ് ഇതുവഴി ചെയ്യുന്നത്.
മലയാളികളുടെ കൊട്ടിഘോഷിക്കുന്ന പ്രബുദ്ധതയുടെ യാഥാര്‍ത്ഥ്യമെന്താണെന്നാണ് കഴിഞ്ഞ ദിവസങ്ങളില്‍ നാം കണ്ടുകൊണ്ടിരിക്കുന്നത്. സ്വര്‍ണ്ണകള്ളക്കടത്തും ലൈഫ് പദ്ധതിയുമായി ബന്ധപ്പെട്ട അഴിമതി ആരോപണങ്ങളെ തുടര്‍ന്നുണ്ടായ സംഭവങ്ങളാണ് സൂചിപ്പിക്കുന്നത്. മാധ്യമങ്ങള്‍ക്കെതിരെ നടക്കുന്ന അക്രമണങ്ങള്‍ക്കും സാമൂഹ്യമാധ്യമങ്ങളിലൂടെ നടക്കുന്ന ഹീനമായ വ്യക്തിഹത്യകള്‍ക്കുമാണ് ഈ പ്രബുദ്ധ കേരളം സാക്ഷ്യം വഹിക്കുന്നത്. നാടുഭരിക്കു്ന്ന മുഖ്യമന്ത്രിയും പ്രതിപക്ഷനേതാവും ഈ വ്യക്തഹത്യകളുടെ ലിസ്റ്റ് അവതരിപ്പിക്കുന്നതുവരെയെത്തി കാര്യങ്ങള്‍. കൊവിഡ് കാലത്ത് സര്‍ക്കാരിന്റെ തെറ്റെന്നു തോന്നുന്ന നടപടികളെ വിമര്‍ശിക്കാമോ എന്ന ലോകമെങ്ങുമുയരുന്ന കാതലായ ചോദ്യത്തില്‍ നിന്നാണ് ഈ സംഭവവികാസങ്ങളുടെ ആരംഭം. ദുരന്തങ്ങളുടെ കാലം ഏതു ഭരണാധികാരികളും തങ്ങളുടെ താല്‍പ്പര്യങ്ങള്‍ അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുമെന്നതില്‍ സംശയമില്ല. ആഗോളതലത്തിലും ദേശീയതലത്തിലും കേരളത്തിലും അതിനൊരുപാട് ഉദാഹരണങ്ങളുണ്ട്. അതിനാല്‍ തന്നെ ചോദ്യങ്ങള്‍ ഉന്നയിക്കാനും സുരക്ഷാനടപടികള്‍ക്കുള്ളില്‍ നിന്ന് പ്രതിഷേധിക്കാനും ഏതൊരു പൗരനും അവകാശമുണ്ട്. ചോദ്യങ്ങള്‍ ഉന്നയിക്കാനും വസ്തുതകള്‍ പുറത്തുകൊണ്ടുവരാനും മാധ്യമങ്ങള്‍ക്കും ഉത്തരവാദിത്തമുണ്ട്. കേരളത്തില്‍ തന്നെ അത്തരം പ്രതിഷേധത്തിലൂടെ പല നടപടികളും സര്‍ക്കാര്‍ തിരുത്തിയിട്ടുമുണ്ട്. കൊവിഡ് പ്രതിരോധത്തില്‍ പോലീസിന് അമിതാധികാരം നല്‍കിയ ഉത്തരവ് തിരുത്തിയത് അവസാനഉദാഹരണം.
മാധ്യമപ്രവര്‍ത്തകര്‍ സ്വര്‍ണ്ണകടത്തും ലൈഫ് പദ്ധതിയുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ മുഖ്യമന്ത്രിയോട് ചോദ്യങ്ങള്‍ ചോദിച്ചതോടെയാണ് ഈ സംഭവങ്ങള്‍ രൂക്ഷമായത്. അതു ചോദിക്കല്‍ മാധ്യമങ്ങളുടെ ഉത്തരവാദിത്തമല്ലേ? സ്വര്‍ണ്ണകടത്തുകുറെ ചര്‍ച്ച ചെയ്തല്ലോ. കേസില്‍ പ്രതിസ്ഥാനത്തു നില്‍ക്കുന്ന സ്വപ്‌ന സുരേഷിനു അധികാര ഇടനാഴിയിലുള്ള ബന്ധം ചൂണ്ടികാട്ടിയാണ് കോടതി അവര്‍ക്ക് ജാമ്യം നിഷേധിച്ചിരിക്കുന്നത്. അവര്‍ തന്നെയാണ് സര്‍ക്കാരിന്റെ സ്വപ്‌നപദ്ധതിയെന്നു പറയപ്പെടുന്ന ലൈഫുമായി ബന്ധപ്പെട്ട് ഒരു കോടി കമ്മീഷന്‍ പറ്റിയിരിക്കുന്നത്. 25 കുടുംബങ്ങള്‍ സ്വപ്‌നത്തിനു തുല്ല്യമായ തുക. കൊടുത്തവരും വാങ്ങിയവരും അതു സമ്മതിച്ചു. പിച്ചച്ചട്ടിയില്‍ കയ്യിട്ടുവാരുക എന്ന ചൊല്ലാണ് ഓര്‍മ്മവരുന്നത്. എന്നാല്‍ സാങ്കേതിതമായ വാദം ഉന്നയിച്ച്, സര്‍ക്കാരിനു ഉത്തരവാദിത്തമില്ല എന്ന വാദമാണ് മുഖ്യമന്ത്രിയടക്കം ഉന്നയിക്കുന്നത്. ഇതേ കുറിച്ചുള്ള ചോദ്യങ്ങള്‍ ചോദിച്ചതിന്റ പേരിലാണ് മാധ്യമപ്രവര്‍ത്തകര്‍ക്കുനേരെ സംഘടിതമായ ആരംഭിച്ചത്. ഒരു മാധ്യമപ്രവര്‍ത്തകക്ക് സംഭവിച്ച നാക്കുപിഴ അതിനു നിമിത്തമാക്കുകയായിരുന്നു.
ജനാധിപത്യസംവിധാനത്തില്‍ ഭരണകൂടത്തിന്റെ നടപടികള്‍ നിരന്തരമായി നിരീക്ഷിക്കുകയും ആവശ്യമെങ്കില്‍ ഇടപെടുകയും ചെയ്യുക എന്നത് ഏതൊരു പൗരന്റേയും കടമയാണ്. പ്രതിപക്ഷത്തിനും മാധ്യമങ്ങള്‍ക്കും അതില്‍ കൂടുതല്‍ ഉത്തരവാദിത്തമുണ്ട്. സര്‍ക്കാരിന് കയ്യടുക്കല്ലല്ല, വീരല്‍ ചൂണ്ടലാണ് മാധ്യമങ്ങളുടെ പ്രാഥമികകടമ. അതവര്‍ ചെയ്യുന്നുണ്ടോ എന്നത് പരിശോധിക്കേണ്ടതുതന്നെയാണ്. ഏതൊരു മേഖലിയലുമുള്ള ജീര്‍ണ്ണത, ഒരുപക്ഷെ വളരെ കൂടുതലായി മാധ്യമമേഖലയിലും ഉണ്ട്. എന്നാല്‍ എപ്പോഴെല്ലാം മാധ്യമങ്ങള്‍ ജനാധിപത്യത്തിന്റെ നാലാംതൂണെന്ന സങ്കല്‍പ്പത്തെ അന്വര്‍ത്ഥമാക്കി സര്‍ക്കാരിനെതിരെ വിരല്‍ ചൂണ്ടിയിട്ടുണ്ടോ, അപ്പോഴെല്ലാം അവര്‍ അക്രമിക്കപ്പെട്ടിട്ടുണ്ട്. ചൈനയിലെ ഏകാധിപത്യ ഭരണകൂടത്തിന്‌റെ വിമര്‍ശകനായ മാധ്യമപ്രമുഖന്‍ ജിമ്മി ലായിയെ ഹോങ്കോങ്ങിന്റെ ദേശീയ സുരക്ഷാ നിയമപ്രകാരം അറസ്റ്റുചെയ്തതും പോയ വാരത്തിലായിരുന്നല്ലോ. കഴിഞ്ഞ ദിവസമിതാ കാരവണിലെ ജേര്‍ണ്ണലിസ്റ്റുകള്‍ക്കെതിരെ ഡെല്‍ഹിയില്‍ അക്രമം നടന്നിരിക്കുന്നു. അടിയന്തരാവസ്ഥാകാലത്ത് ഇന്ത്യയില്‍ നടന്ന മാധ്യമവേട്ടയും മറക്കാറായിട്ടില്ല. ഒരു ഭരണകൂടത്തിന്റെ ജനാധിപത്യസങ്കല്‍പ്പം തന്നെയാണ് മാധ്യമങ്ങളോടുള്ള സമീപനത്തില്‍ നിന്നു പ്രകടമാകുക. തനിക്കിഷ്ടമില്ലാത്ത ചോദ്യങ്ങള്‍ ചോദിക്കുന്നവരോട് മുഖ്യമന്ത്രിയുടെ പ്രതികരണം എല്ലാ മലയാളികളും കണ്ടല്ലോ. അതിന്റെ സന്ദേശം മനസ്സിലാക്കിയായിരുന്നു അണികള്‍ സൈബര്‍ അക്രമണം ശക്തമാക്കിയത്. തുടര്‍ന്നായിരുന്നു സമീപകാലത്തൊന്നും കേരളം കാണാത്ത രീതിയില്‍ അപമാനകരമായ മുഖ്യമന്ത്രിയുടേയും പ്രതിപക്ഷനേതാവിന്റേയും പത്രസമ്മേളനങ്ങള്‍ കേരളം കണ്ടത്. ഇരുവരും മറുപക്ഷം നടത്തിയ വ്യക്തിഹത്യകളുടെ ലിസ്റ്റ് അവതരിപ്പിക്കുകയായിരുന്നു. അതിഭായനകമായി ഉന്മൂലനം ചെയ്യപ്പെട്ട ടി പി ചന്ദ്‌ശേഖരന്റെ ജീവിതപങ്കാളിയും രാഷ്ട്രീയനേതാവുമായ കെ കെ രമ മുഖ്യമന്ത്രിയുടെ ലിസ്റ്റില്‍ വന്നില്ല. ജീവിതത്തോട് പടവെട്ടുന്ന ഹനാന്‍ എന്ന പെണ്‍കുട്ടി പ്രതിപക്ഷനേതാവിന്റെ ലിസ്റ്റിലും വന്നില്ല. ഇക്കാര്യത്തില്‍ ഇവരെയെല്ലാം കടത്തിവെട്ടുന്നവരുടെ നേതാവായ കെ സുരേന്ദ്രനും പത്രസമ്മേളനം നടത്തുന്നതു കണ്ടു. അതിനിടെ ഇടക്കിടെ പ്രയോഗിക്കുന്ന വിമോചനസമരമെന്ന തുറുപ്പുചീട്ടും പ്രയോഗിക്കുന്നതു കേട്ടു.
സോഷ്യല്‍ മീഡിയയിലൂടെയുള്ള വ്യക്തിഹത്യ കേരളത്തില്‍ നിരന്തരമായി ആവര്‍ത്തിക്കുന്നു. മിക്കവാറും എല്ലാ വിഭാഗങ്ങളും അതില്‍ പങ്കാളികളുമാണ്. രാഷ്ട്രീയക്കാരും മാധ്യമപ്രവര്‍ത്തകരും മാത്രമല്ല, എല്ലാ മേഖലകളിലുള്ളവരും അക്രമിക്കപ്പെടുന്നു. സ്ത്രീകള്‍ക്കെതിരാണെങ്കില്‍ അതിനു മൂര്‍ച്ചകൂടും. ഈ അക്രമണങ്ങളില്‍ ലിംഗ, ജാതി, വര്‍ണ്ണ വിവേചനങ്ങളെല്ലാം ശക്തമാണ്. ഭരണകൂടത്തിന്റെ തെറ്റായ നയങ്ങള്‍ മാത്രമല്ല, സമൂഹത്തിലെ ഏത് അനീതിക്കെതിരേയും വിരല്‍തുമ്പുകൊണ്ട് പ്രതികരിക്കാന്‍ ആര്‍ക്കും കഴിയുന്ന ഒന്നാണല്ലോ സോഷ്യല്‍ മീഡിയ. അതാകട്ടെ ജനാധിപത്യത്തിന്റെ വികാസവുമാണ്. പലര്‍ക്കും ഇത് ഇന്ന് പേടിസ്വപ്‌നമാണ്. മുഖ്യധാരാമാധ്യമങ്ങളുടെ അജണ്ടപോലും സോഷ്യല്‍ മീഡിയ നിശ്ചയിക്കുന്ന കാലമാണ്. എന്നാല്‍ ഇത്തരം അനാരോഗ്യകരമായ പ്രവണതകള്‍ നശിപ്പിക്കുന്നത് ഈ മീഡിയയുടെ കരുത്താണ്. സോഷ്യല്‍ മീഡിയയെ കൈപിടിയിലൊതുക്കാന്‍ ശ്രമിക്കുന്ന ഫാസിസ്റ്റ് ശക്തികള്‍ക്ക് ഫലത്തില്‍ ഒത്താശയാണ് ഇതുവഴി ചെയ്യുന്നത്.
തുടക്കത്തില്‍ പറഞ്ഞപോലെ എല്ലാ മേഖലയിലുമുള്ള ജീര്‍ണ്ണതകള്‍ മാധ്യമരംഗത്തുമുണ്ട്. ഈ ചര്‍ച്ചകളില്‍ പഴയ ചാരകേസ് കുത്തിപ്പൊക്കുന്നതു കണ്ടു. ചാരകേസ് ഊതിയുണ്ടാക്കിയതില്‍ കേരളത്തിലെ മിക്കവാറും മാധ്യമങ്ങള്‍ ഉത്തരവാദികളാണെന്നതാണ് യാഥാര്‍ത്ഥ്യം. മനോരമയും ദേശാഭിമാനിയും അക്കാര്യത്തില്‍ മത്സരിക്കുകയായിരുന്നു. തങ്ങളാണ് കുത്തിപ്പൊക്കിയതെന്ന് ഇരുകൂട്ടരും അഭിമാനിച്ചിട്ടുണ്ട്. ഐസ് ക്രീം പെണ്‍വാണിഭകാലത്തും സോളാര്‍കാലത്തുമൊക്കെ വളരെ മോശമായ രീതിയിലായിരുന്നു പല മാധ്യമങ്ങളും ഇടപെട്ടത്. ഈ സംഭവങ്ങലിലെ ലൈംഗികതയായിരുന്നു ഊതിവീര്‍പ്പിക്കപ്പെട്ടത്. തീര്‍ച്ചയായും ജനങ്ങള്‍ ആഗ്രഹിക്കുന്നതാണ് അവര്‍ നല്‍കിയതെന്നതില്‍ സംശയമില്ല. പക്ഷെ അങ്ങനെയെങ്കില്‍ നാലാം തൂണെന്ന പ്രയോഗത്തില്‍ അര്‍ത്ഥമി്‌ല്ലെന്നുമാത്രം. അതേസമയം മാധ്യമമേഖലയിലെ ജീര്‍ണതകളെ നേരിടേണ്ടത് ഇത്തരത്തിലുള്ള സംഘടിതമായ അക്രമണത്തിലൂടെയല്ല. ആവശ്യമെങ്കില്‍ നിയമനടപടികളാണ് സ്വീകരിക്കേണ്ടത്. അല്ലാത്തപക്ഷം എല്ലാ മാധ്യമങ്ങളുടേയും വായടക്കാന്‍ കാത്തിരിക്കുന്ന ഫാസിസ്റ്റ് ശക്തികള്‍ക്ക് കുടപിടിച്ചുകൊടുക്കുകയായിരിക്കും നാം ചെയ്യുന്നത്. അതല്ല ഒരു പ്രബുദ്ധസമൂഹത്തില്‍ നിന്ന് ആരും പ്രതീക്ഷിക്കുക
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in