‘ഭക്ഷ്യകൃഷിയിലൂടെ പുതിയ കേരളം’ പണിയാം

കേരളത്തിലും ചെറുകൃഷിയിടങ്ങളെ കേന്ദ്രമാക്കിയ ജൈവകൃഷി നയമാണ് ആവശ്യം. സര്‍ക്കാര്‍ തോട്ടം ഭൂമികളെയും ഭൂരഹിതര്‍ക്ക് നല്‍കിക്കൊണ്ട് അവിടങ്ങളില്‍ ഭക്ഷ്യവിളകള്‍ക്കു കൂടി സ്ഥാനം നല്‍കി പ്രാദേശികമായ ഭക്ഷ്യ സ്വാശ്രയത്വത്തിനാണ് നാം മുതിരേണ്ടത്. അതുവഴി ആഭ്യന്തര തൊഴില്‍ സാധ്യതകളും പ്രദേശിക സമ്പദ്ഘടനയും പരിസ്ഥിതിയും ആരോഗ്യവും കേരളത്തിന് നേടാന്‍ കഴിയുന്നതാണ്- കൊവിഡാനന്തരം കേരളം അതിജീവനകൃഷികൊണ്ട് രക്ഷപ്പെടില്ല എന്ന എം എം സോമശേഖരന്റെ ലേഖനത്തോടുള്ള വിമര്‍ശനം

ചെന്നൈയിലെ എം.എസ്.സ്വാമിനാഥന്‍ റിസര്‍ച്ച് ഫൗണ്ടേഷനില്‍ 1996 ല്‍ നടത്തിയ ഒരു യോഗത്തെ അഭിസംബോധന ചെയ്ത് ലോകബാങ്ക് വൈസ് പ്രസിഡന്റ് ഇസ്മയില്‍ സെറാഗെല്‍ഡിന്‍ ഇങ്ങനെ പറഞ്ഞു, ‘ അടുത്ത 20 വര്‍ഷത്തിനകം ഇന്ത്യയിലെ ഗ്രാമങ്ങളില്‍ നിന്ന് നഗരങ്ങളിലേക്ക്, ബ്രിട്ടണ്‍, ജര്‍മ്മനി, ഫ്രാന്‍സ് എന്നിവയിലെ ജനസംഖ്യയുടെ ഇരട്ടി വരുന്ന ജനങ്ങള്‍ എത്തിച്ചേരുന്നതാണ്.’ അദ്ദേഹം പറഞ്ഞതുപോലെ തന്നെ 45 കോടി ജനങ്ങളാണ് ഗ്രാമീണ ഭൂമിയില്‍ നിന്ന് ജീവനോപാധി തേടി ഇന്ത്യന്‍ നഗരങ്ങളിലേക്ക് ഇക്കാലത്ത് എത്തപ്പെട്ടത്. ഇവരാണ് ആഗോളികരണത്തിന്റെ തിളങ്ങുന്ന മുഖമുള്ള ഇന്ത്യന്‍ നഗരങ്ങളെ ചേരികളിലും പാലത്തിനടിയിലും വഴിവക്കിലും കുടുസുമുറികളിലും അടിഞ്ഞുകൂടിക്കൊണ്ട് പടുത്തുയര്‍ത്തിയത്. അവര്‍ തന്നെയാണ് ഈ ലോക് ഡൗണ്‍ കാലത്ത് നഗ്‌നപാദരായി തിരികെ തങ്ങളുടെ നാട്ടുഭൂമികളിലേക്ക്, നിശ്ശബ്ദം മൈലുകള്‍ താണ്ടി മരിക്കുകയും മരിച്ചു ജീവിക്കുകയും ചെയ്യുന്നത്. ഇന്ത്യന്‍ കാര്‍ഷിക ഗ്രാമങ്ങളില്‍ നിന്ന് ജനങ്ങളെ ആട്ടിപ്പായിച്ചാലേ രാഷ്ട്ര പുരോഗതിയുള്ളൂ എന്ന വികസനവാദത്തിന്റെ ഇരകളാണ് ഈ മനുഷ്യര്‍.

കാര്‍ഷിക മേഖലയിലെ ചെറുകിട ഉല്പാദനം അവസാനിപ്പിക്കാതെ ഇന്ത്യക്കു ഗതിയില്ലെന്ന് ലോകബാങ്ക് മാത്രമല്ല ഇടതു വലതു ബുദ്ധിജീവികളും കരുതുന്നുണ്ട്. കാരണം മത്സരക്ഷമമല്ലാത്തതൊന്നും നിലനില്‍ക്കാത്ത സാമൂഹ്യ സാഹചര്യമായതിനാല്‍ വന്‍കിട കാര്‍ഷിക ഉടമകളോട് എതിരിട്ട് പിടിച്ചു നില്‍ക്കാന്‍ ചെറുകിടക്കാര്‍ക്ക് കഴിയുകയില്ലത്രേ. അതിനാല്‍ ഇപ്പോള്‍ ഇന്ത്യയില്‍ ജനങ്ങളില്‍ 60% പേര്‍ ആ ശ്രയിക്കുന്ന കാര്‍ഷികരംഗത്തു നിന്ന് ചെറുകൃഷിക്കാരെ വിടുവിച്ച് ചെറുകൃഷിക്കളങ്ങളെല്ലാം സംയോജിപ്പിച്ച് ആധുനികവല്‍ക്കരിക്കുകയാണു വേണ്ടതെന്ന് സോമശേഖരനും ആവശ്യപ്പെടുന്നു. അങ്ങനെ കാര്‍ഷിക രംഗത്തെ നവീകരിച്ച മാതൃകകളായി ഒന്നാമത് അമേരിക്കയെയും പിന്നെ യൂറോപ്യന്‍ വികസിത രാജ്യങ്ങളെയും അദ്ദേഹം എടുത്തുകാണിക്കുന്നുമുണ്ട്.

ലോക് ഡൗണും ഗള്‍ഫ് തിരിച്ചു വരവും എല്ലാം കൂടി ആളുകള്‍ കൃഷിയിലേക്ക് താല്‍പ്പര്യം കാണിക്കുകയും സര്‍ക്കാര്‍ തന്നെ കൃഷി അഭിവൃദ്ധിപ്പെടുത്തുമെന്ന് പ്രഖ്യാപിക്കുകയും ചെയ്ത സാഹചര്യത്തിലാണ് സോമശേഖരന്റെ പ്രതികരണം ഉണ്ടായത്. ഇടത്തരക്കാരില്‍ ചിലര്‍ക്ക് അവരവര്‍ക്കു വേണ്ടത് ചിലപ്പോള്‍ വീട്ടുമുറ്റത്ത് ഉണ്ടാക്കാന്‍ കഴിഞ്ഞേക്കാമെന്നല്ലാതെ നിലവിലെ സ്ഥിതിയില്‍ കേരളത്തിന് കാര്‍ഷിക മുന്നേറ്റത്തിന് കടമ്പകളുണ്ടെന്നാണ് അദ്ദേഹം പറയുന്നത്. ആഗോളതലത്തില്‍ തന്നെ വന്‍കിട കോര്‍പ്പറേറ്റുകള്‍ കൃഷിയില്‍ പിടിമുറുക്കിയ ലോകത്ത് ചെറുകൃഷിയിടങ്ങളും ദരിദ്ര കൃഷിക്കാരും മുട്ടുകുത്തിപ്പോകുമെന്നാണ് അദ്ദേഹം പറയുന്നത്.

വികസന മാതൃകയുടെ തനിനിറം

അദ്യം അദ്ദേഹം മാതൃകയായി അവതരിപ്പിക്കുന്ന അമേരിക്കയിലെ സ്ഥിതിയാണ് നമുക്കു പരിശോധിക്കേണ്ടത്. അവിടെ കാര്‍ഷിക മേഖലയെ ആശ്രയിക്കുന്നവരുടെ എണ്ണം ചെറുകൃഷിയിടങ്ങളെയും കൃഷിക്കാരെയും ഇല്ലാതാക്കിക്കൊണ്ട് തീരെ കുറച്ചിട്ടുണ്ട്(1.3%). അങ്ങനെ ഉല്പാദനത്തില്‍ വമ്പിച്ച മുന്നേറ്റം അമേരിക്ക നടത്തുകയും അഗ്രീബിസിനസിന്റെ അനുകരണീയമായ മാതൃകയെന്ന് വാഴ്ത്തപ്പെടുകയും ചെയ്യുന്നു. എന്നാല്‍ ഇടതു വലതുകളാല്‍ ഒന്നടങ്കം അഭിനന്ദിക്കപ്പെടുന്ന അമേരിക്കന്‍ കാര്‍ഷിക മാതൃക ഇന്ന് അപരിഹാര്യമായ പ്രതിസന്ധിയില്‍ അകപ്പെട്ടിരിക്കുകയാണ്. അവിടുത്തെ വന്‍കിട കര്‍ഷകരുടെ പോലും വരുമാനത്തില്‍ വലിയ ഇടിവാണ് സംഭവിച്ചുകൊണ്ടിരിക്കുന്നത്. 1980 ല്‍ ഓരോ ഡോളറില്‍ നിന്നും 35 സെന്റ് സ്‌കൃഷിക്കാരന് കിട്ടിയിരുന്നെങ്കില്‍ ഇന്ന് 15 സെന്റ്‌സായി കുറഞ്ഞിരിക്കുന്നു അവിടെ. സര്‍ക്കാര്‍ ഭാരിച്ച സബ്‌സിഡി നല്‍കിയാണ് കാര്‍ഷിക മേഖലയെ പിടിച്ചു നിര്‍ത്തുന്നെങ്കിലും 1960കള്‍ മുതല്‍ കൃഷിക്കാരന്റെ വരുമാനം കുറയുകയാണെന്ന് അമേരിക്കന്‍ സര്‍ക്കാര്‍ തന്നെ സമ്മതിക്കുന്നു. എന്നാല്‍ ഈ സബ്‌സിഡിയുടെ 80 %ചെന്നു ചേരുന്നത് വന്‍ കൃഷിക്കാര്‍ക്കു പോലുമല്ല പകരം, ഭക്ഷ്യ-ഭക്ഷണ രംഗത്തെ കുത്തകകളായ ഭീമന്‍ കമ്പനികളിലേക്കാണ്. അതിനാല്‍ അവിടെ ചെറുകൃഷിക്കാര്‍ മാത്രമല്ല വലിയ കര്‍ഷകരും പിടിച്ചു നില്‍ക്കാന്‍ വിഷമിക്കുകയാണ്.

ഡബ്ലിയു.ടി.ഒ.ചര്‍ച്ചകളില്‍, മറ്റു രാജ്യങ്ങളുടെ ആവശ്യമായ അമേരിക്കന്‍ കാര്‍ഷിക സബ്‌സിഡി പിന്‍വലിക്കുക എന്നത് അമേരിക്ക ചെവിക്കൊള്ളാത്തത് അവിടുത്തെ ധനിക കര്‍ഷകരെ രക്ഷിക്കാനല്ല പകരം, മേല്‍പ്പറഞ്ഞ യഥാര്‍ത്ഥ ഗുണഭോക്താക്കളായ കമ്പനികളെ സേവിക്കാനാണ്. അതായത് അമരിക്കയുടെ കാര്‍ഷിനയം ഈ ചുരുക്കം കമ്പനികള്‍ക്കു വേണ്ടിരൂപം കൊണ്ടതാണ്. രാഷ്ട്രസമ്പത്തിന്റെ 90% വും ഒരു ശതമാനത്തിന്റെ പോക്കറ്റിലേക്ക് ചെന്നുചേരുന്നതാണ് ഈ കാര്‍ഷിക വിപ്ലവം.  മറുവശത്താകട്ടെ കാര്‍ഷിക മേഖലയില്‍ നിന്ന് പിന്‍തള്ളപ്പെട്ട ജനങ്ങള്‍ അമേരിക്കന്‍ ദാരിദ്ര്യത്തിന്റെയും തൊഴിലില്ലായ്മയുടെയും നിത്യസ്മാരകങ്ങളായി നിലകൊള്ളുന്നു. ഒരു തൊഴില്‍ കൊണ്ട് മാത്രം ജീവിക്കാന്‍ പറ്റാതെ പല ജോലികള്‍ ചെയ്താണ് , മുമ്പ് കാര്‍ഷിക മേഖലയെ ആശ്രയിച്ച ജനങ്ങള്‍ ജീവിതം തള്ളിനീക്കുന്നത്. സാമ്പത്തികമായ അന്തരവും തൊഴിലില്ലായ്മയും കടുപ്പിക്കുകയാണ് സത്യത്തില്‍ അമേരിക്കന്‍ കാര്‍ഷിക പരിഷ്‌ക്കരണം ചെയ്തത്.

പരിസ്ഥിതിയില്‍ കഴിഞ്ഞ 50 വര്‍ഷം കൊണ്ട് അമേരിക്കയിലെ വന്‍ കൃഷിയിടങ്ങള്‍ വരുത്തിവെച്ച വിപത്തുകള്‍ ആ രാജ്യത്തെ മാത്രമല്ല ലോകത്തെയാകെ ഗ്രസിച്ചിരിക്കുകയാണ്. അത്യുല്പാദനത്തിന്റെ കടുംകൃഷിയിലെ രാസവിഷങ്ങള്‍ സര്‍വ്വവും വിഷലിപ്തമാക്കി ആഗോള താപനത്തിന് മുഖ്യ കാരണമായിരിക്കുന്നു. ഒപ്പം ജന്തു സസ്യ വൈവിധ്യവും കാര്‍ഷിക വൈവിധ്യവും തകര്‍ക്കപ്പെട്ടിരിക്കുന്നു. ജനിതകമാറ്റ വിളകള്‍ വന്നതോടെ സ്ഥിതി കൂടുതല്‍ വഷളായിരിക്കുകയാണ്. കാര്‍ഷിക മേഖലയില പരിഷ്‌ക്കാരങ്ങള്‍ ലോകത്തിലെ തന്നെ ഏറ്റവും കൂടുതല്‍ സ്ഥായീ രോഗങ്ങള്‍ ഉള്ള നാടാക്കി അമേരിക്കയെ മാറ്റിയിട്ടുണ്ട്. കാന്‍സര്‍, അല്‍ഷിമേഴ്‌സ്, എന്നു വേണ്ട എല്ലാ വിധ രോഗങ്ങളും അവിടെ ഒന്നിനൊന്ന് മുമ്പിലാണ്.

അമേരിക്കന്‍ കൃഷിയുടെ ഭാഗികമായ നുഴഞ്ഞുകയറ്റമാണ് 1965 ല്‍ ‘ഹരിതവിപ്ലവ’ മെന്ന പേരില്‍ ഇന്ത്യയില്‍ അരങ്ങേറിയത്. ഇതിനെയും നെഞ്ചേറ്റി ലാളിച്ചവരാണ് ഇന്ത്യന്‍ ഇടതു പക്ഷം. എന്നാല്‍ ഹരിതവിപ്ലവത്തിന്റെ വര്‍ഗ്ഗ താല്‍പ്പര്യങ്ങളെ അന്നേ വെളിച്ചത്തു കൊണ്ടുവന്ന മാര്‍ക്‌സിസ്റ്റുചിന്തകരും ( Harry Cleaver. ‘The Contradictions of Green Revolution.’ American Economic Review,1972) അപൂര്‍വ്വമായെങ്കിലും ഉണ്ടായിരുന്നു.

ഹരിതവിപ്ലവം യഥാര്‍ത്ഥത്തില്‍ നിരവധി ചെറുകൃഷിക്കാരെ ഭൂരഹിതരാക്കി വന്‍കിട കര്‍ഷകരുടെ ഭൂവിസ്തൃതി വര്‍ദ്ധിപ്പിക്കുകയാണുണ്ടായത്. മൂലധനവും സ്വാധീനവും ഉള്ളവര്‍ക്കു മാത്രമായി കാര്‍ഷികവൃത്തി നിജപ്പെടുത്തി, ചെറുകര്‍ഷകരെയെല്ലാം കടങ്ങളില്‍ കുടുക്കി ആത്മഹത്യ ചെയ്യിക്കുന്നതും ഈ പരിഷ്‌ക്കാരമാണ്. 1990 കളിലെ പുത്തന്‍ സാമ്പത്തിക നയങ്ങളുടെ പ്രധാന ലക്ഷ്യങ്ങളിലൊന്ന് ചെറുകര്‍ഷകരെ ഇല്ലാതാക്കി, അവരുടെ ഭൂമി വികസനത്തിനു തട്ടിയെടുത്ത്, ഗ്രാമീണ ജനതയെ നഗര ചേരികളിലേക്ക് അട്ടിത്തെളിക്കുക എന്നതായിരുന്നു. മന്‍മോഹന്‍ സിംഗും ചിദംബരവും ഒക്കെ കൃഷിയെ ആശ്രയിക്കുന്നവരുടെ എണ്ണം വെട്ടിക്കുറയ്ക്കാന്‍ ഈ വികസന പാതയുടെ കരുക്കള്‍ നീക്കിയവരാണ്. അത് ആഗോളതലത്തില്‍ അമേരിക്ക നേതൃത്വം വഹിക്കുന്ന വികസന ശൈലിയുടെ ഇന്ത്യന്‍ അനുകരണമല്ലാതെ മറ്റൊന്നുമല്ല. അതില്‍ ഈ ധനകാര്യക്കാര്‍ ഏറെക്കുറെ വിജയിക്കുകയും ചെയ്തു.

കര്‍ഷക ആത്മഹത്യകളും നഗരങ്ങളിലേക്കുള്ള അഭയാര്‍ത്ഥീ പ്രവാഹങ്ങളും ഇക്കാലത്തത് അതിന്റെ ഉച്ചസ്ഥായിയിലെത്തി. ( 2011 ലെ സെന്‍സസ് പ്രകാരം 60 ദശലക്ഷം നഗര കുടിയേറ്റക്കാരാണ് ബോംബേ, ഡല്‍ഹി, ബാംഗ്ലൂര്‍, ഹൈദരാബാദ ചെന്നൈ, കല്‍ക്കട്ട എന്നീ നഗരങ്ങളിലെത്തിയത്. ജനസംഖ്യയുടെ 37% വരുന്ന 45 കോടി ജനങ്ങള്‍ ഇങ്ങനെ കാര്‍ഷിക ഭൂമികളില്‍ നിന്ന് ആട്ടിയോടിക്കപ്പെട്ടു കഴിഞ്ഞിരിക്കുന്നു) കര്‍ഷകര്‍ക്ക് സ്ഥിരവരുമാനവും ഉല്പന്നങ്ങള്‍ക്ക് ന്യായവിലയും ഏര്‍പ്പാടാക്കാതെ അതേ നയം തന്നെയാണ് ഇപ്പോഴത്തെ സര്‍ക്കാരും അനുവര്‍ത്തിക്കുന്നത്. ഹൈവേകള്‍ക്കും സ്‌പെഷ്യല്‍ സോണുകള്‍ക്കും വേണ്ടി കൃഷിഭൂമി ഏറ്റെടുക്കുന്നതും നിര്‍ബാധം തുടരുന്നു. നന്ദിഗ്രാമും സിംഗൂരും മറക്കാറായിട്ടില്ലല്ലോ.

അമരിക്കന്‍ കാര്‍ഷിക വികസനത്തിന്റെ പാരിസ്ഥിതിക- ആരോഗ്യ പ്രത്യാഘാതങ്ങള്‍ ഇന്ത്യയിലും അരങ്ങു തകര്‍ക്കുന്നുണ്ട്. അത് കാര്‍ഷിക രംഗത്ത് ചെറുകിടക്കാരെ ഒഴിവാക്കിയ, സോമശേഖരന്റെ നിര്‍ദ്ദേശം ആദ്യമേ നടപ്പിലാക്കിയ കേരളത്തിലെ പ്ലാന്റേഷന്‍ കോര്‍പ്പറേഷന്റെ എന്‍ഡോസള്‍ഫാന്‍ പൂശലിനെ ഓര്‍മ്മിപ്പിക്കുന്നതാണ്. ചെറുകിടവല്‍ക്കരണത്തെ മറികടന്ന കേരളത്തിലെ തോട്ടംമേഖല ഏതു നിലയിലാണ് പ്രതിസന്ധികളെ അതിജീവിക്കുന്നത്? ഭൂ കേന്ദ്രീകരണമാണ് പരിഹാരമെങ്കില്‍ നിലവില്‍ തോട്ടംമേഖല എന്തുകൊണ്ട് വെല്ലുവിളികള്‍ നേരിടുന്നു? അവിടെയുള്ള കൂലിയും തൊഴിലാളി ജീവിതവും എങ്ങനെ എത്രമാത്രം തൃപ്തികരമാണ്? പെമ്പിള്ളൈ സമരങ്ങള്‍ എങ്ങനെയാണ് സംഭവിച്ചത്?

ചെറുകിട കാര്‍ഷിക വ്യവസ്ഥയില്‍ വര്‍ഗ്ഗീയതയുടെ വേരുകള്‍ കാണുന്ന സോമശേഖരന്‍ തോട്ടങ്ങളിലെ അസ്പര്‍ശ്യതകള്‍ കാണുന്നില്ല. കീടനാശിനിസ്‌പ്രേ ചെയ്യുന്ന തൊഴിലാളിക്ക് എന്താണവിടെ സുരക്ഷ? മാത്രമല്ല ഇന്ത്യന്‍ ഗ്രാമങ്ങളേക്കാള്‍ നഗരങ്ങളിലെ മധ്യവര്‍ഗ്ഗത്തില്‍ വേരാഴ്ത്തിയ വര്‍ഗ്ഗീയതയുടെ വിഷവും ചെറുകിട കൃഷിയുടെ സന്തതിയാണോ? കാര്‍ഷിക പരിഷ്‌ക്കരണം ലക്ഷ്യം കണ്ട അമേരിക്കയില്‍ എന്തുകൊണ്ട് ഇപ്പോഴും വംശീയവെറി എവിടെയും വര്‍ദ്ധമാനമായ തോതില്‍ നിലകൊള്ളുന്നു? അതുകൊണ്ട് കാര്‍ഷിക മുരടിപ്പിനെയും ഫ്യൂഡല്‍ മനുഷ്യത്വ വിരുദ്ധതയെയും മറികടക്കാന്‍ ചെറുകൃഷിക്കാരുടെ വര്‍ഗ്ഗത്തെ ഇല്ലായ്മ ചെയ്യുന്ന കാര്‍ഷിക കേന്ദ്രീകരണമാണ് വഴി എന്ന് ഏതര്‍ത്ഥത്തിലാണ് അദ്ദേഹം ആവശ്യപ്പെടുന്നത്?

കുടുംബ കൃഷിയുടെ പ്രസക്തി

എന്നാല്‍ വിനാശ വികസനത്തിന്റെ വികല പാതകളില്‍ നിന്ന് മാറി സഞ്ചരിക്കാന്‍ ചിന്തിക്കുന്ന ലോകം ഇന്ന് ചെറുകൃഷിയിടങ്ങളുടെ പങ്ക് തിരിച്ചറിഞ്ഞിരിക്കുന്നു. സുസ്ഥിര വികസനത്തിന്റെ 17 ലക്ഷ്യങ്ങളില്‍ ഒന്നായി ചെറുകൃഷിയിടങ്ങളുടെ പുനരുദ്ധാരണം സ്ഥാനം നേടുന്നത് അങ്ങനെയാണ്. ഏഷ്യ, ആഫ്രിക്ക, തെക്കേ അമേരിക്കകളിലെ മാത്രമല്ല യൂറോപ്പിലെയും ചെറു കര്‍ഷകരുടെ ജീവിതത്തെയും കൃഷിക്കളങ്ങളെയും പുനരുദ്ധരിക്കുന്ന ഒരു കാര്‍ഷിക വിപ്ലവം ഗ്രാമീണ സമ്പദ്ഘടനയ്ക്കും സ്ത്രീകളുടെ ഉന്നമനത്തിനും പരിസ്ഥിതി സംരക്ഷണത്തിനും ആരോഗ്യരക്ഷക്കും കാലാവസ്ഥാ സുസ്ഥിരതക്കും എത്രമാത്രം ഫലപ്രദമാണെണ് ഇന്ന് നിസംശയം തിരിച്ചറിഞ്ഞിരിക്കുന്നു. മാത്രമല്ല കൂട്ട പലായനങ്ങളും അനിയന്ത്രിത നഗരവല്‍ക്കരണവും ഏല്‍പ്പിക്കുന്ന സാമൂഹികവും പാരിസ്ഥിതികവും സാമ്പത്തികവുമായ ആഘാതങ്ങളെ ചെറുക്കാനും ചെറുകൃഷിയിടങ്ങളെ ആധാരമാക്കിയ സമ്പദ് വ്യവസ്ഥ സുപ്രധാനമാണെന്നും ലോകം ബോധ്യപ്പെട്ടുകൊണ്ടിരിക്കുകയാണ്.

മത്സരത്തിന്റെ ലോകമാണെങ്കിലും ഡബ്ബിയു.ടി.ഒ.ചര്‍ച്ചകള്‍ അലസിപ്പോകുന്നതും, ഓരോ രാഷ്ട്രവും സ്വന്തം ഇടങ്ങളില്‍ സ്വതന്ത്രവ്യാപാര കടന്നുകയറ്റങ്ങളെ നിയന്ത്രിക്കുന്ന വ്യവസ്ഥകള്‍ കൊണ്ടു വരുന്നതും നാം കാണേണ്ടതുണ്ട്. ഇതില്‍ ഏറ്റവും മുന്നില്‍ നില്‍ക്കുന്നതും അമേരിക്ക തന്നെയാണ്. അതുപോലെ, ജപ്പാന്‍ അമേരിക്കയില്‍ നിന്ന് തുച്ഛവിലയ്ക്ക് എത്തുന്ന അരി സ്വന്തം രാജ്യത്ത് കടക്കാന്‍ അനുവദിക്കുന്നില്ല. ജപ്പാനിലെ നെല്ലുല്പാദനച്ചെലവ് അമേരിക്കയിലേതിനേക്കാള്‍ ഏറെ ചെലവുള്ളതായിട്ടും അതു നിര്‍ത്തി വില കുറഞ്ഞ അമേരിക്കന്‍ അരി ഇറക്കുമതി സ്വന്തം ഭക്ഷണ സംസ്‌ക്കാരവും നെല്‍കൃഷി പരിസ്ഥിതിയും സംരക്ഷിക്കുന്നതിന് മുന്‍തൂക്കം നല്‍കുന്നതിനാല്‍ ജപ്പാന്‍ സമ്മതിക്കുന്നില്ല. മറ്റു രാജ്യങ്ങളുടെ എതിര്‍പ്പ് കാര്യമാക്കാതെ അമേരിക്കയും യൂറോപ്യന്‍ യൂണിയനും ഉയര്‍ന്ന കാര്‍ഷിക സബ്‌സിഡി തുടരുന്നതും ഓര്‍ക്കുക. ഈ സബ്‌സിഡിയില്ലെങ്കില്‍ അവരുടെ കയറ്റുമതിയുടെ 40% വും നിര്‍ത്തേണ്ടി വരും.

കോര്‍പ്പറേറ്റ് കൃഷിയുടെ ഈറ്റില്ലമായ അമേരിക്കയില്‍ പോലും ആകെ കര്‍ഷകരുടെ 89.7% വും ചെറുകൃഷിക്കാരാണ്. ജപ്പാനിലും കൊറിയയിലും കൃഷിക്കാരില്‍ 99% വും നെതര്‍ലാന്റില്‍ 90% വും ജര്‍മ്മനിയില്‍ 65% വും ചെറുക്കൃഷിക്കാര്‍ തന്നെ. കൃഷിയിടം വലുതായാല്‍ ഉല്പാദനം ലാഭകരവും കാര്യക്ഷമവുമാക്കാം എന്ന പൊതു ധാരണയെ തിരുത്തുന്നതാണ് കൊറിയയിലെ ചെറുനെല്‍പ്പാടങ്ങള്‍. അവിടെ 1.5 മുതല്‍ 2 ഹെക്ടര്‍വരെയുള്ള കൃഷിയിടങ്ങളിലെ ഉല്‍പ്പാദനച്ചെലവ് വന്‍ കൃഷിക്കളങ്ങളേക്കാള്‍ താഴെയാണ്. അതുപോലെ പ്രാദേശികവും അന്തര്‍ദേശീയവുമായ ഭക്ഷ്യ സുരക്ഷക്കും ചെറുകൃഷിയേ ഉതകൂ എന്ന് ബോധ്യപ്പെട്ടിരിക്കുന്നു. ഇന്നും 2 ഹെക്ടറില്‍ താഴെ വരുന്ന കൃഷിയിടങ്ങളാണ് ലോകത്തിനു വേണ്ട ഭക്ഷണത്തിന്റെ 31% വരെ നല്‍കുന്നത്. 25 ഏക്കറില്‍ താഴെയുള്ളവ കൂടി ഉള്‍പ്പെടുത്തിയാല്‍ ഇത് 70% മായി ഉയരുന്നു. വന്‍കൃഷി ക്കളങ്ങളേക്കാള്‍ ഉല്‍പ്പാദനക്ഷമതയും സസ്യ വൈവിധ്യവും പോഷക ലഭ്യതയും ചെറുകൃഷിക്കളങ്ങള്‍ക്കാണ് സാധ്യമാകുന്നത്. കോര്‍പ്പറേറ്റ് കൃഷിയാകട്ടെ 100 കോടി ജനങ്ങളെ ഒരു വശത്ത് മുഴുപ്പട്ടിണിക്കാരാക്കുകയും മറുവശത്ത് അതി ഭക്ഷണവും വികല ഭക്ഷണവും നല്‍കി 200 കോടി ജനങ്ങളെ രോഗികളും ആക്കുന്നു. സുസ്ഥിരമായ കാര്‍ഷിക ആവാസവ്യവസ്ഥകള്‍ നിലനിര്‍ത്തിക്കൊണ്ട് ചെറുകൃഷിയിടങ്ങള്‍ക്കു മാത്രമേ പ്രകൃതി സൗഹൃദമാകാന്‍ കഴിയൂ. കോര്‍പ്പറേറ്റ് കൃഷിയാകട്ടെ മറിച്ച് ജൈവവൈവിധ്യത്തെ ഹനിക്കുന്ന ഏക വിളകളും രാസവിഷങ്ങളും വഴി എണ്ണിയാലൊടുങ്ങാത്ത പ്രതിസന്ധികളെ വിളിച്ചു വരുത്തിയിരിക്കുന്നു. അതുകൊണ്ട് എല്ലാ സര്‍ക്കാരുകളും ചെറുകൃഷിയിടങ്ങളെ പ്രോത്സാഹിപ്പിക്കുന്ന കാര്‍ഷിക നയം ആവിഷ്‌ക്കരിക്കണമെന്ന് ലോക ഭക്ഷ്യ കാര്‍ഷിക സംഘടന തന്നെ ലോക രാഷ്ട്രങ്ങളെ ഉദ്‌ബോധിപ്പിക്കുകയാണ്.

കേരളത്തിലും ചെറുകൃഷിയിടങ്ങളെ കേന്ദ്രമാക്കിയ ജൈവകൃഷി നയമാണ് ആവശ്യം. സര്‍ക്കാര്‍ തോട്ടം ഭൂമികളെയും ഭൂരഹിതര്‍ക്ക് നല്‍കിക്കൊണ്ട് അവിടങ്ങളില്‍ ഭക്ഷ്യവിളകള്‍ക്കു കൂടി സ്ഥാനം നല്‍കി പ്രാദേശികമായ ഭക്ഷ്യ സ്വാശ്രയത്വത്തിനാണ് നാം മുതിരേണ്ടത്. അതുവഴി ആഭ്യന്തര തൊഴില്‍ സാധ്യതകളും പ്രദേശിക സമ്പദ്ഘടനയും പരിസ്ഥിതിയും ആരോഗ്യവും കേരളത്തിന് നേടാന്‍ കഴിയുന്നതാണ്.

‘ഭക്ഷ്യക്കൃഷിയിലൂടെ പുതിയ കേരളം’ എന്നതാകണം നമ്മുടെ മുദ്രാവാക്യം. കാരണം കോളനികാലത്താണ് നമ്മുടെ ഭക്ഷ്യവിളകള്‍ തഴയപ്പെട്ടത്. അവര്‍ നമ്മുടെ കൃഷിയെ കയറ്റുമതി വിളകളാക്കി പരിവര്‍ത്തിപ്പിച്ചു;പുതിയ ഏകവിളത്തോട്ടങ്ങള്‍ ഉണ്ടാക്കി അധിനിവേശത്തിന്റെ ശക്തി ദുര്‍ഗ്ഗങ്ങളാക്കി മാറ്റി. ഇതേ കാര്‍ഷിക വികസന ചിന്ത തലക്കുപിടിച്ച നമ്മള്‍ ഈ തോട്ടങ്ങളെ ഭൂപരിഷ്‌ക്കരണത്തില്‍ നിന്ന് ഒഴിവാക്കി യജമാന ഭക്തി തുടരുകയും ചെയ്തു. ഇപ്പോഴാകട്ടെ അവ റിസോര്‍ട്ടുകൃഷിക്കായി നിയമ ഭേദഗതികളും വരുത്തുന്നു. മൂന്നാറിലായാലും അട്ടപ്പാടിയിലായാലും തദ്ദേശീയരുടെ നാട്ടുഭക്ഷണത്തെ തിരികെപ്പിടിച്ച്, റാഗിയും ചാമയും തിരികെ കൊണ്ടു വന്നാലേ അവിടുത്തെ ശിശു മരണങ്ങളും മാറ്റാനാവൂ. ഭക്ഷണമെന്ന പേരില്‍ മനഷ്യ ത്തീറ്റയുടെ രൂപത്തില്‍ വ്യാവസായികമായ ഭക്ഷ്യക്രമം കൊണ്ട് പരിഹരിക്കാവുന്നതല്ല കാര്‍ഷിക പ്രതിസന്ധികള്‍. കന്നുകാലികളെ തീറ്റ കൊടുത്ത് ഇറച്ചിക്കായി വളര്‍ത്തുന്ന അതേ മനസ്ഥിതിയാണ് മനുഷ്യരുടെ ഭക്ഷണത്തോടും മുതലാളിത്തം കാണിക്കുന്നത്. കാരണം നാമെല്ലാം അതിന്റെ വിപണിയില്‍ ഉല്‍പ്പന്നങ്ങള്‍ വാങ്ങാനുള്ള ജീവികള്‍ മാത്രമാണല്ലോ?

also read

കൊവിഡാനന്തരകേരളം അതിജീവനകൃഷികൊണ്ട് രക്ഷപ്പെടില്ല

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Culture | Tags: | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply