പൗരത്വ ബില്ലില്‍ നിന്നും മതരാഷ്ട്രത്തിലേക്ക് – സുനില്‍ പി ഇളയിടത്തിനെതിരെ കെ കെ ബാബുരാജ്

പൗരത്വ ഭേദഗതി നിയമത്തിനെതിരെയുള്ള പ്രതിരോധത്തിലെ മുസ്ലീം- കീഴള ജനതയുടെ വിപുലമായ സാന്നിധ്യത്തെ വഴിതിരിച്ചുവിടാന്‍ അദ്ദേഹം കാണിക്കുന്ന വ്യഗ്രത പരിഹാസ്യമാണ് .സമര മുന്നണിയിലുള്ളവരെ’ കുട്ടികള്‍ ‘എന്ന നിരപേക്ഷ പദം കൊണ്ടാണ് വിശേഷിപ്പിക്കുന്നത് .ഇത്തരം വര്‍ണ്ണനകളും ജനതയുടെ കര്‍തൃത്വത്തെ വിദൂരമാക്കിക്കൊണ്ടുള്ള വാഗ് വിലാസങ്ങളും മധുരം പുരട്ടിയ സവര്‍ണതയാണെന്നു തിരിച്ചറിയാന്‍ വലിയ ബുദ്ധിയൊന്നും വേണമെന്നില്ല .

‘പൗരത്വ ബില്ലില്‍ നിന്നും മതരാഷ്ട്രത്തിലേക്ക് ‘ എന്ന സുനില്‍. പി .ഇളയിടത്തിന്റെ പ്രസംഗം മുഴുവനും കേട്ടു. നാസികളുടെ ഉയര്‍ച്ചയുടെ കാലത്തെ ജര്‍മ്മനിയിലെ മുഖ്യധാര ഇടതുപക്ഷത്തിന്റെ ജനപ്രിയ നേതാക്കളെ ;മാര്‍ക്‌സിസ്റ്റ് ബുദ്ധിജീവിയും ‘ന്യൂ ലെഫ്റ്റ് റിവ്യൂ ‘വിന്റെ പത്രാധിപരുമായിരുന്ന പോള്‍ .എം .സ്വീസി വിശേഷിപ്പിച്ചത് നിരവധി ശകാര പദങ്ങള്‍ കൊണ്ടാണ്. മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയുടെ അണികളെയും അനുഭാവികളെയും മാത്രമല്ല ,വലിയൊരു ലിബറല്‍ സമൂഹത്തെയും തന്റെ ബ്രാഹ്മണിക്കലായ വാഗ്‌ധോരണി കൊണ്ടു ആനന്ദ നിര്‍വൃതിയില്‍ ആറാടിക്കുന്ന സുനിലിന്റെ വൈഭവത്തെ അഭിനന്ദിക്കുന്നു .എന്നാല്‍ അദ്ദേഹത്തിന്റെ സൈദ്ധാന്തികവും രാഷ്ട്രീയവുമായ ബോധ്യങ്ങളെപ്പറ്റി പറയാന്‍ പോള്‍ .എം .സ്വീസിയുടെ വാക്കുകളെ കടമെടുക്കാനെ പറ്റുന്നുള്ളു .

സുനിലിന്റെ പ്രസംഗത്തില്‍ അറുപതു ശതമാനത്തിലും കൂടുതല്‍ ഗാന്ധി സ്തുതിയും ഉദ്ധരണികളുമാണുള്ളത് .മുന്‍പ് ചില ജെസ്യുട്ട് പാതിരിമാര്‍ ഗാന്ധിയെ അന്തിക്രിസ്തുവായി കണ്ടതുപോലുള്ള അതിഭാവനകളാണ് അധികവും .വിവേകാന്ദ സ്തുതിയും കുറവല്ല .ഇതൊരു മോശം കാര്യമാണെന്നല്ല പറയുന്നത് .മറിച്ചു മാര്‍ക്‌സിസ്റ്റ് ആണെന്നു അവകാശപ്പെടുന്ന ഒരാള്‍ തന്റെ സൈദ്ധാന്തിക വിശകലനത്തില്‍ നിന്നും മാര്‍ക്‌സിസത്തെ പാടെ ഒഴിവാക്കുകയും പകരം ഗാന്ധിയെയും മറ്റിതര ദേശീയവാദ പ്രതീകങ്ങളെയും മാത്രം പുനരാവിഷ്‌കരിക്കുകയും ചെയ്യുന്നതിന്റെ കാര്യമെന്താണ് ?

ഇന്ത്യ ഒരുദേശരാഷ്ട്രമായി മാറുന്ന ഘട്ടത്തില്‍ കമ്മ്യൂണിസ്റ്റുകളും ഉണ്ടായിരുന്നല്ലോ .ആദ്യ പാര്‍ലമെന്റില്‍ വിവിധ കമ്മ്യൂണിസ്റ്റ് -സോഷ്യലിസ്റ്റ് ഗ്രൂപ്പുകള്‍ക്ക് നാല്‍പ്പതിലധികം അംഗങ്ങളാണ് ഉണ്ടായിരുന്നത് .ഹിന്ദു മഹാസഭക്കും ജനസംഘത്തിനും കൂടി ഏഴുപേര്‍ .പൗരത്വത്തെ കേന്ദ്രമായി ദേശീയമായൊരു പ്രതിസന്ധി രൂപപ്പെട്ട സമകാലീന അവസ്ഥയില്‍ സ്വാഭാവികമായും;ഗാന്ധിയും നെഹ്രുവും മതേതര ഇന്ത്യക്കും റിപ്പബ്ലിക്കന്‍ ഭരണഘടനക്കും വേണ്ടി എന്തെല്ലാം ചെയ്തു എന്ന വിവരണത്തിനുപരി ,കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെയും അതിന്റെ നേതാക്കളുടെയും റോള്‍ എന്തായിരുന്നു എന്നല്ലേ അദ്ദേഹം പറയേണ്ടത് ?

സുനിലിന്റെ പ്രസംഗത്തില്‍ നിന്നും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുംഅതിന്റെ നേതാക്കന്മാരും പൊഴിഞ്ഞുപോയത് യാദൃച്ഛികമായിട്ടല്ല . ഗാന്ധി ജീവിച്ചിരുന്നപ്പോളും മരിച്ചപ്പോഴും അവര്‍ അദ്ദേഹത്തെ വിളിച്ചത് ദേശീയ ബൂര്‍ഷാസിയുടെ പിണിയാള്‍ എന്നാണ് .ഡോ .അംബേദ്ക്കറെ സാമ്രാജ്യത്വ ചാരനെന്നാണ് വിളിച്ചത് .റിപ്പബ്ലിക്കന്‍ ഭരണഘടനയെ ടാറ്റ -ബിര്‍ള കോണ്‍സ്റ്റിട്യൂഷന്‍ എന്നുമാണ് വിളിച്ചത്. .ആധുനിക പൗരസമൂഹം എന്ന സങ്കല്‍പമേ ഇല്ലാതിരുന്നവര്‍ സോവിയറ്റ് മോഡലിന് വേണ്ടിയാണ് പ്രവര്‍ത്തിച്ചിരുന്നത് .ഇക്കാര്യങ്ങളെല്ലാം മറച്ചുവെച്ചു ഹൈന്ദവ പൊതുബോധത്തിന്റെ സുരക്ഷ തേടാനാണ് സുനിലിനെപ്പോലുള്ളവര്‍ ഗാന്ധിയെയും പഴയ ദേശീയ വാദ നേതൃത്വത്തെയും സ്തുതിച്ചുകൊണ്ട് രംഗത്തു വരുന്നത് എന്നു തോന്നുന്നു . അപ്പോള്‍ തന്നെ ,ഹിന്ദുക്കളെ സാമുദായിക ഭൂരിപക്ഷമായും തുടര്‍ന്നു രാഷ്ട്രീയ ഭൂരിപക്ഷമാക്കാനും ദേശീയ പ്രസ്ഥാനത്തിന്റെ വിള്ളലുകള്‍ക്കും ഗാന്ധിയുടെ ദുശാഠ്യങ്ങള്‍ക്കുമുള്ള പങ്കിനെപ്പറ്റി സുനില്‍ എന്തേ പറയാത്തത് ?

ഹിന്ദുത്വത്തിന്റെ വളര്‍ച്ചയെ’ മതരാഷ്ട്രം ‘ആയിട്ടാണ് അദ്ദേഹം കാണുന്നത് . .ഹിന്ദുമതം നിലനില്‍ക്കുന്നില്ലെന്നും അതു ജാതികളുടെ കൂട്ടമാണെന്നും ,മുസ്ലീം വിരുദ്ധ കലാപങ്ങളുടെ കാലത്തുമാത്രമാണ് ഹിന്ദു എന്ന പൊതുബോധം രൂപപ്പെടുന്നത് എന്ന ഡോ .അംബേദ്ക്കറുടെ വിലയിരുത്തല്‍ നില്‍ക്കട്ടെ. എങ്കില്‍പ്പോലും ഹിന്ദുത്വത്തില്‍ എവിടെയാണ് ഒരു മതരാഷ്ട്രം;; തിയോളജിക്കല്‍ സ്റ്റേറ്റ് രൂപീകരിക്കുമെന്നുള്ള സൂചനകള്‍ ഉള്ളത് . ഹിന്ദുക്കളില്‍ ഒരു മതാധികാര കേന്ദ്രമോ ഏകീകൃതമായ വിശ്വാസ പ്രമാണങ്ങളോ ഇല്ലാത്തതുമൂലം മതരാഷ്ട്ര വാദം ഉന്നയിക്കുക അസാധ്യമാണ്. അതിനാലാണ് അവര്‍ സാംസ്‌കാരിക ദേശീയ വാദത്തില്‍ നിന്നും അഖണ്ഡ ഭാരത സങ്കല്പത്തില്‍നിന്നും ഏകാത്മക മാനവ വാദത്തില്‍ നിന്നുമെല്ലാം ഊര്‍ജം സംഭരിക്കുന്നത്. ഹിന്ദു ഇതിഹാസ കഥാപാത്രങ്ങളെയും മിത്തുകളെയും മനു സ്മൃതി അടക്കമുള്ള ബ്രാഹ്മണിസ്റ്റു ടെസ്റ്റുകളും അവര്‍ ആധാരമാക്കുന്നുണ്ട്. ഇതെല്ലാം ദേശം എന്ന പരികല്പനയിലേക്കാണ് അവര്‍ കൂട്ടിച്ചേര്‍ക്കുന്നത്. ദേശം നിശ്ചയമായും സവര്‍ണാധികാരമാണ് .

മുസ്‌ളിങ്ങളോടും കീഴാളരോടുമുള്ള അവരുടെ ശത്രുതക്ക് കാരണം ദേശത്തോടു കൂറു കുറഞ്ഞവരും, മാതൃഭൂമിയുടെ’ സുഖലാളന’യെ ഉള്‍ക്കൊള്ളാന്‍ കഴിയാത്തവരും, സവര്‍ണാധികാരത്തിനു മെരുങ്ങാത്തവരും എന്ന നിലയിലാണ് .അതായത് ,വ്യത്യാസം മൂലം ഇവര്‍ ദേശത്തില്‍ അധികപറ്റുകളാണത്രെ .ഇവിടെ ജനിച്ചു വളര്‍ന്ന എല്ലാവരും ഹിന്ദുക്കള്‍ ആണെന്നു സംഘ് പരിവാര്‍ ആവര്‍ത്തിച്ചു പറയുന്നത് വിശ്വാസത്തിന്റെ പേരിലല്ല .മറിച്ചു, സാംസ്‌കാരിക ദേശീയ വാദത്തോടും മാതൃഭൂമിയോടുള്ള കൂറിന്റെയും അടിസ്ഥാനത്തിലാണ് .

ഹിന്ദുത്വത്തില്‍ ഇല്ലാത്ത മതരാഷ്ട്രം എന്ന പരികല്പനയെ സുനില്‍ മുഖ്യപ്രശ്‌നമായി തെറ്റിദ്ധരിപ്പിക്കുന്നത് മുസ്ലീം രാഷ്ട്രീയ കര്‍തൃത്വത്തോട് അദ്ദേഹത്തിന്റെ പാര്‍ട്ടി കാണിക്കുന്ന വംശീയ ശത്രുതയെ കൊഴിപ്പിക്കാനാണ്. മുന്‍കാലത്തു മുസ്ലീം അക്രമണകാരികള്‍ എന്ന ഭയത്തെ പ്രചരിപ്പിക്കുകയാണ് ഹിന്ദുത്വവാദികള്‍ ചെയ്തതെങ്കില്‍ , മുസ്ലീം മതരാഷ്ട്രം എന്ന ദുഷ്പ്രചാരണത്തിനു പിന്നിലാണ് സുനിലിനെപ്പോലുള്ളവര്‍ ഒളിച്ചുകളിക്കുന്നതെന്നു പകല്‍പോലെ വ്യക്തമാണ് . കൊളോണിയലിസ്റ്റുകള്‍ തദ്ദേശ ജനതകളെ അമര്‍ച്ച ചെയ്യാനായി ഉപയോഗിച്ച” മതഭ്രാന്ത് ”എന്ന വാക്കിനെ അദ്ദേഹം നിരന്തരം പ്രയോഗിക്കുന്നതും യാദൃച്ഛികമല്ല .

പൗരത്വ ഭേദഗതി നിയമത്തിനെതിരെയുള്ള പ്രതിരോധത്തിലെ മുസ്ലീം- കീഴള ജനതയുടെ വിപുലമായ സാന്നിധ്യത്തെ വഴിതിരിച്ചുവിടാന്‍ അദ്ദേഹം കാണിക്കുന്ന വ്യഗ്രത പരിഹാസ്യമാണ് .സമര മുന്നണിയിലുള്ളവരെ’ കുട്ടികള്‍ ‘എന്ന നിരപേക്ഷ പദം കൊണ്ടാണ് വിശേഷിപ്പിക്കുന്നത് .ഇത്തരം വര്‍ണ്ണനകളും ജനതയുടെ കര്‍തൃത്വത്തെ വിദൂരമാക്കിക്കൊണ്ടുള്ള വാഗ് വിലാസങ്ങളും മധുരം പുരട്ടിയ സവര്‍ണതയാണെന്നു തിരിച്ചറിയാന്‍ വലിയ ബുദ്ധിയൊന്നും വേണമെന്നില്ല .

ഫേസ് ബുക്ക് പോസ്റ്റ്

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Be the first to write a comment.

Leave a Reply