ആയുര്‍ദൈര്‍ഘ്യം കൂടിയാല്‍ പോര, വാര്‍ദ്ധക്യ സൗഹൃദവുമാകണം കേരളം

കൗമാരത്തോടെ വീടുവിട്ടിറങ്ങി സ്വയം തൊഴില്‍ ചെയ്ത് പഠിക്കുന്ന തലമുറയാണ് പല വികസിത രാഷ്ട്രങ്ങളിലും വളരുന്നത്. അല്ലെങ്കില്‍ അതു മോശപ്പെട്ട അവസ്ഥയായാണ് കരുതപ്പെടുന്നത്. നമ്മുടെ അവസ്ഥ എന്താണെന്നറിയാമല്ലോ. മറുവശവും അങ്ങനെതന്നെ. ഒരു പ്രായം കഴിഞ്ഞാല്‍ മക്കള്‍ക്ക് ഭാരമാകാതെ മാറിപോകുന്നവരാണ് അവിടങ്ങളിലെ വൃദ്ധരും. അവര്‍ ദമ്പതികളായോ ഒറ്റക്കോ അല്ലെങ്കില്‍ താല്‍പ്പര്യമുള്ളവര്‍ ഒരുമിച്ചോ താമസിക്കുന്നു. തീര്‍ച്ചയായും സര്‍ക്കാരിന്റെ പരിരക്ഷ അവര്‍ക്കുണ്ട്. ഒപ്പം അവിടങ്ങളിലെ പൊതുജീവിതവും പൊതുസ്ഥാപനങ്ങളുമെല്ലാം വയോജനസൗഹൃദമാണ്. അല്ലെങ്കിലത് ചോദ്യം ചെയ്യപ്പെടും. ഇന്ത്യയില്‍ തന്നെ മഹാനഗരങ്ങള്‍ അത്തരത്തില്‍ മാറുന്നു. എന്നാല്‍ ഉയര്‍ന്ന ശരാശരി പ്രായത്തെ കുറിച്ച് ഊറ്റം കൊള്ളുന്ന കേരളത്തിന്റെ അവസ്ഥയാണ് ഏറ്റവും ദയനീയം.

വികസനസൂചികകള്‍ പരിശോധിച്ചാല്‍ പലതിലും ഇന്ത്യയിലെ മിക്ക സംസ്ഥാനങ്ങളേക്കാള്‍ മുന്നിലാണ് കേരളം എന്നത് എല്ലാവര്‍ക്കുമറിയാം. പക്ഷെ കണക്കുകള്‍ക്കപ്പുറം അവയുടെ ഗുണനിലവാരം പരിശോധിക്കുകയാണെങ്കില്‍ നിരാശാജനകമാണ് കാര്യങ്ങളെന്നു കാണാം. ആരോഗ്യവും വിദ്യാഭ്യാസവുമൊക്കെ ഉദാഹരണങ്ങള്‍ ഇവയില്‍ രണ്ടിലും പ്രാഥമിക തലത്തില്‍ മാത്രമാണ് നമ്മുടെ നേട്ടങ്ങള്‍ എന്നത് വ്യക്തമാണ്. പുതിയതെന്നു പറയാനാകില്ല എങ്കിലും ആരോഗ്യമേഖലയുമായി ബന്ധപ്പെട്ട ഒരു പ്രധാന വാര്‍ത്ത കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ആയുര്‍ ദൈര്‍ഘ്യത്തില്‍ ഇന്ത്യയില്‍ ഒന്നാം സ്ഥാനം കേരളമാണെന്നു തന്നെയാണത്. അഖിലേന്ത്യാ ശരാശരി 69 വയസ്സാണെങ്കില്‍ കേരളത്തിലത് 75 ആണ്. എന്നാല്‍ ഈ നേട്ടം ഗുണപരമായി കാണാനാവുമോ എന്നു ചോദിച്ചാല്‍ ഉത്തരം നിരാശാജനകമാണെന്നു പറയേണ്ടിവരും.
ആരോഗ്യമേഖലയില്‍ ഏറ്റവും മുന്നിലാണെന്നും ശരാശരി ആയുസ്സ് ഏറ്റവും കൂടുതലാണെന്നും പറയുന്ന കേരളത്തില്‍ വാര്‍ദ്ധക്യം ഏറെ അരക്ഷിതമാണെന്നതാണ് യാഥാര്‍ത്ഥ്യം. മറ്റെല്ലാം ദുര്‍ബ്ബലവിഭാഗങ്ങളേയും പോലെ വൃദ്ധരുടെ കാര്യത്തിലും ഒട്ടും സൗഹൃദമല്ല കേരളം. സ്വയം സംഘടിക്കാനോ അവകാശങ്ങള്‍ക്കായി പോരാടാനോ കഴിയാത്തവരാണല്ലോ അവരും. അതിനാല്‍തന്നെ വൃദ്ധരുടെ അവകാശങ്ങള്‍ക്കായി നിലകൊള്ളേണ്ട ചുമതല ജനാധിപത്യസമൂഹത്തിനുണ്ട്. എന്നാല്‍ അതൊന്നുമല്ല നടക്കുന്നത്. മക്കള്‍ തങ്ങളാഗ്രഹിക്കുന്നപോലെ വളരണമെന്നാഗ്രഹിക്കുന്ന നമ്മള്‍ വൃദ്ധരായ മാതാപിതാക്കളും തങ്ങളുടെ താല്‍പ്പര്യത്തിനനുസരിച്ച് ജീവിക്കണമെന്നാഗ്രഹിക്കുന്നു.
വൃദ്ധരായവരെ മക്കള്‍ പരിചരിക്കുന്നില്ല, കറിവേപ്പില പോലെ വലിച്ചെറിയുന്നു, വൃദ്ധസദനങ്ങളിലാക്കുന്നു എന്നിങ്ങനെയുള്ള പതിവു മുറവിളികള്‍ മാത്രമാണ് എവിടേയും കേള്‍ക്കുന്നത്. മാതാപിതാക്കളെ സംരക്ഷിക്കാന്‍ തയ്യാറാകാത്തവരുടെ സ്വത്തുകള്‍ കണ്ടുകെട്ടാവുന്ന രീതിയില്‍ നിയമനിര്‍മ്മാണം നടത്താന്‍ ആലോചിക്കുന്നതായി കേള്‍ക്കുന്നു. അതു നടക്കട്ടെ. സ്വത്തു പിടിച്ചടക്കുമോ എന്ന ഭയം കൊണ്ട് മാതാപിതാക്കളെ പരിചരിക്കേണ്ട അവസ്ഥയിലേക്ക് പ്രബുദ്ധമെന്നഹങ്കരിക്കുന്ന ഒരു സംസ്ഥാനം മാറുന്നതിന്റെ നാണക്കേടിനെ കുറിച്ചെന്തു പറയാന്‍…? എന്നാല്‍ അതൊന്നുമല്ല പ്രധാനം. സംസ്ഥാനം വയോജന സൗഹൃദമാകുക എന്നതാണ് മുഖ്യം.
ഒരു തരത്തിലല്ലെങ്കില്‍ മറ്റൊരു തരത്തില്‍ സമൂഹത്തെ സേവിച്ചവരുടെ വാര്‍ദ്ധക്യം സുരക്ഷിതമാക്കാന്‍ സമൂഹത്തിന് മൊത്തം ഉത്തരവാദിത്തമുണ്ട്. സര്‍ക്കാറിന്റെ നിയന്ത്രണത്തില്‍ നല്ല രീതിയിലുള്ള വൃദ്ധസദനങ്ങള്‍ ഉണ്ടാകുന്നതില്‍ തെറ്റൊന്നുമില്ല. മക്കളെ വളര്‍ത്തുന്നത് വാര്‍ദ്ധക്യത്തില്‍ തങ്ങളെ പരിചരിക്കാനാണെന്ന ധാരണയിലൊന്നും വലിയ കാര്യമില്ല. തീര്‍ച്ചയായും നാട്ടില്‍തന്നെ കൂടെയുള്ളവര്‍ അതു ചെയ്യേണ്ടതാണ്. എന്നാല്‍ തൊഴിലിനുവേണ്ടി ലോകം മുഴുവന്‍ യാത്രചെയ്യുന്ന മലയാളികള്‍ അതിനുപകരം മാതാപിതാക്കളെ പരിചരിച്ച് വീട്ടിലിരിക്കുക സാധ്യമാണോ? അവിടെയാണ് സ്വകാര്യാടിസ്ഥാനത്തിലും പൊതുഉടമയിലുമുള്ള വൃദ്ധസദനങ്ങളുടെ പ്രസക്തി. അവ ഭംഗിയായി കൊണ്ടുനടക്കുകയും സോഷ്യല്‍ ഓഡിറ്റിംഗ് നിര്‍ബന്ധമാക്കുകയും ചെയ്യുകയാണ് വേണ്ടത്. ക്രഷുകള്‍ മോശമല്ലാത്ത നമുക്ക എങ്ങനെയാണ് വൃദ്ധസദനങ്ങളും പകല്‍വീടുകളും മോശമാകുന്നത്. ഒന്നുമില്ലെങ്കില്‍ പല വീടുകളിലെയും അന്യവല്‍ക്കരണത്തേക്കാള്‍ എത്രയോ ഭേദമാണ് സമപ്രായക്കാരുടെ കൂടെയുള്ള സാമൂഹ്യജീവിതം. അവിടെ വാര്‍ദ്ധക്യം ആഹ്ലാദകരമാക്കാനുള്ള അന്തരീക്ഷം അവര്‍ക്കു ലഭിക്കണമെന്നുമാത്രം.
ജനസംഖ്യാവിതരണത്തിന്റെ തോത് പരിശോധിച്ചാല്‍ കേരളത്തിന്റെ പോക്ക് വികസിത രാഷ്ട്രങ്ങള്‍ക്ക് സമാനമാണെന്ന് പറയാറുണ്ട്. കുട്ടികളുടേയും ചെറുപ്പക്കാരുടേയും എണ്ണം കുറയുകയും വൃദ്ധരുടെ എണ്ണം കൂടുകയും ചെയ്യുന്നു. ഇതിന്റെ പേരില്‍ നാം അഭിമാനം കൊള്ളുന്നു. കണക്കുകള്‍ അനുസരിച്ച് 2021 ആകുമ്പോഴേക്കും വയോജനങ്ങളുടെ എണ്ണം മൊത്തം ജനസംഖ്യയുടെ 16 ശതമാനമാകും. ചെറുപ്പക്കാരാകട്ടെ വലിയൊരു ഭാഗം പ്രവാസികളുമാകുന്നു. ചെറുപ്പക്കാരായ ഇതര സംസ്ഥാനതൊഴിലാളികള്‍ ഇവിടെ ലക്ഷക്കണക്കിനുണ്ട്താനും. ഇതിനിടയില്‍ പൊതുവില്‍ അവഗണിക്കുന്ന പ്രശ്നമാണ് വൃദ്ധരില്‍ വലിയൊരു ഭാഗം കിടപ്പിലാണെന്നത്. ജീവിതദൈര്‍ഘ്യം വര്‍ദ്ധിച്ചിട്ടുണ്ടെങ്കിലും രോഗങ്ങളില്ലാതെ ജീവിക്കുന്ന കാലയളവ് ഏറെ കുറഞ്ഞിരിക്കുന്നുവെന്നാണ് പഠനങ്ങള്‍ വെളിപ്പെടുത്തുന്നത്. വിഷാദം, ഉന്മാദം, ഓര്‍മ നശിക്കല്‍, ആകാംക്ഷ എന്നീ മാനസിക രോഗങ്ങള്‍, ജീവിത ശൈലീരോഗങ്ങളായ രക്തസമ്മര്‍ദം, പ്രമേഹം, ഹൃദ്രോഗം എന്നിവ വൃദ്ധ ജീവിതത്തെ അലട്ടുന്നവയാണ്. ത്വക്ക്, കണ്ണ്, ശ്വാസകോശം, പാന്‍ക്രിയാസ്, മൂത്രാശയം, മലദ്വാരം, ആമാശയം, പ്രോസ്റ്റേറ്റ് ഗ്രന്ഥി, വന്‍കുടല്‍, സ്തനങ്ങള്‍, ഗര്‍ഭാശയം എന്നീ ശരീരഭാഗങ്ങള്‍ വൃദ്ധജനങ്ങളില്‍ അര്‍ബുദ ബാധയ്ക്ക് സാദ്ധ്യതയുള്ളതാകുന്നു. അന്ധത, ബധിരത എന്നിവ കൂടാതെ സാംക്രമിക രോഗങ്ങള്‍ ആദ്യം പകരുന്നതും വൃദ്ധര്‍ക്കാണ്. പ്രതിരോധശേഷി ചോര്‍ന്നുപോകുന്ന വൃദ്ധജനങ്ങളുടെ രോഗ സാധ്യത കണക്കിലെടുത്ത് കേന്ദ്രസര്‍ക്കാര്‍ നാഷണല്‍ പ്രോഗ്രാം ഫോര്‍ ഹെല്‍ത്ത് കെയര്‍ ഓഫ് എല്‍ഡര്‍ലിക്ക് രൂപം കൊടുത്തിട്ടുണ്ടെങ്കിലും യഥാര്‍ഥ ഗുണഭോക്താക്കളില്‍ എത്തുന്നില്ല. താങ്ങാനാകാത്ത ചികിത്സാചെലവ് രോഗാതുരത വര്‍ധിപ്പിക്കുന്നു. വൃദ്ധരെ പരിചരിച്ച് തകരുന്ന കുടുംബങ്ങള്‍ നിരവധി. ഈ സാഹചര്യത്തെ കേവലം മക്കളുടെ വിഷയമായി എടുക്കുന്നതു തന്നെ തെറ്റാണ്. ഒരു സാമൂഹ്യപ്രശ്‌നമായി തന്നെ ഇതിനെ കാണണം. നിര്‍ദ്ധനരായ വൃദ്ധരുടെ പരിചരണം സ്റ്റേറ്റിന്റെ ഉത്തരവാദിത്തമാകണം. ജനസംഖ്യയില്‍ ഇത്രയധികം വരുന്ന വിഭാഗങ്ങള്‍ക്കായി വയോജന വകുപ്പ് നിര്‍ബന്ധമാണ്. എങ്കിലേ ഔദാര്യങ്ങള്‍ക്കു പകരം വൃദ്ധരുടേത് അവകാശങ്ങളായി മാറൂ. സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് മരണംവരെ പെന്‍ഷന്‍ കൊടുക്കുന്നുണ്ടല്ലോ. അവരെപോലെ പല രീതിയിലും ജീവിതം മുഴുവന്‍ സമൂഹത്തെ സേവിച്ചവരാണ് എല്ലാവരും. വാര്‍ദ്ധക്യത്തില്‍ അവരുടെ സംരക്ഷണം സമൂഹത്തിന്റെ ബാധ്യതയാണ്. അഥവാ സര്‍ക്കാരിന്റെ ഉത്തരവാദിത്തമാണ്. പെന്‍ഷന്‍, ഇന്‍ഷ്വറന്‍സ് തുടങ്ങിയ നയങ്ങള്‍ക്കൊപ്പം മികച്ച രീതിയില്‍ വൃദ്ധസദനങ്ങളും പകല്‍വീടുകളും ആരംഭിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണം. ഇപ്പോള്‍ നല്‍കുന്നത് പേരിനു ഒരു ചെറിയ പെന്‍ഷനാണ്.
കൗമാരത്തോടെ വീടുവിട്ടിറങ്ങി സ്വയം തൊഴില്‍ ചെയ്ത് പഠിക്കുന്ന തലമുറയാണ് പല വികസിത രാഷ്ട്രങ്ങളിലും വളരുന്നത്. അല്ലെങ്കില്‍ അതു മോശപ്പെട്ട അവസ്ഥയായാണ് കരുതപ്പെടുന്നത്. നമ്മുടെ അവസ്ഥ എന്താണെന്നറിയാമല്ലോ. മറുവശവും അങ്ങനെതന്നെ. ഒരു പ്രായം കഴിഞ്ഞാല്‍ മക്കള്‍ക്ക് ഭാരമാകാതെ മാറിപോകുന്നവരാണ് അവിടങ്ങളിലെ വൃദ്ധരും. അവര്‍ ദമ്പതികളായോ ഒറ്റക്കോ അല്ലെങ്കില്‍ താല്‍പ്പര്യമുള്ളവര്‍ ഒരുമിച്ചോ താമസിക്കുന്നു. തീര്‍ച്ചയായും സര്‍ക്കാരിന്റെ പരിരക്ഷ അവര്‍ക്കുണ്ട്. ഒപ്പം അവിടങ്ങളിലെ പൊതുജീവിതവും പൊതുസ്ഥാപനങ്ങളുമെല്ലാം വയോജനസൗഹൃദമാണ്. അല്ലെങ്കിലത് ചോദ്യം ചെയ്യപ്പെടും. ഇന്ത്യയില്‍ തന്നെ മഹാനഗരങ്ങള്‍ അത്തരത്തില്‍ മാറുന്നു. എന്നാല്‍ ഉയര്‍ന്ന ശരാശരി പ്രായത്തെ കുറിച്ച് ഊറ്റം കൊള്ളുന്ന കേരളത്തിന്റെ അവസ്ഥയാണ് ഏറ്റവും ദയനീയം. ഈ നിലക്ക് അധികം താമസിയാതെ ജനസംഖ്യയില്‍ ഭൂരിഭാഗവും വൃദ്ധരാകുമ്പോളുള്ള അവസ്ഥ എന്തായിരിക്കും?
അടിസ്ഥാനപരമായി പൗരാവകാശ ലംഘനത്തിന്റെ പ്രശ്‌നങ്ങളാണ് വൃദ്ധ സമൂഹം ഇന്ന് നേരിടുന്നത്. ഭരണഘടന വാഗ്ദാനം ചെയ്യുന്ന മൗലിക അവകാശങ്ങള്‍ പ്രായാധിക്യത്തില്‍ ഇല്ലാതാകുന്ന അവസ്ഥ. അതിനെ മറികടക്കാന്‍ വയോജനങ്ങളുടെ കൂട്ടായ്മകള്‍ രൂപീകരിച്ച് പരാതി പരിഹാരത്തിനും കൗണ്‍സിലിങ്ങിനും ഗ്രാമതലത്തില്‍ സൗകര്യമൊരുക്കണം. മറ്റു വിഭാഗങ്ങളെപോലെ മനുഷ്യാവകാശങ്ങള്‍ക്കായി വൃദ്ധരും സംഘടിക്കണം. ജീവിതത്തില്‍ മാത്രമല്ല, മരണത്തിലും അവരുടെ അവകാശങ്ങള്‍ അംഗീകരിക്കപ്പെടണം. മരണത്തെ പോലും വന്‍കച്ചവടമാക്കി മാറ്റിയവരാണ് നമ്മുടെ മിക്കവാറും സ്വകാര്യ ആശുപത്രികള്‍. അവിടെ ഏകാന്തമായ ഐ സി യുവില്‍ കിടന്ന് മരണത്തെ അഭിമുഖീകരിക്കേണ്ടി വരുന്ന അവസ്ഥ കടുത്ത മനുഷ്യാവകാശ ലംഘനമാണ്. വൈദ്യശാസ്ത്രം കൈവിട്ടെന്നു ബോധ്യമായാല്‍ പരമാവധിപേര്‍ക്ക് സ്നേഹിക്കുന്നവരുടെ ശുശ്രൂഷ ഏറ്റുവാങ്ങി മരിക്കാനുള്ള അവസരമൊരുക്കണം. ഇത്തരത്തില്‍ വിശാലമായ രീതിയില്‍ വയോജനസൗഹൃദമായ പ്രദേശമായി മാറുന്നതിനെ കുറിച്ചുള്ള ആലോചനകളാണ് നടക്കേണ്ടത്. അതിനു പകരം കൂടിയ ആയുര്‍ദൈഷ്യം വികസനത്തിന്റെ മാനദണ്ഡമാണെന്നു പറയുന്നതില്‍ എന്തര്‍ത്ഥമാണുള്ളത്?
ചന്നൈയില്‍ കഴിയുന്ന ബി ആര്‍ പി ഭാസ്‌കര്‍ അടുത്തയിടെ പറഞ്ഞ ഏതാനും വാചകങ്ങളിലൂടെ ഈ കുറിപ്പ് അവസാനിപ്പിക്കാം. ”ചെന്നെയില്‍ രണ്ടാഴ്ചയില്‍ ഒരിക്കല്‍ ഭാര്യക്ക് രക്തപരിശോധന നടത്തണം. അതിന്റെ അടിസ്ഥാനത്തിലാണ് മരുന്നിന്റെ ഡോസ് നിശ്ചയിക്കുക. നാട്ടിലാകുമ്പോള്‍ രക്തം കൊടുക്കാന്‍ ആശുപത്രിയില്‍ പോകണം. പിന്നെ വൈകീട്ട് അതിന്റെ റിപ്പോര്‍ട്ട് വാങ്ങാന്‍ ആശുപത്രിയില്‍ വീണ്ടും ചെല്ലണം. കണ്ണിന്റെ പ്രശ്നമുള്ളതിനാല്‍ ഞാന്‍ ഡ്രൈവ് ചെയ്യുന്നില്ല. അപ്പോള്‍ ഒരു ഡ്രൈവറെ വിളിക്കണം. ഇവിടെയാണെങ്കില്‍ ടെലിഫോണ്‍ ചെയ്താല്‍ വീട്ടില്‍ വന്ന് ബ്ലഡ് സാമ്പിള്‍ എടുക്കും. ഉച്ചക്ക് ശേഷം റിപ്പോര്‍ട്ട് ഇമെയിലില്‍ അയക്കും. കൊറിയറില്‍ അടുത്ത ദിവസം അതിന്റെ ഹാര്‍ഡ് കോപ്പി വരും. നാട്ടില്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ നല്ല ഡോക്ടര്‍മാരുണ്ട്. പക്ഷേ, അവിടത്തെ സംവിധാനം വയോജനസൗഹൃദമല്ല. പ്രായമുള്ളവരോ രോഗികളോ ആണ് കൂടുതല്‍ ആശുപത്രിയില്‍ പോവുക. പക്ഷേ, കാത്തിരിപ്പ് അസഹനീയമാണ്. അത് കുറച്ച് ശ്രദ്ധിച്ചാല്‍ പരിഹരിക്കാവുന്നതേയുള്ളൂ. നമ്മള്‍ (കേരളം) പ്രായമായവര്‍ക്ക് പെന്‍ഷന്‍ കൊടുക്കും. വെല്‍ഫെയര്‍ ആക്ടിവിറ്റി ചെയ്യാന്‍ തയാറാകും. പക്ഷേ, സ്ഥാപനപരമായ ഏര്‍പ്പാട് ചെയ്യാന്‍ ശ്രമിക്കില്ല. അതിന് നല്ല ഉദാഹരണമാണ് കെ.എസ്.ആര്‍.ടി.സി. അതില്‍ മുതിര്‍ന്ന പൗരര്‍ക്ക് രണ്ട് സീറ്റ് നല്‍കും. അതില്‍ ഇരിക്കുന്നവര്‍ പ്രായമായവരെ കണ്ടാല്‍ എഴുന്നേറ്റ് കൊടുക്കുമോ എന്നത് വേറെ കാര്യം. പക്ഷേ, എങ്ങനെയാണ് പ്രായമായവര്‍ ഉയര്‍ന്ന ചവിട്ട് പടിയില്‍കൂടി അകത്തേക്ക് കയറുക? എങ്ങനെയാണ് ഇറങ്ങുക? അത് എളുപ്പമല്ല. ലോഫ്േളാര്‍ ബസ് ഇപ്പോഴാണ് വരുന്നത്. ആശുപത്രിയില്‍ ചെന്നാല്‍ പടികള്‍ കയറണം. ഇങ്ങനെ വയോജന സംവിധാനങ്ങള്‍ ഏറ്റവും കുറവുള്ള സംസ്ഥാനംകൂടിയാണ് കേരളം. മാറ്റം വരുന്നുണ്ട്. റെയില്‍വേ സ്റ്റേഷനുകളില്‍ എസ്‌കലേറ്ററുകള്‍ വരുന്നുണ്ട്. പക്ഷേ, ഈ മാറ്റത്തിന് വേഗം കൂട്ടണം. പ്രായമായവരെ പരിഗണിക്കണം. നേരത്തേ പറഞ്ഞപോലെ മുമ്പ് നാടുവിട്ടുപോകുന്നവര്‍ക്ക് പ്രായമാകുമ്പോള്‍ മടങ്ങിവരാം എന്നായിരുന്നു ധാരണ. ഇപ്പോള്‍ അതല്ല. നാട്ടില്‍ ജീവിതകാലം മുഴുവന്‍ കഴിച്ചവരും അവസാനകാലത്ത് നാടുവിട്ട് മക്കളുടെയും മറ്റും അടുത്തേക്ക് പോകാന്‍ നിര്‍ബന്ധിതരാവുകയാണ്. അമേരിക്കയിലൊക്കെ പോയി മരിക്കുന്നവര്‍ ധാരാളം ഉണ്ട്. ലോകത്ത് മാറ്റം വരുന്നുണ്ട്. പക്ഷേ, ഈ മാറ്റങ്ങള്‍ നിരീക്ഷിച്ച്, അതേസമയത്ത് തന്നെ നടപടികള്‍ എടുക്കുന്നതില്‍ നമ്മള്‍ വളരെ പിന്നിലാണ്.’

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Culture | Tags: , | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply