ജെ എന്‍ യു : അടിച്ചമര്‍ത്തപ്പെട്ടവരുടെ പ്രതിനിധിയായി ജിതേന്ദ്ര സുന
പ്രധാനമായും 4 മുന്നണികളാണ് മത്സരിക്കുന്നത്. ബാപ്സയും (Birsa Ambedkar Phule Students Association) ഫ്രറ്റേര്‍ണിറ്റിയും ഐക്യപ്പെട്ട ഒരു സംഖ്യം, എസ്.എഫ്.ഐ, എ.ഐ.എസ്.എ, ഡി.എസ്.എഫ്, എ.ഐ.എസ്.എഫ് എന്നിവര്‍ ഐക്യപ്പെടുന്ന വിശാല ഇടതു സഖ്യം, എന്‍.എസ്.യു.ഐ, എം.എസ്.എഫ് എന്നിവര്‍ ഐക്യപ്പെടുന്ന ഒരു സഖ്യം, BASO എന്ന സംഘടനയുടെ മുന്നണി, ABVP യുടെ ഒരു മുന്നണി എന്നിവയാണ് മത്സരിക്കുന്ന പ്രധാന മുന്നണികള്‍.
സെപ്തംബര്‍ 6നു നടക്കുന്ന ജെ. എന്‍.യു. വിദ്യാര്‍ത്ഥി യൂണിയന്‍ തിരഞ്ഞെടുപ്പ് പതിവുപോലെ രാഷ്ട്രീയ ബലാബലങ്ങള്‍ കൊണ്ടും സാമൂഹികഘടനയില്‍ ഇന്ത്യയുടെ പരിച്ഛേദമായതു കൊണ്ടും അതിപ്രധാനമാകുകയാണ്. രാജ്യം ആര്‍.എസ്.എസ് നേതൃത്വം നല്‍കുന്ന ഹിന്ദുത്വ വംശീയവാദത്തിന്റെയും രഷ്ട്രീയ ഭരണനേതൃത്വത്തിന്റെയും ശക്തമായ അടിച്ചമര്‍ത്തലില്‍ നിലനില്‍ക്കുമ്പോള്‍ പ്രബുദ്ധമായൊരു ക്യാമ്പസ് എങ്ങനെ അതിനോട് പ്രതികരിക്കുന്നു എന്നത് ഏവരും ശ്രദ്ധയോടെ വീക്ഷിക്കുന്നു. രോഹിത് വെമുലാനന്തര ചരിത്രകാലഘട്ടത്തില്‍ ഇന്ത്യന്‍ കാമ്പസുകളില്‍ രൂപപ്പെട്ട ഹിന്ദുത്വസാംസ്‌കാരിക രാഷ്ട്രീയ അധീശത്വത്തിനെതിരെയുള്ള മുന്നേറ്റം ജെ എന്‍ യുവിലും ശക്തമായ അലയൊലി സൃഷ്ടിച്ചിരുന്നു. പിന്നീട് അതിന്റെ തുടര്‍ച്ച നഷ്ടപെട്ടുവെങ്കിലും രാജ്യത്താകമാനം പ്രത്യക്ഷപ്പെട്ട അധഃസ്ഥിതരുടെ രാഷ്ട്രീയ ഐക്യപ്പെടലിനു അത് കാരണമായി. അഞ്ചു വര്‍ഷങ്ങള്‍ക്ക് മുന്‍പ് ക്യാമ്പസില്‍ രൂപപ്പെട്ട ഈ നവ ദളിത് തരംഗത്തില്‍ രൂപപ്പെട്ട ബാപ്സ എന്ന സംഘടനയും അവരുടെ ഇത്തവണത്തെ പ്രസിഡന്റ് സ്ഥാനാര്‍ത്ഥി ജിതേന്ദ്ര സുനയും ഇക്കുറി രാജ്യത്തിന്റെ മുഴുവന്‍ ശ്രദ്ധയും നേടുകയാണ്.
പ്രധാനമായും 4 മുന്നണികളാണ് മത്സരിക്കുന്നത്. ബാപ്സയും (Birsa Ambedkar Phule Students Association) ഫ്രറ്റേര്‍ണിറ്റിയും ഐക്യപ്പെട്ട ഒരു സംഖ്യം, എസ്.എഫ്.ഐ, എ.ഐ.എസ്.എ, ഡി.എസ്.എഫ്, എ.ഐ.എസ്.എഫ് എന്നിവര്‍ ഐക്യപ്പെടുന്ന വിശാല ഇടതു സഖ്യം, എന്‍.എസ്.യു.ഐ, എം.എസ്.എഫ് എന്നിവര്‍ ഐക്യപ്പെടുന്ന ഒരു സഖ്യം, BASO എന്ന സംഘടനയുടെ മുന്നണി, ABVP യുടെ ഒരു മുന്നണി എന്നിവയാണ് മത്സരിക്കുന്ന പ്രധാന മുന്നണികള്‍. ആറുപേരാണ് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്നത്. ബാപ്സയുടെ ജിതേന്ദ്ര സുന, വിശാല ഇടതു സ്ഥാനാര്‍ത്ഥിയായി SFI യുടെ അയ്ഷെ ഘോഷ്, NSUI യുടെ പ്രശാന്ത് കുമാര്‍, CRJD യുടെ പ്രിയങ്ക ഭാരതി എന്നിവരാണ് പ്രധാനമായും മത്സരിക്കുന്നത്. BASO എന്ന സംഘടന കൗണ്‍സില്‍ സ്ഥാനങ്ങളിലേക്ക് മാത്രമാണ് മത്സരിക്കുന്നത്.
രാജ്യത്താകമാനം ഉയര്‍ന്നു വരുന്ന അടിച്ചമര്‍ത്തപ്പെട്ടവരുടെ ഐക്യപ്പെടലുകളെ ആരൊക്കെയാണ് ഭയക്കുന്നതെന്നു ക്യാമ്പസില്‍ നടന്ന മുന്‍കാല തിരഞ്ഞെടുപ്പുകള്‍ തെളിയിച്ചിട്ടുണ്ട്. ഇന്ത്യന്‍ സാമൂഹിക ഘടനയെയും അതിനകത്തു പ്രശ്‌നബാധിതരായ സമൂഹങ്ങളെയും മനസിലാക്കാന്‍ ഇടതുപക്ഷത്തിന് കഴിയാതിരിക്കുന്നത് എന്തുകൊണ്ടാണ് എന്ന അതിപ്രധാനമായ ചോദ്യമാണ് വീണ്ടും ഉയരുന്നത്. കാലാകാലങ്ങളായി ഇടതുപക്ഷ ബോധം ശക്തമായി നിലനില്‍ക്കുന്ന ഒരു ക്യാമ്പസാണ് ജെ.എന്‍.യൂ. അതുകൊണ്ടു തന്നെ അവിടേക്ക് ഉപരിപഠനത്തിനു വരുന്ന പാര്‍ശ്വവല്‍കൃതരായ വിദ്യാര്‍ത്ഥികളില്‍ ഭൂരിഭാഗവും ഈ സംഘടനകളിലേക്കാണ് ഒഴുകി വന്നിരുന്നത്. എന്നാല്‍ കേവലം അഞ്ചുവര്‍ഷം മുന്‍പ് രൂപീകരിക്കപ്പെട്ട ബാപ്സ കുറഞ്ഞ കാലം കൊണ്ട് തന്നെ ക്യാമ്പസില്‍ തങ്ങളുടെ രാഷ്ട്രീയ ശക്തി തെളിയിച്ചു. കഴിഞ്ഞ നാല് തെരഞ്ഞെടുപ്പുകളില്‍ മികച്ച പ്രകടനം കാഴ്ച വെച്ച ബാപ്സ കഴിഞ്ഞ വര്‍ഷം ഒരു കൗണ്‍സിലര്‍ പോസ്റ്റില്‍ വിജയിക്കുകയുണ്ടായി. രാജ്യത്തെ വിവിധ ദലിത് മുന്നേറ്റങ്ങളിലും ദേശീയ വാര്‍ത്താ മാധ്യമങ്ങളിലെ ചര്‍ച്ചകളിലും സജീവ സാന്നിധ്യമായ ബാപ്സ നേതാവ് രാഹുല്‍ സോന്‍പിംപ്ലെ ജെ.എന്‍.യു വിദ്യാര്‍ത്ഥി യൂണിയന്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിച്ചു രണ്ടാം സ്ഥാനത്തെത്തിയിരുന്നു.
പുതിയ കാലത്തു വ്യവസ്ഥാപിത ഇടതുപക്ഷത്തിന് രാജ്യത്തു അടിച്ചമര്‍ത്തപ്പെടുന്ന ദളിത് മുസ്ലിം സ്വത്വങ്ങള്‍ അനുഭവിക്കുന്ന പ്രശ്‌നങ്ങളെ മനസിലാക്കുന്നതിനുള്ള പരിമിതിയും അവരുടെ രാഷ്ട്രീയ അധികാരം പ്രധാനമാണെന്നും ബോധ്യപ്പെടാത്തതിന്റെയും നേര്‍സാക്ഷ്യമാണ് ജെ.എന്‍.യു.എസ്.യു തിരഞ്ഞെടുപ്പുകള്‍. രാഷ്ട്രീയ അധികാരത്തിന്റെ രൂപത്തില്‍ മുകളില്‍ നിന്നും ഹിന്ദുത്വ ഭരണകൂടം ഹിന്ദു ജാതീയ അധീശത്വം രാജ്യത്ത് നടപ്പാക്കുകയാണ്. അഡ്മിനിസ്‌ട്രേഷന്‍ തലത്തില്‍ വലതുപക്ഷ വിദ്യാര്‍ത്ഥി സംഘടനായ ABVP യെ സഹായിക്കുന്ന തരത്തില്‍ ശക്തമായ നടപടികള്‍ ഉണ്ടാകുന്നുണ്ട്. ഇത് ക്യാമ്പസിലെ അക്കാദമിക അന്തരീക്ഷം തകര്‍ക്കുന്നു. ബഹിഷ്‌കൃതരായ സമൂഹങ്ങളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍ ക്യാമ്പസിലെതുന്നതു യൂണിവേഴ്‌സിറ്റി നയപരമായി തടയുകയും ചെയുന്നുണ്ട്. അക്കാഡമിക് തലങ്ങളില്‍ ഹിന്ദുത്വ നയങ്ങള്‍ നടപ്പാക്കുന്നതിന്റെ ഭാഗമായി ചരിത്രകാരിയായ റോമിലാ ഥാപ്പറോട് അവരുടെ എമിറൈറ്റ്‌സ് പ്രൊഫെസര്‍ സ്ഥാനം വീണ്ടും പരിശോധിക്കാനായി പ്രവര്‍ത്തനങ്ങളുടെ മികവ് തെളിയിക്കുന്ന രേഖകള്‍ ഹാജരാക്കാന്‍ ആവശ്യപ്പെട്ടത് ഈയിടെ വിവാദമായിരുന്നു. ഇപ്പോള്‍ തന്നെയും പലവകുപ്പുകളില്‍ ഒഴിവു വരുന്ന ഭാഗങ്ങളില്‍ സംഘപരിവാര്‍ താല്പര്യങ്ങളുള്ള ആളുകളെയാണ് നിയമിക്കുന്നത്.
ക്യാമ്പസുകളില്‍ അടിച്ചമര്‍ത്തപ്പെട്ട വിഭാഗങ്ങളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍ ഹോസ്റ്റല്‍ വിതരണം ചെയ്യുന്നതിലും മറ്റും കടുത്ത വിവേചനമാണ് നേരിടുന്നത്. ബിരുദ വിദ്യാഭ്യാസകാലഘട്ടത്തിനു ശേഷം ഇടവേള ഉണ്ടാകുകയാണെങ്കില്‍ ബിരുദാനന്തരബിരുദ പ്രവേശനത്തിനു ആ വിദ്യാര്‍ത്ഥിക്ക് ഹോസ്റ്റല്‍ അഡ്മിഷന്‍ ലഭ്യമാകില്ല എന്ന് തുടങ്ങിയ അനേകം പുതിയ നിയമങ്ങള്‍ കാമ്പസില്‍ പാര്‍ശ്വത്കൃത സമൂഹങ്ങളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍ക്ക് പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നുണ്ട്. ഈ സമൂഹങ്ങളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍ അധികവും പഠനകാലയളവിനിടക്ക് ജോലി ചെയ്ത ഇടവേള ഉള്ളവരാണ്. ഇവര്‍ക്ക് ഹോസ്റ്റല്‍ ലഭ്യമാകുന്നതില്‍ നിന്ന് ഈ നയങ്ങള്‍ തടയുന്നുണ്ട്.
ബാപ്സയുടെ പ്രസിഡന്റ് സ്ഥാനാര്‍ഥിയായ ജിതേന്ദ്ര സുന പോലും ഡല്‍ഹിയില്‍ തന്നെ ഗ്യാസ് കമ്പനിയിലും മറ്റും ജോലി ചെയ്തതിനു ശേഷമാണ് ഉപരിപഠനത്തിനു ജെ.എന്‍.യു വില്‍ എത്തിയത്. ഒറീസയിലെ കാലഹണ്ഡി ജില്ലയിലെ പിന്നോക്ക ദളിത് സാഹചര്യങ്ങളില്‍ നിന്ന് വരുന്ന വിദ്യാര്‍ത്ഥിയായ ജിതേന്ദ്ര സുനയുടെ ജീവിതം ദളിത് വിദ്യര്‍ത്ഥികള്‍ നേരിടുന്ന സാമൂഹിക പ്രശ്‌നങ്ങളെ മുന്നോട്ട് വക്കുന്നു. എട്ടാം ക്ലാസ് മുതല്‍ പഠനത്തോടൊപ്പം ജോലിയും ചെയ്തു ശീലിച്ചാണ് ജിതേന്ദ്ര വരുന്നത്, ഗ്രാമത്തിലെ കൃഷിയിടത്തില്‍ നിന്ന് തുടക്കം. മുപ്പതു രൂപ മുതല്‍ നാല്‍പതു രൂപ വരെ കൂലി. തൊഴിലുറപ്പ് പദ്ധതിയിലും ജിതിന് പോകേണ്ടതായി വന്നു. കൂടുതല്‍ വേതനം ലഭിക്കുവാനുള്ള ജോലി അന്വേഷിച്ചു സഹോദരനോടൊപ്പം ഡല്‍ഹിയിലെത്തി. ഇന്ദ്രപ്രസ്ഥ ഗ്യാസ് കമ്പനിയില്‍ വിതരണക്കാരനായി. ഗ്രാമനഗര വ്യത്യാസമില്ലാതെ തന്റെ ദളിത് അസ്തിത്വം ജിതിനെ എല്ലായിടത്തും പിന്തുടരുന്നു എന്ന് അയാള്‍ പലപ്പോഴും വ്യക്തമാക്കിയിട്ടുണ്ട്. ഭക്ഷണം കഴിക്കുമ്പോള്‍ പോലുമുള്ള ഈ ബഹിഷ്‌കരണത്തോട് പൊരുതിയാണ് രാജ്യത്തെ ഏറ്റവും ഉയര്‍ന്ന സര്‍വകലാശാലയില്‍ ഗവേഷക വിദ്യാര്‍ത്ഥിയായി ജിതേന്ദ്ര ചേരുന്നത്. അവിടെ തന്നെ ചരിത്രത്തില്‍ ബിരുദാന്തര ബിരുദവും എംഫിലും ചെയ്തതിനു ശേഷമാണു ഗവേഷണത്തിന് ചേര്‍ന്നത്. നാഗ്പൂരില്‍ വിദ്യാര്‍ത്ഥികള്‍ക്ക് നടത്തി വരുന്ന സൗജന്യ യു.പി.എസ്.സി കോച്ചിങ്ങിനു പോയതാണ് ജീവിതത്തില്‍ മാറ്റങ്ങള്‍ സൃഷ്ടിച്ചത്. അംബേദ്കറിസത്തെക്കുറിച്ചും ബുദ്ധിസത്തെക്കുറിച്ചും അവിടെ നിന്നാണ് ജിതേന്ദ്ര അറിയുന്നത്. തന്റെ ജീവിതത്തില്‍ അംബേദ്കറിസത്തിന്റെ സ്ഥാനം മനസിലാകുന്നതം ഉപരിപഠനത്തിനുള്ള ലക്ഷ്യബോധം ഉണ്ടാകുന്നതും അവിടെ നിന്നാണ്.
ഡല്‍ഹിയിലെ നഗരത്തിരക്കുകളില്‍ 3500 രൂപ വേതനത്തില്‍ ഗ്യാസ് കമ്പനിയില്‍ ജോലിയെടുത്ത ജിതേന്ദ്ര സുന എന്ന ഗവേഷക വിദ്യാര്‍ത്ഥിയെ ജനങ്ങള്‍ കാണാതിരിക്കുന്നതും എന്നാല്‍ അതെ യൂണിവേഴ്‌സിറ്റിയിലെ സെക്യൂരിറ്റി ജീവനക്കാരന്‍ പരീക്ഷയെഴുതി യൂണിവേഴ്‌സിറ്റിയില്‍ അഡ്മിഷന്‍ എടുക്കുമ്പോള്‍ രാജ്യം മുഴുവന്‍ ആഘോഷിക്കപ്പെടുന്നതും ഇതേ ജാതി വ്യവ്സ്ഥയുടെ മറ്റൊരു പ്രകടനമാണ്. ജിതേന്ദ്ര സുനയെപോലെ അനേകം ദളിത് വിദ്യാര്‍ത്ഥികള്‍ തങ്ങള്‍ക്ക് നഷ്ടപ്പെട്ടുപോയ വിദ്യാഭ്യാസകാലത്തെ തിരിച്ചു പിടിക്കാന്‍ ഇന്ത്യന്‍ ക്യാമ്പസുകളിലേക്ക് വരുന്നതാണ് ഈ ചരിത്രഘട്ടം രേഖപ്പെടുത്തി കൊണ്ടിക്കുന്നത്. അവരെ തടയാനാണ് യൂണിവേഴ്‌സിറ്റി പഠനകാലയളവില്‍ ഇടവേളയുള്ള വിദ്യാര്‍ത്ഥികള്‍ക്ക് ഹോസ്റ്റല്‍ നിഷേധിക്കുന്നതടക്കമുള്ള നയപരിപാടികളുമായി മുന്നോട്ട് പോകുന്നത്.
ദലിതുകള്‍ അനുഭവിക്കുന്ന ഇത്തരം പ്രശ്‌നങ്ങളെ ഇടതുപക്ഷ സംഘടനകള്‍ക്ക് അഭിമുഖീകരിക്കാന്‍ കഴിയില്ല. ഹിന്ദുത്വം ഘടനപരമായും നയപരമായും ജാതീയമായ സാമൂഹിക സംവിധാനം നടപ്പാക്കാന്‍ ശ്രമിക്കുന്നതിനെ രാഷ്ട്രീയമായി മനസിലാക്കാന്‍ ഇടതുപക്ഷത്തിന് കഴിയുന്നില്ല എന്നതാണ് അതിന്റെ മര്‍മ പ്രധാനമായ ഭാഗം. SFIയും AISAയും അടക്കമുള്ള ഇടതുപക്ഷ വിദ്യാര്‍ത്ഥി സംഘടനകള്‍ ഡല്‍ഹി കേന്ദ്രീകരിച്ചു ക്യാമ്പസില്‍ മുന്‍കാലങ്ങളില്‍ നടത്തിയ റിസര്‍വേഷന്‍ വിരുദ്ധ പ്രവര്‍ത്തനങ്ങളുടെ പുതിയ രൂപമാണ് ഇപ്പോള്‍ വിദ്യാര്‍ത്ഥി യൂണിയന്‍ തിരഞ്ഞെടുപ്പില്‍ കാണുന്നത് എന്നതാണ് സത്യം. പഴയ കാലത്തില്‍ നിന്നും വ്യത്യസ്തമായി ജാതീയമായും സാമൂഹികമായുമുള്ള വിവേചനം രാജ്യത്തു നിലനില്‍ക്കുന്നുണ്ട് എന്ന് ഇടതുപക്ഷം അംഗീകരിക്കുന്നുണ്ടെങ്കിലും ജാതീയമായി അടിച്ചമര്‍ത്തപ്പെട്ട വിഭാഗങ്ങളില്‍ നിന്നുള്ളവരുടെ രാഷ്ട്രീയ മുന്നേറ്റങ്ങളെ അംഗീകരിക്കാന്‍ ഈ സംഘടനകള്‍ക്ക് കഴിയുന്നില്ല. ഹിന്ദുത്വം ശിഥിലീകരിക്കുന്നത് ദളിത് ആദിവാസി പിന്നോക്ക മുസ്ലിം സമൂഹങ്ങളില്‍ നിന്നുള്ളവരെ ആണെന്നും അവരുടെ സ്വത്വപരമായ രാഷ്ട്രീയ ഐക്യപ്പെടലിലൂടെയാണ് ഹിന്ദുത്വത്തിനെതിരെയുള്ള പോരാട്ടങ്ങള്‍ ശക്തിപെടുത്താനാകൂ എന്നും ഇടതുപക്ഷത്തിന് വ്യക്തമാകുന്നില്ല. അവരുടെ രാഷ്ട്രീയ പ്രധിനിധ്യത്തെ തടയുക എന്ന ചരിത്രപരമായ ഹിന്ദുത്വ ദൗത്യമാണ് ജവാഹര്‍ലാല്‍ നെഹ്റു യൂണിവേഴ്‌സിറ്റിയില്‍ ഇപ്പോള്‍ ഇടതുപക്ഷം ചെയ്തുകൊണ്ടിരിക്കുന്നത് എന്നു പറയാതെ വയ്യ.
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in