ഇന്ത്യയില്‍ മനുഷ്യാവകാശവും ശ്രേണീബദ്ധമാണ്

കേന്ദ്രസര്‍ക്കാരിന്റെ കാശ്മീര്‍ നടപടികളില്‍ പ്രതിഷേധിച്ച് ഐഎഎസ് പദവി ഉപേക്ഷിച്ച കണ്ണന്‍ ഗോപിനാഥന്‍ പറഞ്ഞ ഒരു കാര്യം ഏറെ പ്രസക്തമാണ്. താന്‍ സംഘികളെ കുറ്റപ്പെടുത്തില്ല എന്നാണ് അദ്ദേഹം പറഞ്ഞത്. തങ്ങള്‍ നിര്‍മ്മിക്കാനുദ്ദേശിക്കുന്ന ഇന്ത്യയെ കുറിച്ച് 1925ല്‍ തന്നെ പ്രഖ്യാപിച്ചവരാണവര്‍. അതനുസരിച്ച് അവര്‍ പ്രവര്‍ത്തിക്കുന്നു. മറിച്ച് നമ്മള്‍ ഏതു തരത്തിലുള്ള ഇന്ത്യയെയാണ് സൃഷ്ടിക്കാനുദ്ദേശിക്കുന്നത് എന്നാണദ്ദേഹം ചോദിച്ചത്.

ജീവിക്കുന്ന സമൂഹത്തെ കുറിച്ച് അടുത്തുനിന്നുള്ള നോട്ടമാണ് നമുക്കാവശ്യം. അതാണു പക്ഷ ഇല്ലാത്തതും. നിരവധി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നമുക്കുചുറ്റും നടക്കുന്നുണ്ട്. എന്നാല്‍ വാക്കു സൂചിപ്പിക്കുന്നതുപോലെ അത് പ്രതിരോധം മാത്രമാണ്. അതുകൊണ്ട് പരിഹരിക്കാവുന്ന പ്രശ്‌നങ്ങളല്ല നമ്മുടേത്. മനുഷ്യാവകാശത്തെ കുറിച്ചു പറയുമ്പോള്‍ ഏതു മനുഷ്യന്റെ അവകാശം എന്നു കൂടി പറയാന്‍ കഴിയണം. കേവലമനുഷ്യന്‍ എന്നൊരു ജീവി നിലവിലില്ല. പല തരത്തിലും പല ഗുണത്തിലും പെട്ടവരാണ് മനുഷ്യര്‍. ഈ സമൂഹം, നമ്മുടെ തത്വശാസ്ത്രങ്ങളും ഇതിഹാസങ്ങളുമെല്ലാം മനുഷ്യനെ എങ്ങനെയാണ് അടയാളപ്പെടുത്തിയിരിക്കുന്നത്? അതു പരിശോധിച്ചാല്‍ കാണാനാകുക സത്താപരമായി തുല്ല്യരാണ് മനുഷ്യരെന്ന സങ്കല്‍പ്പം ഒരിക്കലും ഉണ്ടായിട്ടില്ല എന്നു കാണാം. ഇതുമറച്ചുവെച്ചുള്ള മനുഷ്യാവകാശ പ്രഖ്യാപനമെല്ലാം അര്‍ത്ഥശൂന്യമാണ്.
ചരിത്രം പരിശോധിച്ചാല്‍ കാണാന്‍ കഴിയുക ചിലരുടെ മനുഷ്യാവകാശ ലംഘനങ്ങള്‍ക്ക് ഒരു വേദനയും കല്‍പ്പിക്കാത്ത സമൂഹമാണ് ഇന്ത്യ എന്നാണ്. നമ്മലെല്ലാം ജന്മം കൊണ്ടുതന്നെ വ്യത്യസ്ഥരാണ്. പിന്നെങ്ങിനെ മനുഷ്യാവകാശങ്ങളും തുല്ല്യമാകും? ചിലര്‍ക്ക് വേദനയുണ്ടാകുമ്പോള്‍ മാത്രമാണ് നാം മനുഷ്യാവകാശങ്ങളെ കുറിച്ച് പറയാറുള്ളത്. മറ്റു പലര്‍ക്കുമാണെങ്കില്‍ മുജ്ജന്മപാപത്തിന്റെ ഫലമാണെന്നും എല്ലാം അനുഭവിച്ചാല്‍ അടുത്ത ജന്മം ബ്രാഹ്മണനായി പിറക്കാമെന്നുമാണ് നമ്മള്‍ പറയാറുള്ളത്. അതുകൊണ്ടാണ് ശ്രേണീബദ്ധമായ അസമത്വത്തെ കുറിച്ച് അംബേദ്കര്‍ പറഞ്ഞത്. ഒരു ശ്രേണിയില്‍ നിന്ന് അടുത്തതിലേക്ക് എത്താനാവില്ല. അവയെല്ലാം അടഞ്ഞവയാണ്. ഈ അസമത്വത്തെ ആഘോഷിക്കുന്ന സംവിധാനമാണ് ജാതി. ഉന്നതവിദ്യാഭ്യാസത്തിനുപോലും ഈ ശ്രേണിയെ തകര്‍ക്കാനാവില്ല. ഇക്കാരണം കൊണ്ടുതന്നെ നമ്മുടെ മനുഷ്യാവകാശങ്ങളും മനുഷ്യാവകാശ ലംഘനങ്ങളും ശ്രേണീബദ്ധമാണ്. ഇതെല്ലാം കാണണമെങ്കില്‍ സമൂഹത്തെ വിദൂരമായി നോക്കി കണ്ടിട്ട് കാര്യമില്ല. ഹൈദരാബാദില്‍ പോലീസ് നിയമവിരുദ്ധമായി കൊന്നുകളഞ്ഞവര്‍ ദളിതരും മുസ്ലിമുകളുമായത് വെറുതെയല്ല. ആദിവാസി കുട്ടികള്‍ പട്ടിണികിടന്നും പോഷകാഹാരമില്ലാതെയും മരിക്കുമ്പോള്‍ നമ്മെ ബാധിക്കുന്നില്ല. വാളയാറില്‍ രണ്ടപെണ്‍കുട്ടികളുടെ കൊലയില്‍ പ്രതിഷേധിക്കാന്‍ നമുക്ക് പ്രതികളെ വെറുതെ വിടണ്ടേിവന്നു. നിര്‍ഭയക്കായി മെഴുകുതിരി കത്തിച്ചവരാരും ഈ കുട്ടികളെ കണ്ടില്ല. പൊതുസമൂഹത്തിന് ഒന്നുമറിയാത്തതായിരുന്നു ആ കുടുംബത്തിന്റെ ജീവിതം. മാതാപിതാക്കള്‍ രാവിലെ ജോലിക്കുപോയാല്‍ വൈകീട്ടുവരെ അവിടെ എന്തു സംഭവിക്കുന്നു എന്നാര്‍ക്കും അറിയില്ല. അയല്‍പക്കക്കാര്‍ക്കോ പോലീസിനോ വാര്‍ഡ് മെമ്പര്‍മാര്‍ക്കോ രാഷ്ട്രീയനേതാക്കള്‍ക്കോ കുട്ടികളുടെ അധ്യാപകര്‍ക്കോ ഒന്നുമറിയില്ല. ആദ്യകുട്ടി മരിച്ചപ്പോള്‍ പോലും ആരുമിടപെട്ടില്ല. സ്‌കൂളില്‍ കുട്ടിയെ കൗണ്‍സിലിംഗ് ചെയ്തില്ല. എല്ലാം കഴിഞ്ഞ് പ്രതികള്‍ സ്വതന്ത്രരായി വന്നപ്പോള്‍ നമ്മള്‍ മൈക്കും വെച്ചുകെട്ടി ഒച്ചയിടുന്നു. തങ്ങള്‍ പുരുഷന് തുല്ല്യരല്ല എന്നു സ്വയം പ്രഖ്യാപിച്ച് തെരുവിലിറങ്ങിയ സ്ത്രീകളേയും കഴിഞ്ഞ വര്‍ഷം നാം കണ്ടു. ജാതി – ലിംഗ വിവേചനത്താല്‍ ശ്രേണീബദ്ധമായ സമൂഹത്തില്‍ ഇതെല്ലാം സ്വാഭാവികം മാത്രം.
കേന്ദ്രസര്‍ക്കാരിന്റെ കാശ്മീര്‍ നടപടികളില്‍ പ്രതിഷേധിച്ച് ഐഎഎസ് പദവി ഉപേക്ഷിച്ച കണ്ണന്‍ ഗോപിനാഥന്‍ പറഞ്ഞ ഒരു കാര്യം ഏറെ പ്രസക്തമാണ്. താന്‍ സംഘികളെ കുറ്റപ്പെടുത്തില്ല എന്നാണ് അദ്ദേഹം പറഞ്ഞത്. തങ്ങള്‍ നിര്‍മ്മിക്കാനുദ്ദേശിക്കുന്ന ഇന്ത്യയെ കുറിച്ച് 1925ല്‍ തന്നെ പ്രഖ്യാപിച്ചവരാണവര്‍. അതനുസരിച്ച് അവര്‍ പ്രവര്‍ത്തിക്കുന്നു. മറിച്ച് നമ്മള്‍ ഏതു തരത്തിലുള്ള ഇന്ത്യയെയാണ് സൃഷ്ടിക്കാനുദ്ദേശിക്കുന്നത് എന്നാണദ്ദേഹം ചോദിച്ചത്. അത്തരത്തിലൊരു ലക്ഷ്യം നമുക്കുണ്ടോ? ഇല്ല. നമുക്കുള്ളത് പ്രതിരോധം മാത്രമാണ്. അവരുടെ ചലനത്തിനനുസരിച്ചുമാത്രമാണ് നമ്മുടെ ചലനങ്ങളും. അതിനു പകരം എന്താണ് നമ്മള്‍ സൃഷ്ടിക്കാനുദ്ദേശിക്കുന്ന രാഷ്ട്രമെന്നു പറയാനാകണം. അതിനുള്ള പ്രവര്‍ത്തനപദ്ധതി വേണം. ശ്രേണീകൃതമല്ല, മറിച്ച് മനുഷ്യരെല്ലാം തുല്ല്യരാണെന്നതായിരിക്കണം അതിന്റെ അടിത്തറ. അതില്ലാതെയുള്ള മനുഷ്യാവകാശ പ്രവര്‍ത്തനങ്ങളെല്ലാം അര്‍ത്ഥശൂന്യമാണ്. ഇന്ത്യന്‍ പാരമ്പര്യത്തിലോ സംസ്‌കാരത്തിലോ അഭിരമിക്കുന്നവര്‍ക്ക് അത്തരമൊരു പ്രവര്‍ത്തനം അസാധ്യമാണുതാനും.

(മനുഷ്യാവകാശദിനത്തോടനുബന്ധിച്ച് തൃശൂര്‍ ടൗണ്‍ ഹാളില്‍ നടന്ന സമ്മേളനത്തില്‍ നടത്തിയ പ്രഭാഷണത്തില്‍ നിന്ന്)

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Feedback

2 thoughts on “ഇന്ത്യയില്‍ മനുഷ്യാവകാശവും ശ്രേണീബദ്ധമാണ്

  1. “നമ്മലെല്ലാം ജന്മം കൊണ്ടുതന്നെ വ്യത്യസ്ഥ(sic)രാണ്. പിന്നെങ്ങിനെ മനുഷ്യാവകാശങ്ങളും തുല്ല്യമാകും? ചിലര്‍ക്ക് വേദനയുണ്ടാകുമ്പോള്‍ മാത്രമാണ് നാം മനുഷ്യാവകാശങ്ങളെ കുറിച്ച് പറയാറുള്ളത്. മറ്റു പലര്‍ക്കുമാണെങ്കില്‍ മുജ്ജന്മപാപത്തിന്റെ ഫലമാണെന്നും എല്ലാം അനുഭവിച്ചാല്‍ അടുത്ത ജന്മം ബ്രാഹ്മണനായി പിറക്കാമെന്നുമാണ് നമ്മള്‍ പറയാറുള്ളത്” .
    “നമ്മൾ” എന്ന് പറയുമ്പോൾ എല്ലാരും ആണോ ?
    അവർ ആരാണ് എന്നു തെളിച്ചു പറയാതിരിക്കുകയും , അതേ സമയം ഏതാണ്ട് കോമൺ പ്ലേസ് ആയ ഇന്ത്യയിലെ സവിശേഷമായ ജാതി-ലിംഗ ശ്രേണീബദ്ധതയെക്കുറിച്ചു പുതുതായി ഏതോ സിദ്ധാന്തം അവതരിപ്പിക്കുന്നതുപോലെ എന്തോ പറഞ്ഞുവെന്ന് വരുത്തുകയും ആണ് ലേഖകൻ ചെയ്യുന്നത്.

    പുരോഗമന ചിന്തയുടെ ചരിത്രപരതയെയും അസ്തിത്വത്തെത്തന്നെയും നിരാകരിക്കുന്ന ത്തിനു തുല്യമാണ് മനുഷ്യർ ജന്മം കൊണ്ട് വ്യത്യസ്തരാകയാൽ മനുഷ്യാവകാശങ്ങൾ തുല്യമല്ല എന്നു “സിദ്ധാന്തിക്കു”ന്നത് ഒന്നാം തരം വലതുപക്ഷ മൂരാച്ചിത്തരം ആണ്.
    ” അഞ്ചു വിരലുകൾ ഒരു പോലെയല്ലാതിരിക്കുമ്പോൾ ….എല്ലാം സമമാക്കാൻ ഉള്ള ദുർവാശി എന്തിന്” എന്ന് “പശ്ചാത്യ” മെന്നു ആക്ഷേപിക്കപ്പെടുന്ന ആധുനികതയ്‌ക്കെതിരെ പലപ്പോഴും ഉന്നയിക്കപ്പെടുന്ന എന്ന ചിരപരിചിതമായ “ഇന്ത്യൻ / ഹിന്ദു” യുക്തിയുമായി ഇതിനെ തട്ടിച്ചു നോക്കുക.

  2. #..മനുഷ്യാവകാശത്തെ കുറിച്ചു പറയുമ്പോള്‍ ഏതു മനുഷ്യന്റെ അവകാശം എന്നു കൂടി പറയാന്‍ കഴിയണം..#
    മനുഷ്യാവകാശങ്ങളെക്കുറിച്ചു ഇത്രയും വികലമായ ഒരു പ്രസ്താവം നടത്താൻ കഴിയണം എങ്കിൽ നമ്മൾ ചുരുങ്ങിയത് “End of History”, “Clash of Civilisations” ലെവലിൽ എങ്കിലും എത്തിയിരിക്കണം!

Leave a Reply