ഇന്ത്യയുടെ ബഹുസ്വരതയെ തകര്‍ക്കാന്‍ ഹിന്ദുത്വ രാഷ്ട്രീയത്തിനാകില്ല.

താനൊരു സനാതന ഹിന്ദുവാണെന്നു പറഞ്ഞ ഗാന്ധിയാണ് കോണ്‍ഗ്രസ്സിനെ ഹിന്ദു – മുസ്ലിം – സിക്ക് സൗഹോദര്യത്തിന്റെ അടിസ്ഥാനത്തില്‍ കെട്ടിപ്പടുത്തത്. ഖിലാഫത്ത് പ്രസ്ഥാനത്തിന്റെ പശ്ചാത്തലത്തില്‍ കൂടിയായിരുന്നു അത്. കോണ്‍ഗ്രസ്സിന്റെ ഹിന്ദുത്വ സ്വഭാവത്തെ മാറ്റിയെടുക്കുകയായിരുന്നു ഗാന്ധി. അല്ലെങ്കില്‍ തിലകന്റെ നേതൃത്വത്തിലുണ്ടായിരുന്ന കോണ്‍ഗ്രസ്സിനെ സവര്‍ക്കറുടെ ശിഷ്യനായിരുന്ന ഹെഡ്‌ഗെവാറും മറ്റും ചേര്‍ന്ന് ഹിന്ദുത്വസംഘടനയാക്കി മാറ്റുമായിരുന്നു. ഇന്നത്തെ മതേതര ജനാധിപത്യ ഇന്ത്യ ഉണ്ടാകുമായിരുന്നില്ല.

വളരെ ഗുരുതരമായ ഒരു രാഷ്ട്രീയസാഹചര്യമാണ് ഇന്ത്യയില്‍ ഉടലെടുത്തിരിക്കുന്നത്. ഏറ്റവും വലിയ ജനാധിപത്യരാഷ്ട്രമെന്ന നിലയില്‍ ഇന്ത്യയിലെ രാഷ്ട്രീയ പ്രക്രിയകള്‍ ലോകനിലവാരത്തില്‍ തന്നെ സൂക്ഷ്മമായി നിരീക്ഷിക്കപ്പെടുന്നുണ്ട്. നിരവധി ഭാഷകളും മതങ്ങളും ജാതികളും സംസ്‌കാരങ്ങളും ഉള്‍ക്കൊള്ളുന്ന, ലോകജനസംഖ്യയില്‍ രണ്ടാമതു വരുന്ന ഇത്രയും വൈവിധ്യമാര്‍ന്ന രാജ്യത്തെ പാര്‍ലിമെന്ററി ജനാധിപത്യ പ്രക്രിയ താരതമ്യേന മെച്ചപ്പെട്ട രീതിയില്‍ നടക്കുന്നു എന്നത് ചെറിയ കാര്യമല്ല. എന്നാല്‍ ഇന്ന് ഈ മതേതര, ജനാധിപത്യ പ്രക്രിയ എങ്ങനെ മുന്നോട്ടുപോകുമെന്ന ആശങ്ക ശക്തമായിരിക്കുകയാണ്. 2024ലെ ലോകസഭാ തെരഞ്ഞെടുപ്പ് നടക്കുമോ എന്ന ആശങ്കപോലും ശക്തമായിട്ടുണ്ട്. ഹിന്ദരരാഷ്ട്രം സ്ഥാപിക്കുക എന്ന ലക്ഷ്യത്തോടെ പ്രവര്‍ത്തിക്കുന്ന ആര്‍ എസ് എസ് ഇന്ന് ഇന്ത്യന്‍ രാഷ്ട്രീയത്തെ നിര്‍ണ്ണായകമായി നിയന്ത്രിക്കുന്ന ശക്തിയായിരിക്കുന്നു എന്നതാണ് ആ ആശങ്കക്ക് കാരണം. തങ്ങളുടെ ലക്ഷ്യം താമസിയാതെ പൂര്‍ത്തിയാകുമെന്ന പ്രതീക്ഷയിലാണവര്‍. നരേന്ദമോദിയുടെ രണ്ടാം വരവോടെയാണ് പ്രശ്‌നങ്ങള്‍ കൂടുതല്‍ രൂക്ഷമായത്. മോദിയുടെ പല നടപടികളും ആര്‍ എസ് എസിന്റെ ഈ ലക്ഷ്യത്തിനനുസൃതമായാണ്. അതിന്റെ അവസാനത്തെ ഉദാഹരണമാണ് പൗരത്വ ഭേദഗതി നിയമം.

തികച്ചും നിരുപദ്രവകരമാണ് നിയമമെന്നാണ് മോദിയും അമിത്ഷായും മറ്റും അവകാശപ്പെടുന്നത്. പ്രത്യക്ഷത്തില്‍ അതു ശരിയാണെന്നു തോന്നും. പാക്കിസ്ഥാന്‍, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാന്‍ എന്നീ മുസ്ലിം മതാധഷ്ഠിത രാജ്യങ്ങളില്‍ ഇന്ത്യയില്‍ അഭയാര്‍ത്ഥികളായി എത്തിയിട്ടുള്ള, അവിടത്തെ ന്യൂനപക്ഷ്‌ക്ഷളായ ഹിന്ദു, ബൗദ്ധ, ജൈന, സിക്ക്, കൃസ്ത്യന്‍ വിഭാഗങ്ങള്‍ക്ക് ഇന്ത്യന്‍ പൗരത്വം നല്‍കാനാണ് നിയമം നടപ്പാക്കുന്നത്. അതിലെന്തു തകരാറാണെന്നാണ് ചോദ്യം. മൂന്നും മുസ്ലിം ആധിപത്യ രാഷ്ട്രങ്ങളായതിനാല്‍ മുസ്ലിമുകള്‍ ന്യൂനപക്ഷമല്ല എന്നും അതിനാല്‍ അവര്‍ക്ക് പൗരത്വം നല്‍കേണ്ടതില്ല എന്നുമാണ് വാദം. തങ്ങളുടെ ലക്ഷ്യവുമായി ബന്ധപ്പെട്ട വളരെ സമര്‍ത്ഥമായ രാഷ്ട്രീയ പദ്ധതി തന്നെയാണിത്. ലങ്കയും ബര്‍മ്മയും പോലുള്ള രാജ്യങ്ങളില്‍ നിന്നുള്ള അഭയാര്‍ത്ഥികളെ കുറിച്ച് മിണ്ടാത്തതെന്ത് എന്നതില്‍ നിന്നുതന്നെ അത് വ്യക്തമാണ്. കൂടാതെ ഈ മൂന്ന് രാഷ്ട്രങ്ങളില്‍ മുസ്ലിമുകളില്‍ തന്നെ നിരവധി മുസ്ലിമുകളുണ്ട്. അവരില്‍ പലരും അഭയാര്‍ത്ഥികളായി ഇന്ത്യയിലുണ്ട് താനും. പൗരത്വത്തില്‍ മതപരമായ പരിഗണന കൊണ്ടുവന്നു എന്നതാണ് സംഘപരിവാറിന്റെ ആസൂത്രിതമായ രാഷ്ട്രീയ പദ്ധതി. ജനങ്ങളെ മതാധിഷ്ഠിതമായി രണ്ടുചേരിയായി വിഭജിക്കുക എന്നതാണിതിന്റെ രാഷ്ട്രീയ ലക്ഷ്യം. ഏറെക്കുറെ ഹിന്ദുക്കളെന്നു പറയാവുന്നവര്‍ക്കാണ് പൗരത്വം നല്‍കുന്നത്. അങ്ങനെ ഹിന്ദുവെന്നും മുസ്ലിമെന്നും വേര്‍തിരിവുണ്ടാക്കുക. ഹിന്ദുക്കളെ ഒന്നാം പൗരന്മാരായും മുസ്ലിമുകളെ രണ്ടാം പൗരന്മാരായും മാറ്റുക. അങ്ങിനെ വളരെ ആസൂത്രിതമായി സ്വാഭാവികമായും നിലനിന്നിരുന്ന ജാതി മത വ്യത്യാസമില്ലാത്ത ഇന്ത്യന്‍ പൗരര്‍ എന്ന പരിഗണന മാറ്റി ഹിന്ദു, മുസ്ലിം സമൂഹങ്ങളായി രാജ്യത്തെ വിഭജിക്കുക. പ്രത്യക്ഷത്തില്‍ ഒരു സൂചനയും നല്‍കാത്ത തികച്ചും വര്‍ഗ്ഗീയമായ പദ്ധതിയാണിത്.

 

 

 

 

 

 

 

 

ഈ ഗൂഢലക്ഷ്യം തിരിച്ചറിഞ്ഞതിനെ തുടര്‍ന്നാണ് രാജ്യമെങ്ങും, പ്രത്യകിച്ച് വിദ്യാര്‍ത്ഥികളില്‍ നിന്ന് ശക്തമായ പ്രതിരോധമുയര്‍ന്നത്. വടക്കു കിഴക്കന്‍ മേഖലയിലേക്കു പോയ നരേന്ദ്രമോദി, പ്രക്ഷോഭം നടത്തുന്നത് ആരാണെന്ന് വസ്ത്രത്തില്‍ നിന്നറിയാമെന്ന പ്രസ്താവന നടത്തി, അതിനുള്ള മറുപടിയായിരുന്നു ജാമിയയില്‍ നിന്നും അലിഗഡില്‍ നിന്നും ജെ എന്‍ യുവില്‍ നിന്നുമെല്ലാം ആളിപടര്‍ന്ന വിദ്യാര്‍ത്ഥി പ്രക്ഷോഭം. ഒരു നേതൃത്വം പോലുമില്ലാതെ ഇന്ത്യന്‍ ജനാധിപത്യ – മതേതര സമൂഹം മോദിക്കു നല്‍കിയ സ്വാഭാവിക മറുപടിയാണ് ഈ പ്രക്ഷോഭങ്ങള്‍. സത്യത്തില്‍ നമ്മുടെ മതേതരത്വവും ജനാധിപത്യവംു തകരുമോ എന്ന ആശങ്കക്കു കൂടിയുള്ള മറുപടിയാണിത്.

താനൊരു സനാതന ഹിന്ദുവാണെന്നു പറഞ്ഞ ഗാന്ധിയാണ് കോണ്‍ഗ്രസ്സിനെ ഹിന്ദു – മുസ്ലിം – സിക്ക് സൗഹോദര്യത്തിന്റെ അടിസ്ഥാനത്തില്‍ കെട്ടിപ്പടുത്തത്. ഖിലാഫത്ത് പ്രസ്ഥാനത്തിന്റെ പശ്ചാത്തലത്തില്‍ കൂടിയായിരുന്നു അത്. കോണ്‍ഗ്രസ്സിന്റെ ഹിന്ദുത്വ സ്വഭാവത്തെ മാറ്റിയെടുക്കുകയായിരുന്നു ഗാന്ധി. അല്ലെഹ്കില്‍ തിലകന്റെ നേതൃത്വത്തിലുണ്ടായിരുന്ന കോണ്‍ഗ്രസ്സിനെ സവര്‍ക്കറുടെ ശിഷ്യനായിരുന്ന ഹെഡ്‌ഗെവാറും മറ്റും ചേര്‍ന്ന് ഹിന്ദുത്വസംഘടനയാക്കി മാറ്റുമായിരുന്നു. ഇന്നത്തെ മതേതര ജനാധിപത്യ ഇന്ത്യ ഉണ്ടാകുമായിരുന്നില്ല. ചരിത്രത്തിലെ ഗാന്ധിയുടെ നിര്‍ണ്ണായക ഇടപെടലായിരുന്നു അത്. 1920കളിലായിരുന്നു അത്. ഇക്കാര്യത്തില്‍ ഗാന്ധിയോട് തോറ്റ ഹെഡ്‌ഗെവാറും മറ്റും 1925ല്‍ കോണ്‍ഗ്രസ്സ് വിട്ട് ആര്‍ എസ് എസ് രൂപീകരിക്കുകയായിരുന്നു. ഗാന്ധി ജ്വലിച്ചുനിന്നിരുന്ന അക്കാലത്ത് പക്ഷെ ആര്‍ എസ് എസിന് ഒരു പ്രസക്തിയുമുണ്ടായിരുന്നില്ല. സ്വാതന്ത്ര്യസമരത്തിലും അവര്‍ക്ക് പങ്കുണ്ടായിരുന്നില്ല. പക്ഷെ പ്രത്യക്ഷമായി അതായിരുന്നു അവസ്ഥയെങ്കിലും ഇന്ത്യയിലുടനീളം സംഘടന കെട്ടിപ്പടുക്കുന്ന പ്രവര്‍ത്തനങ്ങള്‍ അന്നുതന്നെ ആരംഭിച്ചിരുന്നു. 100 കൊല്ലത്തെ സുദീര്‍ഘമായ ചരിത്രമാണത്. പ്രത്യക്ഷത്തില്‍ രാഷ്ട്രീയ ഇടപെടലില്ലാതെതന്നെ ഇന്ത്യയെ ഹിന്ദുരാഷ്ട്രമാക്കുക എന്ന ലക്ഷ്യത്തോടെ അവര്‍ നടത്തിയ പ്രവര്‍ത്തനഫലമാണ് ഇന്നത്തെ രാഷ്ട്രീയ സാഹചര്യം.

 

 

 

 

 

ഗാന്ധിക്കുശേഷം നെഹ്‌റുവിന്റെ നേതൃത്വത്തില്‍  ആധുനിക ജനാധിപത്യ രീതിയിലുള്ള രാഷ്ട്രം കെട്ടിപ്പടുക്കാനുള്ള നടപടികളാണ് ശക്തമായത്. അംബേദ്കറുടെ നേതൃത്വത്തില്‍ ലോകത്തെതന്നെ മികച്ച ഭരണഘടനയും നമുക്കുണ്ടായി. അന്നെല്ലാം ആര്‍ എസ് എസ് പ്രവര്‍ത്തനങ്ങള്‍ അടിത്തട്ടില്‍ നടന്നിരുന്നെങ്കിലും ്അതിന്റെ അപകടം ആരും തിരിച്ചറിഞ്ഞിരുന്നില്ല. ഇന്നു തിരിഞ്ഞുനോക്കുമ്പോഴാണ് എത്രമാത്രം ആസൂത്രിതമായ ഗൂഢാലോചനയോടെയാണ് അവര്‍ കാര്യങ്ങള്‍ നീക്കിയിരുന്നതെന്ന് വ്യക്തമാകുന്നത്. ഇന്നവര്‍ മോദിയിലൂടെ തങ്ങളുടെ ലക്ഷ്യം നേടാനാണ് ശ്രമിക്കുന്നത്.

തീര്‍ച്ചയായും ഹിന്ദുത്വരാഷ്ട്രീയത്തിന്റെ വളര്‍ച്ചക്ക് മറ്റുപല കാരണങ്ങളും ഉണ്ടായിട്ടുണ്ട്. കാര്യമായി ആരും ഉപയോഗിക്കാതിരുന്ന ബാബറി മസ്ജിദില്‍ രാമവിഗ്രഹം സ്ഥാപിച്ചതു മുതല്‍ അതാരംഭിച്ചു. അന്നത് നെഹ്‌റു ശ്രദ്ധിച്ചിരുന്നു. എന്നാല്‍ എടുത്തുമാറ്റിയില്ല. പിന്നീട് ആ വിഷയം ഉയര്‍ന്നുവന്നത് ഇന്ദിരാഗാന്ധിയുടെ വധത്തോടെയായിരുന്നു. ഇന്ദിരയുടെ വധത്തെ തുടര്‍ന്ന് വടക്കെ ഇന്ത്യയിലാഞ്ഞടിച്ച സിക്കുവിരുദ്ധ ഹൈന്ദവവികാരത്തിന്റെ സഹായത്താലായിരുന്നു വന്‍ഭൂരിപക്ഷം നേടി ്അതുവരെ പൈലറ്റായിരുന്നു രാജീവ് ഗാന്ധി ്അധികാരത്തിലെത്തിയത്. അതിനുള്ള പ്രതിഫലമെന്നോണം രാജീവ്ഗാന്ധി ചില ഹിന്ദുപ്രീണന നയങ്ങള്‍ നടപ്പാക്കി. ഒന്ന് ഗംഗാശുദ്ധീകരണമായിരുന്നു. മറ്റൊന്ന് ബാബറി മസ്ജിദിലെ രാമവിഗ്രഹം പ്രാര്‍ത്ഥനക്കായി തുറന്നു കൊടുത്തതും. അതോടുകൂടിയായിരുന്നു ബാബറി മസ്ജിദും അയോദ്ധ്യയും സജീവ രാഷ്ട്രീയ വിഷയമായി. ഹിന്ദുക്കള്‍ക്ക് രാമക്ഷേത്രവും മുസ്ലിമുകള്‍ക്ക് ബാബറി മസ്ജിദും എന്നായിരുന്നു രാജീവിന്റെ പദ്ധതി. പക്ഷെ അന്നുമുതല്‍ ഹിന്ദുത്വം രാഷ്ട്രീയശക്തിയായി മാറുകയായിരുന്നു. ആര്‍ എസ് എസ് പരസ്യമായി രംഗത്തെത്തി. മസ്ജിദ് തകര്‍ത്ത് രാമക്ഷേത്രം സ്ഥാപിക്കുക എന്നതായിരുന്നു അവരുടെ ആവശ്യം.

 

 

 

 

 

 

 

 

80കളുടെ മധ്യത്തോടെ ഹിന്ദുത്വരാഷ്ട്രീയം മുന്നേറ്റങ്ങള്‍ ആരംഭിച്ചെങ്കിലും നേരെ എതിര്‍ദിശയിലൊരു രാഷ്ട്രീയ പ്രതിഭാസവും രാജ്യത്ത് ആരംഭിച്ചിരുന്നു. ഇന്ദിരാഗാന്ധി അലമാരയില്‍ പൂട്ടിവെച്ചിരുന്ന മണ്ഢല്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് വി പി സിംഗ് പുറത്തെടുത്തതോടെയായിരുന്നു അത് ശക്തമായത്. ലോഹ്യാ സോഷ്യലിസ്റ്റുകളായ യുപിയില്‍ ബീഹാറില്‍ നിന്നും മറ്റുമുള്ള ജനതാദള്‍ രാഷ്ട്രീയക്കാരുടെ ആവശ്യപ്രകാരം മണ്ഡല്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് നടപ്പാക്കാന്‍ തീരുമാനിച്ചതോടെ വര്‍ണ്ണ ജാതി വ്യവസ്ഥക്കെതിരായ മുന്നേറ്റത്തിനും രാജ്യം സാക്ഷ്യം വഹിക്കുകയായിരുന്നു. ഐ എ എസ്, ഐ പി എസ് അടക്കമുള്ള ഉന്നത അധികാര സ്ഥാനങ്ങളില്‍ 27 ശതമാനം വരെ സംവരണമായിരുന്നു മണ്ഡല്‍ ശുപാര്‍ശ ചെയ്തത്. ബാബറി മസ്ജിദ് വിഷയമുയര്‍ത്തി സംഘപരിവാര്‍ സൃഷ്ടിച്ച വര്‍ഗ്ഗീയ ധ്രുവീകരണത്തിനു പകരം സവര്‍ണ്ണ – അവര്‍ണ്ണ ചേരികളായി രാജ്യം മാറി. രാജ്യമെങ്ങും ഉയര്‍ന്ന അവര്‍ണ്ണ പ്രക്ഷോഭം സവര്‍ണ്ണ മേധാവിത്വത്തിന്റെ കുന്തമുന ഒടിച്ചു. താല്‍ക്കാലികമായെങ്കിലും അതിനെ തടഞ്ഞു. ബാബറി മസ്ജിദ് തകര്‍ത്തതിനു നടന്ന തെരഞ്ഞെടുപ്പില്‍ പോലും യുപിയില്‍ ബിജെപി പരാജയപ്പെട്ടു.

 

 

 

 

 

 

ഹിന്ദുത്വം പുറന്തള്ളപ്പെട്ട ചരിത്രഘട്ടമായിരുന്നു അത്. പിന്നീട് വാജ്‌പേയ് അധികാരത്തിലെത്തിയെങ്കിലും കേവല ഭൂരിപക്ഷം ഉണ്ടായിരുന്നില്ല. അതിനുശേഷമാകട്ടെ പത്തു വര്‍ഷം യു പി എ ഭരണമായിരുന്നു. അഴിമതിപോലുള്ള പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നെ ജനാധിപത്യ മതേതരവാദികള്‍ക്ക് അക്കാലഘട്ടം ആശ്വാസമായിരുന്നു. അതിനുശേഷമാണ് ഇപ്പോഴത്തെ പുതിയ രാഷ്ട്രീയ പ്രവണത പൊന്തിവന്നത്. 2014 ല്‍ അധികാരത്തിലെത്തിയ മോദിയുടെ ഭൂതകാലം എന്തായിരുന്നു? 2002ല്‍ ഗുജറാത്തില്‍ നടന്ന അതിനീചമായ മുസ്ലിംകൂട്ടക്കൊലക്ക് മുഖ്യമന്ത്രിയെന്ന നിലയില്‍ നേതൃത്വം നല്‍കിയ വ്യക്തി. അന്നവിടെ ഉയര്‍ന്ന പദവിയിലുണ്ടായിരുന്ന മലയാളികളായിരുന്ന പോലീസ് ഉദ്യോഗസ്ഥര്‍ തന്നെ അക്കാര്യങ്ങള്‍ വിശദീകരിച്ചിട്ടുണ്ടല്ലോ. അന്നത്തെ കൂട്ടക്കൊലകളുടെ പേരില്‍ പല പാശ്ചാത്യരാജ്യങ്ങളും മോദിയെ കുറ്റവാളിയായി കണ്ട് വിസ നിഷേധിച്ചിരുന്നു. ആ മോദിയാണ് ഗുജറാത്തിലെ വികസനകഥകളുമായി വികസനനായകനെന്ന പ്രതിഛായയുമായി പ്രധാനമന്ത്രി കസേരയിലെത്തിയത്. കോടിക്കണക്കിന് രൂപ ചിലവഴിച്ച് ആഗോളതലത്തിലെ അതിവിദഗ്ധമായ ആധുനിക പ്രചാരണ സംവിധാനം ഉപയോഗിച്ചാണ് വികസനത്തിന്റെ പ്രതിപുരുഷനായി അദ്ദേഹം അവതരിച്ചതെന്ന വസ്തുതകള്‍ പിന്നീടാണ് പുറത്തുവന്നത്. ഇപ്പോഴും അത്തരം പ്രചാരണ തന്ത്രങ്ങലവിലൂടെ തന്നെയാണ് മോദി നിലനില്‍ക്കുന്നത്. പ്രതിപക്ഷത്തിനാകട്ടെ മോദിയെ നേരിടാനുള്ള കരുത്ത് ഇന്നില്ല. രാജ്യമാകെ വേരുകളുണ്ടെങ്കിലും ശക്തമായ നേതൃത്വം കോണ്‍ഗ്രസ്സിനില്ല. അപ്പോഴും കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ മോദി ജയിച്ചത് വോട്ടിംഗ് മെഷിനില്‍ കൃത്രിമം കാട്ടിയാണെന്ന് ഏറെക്കുറെ ഉറപ്പാണ്. മെഷിന്‍ സൂക്ഷിക്കുന്ന സ്്ഥലങ്ങലില്‍ കാവല്‍ നിന്ന് അതൊന്നും തടയാനാകില്ല. സാങ്കേതിക സംവിധാനങ്ങളുപയോഗിച്ചാണ് കൃത്രിമം സാധ്യമാകുക. സ്‌ങ്കേതികമായി തന്നെ അതു തടയാനാകണം. അല്ലെങ്കില്‍ 2004ലും മോദി തന്നെ വിജയിക്കും. പക്ഷെ അപ്പോഴേക്കും സാങ്കേതികമായിതന്നെ കൃത്രിമങ്ങള്‍ തടയാനാകുമെന്നുതന്നെ കരുതാം.

 

 

 

 

 

 

 

 

വളരെ ആസൂത്രിതമായ പദ്ധതികളുമായാണ് ഇപ്പോഴും ഫാസിസ്റ്റുകള്‍ മുന്നോട്ടുപോകുന്നത്. അതിനെ ജനാധിപത്യപ്രക്രിയയിലൂടെ മറികടക്കാനാവുമോ എന്നതാണ് ചോദ്യം. തീര്‍ച്ചയായും അക്കാര്യത്തില്‍ ശുഭാപ്തിവിശ്വാസിയാകുന്നതില്‍ തെറ്റില്ല. തുടക്കത്തില്‍ പറഞ്ഞപോലെ വൈവിധ്യമാര്‍ന്ന ഇന്ത്യന്‍ സമൂഹത്തെ ഹിന്ദുത്വവല്‍ക്കരിക്കാന്‍ എളുപ്പമല്ല. കേരളത്തിലേയും ആസാമിലേയും യുപിയിലേയുമൊക്കെ ഹിന്ദുക്കള്‍ ഒരുപോലെയാണോ? അംഗീകൃത ഭാഷകള്‍ തന്നെ 35 ആണ്. ചെറുഭാഷകള്‍ നിരവധി. ഈ വൈവിധ്യവും ബഹുസ്വരതയുമാണ് ഇന്ത്യയുടെ കരുത്ത്. അതിനെയെല്ലാം ഹിന്ദുത്വബോധത്തിന്റെ അടിസ്ഥാനത്തില്‍ അടിസ്ഥാനത്തില്‍ കൂട്ടികെട്ടാനാവില്ല. രണ്ടേരണ്ടുവിഭാഗങ്ങളുള്ള ശ്രീലങ്കയുമായി താരതമ്യപ്പെടുത്തുമ്പോഴാണ് നമ്മുടെ വൈവിധ്യത്തിന്റെ കരുത്ത് ബോധ്യമാകുക. ആ സാഹചര്യത്തില്‍ രാജ്യത്തില്‍ ഹിന്ദു – മുസ്ലിം ധ്രുവീകരണം സൃഷ്ടിച്ച് ഹിന്ദുഭൂരിപക്ഷത്തെ കൂടെനിര്‍ത്തി ഭരിക്കാമെന്ന സമീപനം ജയിക്കാന്‍ പോകുന്നില്ല. ആര്‍ എസ് എസിന്റെ ആസൂത്രിത പദ്ധതികളെ ചെറുതായി കാണുന്നതല്ല. എന്നാലതുകൊണ്ടു തകര്‍ക്കാനാവുന്നതല്ല ഇന്ത്യയുടെ ബഹുസ്വരത. ഗാന്ധിയുടെ കാലം മുതല്‍ ശക്തമായ മതസൗഹാര്‍ദ്ദമാണ് അതിന്റെ സാംസ്‌കാരിക അടിത്തറ. ഇന്നത്തെ പോലെ വാര്‍ത്താവിനിമയസംവിധാനമില്ലാതിരുന്ന അക്കാലത്തും ഈശ്വര അള്ളാ തേരാ നാം എന്ന്് ഒന്നിച്ച് ഏറ്റുവിളിച്ചവരാണ് ഇന്ത്യക്കാര്‍. ആ സന്ദേശത്തിന്റെ ആഴം ചെറുതല്ല. ഇന്ത്യന്‍ മതേതര ജനാധിപത്യത്തിന്റെ അടിത്തറയാണത്. അതിനെ തകര്‍ക്കാന്‍ മതാധിഷ്ഠിത രാഷ്ട്രീയത്തിനാകില്ല എന്നുതന്നെ ഉറച്ചുവിശ്വസിക്കാം.

 

 

 

 

 

 

 

 

(കോഴിക്കോട് നടത്തിയ പ്രഭാഷണത്തില്‍ നിന്ന്)

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Feedback

One thought on “ഇന്ത്യയുടെ ബഹുസ്വരതയെ തകര്‍ക്കാന്‍ ഹിന്ദുത്വ രാഷ്ട്രീയത്തിനാകില്ല.

  1. അശാസ്ത്രീയമായ ശുഭാപ്തിവിശ്വാസം മാത്രമാണിത്……
    1920 മുതൽ ഉള്ള ജനാധിപത്യ പ്രക്ഷോഭ പ്രക്രിയ, ഒരു വിദേശ ആധിപത്യത്തിന് എതിരെ ലോകമെങ്ങും ഉയർന്നു തുടങ്ങിയ സ്വാതന്ത്ര്യ സമര പ്രസ്ഥാനങ്ങളുടെ എല്ലാം സ്വാധീനം ഉൾക്കൊണ്ട്‌ കൊണ്ടുള്ളതായിരുന്നു. ഇതിന്റെ നേതൃത്വം എല്ലായ്‌പോഴും സമരോല്സുകരായ ജന ങ്ങളുടെ സാരാഗ്നിയെ പിന്നോട്ടു വലിക്കാനും നേതൃത്വം തങ്ങളുടെ കയ്യിൽനിന്നും നഷ്ടപെടാതിരിക്കാനും വിദ്യാസമ്പന്നരായ മധ്യവർഗ്ഗ സവര്ണ പുരോഗമന വാദികളുടെ നേതൃ നിരയെ സ്ഥാപിക്കാനും ബോധപൂർവായ ഇടപെടീൽ നടത്തുന്നത് കാണാം…..
    Dr. അംബേദ്കറെ ഒരു ഭരണഘടനാവിദഗ്ധനായി മാത്രം സ്പാപിക്കാനും സമരനായകരിലൊരാളായി ഉയർന്നുവരുന്നത് തടയാനും എം കെ ഗാന്ധിയുടെ അദ്ദേഹവുമായിട്ടുള്ള interaction പരിശോധിച്ചാൽ കാണാവുന്നതേയുള്ളു. ഗാന്ധി പട്ടിക ജാതി പട്ടികവർഗ വിഭാഗങ്ങളെ ദൈവത്തിന്റെ മക്കൾ എന്ന്‌ പറഞ്ഞു ഹരിജനങ്ങൾ എന്ന്‌ പേരിട്ടു ഹിന്ദുമതത്തിന്റെ ഭാഗമാക്കാൻ ശ്രമിച്ചപ്പോൾ താൻ ഹിന്ദു മതം ഉപേക്ഷിക്കുകയാണ് എന്ന്‌ പറഞ്ഞു ബുദ്ധമതം സ്വീകരിച്ചുകൊണ്ടആണ് അംബേ ദ്കർ തന്റെ നിലപടു പ്രഖ്യാപിച്ചത്…. കോട്ടും സ്യൂട്ടും ഉപേക്ഷിച്ചു താനിനി ഒരു ഫകീർ ആണെന്ന് പ്രഖ്യാപിച്ചപ്പോൾ കോട്ടും സ്യൂട്ടും ടൈയും ധരിച്ചു അംബേദ്കർ ഗാന്ധിയുടെ നിലപടിനെ തള്ളു കയായിരുന്നു..
    മധ്യവർഗത്തിന്റെ പിന്തുണയോടെ സവർണ നേതൃത്വത്തിന്റെ കൈകളിൽ അധികാരം ലഭിച്ചതോടെ അതുവരെ ഒന്നിച്ചു നിന്ന വിവിധ ജനവിഭാഗങ്ങൾ സ്വന്തം സ്വതം തേടി തുടങ്ങി…. സവർണ ഫാസിസിസ്റ്റുകൾക്കു മേൽകൈ നേടാനുള്ള അവസരംലഭിക്കുന്നതിന് സാധ്യമാകുന്ന വിധത്തിൽ ദേശീയ പ്രസ്ഥാനങ്ങൾ നിലപടുകളിൽ മാറ്റം വരുത്തി. മറ്റു പ്രസ്ഥാനങ്ങൾക് മുൻകൂട്ടി കാണാനും അടിസ്ഥാന ജനവിഭാഗങ്ങളെ മുൻ നിരയിലെതുക്കാനും ഒരു പദ്ധതി ഇല്ലാതിരുന്നതു കൊണ്ട് എല്ലാ സ്വതാ അൻവേഷണങ്ങളും പ്രാദേശികമായി ചുരുങ്ങിയതോടെ ദേശീയ ഭരണവർഗത്തിനു അതിന്റെ അജണ്ടകൾ വിവിധ രാഷ്ട്രീയപാർട്ടി കളുടെ നേതൃത്വത്തിൽ എത്തിച്ചേർന്നു കൊണ്ട് പ്രയോഗിക്കാൻ അവസരം ലഭിച്ചു.
    ഒരു ചെറിയ ഇടവേള ഉണ്ടായതു മണ്ഡൽ കമ്മിഷൻ റിപ്പോർട്ട്‌ നടപ്പാക്കികൊണ്ടു സവർണ അജണ്ടയെ തടയാനുള്ള ഒരു വിശാലമായ എകികരണത്തിനുള്ള പ രി ശ്ര മം ഉണ്ടായ കാലഘട്ടം മാത്രമാണ്.
    അവിടവിടെ നടത്തുന്ന ഉശിരൻ സമരങ്ങൾകൊണ്ടോ സംവാദങ്ങൾകൊണ്ടോ നവമാധ്യമ ചർച്ചകൾകൊണ്ടോ ഫാസിസത്തെ തടയാനുകുമെന്നുള്ള ശുഭാപ്തി വിശ്വാസം എത്ര അപകടകരമാണ്.എല്ലാ ഭരണസംവിധാനങ്ങളും കൈപ്പിടിയിൽ ഒതുക്കിക്കഴിഞ്ഞു അടുത്ത കുത്തിക്കലിന് തയ്യാറെടുക്കുന്ന ഫാസിസ്റ്റു ശക്തികളുടെമേൽ ബലപ്രയോഗം സാധ്യമാകേണ്ട ചുരുങ്ങിയ സമയം മാത്രമേ ഇനിയുള്ളു. നിർണായക ശക്തിയാകാനും അടിമുടി മാറ്റങ്ങൾക്കു വഴിയൊരുക്കാനും നേതൃത്വം നൽകാനുള്ള ചരിത്രപരമായ ദൗത്യം ഏറ്റെടുക്കാൻ തയ്യാറാവുക……

    യുദ്ധസമാനമായ ഉഴുതുമറിക്കൽ രൂപപ്പെടുത്തുന്ന ചിന്താമണ്ഡലത്തിലെ രാസമാറ്റം, തലച്ചോറിൽ രൂപപ്പെടുത്തുന്ന ജനാധിപത്യ ബോധം
    ഒരു പകരം വ്യവസ്ഥക്ക് അടിത്തറയാകും. യുദ്ധസമാനമായ ഉഴുതുമറിക്കലിൽ സമൂഹത്തിലെ കളകൾ മുഴുവൻ വേരോടെ പിഴുതെറിയപ്പെടും… ജനവിരുദ്ധശക്തികൾക്കു യാതൊരു ഇടവും ഇല്ലാത്ത, അ നുവദിക്കാത്ത ജനങ്ങളുടെ പരമാധികാരം സ്ഥാപിച്ചു കൊണ്ടേ ഫാസിസിസത്തിന്റെ തിരിച്ചു വരവിനെ തകർത്തുകൊണ്ട് സ്വാതന്ത്ര്യം യാഥാർഥ്യമാക്കാൻ പറ്റുകയുള്ളു…
    അലസത ശുഭാപ്തിവിശ്വാസത്തിന്റെ മറ്റൊരു രൂപമാണ്…… അടിമത്തത്തിന്റെ ഒരു യുഗവും സാധ്യതയും
    ശത്രുവിന് വെള്ളിത്താലത്തിൽ വച്ചുനീട്ടലാണ്..
    മുഴുവൻ ജനങ്ങളെയും ഐക്യപ്പെടുത്താനുള്ള നേതൃത്വങ്ങൾ രാജ്യത്തിന്റെ എല്ലാ മേഖലകളിലും ഉയർന്നു തുടങ്ങിയ ഈ കാലഘട്ടത്തിൽ സമർത്ഥ മായി നയിക്കാൻ ഉള്ള കെല്പും ശേമുഷിയും സ്വയം ആർജിക്കേണ്ട നിർണായക സമയമാണിത്……
    കാലഘട്ടം യുവജനങ്ങളെ ആവശ്യപെടുന്നു….
    വരൂ…. നേതൃത്വം കൈയാളു………

Leave a Reply