ഇതാ ഹിന്ദുത്വരാഷ്ട്രീയത്തിന്റെ യഥാര്‍ത്ഥ കഥ
കഴിഞ്ഞ രണ്ടു ദിവസങ്ങളായി പി.എന്‍. ഗോപീകൃഷ്ണന്‍ എഴുതിയ ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ കഥ എന്ന പുസ്തകം വായിക്കുകയായിരുന്നു. ഏകദേശം 750 പേജുകള്‍ ഉള്ള ഒരു വലിയ പുസ്തകം. ഈ വിഷയത്തില്‍ ഇത്രയും വിശദമായ ഒരു എഴുത്ത് മലയാളത്തില്‍ ആദ്യം എന്ന് തോന്നുന്നു. ഇതു സംബന്ധമായി മറ്റു ഭാഷകളില്‍, പ്രധാനമായും ഇംഗ്ലീഷില്‍, പുറത്തിറങ്ങിയ പുസ്തകങ്ങള്‍ , നിയമ രേഖകള്‍ മുതലായവയെ ഉപജീവിച്ച് താന്‍ എത്തുന്ന നിഗമനങ്ങളാണ് ഗോപീകൃഷ്ണന്‍ ഈ പുസ്തകത്തിലൂടെ വായനക്കാരുമായി പങ്കു വെക്കുന്നത്. ഭീഷണമായ നമ്മുടെ വര്‍ത്തമാന ചരിത്രസന്ദര്‍ഭത്തില്‍ ഇത്തരമൊരു പുസ്തകത്തിന്റെ പ്രസക്തി ഏറുന്നു.
ബ്രിട്ടീഷ് കൊളോണിയല്‍ ആധിപത്യത്തിന്റെ നാളുകളില്‍, അതിനെതിരെ നിരവധി ചിന്താധാരകള്‍ ഉയര്‍ന്നു വരികയുണ്ടായി. ബ്രിട്ടീഷ് പൂര്‍വ്വ ഇന്ത്യയില്‍ , ശിവജിയുടെ മറാത്ത സാമ്രാജ്യത്തിന് കീഴില്‍ സാമൂഹ്യവും രാഷ്ട്രീയവും ഭരണപരവുമായ വലിയ അധികാരങ്ങളില്‍ അവരോധിതരായ ചിത്പാവന്‍ ബ്രാഹ്മണരുടെ പേഷ്വാ ഭരണകൂടം, 1818 ല്‍ ശനിവാര്‍വാഡയില്‍ നടന്ന യുദ്ധത്തില്‍ ബ്രിട്ടീഷുകാര്‍ക്കു മുമ്പില്‍ അടിയറവു പറയേണ്ടി വന്നു. (2018 ല്‍ സവര്‍ണ്ണ പേഷ്വാ സൈന്യത്തിനെതിരെ ഈസ്റ്റ് ഇന്ത്യാ കമ്പനിയോടൊപ്പം പൊരുതി ദളിത് സൈനികര്‍ നേടിയ ആ വിജയത്തിന്റെ ഇരുനൂറാം വാര്‍ഷികത്തിന്റെ ദളിതരുടെ ആഘാഷമാണ് സവര്‍ണ്ണ മേധാവികളെ പ്രകോപിപ്പിച്ചതും ഭീമാ കോറേഗാവ് സംഭവമായി അറിയപ്പെട്ട് നിരവധി യു എ പി എ കേസുകള്‍ക്ക് ആധാരമായതുമെന്ന് ഓര്‍ക്കാവുന്നതാണ്). ആ അധികാര നഷ്ടത്തിന്റെ ആഘാതങ്ങള്‍ പേറുന്ന മറാത്തയിലെ ചിത്പാവന്‍ ബ്രാഹ്മണ ബുദ്ധിജീവികള്‍, ജനങ്ങളുടെ കൊളോണിയല്‍ വിരുദ്ധ വികാരങ്ങളെ എങ്ങനെ തങ്ങളുടെ സങ്കുചിത വംശീയ ദേശീയതയായി വികസിപ്പിച്ചെടുത്തു എന്നതിലാണ് ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ ആവിര്‍ഭാവത്തേയും ഗതിവിഗതികളേയും ഈ പുസ്തകം രേഖപ്പെടുത്താന്‍ ശ്രമിക്കുന്നത്. ചിത് പാവന്‍ ബ്രാഹ്മണ ബുദ്ധിജീവികളായ മഹാദേവ് ഗോവിന്ദ റാനഡേ, വാസുദേവ് ബാല്‍വന്ത് ഫാഡ്‌കേ, ബാലഗംഗാധര തിലകന്‍ , വിനായക് ദാമോദര്‍ സവര്‍ക്കര്‍, നാഥുറാം ഗോഡ്‌സേ തുടങ്ങി നിരവധി പേരുടെ ചിന്തകളിലൂടെയും പ്രവര്‍ത്തനങ്ങളിലൂടെയും പുസ്തകം കടന്നു പോകുന്നു. കേശവ് ബലിറാം ഹെഡ്‌ഗേവാര്‍ , മാധവ് സദാശിവ ഗോള്‍വാള്‍ക്കര്‍ മുതലായ ആര്‍ എസ് എസിന്റെ ബ്രാഹ്മണരായ സര്‍സംഘചാലക്മാരും ഹിന്ദു മഹാസഭ മുതല്‍ ആര്‍ എസ് എസ് വരെയുള്ള വിവിധ ഹിന്ദുത്വസംഘടനകളും വിശദമായി പഠിക്കപ്പെടുന്നു. നവ യാഥാസ്ഥിതിക ബ്രാഹ്മിണിസം എന്ന് ഗോപീകൃഷ്ണന്‍ വിളിക്കുന്ന ഒരു പ്രത്യയ ശാസ്ത്ര ധാരയുടെ രാഷ്ട്രീയ കര്‍മ്മ പദ്ധതിയായി ഹിന്ദുത്വ രാഷ്ട്രീയം ഇതില്‍ അപഗ്രഥിക്കപ്പെടുന്നു.
പി എന്‍ ഗോപീകൃഷ്ണന്‍
ഈ പുസ്തകം സൈദ്ധാന്തികമായി ഏറ്റവുമധികം engage ചെയ്യുന്നത് സവര്‍ക്കറുമായിട്ടാണ്. ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ അടിസ്ഥാനശിലകളായി മാറിയ സവര്‍ക്കറുടെ ചിന്താപദ്ധതികളെ വിശദമായി ചര്‍ച്ച ചെയ്യാന്‍ നിരവധി അദ്ധ്യായങ്ങള്‍ മാറ്റി വെച്ചിരിക്കുന്നു. ഒപ്പം വീര്‍ എന്ന് പ്രകീര്‍ത്തിക്കപ്പെട്ട് ഒരു മിത്താക്കി മാറ്റിയ ഒരു കുടില ഭീരു മാനസത്തിന്റെ അപനിര്‍മ്മാണവും നടക്കുന്നു. ഗോഡ്‌സേയും സമാനമായ കണിശതയോടെ പരിശോധിക്കപ്പെടുന്നു. മറുവശത്ത് ഹിന്ദുത്വ രാഷ്ട്രീയത്തിനെതിരെ സ്വയം ഒരു കോട്ടയായി നിലകൊണ്ട ഗാന്ധി ഈ പുസ്തകത്തില്‍ തെളിമയോടെ ഉയര്‍ന്നു വരുന്നു. സ്വന്തം ജീവന്‍ ബലിയായി നല്‍കി ഒരു രാഷ്ട്രത്തിന്റെ ജീവന്‍ രക്ഷിച്ച ഗാന്ധിയുടെ അന്ത്യ നാളുകള്‍ വളരെ ഹൃദയസ്പര്‍ക്കായി വിവരിച്ചിരിക്കുന്നു.
ദേശീയതയെ ‘ ഭാവനാത്മക സമൂഹം’ (Imagined community) എന്നാണ് ബെനഡിക്ട് ആന്‍ഡേര്‍സണ്‍ വിളിച്ചത്. ദേശീയത എന്ന വാക്ക് ഉച്ചരിക്കുമ്പോള്‍ ആരുടെ ഭാവന എന്ന ചോദ്യവും ഉയരുന്നുണ്ട്. ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ സങ്കുചിത ഭാവനയില്‍ ദേശ നിഷ്‌ക്കാസിതരായി, ദേശവിരുദ്ധരും, ദേശഭ്രഷ്ടരുമാവുന്ന മനുഷ്യരെ കുറിച്ചുള്ള ആധികള്‍ പെരുകുകയാണ്. ആധുനികവും ജനാധിപത്യപരവും മൈത്രീ പൂര്‍ണ്ണവുമായ സൗമ്യ ദേശ ഭാവനകളിലേക്ക് ഉണരാന്‍ ഇത്തരം പുസ്തകങ്ങള്‍ നമ്മെ പ്രാപ്തരാക്കട്ടെ!
ഈ പുസ്തകം വായിച്ച് അവസാനിപ്പിക്കുമ്പോള്‍ ഉണ്ടായ ഒരു ആശങ്ക കൂടി പങ്കു വെക്കട്ടെ. ഗാന്ധിവധത്തോടു കൂടി ഈ പുസ്തകം അവസാനിക്കുകയാണ്. ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ കഥ അവസാനിച്ചിട്ടില്ല എന്ന് നമുക്ക് അറിയാം. കൂടുതല്‍ കാര്യഗൗരവത്തോടെ, വെറും കഥയല്ലാതെ, അത് തുടരുകയാണ്. ഈ പുസ്തകം അവിടേക്ക് എത്തിയിട്ടില്ല. എല്ലായിടത്തേക്കുമായി എത്താന്‍ ഒരു പുസ്തകത്തോടും നമുക്ക് ആവശ്യപ്പെടാന്‍ കഴിയില്ല. ഒരു പക്ഷേ ഈ പുസ്തകത്തിന് ഒരു sequel , അല്ലെങ്കില്‍ മറ്റ് നിരവധി പുസ്തകങ്ങള്‍ എഴുതപ്പെടും എന്ന് പ്രത്യാശിക്കാം.
പിന്നെ മറ്റൊന്ന് ചിത്പാവന്‍ ബ്രാഹ്മണരില്‍ ഊന്നി ഹിന്ദുത്വ രാഷ്ട്രീയത്തെ കുറിച്ച് എഴുതുമ്പോള്‍ ഒഴിഞ്ഞു പോയ ചിലതിനെ കുറിച്ചാണ്. മാര്‍വാടി കച്ചവട സമൂഹവും ഹിന്ദുത്വ രാഷ്ട്രീയവും തമ്മിലുള്ള ബന്ധം ഏറെ ശ്രദ്ധിക്കപ്പെട്ട ഒന്നാണ്. അക്ഷയ് മുകുള്‍ എഴുതിയ Gita Press and the Making of Hindu India എന്ന ഏറെ പ്രശസ്തമായ ഗ്രന്ഥത്തില്‍ ഇതു സംബന്ധമായ വിശദമായ വിവരണങ്ങള്‍ ലഭ്യമാണ്. ഇത് സൂചിപ്പിക്കാനുള്ള ഒരു പ്രധാന കാരണം പലപ്പോഴും നമ്മള്‍ ഹിന്ദുത്വ രാഷ്ട്രീയത്തെ കുറിച്ച് എഴുതുമ്പോള്‍ , അതിന്റെ സാംസ്‌ക്കാരികവും മതപരവുമായ ധാരകളെ കുറിച്ച് മാത്രം ശ്രദ്ധിക്കുകയും അതിനെ താങ്ങി നിര്‍ത്തുന്ന സാമ്പത്തിക താല്‍പര്യങ്ങളെ വിസ്മരിക്കുകയും ചെയ്യുന്നു എന്നതാണ്. ഇന്നത്തെ ഇന്ത്യന്‍ ഭരണകൂടത്തെ വിലയിരുത്തുമ്പോള്‍ അതിന്റെ വര്‍ഗ്ഗീയ ഫാഷിസ്റ്റ് താല്‍പര്യങ്ങള്‍ മാത്രമല്ല, അതിന്റെ തീവ്രമായ സാമ്പത്തിക താല്‍പര്യങ്ങളേയും നമ്മള്‍ പഠിക്കേണ്ടി വരും.
കേരളത്തിലെ ആര്‍ എസ് എസ് കടന്നു വരവിനെ ഓര്‍ക്കുമ്പോള്‍ നമ്മള്‍ മാംഗ്ലൂര്‍ ഗണേശ് ബീഡിയെയും മറന്നു പോകരുത്!
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in