ഗാന്ധിയുടെ ഹരിത ദര്‍ശനം

ഗാന്ധി ആരെന്ന് ചോദിച്ചാല്‍ പുതിയ തലമുറ എന്തുപറയും?

സ്വാതന്ത്ര്യം നേടി തന്നയാള്‍ – മഹാത്മാവ് – രാഷ്ട്രപിതാവ് എന്ന രീതിയൊക്കെ ആയിരിക്കും മറുപടി. ഇതില്‍ ഏതാണ് ശരി? എല്ലാം ശരിയാണ്, എന്നാല്‍ എല്ലാം തെറ്റുമാണ്!

സ്വാതന്ത്ര്യം :

ആ കാലത്ത് സ്വാതന്ത്ര്യ സമരത്തില്‍ പല ധാരങ്ങള്‍ ഉണ്ടായിരുന്നു. സുഭാഷ് ചന്ദ്രബോസിന്റെ , ഭഗത് സിംഗിന്റെ, കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍, അംബേദ്കര്‍ ടീം, കോണ്‍ഗ്രസ് ഇങ്ങനെ ധാരാളം മൂവ്‌മെന്റുകള്‍ ഉണ്ടായിരുന്നു. ഗാന്ധി മാത്രം ശ്രമിച്ചിട്ടല്ല ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടിയത്. പ്രധാനപ്പെട്ട ധാരയായി വന്നത് ഗാന്ധിയുടെ മുന്‍കൈ എന്നുള്ളതാണ് ശരി.

മഹാത്മാവ് :

മഹാത്മാവ് എന്ന് ആദ്യമായി വിളിക്കുന്നത് ടാഗോര്‍ ആണ്. ഒരു മഹാത്മാവായി ജീവിച്ചു പോകാന്‍ വല്ലാത്ത പെടാ പാടാണെന്ന് ഗാന്ധി പറയുന്നുണ്ട്. അതൊരു മഹത്തായ പദവിയായി ഗാന്ധി സ്വീകരിച്ചിട്ടില്ല.അത് ഉത്തരവാദിത്വം കൂട്ടുന്നു എന്ന അര്‍ത്ഥത്തിലാണ് നോക്കിക്കാണുന്നത്.

രാഷ്ട്രപിതാവ് :

ഗാന്ധിയെ രാഷ്ട്രപിതാവ് എന്ന് ആദ്യമായിട്ട് സംബോധന ചെയ്യുന്നത് സുഭാഷ് ചന്ദ്രബോസ് ആണ്. ഗാന്ധി ഒരു കേന്ദ്രീകൃത രാഷ്ട്രത്തിന്റെ,ഒരു വെസ്റ്റ് മിനിസ്റ്റര്‍ മോഡല്‍ രാഷ്ട്രത്തിന്റെ ആളല്ലായിരുന്നു. അധികാര വികേന്ദ്രീകരണത്തില്‍ ഊന്നിയ ഗ്രാമീണ ഭാരതത്തിന്റെ കാഴ്ചപ്പാടായിരുന്നു ഗാന്ധിക്ക്. കേന്ദ്രീകൃതമായ സ്റ്റേറ്റ് സങ്കല്‍പ്പവും അതിന്റെ രാഷ്ട്രപിതാവും ആണെന്ന് ഗാന്ധി അംഗീകരിച്ചിരുന്നില്ല.

‘ഒരു ദിവസത്തെ സത്യസന്ധമായ അധ്വാനത്തിന് ഒരു വക്കീലിനും ഡോക്ടര്‍ക്കും തൂപ്പുകാര്‍ക്കും ഒരേ പ്രതിഫലം കിട്ടുന്ന സ്വാതന്ത്ര്യമാണ് ഞാന്‍ സ്വപ്നം കാണുന്നത് ‘ എന്ന് ഗാന്ധി പറയുന്നുണ്ട്. ആ സ്വാതന്ത്ര്യം ആയിട്ടില്ലല്ലോ…. അങ്ങനെ നാട്ടില്‍ സംഭവിച്ചിട്ടില്ല.

സ്വാതന്ത്ര്യം എന്ന ഗാന്ധിയുടെ സ്വപ്നം പൂവണിഞ്ഞിട്ടില്ല. ‘ഒരു സ്ത്രീക്ക് തനിച്ച് നിര്‍ഭയയായി രാത്രിയില്‍ വഴിയിലൂടെ നടന്ന് വീട്ടില്‍ പോകാനുള്ള സ്വാതന്ത്ര്യം’കൂടി ഗാന്ധി പറയുന്നുണ്ട്. സ്വാതന്ത്ര്യത്തിന്റെ ഭാഗമാണ് അതും. ഇത് കൂടിയുണ്ടെങ്കിലേ ഇന്ത്യ സ്വതന്ത്ര രാജ്യം ആവുകയുള്ളൂ എന്ന് ഗാന്ധി പറയുന്നു.

എന്റെ ചെറുപ്പ കാലത്ത് ഗാന്ധി ജയന്തി സ്‌കൂളിലൊക്കെ ആഘോഷമാണ്. സേവനവാരമാണ് പഠിപ്പിക്കല്‍ ഇല്ല. പുല്ലു വെട്ടല്‍, സംഭാരം കുടിക്കല്‍, ചപ്പു ചവറുകള്‍ തീയിടല്‍, കുറ്റിക്കാട് വെട്ടി തെളിക്കല്‍ എന്ന കലാപരിപാടികളാണ്. തൃശ്ശൂരിലെ മൃഗശാല സൗജന്യമായി പ്രവേശനം അനുവദിക്കും. എല്ലാവര്‍ഷവും അവിടെ പോയി കണ്ടത് തന്നെ കാണും .

അന്ന് ഗാന്ധിയുടെ ഹരിത ദര്‍ശനത്തെ പറ്റി ഒരു അധ്യാപകനും പറഞ്ഞു തന്നിട്ടില്ല. ഇപ്പോള്‍ സേവനവാരം പോയി സേവന ദിനമായി. അത് വെറും ചടങ്ങായി മാറി.

ഗാന്ധിജിയെ പാഠ പുസ്തകങ്ങളില്‍ നിന്നും മാറ്റിനിര്‍ത്തുന്ന ഇക്കാലത്ത്,ഗാന്ധിയെ വധിച്ചത് ന്യായീകരിക്കുന്ന കാലത്ത് ഗാന്ധിയെ കൂടുതല്‍ അറിയാന്‍ നാം ശ്രമിക്കണം.

കാലാവസ്ഥ വ്യതിയാനം ആഗോളതാപനം ദുരിതങ്ങള്‍ നമുക്ക് സമീപസ്ഥമാണിപ്പോള്‍. അതിന്റെ മൂല കാരണം കണ്ടെത്തുകയും അതിനു പരിഹാരമായി ഗാന്ധിയുടെ ഹരിത ദര്‍ശനത്തില്‍ നിന്ന് എന്താണ് പഠിക്കാന്‍ ഉള്ളത് എന്ന് അന്വേഷിക്കുകയും ജീവിതത്തില്‍ പകര്‍ത്തുകയും ചെയ്യാന്‍ കാലം നമ്മോട് ആവശ്യപ്പെടുന്നു.

ഗാന്ധിയെ ഇന്ത്യക്കാരെക്കാള്‍ കൂടുതല്‍ മനസ്സിലാക്കിയിരിക്കുന്നത് വിദേശികളാണ്. ഗാന്ധിയന്‍ ഹരിത ദര്‍ശനം നാം കേള്‍ക്കല്‍ കുറവാണ്.

ഗാന്ധിയുടെ ഈ കാഴ്ചപ്പാടാണ് ഇന്നത്തെ ലോകത്ത് പ്രസക്തം. ലോകം ഗാന്ധിയിലേക്ക് നോക്കുന്നത് ഇത്തരം ആശയങ്ങളും പരീക്ഷണങ്ങളും ജീവിതവും കൊണ്ട് കൂടിയാണ്.

ദി ക്രിട്ടിക് ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യുക

ജര്‍മന്‍ ഗ്രീന്‍ പാര്‍ട്ടി നേതാവ് പെട്രാ കെല്ലി ‘ഗാന്ധിയും ഗ്രീന്‍ പാര്‍ട്ടിയും’ എന്നൊരു ലേഖനം1989-ലെഴുതിയിട്ടുണ്ട്. പ്രകൃതിപക്ഷ നിലപാടുകള്‍ അതില്‍ അവതരിപ്പിക്കുന്നു. ഗാന്ധിയുടെ ‘ഹിന്ദ് സ്വരാജ്- ഒരു ഗ്രീന്‍ മാനിഫെസ്റ്റോ ‘ എന്ന ലേഖനം 1992-ല്‍ ബില്‍ കോള്‍യര്‍ എഴുതിയിട്ടുണ്ട്. ഗാന്ധി ഒരു ഹരിതമാനസന്‍ കൂടിയായിരുന്നു എന്ന് നമ്മോട് ആരും പറയാറില്ല!

ഗാന്ധിയെ അറിയാന്‍ ശ്രമിക്കുമ്പോള്‍ ഏറ്റവും എളുപ്പം ഗാന്ധിയുടെ പ്രപഞ്ച ദര്‍ശനം മനസ്സിലാക്കലാണ്.

ഭാരതത്തിലെ ഋഷിമാര്‍ എഴുതിയ ഉപനിഷത്തുകളില്‍ പ്രധാനമായ ഈശാവാസ്യ ഉപനിഷത്താണ് ഗാന്ധിയെ സ്വാധീനിച്ച ദര്‍ശനം. അതില്‍ പ്രപഞ്ചത്തിലും ഭൂമിയിലും ഉള്ള എല്ലാറ്റിലും വിളങ്ങുന്ന ചൈതന്യത്തെയാണ് ഗാന്ധി സാംശീകരിക്കാന്‍ ശ്രമിക്കുന്നത്. എല്ലാ ജീവജാതികളിലും കുടികൊള്ളുന്ന ഈ ചൈതന്യമാണ് ഗാന്ധിജിയുടെ ഈശ്വരീയത. വിശ്വം മുഴുവന്‍ നിറഞ്ഞുനില്‍ക്കുന്ന ഈ ചൈതന്യത്തെ ജീവിത വീക്ഷണമായി സ്വീകരിക്കുന്ന ഒരു വ്യക്തിക്ക് പ്രകൃതി പരിപാലനം സ്വന്തം ധര്‍മ്മമാണ്. ജീവിതമാണ്.നില നില്‍പ്പിനുള്ളതാണ്.

‘ഈശാവാസ്യം മിഥം സര്‍വ്വം ‘എന്നാണ് ഉപനിഷത്തിന്റെ തുടക്കം തന്നെ പറയുന്ന മന്ത്രം.

ഈ കാഴ്ചപ്പാടില്‍ ഗാന്ധിയെ കാണാന്‍ ശ്രമിക്കുന്നില്ലെങ്കില്‍ സമഗ്രമായി ഗാന്ധിയെ കാണാന്‍ ആവില്ല. ഗാന്ധിയന്‍ പ്രപഞ്ച വീക്ഷണം അറിഞ്ഞു ഇനി ഗാന്ധിയന്‍ ഹരിത ദര്‍ശനത്തിലേക്ക് വരാം.

ലോകം ഇന്ന് കാര്‍ബണ്‍ ഫൂട്ട് പ്രിന്റ് (ഉപയോഗത്തിന്റെ അളവ് )അളക്കുന്ന കാലമാണ്. സൂക്ഷിച്ചു വിഭവങ്ങള്‍ ഉപയോഗിക്കാതെ ഒരു വര്‍ഷം അനുവദനീയ മായതിലും അധികം അളവ് മനുഷ്യരാശി ഉപയോഗിച്ചു കഴിഞ്ഞു. അതിന്റെ ഫലമായി ഇതുവരെ ഉണ്ടായ മാലിന്യങ്ങള്‍ – പ്രത്യേകിച്ചും കാര്‍ബണ്‍ വരുത്തുന്ന ദുരന്തങ്ങളാണ് കാലാവസ്ഥ വ്യതിയാനത്തിലെ ഒരു പ്രധാന വില്ലന്‍.

??വികസിത നാടുകളിലെ ഒരു സമ്പന്നന്റെ വിഭവ ധൂര്‍ത്ത് കണക്കെടുത്താല്‍ നമ്മുടെ നാട്ടിലെ ഒരു ഗ്രാമത്തിന്റെ വിഭവത്തിനേക്കാള്‍ കൂടും. പിന്നെ എങ്ങനെയാണ് കാലാവസ്ഥ വ്യതിയാന പ്രേരകങ്ങളായ വാതകങ്ങളും മാലിന്യങ്ങളും കുറയുക? ഉപഭോഗം നിയന്ത്രിക്കപ്പെടണം.

ഒരിക്കല്‍ ഗാന്ധി പറയുന്നുണ്ട് :- ‘ഓരോ മനുഷ്യരുടെയും ആവശ്യത്തിനുള്ളത് ഭൂമിയിലുണ്ട്. എന്നാല്‍ ആരുടെയും ആര്‍ത്തി ക്ക് ഉള്ളത് ഇല്ല ‘എന്ന്. അത്യാവശ്യം ആവശ്യം അനാവശ്യം ഇവ തിരിച്ചറിഞ്ഞ്, സാമൂഹിക ബോധത്തില്‍, പ്രകൃതിയെ മാനിച്ച് ജീവിക്കാനാണ് ഗാന്ധിയന്‍ ഹരിത ദര്‍ശനം നമ്മോട് പറയുന്നത്.

ആര്‍ത്തിയെ വളര്‍ത്തുന്ന ആധിപത്യ ശക്തികളുടെ ഇക്കാലത്ത്, നിയന്ത്രിതമായ പ്രകൃതി വിഭവ ഉപയോഗം അത്യാവശ്യമാണ്. അത് നാം സ്വയം ചെയ്യേണ്ടതാണ്. അതെ, നമ്മുടെ ഉപയോഗം നിയന്ത്രിക്കുക തന്നെ വേണം.

ഒരിക്കല്‍ നാരായണഗുരു സഹോദരന്‍ അയ്യപ്പനോട് : ‘മനുഷ്യരുടെ അത്യധികമായ ആര്‍ത്തിക്കു തടയിട്ടില്ലെങ്കില്‍ അവന്‍ ഭൂമി മുഴുവന്‍ നശിപ്പിക്കും. ഇത് ആളുകളോട് പറഞ്ഞു കൊടുക്കാന്‍ പറ്റുമോ? എന്ന് ചോദിക്കുന്നുണ്ട്. ശ്രമിക്കാം സ്വാമി എന്ന് മറുപടി പറയുന്നു. ആ ഒറ്റ കാര്യം മാത്രമേ പ്രചരിപ്പിക്കാന്‍ പറഞ്ഞുള്ളൂ , ആ കാര്യം മാത്രം നമ്മള്‍ പ്രചരിപ്പിക്കുന്നില്ല !

മിനിമലിസം എന്ന് വിദേശികള്‍ പറയുന്നത് കേള്‍ക്കുന്നില്ലേ? വിവേകമുള്ള, ഭാവിയില്‍ ഉല്‍ക്കണ്ഠയുള്ള,മനുഷ്യര്‍ ചെയ്യുന്ന ജീവിത രീതിയാണത്. അത് വ്യാപകമാക്കല്‍ കാലാവസ്ഥ വ്യതിയാന ദുരന്തങ്ങളുടെ തീവ്രത കുറയ്ക്കാന്‍ സഹായിച്ചേക്കാം.

ഒരിക്കല്‍ ഒരു പത്രപ്രവര്‍ത്തകന്‍ ഗാന്ധിയോട് ചോദിക്കുന്നുണ്ട് : ‘ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിച്ചു കഴിഞ്ഞാല്‍ ഇന്ത്യ യൂറോപ്പിനെക്കാളും മികച്ചതാവും എന്നാണോ താങ്കള്‍ പ്രതീക്ഷിക്കുന്നത്’ ഗാന്ധി മറുപടി പറയുന്നത് : ‘ഇന്ത്യ യൂറോപ്പിനെ പോലെ ആകേണ്ടതില്ല അത് മോശം മാതൃകയാണ്. അതുപോലെ ഇന്ത്യന്‍ ജനത ജീവിതത്തെ ക്രമീകരിച്ചാല്‍ ഈ ഭൂമി മാത്രം മതിയാകില്ല വേറെയും ഭൂമി വേണ്ടിവരും. അതല്ല ഇന്ത്യയുടെ സംസ്‌കാരത്തിലും ഗ്രാമീണ ജീവിതത്തിലും ഉള്ള മാതൃകകളാണ് ഇന്ത്യക്കിണങ്ങുക. ‘എന്ന്.

‘വൃക്ഷാരാധന ജീവ ലോകത്തോടുള്ള ബഹുമാനമാണ്. അതിന്റെ അനന്തവും മനോഹരവുമായ രൂപഭാവങ്ങള്‍ ഒരായിരം കോടി നാവുകളാല്‍ ദൈവത്തിന്റെ മഹത്വവും മാഹാത്മ്യവും നമ്മോട് മന്ത്രിക്കുന്നു. സസ്യ ജാലങ്ങള്‍ ഇല്ലായിരുന്നുവെങ്കില്‍ നമ്മുടെ ഈ ഭൂമിക്ക് ഒരു വിനാഴിക പോലും ജീവനെ താങ്ങി നിര്‍ത്താന്‍ ആകുമായിരുന്നില്ല. വൃക്ഷങ്ങള്‍ക്ക് ദൗര്‍ലഭ്യമുള്ള ഒരു രാജ്യത്ത്,പ്രത്യേകിച്ചും വൃക്ഷാരാധന വളരെയേറെ സാമ്പത്തിക പ്രസക്തി ഉള്ളതായി തീരുന്നു’

വൃക്ഷങ്ങളുടെ പ്രാധാന്യം മനസ്സിലാക്കിയ ആളാണ് ഗാന്ധി. വൃക്ഷ നിബിഡമായ തോപ്പുകളും കാടിന്റെ പരിചരണവും ശുദ്ധവായുവിനും ഭക്ഷണത്തിനും മനുഷ്യര്‍ക്ക് മാത്രമല്ല സകല ജീവജാതികള്‍ക്കും ഉപകരിക്കും എന്നാണ് ഗാന്ധി വിലയിരുത്തുന്നത്.

ആശ്രമത്തില്‍ പൂന്തോട്ടങ്ങള്‍ വെച്ചു പിടിപ്പിക്കലും പരിപാലിക്കലും ഓരോരുത്തരുടെയും കര്‍ത്തവ്യമായിരുന്നു.

മുന്‍പ് നാം മനസ്സിലാക്കിയ പ്രപഞ്ച- പ്രകൃതി ദര്‍ശനത്തിന്റെ ഭാഗമായി ഭക്ഷണ കാര്യങ്ങളിലെ ഹിംസ ഗാന്ധി അനുകൂലിക്കുന്നില്ല. സസ്യങ്ങള്‍ക്ക് ജീവനുണ്ടെങ്കിലും നാഡീവ്യൂഹഘടന, രക്ത ധാരകള്‍ എന്നിവ കാണാറില്ല. ഇവയുള്ള ജീവജാതികളെ കൊല്ലുന്നതിന് ഗാന്ധി യോജിപ്പില്ല. മനുഷ്യര്‍ ജീവന്റെ മഹത്വം മനസ്സിലാക്കുന്നതിന് അസസ്യാഹാരം തടസ്സമാണെന്നും നിരവധി തവണ പറഞ്ഞും എഴുതിയും നമ്മോട് ഗാന്ധി സംവദിച്ചു. മനുഷ്യര്‍ മനുഷ്യരെ ദ്രോഹിക്കാതിരിക്കല്‍ മാത്രമല്ല ഗാന്ധിക്ക് അഹിംസ.ഏതു ജീവിക്കും അതിന്റെ ജീവിക്കാനുള്ള അവകാശം ഉണ്ടെന്ന് തിരിച്ചറിയാന്‍ ഗാന്ധി ആഹ്വാനം ചെയ്തു. ‘സസ്യാഹാര നിഷ്ഠയുടെ ധാര്‍മികാധിഠിസ്ഥാനം’ എന്ന പേരില്‍ ഒരു ഗ്രന്ഥവും രചിച്ചു. ഗോഹത്യയ്ക്ക് ഗാന്ധിജി എതിരായിരുന്നു. എന്നാല്‍ ഇന്നത്തെപ്പോലെ ചിലര്‍ ആ പേരില്‍ മനുഷ്യരെ കൊല്ലുന്നതിനെ ഗാന്ധി എതിര്‍ത്തിരുന്നു. പ്രകൃതിയില്‍ ജീവന്‍ എല്ലാറ്റിനും തുല്യമാണെന്ന് ഗാന്ധിക്ക് അറിയാമായിരുന്നു. ആ മഹത്വം അറിഞ്ഞ് ഹിംസയില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ ഗാന്ധി വാദിച്ചു കൊണ്ടിരുന്നു.

ഗാന്ധി സ്വാതന്ത്ര്യ സമരത്തില്‍ ഇറങ്ങിയിരുന്നുവെങ്കിലും, ഗാന്ധി മനുഷ്യപക്ഷത്ത് ആണെങ്കിലും, അതുമാത്രമല്ല ഗാന്ധിയന്‍ വിചാരങ്ങള്‍.

‘ഒരു ജനതയുടെ സംസ്‌കാരം അവിടത്തെ മനുഷ്യേതര ജീവ ജാതികളോട് എങ്ങനെ പെരുമാറുന്നു എന്നതിനനുസരിച്ച് ആയിരിക്കും’ എന്ന് ഗാന്ധി എഴുതുന്നുണ്ട്.

ഭൂമി മനുഷ്യരുടെ മാത്രം വാസ ഗൃഹം അല്ല എന്ന് ഗാന്ധിക്ക് നന്നായി അറിയാമായിരുന്നു.

ഒരിക്കല്‍ എഴുതാന്‍ ഉപയോഗിച്ചിരുന്ന കുറ്റി പെന്‍സില്‍ കാണാതായത് കണ്ടുപിടിക്കാന്‍ എത്രയോ സമയം ആശ്രമ അന്തേവാസികള്‍ അത് തപ്പി നടന്നു. കണ്ടുകിട്ടും വരെയായിരുന്നു അന്വേഷണം. വലിച്ചെറിയാന്‍ ഉള്ളത് ഇന്ത്യയ്ക്ക് ഇല്ല എന്നതായിരുന്നു ഗാന്ധിയുടെ ചിന്താഗതി. ഡേറ്റ് എഴുതിയിരുന്ന തരം പണ്ടത്തെ ചെറിയ കുട്ടി കലണ്ടര്‍ ഓരോ ദിവസവും ഏട് മാറ്റുമ്പോള്‍ ആ ചീന്തി മാറ്റുന്നതിന്റെ മറുപുറത്താണ് ഗാന്ധി പലതും എഴുതിയിരുന്നത്.

ആവശ്യവും അനാവശ്യവും തിരിച്ചറിയാന്‍ ഗാന്ധി എപ്പോഴും ശ്രമിച്ചിരുന്നു. മറ്റുള്ളവരെ പ്രേരിപ്പിച്ചിരുന്നു. അനാവശ്യമായി ഒന്നും ഉപയോഗിക്കാന്‍ തയ്യാറുമായില്ല. ഉള്ളതു പൂര്‍ണമായി ഉപയോഗിക്കുകയും ചെയ്യുന്നതാണ്, ഗാന്ധിയന്‍ ഹരിത കാഴ്ചപ്പാട്.

ആരോഗ്യ കാര്യങ്ങളില്‍ ശ്രദ്ധാലുവായിരുന്നു ഗാന്ധി. പോഷകാഹാര വിദഗ്ധരുമായി ആലോചിച്ച് ഭക്ഷണക്രമം ചിട്ടപ്പെടുത്താന്‍ ശ്രമിച്ചിരുന്നു.അതിന്റെ ഭാഗമായി പ്രകൃതിചികിത്സ പഠിക്കുകയും പരീക്ഷിക്കുകയും 3 ഗ്രന്ഥങള്‍ ഈ വിഷയത്തില്‍ രചിക്കുകയും ചെയ്തിട്ടുണ്ട്. ശരിയായ പോഷണം ലഭിക്കുകയാണെങ്കില്‍ ശരീരത്തിന്റെ കേടുപാടുകള്‍ ശരീരം തന്നെ ചികിത്സിക്കും എന്ന കാഴ്ചപ്പാടാണ് ഗാന്ധിക്ക്. രാസ മരുന്നുകളെ ഗാന്ധി പിന്തുണച്ചിരുന്നില്ല. പൂനക്കടുത്ത് ഉരുളി കാഞ്ചനില്‍ പ്രകൃതി ചികിത്സ കേന്ദ്രം തുടങ്ങാനും അതിന്റെ അധ്യക്ഷനായി ഇരിക്കാനും ഗാന്ധി തയ്യാറായി. ഭാരവാഹിത്വങ്ങള്‍ എല്ലാം ഒഴിവാക്കിയിരുന്ന ഗാന്ധി ഇവിടെ മാത്രമേ ഇഷ്ടത്തോടെ ഭാരവാഹി ആയിട്ടുള്ളൂ…

ഇന്ത്യ സ്വതന്ത്രമാകുമ്പോള്‍ എല്ലാ ഗ്രാമങ്ങളിലും പ്രകൃതി ചികിത്സാലയങ്ങള്‍ ഉണ്ടാകണമെന്ന് ഗാന്ധി ആശിച്ചിരുന്നു. തന്റെ പതിനെട്ട് ഇന പരിപാടികളില്‍ ഒന്നായി ഗ്രാമീണവും ചിലവ് കുറഞ്ഞതുമായ ആരോഗ്യ സംവിധാനങ്ങള്‍ക്ക് രൂപം നല്‍കണമെന്ന് ഗാന്ധി കുറിച്ചിട്ടുണ്ട്.

ഗാന്ധിയെ ഏറ്റവും സ്വാധീനിച്ച വ്യക്തികളില്‍ അഡോള്‍ഫ് ജസ്റ്റ് എന്ന ജര്‍മ്മന്‍ പ്രകൃതി ചികിത്സകനും ഉണ്ട്. ഇദ്ദേഹത്തിന്റെ ‘റിട്ടേണ്‍ ഓഫ് ദി നേച്ചര്‍’ (പ്രകൃതിയിലേക്ക് മടങ്ങുക )എന്ന ഗ്രന്ഥം ഗാന്ധി വായിക്കുന്നത് വിദേശത്ത് വെച്ചാണ്. ഒറ്റയിരിപ്പിന് മുഴുവന്‍ വായിച്ചുതീര്‍ത്തു എന്നും,അന്ന് രാത്രി ഉറങ്ങാനായില്ല എന്നും ഗാന്ധി കുറിക്കുന്നുണ്ട്. അതില്‍ പരാമര്‍ശിക്കുന്ന ആശയങ്ങളാണ് ഗാന്ധിക്ക് തന്റെ ഹരിത ദര്‍ശനത്തിന്റെ പ്രചോദനം ആകുന്ന മറ്റൊരു ഘടകം. ‘ഒരു ആദര്‍ശാന്മക സമൂഹത്തില്‍ സൂര്യനായിരിക്കും യഥാര്‍ത്ഥ പാചകക്കാരന്‍’ എന്നാണ് ഗാന്ധിജിയുടെ പ്രസ്താവന!

സബര്‍മതിയുടെ തീരത്താണ് ആശ്രമം നദിയില്‍ നിന്ന് പാത്രത്തില്‍ വെള്ളം ശേഖരിച്ചാണ് അന്തേവാസികള്‍ ഉപയോഗിച്ചിരുന്നത്. ഇത്രയും സമൃദ്ധിയായി ജലം സമീപത്ത് ഉണ്ടെങ്കിലും ഒരു തുള്ളി വെള്ളവും ഗാന്ധിയോ അന്തേവാസികളോ ധൂര്‍ത്തടിച്ചിരുന്നില്ല. ഒരിക്കല്‍ സബര്‍മതിയില്‍ വരള്‍ച്ച വന്ന് വെള്ളം വറ്റിയപ്പോള്‍ സമീപപ്രദേശങ്ങളില്‍ വൃക്ഷങ്ങള്‍ വ്യാപകമായി നടാന്‍ പ്രേരിപ്പിച്ചു കൊണ്ടിരുന്നു.

സ്വാതന്ത്ര്യ സമരത്തിന്റെ തിരക്കില്ലാത്ത ജീവിതമായിരുന്നു വെങ്കില്‍ ഗാന്ധി ഒരു ഹരിത സന്യാസിയായേനെ എന്ന് തോന്നും വിധമാണ് ഗാന്ധിയുടെ ജീവിതം – ദര്‍ശനം.

മനുഷ്യരുടെ അത്യാവശ്യം അനാവശ്യം ഇവ ഇത്രയും ശ്രദ്ധയോടെ ജീവിതത്തില്‍ പകര്‍ത്തുകയും മറ്റുള്ളവരെ അതിലേക്കു ആകര്‍ഷിക്കുകയും ചെയ്യുന്ന ഒരു ‘കാന്തികത’ ഗാന്ധിയില്‍ കാണാം. പ്രകൃതി സൗഹൃദമായി ലളിതമായി ജീവിക്കാന്‍ വിഭവങ്ങള്‍ ഉപയോഗിക്കാന്‍, അന്തേവാസികള്‍ക്ക് ജാഗ്രത വേണമെന്ന് നിഷ്‌കര്‍ഷിച്ചു. മാത്രമല്ല സ്വയം മാതൃകയുമായി.

ഒരിക്കല്‍ ലാറി ബേക്കര്‍ ഗാന്ധിയെ സന്ദര്‍ശിച്ചു. ബേക്കറുടെ ചെരുപ്പ് ഗാന്ധിയുടെ ശ്രദ്ധയില്‍പ്പെട്ടു. ഗാന്ധിയത് എടുത്ത് ഉയര്‍ത്തിപ്പിടിച്ച് അന്തേവാസികളുടെ അടുത്തേക്ക് നടന്നടുത്ത് ‘നോക്കൂ ഈ തുകല്‍ അല്ലാതെ മറ്റൊരു വസ്തു പാദരക്ഷയ്ക്ക് അന്വേഷിക്കുകയായിരുന്നു ഞാന്‍.ഈ ചെരുപ്പ് തുണി കൊണ്ടുള്ളത് ‘ എന്ന് ഉയര്‍ത്തിക്കാട്ടിക്കൊണ്ട് എല്ലാവര്‍ക്കും കാട്ടിക്കൊടുത്തു. എന്തൊരു ആഹ്ലാദമായിരുന്നു ഈ ബദല്‍ സാധ്യതയില്‍ ഗാന്ധിക്കുണ്ടായത് എന്ന് ലാറിബേക്കര്‍ ഓര്‍ക്കുന്നുണ്ട്.

പ്രകൃതിയെ നശിപ്പിക്കാതെയുള്ള സൗഹൃദ ഉല്‍പ്പന്നങ്ങള്‍ക്ക് ഗാന്ധി എന്നും പിന്തുണയായിരുന്നു. ചര്‍ക്ക തന്നെ അത്തരം ഒരു സംവിധാനം ആണല്ലോ…..

ദി ക്രിട്ടിക് യു ട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ശരീരത്തിന്റെ കാമനകളെ തൃപ്തിപ്പെടുത്തി കൊണ്ടിരുന്നാല്‍ അത് ആസക്തിയില്‍ അമരുമെന്ന് ഗാന്ധി മനസ്സിലാക്കിയിരുന്നു. ആവശ്യത്തിന് ഭക്ഷണവും അതു പോലെ ഉപവാസവും ഗാന്ധി നിരന്തരം നടത്തി. ശരീര കേന്ദ്രീകൃതമല്ലാത്ത ആത്മീയ ഊര്‍ജ്ജം സംഭരിക്കാന്‍ ഉപവാസങ്ങള്‍ പരീക്ഷിക്കുകയും നിര്‍ദ്ദേശിക്കുകയും നിരന്തരം ചെയ്തുകൊണ്ടിരിക്കുകയും ചെയ്തു. ഇപ്പോള്‍ പ്രചാരത്തിലുള്ള ‘ഇന്റര്‍മിറ്റന്റ് ഫാസ്റ്റിംഗ് ‘ എന്ന ഭക്ഷണ രീതിയാണ് ഗാന്ധിക്ക്. അസ്തമയത്തിനുശേഷം കഴിയുന്നതും ഭക്ഷണം കഴിക്കാറില്ല. സമരായുധം മാത്രമല്ല ഗാന്ധിക്ക് ഉപവാസം എന്ന് സാരം.

മനുഷ്യര്‍ ആസക്തിക്ക് അടിമയാകരുതെന്നാണ് ഗാന്ധിയന്‍ ചിന്തകള്‍. പട്ടിണിയും ഉപവാസവും തമ്മിലുള്ള വ്യത്യാസം ഗാന്ധി നല്ലപോലെ പഠനം നടത്തിയിട്ടുണ്ട് എന്ന് കാണാം.

ഗാന്ധി ഒരു സാമ്പത്തിക ശാസ്ത്രജ്ഞനായല്ല അറിയപ്പെടുന്നത്. എങ്കിലും സമ്പദ് ശാസ്ത്രം അഥവാ സമ്പദ് വ്യവസ്ഥ എങ്ങിനെ ആയിരിക്കണം വേണ്ടതെന്ന് പറയുന്നുണ്ട്. പ്രകൃതിക്ക് കോട്ടം തട്ടാതെ പ്രകൃതിയില്‍ നിന്ന് എടുത്തും, അതുപോലെ പ്രകൃതിയിലേക്ക് കൊടുത്തും ഉല്‍പാദന പ്രവര്‍ത്തനങ്ങള്‍ നടത്തണമെന്നും ഗാന്ധി ഹരിത സമ്പദ് വ്യവസ്ഥയെപ്പറ്റി എഴുതി. പ്രകൃതിയില്‍ നിന്നുള്ള അമിത ചൂഷണവും കൂടിയ വിധം ഉപയോഗവും ഹിംസയാണ് എന്നാണ് ഗാന്ധിയന്‍ ഹരിത ദര്‍ശനം പഠിപ്പിക്കുന്നത്.

ഭൂമിയിലെ വിഭവങ്ങള്‍ വരും തലമുറയ്ക്ക് കൂടി അവകാശപ്പെട്ടതാണെന്ന് ഗാന്ധി പല സന്ദര്‍ഭങ്ങളിലും പറയുന്നുണ്ട്.

‘മനുഷ്യരുടെ ആഗ്രഹങ്ങള്‍ അളവറ്റതാണ് ആഗ്രഹങ്ങളെ ലഘൂകരിക്കുകയും പ്രകൃതി വിഭവങ്ങളെ പരിമിതമായി മാത്രം ഉപയോഗിക്കുകയും വരും തലമുറയ്ക്ക് വേണ്ടി മാറ്റിവയ്ക്കുകയും ചെയ്യുന്നത് സംസ്‌കാരത്തിന്റെ ലക്ഷണമാണ് ‘ എന്ന് ഹരിത സമ്പദ് വ്യവസ്ഥ എന്ന ചര്‍ച്ചയില്‍ ഗാന്ധി പറയുന്നുണ്ട്.

‘സര്‍വ്വ ചരാചരങ്ങളിലും ഈശ്വര ചൈതന്യം കുടികൊള്ളുന്നു. അതുകൊണ്ടുതന്നെ അവയുടെ ഉന്നതിക്കും നിലനില്‍പ്പിനും വേണ്ടി ചെയ്യുന്ന എല്ലാ പ്രവര്‍ത്തനവും ഈശ്വരാധനയാണ്’ എന്നതാണ് ഗാന്ധിയന്‍ ദര്‍ശനം.

ഗാന്ധിയന്‍ പ്രപഞ്ച ദര്‍ശനത്തില്‍ നിന്ന് വ്യത്യസ്തമല്ല ഗാന്ധിയന്‍ ഹരിത ദര്‍ശനം. അതുപോലെ ഗാന്ധിയന്‍ ഹരിത ദര്‍ശനത്തില്‍ നിന്ന് വ്യത്യസ്തമല്ല ഗാന്ധിയന്‍ പ്രപഞ്ച ദര്‍ശനം. എന്നത് ഇനിയും കൂടുതല്‍ മനസ്സിലാക്കപ്പെടേണ്ടതുണ്ട്. ഗാന്ധിയുടെ ഹരിത ദര്‍ശനത്തില്‍ നിന്ന് പാഠങ്ങള്‍ ഉള്‍ക്കൊണ്ട് നമ്മുടെ ജീവിതത്തെ ഹരിതാഭമാക്കാന്‍, സര്‍ഗാത്മകമാക്കാന്‍ ഏവര്‍ക്കും അവസരം ഉണ്ടാകട്ടെ ആശംസകള്‍….

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Ecology | Tags: , | Comments: 1 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Feedback

One thought on “ഗാന്ധിയുടെ ഹരിത ദര്‍ശനം

  1. ഗാന്ധിയൻ ആദർശങ്ങൾക്കും ദർശനങ്ങൾക്കും പ്രസക്തി നഷ്ടപ്പെടാതിരിക്കാൻ ഈ കുറിപ്പ് നമ്മെ ഓർമ്മപെടുത്തുന്നു.

Leave a Reply