
മുത്തങ്ങ സമര നായകന് പോലീസുകാരനോ…?
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പതിമൂന്നാം വര്‍ഷത്തേക്ക് കടന്നിരിക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2025 - 26 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in
ഭരണകൂടവും അതിന്റെ മര്‍ദ്ദനോപകരണമായ പോലീസും ആദിവാസി സമൂഹത്തോട് ചെയ്ത കൊടുംക്രൂരത പുതുതലമുറ അറിയേണ്ടതുണ്ട്.. ഗുജറാത്തില്‍ സംഘപരിവാര്‍ ഭരണകൂടം നടത്തിയ വംശഹത്യ എമ്പുരാനിലൂടെ പുതുതലമുറ അറിഞ്ഞ കൂട്ട് മുത്തങ്ങ സമരത്തിന്റെ ഭാഗമായി അവിടെ പോലീസ് നടത്തിയ നരനായാട്ട് ‘നരിവേട്ട’യിലൂടെ പുതുതലമുറ അറിയട്ടെ…
തമിഴില്‍ വെട്രിമാരന്, പാ രഞ്ചിത്ത്, മാരി സെല്‍വരാജ് തുടങ്ങിയ സംവിധായകര്‍ സ്റ്റേറ്റ് ന്റെ അടിച്ചമര്‍ത്തലും അതിനെതിരെയുള്ള പ്രതിരോധവും പ്രമേയമാക്കി സിനിമകള്‍ ചെയ്യും കൂട്ട് മലയാളത്തിലും ട്രൂ ഇവന്റ് നെ ബേസ് ചെയ്ത് (മുന്നേ കമല്‍ കെ. എം സംവിധാനം ചെയ്ത ‘പട’ എന്ന മലയാളം സിനിമ അത്തരത്തില്‍ ഉള്ള ഒന്നാണ്) വന്ന ഒരു ഫിക്ഷന്‍ പൊളിറ്റിക്കല്‍ ത്രില്ലര്‍ എന്ന രീതിയില്‍ നരിവേട്ടയെ സ്വാഗതം ചെയ്യുമ്പോഴും ചില വിയോജിപ്പുകള്‍ പറയാതെ വയ്യ..
നല്ല പോലീസുകാരായാല്‍ എല്ലാം ശരിയാവുമെന്ന് പറയുന്ന പതിവ് ക്ലിഷേ ഈ സിനിമയിലും കാട്ടുന്നുണ്ട്.. അതുകൊണ്ട് തന്നെ ഈ ജനവിരുദ്ധ മര്‍ദ്ദക രൂപമായ പോലീസിങ് ജനാധിപത്യ സമൂഹത്തോട് ചെയ്യുന്ന അത്യന്തം അപകടകരമായ ഭീകരതയെ തുറന്നു കാട്ടുന്നതില്‍ സിനിമ പിന്നോക്കം വലിയുന്നുണ്ട്… ഭരണകൂടം എങ്ങനൊക്കയാണ് പൗരന്മാരുടെ മൗലിക അവകാശങ്ങള്‍ കവര്‍ന്നെടുക്കുന്നതെന്നും, അതിനെതിരെ ഉയരുന്ന പ്രതിഷേധങ്ങളെ അടിച്ചമര്‍ത്തുന്നതെന്നും സിനിമയില്‍ ഇടയ്ക്കിടെ ഓര്‍മ്മിപ്പിക്കുന്ന രംഗങ്ങള്‍ക്കൊപ്പം തന്നെ ഒരു നല്ല പോലീസുകാരന് ഉണ്ടായാല്‍ സിസ്റ്റം ക്ലിയര്‍ ആവുമെന്ന അത്യന്തം അപകടകരമായ ഒരു നരേറ്റിവ് കൂടെ സിനിമ പറഞ്ഞുവെക്കുന്നുണ്ട്..
ദി ക്രിട്ടിക് ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യുക
കുറച്ചു പോലീസുകാരുടെയും മുകളില്‍ നിന്ന് ഓര്‍ഡര്‍ ഇടുന്ന രാഷ്ട്രീയകാര് അവരുടെ രാഷ്ട്രീയനിലനില്പ്പിനും നേട്ടത്തിനും വേണ്ടി ചെയ്യുന്ന കാര്യമായി മാത്രം ഭരണകൂട ഭീകരതയെ ചുരുക്കിയതും കല്ല് കടിയായി തോന്നി.. ഉപരിവപ്ലമായ രാഷ്ട്രീയം പറഞ്ഞുകൊണ്ട് സിനിമ മൊത്തത്തില്‍ നായകന്റെ വീരോചിതമായ പ്രവൃത്തിയിലേക്ക് ചുരുക്കി അയാളുടെ നിരാശ, ദുഃഖം, തുടങ്ങിയവയില്‍ കാണിയെ തളച്ചിടാന്‍ വെമ്പുന്ന പോലെ അനുഭവപ്പെട്ടു.. ക്ഷുഭിതരായ ഒരു ജനകൂട്ടത്തിന്റെ ചെറുത്തുനില്‍പ്പിനെ സായുധകലാപമായി ചിത്രീകരിച്ച് അടിച്ചമര്‍ത്തിയ ഭരണകൂട നടപടിയെ അതിനെതിരെ അവര്‍ നടത്തിയ പോരാട്ട വീര്യത്തെ ദുര്‍ബലമാക്കി നല്ലവനായ പോലീസുകാരന്റെ ചുമലില്‍ മാത്രം ഒതുക്കിയതായി തോന്നി.. കൂടെ നിയമ വ്യവസ്ഥയില്‍ കൂടി പ്രതീക്ഷ അര്‍പ്പിച്ച് കൊണ്ട് ഹാപ്പി എന്ഡിങ്ങില് ആണ് സിനിമ അവസാനിക്കുന്നത്.. സി.കെ ജാനുവിനും ഗീതാനന്ദന് മാഷിനും മറ്റ് മുത്തങ്ങ സമരക്കാര്‍ക്കുമെതിരെ അന്ന് എടുത്ത കേസ് ഇപ്പോഴും കഴിഞ്ഞോ എന്നറിയില്ല.. അവരോട് ചോദിച്ചാല്‍ അറിയാം ഈ പോലീസും നിയമവ്യവസ്ഥയും എന്താണ് അവരോട് കാട്ടിയതെന്ന്.. അതുകൊണ്ട് തന്നെ ചിത്രം ചരിത്രത്തോട് നീതി പുലര്‍ത്തിയെന്ന് തോന്നുന്നില്ല.. ട്രൂ ഇവന്റിനെ ബേസ് ചെയ്തുള്ള ഫിക്ഷന്‍ ആണെന്ന് മുന്‍കൂര്‍ ജാമ്യം എടുത്തത് കൊണ്ട് തന്നെ പുതുതലമുറ മുത്തങ്ങ സമരത്തെ കുറിച്ച് കൂടുതല്‍ അറിയാന്‍ മറ്റ് ചരിത്രവസ്തുതകള്‍ കൂടി തിരയേണ്ടി വരും.
‘നീതി ഇന്നുവരും നാളെ വരും എന്ന് വിശ്വസിച്ച് ക്ഷമിച്ചിരുന്ന അപരാധമേ ആദിവാസികള്‍ ചെയ്തിട്ടുള്ളൂ.. മുത്തങ്ങയിലല്ല അവര്‍ ആദ്യമായി മരിച്ചുവീണത്… അവിടെവെച്ച് പോലീസിന്റെ ലാത്തിയടി കൊണ്ടപ്പോഴല്ല അവരുടെ കുഞ്ഞുങ്ങള്‍ ആദ്യമായി വേദനിച്ച് അലറിയത്… സിവിലും ക്രിമിനലുമായ മലയാളി വംശാധിപത്യം ഇതാദ്യമായിട്ടല്ല അവരെ വേട്ടയാടുന്നത്… നൂറ്റാണ്ടുകളുടെ പഴക്കമുണ്ട് ്തിന്… തലമുറകളുടെ തീരാത്ത കണക്കുണ്ട്.. അപമാനവും മര്‍ദ്ദനവും ഊതിപഴുപ്പിച്ച രോഷമുനകള് ഇത്രയും കാലത്തിനിടയില്‍ ഇത്ര അപൂര്‍വ്വമായിട്ടേ അവര്‍ തൊടുത്തുവിട്ടുള്ളൂ എന്നതാണ് അത്ഭുതം..
കേരളത്തില്‍ പരിഹരിച്ചു എന്ന് പ്രതീതി സൃഷ്ടിക്കപ്പെട്ടിരുന്ന ആദിവാസി ഭൂപ്രശ്നം വീണ്ടും ചര്‍ച്ചയാക്കാനും കേരള മോഡലിന്റെ പൊള്ളത്തരങ്ങള്‍ തുറന്നു കാട്ടുന്ന ചര്‍ച്ചകള്‍ക്കും മുത്തങ്ങ സമരം വഴിത്തിരിവായി എന്നതാണ് ആ സമരത്തിന്റെയും അതിന് ശേഷം നടന്ന നില്‍പ്പ് സമരത്തിന്റെയും പ്രാധാന്യം.
മുത്തങ്ങയ്ക്ക് മുമ്പ് ഭൂമിക്ക് വേണ്ടിയുള്ള സമരങ്ങള്‍ക്കും തുടക്കം കുറിച്ചത് കേരളത്തെ ഞെട്ടിച്ച ഒരു ആക്ഷനായിരുന്നു 1996 ല്‍ അയ്യങ്കാളിപ്പട നടത്തിയത്. മാവോയിസ്റ്റ് സംഘടന എന്ന് ആരോപിക്കപ്പെടുന്ന അയ്യങ്കാളിപ്പട പാലക്കാട് ജില്ലാ കലക്ടറായിരുന്ന ഡബ്ല്യു.ആര്. റെഡ്ഡിയെ കളക്ടറുടെ ചേംബറില്‍ പത്ത് മണിക്കൂറോളം ബന്ദിയാക്കി വെച്ച് ആദിവാസി ഭൂമിക്ക് വേണ്ടി നടത്തിയ സമരം.. അതിനു ശേഷം പിന്നെ എത്രയോ സമരങ്ങള്‍ മുത്തങ്ങ, ചെങ്ങറ, അരിപ്പ, തൊവരിമല , നിലമ്പൂര്‍ ആദിവാസി ഭൂസമരം, തുടങ്ങീ ഒട്ടേറെ ഭൂസമരങ്ങള്‍..
ദി ക്രിട്ടിക് യു ട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
ഇന്ത്യയിലെ മുഴുവന്‍ ആദിവാസികളെയും മറ്റു മര്‍ദ്ദിത വിഭാഗങ്ങളെയും ഓപ്പറേഷന് കഗാര്‍ ന്റെ പേരില്‍ ഈ ഭൂമുഖത്തു നിന്ന് തന്നെ തുടച്ചു നീക്കുന്ന ഈ വേളയില്‍ ”ഓരോ മനുഷ്യന്റെ ചോരക്കും ചരിത്രം പകരം ചോദിക്കുന്ന ദിനം വന്നുചേരും .” എന്ന് സിനിമയില്‍ അവസാനം എഴുതി കാണിക്കുന്ന വാക്കുകളാണ് സിനിമ കണ്ടപ്പോള്‍ തോന്നിയ പ്രതീക്ഷ.. പിന്നെ ജനകീയ സമരങ്ങളെ മാവോയിസ്റ്റ് മുദ്ര ചാര്‍ത്തി എങ്ങനെ തകര്‍ക്കാം എന്ന് വ്യക്തമായി തന്നെ കാട്ടിയതും..