ഡോ ബി ആര്‍ അംബേദ്കര്‍ : ഉള്‍ക്കൊള്ളലിന്റെ ദാര്‍ശനികന്‍

ക്ഷേമരാഷ്ട്രത്തിന്റെ തകര്‍ച്ചക്കുശേഷം രൂപപ്പെട്ട പുതു ദളിത് – പിന്നോക്ക – ന്യൂനപക്ഷ മുന്നേറ്റങ്ങള്‍, സിവില്‍ സമുദായം, പൊതുമണ്ഡല പ്രവേശനം നേടിയ ഇസ്ലാമിക രാഷ്ട്രീയം, പുതു സ്ത്രീവാദങ്ങള്‍, ട്രാന്‍സ്‌ജെന്റര്‍ പോലുള്ള ചെറുകമ്യൂണിറ്റികളുടെ ദൃശ്യത എന്നിവയിലെല്ലാം ഏറ്റവും കൂടുതല്‍ വീണ്ടെടുക്കപ്പെട്ടതും ചേര്‍ത്തു നിര്‍ത്തിയതും ഡോ അംബേദ്കറുടെ ചിന്തകളേയും കലഹങ്ങളേയും തന്നെയാണ്. ഇന്ന് ദേശീയ പ്രതീകം എന്ന നിലവിട്ട് ഒരു സാര്‍വ്വദേശീയ പ്രതിനിധാനമായി അദ്ദേഹം മാറിയിരിക്കുന്നു. ദലിതരടക്കമുള്ള സമുദായങ്ങളില്‍ നിന്നുള്ള പ്രവാസികളും കുടിയേറ്റക്കാരും പോസ്റ്റ് കൊളോണിയല്‍ ബൗദ്ധിക സാന്നിധ്യവും കീഴാള വിഷയികളോട് ചേര്‍ന്നു നില്‍ക്കുന്ന സവര്‍ണ്ണരില്‍ നിന്നുള്ള ഉല്‍ബുദ്ധ വിഭാഗവും ഈ അവസ്ഥ സംജാതമായതില്‍ വഹിച്ച വലിയപങ്കു വഹിക്കുന്നുണ്ട് – അംബേദ്കര്‍ ജയന്തിയില്‍ പ്രമുഖ ചിന്തകന്‍ കെ കെ ബാബുരാജ് എഴുതുന്നു.

ആധുനിക ഇന്ത്യയില്‍ ഡോ ബി ആര്‍ അംബേദ്കറെ പറ്റിയുണ്ടായ ഏറ്റവും പ്രധാന പ്രതിനിധാനം അദ്ദേഹം ഒരു അധ:സ്ഥിത നേതാവാണെന്നതാണ്. മറ്റൊന്ന് ഭരണഘനാ ശില്‍പ്പിയാണ് എന്നതും. ഈ രണ്ടു പ്രതിനിധാനങ്ങളും ശരിയാണ്. എങ്കിലും അതീവ പ്രസക്തിയുള്ള ഒരു സാമൂഹിക വിപ്ലവകാരി, വിമര്‍ശക ചിന്തകന്‍, രാഷ്ട്രീയ വ്യക്തിത്വം, നിയമനിര്‍മ്മാതാവ്, മനുഷ്യാവകാശ വാദി, മതചിന്തകന്‍, ബഹുജനനേതാവ്, എഴുത്തുകാരന്‍ എന്നിങ്ങനെ വ്യത്യസ്തമായ തരത്തിലുള്ള അദ്ദേഹത്തിന്റെ സംഭാവനകളെ കുറിച്ചും ദേശരാഷ്ട്ര രൂപീകരണത്തിലെ നിര്‍ണ്ണായക സന്ധിയില്‍ അദ്ദേഹം നടത്തിയ ഇടപെടലുകള്‍ അക്കാലത്തെന്നപോലെ ഭാവിയുടേയും ദിശാസൂചകങ്ങളായി എങ്ങനെ മാറിയിരിക്കുന്നു എന്നതിനേയും കുറെയെങ്കിലും ചുരുക്കികാണാന്‍ ഈ പ്രതിനിധാനങ്ങള്‍ കാരണമായി എന്നു പറയേണ്ടതുണ്ട്.

1960 കളില്‍ ഗുജറാത്ത് പോലുള്ള സംസ്ഥാനങ്ങളില്‍ ആരംഭം കുറിച്ച സംവരണ പ്രക്ഷോഭങ്ങളും അതിനോടുള്ള പ്രതിരോധമായി ഉണ്ടായ ദലിത് മുന്നേറ്റങ്ങളും, 1980കളില്‍ സവര്‍ണ്ണമേധാവിത്വേ ശക്തികള്‍ ഉയര്‍ത്തിയ അഖണ്ഡ ദേശീയതക്കുവേണ്ടിയുള്ള മുറവിളികളും തുടര്‍ന്ന് ഏകസിവില്‍ കോഡിനു വേണ്ടിയുള്ള വാദങ്ങളും, 1990 കളില്‍ നടന്ന മണ്ഡല്‍ വിരുദ്ധ സമരങ്ങളും അതിനുശേഷമുള്ള ബാബറി മസ്ജിദ് തകര്‍ക്കലും, 2004 മുതലുള്ള ഹിന്ദുത്വത്തിന്റെ ഭരണപരമായ ഉയര്‍ച്ച, സമീപകാലത്തെ പൗരത്വ ഭേദഗതി ബില്ലും അതിനെതിരായ സമരങ്ങളും – ഇവയെല്ലാം അംബേദ്കറെ കുറിച്ചുള്ള പഴയ പ്രതിനിധാന സങ്കല്‍പ്പങ്ങളെ പുതുക്കി പണിയുകയും അദ്ദേഹത്തിന്റെ ബഹുജന സ്വീകാര്യതക്ക് ആഴവും പരപ്പും ഉണ്ടാക്കുകയും ചെയ്തു. മാത്രമല്ല, ക്ഷേമരാഷ്ട്രത്തിന്റെ തകര്‍ച്ചക്കുശേഷം രൂപപ്പെട്ട പുതു ദളിത് – പിന്നോക്ക – ന്യൂനപക്ഷ മുന്നേറ്റങ്ങള്‍, സിവില്‍ സമുദായം, പൊതുമണ്ഡല പ്രവേശനം നേടിയ ഇസ്ലാമിക രാഷ്ട്രീയം, പുതു സ്ത്രീവാദങ്ങള്‍, ട്രാന്‍സ്‌ജെന്റര്‍ പോലുള്ള ചെറുകമ്യൂണിറ്റികളുടെ ദൃശ്യത എന്നിവയിലെല്ലാം ഏറ്റവും കൂടുതല്‍ വീണ്ടെടുക്കപ്പെട്ടതും ചേര്‍ത്തു നിര്‍ത്തിയതും ഡോ അംബേദ്കറുടെ ചിന്തകളേയും കലഹങ്ങളേയും തന്നെയാണ്. ഇന്ന് ദേശീയ പ്രതീകം എന്ന നിലവിട്ട് ഒരു സാര്‍വ്വദേശീയ പ്രതിനിധാനമായി അദ്ദേഹം മാറിയിരിക്കുന്നു. ദലിതരടക്കമുള്ള സമുദായങ്ങളില്‍ നിന്നുള്ള പ്രവാസികളും കുടിയേറ്റക്കാരും പോസ്റ്റ് കൊളോണിയല്‍ ബൗദ്ധിക സാന്നിധ്യവും കീഴാള വിഷയികളോട് ചേര്‍ന്നു നില്‍ക്കുന്ന സവര്‍ണ്ണരില്‍ നിന്നുള്ള ഉല്‍ബുദ്ധ വിഭാഗവും ഈ അവസ്ഥ സംജാതമായതില്‍ വഹിച്ച വലിയ പങ്ക് വഹിക്കുന്നുണ്ട്.

ചുരുക്കി പറഞ്ഞാല്‍ വര്‍ത്തമാന കാലത്തെ ഏറ്റവും പ്രധാനപ്പെട്ട ‘സൂപ്പര്‍ സ്റ്റാറും’ വിമര്‍ശന – കലഹ ചിന്തകനുമായി ഡോ അംബേദ്കറിന്റെ സ്ഥാനം ഉയര്‍ന്നിട്ടുണ്ട്. ഇവിടെ ശ്രദ്ധിക്കേണ്ടതായ കാര്യം മറ്റെല്ലാ ദേശീയ പ്രതിനിധാനങ്ങളും സമകാലീനതയില്‍ പ്രസക്തരാകുന്നത് ഉപരിജാതി ഹിന്ദുക്കളുടേയും ഭരണകൂട സ്ഥാപനങ്ങളുടേയും ഭാഗത്തുനിന്നുള്ള പ്രവര്‍ത്തനങ്ങളുടെ ഫലമായാണ്. നേരെമറിച്ച് അംബേദ്കറുടെ ബഹുജനവല്‍ക്കരണം നടക്കുന്നത് പുറന്തള്ളപ്പെട്ടവരുടേയും കീഴാള വിഷയികളുടേയും ബഹുതല സ്ഥലികളിലും അവരുടെ സമര – സംവാദ മണ്ഡലങ്ങളിലുമാണ്. ഈ വ്യത്യാസം അംബേദ്കര്‍ എന്ന വ്യക്തിയേയും അദ്ദേഹത്തിന്റെ ചിന്തകളേയും ലോകചരിത്രപരമായ ഒരു രൂപകമായി മാറിയിരിക്കുകയാണ് എന്നു പറയാം.

സാധാരണയായി ലോകത്തിന്റെ സാമൂഹിക മാറ്റങ്ങളും ചിന്താപരമായ ഉണര്‍വ്വുകളും സംഭവിക്കുന്നതും യൂറോ കേന്ദ്രീകൃതമായ ഒരു സമയ സൂചിക പ്രകാരമാണെന്നാണ് കരുതപ്പെടുന്നത്. ഈ സൂചികക്ക് പുറത്തുള്ള പ്രദേശങ്ങളും ജനവിഭാഗങ്ങളും ‘അപരിഷ്‌കൃതരാ’യി കണക്കാക്കപ്പെടുന്നു. അതിനാല്‍ തന്നെ ഈ അപരിഷ്‌കൃതരെ നയിക്കാനും ചലിപ്പിക്കാനുമുള്ള സ്വാഭാവിക അധികാരം യൂറോപ്പിന്, അല്ലെങ്കില്‍ അവിടത്തെ വെളുത്ത ആണധികാരത്തിന് ഉണ്ടത്രെ. ഇതിനു സമാന്തരമായി ഇന്ത്യപോലുള്ള നാടുകളില്‍ നിലനില്‍ക്കുന്നത് ബ്രാഹ്മണിസ്റ്റ് വംശീയതയാണ്. ഇതുപ്രകാരം ‘അഹിന്ദുക്കള്‍’, ‘അവര്‍ണ്ണര്‍’, ‘അയിത്തക്കാര്‍’ മുതലായ ജനവിഭാഗങ്ങള്‍ സ്വതന്ത്ര കര്‍ത്തൃത്വം ഉള്ളവരല്ല. അവരെ നിയന്ത്രിക്കാനും നല്ലവരാക്കി മാറ്റാനും സവര്‍ണ്ണര്‍ക്കാണ് സ്വാഭാവിക അധികാരമുള്ളത്. ഇത്തരത്തില്‍ പുറന്തള്ളപ്പെട്ടവരില്‍ നിന്ന് ഉയര്‍ന്നു വരുക.യും പ്രവര്‍ത്തനം കൊണ്ടും ചിന്ത കൊണ്ടും താന്‍ ജീവിച്ചിരുന്ന കാലഘട്ടത്തെ മാത്രമല്ല, വരാനിരിക്കുന്ന പല തലമുറകളേയും സ്വാധീനിക്കുകയും ചെയ്ത ഒരു പൊതുവ്യക്തിത്വമാണ് ഡോ ബി ആര്‍ അംബേദ്കര്‍. അതായത് യൂറോ കേന്ദ്രവാദവും ബ്രാഹ്മണിസവും അസാധ്യമാണെന്നു കരുതിയ ഒരിടത്തിലേക്കാണ് അംബേദ്കര്‍ ഒരു രൂപകമായും സാന്നിധ്യമായും നിലനില്‍ക്കുന്നത്. അതിനാലാണ് പുറന്തള്ളപ്പെട്ടവരില്‍ നിന്നുള്ള ഈ രൂപീകരണം ലോകചരിത്ര പ്രധാനമെന്നു പറയുന്നത്.

ഡോ അംബേദ്കര്‍ തന്റെ ഗുരുസ്ഥാനീയരായി പ്രഖ്യാപിച്ചിട്ടുള്ളത് ശ്രീബുദ്ധന്‍, കബീര്‍, മഹാത്മാ ഫൂലെ എന്നിവരെയാണ്. ഇവര്‍ മൂന്നുപേരും ഇന്ത്യയിലെ അവര്‍ണ്ണരേയും അയിത്തക്കാരേയും പ്രതിനിധാനം ചെയ്യുന്നതിനൊപ്പം അബ്രാഹ്മണികമായ ജീവിത മണ്ഡലങ്ങളേയും അറിവുകളേയും ഉള്‍ക്കൊള്ളുന്നു. അതിനര്‍ത്ഥം ബ്രാഹ്മണിസ്റ്റ് ഇന്ത്യയിലെ പുറന്തള്ളപ്പെട്ടവരുടെ ദൈനംദിന ജീവിതാനുഭവങ്ങളേയും ജാഞാനപരിക്രമണത്തേയും വീണ്ടെടുത്തുകൊണ്ട് ഹൈന്ദവതയെ അതിജീവിക്കുകയാണ് ഡോ അംബേദ്കര്‍ ചെയ്തതെന്നാണ്.

കീഴാളര്‍ ചരിത്രത്തില്‍ അടയാളപ്പെടുന്നത് ‘ശബ്ദമില്ലാക്കവരും’ പുറം പോക്കുകളു’മെന്ന നിലയിലാണ്. അദ്ദേഹം ആരംഭിച്ച മാസികയുടെ പേര് ‘മൂകനായിക്’ എന്നായിരുന്നു. അദ്ദേഹം രൂപീകരിച്ച ആദ്യപ്രസ്ഥാനത്തിന്റെ പേര് ‘ബഹിഷ്‌കൃത ഹിത കാരണി സഭ’ എന്നായിരുന്നു. ഈ രണ്ടു സംജ്ഞകളും കീഴാളരുടെ ശബ്ദമില്ലായ്മയേയും പുറന്തള്ളലിനേയും സൂചിപ്പിക്കുന്നതാണ്. അധിശത്വപരമായി നിലനില്‍ക്കുന്ന നിശബ്ദതയേയും പുറന്തള്ളലിനേയും ഭേദിച്ചുകൊണ്ട് ‘ശബ്ദ’ത്തേയും ‘ഉള്‍ക്കൊള്ളലി’നേയും വ്യവഹാരമാക്കി മാറ്റി എന്നതു കൊണ്ടുകൂടിയാണ് ഡോ അംബേദ്കറിന്റെ ലോകചരിത്രപ്രാധാന്യം കൂടുതല്‍ വെളിപ്പെടുന്നത്.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: analysis | Tags: , , , | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply