ഭരണകൂടങ്ങള്‍ സ്വന്തം പരിമിതികള്‍ അംഗീകരിക്കാന്‍ തുടങ്ങുന്ന കൊറോണകാലം
അമേരിക്കയില്‍ കോവിഡ് ബാധിതരുടെ എണ്ണം ലക്ഷം കവിഞ്ഞതു അതിവേഗമാണ്. ചൈനയെയും ഇറ്റലിയെയും പിന്തള്ളുന്ന ധൃതി. വികസിത രാജ്യങ്ങള്‍ ഒന്നൊന്നായി തല കുനിക്കുന്നു. അന്താരാഷ്ട്ര ബന്ധങ്ങളെക്കുറിച്ചു പഠിക്കുന്ന പണ്ഡിതന്മാര്‍ ലോകക്രമം മാറുകയാണെന്ന് പ്രവചിക്കുന്നു. മുതലാളിത്തം അതിജീവിക്കാന്‍ നടത്തുന്ന യുദ്ധമാണെന്ന് വിശദീകരിക്കുന്നു.
ലോകം വല്ലാതെ മാറുകയാണ്. കൊറോണ അതിന്റെ മാരകരൂപത്തില്‍ ഭൂഖണ്ഡങ്ങളെ പിടിച്ചു കുലുക്കുന്നു. സകല പ്രതാപങ്ങള്‍ക്കും താഴെ വെറും മനുഷ്യരുടെ നിലവിളികള്‍ കേട്ടു തുടങ്ങിയിരിക്കുന്നു. ഭരണകൂടങ്ങള്‍ അവയുടെ പരിമിതികള്‍ അംഗീകരിച്ചു തുടങ്ങി.
2008നു ശേഷം അമേരിക്കന്‍ സമ്പദ്ഘടന പ്രതിസന്ധിയിലേക്കു നീങ്ങുന്നു. 2008ല്‍ അമേരിക്കന്‍ സമ്പദ് വ്യവസ്ഥയുടെ ആഭ്യന്തര പ്രതിസന്ധിയാണ് ഹേതുവെങ്കില്‍ ഇപ്പോള്‍ കോവിഡ് 19എന്ന പകര്‍ച്ചവ്യാധിയാണ്. മനുഷ്യനെയും പ്രകൃതിയെയും തീരെ പരിഗണിക്കാത്ത മുതലാളിത്ത മത്സരാവേശം വിനാശത്തിന്റെ വിളവെടുക്കുന്നു.
യൂറോപ്യന്‍ സാമ്പത്തിക രംഗവും രൂക്ഷമായ പ്രതിസന്ധി നേരിടുന്നു. പഴയ പ്രതാപമെല്ലാം കൊഴിഞ്ഞുപോവുകയാണ്. യൂറോപ്യന്‍ യൂണിയനെവിടെ എന്ന് അംഗരാഷ്ട്രങ്ങളാണ് വിലപിക്കുന്നത്. മുതലാളിത്ത ദുര്‍ന്നടത്തങ്ങളുടെ പരിഹാരമെന്ത് എന്നവര്‍ ചിന്തിച്ചു തുടങ്ങിയിട്ടുണ്ട്.
സ്‌പെയ്‌നില്‍ സ്വകാര്യ ആശുപത്രികളും ആരോഗ്യരക്ഷാ സംവിധാനങ്ങളും പെട്ടെന്ന് ദേശസാല്‍ക്കരിച്ചു. കടങ്ങളും ബാധ്യതകളും ഇറ്റലി എഴുതിത്തള്ളി. ഫ്രാന്‍സും പുതിയ പ്രഖ്യാപനങ്ങള്‍ നടത്തി. നികുതിയും വാടകയും മറ്റും ഒഴിവാക്കി ജനങ്ങളെ കൂടെ നിര്‍ത്തുന്നു. അമേരിക്കന്‍ സ്റ്റേറ്റുകളില്‍ ലക്ഷക്കണക്കായ ഭവനരഹിതരെ പാര്‍പ്പിക്കാന്‍ ഇടം തേടുന്നു. കാലിഫോര്‍ണിയയില്‍ മാത്രം വീടില്ലാത്തവര്‍ ഒരു ലക്ഷത്തിലേറെ വരും.
അതിവേഗം പടര്‍ന്നു പിടിക്കാവുന്ന രോഗത്തിന്റെ വാഹകരാവുക ചലനാത്മക സമൂഹമാണ്. അതു മിക്കവാറും അടിത്തട്ടു മനുഷ്യരുടേതാണ്. എല്ലാ ധനമുതലാളിത്ത വികസനങ്ങളിലും പുറംതള്ളപ്പെട്ട അനേകര്‍ തങ്ങളുടെ സുരക്ഷയ്ക്കു ഭീഷണിയാവുമെന്ന് സമ്പന്ന ലോകം അറിഞ്ഞു തുടങ്ങി. ബ്രിട്ടനിലും ബ്രസീലിലും പ്രതാപികളായ ഭരണാധികാരികള്‍ കോവിഡ് തീണ്ടി കിടപ്പാണ്. ട്രമ്പ് ടവറും വെള്ള കൊട്ടാരവും ഭയത്തിന്റെ നിഴലിലാണ്. അതിനാല്‍ ”എല്ലാവരും ഏതിടത്താണോ അവിടേക്ക് ഒതുങ്ങുവിന്‍” എന്നു ഭരണകൂടങ്ങള്‍ നിര്‍ത്താതെ നിലവിളിക്കുന്നു.
അമേരിക്കയില്‍ കോവിഡ് ബാധിതരുടെ എണ്ണം ലക്ഷം കവിഞ്ഞതു അതിവേഗമാണ്. ചൈനയെയും ഇറ്റലിയെയും പിന്തള്ളുന്ന ധൃതി. വികസിത രാജ്യങ്ങള്‍ ഒന്നൊന്നായി തല കുനിക്കുന്നു. അന്താരാഷ്ട്ര ബന്ധങ്ങളെക്കുറിച്ചു പഠിക്കുന്ന പണ്ഡിതന്മാര്‍ ലോകക്രമം മാറുകയാണെന്ന് പ്രവചിക്കുന്നു. മുതലാളിത്തം അതിജീവിക്കാന്‍ നടത്തുന്ന യുദ്ധമാണെന്ന് വിശദീകരിക്കുന്നു.
പണ്ടൊക്കെ പകര്‍ച്ചവ്യാധികള്‍ ആദ്യമെത്തുക ദരിദ്ര ജീവിതങ്ങളിലാണ്. തെരുവുതിണ്ണകളിലും ചേരികളിലുമാണ്. രോഗം പതിനായിരങ്ങളെ കൊണ്ടു പോകും. ഇപ്പോഴാവട്ടെ അതു മുകള്‍ത്തട്ടിലും മധ്യവര്‍ഗത്തിലും വിത്തിട്ടേ താഴേയ്ക്കിറങ്ങൂ. വിമാനമേറിയാണ് രോഗ സഞ്ചാരം. അടിത്തട്ടു മനുഷ്യരിലെത്തിയാല്‍ അതെമ്പാടും അതിദ്രുതം പടരും. കെട്ടിപ്പൊക്കിയ സമ്പദ്ക്രമങ്ങള്‍ തകരും.
ഏറ്റവും ചലനാത്മകമായ ഘടകം പണമല്ല. ഉത്പാദനത്തൊഴിലാളികളാണ്. പുറംതള്ളപ്പെട്ടവരും നാടോടികളുമാണ്. അവരുടെ സ്വപ്ന റിപ്പബ്ലിക്കിനെ എരിയിച്ചു കളയാന്‍ മുതലാളിത്തത്തിനു വൈറസ്സുകള്‍ ഏറെയുണ്ട്. ഇപ്പോഴാവട്ടെ പരക്കുന്നത് ആത്മനാശത്തിന്റെ വ്യാധിവൈറസ്സുകളാവും. ഭസ്മാസുര മുതലാളിത്തം ആ ഞെട്ടലില്‍നിന്നു വിമുക്തമല്ല. അടിത്തട്ടു ജീവിതങ്ങളെ പിടിച്ചു കെട്ടി വേണം മുതലാളിത്തത്തിനു രക്ഷാനേട്ടം.
പട്ടിണിരാജ്യങ്ങളില്‍ പകര്‍ച്ചരോഗങ്ങള്‍ പടരുമ്പോള്‍ കൂടുതല്‍ വായ്പയാവാമെന്ന് ഉദാരരാവുന്ന വികസിത രാജ്യങ്ങള്‍ ഇപ്പോള്‍ പതറിയിരിക്കുന്നു. ചൈനയില്‍നിന്നോ കൊറിയയില്‍നിന്നോ മറുമരുന്നാവാമെന്ന് യു എസ്സുപോലും വഴങ്ങുന്നു. ലോകജനതയുടെ പാതിയും വീടുകളിലും കേമ്പുകളിലും അടയ്ക്കപ്പെട്ടു കഴിഞ്ഞു. തങ്ങള്‍ക്കു മാത്രം തുറന്ന ലോകത്ത് സമ്പദ്ഘടനകളുടെ യുദ്ധം അതിന്റെ അധീശ ശക്തിയെ തേടുകയാണ്.
എല്ലാ യുദ്ധത്തിലുമെന്നതുപോലെ വലിയ നാശം സാധാരണ മനുഷ്യര്‍ക്കാവും. എങ്കിലും ഈ യുദ്ധം നല്‍കുന്ന മുഖ്യപാഠം വീടില്ലാത്ത, തൊഴിലില്ലാത്ത മനുഷ്യരുണ്ടാവരുത് എന്നതാണ്. ഇരകളെ, പുറംതള്ളപ്പെടുന്നവരെ സൃഷ്ടിക്കുന്ന വികസനം മനുഷ്യരാശിയുടെ നിലനില്‍പ്പിനു ഭീഷണിയാണ് എന്നതാണ്. പ്രകൃതിയെയും ജീവപ്രപഞ്ചത്തെയും മനുഷ്യനെയും മറന്ന് ഇനി ഒരു ചുവടും മുന്നോട്ടു വെയ്ക്കരുത് എന്നാണ്.
(ഫേസ് ബുക്ക് പോസ്റ്റ്)
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in