അംബേദ്കറൈറ്റ് മാര്‍ക്സിസം സാധ്യമല്ല : മാര്‍ക്‌സിസ്റ്റുകള്‍ ജനാധിപത്യപാത സ്വീകരിക്കണം
അംബേദ്കറും മാര്‍ക്‌സുമായി ഒരു രാഷ്ട്രീയ ഐക്യം സാധ്യമാകുമോ എന്ന വിഷയത്തില്‍ ഏറെ ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. അതുമായി ബന്ധപ്പെട്ട് ജാതിയും വര്‍ഗ്ഗവും : അംബേദ്കറൈറ്റ്് മാര്‍ക്സിസം സാധ്യമാണോ? എന്ന വിഷയത്തെ കേന്ദ്രീകരിച്ച് ടി ടി ശ്രീകുമാര്‍ എഴുതിയ ലേഖനത്തിന് അംബേദ്കറൈറ്റ് മാര്‍ക്സിസം സാധ്യമല്ല എന്ന നിലപാടില്‍ നിന്ന് എം ഗീതാനന്ദന്‍ എഴുതിയ മറുപടി…. ഒപ്പം ശ്രീകുമാറിന്റെ ലേഖനവും അംബേദ്കര്‍ ജയന്തിയുടെ പശ്ചാത്തലത്തില്‍ പുനപ്രസിദ്ധീകരിക്കുന്നു.
അംബേദ്കര്‍ – മാര്‍ക്‌സിസ്റ്റ് ദര്‍ശനങ്ങളുടെ സമന്വയം സാധ്യമാണെന്ന പ്രത്യാശയോടെ ടി. ടി. ശ്രീകുമാറിന്റെ ദി ക്രിട്ടിക്ക് ലേഖനത്തെ ആധാരമാക്കിയാണ് ഈ വിമര്‍ശനക്കുറിപ്പ് തയ്യാറാക്കിയിരിക്കുന്നത്. വിഭിന്ന പശ്ചാത്തലത്തില്‍ ഉദയം ചെയ്ത രാഷ്ട്രീയ ദര്‍ശനങ്ങള്‍ക്ക് സമന്വയം സാധ്യമല്ലെങ്കിലും പൊതുവായ ചില ചിന്താധാരകളെ പരസ്പരം അംഗീകരിക്കാനും ഉയര്‍ത്തിപ്പിടിക്കാനും കഴിഞ്ഞേക്കാം. അത് സാധ്യമാകണമെങ്കില്‍ അത്തരം ദാര്‍ശനിക-രാഷ്ട്രീയ പദ്ധതികളുടെ സാമാന്യമായ ഒരു താരതമ്യം ആവശ്യമാണ്. അംബേദ്കര്‍ ചിന്താപദ്ധതിയിലെ കേന്ദ്ര രാഷ്ട്രീയ വിഷയം സാമൂഹിക ജനാധിപത്യവും, മാര്‍ക്‌സിസത്തിലെ കേന്ദ്ര വിഷയം തൊഴിലാളി വര്‍ഗ്ഗ ജനാധിപത്യവും (സര്‍വ്വാധിപത്യം) ആണെന്നതുകൊണ്ടുതന്നെ സംവാദവിഷയം അതാകേണ്ടതായിരുന്നു. പ്രത്യേകിച്ചും മുന്‍ സോഷ്യലിസ്റ്റ് രാഷ്ട്രങ്ങള്‍ ചരിത്രത്തില്‍ അപ്രത്യക്ഷമാകുകയും ഹൈന്ദവഫാസിസം ഇന്ത്യയില്‍ ഒരു യാഥാര്‍ത്ഥ്യമായി മാറുകയും ചെയ്യുമ്പോള്‍ മേല്‍പറഞ്ഞ വിഷയങ്ങളെ കേന്ദ്രീകരിച്ചുള്ള ചര്‍ച്ച കൂടുതല്‍ പ്രസക്തമാകുന്നുണ്ട്. എന്നാല്‍ അംബേദ്കര്‍-മാര്‍ക്‌സിസ്റ്റ് സംവാദത്തില്‍ ടി. ടി. ശ്രീകുമാര്‍ അവ ഒഴിവാക്കി ‘വര്‍ഗ്ഗസമര’ മെന്ന പരികല്പനയിലേക്ക് ചുരുക്കി എന്ന് പറയാതെ വയ്യ. മാത്രമല്ല, വര്‍ഗ്ഗസമരത്തെ പരമ്പരാഗത മാര്‍ക്‌സിസ്റ്റ് സൈദ്ധാന്തിക പദ്ധതിയിലെ ‘സാമ്പത്തികവര്‍ഗ്ഗം’ എന്ന മുന്‍വിധി നിലനിര്‍ത്തുന്നു ഈ സാഹചര്യത്തില്‍ (1) മാര്‍ക്‌സിസ്റ്റ് പദ്ധതിയിലെ സാമ്പത്തികവര്‍ഗ്ഗമെന്ന പരികല്പനയില്‍ നിന്ന് അംബേദ്കറിസത്തിലെ ജാതി എങ്ങിനെ വേറിട്ടുനില്‍ക്കുന്നു (2) മാര്‍ക്‌സിസ്റ്റ് വിശകലന പദ്ധതിയില്‍ നിന്ന് ജാതി/വംശം തുടങ്ങിയ സാമൂഹിക ഘടകങ്ങളെ എങ്ങിനെ ഒഴിവാക്കുന്നു (3) ഡോ. അംബേദ്കറുടെ സാമൂഹിക ജനാധിപത്യവും തൊഴിലാളിവര്‍ഗ്ഗ ജനാധിപത്യവും തമ്മിലുള്ള മൗലികമായ അന്തരം (4) ഇന്ത്യന്‍ മാര്‍ക്‌സിസ്റ്റുകളുടെ ബ്രാഹ്മിണ്‍ പാരമ്പര്യവും പുത്തന്‍ സാമൂഹിക ജനാധിപത്യശക്തികളും തുടങ്ങിയ വിഷയങ്ങളാണ് ഈ കുറിപ്പില്‍ കൈകാര്യം ചെയ്യുന്നത്.
1. അംബേദ്കറൈറ്റ് പദ്ധതിയിലെ ‘ജാതി’യും മാര്‍ക്‌സിസ്റ്റ് വര്‍ഗ്ഗവിശകലനവും
വര്‍ഗ്ഗസമരത്തെ സംബന്ധിച്ച് ഡോ. അംബേദ്കര്‍ക്ക് തുടക്കം മുതല്‍ തന്നെ അഭിപ്രായമുണ്ടായിരുന്നെന്നും, ജാതിയെ വര്‍ഗ്ഗമായാണ് വിശദീകരിക്കുന്നതെന്നും, ‘ബുദ്ധ & മാര്‍ക്‌സ്’ എന്ന വിമര്‍ശന പഠനത്തിലേക്ക് എത്തുന്നതോടെ വര്‍ഗ്ഗസംഘര്‍ഷത്തെ തുറന്ന് അംഗീകരിക്കുകയും ഒരു സംവാദ വഴി തുറക്കുന്നുമെന്നുമാണ് ടി. ടി. ശ്രീകുമാറിന്റെ നിഗമനം. മാര്‍ക്‌സിന്റെ വര്‍ഗ്ഗസമീപനത്തോട് ഡോ. അംബേദ്കര്‍ വളരെ അടുത്തുനില്‍ക്കുന്ന തരത്തിലുള്ള ഒരു പ്രതീതി ഇതുവഴി സൃഷ്ടിക്കുന്നു. കേവല വ്യക്തികളായി ആരും നിലനില്‍ക്കുന്നില്ലെന്നും, മനുഷ്യസമൂഹം വര്‍ഗ്ഗങ്ങളായി വിഭജിക്കപ്പെട്ടിരിക്കുന്നെന്നും, മനുഷ്യരുടെ ദുഃഖങ്ങള്‍ക്ക് മൗലിക കാരണം സ്വകാര്യസ്വത്തുടമസ്ഥതയാണെന്നും ഡോ. അംബേദ്കര്‍ക്ക് വ്യക്തമായ നിലപാടുണ്ടായിരുന്നു. ഡോ. അംബേദ്കറുടെ ദി അണ്‍ടച്ചബിള്‍സ് (The Untouchables); ദി ശൂദ്ര, ഹു വേര്‍ ദെ ആന്റ് ഹൗ ദെ കെയിം ടു ബി ദി ഫോര്‍ത്ത് വര്‍ണ ഓഫ് ഇന്‍ഡൊ-ആര്യന്‍ സൊസൈറ്റി (The Shudra, who were they and how they came to be the fourth varna of Indo-Aryan Society); കാസ്റ്റ് ഇന്‍ ഇന്ത്യ, ഇറ്റ്‌സ് മെക്കാനിസം – ജെനിസിസ് ആന്റ് ഡവലപ്‌മെന്റ് (Caste in India, Its Mechanism – Genesis and Development); ഹിന്ദു സോഷ്യല്‍ ഓര്‍ഡര്‍; ഇറ്റ്‌സ് എസ്സെന്‍ഷ്യല്‍ പ്രിന്‍സിപ്പിള്‍സ്; (Hindu Social Order : Its essential Principles); ഫിലോസഫി ഓഫ് ഹിന്ദുയിസം (Philosophy of Hinduism); അനിഹിലേഷന്‍ ഓഫ് കാസ്റ്റ് (Annihilation of Caste); തുടങ്ങിയവയിലെല്ലാം ‘ജാതി’ വിശകലനം ചെയ്യപ്പെട്ടിട്ടുണ്ട്. കമ്മ്യൂണിസവും ലോകജനാധിപത്യക്രമങ്ങളുമായി ഒരു സംവാദത്തിനുവേണ്ടി ഒരു ഗ്രന്ഥം തന്നെ പണിപ്പുരയിലായിരുന്നു. ബുദ്ധ ആന്റ് മാര്‍ക്‌സ് (Budha and Mark) എന്ന ലേഖനത്തില്‍ മാര്‍ക്‌സിസവും ബുദ്ധദര്‍ശനവും തമ്മിലുള്ള സമാനതകളും ഭിന്നതകളും വിശദീകരിക്കുകയും ചെയ്യുന്നു. തൊഴിലാളിവര്‍ഗ്ഗ സര്‍വ്വാധിപത്യം, സോഷ്യലിസ്റ്റ് വിപ്ലവങ്ങളുടെ അനിവാര്യത, വിപ്ലവവര്‍ഗ്ഗം എന്ന നിലയില്‍ തൊഴിലാളി വര്‍ഗ്ഗത്തിന്റെ ചരിത്രപരമായ പങ്ക് തുടങ്ങിയ മാര്‍ക്‌സിസത്തിന്റെ അടിസ്ഥാന നിലപാടെല്ലാം അതില്‍ തള്ളിക്കളയുകയാണ്. മാര്‍ക്‌സിസത്തില്‍ അവശേഷിക്കുന്നതായി കാണാന്‍ കഴിയുന്നത് താഴെ പറയുന്ന കാര്യങ്ങള്‍ മാത്രമാണെന്നും പരാമര്‍ശിക്കുന്നു (1) ദര്‍ശനങ്ങളുടെ ദൗത്യം ലോകത്തെ മാറ്റി മറിക്കുന്നതിനായിരിക്കണം, ലോകത്തെ വിശദീകരിച്ച് സമയം പാഴാക്കാനാകരുത് (2) വര്‍ഗ്ഗങ്ങളും വര്‍ഗ്ഗങ്ങളും തമ്മിലുള്ള താല്പര്യസംഘര്‍ഷം നിലനില്‍ക്കുന്നു. (3) സ്വകാര്യസ്വത്തുടമസ്ഥത ചില വര്‍ഗ്ഗക്കാര്‍ക്ക് അധികാരം ഉറപ്പാക്കുകയും ചൂഷണം വഴി മറ്റു ചിലര്‍ക്ക് ദുഖം ഉണ്ടാക്കുകയും ചെയ്യുന്നു (4) സമൂഹ നന്മയ്ക്ക് വേണ്ടി ദുഖത്തെ നിര്‍മ്മാര്‍ജ്ജനം ചെയ്യാന്‍ സ്വകാര്യ സ്വത്തുടമസ്ഥത ഇല്ലാതാക്കണം. ഇവ അംഗീകരിക്കുമ്പോള്‍ തന്നെ മാര്‍ക്‌സിസത്തിന്റെ പരിഗണനയില്‍ വരാത്ത ‘ജാതി’ എന്ന രാഷ്ട്രീയഘടകത്തെയാണ് ഡോ. ബി. ആര്‍. അംബേദ്കര്‍ അദ്ദേഹത്തിന്റെ വിശകലന പദ്ധതിയില്‍ ഉടനീളം പഠനവിധേയമാക്കുന്നത്.
ഹിന്ദു സാമൂഹികക്രമവും ജാതിയും (Hindu Social Order)
മാര്‍ക്‌സിനെപോലെ വ്യക്തികളുടെ മോചനമാണ് സ്വതന്ത്ര്യത്തിന്റെ അടിസ്ഥാനമെന്നാണ് ഡോ. ബി. ആര്‍. അംബേദ്കറും കരുതിയിരുന്നത്. മാര്‍ക്‌സിന്റെ വര്‍ഗ്ഗസിദ്ധാന്തത്തില്‍ നിന്നും അദ്ദേഹത്തിന്റെ സമീപനം ഏറെ അകലെയായിരുന്നു. ഇന്ത്യയിലെ വര്‍ഗ്ഗസംഘര്‍ഷങ്ങള്‍ക്ക് അടിസ്ഥാന കാരണം ഇന്ത്യയിലെ സവിശേഷമായ സാമൂഹികക്രമ (Social order) മാണെന്നും ഒരു സമ്പൂര്‍ണ്ണ ജനാധിപത്യക്രമമായി അത് പരിവര്‍ത്തനപ്പെടണമെങ്കില്‍ ഹിന്ദു സോഷ്യല്‍ ഓര്‍ഡറിനെ വിമര്‍ശനവിധേയമാക്കുകയും മാറ്റിമറിക്കേണ്ടതുണ്ടെന്നും ഡോ. അംബേദ്കര്‍ കരുതി. ബൗദ്ധപാരമ്പര്യത്തെ തകര്‍ത്ത്, ചാതുര്‍വണ്ണ്യവ്യവസ്ഥയെ ജാതിവ്യവസ്ഥയാക്കി മാറ്റിയ ഹിന്ദു സോഷ്യല്‍ ഓര്‍ഡറിന്റെ അഭേദ്യമായ ഘടകമാണ് ജാതി. വര്‍ഗ്ഗ സംഘര്‍ഷത്തിന്റെ ഇന്ത്യന്‍ രൂപമെന്ന നിലയില്‍ ‘ജാതി’ എന്ന രാഷ്ട്രീയ ഘടകത്തെയാണ് ഡോ. അംബേദ്കര്‍ പഠനവിധേയമാക്കുന്നത്. ഇതിന് മാര്‍ക്‌സിസ്റ്റ് വര്‍ഗ്ഗവിശകലനവുമായി ബന്ധമില്ല.
ജാതി, ഗ്രേഡഡ് ഇന്‍ ഇക്വാലിറ്റിയുടെ സൃഷ്ടി:
ഹിന്ദു സാമൂഹിക ക്രമത്തിന്റെ (Social order) സവിശേഷതകള്‍ ഡോ. അംബേദ്കര്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. വ്യക്തികള്‍ക്ക് ഹിന്ദു സാമൂഹിക ക്രമത്തില്‍ ഒരു പരിഗണനയുമില്ല. മനുഷ്യാവകാശത്തിന് പങ്കില്ല. ”വ്യക്തികള്‍”ക്ക് പകരം ”വര്‍ണ്ണവും”, ”വര്‍ഗ്ഗവു”മാണ് സാമൂഹികക്രമത്തിന്റെ അടിസ്ഥാനമാകുന്നത്. ഹിന്ദുസമൂഹത്തിന്റെ ആദര്‍ശത്തിന്റെ (Ideal) കേന്ദ്രം വ്യക്തിയോ സമൂഹമോ അല്ല. അത് ഒരു വര്‍ഗ്ഗമാണ് – ബ്രാഹ്മണര്‍ എന്ന അതിമാനുഷ (Superman) രുടെ വര്‍ഗ്ഗം (ഫിലോസഫി ഓഫ് ഹിന്ദുയിസം : Dr. Babasaheb Ambedkar Writings and Speeches Vol. 3 P. 72) ഹിന്ദുസമൂഹം ”വ്യക്തി”യെ കേന്ദ്രബിന്ദുമായി കാണുന്നില്ല; സമൂഹത്തെയും കേന്ദ്രബിന്ദുമായി കാണുന്നില്ല. അത് ജാതി എന്ന വര്‍ഗ്ഗത്തെ കേന്ദ്രീകരിച്ചാണ് നിലനില്ക്കുന്നത്. ”വ്യക്തികളുടെ കഴിവിന് യാതൊരു പരിഗണനയുമില്ല. വ്യക്തികളുടെ നീതിക്കും യാതൊരു സ്ഥാനവുമില്ല. സവിശേഷ പരിഗണന (previlege) കിട്ടുന്നുണ്ടെങ്കില്‍, അത് വ്യക്തി എന്ന നിലയില്‍ കിട്ടുന്നതല്ല. സവിശേഷപദവി ഒരു ജാതി (വര്‍ഗ്ഗം) യില്‍ പെട്ടത് കൊണ്ടുമാത്രം ലഭിക്കുന്നു. മറുവശത്ത്, ഒരു വ്യക്തി ഒരു തിന്മ കൊണ്ട് പ്രയാസമനുഭവിക്കുന്നുണ്ടെങ്കില്‍ അത് അയാളുടെ ചെയ്തികൊണ്ടല്ല; മറിച്ച് ഒരു പ്രത്യേക ജാതിയില്‍ പെട്ടതുകൊണ്ടാണ്. ഒരു വൈകല്യം ഒരു ജാതിയുടെ മേല്‍ കെട്ടിയേല്‍പ്പിക്കുന്ന വൈകല്യമാണ്; ഇക്കാരണത്താല്‍ ഒരാള്‍ കഷ്ടതയനുഭവിക്കുന്നുണ്ടെങ്കില്‍ ഒരു പ്രത്യേക ജാതിയില്‍ പെട്ടതുകൊണ്ടുമാണ്. (BAWS. vol; 3. p. 99).
മുകളില്‍ ബ്രാഹ്മണര്‍, അതിന് താഴെ ക്ഷത്രിയര്‍, വൈശ്യര്‍, ശൂദ്രര്‍ എന്നിങ്ങനെയും ഏറ്റവും താഴെതട്ടില്‍ പഞ്ചമരും എന്ന ക്രമത്തില്‍ രൂപപ്പെടുത്തിയ ഈ സാമൂഹിക ക്രമത്തില്‍, സമൂഹത്തെ ലംബമായും (vertical) തിരശ്ചീനമായും (horizontal) വിഭജിക്കുന്നു എന്നതാണ് സുപ്രധാനം. ഈ മേല്‍ – കീഴ് ബന്ധത്തിന് വിശ്വാസപരം (spiritual), സദാചാരപരം (moral), കൂടാതെ നിയമപരവുമായ അംഗീകാരമുണ്ട്. നൂറ്റാണ്ടുകളായി അത് രൂഢമൂലമാണ്. സാമൂഹികവും രാഷ്ട്രീയവും സാമ്പത്തികവുമായ എല്ലാ മണ്ഡലങ്ങളെയും അത് ഗ്രസിച്ചിരിക്കുന്നു. ജാതി, തൊഴിലുകളില്‍ നിന്ന് മാറാന്‍ കഴിയാത്ത ശാശ്വതമായ തൊഴില്‍ വിഭജനവുമാണ്. ഇതിന്റെ ലംഘനമുണ്ടായാല്‍ കര്‍ക്കശമായ ശിക്ഷാരീതികളും മര്‍ദ്ദനരീതികളും നിലനിര്‍ത്തി വന്നിരുന്നു. എല്ലാറ്റിനും പുറമെ ഈ തൊഴില്‍ വിഭജനം വ്യക്തികളുടെ കഴിവനുസരിച്ചല്ല; മറിച്ച് ജന്മസിദ്ധമായി കണക്കാക്കി വരുന്നു. വ്യക്തികളുടെ ധാര്‍മ്മിക ശേഷിയെ അടിച്ചമര്‍ത്താന്‍ വിദ്യാഭ്യാസം നിഷേധിക്കുകയും ചെയ്തു.
ഹിന്ദു സാമൂഹിക ക്രമത്തിന്റെ ഭാഗമായി രൂപപ്പെട്ട ‘വര്‍ഗ്ഗ’ത്തെയാണ് ഡോ. ബി. ആര്‍. അംബേദ്കര്‍ അഭിസംബോധന ചെയ്യുന്നത്. വര്‍ഗ്ഗസംഘര്‍ഷം നിറഞ്ഞ ലോകത്തിന്റെ ഭാഗമാണിതെങ്കിലും, മാര്‍ക്‌സിന്റെ വര്‍ഗ്ഗവിശകലനരീതിയില്‍ നിന്നും ഏറെ അകലെയാണ്. ”ഓരോ വ്യക്തിയില്‍ നിന്നും അവന്റെ ആവശ്യമനുസരിച്ച്, ഓരോ വ്യക്തിക്കും അവരുടെ ശ്രേഷ്ഠതയനുസരിച്ച്” എന്നതാണ് ഹിന്ദുദര്‍ശനം. ഡോ. ബി. ആര്‍. അംബേദ്കറിന്റെ ”വര്‍ഗ്ഗ” വിശനരീതിയെക്കുറിച്ച് അദ്ദേഹം വ്യക്തമാക്കുന്നുണ്ട്. ജാതി എന്ന ”വര്‍ഗ്ഗ”ത്തെ ഒറ്റപ്പെടുത്തി എടുത്ത് മനസ്സിലാക്കാന്‍ കഴിയില്ലെന്നും, ഓരോ ജാതിയെയും വെവ്വേറെ മനസ്സിലാക്കുന്നതോടൊപ്പം ഇവ ഒന്നിക്കുമ്പോഴുള്ള ഫലം (combination) കൂടികണക്കിലെടുക്കണം എന്നാണ് പറയുന്നത്. സ്വാതന്ത്ര്യം (liberty), സാഹോദര്യം (fraternity), സമത്വം (equality) എന്നീ മൂല്യബോധത്തിലേക്ക് സമൂഹം മുന്നേറുന്നതിനെ ഹിന്ദുസോഷ്യല്‍ ഓഡര്‍ എങ്ങിനെ തടയുന്നു എന്നും, ഒരു വര്‍ഗ്ഗമെന്ന നിലയില്‍ തൊഴിലാളികള്‍ക്ക് സമത്വം/സ്വാതന്ത്ര്യം/സാഹോദര്യം എന്നീ ജനാധിപത്യ ആശയത്തിലേക്ക് മുന്നേറുന്നതിനെ ജാതിവിഭജനം തടയുന്നു എന്നും അദ്ദേഹം വ്യക്തമാക്കുന്നു.
”ജാതിവ്യവസ്ഥ ഒരു തൊഴില്‍ വിഭജനം മാത്രമല്ല – ഇത് സാധാരണ തൊഴില്‍ വിഭജനങ്ങളില്‍ നിന്നും തികച്ചും ഭിന്നമാണ് – വിവിധ തട്ടുകളിലുള്ള തൊഴിലാളികളെ എങ്ങിനെ മേല്‍കീഴ്ക്രമത്തില്‍ വിഭജിച്ചിരിക്കുന്നു എന്നതുകൂടിയാണ് (BAWS – Vol. 3-P.67) (1) ജാതി, തൊഴിലാളികളെ വിഭജിക്കുന്നു (2) തൊഴിലിനെ അതിന്റെ അഭിരുചിയില്‍ നിന്നും വേര്‍പെടുത്തുന്നു (3) ജാതി കായികാദ്ധ്വാനത്തെ ബുദ്ധിയില്‍ നിന്നും വേര്‍പെടുത്തുന്നു (4) ജാതി ചലനക്ഷമതയെ തടയുന്നു, തുടങ്ങിയ സുപ്രധാനനിരീക്ഷണങ്ങളും മുന്നോട്ടുവെക്കുന്നു.
2. മാര്‍ക്‌സിന്റെ വര്‍ഗ്ഗവിശകനരീതി
ചരിത്രത്തില്‍ ”വ്യക്തി” (individual) കളുടെ വിമോചനവുമായി ബന്ധപ്പെട്ടാണ് മാര്‍ക്‌സ് വര്‍ഗ്ഗരൂപീകരണത്തെ വിശദീകരിക്കുന്നത്. ചരക്കുല്പാദനം (commodity production) ”വ്യക്തി”കളും ”വ്യക്തി”കളും തമ്മിലുള്ള ബന്ധം – ഒരു ഭൂവുടമയും അടിയാളനും തമ്മിലുള്ള ബന്ധം, ഒരു ഭൂവുടമയും കുടിയാനും തമ്മിലുള്ള ബന്ധം, അല്ലെങ്കില്‍ ഒരു ജാതിക്കും ഗോത്രത്തിനും ഉള്ളിലുള്ള ബന്ധം – വളരെ പരിമിതമായ ചട്ടക്കൂടിനുളളിലുള്ളതോ, രക്തബന്ധുക്കള്‍ക്കിടയിലുള്ളതോ മാത്രമാണ്. ഈ ചട്ടക്കൂട്ടില്‍ ചരക്കുത്പാദനത്തിലേര്‍പ്പെടുന്നവര്‍ക്കിടയിലെ ”വ്യക്തിത്വം” പ്രകടിപ്പിക്കാനുള്ള വസ്തുനിഷ്ഠ സാഹചര്യമില്ല. ”വ്യക്തിത്വം” മൂടിവെക്കപ്പെട്ട ഒന്നുപോലെയാണ്, അതുകൊണ്ട് വ്യക്തിസ്വാതന്ത്ര്യത്തിന്റെ പ്രശ്‌നം ഉദിക്കുന്നില്ല. എന്നാല്‍ ചരക്കുല്‍പാദനം വ്യാപ്തി കൈവരിക്കുകയും സര്‍വ്വശക്തനായ പണം (money) എല്ലാറ്റിന്റെയും നിയന്ത്രണം ഏറ്റെടുക്കുകയും ചെയ്യുന്നു. ഒരു ബലപ്രയോഗവുമില്ലാതെ സഹോദരബന്ധങ്ങളും രക്തബന്ധങ്ങളും തകര്‍ക്കപ്പെടുകയും ”വ്യക്തി” ഉദയം ചെയ്യുകയും ചെയ്യുന്നു. ഈ ചട്ടക്കൂടില്‍ മനുഷ്യന്റെ സ്വാതന്ത്ര്യത്തിന്റെ അടിസ്ഥാനമെന്ത് എന്ന് മാര്‍ക്‌സ് ഇങ്ങിനെ വിശദമാക്കുന്നു.
”……… അപ്പോള്‍ തുടക്കത്തില്‍ തന്നെ ഒരു കാര്യം വ്യക്തമാക്കപ്പെടുകയാണ്; ഇത്തരം സമൂഹങ്ങളില്‍ അവരുടെ ബന്ധങ്ങള്‍ കൂടുതല്‍ വ്യക്തിപരമായി തോന്നുമെങ്കിലും, ഒരു ഫ്യൂഡല്‍ പ്രമാണിയും (fuedal lord) കുടിയാന്‍ (vassal), ഭൂവുടമയും (land lord) അടിയാളനും (serf), അതുമല്ലെങ്കില്‍ ഒരു ജാതിക്കുള്ളില്‍ – അതുമല്ലെങ്കില്‍ ഒരു എസ്റ്റേറ്റിലെ (estate) – നിര്‍ദ്ദിഷ്ടചട്ടക്കൂടിനുളളില്‍ തടവുകാരാക്കപ്പെട്ട നിലയില്‍ മാത്രമുള്ള ബന്ധങ്ങളില്‍ മാത്രമെ ഏര്‍പ്പെടുന്നുള്ളൂ. എന്നാല്‍ പണത്തിന്റെ (money) വ്യവഹാരഘട്ടത്തില്‍, വികസിതമായ പണ വ്യവസ്ഥയില്‍ (developed money exchange), വ്യക്തിപരമായ ആശ്രയങ്ങളുടെ കെട്ടുപാടുകള്‍, രക്തബന്ധത്തിന്റെ അടിസ്ഥാനത്തിലുള്ള വേര്‍തിരിവുകള്‍ തുടങ്ങിയവയെല്ലാം തകര്‍ന്നുപോകുകയും പിച്ചിചീന്തപ്പെടുകയും (ഏറ്റവും ചുരുങ്ങിയത് വ്യക്തിപരമായ കെട്ടുപാടുകള്‍ എല്ലാം വ്യക്തിപരമായ personal ബന്ധങ്ങള്‍ മാത്രമായി നില്‍ക്കുകയും) വ്യക്തികള്‍ സ്വതന്ത്രമായി മാറിയതായും തോന്നുന്നു…. പരസ്പരം ഏറ്റുമുട്ടാന്‍ മാത്രം (collide) സ്വതന്ത്രരായി മാറുകയും ഈ സ്വാതന്ത്ര്യത്തില്‍ കൈമാറ്റത്തിലേര്‍പ്പെടാന്‍ സ്വാതന്ത്രരാകുകയും ചെയ്യുന്നു….” (Marks, Grundrisse – P. 164 – Penguin Books)
ചരക്കുല്‍പാദനത്തിന്റെ പ്രക്രിയയില്‍ ”വ്യക്തി” എങ്ങിനെയാണ് ചരിത്രത്തില്‍ ഉദയം ചെയ്തതെന്നും, ഇതേ ചരിത്രം തന്നെ വര്‍ഗ്ഗ വ്യക്തിയായി മാറി അവനെ അസ്വതന്ത്രനാക്കി (unfree) എന്നുമാണ് മാര്‍ക്‌സ് വിശദീകരിക്കുന്നത്. ഉല്‍പാദനത്തിന്റെ ഉയര്‍ന്ന ഘട്ടത്തില്‍ വ്യക്തികള്‍ ഉല്‍പാദനത്തില്‍ വ്യാപൃതരാകുന്നുണ്ടെങ്കിലും, ഉല്‍പന്നം അവന് വേണ്ടിയല്ല. ”വ്യക്തി”യുടെ ഉല്‍ഭവത്തോടൊപ്പം സ്വകാര്യവ്യക്തി (private individual) എന്ന നിലയിലും വര്‍ഗ്ഗവ്യക്തി (class individual) എന്ന നിലയിലും വ്യക്തികള്‍ വിഭജിക്കപ്പെടുകയാണ്. സ്വതന്ത്രവ്യക്തികളുടെ താല്പര്യങ്ങള്‍ രാഷ്ട്രീയ മണ്ഡലത്തില്‍ പ്രതിഫലിക്കുന്നതോടെ സ്വകാര്യവ്യക്തിയുടെ താല്പര്യവും പൊതുതാല്പര്യവും തമ്മിലുള്ള വൈരുദ്ധ്യം ഉടലെടുക്കുകയും ചെയ്യുന്നിടത്ത് വര്‍ഗ്ഗസമരം അനിവാര്യമാകുകയും ഭരണകൂടം ഉല്‍ഭവിക്കുന്നതായും വിലയിരുത്തുന്നു.
തൊഴില്‍ വിഭജനത്തിലൂടെ വര്‍ഗ്ഗവ്യക്തികള്‍ രൂപപ്പെടുകയും ഭരണകൂടം ആവിര്‍ഭവിക്കുകയും ചെയ്യുന്ന മാര്‍ക്‌സിന്റെ വിശകലനം ഇന്നും ചോദ്യം ചെയ്യപ്പെടാതെ നിലനില്‍ക്കുന്നുണ്ടെങ്കിലും മുതലാളിത്ത ജനാധിപത്യത്തിന്റെ വളര്‍ച്ചയുടെ ഘട്ടത്തിലും തുടര്‍ന്ന് കൊളോണിയല്‍ ആധിപത്യകാലഘട്ടത്തിലും വര്‍ഗ്ഗവ്യക്തികളും വര്‍ഗ്ഗങ്ങളും രൂപപ്പെടുന്ന യൂറോപ്യന്‍ മാതൃക ഒരു സാര്‍വ്വലൗകിക (universal) തത്വമായി സ്വീകരിക്കാന്‍ കഴിയില്ല എന്ന സന്ദേശമാണ് ഡോ. അംബേദ്കര്‍ നല്‍കുന്നത്. ചരക്കുല്പാദനവും, പണവും, കമ്പോളവും ലോകമെമ്പാടുമുള്ള മനുഷ്യരെ ഉദ്ഗ്രഥിക്കുന്നതു വഴി ഗോത്രം, ജാതി, വംശം തുടങ്ങിയ ബന്ധങ്ങള്‍ സ്വയോല്‍ഭവമായി തുടച്ചുനീക്കപ്പെടും എന്ന വീക്ഷണം മാര്‍ക്‌സില്‍ ശക്തമായി സ്വാധീനം ചെലുത്തിയിരുന്നു എന്ന് കാണാം. അതുകൊണ്ടുതന്നെ മുതലാളിത്ത രാജ്യങ്ങളിലെ വര്‍ഗ്ഗരൂപീകരണത്തിന്റെ പാതയില്‍ നിന്നും ഭിന്നമായ ഒന്നെന്ന നിലയില്‍ മതത്തിന്റെ പിന്‍തുണയോടെ നടന്ന തൊഴില്‍ വിഭജനമാണ് ജാതി എന്നത് മാര്‍ക്‌സിസ്റ്റുകള്‍ക്ക് അജ്ഞാതമായി തുടരുകയാണ്.
വര്‍ഗ്ഗവിശകലനത്തിലെ സാമ്പത്തിക ന്യൂനീകരണം – മാര്‍ക്‌സിസത്തിലെ പ്രതിസന്ധി
കിഴക്കന്‍ രാജ്യങ്ങളെക്കുറിച്ച് മാര്‍ക്‌സിന് ധാരണയില്ലാത്തതുകൊണ്ടാണ് ഇന്ത്യയിലെ ജാതിവ്യവസ്ഥ പഠിക്കപ്പെടാതെ പോയതെന്നും, യൂറോപ്പിനെ സംബന്ധിച്ചിടത്തോളം മാര്‍ക്‌സ് – ഏംഗല്‍സിന്റെ വര്‍ഗ്ഗവിശകലന രീതി ശരിയാണെന്നുമുള്ള ധാരണ ഇന്ത്യന്‍ മാര്‍ക്‌സിസ്റ്റുകള്‍ക്കിടയിലുണ്ട്. ചില അംബേദ്കറൈറ്റുകളും ഇത് ശരിയാണെന്ന് ധരിച്ചുവരുന്നു. എന്നാല്‍ സാമൂഹിക ബന്ധങ്ങളെ സാമ്പത്തിക വര്‍ഗ്ഗങ്ങളിലേക്ക് മാത്രം പരിമിതപ്പെടുത്തിയ മാര്‍ക്‌സ് – ഏംഗല്‍സിന്റെ സമീപനം യൂറോപ്പിനെ സംബന്ധിച്ച പഠനങ്ങളിലും കാണാം. ഗോത്രങ്ങളില്‍ നിന്നും ദേശീയ സ്റ്റേറ്റിലേക്കുള്ള പരിവര്‍ത്തന കാലഘട്ടത്തില്‍ ഗോത്രം, വംശം തുടങ്ങിയ സാമൂഹിക ഘടകങ്ങളെല്ലാം ചരിത്രത്തിന്റെ തിരശ്ശീലക്ക് പിന്നിലേക്ക് സ്വയം പിന്‍മാറുന്ന ഘടകങ്ങളായി മാത്രമാണ് മാര്‍ക്‌സിസം കണ്ടുവന്നത്.
ഗോത്രത്തില്‍ നിന്നും ദേശീയ സ്റ്റേറ്റിലേക്കുള്ള പരിണാമഘട്ടത്തെ ”കുടുംബം, സ്വകാര്യസ്വത്ത്, ഭരണകൂടം എന്നിവയുടെ ഉല്‍ഭവം” (Origin of Family, Private property and State) എന്ന കൃതിയില്‍ ഏംഗല്‍ വിശകലന വിധേയമാക്കുന്നുണ്ട്. ലൂയിസ് എച്ച്. മോര്‍ഗന്റെ (Lewis H. Morgan, 1877 Ancient Society) നരവംശശാസ്ത്ര പഠനത്തെ ആസ്പദമാക്കി ഏംഗല്‍സ് തയ്യാറാക്കിയ പഠനമാണിത്. മാര്‍ക്‌സിന്റെ പഠനക്കുറിപ്പും ഇതിനായി പരിഗണിക്കപ്പെട്ടിട്ടുണ്ട്. ഏംഗല്‍സിന്റെ പഠനത്തില്‍ റോമന്‍, അഥീനിയന്‍, ജര്‍മ്മന്‍ തുടങ്ങിയ സ്റ്റേറ്റുകളുടെ പ്രാഥമിക വികാസഘട്ടങ്ങളെയാണ് വിശകലനം ചെയ്യുന്നത്. ഈ പഠനത്തില്‍ ഏംഗല്‍സ് ചരക്കുല്പാദനവും തൊഴില്‍ വിഭജനവും രക്തബന്ധാധിഷ്ഠിതമായി (consanguinity) നിലനില്‍ക്കുന്ന ഗോത്രവര്‍ഗ്ഗങ്ങളുടെ ആന്തരികപരിണാമത്തെക്കുറിച്ചാണ് വിശകലനം ചെയ്യുന്നത്. ഇറോക്വോയിസ് ഗോത്രവര്‍ഗ്ഗക്കാരെ സംബന്ധിച്ച മോര്‍ഗന്റെ പഠനങ്ങളിലെ നിരീക്ഷണത്തില്‍, അത്തരം ഗോത്രവര്‍ഗ്ഗങ്ങളെല്ലാം സഗോത്രത (Endogamous – ഗോത്രത്തിന് പുറത്ത് നിന്നും വൈവാഹിക ബന്ധത്തെ നിരോധിക്കുന്ന രീതി) പുലര്‍ത്തുന്നവരാണെന്നും ഇത്തരം സഗോത്രത സാമൂഹ്യസംഘടനാ സംവിധാനത്തിന്റെ ഉള്ളില്‍ ജെന്‍സ് (gens) എന്ന പേരില്‍ അറിയപ്പെടുന്ന പരഗോത്രത (Exogamous – കൂട്ടായ്മക്കുള്ളിലുള്ള വൈവാഹികബന്ധം വിലക്കുന്നു) പിന്‍തുടരുന്ന നിര്‍ദ്ദിഷ്ട എണ്ണം ഗ്രൂപ്പുകളുണ്ടെന്നും (elan) കണ്ടെത്തുന്നുണ്ട്. പരഗോത്രത പുലര്‍ത്തുന്ന ജെന്‍സ് (gens) ഗ്രൂപ്പുകള്‍ മാതൃദായക്രമം (matrilineal) പിന്‍തുടരുന്നവരാണ്. മോര്‍ഗന്റെ പഠനത്തെ ആശ്രയിച്ച് ഏംഗല്‍സ് എത്തിച്ചേരുന്ന നിഗമനം സഗോത്രത (engogamous) പുലര്‍ത്തുന്ന ഗോത്ര സാമൂഹ്യസംഘടനയും പരഗോത്രത (exogamy) പുലര്‍ത്തുന്ന ജെന്‍സ് (gens) എന്ന ഗ്രൂപ്പുകളും തമ്മിലുള്ള വൈരുദ്ധ്യാത്മകബന്ധത്തിലാണ് ഗോത്രം എന്ന സാമൂഹിക സംഘടനാരൂപം നിലനില്‍ക്കുന്നത് എന്നാണ്. സഗോത്രത തുടരുന്ന ഗോത്രം മറ്റ് ഗോത്രങ്ങളുമായുള്ള വൈവാഹിക ബന്ധം നിരോധിക്കുമ്പോള്‍, ജെന്‍സ് (gens) ഗ്രൂപ്പുകള്‍ പുലര്‍ത്തുന്ന പരഗോത്രത (exogamy) ഗോത്രത്തിനുള്ളിലെ മറ്റ് ജെന്‍സ് ഗ്രൂപ്പുകളുമായുള്ള വിവാഹബന്ധത്തെ പ്രോത്സാഹിപ്പിക്കുന്നു. പാശ്ചാത്യരാജ്യങ്ങളിലെ ഗോത്രവര്‍ഗ്ഗങ്ങള്‍ക്കിടയില്‍ മോര്‍ഗന്‍ നിരീക്ഷിച്ച ഈ സ്വഭാവം സാര്‍വ്വദേശീയതലത്തില്‍ ഗോത്രവര്‍ഗ്ഗങ്ങളില്‍ കണ്ടുവരുന്നതാണ്. ഏംഗല്‍സിന്റെ നിരീക്ഷണത്തില്‍, ഗോത്രവര്‍ഗ്ഗം പിന്‍തുടര്‍ന്നുവന്നിരുന്ന സാമുദായിക സ്വത്തവകാശം (communal property right) സ്വകാര്യസ്വത്തുടമസ്ഥതയിലേക്ക് പരിവര്‍ത്തനപ്പെടുന്നതോടെ ഏകദാമ്പത്യം (monogamy) ഉയര്‍ന്നുവരികയും, ചരക്കുല്പാദനത്തിന്റെ ഉയര്‍ന്ന ഘട്ടത്തില്‍ പരഗോത്രതയും (exogamy) മാതൃദായക്രമവും പിന്‍തുടര്‍ന്നുവന്ന ജെന്‍സ് (gens) എന്ന പേരില്‍ അറിയപ്പെടുന്ന ഗ്രൂപ്പുകള്‍ (elans) ക്ക് അതിന്റെ പരഗോത്രത (exogamy) വൈവാഹിക ചട്ടക്കൂട് നഷ്ടപ്പെട്ട് ദേശീയസ്റ്റേറ്റിന്റെ വിശാലമായ മണ്ഡലത്തില്‍ ലയിച്ചുചേരുകയും ചെയ്യുന്നതായി നിഗമനത്തിലെത്തുന്നു. ഗോത്രത്തിനുള്ളിലെ ആവാന്തരവിഭാഗങ്ങള്‍ ചരക്കുല്‍പാദനത്തിന്റെയും, സ്വകാര്യസ്വത്തുടമസ്ഥതയുടെയും വളര്‍ച്ചയോടെ അപ്രത്യക്ഷമായേക്കാമെങ്കിലും സഗോത്രത (endogamous) ശക്തമായി പിന്‍തുടരുന്ന ഗോത്രങ്ങളുടെ ചട്ടക്കൂടിന് എന്ത് സംഭവിച്ചു എന്ന് മാര്‍ക്‌സ് – ഏംഗല്‍സിന്റെയോ, പിന്‍ക്കാല മാര്‍ക്‌സിസ്റ്റുകളുടെയോ യാതൊരുവിധ പഠനവും കാണുന്നില്ല. മാത്രമല്ല മേല്‍പറഞ്ഞ പ്രക്രിയ ഒരു പൊതുതത്വമായി പരിഗണിക്കാന്‍ കഴിയുമോ എന്നും സംശയമാണ്.
എല്ലാ മുതലാളിത്ത രാജ്യങ്ങളിലും, മുന്‍ സോഷ്യലിസ്‌ററ് രാഷ്ട്രങ്ങളിലും ‘പൊതുവായ ഭാഷയും രക്തബന്ധവുമുള്ള, പൊതുവായ ചരിത്രപാരമ്പര്യമുള്ള, പൊതുവായ പാരമ്പര്യവും’ മനോവികാരങ്ങളുമുള്ള, ജീവിതലക്ഷ്യങ്ങള്‍ക്ക് വേണ്ടി ഏറെക്കുറെ ശക്തമായ വികാരത്തോടെ ബോധപൂര്‍വ്വവും അല്ലാതെയും പരിശ്രമിക്കുന്ന മനുഷ്യരുടെ അതിവിശാലമായ ഒരു കുടുംബം പോലെയുള്ള ആളുകളെ’ നമുക്ക് കാണാന്‍ കഴിയും. ഇത്തരം ആള്‍ക്കൂട്ടത്തെ ഒരേ ‘വംശജര്‍’ എന്നാണ് വിശേഷിപ്പിക്കാറുള്ളത്. മുതലാളിത്ത കാലഘട്ടത്തില്‍ യൂറോപ്പില്‍ ശക്തി പ്രാപിച്ച എല്ലാ വംശീയ വിഭാഗങ്ങളും ഫാസിസ്റ്റുകളും (ഗ്രീസ് ഒഴികെ) ആഫ്രോ-ഏഷ്യന്‍-ലാറ്റിനമേരിക്കന്‍ രാജ്യങ്ങളിലെ തദ്ദേശീയ സമൂഹങ്ങളെയും (indegenous) ഗോത്രവര്‍ഗ്ഗങ്ങളെയും, മറ്റ് ജനവിഭാഗങ്ങളെയും കീഴ്‌പെടുത്തുകയും ചെയ്തത് യൂറോപ്യന്‍ മുതലാളിത്ത-വംശീയ ശക്തികളായിരുന്നുവെന്നത് തര്‍ക്കമറ്റ സംഗതിയാണ്. സാമ്പത്തികഘടകം എന്ന നിലയില്‍ വര്‍ഗ്ഗത്തിന് അപ്പുറം ‘വംശീയത’യെപോലുള്ള സാമൂഹ്യബന്ധങ്ങള്‍ മതവും ഭരണകൂടങ്ങളുമായി ബന്ധപ്പെട്ട സവിശേഷ സാമൂഹിക ബന്ധങ്ങളാണെന്നത് മാര്‍ക്‌സിസ്റ്റ് വിശകലന പദ്ധതിയില്‍ ഉള്‍പ്പെടുന്നില്ല. പശ്ചാത്യമുതലാളിത്തം കൊളോണിയലിസമായി പരിവര്‍ത്തനപ്പെടുമ്പോള്‍ ലോകമെമ്പാടുമുള്ള തദ്ദേശീയ സമൂഹങ്ങളുടെ മേല്‍ വംശീയ ആധിപത്യമാണ് പുലര്‍ത്തിയിരുന്നതെന്നും, അതിന്റെ ക്രൂരമായ മുഖം അനാവരണം ചെയ്യുന്ന വസ്തുതകളും പഠനങ്ങളും മാര്‍ക്‌സിന് മുന്നില്‍ ലഭ്യമായിരുന്നെന്നും ഇപ്പോള്‍ കൂടുതല്‍ വസ്തുതകള്‍ പുറത്തുവന്നിട്ടുണ്ട് (Marx and the Indegenous – Monthly Review – John Bellamy Foster & Others, 2020). ആഫ്രോ-ഏഷ്യന്‍-ലാറ്റിനമേരിക്കന്‍ രാജ്യങ്ങളിലെ ജനതകളുടെ കൊളോണിയല്‍ ശക്തികള്‍ക്കെതിരെയുള്ള ചെറുത്തുനില്‍പുകള്‍ കാണിക്കുന്നത് ചരക്കുല്‍പാദനവും, മൂലധനത്തിന്റെ കടന്നുവരവും തദ്ദേശീയ സമൂഹങ്ങളുടെ (indigenous communities) ആന്തരിക ഘടനയിലും രക്തബന്ധാധിഷ്ഠിതമായ ഗോത്ര-സാമൂഹികബന്ധങ്ങളിലും കാര്യമായ പോറലേല്‍പിക്കുന്നില്ല എന്നുമാണ്. ഇന്ത്യയിലെ ജാതിവ്യവസ്ഥയെ കൊളോണിയല്‍ മൂലധനം ശക്തിപ്പെടുത്തുകയാണ് ചെയ്തത് എന്നും കാണാം. ഗോത്ര-വംശീയബന്ധങ്ങളും ജാതി ഉള്‍പ്പെടെയുള്ള മറ്റ് സവിശേഷ സാമൂഹികബന്ധങ്ങളും വ്യതിരിക്തമായ ചലനനിയമമാണ് പിന്‍തുടര്‍ന്നുവന്നിട്ടുള്ളത് എന്ന് കാണാം. ഡോ. ബി. ആര്‍. അംബേദ്കര്‍ വികസിപ്പിച്ച ചിന്താപദ്ധതി മാര്‍ക്‌സിസത്തിന് തികച്ചും അജ്ഞാതമായിരുന്നു.
മുതലാളിത്ത ആധുനികതക്കെതിരെ തദ്ദേശീയജനതകളുടെ സംസ്‌ക്കാരം
(Indegenous Culture)
യൂറോപ്പിനെ കേന്ദ്രമായി എടുത്ത മാര്‍ക്‌സിന്റെ വര്‍ഗ്ഗ വിശകലന രീതിയില്‍ നാം കാണുന്നത് ആധുനികലോകം രണ്ടായി വിഭജിക്കപ്പെട്ടിരിക്കയാണെന്നും, മൂലധനവും അദ്ധ്വാനവും തമ്മിലുള്ള വൈരുദ്ധ്യത്തിന്റെ അടിസ്ഥാനത്തില്‍ മുതലാളിത്തവും മര്‍ദ്ദിതവര്‍ഗ്ഗങ്ങളുമായി ചേരിതിരിഞ്ഞ് കൊണ്ടിരിക്കുകയാണെന്നുമാണ്. എന്നാല്‍ ആധുനികതയുടെ കാലഘട്ടത്തില്‍ ശാസ്ത്രത്തിന്റെ പിന്‍ബലത്തിലൂടെ വളര്‍ന്നുവന്ന ദര്‍ശനങ്ങളുടെയും പ്രത്യയശാസ്ത്രങ്ങളുടെയും പിന്‍ബലത്തിലൂടെ പുതിയ ഒരു നാഗരിക ലോകക്രമം സൃഷ്ടിച്ചിട്ടുണ്ടെങ്കിലും, ഇതിന് നേര്‍വിപരീതമായി തദ്ദേശീയ സമൂഹങ്ങളുടെ (Indegenous Communities) മറ്റൊരു ലോകം, ലോകമെങ്ങും അതിജീവിച്ചുവരുന്നു എന്നും നമുക്ക് കാണാം. പ്രകൃതിയും മനുഷ്യനും തമ്മിലുള്ള പാരസ്പര്യത്തിലൂടെ (co-existence) ഉയര്‍ന്നുവരുന്ന തദ്ദേശീയ സമൂഹങ്ങളുടെ സാമൂഹ്യ സംഘാടനത്തില്‍ മനുഷ്യകര്‍ത്ത്യത്വത്തിന്റെ (subjectivity) പങ്കുണ്ട് എന്നതും നിഷേധിക്കാനാവാത്തതാണ്. ഗോത്രസ്വയംഭരണ രൂപങ്ങള്‍ എന്ന് ലോകമെങ്ങും കാണുന്ന ഈ സാമൂഹിക ക്രമത്തിന് അവരുടെ തനതായ ഭരണരൂപങ്ങളും, ഭാഷയും, സംസ്‌ക്കാരവും നിലനില്‍ക്കുന്നുമുണ്ട്. തദ്ദേശീയ സംസ്‌ക്കാരങ്ങളുടെ (Indegenous culture) ചെറുത്തുനില്‍പ്പിന്റെ ശക്തിയും, അതിന്റെ അതിജീവനത്തിനായി അവര്‍ ഉയര്‍ത്തിക്കൊണ്ടു വരുന്ന ഭരണരൂപങ്ങളും മാതൃകകളും കൊളോണിയല്‍ ആധുനികതയ്ക്ക് എതിരാണ്. ചരക്കുല്‍പാദനവും, പണസമ്പദ്‌വ്യവസ്ഥയും യൂറോപ്പില്‍ സോഷ്യലിസ്റ്റ് വിപ്ലവങ്ങള്‍ അനിവാര്യമാക്കും എന്ന് പ്രവചിച്ച മാര്‍ക്‌സിസത്തിന് കൊളോണിയന്‍ ആധുനികതയില്‍ നിന്ന് വേറിട്ട ഒരു കാഴ്ചപ്പാട് ഈ സമൂഹങ്ങളോട് ഉണ്ടായിട്ടില്ല. വളരെ ലളിതമായി പറഞ്ഞാല്‍ തദ്ദേശീയ സമൂഹങ്ങളെ ഒരു ജനാധിപത്യവ്യവസ്ഥയില്‍ ഉള്‍ക്കൊള്ളാനുള്ള സമീപനം മുതലാളിത്തത്തെപോലെ കമ്മ്യൂണിസത്തിനും ഇല്ലെന്ന് കാണാം. മൂലധനത്തിന്റെ വ്യാപനത്തില്‍ ഇത്തരം രൂപങ്ങള്‍ തുടച്ചുനീക്കപ്പെടേണ്ട ഒന്നായി മാത്രമെ കണ്ടിരുന്നുള്ളൂ. തദ്ദേശീയ സമൂഹങ്ങളുടെ വിഭവങ്ങളും ചരിത്രവും യൂറോപ്പിലെ ‘പ്രിമിറ്റീവ് അക്യുമിലേഷ’ന്റെ (Primitive Accumulation) സ്രോതസ്സും, ‘പ്രാകൃതകമ്മ്യൂണ്‍’ രൂപങ്ങളുടെ ഉദാത്തമാതൃകയായും മാത്രമെ കണ്ടിരുന്നുള്ളൂ.
മാര്‍ക്‌സും ഇറാക്വോകളും
മാര്‍ക്‌സിസ്റ്റ് ചിന്താപദ്ധതിക്ക് വേണ്ടി ഉപയോഗപ്പെടുത്തപ്പെട്ട പ്രമുഖരില്‍ ഹെഗല്‍, ചാള്‍സ് ഡാര്‍വിന്‍ തുടങ്ങിയവരോടൊപ്പം പരിഗണിക്കപ്പെടേണ്ട ഒരാളാണ് ലൂയിസ് എച്ച് മോര്‍ഗന്‍. അമേരിക്കയിലെ വംശനാശഭീഷണി നേരിടുന്ന ഇറാക്വോ ഗോത്രവര്‍ഗ്ഗക്കാരെക്കുറിച്ച് വര്‍ഷങ്ങളോളം പഠനം നടത്തിയ മോര്‍ഗന്റെ ‘Ancient Society’ എന്ന പഠനത്തെ ആധാരമാക്കിയാണ് സ്വകാര്യസ്വത്തിന്റെ ഉത്ഭവവും കുടുംബത്തിന്റെ ആവിര്‍ഭാവവും എന്ന പ്രധാനനിഗമനങ്ങളില്‍ മാര്‍ക്‌സ്-ഏംഗല്‍സ് എത്തിച്ചേരുന്നത്. ഒരു ഹ്യൂമനിസ്റ്റ് ആശയമുള്ള വ്യക്തി എന്ന നിലയില്‍ മോര്‍ഗന്റെ ലക്ഷ്യം ചരിത്രപരമായ ഭൗതികവാദത്തിന്റെ സാധൂകരണമായിരുന്നില്ല. മാര്‍ക്‌സ് – എംഗല്‍സ് എന്നിവരെ സംബന്ധിച്ചിടത്തോളം പ്രാക് സമൂഹങ്ങളില്‍ നിന്നും മുതലാളിത്തവികാസഘട്ടങ്ങളെക്കുറിച്ച് പഠിക്കാനുള്ള ഒരു ഉപാധിമാത്രമായിരുന്നു മോര്‍ഗന്റെ പഠനവും, ഇറാക്വോകളുടെ ജീവിതവും. 5 ഗോത്രങ്ങളുടെ കൂട്ടായ്മയായ ‘ഇറാക്വോ കോണ്‍ഫെഡറസി (Iroquois Confedaracy) യെക്കുറിച്ച് മാര്‍ക്‌സിന് നല്ല ധാരണയുണ്ടായിരുന്നു എന്നുള്ള വിവരങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. (Marx and Iroquois – Franklin Rosemont). ബ്രിട്ടീഷ് കൊളോണിയലിസത്തിന്റെ അമേരിക്കന്‍ കുടിയേറ്റത്തെ പ്രതിരോധിക്കാന്‍ കഴിയാതെ ക്രമേണ ന്യൂയോര്‍ക്ക് സ്റ്റേറ്റിന്റെ ഒരു ഭാഗത്ത് മാത്രം ഒതുക്കപ്പെട്ട ഇറോക്വോ ഗോത്രവര്‍ഗ്ഗക്കാര്‍ ലോകമെമ്പാടും അതിജീവനത്തിന് വേണ്ടി പൊരുതുന്ന തദ്ദേശീയ സമൂഹങ്ങളുടെ – ആദിവാസികളുടെ – പ്രതീകമാണ്. ഇവര്‍ തുടച്ചുനീക്കപ്പെട്ടുകൊണ്ടിരിക്കുന്ന കാലത്തെ ചരിത്രത്തെക്കുറിച്ചും, ആഫ്രോ-ഏഷ്യന്‍-ലാറ്റിനമേരിക്കന്‍ രാജ്യങ്ങളിലെ ഗോത്രവര്‍ഗ്ഗക്കാരുടെ പ്രതിരോധത്തെക്കുറിച്ചും ധാരാളം വിവരങ്ങള്‍ മാര്‍ക്‌സിന്റെ മുന്നിലുണ്ടായിരുന്നു. ഈ വിഭാഗക്കാരുടെ പോരാട്ടങ്ങളെ പിന്‍തുണക്കുന്നുമുണ്ട്. എന്നാല്‍, അതിജീവനത്തിന് തദ്ദേശീയ സമൂഹങ്ങള്‍ ഉയര്‍ത്തുന്ന ഭരണരൂപങ്ങളോടും, ജനാധിപത്യവ്യവസ്ഥകളില്‍ അവരുടെ പങ്കാളിത്തത്തെക്കുറിച്ചും മാര്‍ക്‌സിസം മുഖം തിരിച്ചുനിന്നു. നരവംശശാസ്ത്രപഠനങ്ങള്‍ അവരുടെ പിന്നീടുള്ള അന്വേഷണങ്ങളില്‍ ഉപാധികളാക്കുന്നതേ ഇല്ല. ഡോ. ബി. ആര്‍. അംബേദ്കര്‍ ഇതിന് പരിഹാരം കാണുന്നുണ്ട്, അംബേദ്കറിന്റെ ദര്‍ശനങ്ങള്‍ മുതലാളിത്ത ആധുനികതയ്ക്ക് അപ്പുറമാണ്.
3. തൊഴിലാളിവര്‍ഗ്ഗ സര്‍വ്വാധിപത്യത്തിലെ പ്രതിസന്ധിയും ഡോ. ബി. ആര്‍. അംബേദ്കറിന്റെ സാമൂഹികജനാധിപത്യവും
മാര്‍ക്‌സിസത്തിലെ അടിത്തറ – ഉപരിഘടന എന്ന പരികല്പനയെക്കുറിച്ച് ടി. ടി. ശ്രീകുമാര്‍ തന്റെ കുറിപ്പില്‍ പരാമര്‍ശിക്കുന്നുണ്ട്. ഡോ. അംബേദ്കര്‍ ഈ സമീപം സ്വീകരിക്കുന്നതിനാല്‍, മാര്‍ക്‌സിസ്റ്റ് – അംബേദ്കര്‍ സംവാദത്തിനുള്ള സാധ്യതയെക്കുറിച്ചാണ് അദ്ദേഹം പറയുന്നത്. സോഷ്യലിസ്റ്റ് വിപ്ലവത്തിന് നേതൃത്വം നല്‍കിയവരോ, ഇന്നത്തെ കമ്മ്യൂണിസ്റ്റുകളോ വച്ചുപുലര്‍ത്തുന്ന സമീപനമല്ല മാര്‍ക്‌സും അംബേദ്കറും സ്വീകരിച്ചിരുന്നത്. സാമ്പത്തിക അടിത്തറയെ പ്രതിഫലിപ്പിച്ചിരുന്ന ഭരണകൂട സംവിധാനത്തെ പ്രതിനിധീകരിക്കുന്ന മുഴുവന്‍ രാഷ്ട്രീയമണ്ഡലത്തെയും സാമൂഹിക-സാംസ്‌കാരിക മേഖലയെയും ഉപരിഘടനയായാണ് കണ്ടിരുന്നത്. സോഷ്യലിസ്റ്റ് വിപ്ലവത്തിന് നേതൃത്വം കൊടുത്തവരില്‍ മാവോസെതുങ് മാത്രമാണ് വിപ്ലവാനന്തര സോഷ്യലിസ്റ്റ് നിര്‍മ്മിതിയില്‍ ഉപരിഘടനയെ പരിവര്‍ത്തനപ്പെടുത്താന്‍ ശ്രമിച്ചത്. എന്നാല്‍ ചൈനീസ് സാംസ്‌ക്കാരിക വിപ്ലവത്തില്‍ ഇത് സാംസ്‌ക്കാരിക മണ്ഡലത്തിലെ പരിവര്‍ത്തപ്പെടുത്തലില്‍ മാത്രം ചുരുക്കി. മുതലാളിത്തപാതക്കാര്‍ക്കെതിരെയുള്ള സമരത്തില്‍ ഭരണകൂട ഉപകരണമായ സൈന്യത്തിന്റെ കേന്ദ്രീകൃത അധികാരഘടനയെ ചോദ്യം ചെയ്യുന്നതിലേക്ക് എത്തിയപ്പോള്‍ (റെഡ്ഗാര്‍ഡുകള്‍ അത് ചെയ്തിട്ടുണ്ട്). മാവോസെതുങ്ങ് സാംസ്‌ക്കാരിക വിപ്ലവത്തില്‍ നിന്നും പിന്‍മാറി. ചുരുക്കത്തില്‍ സോവിയറ്റ് പരീക്ഷണത്തിലും ചൈനീസ് പരീക്ഷണത്തിലും പൊതു ഉടമസ്ഥതയിലേക്ക് പരിവര്‍ത്തനപ്പെടുത്തിയ സാമ്പത്തിക ഘടനയ്ക്ക് അനുരോധമായി ഉപരിഘടനയെ പരിവര്‍ത്തനപ്പെടുത്താനോ, രാഷ്ട്രീയഘടനയെ ജനാധിപത്യവല്‍ക്കരിക്കാനോ ഉള്ള യാതൊരുവിധ ശ്രമവും നടത്തിയിട്ടില്ല. മുതലാളിത്ത ഭരണകൂടത്തിന്റെ എല്ലാ ഉപകരണങ്ങളേയും വിപ്ലവാനന്തര ഘട്ടത്തില്‍ ശക്തിപ്പെടുത്തി എന്ന് മാത്രമല്ല, വൈവിധ്യമാര്‍ന്ന ജനസഞ്ചയങ്ങളുടെ പ്രതിനിധാനം നിരാകരിക്കുകയും സാമൂഹിക ബന്ധങ്ങളില്‍ യാതൊരുവിധ അഴിച്ചുപണി നടത്താതിരിക്കുകയും ചെയ്തു. ചുരുക്കത്തില്‍, ഭരണകൂടമെന്ന യാഥാര്‍ത്ഥ്യം കേവലമായ ഒന്നായി (absolute) കണ്ടിരുന്ന മുതലാളിത്ത ജനാധിപത്യവാദികളുടെ നിലപാടില്‍ നിന്നും പിറകോട്ട് പോവുകയും പൗരന്മാരുടെ മൗലിക സ്വാതന്ത്ര്യവും, തദ്ദേശീയ ജനസമൂഹങ്ങളുടെ പ്രതിനിധാനം നിരോധിക്കുകയും ചെയ്ത ‘സോഷ്യല്‍ ഫാസിസ്റ്റ്’ ഭരണകൂടങ്ങളായി പരിണമിക്കുകയും ചെയ്തു.
ആഗോളവല്‍ക്കരണത്തോടൊപ്പം സഞ്ചരിക്കാനും മുന്‍ സോഷ്യലിസ്റ്റ് രാഷ്ട്രങ്ങളെ കമ്പോളശക്തികളായി പരിവര്‍ത്തനപ്പെടുത്താനും സോവിയറ്റ് ഭരണാധികാരികള്‍ (മുതലാളിവര്‍ഗ്ഗം) നിര്‍ബ്ബന്ധിതമായപ്പോള്‍ മാത്രമാണ് ‘സോഷ്യല്‍ ഫാസിസ്റ്റ്’ ഭരണകൂടങ്ങള്‍ ഘടനാപരമായി അഴിച്ചുപണിക്ക് തയ്യാറായത്. നിരവധി ഗോത്രവര്‍ഗ്ഗ ദേശീയതകള്‍ക്കും, തദ്ദേശീയ സമൂഹങ്ങള്‍ക്കും താരതമ്യേന മെച്ചപ്പെട്ട സ്വാതന്ത്ര്യം തിരിച്ചുകിട്ടിയത് ഘടനാപരമായ ഈ അഴിച്ചുപണിക്ക് ശേഷം മാത്രമാണ്.
മാര്‍ക്‌സിസ്റ്റ് ജനാധിപത്യസങ്കല്‍പനത്തില്‍ അവശേഷിക്കുന്നത്:
ഭരണകൂടത്തെ കേവലമായ (absolute) ഒരു സ്വത്വമായി കാണുന്നതിന് പകരം അതിനെ വൈരുദ്ധ്യാത്മകതയിയില്‍ കാണാനുള്ള സൈദ്ധാന്തിക സമീപനം മാര്‍ക്‌സിലുണ്ടായിരുന്നു എന്ന് നിരിക്ഷീക്കാവുന്നതാണ്. സോഷ്യലിസ്റ്റ് വിപ്ലവം വിജയകരമായി നയിച്ച ലെനിന്‍ ജനാധിപത്യത്തെ ഒരു ഭരണകൂടരൂപം മാത്രമായാണ് കണ്ടിരുന്നത്. മുതലാളിത്ത ജനാധിപത്യത്തില്‍ നടന്ന ആന്തരികപരിവര്‍ത്തനം പഠനവിധേയമാക്കുന്ന ‘ജര്‍മ്മന്‍ പ്രത്യയ ശാസ്ത്ര’ത്തില്‍ മാര്‍ക്‌സ് വിമര്‍ശനവിധേയമാക്കുന്ന രീതിയിലല്ല ലെനിന്‍ സ്റ്റേറ്റിനെ കാണുന്നത്. കൗട്‌സിക്കെതിരെയുള്ള വിമര്‍ശനത്തിലൂടെ ഭരണകൂടം പിടിച്ചെടുക്കാനുള്ള ഒരു തന്ത്രപരമായ പദ്ധതിയാണ് ‘ഭരണകൂടവും വിപ്ലവവും’ എന്ന കൃതിയിലൂടെ സ്ഥാപിക്കുന്നത്. പില്‍ക്കാല മാര്‍ക്‌സിസ്റ്റ് പ്രയോഗത്തിലുടനീളം ഈ സമീപനം സ്വാധീനം ചെലുത്തി. മാനവചരിത്രത്തില്‍ ഉദയം ചെയ്ത അതിബൃഹത്തായ ഒരു സാമൂഹിക സംഘടനാ സംവിധാനമായ ജനാധിപത്യത്തിന്റെ വൈരുദ്ധ്യത്തെക്കുറിച്ചോ, മൂല്യപരമായ അതിന്റെ അടിത്തറയെക്കുറിച്ചോ അന്വേഷിച്ചതേ ഇല്ല. ജനാധിപത്യത്തിന്റെ വൈരുദ്ധ്യമായി മൂലധനവും അദ്ധ്വാനവും തമ്മിലുള്ള വൈരുദ്ധ്യമായി ചുരുക്കുകയും, അത് പരിഹരിക്കാനുള്ള പദ്ധതിയായി ഉടമസ്ഥതയെ പൊതുവല്‍ക്കരിക്കുകയും ചെയ്തു. മുതലാളിത്ത ഭരണകൂടരൂപങ്ങള്‍ ശാശ്വത സത്യമായി നിലനിര്‍ത്തുകയും ചെയ്തു. എന്നാല്‍ അതില്‍ നിന്ന് ഭിന്നമായി ജനാധിപത്യത്തിന്റെ രൂപവും ഉള്ളടക്കവും മാര്‍ക്‌സ് തന്നെ വിശദീകരിച്ചിട്ടുണ്ട്. മുതലാളിത്ത ജനാധിപത്യത്തിന്റെ സാമ്പത്തിക നിയമങ്ങള്‍ അനാവരണം ചെയ്യാന്‍ ശ്രമിക്കുന്നതിന് മുന്‍പ് തന്നെ, ജനാധിപത്യഭരണകൂടങ്ങളുടെ വൈരുദ്ധ്യമായി സിവില്‍ സമൂഹവും ഭരണകൂടവും മൗലിക വൈരുദ്ധ്യമായി വിശദീകരിച്ചിട്ടുണ്ട്:
”……… രാഷ്ട്രീയ സ്റ്റേറ്റുകള്‍ എവിടെയൊക്കെ അതിന്റെ യഥാര്‍ത്ഥ വികാസം കൈവരിച്ചിട്ടുണ്ടോ, അവിടെ മനുഷ്യന്‍ ചിന്തയിലും ബോധത്തിലും – ജീവിതത്തിലും യാഥാര്‍ത്ഥ്യത്തിലും – രണ്ടായി വിഭജിക്കപ്പെട്ട ജീവിതമാണ് ജീവിക്കുന്നത്; ഒന്ന് സ്വര്‍ഗ്ഗീയവും (heavenly), മറ്റൊന്ന് പ്രാപഞ്ചികവും (earthly); രാഷ്ട്രീയ സമുദായം (political community) എന്ന നിലയിലുള്ള ജീവിതത്തില്‍ അവന്‍ അവനെ തന്നെ ഒരു സാമുദായിക ജീവിയായി പരിഗണിക്കുകയും, സ്വകാര്യ വ്യക്തി (private individual) എന്ന നിലയിലുള്ള സിവില്‍ സമൂഹത്തിലെ ജീവിതത്തില്‍ മറ്റ് മനുഷ്യരെയെല്ലാം ഉപകരണങ്ങളായി (means) കാണുകയും അവന്‍ സ്വന്തം നിലയില്‍ ഒരു ഉപകരണമായി തരം താഴുകയും ചെയ്യുന്നു. രാഷ്ട്രീയ സ്റ്റേറ്റിന്റെ സിവില്‍ സൊസൈറ്റിയുമായുള്ള ബന്ധം സ്വര്‍ഗ്ഗത്തിന് ഭൂമിയുമായുള്ള ബന്ധം പോലെ ആത്മീയമാണ് (spiritual). രാഷ്ട്രീയ സ്റ്റേറ്റ് സിവില്‍ സമൂഹത്തിന് എതിരെ സ്ഥാപിക്കപ്പെട്ടിരിക്കുന്നു…..” (ജൂത പ്രശ്‌നത്തെക്കുറിച്ച് : മാര്‍ക്‌സ് – ഏംഗല്‍സ് കലക്റ്റഡ് വര്‍ക്ക് – vol. 2. P. 154)
സ്വര്‍ഗ്ഗീയമായ രാഷ്ട്രീയ സ്റ്റേറ്റും പ്രാപഞ്ചികമായ സിവില്‍ സമൂഹവും എന്ന നിലയില്‍ വിഭജിതമായ ബൃഹത്തായ സാമൂഹിക സംഘടനയായ ജനാധിപത്യത്തെ എങ്ങിനെയാണ് പരിവര്‍ത്തനപ്പെടുത്തുക ? ഈ സ്വര്‍ഗ്ഗീയ സംവിധാനത്തില്‍ അകപ്പെട്ട ‘വ്യക്തി’ എന്ന സ്വത്വത്തിന് എങ്ങനെയാണ് സ്വാതന്ത്ര്യം ലഭിക്കുക ? ചരിത്രത്തിന്റെ ഉല്‍പന്നമായ വ്യക്തിയുടെ അസ്വാതന്ത്ര്യത്തില്‍ നിന്നും സ്വാതന്ത്ര്യത്തിലേക്ക് ഉയരാന്‍ ‘ഭരണകൂടത്തെ നിഷ്‌ക്കാസനം ചെയ്യുക’ എന്ന ആശയം മാത്രമാണ് രാഷ്ട്രീയ പദ്ധതിയുടെ കേന്ദ്രമായി മുന്നോട്ടുവെച്ചത്. പക്ഷെ, മാര്‍ക്‌സ് തന്നെ പറഞ്ഞതുപോലെ നാളിതുവരെയുള്ള വിപ്ലവങ്ങളെല്ലാം ഭരണകൂടത്തെ ശക്തിപ്പെടുത്തിയിട്ടേ ഉള്ളൂ. സോഷ്യലിസ്റ്റ് ഭരണകൂടങ്ങളും ഇതിന് അപവാദമല്ല. സോഷ്യലിസത്തിനും മുതലാളിത്ത ഭരണകൂടരൂപങ്ങളെ മറികടക്കാനായില്ല. ‘ഭരണകൂടത്തെ തകര്‍ക്കല്‍’ ഒരു അമൂര്‍ത്ത ആശയം (Abstract) മാത്രമായി മാറി. പാരീസ് കമ്മ്യൂണിന്റെ അനുഭവത്തിന്റെയും, കൊളോണിയല്‍ ജനതകളുടെ പ്രതിരോധത്തിന്റെ അനുഭവത്തിന്റെയും പശ്ചാത്തലമുണ്ടായിട്ടും മുതലാളിത്ത ജനാധിപത്യരൂപങ്ങളില്‍ നിന്നുള്ള പരിവര്‍ത്തനത്തിന് ഒരു രൂപരേഖ തയ്യാറാക്കാന്‍ മാര്‍ക്‌സിന് കഴിഞ്ഞില്ല.
ഡോ. ബി. ആര്‍. അംബേദ്കറുടെ സാമൂഹിക ജനാധിപത്യസങ്കല്‍പം
ജനാധിപത്യവ്യവസ്ഥയെ മാറ്റമില്ലാത്ത ഒന്നായി കണ്ടിരുന്ന യൂറോപ്യന്‍ ചിന്തകരില്‍ നിന്നും ഭിന്നമായി ജനാധിപത്യവ്യവസ്ഥ പരിവര്‍ത്തനവിധേയമായ ഒന്നാണെന്നും, ഭരണകൂടം മനുഷ്യസൃഷ്ടിയായതിനാല്‍ മനുഷ്യനന്മയ്ക്ക് വേണ്ടി ഭരണകൂടം പരിവര്‍ത്തനവിധേയമാക്കണമെന്നും ഡോ. ബി. ആര്‍. അംബേദ്കര്‍ വിശ്വസിച്ചിരുന്നു. വ്യക്തിയുടെ പൂര്‍ണ്ണ സ്വാതന്ത്ര്യവും വ്യക്തികള്‍ തമ്മില്‍ അനുസ്യൂതം വികസിക്കേണ്ട സാഹോദര്യവുമാണ് ജനാധിപത്യത്തിന്റെ കാതലായി കണ്ടിരുന്നത്. രണ്ട് അടിസ്ഥാന തത്വങ്ങളാണ് നീതിയുക്തമായ ഒരു സമൂഹ നിര്‍മ്മിതിക്ക് ആവശ്യമുള്ളത്. ”…… ഒന്നാമതായി വ്യക്തിയാണ് പരമോന്നതമായി നിലനില്‌ക്കേണ്ടത്, സമൂഹത്തിന്റെ ലക്ഷ്യവും ഉദ്ദേശവും വ്യക്തിയുടെ വളര്‍ച്ചയും വ്യക്തിത്വത്തിന്റെ വികാസവുമാണ്. സമൂഹം മുകളിലാകാന്‍ പാടില്ല; ഏതെങ്കിലും സാഹചര്യത്തില്‍ വ്യക്തി സമൂഹത്തിന് കീഴ്‌പെടേണ്ടി വരികയാണെങ്കില്‍, ആവശ്യത്തിന് മാത്രവും അത് വ്യക്തിയുടെ ഉന്നമനത്തിനുമായിരിക്കണം. രണ്ടാമത്തെ കാര്യം, സമൂഹത്തിലെ അംഗങ്ങള്‍ തമ്മിലുള്ള ബന്ധത്തിന്റെ അടിസ്ഥാനം സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം എന്നീ മൂല്യങ്ങള്‍ പരിഗണിച്ചുകൊണ്ടായിരിക്കണം…….” ”……. തെറ്റ് – ശരി എന്നിവയെ ജഡ്ജ് ചെയ്യാനുള്ള ആധുനിക സമൂഹത്തിന്റെ മാനദണ്ഡം നീതിയായിരിക്കണം….. നീതി എന്ന വാക്ക് സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം എന്നിവയ്ക്ക് പകരമുള്ള മറ്റൊരു വാക്കുമാണ്…..” (Dr. Babasahed Ambedkar Writings and Speeches. Vol. 3 – P. 95)
ഡോ. ബി. ആര്‍. അംബേദ്കര്‍ പാര്‍ലമെന്ററി ജനാധിപത്യത്തിന് വേണ്ടിയാണ് നിലകൊണ്ടതെങ്കിലും, അതിന്റെ പരിമിതിയെക്കുറിച്ചും ബോധ്യമുണ്ടായിരുന്നു. ”തുല്ല്യത (equality) എന്നതിന്റെ പ്രാധാന്യം മനസ്സിലാക്കുന്നതില്‍ അത് പരാജയപ്പെട്ടു. സ്വാതന്ത്ര്യവും (liberty) തുല്ല്യതയും തമ്മിലുള്ള ഒരു സന്തുലനം ഉറപ്പുവരുത്തുന്നതില്‍ പരാജയപ്പെട്ടു. തല്‍ഫലമായി സ്വാതന്ത്ര്യം സമത്വത്തെ വിഴുങ്ങുകയും അസമത്വത്തിന്റെ സന്തതികള്‍ പെരുകുകയും ചെയ്തു…. ” (BAWS – Vol. 3. P: 28)
അതിനാല്‍ ജനാധിപത്യത്തിന്റെ സുഗമമായ വികാസത്തിന് സാമൂഹികവും സാമ്പത്തികവുമായ അടിത്തറ ശക്തിപ്പെടുത്താന്‍ സ്റ്റേറ്റ് സോഷ്യലിസത്തിന് വേണ്ടി വാദിച്ചു. ഭൂമി, കൃഷി, വിദ്യാഭ്യാസം തുടങ്ങിയവ സ്റ്റേറ്റിന്റെ പരിധിയിലേക്കുകൊണ്ടുവരാനും തുല്ല്യതയിലധിഷ്ഠിതമായ ഭൂമിയുടെ പുനര്‍വിതരണത്തിലൂടെ ജാതി വ്യവസ്ഥയ്ക്ക് പോറെലേല്‍പ്പിക്കാന്‍ കഴിയുമെന്നും വാദിച്ചു. സ്റ്റേറ്റ് സോഷ്യലിസം എന്ന സങ്കല്‍പത്തെ രാഷ്ട്രീയ ജനാധിപത്യത്തിന്റെ കോശങ്ങളും നാരുകളുമായി (fibres) കണ്ടു. ഇതിനെ സേവിക്കാനുള്ള ഒന്നുമാത്രമായി ഭരണകൂടത്തെ (state) കാണുകയും, ഭരണകൂടത്തെ നിയമനിര്‍മ്മാണത്തിനുള്ള സ്രോതസ്സും, നിയമനിര്‍മ്മാണത്തിനുള്ള ഒരു സ്വത്വമായി (creature) കാണുകയും ചെയ്തു.
ഒരു പ്രത്യേക പ്രശ്‌നം പരിഹൃതമാക്കാന്‍ ഒന്നിലേറെ അഭിപ്രായങ്ങള്‍ക്ക് ഇടം നല്‍കുക എന്നതാണ് ജനാധിപത്യത്തില്‍ സുരക്ഷിതമായ മാര്‍ഗ്ഗം; എല്ലാവരെയും കേള്‍ക്കാനുള്ള വിശാലതയും ജനാധിപത്യത്തിനുണ്ടാകണം. സ്വകാര്യസ്വത്തിന്റെ നിര്‍മ്മാര്‍ജ്ജനത്തെയും, അഹിംസാപ്രായോഗത്തെയും, സാഹോദര്യത്തെയും അദ്ദേഹം വിശദീകരിക്കുന്നത് ബൗദ്ധ പാരമ്പര്യത്തില്‍ നിന്നാണെങ്കിലും (Budha & Marx) ഒരു ആധുനിക സമൂഹത്തിലേക്ക് ഉള്‍ചേര്‍ക്കേണ്ടതാണെന്നാണ് കണ്ടിരുന്നത്. ഒരു വ്യക്തിയുടെ ആയുധവല്‍ക്കരിക്കാനുള്ള അവകാശം അംഗീകരിക്കുമ്പോഴും, ഭരണകൂടത്തിന്റെ അഹിംസാപ്രയോഗത്തെക്കുറിച്ച് (practicing of non – violance by state) വ്യക്തമായ ഒരു നിലപാട് സ്വീകരിക്കുന്നു. ആയുധവല്‍ക്കരിക്കപ്പെട്ട സ്റ്റേറ്റിനെ എന്നും ശക്തിപ്പെടുത്തിയ മുതലാളിത്തശക്തികള്‍ക്കും, കമ്മ്യൂണിസ്റ്റുകള്‍ക്കും, അഹിംസാ സിദ്ധാന്തം പറഞ്ഞപ്പോഴും ഭരണകൂടത്തിന്റെ അഹിംസാപ്രയോഗത്തെക്കുറിച്ച് നിശ്ശബ്ദത പാലിച്ച ഗാന്ധിക്കും ഉള്ള നല്ല മറുപടി ഇവിടെ കാണാം. ശാശ്വതമായ ഒന്നായി സൈനിക ശക്തിയെയും ഭരണകൂടത്തിന്റെ മര്‍ദ്ദനോപകരണങ്ങളെയും കണ്ടിരുന്നില്ല.
ജനാധിപത്യത്തില്‍ സാമൂഹികഘടനയ്ക്ക് (Social structure) രാഷ്ട്രീയ ഘടനയ്ക്ക് മേല്‍ വലിയ സ്വാധീനമുണ്ടെന്ന് അംബേദ്കര്‍ കാണുന്നു. മനുഷ്യ സമൂഹത്തിന്റെ എല്ലാ നിയമങ്ങള്‍ക്കും പിന്നില്‍ മനുഷ്യനാണ്. സമൂഹമാണ് ഭരണകൂടത്തെക്കാള്‍ പ്രധാനപ്പെട്ടത്; മനുഷ്യനെ സേവിക്കാന്‍ മാത്രമുള്ളതാണ് ഭരണകൂടം. പാശ്ചാത്യതത്വചിന്തകരെപോലെ ഭരണകൂടം കേവലവും (മയീെഹൗലേ) ശാശ്വതവുമായ ഒന്നായി കണ്ടില്ല.
ധാര്‍മ്മികതയും സാഹോദര്യവും (Morality & Fraternity)
ഡോ. ബി. ആര്‍. അംബേദ്കറുടെ ജനാധിപത്യ സങ്കല്‍പനത്തില്‍ സുപ്രധാനമായത് സദാചാരത്തെ സംബന്ധിച്ച വീക്ഷണമാണ്. ജനാധിപത്യത്തിന്റെ നെടുംതൂണായ സ്വാതന്ത്ര്യം – സമത്വം – സാഹോദര്യം എന്നതില്‍ സമൂഹം നിരന്തരം ആര്‍ജ്ജിക്കേണ്ട ഒന്നായി സദാചാരത്തിലധിഷ്ഠിതമായ സാഹോദര്യത്തെ നിര്‍വ്വചിക്കുന്നു. വ്യക്തിവാദം (Individualism) എപ്പോഴും സമൂഹത്തില്‍ നിലനില്‍ക്കുന്നു. അതിന് നേര്‍വിപരീതമായ ഒന്നായ സാഹോദര്യവും (fraternity) മനുഷ്യസഹജമാണെന്നും ചൂണ്ടിക്കാട്ടുന്നു. ”സഹജീവി ബോധമെന്നാണ്, സാഹോദര്യത്തിന്റെ മറ്റൊരു പേര്. മറ്റുള്ളവരുടെ നന്മയുമായി ഒരു വ്യക്തി താദാത്മ്യം പ്രാപിക്കുംവിധമുള്ള മനോവികാരമുണ്ടാകുകയും, അതുവഴി ”മറ്റുള്ളവരുടെ നന്മ സ്വാഭാവികവും ആവശ്യവുമായി മാറുകയും ചെയ്യുന്ന തരത്തില്‍ നമ്മള്‍ ശ്രദ്ധിച്ചുതുടങ്ങുന്നു”. ”…… വ്യക്തിവാദം (Individualism) അരാജകത്വത്തിലേക്കാണ് പോകുന്നത്. അതിനെ തടയുന്ന ഘടകം സാഹോദര്യം മാത്രമാണ്. മനുഷ്യസമൂഹത്തില്‍ ധാര്‍മ്മികമായ ക്രമം നിലനിര്‍ത്താന്‍ ഇത് സഹായിക്കുന്നു.” (Philosophy of Hinduism – BAWS. Vol: 3 P. 44)
നിയമങ്ങളല്ല, സാഹോദര്യത്തെ നിരന്തരം പുനരുല്പാദിപ്പിക്കുന്ന സദാചാരബോധം സമൂഹത്തില്‍ നിരന്തരം സൃഷ്ടിക്കപ്പെടണം. ഹിന്ദുയിസത്തിന് നേര്‍വിപരീതമായ സാഹോദര്യത്തിന്റെ പ്രാധാന്യം ജെ. എസ്സ്. മില്ലിനെ (J. S. Mill) ഉദ്ധരിച്ചുകൊണ്ട് വിശദീകരിക്കുമ്പോള്‍ തന്നെ, ബൗദ്ധ പാരമ്പര്യത്തിലാണ് ഇതിന്റെ വേരുകള്‍ കണ്ടെത്തുന്നത്. ”സാഹോദര്യം സമൂഹത്തെ ശക്തിപ്പെടുത്തുന്നു. മറ്റുള്ളവരുടെ നന്മയെക്കുറിച്ച് കൂടുതല്‍ കൂടുതല്‍ അറിയുന്നതിന് ഒരാളെ സ്വയം സന്നദ്ധനാകുന്നു. അല്ലെങ്കില്‍ കൂടുതല്‍ താല്പര്യത്തോടെ കേള്‍ക്കാന്‍ പ്രാപ്തനാക്കുന്നു. (Philosophy of Hinduism – BAWS. Vol: 3 P. 96)
സമത്വമില്ലാതെ സാഹോദര്യമില്ല:
മുതലാളിത്ത കാലഘട്ടത്തില്‍ ഉയര്‍ന്നുവന്ന സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം എന്നീ മൂല്യവ്യവസ്ഥയ്ക്ക് ജനാധിപത്യത്തില്‍ (മുതലാളിത്ത ജനാധിപത്യത്തിലും സോഷ്യലിസ്റ്റ് ജനാധിപത്യത്തിലും) വികസ്വരമാകാന്‍ കഴിഞ്ഞിട്ടില്ല. ബൗദ്ധ പാരമ്പര്യത്തെ മുന്‍നിര്‍ത്തി ഇന്ത്യന്‍ സാഹചര്യത്തില്‍ ജനാധിപത്യത്തിനുള്ള അടിസ്ഥാനം ഡോ. ബി. ആര്‍. അംബേദ്കര്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. സാഹോദര്യവും സ്വാതന്ത്ര്യവും സ്ഥാപിക്കാന്‍ സമത്വത്തിന് വേണ്ടിയള്ള സന്ധിയില്ലാത്ത സമരത്തിന്റെ പ്രക്രിയയാണ് അംബേദ്കര്‍ ദര്‍ശനം നിര്‍ദ്ദേശിക്കുന്നത്. മുന്‍ സോഷ്യലിസ്റ്റ് രാഷ്ട്രങ്ങള്‍ സ്വകാര്യസ്വത്തുടമസ്ഥതയില്‍ നിന്നും പൊതു ഉടമസ്ഥതയിലേക്ക് മുന്നേറിയപ്പോള്‍ നേരിട്ട ജനാധിപത്യ പ്രതിസന്ധിക്ക് അംബേദ്കര്‍ ദര്‍ശനത്തില്‍ പ്രസക്തമായ ചില ഉത്തരങ്ങളുണ്ട് എന്ന് കാണാവുന്നതാണ്.
പ്രതിനിധാനം:
തുല്ല്യതയ്ക്കും സ്വാതന്ത്ര്യത്തിനും സാഹോദര്യത്തിനും വേണ്ടി ജാതിനിര്‍ന്മൂലനത്തോടൊപ്പം മര്‍ദ്ദിതവര്‍ഗ്ഗങ്ങളൂടെയും ന്യൂനപക്ഷങ്ങളുടെയും ജനാധിപത്യത്തിലെ പ്രാതിനിധ്യത്തെക്കുറിച്ചും ഡോ. അംബേദ്കറിന്റെ സാമൂഹിക ജനാധിപത്യം നിലപാടെടുക്കുന്നു. പ്രതിനിധാനമില്ലാതെ ജനാധിപത്യം സാധ്യമല്ല; തുല്ല്യതയും സാധ്യമല്ല. ഇത് ഇന്ത്യന്‍ സാഹചര്യത്തില്‍ മാത്രമല്ല, ലോകമെമ്പാടുമുള്ള ജനാധിപത്യവ്യവസ്ഥകള്‍ക്ക് ബാധകമായ ഒരു കാര്യമെന്ന നിലയിലാണ് പ്രതിനിധാനത്തിന്റെ വിഷയം അവതരിപ്പിക്കുന്നത്. ‘ജാതിനിര്‍ന്മൂലനം’ തയ്യാറാക്കിയ കാലഘട്ടത്തിലും, വട്ടമേശ സമ്മേളനഘട്ടത്തിലും, ഭരണഘടനാ നിര്‍മ്മാണ അസംബ്ലിയുടെ വേളയിലും ജനാധിപത്യത്തിന്റെ വിഷയമെന്ന നിലയില്‍ പ്രതിനിധാനത്തിന് വേണ്ടിയാണ് ഡോ. ബി. ആര്‍. അംബേദ്കര്‍ പൊരുതിയത്. അയിത്തജനവിഭാഗങ്ങള്‍ക്ക് പ്രത്യേക നിയോജകമണ്ഡലമെന്ന വാദമായിരുന്നു അംബേദ്കര്‍ – ഗാന്ധി സംവാദത്തിലെ മുഖ്യമായ വിഷയം. വട്ടമേശ സമ്മേളനകാലഘട്ടത്തില്‍ അംഗീകരിക്കപ്പെട്ട കമ്മ്യൂണല്‍ അവാര്‍ഡ്, പൂനാപാക്റ്റിലൂടെ ദുര്‍ബലപ്പെടുത്തപ്പെട്ടത് ഇന്ത്യയിലെ ജനാധിപത്യപ്രക്ഷോഭത്തിലെ മറക്കാന്‍ കഴിയാത്ത ഒരു ഏടാണ്. മര്‍ദ്ദിതവര്‍ഗ്ഗങ്ങളുടെ പ്രത്യേക പ്രാതിനിധ്യത്തിന്റെ വിഷയം ജനാധിപത്യ വ്യവസ്ഥകളുമായി ബന്ധപ്പെട്ട ഒരു സാര്‍വ്വലൗകിക പ്രശ്‌നമായാണ് ഡോ. അംബേദ്കര്‍ കണ്ടിരുന്നത്. പ്രതിനിധാനത്തിന്റെ പ്രശ്‌നം ഇന്ത്യയിലെ അയിത്ത ജനവിഭാഗങ്ങളുടെ മാത്രം പ്രശ്‌നല്ലെന്നും, ജനാധിപത്യം നിലനില്‍ക്കണമെങ്കില്‍ മര്‍ദ്ദിതവര്‍ഗ്ഗങ്ങളുടെ പ്രാതിനിധ്യം എല്ലാ ജനാധിപത്യവ്യവസ്ഥകളിലും ആവശ്യമാണെന്ന് വ്യക്തമാക്കുന്നുണ്ട്. ഭരണഘടന അസംബ്ലി രൂപീകരിക്കപ്പെടുന്നതിന് തൊട്ടുമുമ്പ് ”വിദേശികളോട്” (BAWS Vol. 9) എന്ന ദീര്‍ഘമായ ലേഖനം ഡോ. ബി. ആര്‍. അംബേദ്കര്‍ എഴുതുന്നുണ്ട്. യൂറോപ്യന്‍ ജനാധിപത്യമുള്‍പ്പെടെയുള്ള ജനാധിപത്യഭരണവ്യവസ്ഥകളില്‍ മര്‍ദ്ദിതവര്‍ഗ്ഗങ്ങളുടെ പ്രതിനിധാനത്തിന്റെ പ്രസക്തിയെക്കുറിച്ചാണ് പ്രസ്തുത ലേഖനത്തില്‍ ചര്‍ച്ച ചെയ്യുന്നത്. യൂറോപ്യന്‍ മുതലാളിത്ത ജനാധിപത്യത്തിന്റെ അടിസ്ഥാനപരമായ പോരായ്മ, മര്‍ദ്ദിതവര്‍ഗ്ഗങ്ങളുടെ പ്രാതിനിധ്യം നിരാകരിക്കപ്പെടുന്നു എന്നതാണ്. സമ്പന്നവര്‍ഗ്ഗങ്ങളില്‍ അധികാരം കേന്ദ്രീകരിക്കുന്നതും, അടിസ്ഥാനവര്‍ഗ്ഗങ്ങള്‍ക്കും സാമൂഹികവിഭാഗങ്ങള്‍ക്കും പ്രാതിനിധ്യമില്ലാത്തതുമായ ജനാധിപത്യം അതിവേഗം ഫാസിസത്തിലേക്ക് നീങ്ങിയതായും അദ്ദേഹം പറയുന്നുണ്ട്. ജനാധിപത്യ രാഷ്ട്രീയ വ്യവസ്ഥയില്‍ ഭരണവര്‍ഗ്ഗങ്ങളില്‍ സ്വത്തുടമസ്ഥത കേന്ദ്രീകരിക്കുന്നത് മാത്രമല്ല, വൈവിധ്യമാര്‍ന്ന ജനവിഭാഗങ്ങള്‍ക്കും സ്വത്വങ്ങള്‍ക്കും പ്രാതിനിധ്യമില്ലെങ്കില്‍ ജനാധിപത്യവ്യവസ്ഥ വളരെ വേഗം ഫാസിസത്തിലേക്ക് നീങ്ങുമെന്നും മേല്‍പറഞ്ഞ പഠനത്തില്‍ പറയുന്നു. ഇറ്റലിയിലും, ജര്‍മ്മനിയിലും, റഷ്യയിലും പാര്‍ലമെന്ററി ജനാധിപത്യം ഫാസിസമായി പരിണമിച്ചതിനെക്കുറിച്ചും, ഇംഗ്ലണ്ടിലും യു.എസിലും താരതമ്യേന ദീര്‍ഘകാലം നിലനില്‍ക്കുന്നതിനും പ്രധാന കാരണം രണ്ടാമത് പറഞ്ഞ രാജ്യങ്ങളില്‍ താരതമ്യേന മെച്ചപ്പെട്ട പ്രാതിനിധ്യം നല്‍കിയതാണെന്ന് നിരീക്ഷിക്കുന്നുണ്ട്. തൊഴിലാളി വര്‍ഗ്ഗ സര്‍വ്വാധിപത്യം നടപ്പാക്കിയ മുന്‍ സോവിയറ്റ് യൂണിയനില്‍ ഗോത്രവര്‍ഗ്ഗദേശീയതകള്‍ക്കും, ഭാഷാ ദേശീയസമൂഹങ്ങള്‍ക്കും മതിയായ പ്രാതിനിധ്യം നല്‍കാതിരുന്നത് സോവിയറ്റ് യൂണിയന്റെ പതനത്തിന് കാരണങ്ങളില്‍ ഒന്നാണെന്ന് ഡോ. അംബേദ്കറുടെ നിരീക്ഷണങ്ങളെ മുന്‍നിര്‍ത്തി നിരീക്ഷിക്കാവുന്നതാണ്. സോവിയറ്റ് യൂണിയന്റെ പുനര്‍ഘടനാ വേളയില്‍ ഗോത്രവര്‍ഗ്ഗ-ഭാഷാ-വംശീയ ദേശീയതകളുടെ സംഘര്‍ഷം പ്രകടമായിരുന്നു.
4. ഇന്ത്യന്‍ മാര്‍ക്‌സിസ്റ്റുകളും സാമൂഹികജനാധിപത്യധാരകളും
ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങള്‍ ജാതി വ്യവസ്ഥക്കെതിരെ ജനാധിപത്യപരമായ നിലപാടെടുക്കാന്‍ പ്രാപ്തിയില്ലാത്തതുകൊണ്ട് തന്നെ ബ്രാഹ്മണ്യവാദത്തില്‍ നിന്നും മോചിതരല്ല. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സ് ഉള്‍പ്പെടെയുള്ള ദേശീയ പ്രസ്ഥാനങ്ങളുടെ പരിമിതി അത് നേരിടുന്നുണ്ട്. സാര്‍വ്വദേശീയതലത്തിലുള്ള മാര്‍ക്‌സിസത്തിന്റെ പ്രതിസന്ധി തിരുത്താന്‍ തയ്യാറാകാത്തതുകൊണ്ടും ജാതിനിര്‍മ്മൂലന നിലപാടില്ലാത്തതുകൊണ്ടും തന്നെ സവര്‍ണ്ണ പാരമ്പര്യത്തില്‍ നിന്നും മുക്തി നേടാന്‍ കഴിഞ്ഞിട്ടില്ല. ഡോ. ബി. ആര്‍. അംബേദകറുടെ സാമൂഹിക ജനാധിപത്യദര്‍ശനം അംഗീരിക്കുന്ന കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ ഇല്ലെന്ന് തന്നെ പറയാം. അതുകൊണ്ട് തന്നെ അംബേദ്കറൈറ്റുകള്‍ക്ക് മാര്‍ക്‌സിസ്റ്റുകളുമായി അകലം വര്‍ദ്ധിച്ചുവരുന്നതായാണ് കാണുന്നത്. ഡോ. അംബേദ്കറുടെ സാമൂഹ്യജനാധിപത്യസങ്കല്‍പനങ്ങളും ജാതിനശീകരണ നിലപാടും, സംവരണമുള്‍പ്പെടെയുള്ള പ്രതിനിധാനത്തിന്റെ നിലപാടുകളും, പൗരത്വവും പ്രതിനിധാനവും തമ്മിലുള്ള ബന്ധത്തെക്കുറിച്ചും ന്യൂനപക്ഷങ്ങളെക്കുറിച്ചുള്ള നിലപാടുകളും കൂടുതല്‍ പ്രസക്തി നേരിടുന്ന കാലഘട്ടത്തിലൂടെയാണ് ഇന്ത്യ കടന്നുപോകുന്നത്. സംഘപരിവാറിന്റെ ഹിന്ദുത്വ അജണ്ട ശക്തിയാര്‍ജ്ജിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ ഇത് കൂടുതല്‍ പ്രസക്തവുമാണ്. സ്വാതന്ത്ര്യാനന്തര ഇന്ത്യയില്‍ ശക്തമായ ഒരു ദലിത് – ആദിവാസി – ബഹുജന്‍ രാഷ്ട്രീയ ധാര 1980 – കള്‍ക്ക് ശേഷം ഇന്ത്യയില്‍ രൂപപ്പെട്ടിട്ടുണ്ട്. ഇവയെ സ്വത്വരാഷ്ട്രീയ ധാരകളെന്ന നിലയില്‍ ചുരുക്കിക്കൂടാ. ലോകസാഹചര്യവും ഇന്ത്യയില്‍ ശക്തിപ്പെട്ടുവരുന്ന ഹിന്ദുരാഷ്ട്രവാദവും കണക്കിലെടുത്ത് ഇവയെല്ലാം സാമൂഹ്യ-ജനാധിപത്യത്തിനായി യോജിച്ച ഒരു മുന്നണിയായി മാറേണ്ടതുണ്ട്. ഭരണകൂടസംവിധാനത്തില്‍ ഹിന്ദുത്വവാദികള്‍ക്ക് മേല്‍ക്കൈ കിട്ടിയതോടെ ദേശീയരാഷ്ട്രീയത്തില്‍ ബദല്‍ ശക്തിയാകാന്‍ കഴിയാതെ ഇരുട്ടില്‍ തപ്പുന്ന പ്രാദേശിയ രാഷ്ട്രീയപാര്‍ട്ടികളായി കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ വരെ മാറിയിട്ടുണ്ട്. ബ്രാഹ്മ്യണ്യവാദത്തെയും കോര്‍പറേറ്റ് രാജിനെയും നേരിടാനുള്ള ഒരു ദേശീയ ബദലായി മാറാന്‍ ദേശീയ പാര്‍ട്ടികളെന്നവകാശപ്പെടുന്ന കമ്മ്യൂണിസ്റ്റുകള്‍ളുള്‍പ്പെടെ ഇനിയും ബഹുദൂരം സഞ്ചരിക്കേണ്ടതുണ്ട്. അതുകൊണ്ട് ദേശീയ രാഷ്ട്രീയത്തിന്റെ വ്യാപ്തി കണക്കിലെടുത്ത് അംബേദ്കറൈറ്റുകളും മാര്‍ക്‌സിസ്റ്റുകളും മാത്രമായുള്ള അടവുപരമായ ചര്‍ച്ചകള്‍ക്ക് യാതൊരുവിധ പ്രസക്തിയുമില്ല. സംഘപരിവാര്‍ മുന്നോട്ടുവെക്കുന്ന ജാതിപ്രശ്‌നം, ഭൂമി, ഹിന്ദുരാഷ്ട്രവാദം കോര്‍പറേറ്റ് രാജ് തുടങ്ങിവയോടുള്ള ബദല്‍നീക്കത്തെ ആശ്രയിച്ചാണ് അംബേദ്കറൈറ്റുകള്‍ക്ക് മാര്‍ക്‌സിസ്റ്റുകള്‍ ഉള്‍പ്പെടെയുള്ളവരുമായി ജനാധിപരമായി ഐക്യപ്പെടാന്‍ കഴിയുക. അതിന് മാര്‍ക്‌സിസ്റ്റുകള്‍ ജനാധിപത്യമെന്ത് എന്ന് ചര്‍ച്ച ചെയ്ത് തുടങ്ങണം.
also read
ജാതിയും വര്‍ഗ്ഗവും : അംബേദ്കറിസ്റ്റ് മാര്‍ക്‌സിസം സാധ്യമാണോ?
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in