ജാതിയുടെ ദൈനംദിന സങ്കീര്‍ണതകളിലേക്ക് പ്രവേശിക്കാന്‍ കഴിയാത്ത പ്രത്യക്ഷവാദയുക്തികള്‍
കെ മുരളിയുടെ വീഡിയോ പ്രഭാഷണത്തോടുള്ള എന്റെ പ്രതികരണത്തെ കേട്ടുപഴകിയ ഔചാരിക വിചിന്തനങ്ങളുടെ ചട്ടക്കൂടില്‍ നിന്നുകൊണ്ട് വിമര്‍ശിക്കുന്ന ശ്രീകാന്തിന്റെ ലേഖനത്തില്‍ മറഞ്ഞിരിക്കുന്ന ദളിത് ഉണ്മയുടെ തമസ്‌ക്കരണവും മാര്‍ക്‌സിസ്റ്റ് വിരുദ്ധതയും ഇവിടെ പരിശോധിക്കുകയാണ്
ഇന്ത്യന്‍ സാഹചര്യത്തില്‍ വര്‍ഗ്ഗ – ജാതി ബന്ധം വേരുകളാഴ്ത്തിയിരിക്കുന്നത് ദര്‍ശനത്തിന്റെ മണ്ഡലത്തിലാണ് എന്ന് ഞാന്‍ എഴുതിയത് ദര്‍ശനത്തില്‍ ‘മാത്രമാണ് ‘ എന്ന ഒരു കള്ളസംജ്ഞ കൂടി വിളക്കിച്ചേര്‍ത്താണ് ശ്രീകാന്ത് ആത്മസായൂജ്യമടയുന്നത്. ഇന്ത്യന്‍ സവര്‍ണ്ണ വൈദിക ആണ്‍കോയ്മ അതിന്റെ ആവാസവ്യവസ്ഥ നിലനിര്‍ത്തിയത് മുഖ്യമായും ദര്‍ശനത്തിന്റെ മണ്ഡലത്തിലല്ലാതെ മറ്റേത് മണ്ഡലത്തിലാണ്? സ്മൃതികളും ശ്രുതികളും ആരണ്യകങ്ങളും വേദങ്ങളും മനുഷ്യാതീതമായ, യുക്ത്യാതീതമായ വിശ്വാസത്തിന്റെ ബലത്തില്‍ നിഷ്ഠൂരമായ വിവേചനക്രമങ്ങള്‍ മനുഷ്യ സമുദായത്തിനു മേല്‍ അടിച്ചേല്‍പ്പിച്ചിരുന്നു. ബുദ്ധിയെ ഒരു പ്രത്യേക പ്രത്യയശാസ്ത്ര പ്രയോഗപദ്ധതിയുടെ വിശ്വാസത്തിന് അടിയറവച്ചതു കൊണ്ടാവാം ഞാന്‍ പറഞ്ഞ ദര്‍ശനത്തിന്റെ അര്‍ത്ഥം ശ്രീകാന്തിന് മനസ്സിലാകാതിരുന്നത്. ഇത്തരം ‘വിശ്വാസം’ ആത്യന്തികമായി ചിന്തയുടെ നിരാസമാണ്.
അങ്ങേയറ്റം ലളിതവല്‍ക്കരിക്കപ്പെട്ട പറഞ്ഞുപഴകിയ സാമാന്യയുക്തി കൊണ്ടാണ് ജാതി വിവേചനത്തിന്റെ പല മട്ടിലുള്ള കരുക്കളെ ശ്രീകാന്ത് ദുര്‍ബലമായി നിര്‍വ്വചിക്കുന്നത്. വര്‍ഗ്ഗ – ജാതി ബന്ധത്തെ അടിത്തറ – ഉപരിഘടന ബന്ധത്തില്‍ ഉള്‍പ്പെടുത്തി എടുത്തുകാട്ടാന്‍ കെ മുരളിക്ക് കഴിഞ്ഞുവെന്നും ഇന്ത്യയിലെ മറ്റ് മാര്‍ക്സിസ്റ്റുകള്‍ക്കിടയില്‍ നീണ്ടകാലം തര്‍ക്കമായി അത് അവശേഷിച്ചുവെന്നുമാണ് ശ്രീകാന്തിന്റെ അവകാശവാദം! എന്നാല്‍ അംബേദ്കര്‍ മുതല്‍ എത്രയോപേര്‍ സൂക്ഷ്മമായി വിശകലന വിധേയമാക്കിയ വിഷയമാണ് ഇതെന്നറിയാതെയാണ് ഉള്ളുപൊള്ളയായ ഈ അവകാശവാദം ഉന്നയിക്കുന്നത്.
ജാതിവ്യവസ്ഥ തൊഴില്‍വിഭജനം മാത്രമല്ല തൊഴിലാളിയുടെ വിഭജനം കൂടിയാണെന്ന അംബേദ്കറിന്റെ നിരീക്ഷണം എത്രയോ കാലമായി നമ്മുടെ ചിന്താമണ്ഡലത്തെ സ്വാധീനിച്ചിട്ടുള്ളതാണ്. ജാതിവ്യവസ്ഥ തൊഴിലാളി വിഭജനം മാത്രമല്ല തൊഴിലാളി വിഭാഗത്തെ ഒന്നിനു പുറകില്‍ മറ്റൊന്ന് എന്ന ക്രമത്തില്‍ തരം തിരിക്കപ്പെട്ട ശ്രേണിയാണ് എന്നുകൂടി മനസ്സിലാക്കുമ്പോഴാണ് ജാതിയും വര്‍ഗ്ഗവും രണ്ടുതരം വൈരുദ്ധ്യങ്ങളാണ് എന്ന് തിരിച്ചറിയുക. കെ മുരളിയുടെ വര്‍ഗ്ഗ – ജാതി ബന്ധ നിരീക്ഷണം ഇന്ത്യന്‍ മാര്‍ക്‌സിസ്റ്റുകള്‍ പരാജയപ്പെട്ട വിശകലനങ്ങളില്‍ നിന്ന് ഉള്ളടക്കത്തില്‍ വ്യത്യാസമില്ലെന്ന് ഞാന്‍ അടിവരയിട്ട് പറയുന്നതും അതുകൊണ്ടാണ്. അതുകൊണ്ടുതന്നെ വര്‍ഗ്ഗ സമരത്തില്‍ നിന്ന് വേറിട്ടൊരു വൈരുദ്ധ്യമല്ല ജാതി പ്രശ്‌നം എന്നുള്ള പ്രാഥമിക ധാരണ എനിക്കില്ലെന്ന് ശ്രീകാന്ത് (മാര്‍ക്‌സിസത്തെ ജനറലൈസ് ചെയ്തുകൊണ്ട്) പറയുന്നത് തീര്‍ച്ചയായും എനിക്ക് തരുന്ന ബഹുമതിയായാണ് ഞാന്‍ കാണുന്നത്.
കെ മുരളി ജാതിയെ പ്രത്യേക വൈരുദ്ധ്യമായി വിലയിരുത്തുന്നില്ല. പ്രത്യേക വൈരുദ്ധ്യത്തിന് പ്രത്യേക സത്തയും വ്യത്യസ്ത പ്രത്യയശാസ്ത്രവുണ്ടാല്‍കുമെന്നും മനസ്സിലാക്കുന്നില്ല. അത്തരമൊരു നിലപാടില്‍ നില്‍ക്കുന്നതുകൊണ്ടാണ് ജാതിയുടെ പ്രത്യയശാസ്ത്രമായ ബ്രാഹ്മണ്യത്തിനെതിരെ പ്രത്യയശാസ്ത്ര സമരം ഉണര്‍ത്തിവിടുന്നതില്‍
വമ്പന്‍ പരാജയം സംഭവിക്കുന്നത്.
ദി ക്രിട്ടിക് യു ട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
അംബേദ്കറിന്റെ ഒറ്റപ്പെട്ട പരാമര്‍ശങ്ങളില്‍ ആശയവാദ ധാരണ ചിക്കിച്ചികയുന്ന ശ്രീകാന്ത് ജാതിയെ വിശകലനം ചെയ്യുമ്പോള്‍ അതിന്റെ ഘടനയും കര്‍ത്തൃത്വവും തമ്മിലുള്ള ബന്ധത്തെ ദ്വന്ദ്വാത്മകമായി വിഭജിക്കുന്നുണ്ടെന്ന് മനസ്സിലാക്കുന്നില്ല. ദൈനംദിനജീവിതത്തില്‍ കര്‍തൃത്വം രൂപീകരിക്കപ്പെടുന്നതും പ്രവര്‍ത്തിക്കുന്നതും എങ്ങനെയാണെന്നും ലേഖകന് മനസ്സിലായിട്ടില്ല. മേനോന്‍, നായര്‍, നമ്പൂതിരി, വാരിയര്‍ തുടങ്ങിയ പേരുകള്‍ വിളിച്ചാല്‍ ആരെങ്കിലും വിളികേള്‍ക്കുന്നുണ്ടെങ്കില്‍ അവര്‍ കര്‍തൃത്വമായി പരിവര്‍ത്തനപ്പെടുന്നുവെന്ന് ലളിതമായി പറയാം. സാറാ ജോസഫിന്റെ ‘വിയര്‍പ്പടയാളങ്ങള്‍’ എന്ന കഥയിലും യമയുടെ ‘പോസ്റ്റുമേന്റെ മകള്‍’ എന്ന കഥയിലും ഇത്തരം സാഹചര്യങ്ങള്‍ നമുക്ക് കാണാന്‍ കഴിയും.
തൊഴിലാളി – മുതലാളി ബന്ധത്തിലും അവര്‍ണ്ണനും സവര്‍ണ്ണനും തമ്മിലുള്ള ബന്ധത്തിലും പ്രത്യയശാസ്ത്ര പ്രവര്‍ത്തനങ്ങള്‍ വെവ്വേറെയാണ് സംഭവിക്കുന്നത്. പ്രത്യയശാസ്ത്രം പ്രവര്‍ത്തിക്കുന്ന ചരിത്രപരവും കാലികവുമായ മാനങ്ങള്‍ പരിശോധിക്കാതെയും അതില്‍ നേരത്തെ തന്നെ അന്തര്‍ലീനമായിക്കിടക്കുന്ന കര്‍തൃത്വങ്ങളെ മനസ്സിലാക്കാതെയുമാണ് ഇവിടെ കെ മുരളിയുടെ ആശയങ്ങളെ സംരക്ഷിക്കുവാന്‍ ശ്രീകാന്ത് വൈകാരികമായി എനിക്കു നേരെ ചാടിവീണ് അധിക്ഷേപാഭിഷേകം നടത്തുന്നതും മാര്‍ക്‌സിസ്റ്റ് വിരുദ്ധ മഷിക്കുപ്പിയില്‍ മുക്കി അംബേദ്കറെ തിരുത്തുന്നതും.
ചുരുക്കത്തില്‍ വര്‍ഗ്ഗ ജാതി ബന്ധത്തിന്റെ പ്രത്യയശാസ്ത്ര ഘടനയെ അവര്‍ണ്ണ ജനവിഭാഗങ്ങളുടെ നേതൃത്വത്തിലുള്ള തൊഴിലാളിവര്‍ഗ്ഗ മുന്നേറ്റങ്ങളിലൂടെ മാത്രമേ മാറ്റിത്തീര്‍ക്കാന്‍ കഴിയൂ.. ഇവിടെയാണ് അംബേദ്കറിന്റെ ആശയാവലികളും ചിന്തകളും ഏറ്റവും പ്രസക്തവും അനിഷേധ്യവുമായിത്തീരുന്നത്. വര്‍ഗ്ഗസമരത്തെ ഒറ്റവാക്കില്‍ സാക്ഷ്യപ്പെടുത്താന്‍ ശ്രമിക്കുന്ന ഇന്ത്യന്‍ മാര്‍ക്‌സിസ്റ്റുകളുടെ അപസിദ്ധാന്തം (fallacy) അടിസ്ഥാനപരമായി മാര്‍ക്‌സിസ്റ്റ് വിരുദ്ധമാണെന്ന് പറയേണ്ടി വരുന്നതും അതുകൊണ്ടാണ്.
‘സാമൂഹ്യ ബന്ധങ്ങളെ ഒരുക്കുന്ന ഉല്‍പാദന ബന്ധങ്ങളാണ് ജാതി – ലിംഗ പദവിക്ക് അടിത്തറ ‘ എന്ന ഒഴുക്കന്‍ പ്രസ്താവന ശ്രീകാന്ത് കെ മുരളിയുടെ നിരീക്ഷണമായി വീണ്ടും അവതരിപ്പിക്കുന്നു. അതേസമയം മറ്റൊരിടത്ത് ‘ഉല്‍പാദനമില്ലാതെ തൊഴില്‍വിഭജനം നിലനിന്നില്ലേ’ എന്ന് ചോദിച്ച് അതിനെ ശരിവയ്ക്കുന്നു. ഇങ്ങനെ പരസ്പരബന്ധമില്ലാതെ ശ്രീകാന്തും കെ മുരളിയും മറ്റുമടങ്ങുന്ന ഒരു ആവാസവ്യവസ്ഥയിലെ ഭാവനാ സാമഗ്രികള്‍ മാര്‍ക്‌സിന്റെ നാക്കില്‍ വെച്ച് കൊടുക്കുകയാണ് ചെയ്യുന്നത്.
എഴുപതുകളുടെ തുടക്കത്തില്‍ പ്രസിദ്ധീകരിച്ചവയും സജീവമായി പിന്നീട് ചര്‍ച്ച ചെയ്യപ്പെട്ടവയുമായ മാര്‍ക്സിന്റെ Ethnological Notebooks എന്ന പേരിലറിയപ്പെടുന്ന നരവംശ ശാസ്ത്ര പഠനങ്ങളില്‍ നവസാമൂഹികത മുന്നോട്ടുവയ്ക്കുന്ന വിമര്‍ശനത്തിന്റെ ചില ധാരകള്‍ കാണാന്‍ കഴിയും. നോണ്‍-യൂറോപ്യന്‍ സമൂഹങ്ങളെക്കുറിച്ചു പരിചയപ്പെടാനും പഠിക്കാനും മാര്‍ക്സ് നടത്തിയ ശ്രമങ്ങളാണ് Ethnological Notebooks-ല്‍ കാണാന്‍ കഴിയുക. London Notebooks എന്ന് അറിയപ്പെടുന്ന കുറിപ്പുകളും ഇതോടൊപ്പം ചേര്‍ത്തു വെക്കാവുന്നവയാണ്. പില്‍ക്കാലത്ത് മാര്‍ക്സിനു പ്രാഗ്-മുതലാളിത്ത സമൂഹങ്ങളില്‍ നിലനിന്നിരുന്ന സാമൂഹിക രൂപീകരണത്തെക്കുറിച്ചു നേരത്തെ ഉണ്ടായിരുന്നതില്‍നിന്നു വ്യത്യസ്തമായ ചില കാഴ്ചപ്പാടുകള്‍ വികസിപ്പിക്കാന്‍ മൂലധനരചനയ്ക്കു ശേഷമുള്ള കാലത്തെ തന്റെ നരവംശ ശാസ്ത്ര പഠനത്തിലൂടെ കഴിഞ്ഞിരുന്നു എന്നതിന്റെ സൂചനകള്‍ ഈ കുറിപ്പുകള്‍ നല്‍കുന്നുണ്ട്.
1850-നു ശേഷം പലപ്പോഴായി മാര്‍ക്‌സ് ചൈന, ഇന്ത്യ, റഷ്യ തുടങ്ങിയ രാജ്യങ്ങളെ കുറിച്ച് അദ്ദേഹത്തിനുണ്ടായിരുന്ന ചില ചരിത്ര ധാരണകള്‍ പുതിയ അറിവുകളുടെ പശ്ചാത്തലത്തില്‍ തിരുത്തുന്നുണ്ട്. ഒരു യൂറോ കേന്ദ്രിത സമീപനത്തില്‍നിന്നു സ്വയം വിടുതല്‍ നേടാന്‍ മാര്‍ക്സ് ആ കാലഘട്ടത്തില്‍ ശ്രമിക്കുന്നുണ്ട്. അതു കൂടുതല്‍ വ്യക്തമായി അദ്ദേഹം നിര്‍വ്വഹിക്കുന്നത് ഈ Ethnological Notebooks എഴുതുന്ന കാലത്തത്രേ.
ആദിമ ഗോത്രജനതയെക്കുറിച്ച്, യൂറോപ്പില്‍ ഉള്‍പ്പെടാത്ത വടക്കന്‍ അമേരിക്കയിലെ ഇറോക്ക്വോയ്, കൊളംബസ് ചെല്ലുന്നതിനു മുന്‍പുള്ള മെക്സിക്കോയിലെ ആസ്ട്ട്ക്സ്, വടക്കേ ഇന്ത്യന്‍ ഗ്രാമ സമൂഹം, പുരാതന അയര്‍ലന്‍ഡിലെ സെല്‍റ്റുകള്‍, ആസ്‌ട്രേലിയയിലെ ആദിമ ജനത തുടങ്ങിയ വിവിധ ജനസമൂഹങ്ങളുടെ ചരിത്രത്തെക്കുറിച്ച്, അദ്ദേഹം നരവംശ ശാസ്ത്രജ്ഞരുടെ നിഗമനങ്ങളെ വിമര്‍ശനാത്മകമായി പരിശോധിച്ചുകൊണ്ട് പഠിക്കാന്‍ ശ്രമിക്കുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ പൊതുവില്‍ ക്ലാനുകള്‍, ഗ്രാമങ്ങള്‍ തുടങ്ങിയ പ്രാഗ്-മുതലാളിത്ത സാമൂഹിക രൂപീകരണങ്ങളെക്കുറിച്ചു ചില നിഗമനങ്ങള്‍ സ്വരൂപിക്കുന്നുണ്ട്.
ഈ കുറിപ്പില്‍ മാര്‍ക്സ് നാല് വ്യത്യസ്ത സൈദ്ധാന്തിക ധാരകളെ പിന്തുടരുന്നുണ്ട്.അവ ഇങ്ങനെയാണ് :
1. .സാമൂഹിക വികസനത്തിന്റെ രേഖീയ വിരുദ്ധമായ മാര്‍ഗ്ഗവൈവിധ്യങ്ങള്‍ (multilinear versus unilinear models of social development)
2. വ്യത്യസ്ത ജനസമൂഹങ്ങളിലെ കുടുംബ-ലിംഗ ബന്ധങ്ങള്‍ (family and gender relations across a wide variety of societies).
3. ട്രൈബല്‍ സമൂഹങ്ങളിലെ സാമൂഹിക വര്‍ഗ്ഗങ്ങളുടെ ഉദയം (the rise of social classes within tribal societies).
4. കമ്യൂണല്‍ സ്വത്തിന്റേയും സ്വകാര്യസ്വത്തിന്റേയും ചരിത്രം (the history of communal and private property). ഈ കാര്യങ്ങള്‍ വളരെ ചുരുക്കമായി മാത്രമേ മാര്‍ക്സിന്റെ മുന്‍കാല രചനകളില്‍ കടന്നുവന്നിട്ടുള്ളു എന്ന് മാര്‍ക്‌സിന്റെ ഈ നോട്ടു പുസ്തകങ്ങള്‍ എഡിറ്റ് ചെയ്ത Karl Marx and the Iroquois’ എഴുതിയ ഫ്രാങ്ക്‌ലിന്‍ റോസ്‌മോണ്ട് (Franklin Rosemont) എടുത്തുപറയുന്നുണ്ട്. മുതലാളിത്തത്തെക്കുറിച്ചുള്ള മാര്‍ക്സിന്റെ ദാര്‍ശനിക-സമ്പദ്ശാസ്ത്ര നിഗമനങ്ങളെ (മൂലധനം) സൈദ്ധാന്തികമായി സ്വാധീനിക്കുന്ന രചനകളല്ല ഇതിലുള്ളതെങ്കിലും തീര്‍ച്ചയായും അതിലെ ജാതി രാഷ്ട്രീയത്തിന്റേയും വംശീയ വിരുദ്ധ രാഷ്ട്രീയത്തിന്റേയും ഗൗരവതരമായ സൂചനകള്‍ ആര്‍ക്കും തമസ്‌കരിക്കാന്‍ കഴിയില്ല.
വര്‍ഗ്ഗസമരത്തെ ബലപ്രയോഗമായി ലഘൂകരിക്കുന്നവരും വര്‍ഗ്ഗ ജാതി ബന്ധത്തില്‍ അംബേദ്കറിന്റെ നിരീക്ഷണങ്ങളില്‍ പഴുതു കണ്ടെത്തുന്നവരും ഓര്‍ത്തിരിക്കാന്‍ വേണ്ടിയാണ് മാര്‍ക്‌സ് കടന്നുപോയ ചരിത്ര – സാമൂഹിക സന്ദര്‍ഭങ്ങളെ മുകളില്‍ സൂചിപ്പിച്ചത്. മാര്‍ക്‌സിന്റെ ഏഷ്യാറ്റിക് മോഡ് ഓഫ് പ്രൊഡക്ഷന്‍ ഒട്ടുമിക്ക പഠിതാക്കളും തള്ളിക്കളഞ്ഞു എന്നവകാശപ്പെടുന്ന ശ്രീകാന്തിനെ തീര്‍ച്ചയായും മാര്‍ക്‌സിന്റെ ഈ നിരീക്ഷണങ്ങള്‍ നിരാശപ്പെടുത്തും.
ദി ക്രിട്ടിക് ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യുക
മാര്‍ക്‌സിനെ സംബന്ധിച്ചിടത്തോളം വര്‍ഗ്ഗസമരം എന്നത് ഒരു ധാര്‍മിക പ്രശ്‌നമായിരുന്നില്ല. ഉള്ളവരും ഇല്ലാത്തവരും തമ്മിലുള്ള സംഘര്‍ഷം എന്നത് ഒരു ചരിത്ര പ്രക്രിയയാണ്. ഇതിനെ എങ്ങനെ ലളിതവല്‍ക്കരിക്കാം, എങ്ങനെ അധികാര പ്രയോഗത്തിന്റെ മാത്രം പ്രശ്‌നമായി ലഘൂകരിക്കാം എന്നാണ് ഇക്കൂട്ടര്‍ ചിന്തിക്കുന്നത്.
സോവിയറ്റ് വിപ്ലവത്തോടെ ആ ന്യൂനീകൃതപാഠം മുഖ്യ പാഠമായി മാറുകയായിരുന്നു. അത് കൂടുതല്‍ സവിശേഷമായ പ്രിവിലേജ് ഉള്ള ഒരു അംഗീകൃതവും ഔദ്യോഗികവുമായ കാനോന്‍ ആയി മാറി.. ഈ സവിശേഷ നിഗമനങ്ങള്‍ സംഘടിതമായ ബലപ്രയോഗത്തിന് വര്‍ഗ്ഗസമരത്തില്‍ അമിതമായ പ്രാധാന്യം നല്‍കി. ബലപ്രയോഗത്തെ മാര്‍ക്‌സ് നിരാകരിച്ചിട്ടില്ല. അതേസമയം അത് ചരിത്രബദ്ധമായ വര്‍ഗ്ഗ ബന്ധത്തിന്റെ ആപേക്ഷികതയില്‍ ഊന്നുന്നതായിരുന്നു. കേവല സൈനിക ശക്തിയായി അത് മാറുന്നതിന്റെ ഭയാനകതകളും പരിമിതികളും നാം കണ്ടുകൊണ്ടിരിക്കുകയാണ്. ഈ അടഞ്ഞ വ്യവസ്ഥ സ്വാഭാവികമായും മാറ്റത്തിനുള്ള ആവശ്യങ്ങളെയും വിമര്‍ശനങ്ങളെയൂം അസ്വസ്ഥമാക്കും.
എന്തായാലും വര്‍ഗ്ഗസമരത്തെക്കുറിച്ച് പറഞ്ഞതുതന്നെ പലമട്ടില്‍ ആവര്‍ത്തിച്ച് ശ്രീകാന്ത് അവസാനം ചെന്നെത്തുന്നത് കെ മുരളിയുടേതുപോലെ ‘ബലംപിടുത്തത്തില്‍’ ആണെന്നത് തികച്ചും ചരിത്ര വിരുദ്ധവും മാര്‍ക്‌സിസ്റ്റ് വിരുദ്ധവുമാണ്.
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in